പ്രകാശത്തിന്റെ മക്കള്‍ [13]

പ്രകാശത്തിന്റെ മക്കള്‍ [13]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 13]

''പുസ്തകവുമായി പോയ അവനെ പിന്നെ ഈ വഴി കണ്ടിട്ടു കുറച്ചു ദിവസമായല്ലോ... ഞാന്‍ അവനോടു പറഞ്ഞതാ വായിച്ചിട്ടു പതുക്കെ കൊണ്ടു വന്നാല്‍ മതിയെന്ന്. ഞാന്‍ അങ്ങനെയൊക്കെ പറഞ്ഞാലും കുറച്ചു ദിവസം കൂടുമ്പം എനിക്ക് അവനെ കണ്ടില്ലെങ്കില്‍ ഒരു മനഃപ്രയാസമാ...''

അമ്മച്ചി പറഞ്ഞപ്പോള്‍ അവളുടെ മനസ്സും പറഞ്ഞു - എനിക്കും അങ്ങനെതന്നെ എന്ന്.

''എന്റെ പേരക്കുട്ടികളില്‍ എനിക്ക് ഏറ്റവും ഇഷ്ടം അവനോടാ - എല്ലാവരെയും ഇഷ്ടമാണെങ്കിലും. അവന് ഇച്ചാച്ചന്റെ ഛായയും പ്രകൃതവും കിട്ടിയതുകൊണ്ടായിരിക്കും.''

സൗമ്യ വെറുതെ പുഞ്ചിരിച്ചു കേട്ടുനിന്നു.

''നിന്റെ ഹോബികള്‍ എന്തൊക്കെയാ'' അമ്മച്ചി അവളോടു ചോദിച്ചു.

''എനിക്കങ്ങനെ പ്രത്യേക ഹോബികളൊന്നും ഇല്ലമ്മച്ചി. എന്റെ വായന എത്രത്തോളമുണ്ടെന്ന് അമ്മച്ചിക്കറിയാമല്ലോ. കുറച്ചു ടെയ്‌ലറിംഗും എംബ്രോയ്ഡറിയും അറിയാം. സ്വിമ്മിംഗ് അറിയാം.''

''നിനക്ക് ഡ്രൈവിംഗ് അറിയാമോ?''

''ഇല്ല. പഠിക്കണം.''

''വിദേശ രാജ്യങ്ങളിലൊക്കെ പോവുന്നവര്‍ ഡ്രൈവിംഗ് ഒക്കെ പഠിക്കണം. ഇല്ലെങ്കീ ജീവിക്കാന്‍ പാടാ.''

''ആട്ടെ. ഞാന്‍ നിന്നെ ഡ്രൈവിംഗ് പഠിപ്പിക്കട്ടെ.''

''അമ്മച്ചിയോ? അമ്മച്ചി എന്നെ എങ്ങനെയാ ഡ്രൈവിംഗ് പഠിപ്പിക്കുന്നത്?'' അവള്‍ ആശ്ചര്യത്തോടെ തിരക്കി.

''ഞാനല്ലെടി മണ്ടീ പഠിപ്പിക്കണത്. ഇവിടെ കാറും ജീപ്പും ഉണ്ട്. വിശാലമായ മുറ്റം ഉണ്ട്. ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാപ്പച്ചനുമുണ്ട്. ഈ തറവാട്ടിലെ പിള്ളേരെല്ലാം ഡ്രൈവിംഗ് പഠിച്ചത് ഈ മുറ്റത്താ.''

''നീ ആ ഔട്ട്ഹൗസില്‍ ചെന്ന് പാപ്പച്ചനോട് ഇങ്ങോട്ടു വരാന്‍ പറ. അവന്‍ തോട്ടത്തില്‍പ്പോയി വന്നിട്ട് അതിനകത്തു കാണും.''

അവള്‍ ഔട്ട്ഹൗസില്‍ ച്ചെന്ന് പാപ്പച്ചനെ കൂട്ടിക്കൊണ്ടു വന്നു.

''പാപ്പച്ചാ, ഈ കൊച്ചിനെ ഒന്നു ഡ്രൈവിംഗ് പഠിപ്പിക്കണമല്ലോ.''

''അതിനെന്താ ഇപ്പം തൊടങ്ങിയേക്കാം അമ്മച്ചി.''

''അമ്മച്ചീ, അത് അങ്കിളിനോടു ചോദിച്ചിട്ടു പോരെ?'' അവള്‍ സങ്കോചത്തോടെ നിന്നു.

''ഇതിനു വഴക്കു പറഞ്ഞാല്‍ ഞാനേറ്റു. ഞാന്‍ നിര്‍ബന്ധിച്ചു നിന്നെ വണ്ടിയേല്‍ കേറ്റിയതാണെന്നു പറഞ്ഞേര്.''

''അങ്ങനെയൊന്നും പറയുന്ന ആളല്ല കുഞ്ഞേ സാറ്. വിറ്റാല്‍ കാര്യമായ പൈസയൊന്നും കിട്ടില്ലാത്തതുകൊണ്ട് ഇവിടുത്തെ പിള്ളേര്‍ക്ക് ഡ്രൈവിംഗ് പഠിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാ അത്. അതേല്‍ സൗമ്യ ഡ്രൈവിംഗ് പഠിക്കുന്നത് സാറ് സി സി ടി വി യില്‍ അവിടെയിരുന്നു കണ്ടോളും.''

അയാള്‍ പറഞ്ഞു ചിരിച്ചു.

പാപ്പച്ചന്‍ അവളെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ തുടങ്ങി. അമ്മച്ചി വരാന്തയിലിരുന്ന് ഡ്രൈവിംഗ് പരിശീലനം കണ്ട് ചിരി തൂകി.

ആ സമയത്താണ് അജയ് തന്റെ വാഗണറുമായി മുറ്റത്തേക്കു കയറിയത്.

ഡ്രൈവിംഗ് പഠനം കണ്ട് അവന്‍ ഊറിച്ചിരിച്ച് കാറില്‍ത്തന്നെ കുറച്ചു നേരം ഇരുന്നു.

''എന്റെ ഒരു പാട്ടവണ്ടിയാ. അതു ഞാന്‍ റോഡില്‍ കൊണ്ടുപോയി ഇടണോ? എന്റെ വണ്ടിക്കു വല്ലതും പറ്റുവോ ആശാനെ?''

അജയ് കാറില്‍ നിന്നിറങ്ങി പാപ്പച്ചനോടു വിളിച്ചു ചോദിച്ചു.

''അങ്ങോട്ടൊന്നും വരികേലാ. കുഞ്ഞ് ഡ്രൈവിംഗ് പഠിച്ചതിലും വേഗം ഈ കൊച്ച് പഠിച്ചെടുക്കും. അല്ലെങ്കീ നോക്കിക്കോ.''

''അത് ആശാന്‍ നമ്മക്കിട്ടൊന്നു വച്ചതാണല്ലോ - ആശാന്‍ ഇത്രയും ആത്മാര്‍ത്ഥമായി എന്നെ പഠിപ്പിച്ചില്ല എന്നതാ ശരി.''

''ഒന്നു പോ കുഞ്ഞേ, സ്റ്റിയറിംഗ് പിടിക്കുന്നതു കാണുമ്പം അറിയാം വേഗം പഠിക്കുന്നവരേം പയ്യെ പഠിക്കുന്നവരേം.''

''ആയിക്കോട്ടെ. വേഗം പഠിക്കട്ടെ.''

അവന്‍ ചിരിച്ചുകൊണ്ട് അമ്മച്ചിയുടെ അടുത്തു വന്നിരുന്നു.

''കുറച്ചു ദിവസമായല്ലോ ഇങ്ങോട്ടു വന്നിട്ട്. എന്തുപറ്റിയായിരുന്നു?'' അമ്മച്ചി അവനോടു ചോദിച്ചു.

''ഞങ്ങള്‍ യുവദീപ്തിക്കാരെല്ലാവരും കൂടി ഒരു സാധുവിന് വീടുവച്ചു കൊടുക്കാന്‍ പോയി. എന്നും രാവിലെ പോകും. വൈകുന്നേരം വരും. ഒരാഴ്ചകൊണ്ട് വീടു തീര്‍ന്നു.''

''നിങ്ങള്‍ ശ്രമദാനം നടത്തിയാലും മെറ്റീരിയല്‍സിനു പണം വേണമല്ലോ. അതെങ്ങനെ സംഘടിപ്പിച്ചു.''

''കുറച്ചു ഞങ്ങടെ ചാരിറ്റിയില്‍ നിന്ന്. പിന്നെ ഇരുമ്പു കടക്കാരനും പെയിന്റു കടക്കാരനും ലാഭം എടുക്കാതെ സാധനങ്ങള്‍ തന്നു സഹായിച്ചു.''

''ഇതെല്ലാം ചെയ്ത് ആ വീട്ടുകാര്‍ പാല് കാച്ചുമ്പോഴുള്ള അവരുടെ സന്തോഷം കാണണം. അവരുടെ സ്‌നേഹവും നന്ദിയും കാണണം. ഒരു പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അങ്ങനെയൊരു സന്തോഷം ലഭിക്കില്ല.''

എന്നാലും എന്നും ഇങ്ങനെ നടന്നാ മതിയോ ഒരു കല്യാണമൊക്കെ കഴിച്ചു കഴിയുമ്പം ജോലിയില്ലാതെ എങ്ങനെ ജീവിക്കും. മക്കള്‍ക്ക് അഭിമാനത്തോടെ പറയാന്‍ നിനക്കൊരു തൊഴില്‍ വേണ്ടേ.

ജോലിയും സാമൂഹ്യസേവനും ഒരുമിച്ചു കൊണ്ടുപോകണം. നിനക്കതിനു കഴിയും.''

''ആലോചിക്കാം അമ്മച്ചി. അമ്മച്ചി എനിക്ക് നല്ല തോട്‌സിനുള്ളതൊക്കെ നല്കുന്നുണ്ട്.''

''അപ്പനും അമ്മയും സുഖമായി ഇരിക്കുന്നോ?''

അമ്മച്ചി അവനോടു ചോദിച്ചു.

''സുഖമായി ഇരിക്കുന്നു അമ്മച്ചി. ഞാനും വിദേശത്തേക്കു പോയാലോ എന്ന് ഗൗരവമായി ചിന്തിക്കുകയാ. എങ്കില്‍ കുറച്ചു പൈസ അപ്പനു കൊടുത്ത് അപ്പനെ സഹായിക്കാമല്ലോ. ഇവിടെ ഞാന്‍ അപ്പന്റെ ബിസിനസ്സില്‍ സഹായിക്കുന്നില്ല എന്നും പറഞ്ഞ് എന്നും വഴക്കാ.

എനിക്ക് ഇഷ്ടമില്ലാത്ത ബിസിനസ്സ് ഞാന്‍ എങ്ങനെ ചെയ്യാനാ? ഇവിടെ ബിസിനസ്സ് ചെയ്തു സമ്പാദിക്കുന്നതിലും കൂടുതല്‍ വെളിയില്‍പ്പോയി ജോലി ചെയ്തു സമ്പാദിക്കാം. ഒന്നുമല്ലെങ്കിലും സൈ്വര്യവും സ്വസ്ഥവുമായി ജീവിക്കാമല്ലോ.''

''സാമൂഹ്യസേവനത്തിനു പോയി വെയില്‍ കൊണ്ടതാണെന്നു തോന്നുന്നു. നീ അപ്പടി ക്ഷീണിച്ചുപോയി. മുഖത്തൊരു കരുവാളിപ്പ് ബാധിച്ച പോലെ.''

അമ്മച്ചി അവന്റെ മുടിയിഴകളെ തഴുകി. ''എന്തുപറ്റി നിനക്ക് നിന്റെ മുഖത്തൊരു തെളിച്ചക്കുറവ്

ഉണ്ട്.''

''ഏയ് ഒന്നുമില്ലമ്മച്ചി.''

''ഞാന്‍ എത്ര നാളായി നിന്നെ കാണുന്നു. നിന്റെ വിഷമം എന്താണെങ്കിലും അമ്മച്ചിയോടു പറ. അപ്പന്‍ വഴക്കു പറഞ്ഞോ?''

അവന്‍ തല കുമ്പിട്ടിരുന്നു.

അവന്റെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നു വീണു.

''ആമ്പിള്ളേര്‍ ഇങ്ങനെ വിഷമിക്കാന്‍ പാടില്ല. ഏതു പ്രതിസന്ധിയും നല്ല തന്റേടത്തോടെ നേരിടണം.''

അമ്മച്ചി അവനെ തന്റെ ശരീരത്തോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു.

''അമ്മച്ചിക്ക് സോള്‍വ് ചെയ്യാന്‍ പറ്റുന്ന ഒരു പ്രശ്‌നമാ എന്നെ വിഷമിപ്പിക്കുന്നത്.''

അവന്‍ കണ്ണുകള്‍ തുടച്ചുകൊണ്ടു പറഞ്ഞു.

''അതെന്തു പ്രശ്‌നമാ എന്നെക്കൊണ്ട് സോള്‍വ് ചെയ്യാന്‍ പറ്റുന്നത്. നീ പറ.''

''ഞാന്‍ കല്യാണം കഴിച്ചാലോ എന്നു ചിന്തിക്കയാ.''

''അമ്മച്ചിക്കു സന്തോഷമായി. കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്തയാ. മാട്രിമണിയേലില്‍ കൊടുത്തോ?''

''മാട്രിമണിയേലൊന്നും വേണ്ട. ഞാന്‍ തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയാ.''

''എങ്കില്‍പ്പിന്നെ ആലോചിക്കടാ.''

''അങ്ങനെ അല്ലമ്മച്ചി. എനിക്കവളെ ഇഷ്ടമാ. അവള്‍ക്ക് എന്നെ ഇഷ്ടമാണോന്ന് അറിയില്ല.''

''നീ ചോദിക്കണം. അവളോട്. അവള്‍ക്കിഷ്ടമല്ലെങ്കില്‍ വേറെ ആളെ നോക്കണം.''

''അവള്‍ക്ക് എന്നെ ഇഷ്ടമില്ലെന്നു പറഞ്ഞാല്‍ ഞാന്‍ വേറെ കല്യാണം കഴിക്കില്ല.''

''ഓഹോ. അപ്പോ അസ്ഥിക്കു പിടിച്ച പ്രണയമാ... വണ്‍വേയാ... ഇല്ലേ?''

അമ്മച്ചി തമാശ കേട്ട പോലെ ചിരിച്ചു.

''ആട്ടെ. പെണ്ണെവിടെയാ?'' അമ്മച്ചി ചോദിച്ചു.

''പെണ്ണു ദാ ഡ്രൈവിംഗ് പഠിക്കുന്നു.''

ഏലമ്മയില്‍ ഞെട്ടലുണ്ടായി. അവരുടെ മുഖം മങ്ങി.

ഏലമ്മ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

''അമ്മച്ചിയെന്താ ഒന്നും പറയാത്തത്?'' അവന്‍ ചോദിച്ചു.

''ഞാനെന്തു പറയാനാ... നീ കണ്ടുപിടിച്ച പെണ്ണു മോശമാണെന്നു ഞാന്‍ പറയില്ല. പക്ഷേ, ഒരു വിവാഹത്തിന് എന്തെല്ലാം ഘടകങ്ങള്‍ നോക്കണം. കുടുംബപശ്ചാത്തലം, സമൂഹത്തില്‍ ജീവിക്കുമ്പോഴുണ്ടാകുന്ന സാമൂഹിക അംഗീകാരം. സ്വന്തം താല്പര്യം മാത്രമല്ലല്ലോ വിവാഹത്തിനു നോക്കേണ്ടത്.''

''വിവാഹം വ്യക്തിപരമായ കാര്യമാ. ഞങ്ങളാ ജീവിക്കേണ്ടത്. അവള്‍ക്കിഷ്ടമാണെങ്കീ ആരെതിര്‍ത്താലും ഞാനിതു നടത്തും.'' അവന്റെ ശബ്ദം ഉയര്‍ന്നു.

''നീ പതുക്കെ പറ. നീ ഏതു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാലും എന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകും. എങ്കിലും ഇതിനു മുന്‍കൈ എടുക്കാന്‍ എനിക്കു വയ്യ മോനെ.

ഇതു നീയും അവളും കൂടി സംസാരിച്ചു തീരുമാനം എടുക്ക്. അവള് സമ്മതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഉയരത്തില്‍ കണ്ണുവയ്ക്കുന്ന പ്രകൃതക്കാരിയല്ല അവള്‍.''

ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞു നിറഞ്ഞ ചിരിയുമായി സൗമ്യ അവരുടെ അടുത്തേക്കു വന്നു. അവളുടെ മുഖവും കൈകളും വിയര്‍ത്തിരുന്നു.

''ഡ്രൈവിംഗ് പരിശീലനമായിരുന്നോ അതോ ഗുസ്തി പരിശീലനമായിരുന്നോ?''

അവന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

''രണ്ടുമായിരുന്നു.'' അവള്‍ ചിരിച്ചു.

''ഒന്നു വാഷ്‌റൂമില്‍ പോയി വരാം.'' അവള്‍ അമ്മച്ചിയോടു പറഞ്ഞിട്ട് അകത്തേക്കു പോയി.

ഇപ്പോള്‍ അവള്‍ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ സഹായമില്ലാതെ തന്നെ അവള്‍ സുന്ദരിയാണ്! അവന്‍ ചിന്തിച്ചു.

''ഇനി വൈകണ്ട. അവളുടെ മനസ്സെന്തെന്നു നീ മനസ്സിലാക്ക്. അവള്‍ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും വിഷമിക്കരുത്. അവളുടെ സാഹചര്യത്തിലുള്ള ഏതു പെണ്ണിനായാലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. നോ പറഞ്ഞാലും അവളോടു വെറുപ്പൊന്നും കാണിക്കരുത്. ഒരു പാവം കുട്ടിയാണത്. അപ്പനില്ലാത്ത മോളാ അവള്. അമ്മ നുള്ളിപ്പെറുക്കിയുണ്ടാക്കി വളര്‍ത്തികൊണ്ടു വന്നതാ.''

''ഇല്ലമ്മച്ചി. എനിക്ക് ഒരു കാലത്തും അവളോട് വെറുപ്പ് ഉണ്ടാകില്ല. എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞാലും.''

''നല്ല മോന്‍, അതാടാ ആണത്തം. അല്ലാതെ ഇഷ്ടമല്ലെന്നു പറയുന്ന പെണ്ണിനെ എങ്ങനെയും ദ്രോഹിക്കുന്ന വൈകൃത വ്യക്തിത്വങ്ങളാ ദ്രോഹിക്കാന്‍ നടക്കുന്നത്.''

സൗമ്യ ഡ്രസ് മാറി ഫ്രഷായി അവരുടെ അടുത്തേക്കു വന്നു.

''അമ്മച്ചി ഊണുകഴിക്കാറായല്ലോ നമുക്കു കഴിച്ചാലോ ചേട്ടനും എടുക്കട്ടെ.'' അവള്‍ അജയ്‌നോടു ചോദിച്ചു.

''ഇന്ന് ഇവിടെ നിന്നും കഴിച്ചേക്കാം.'' മൂവരും ഊണു കഴിച്ചു.

ഊണിനുശേഷം അമ്മച്ചി കിടന്നു.

''നിന്റെ ഡ്രൈവിംഗ് പഠനം കണ്ട് കുത്തിയിരുന്ന് നടുവിനു വേദന പിടിച്ചു. വൈകിട്ട് ആ കുഴമ്പു തേച്ച് ഒന്നു കുളിക്കണം.''

''ശരി അമ്മച്ചി.''

അജയ് ലൈബ്രറിയില്‍ നില്‍ക്കുന്നതു കണ്ട് സൗമ്യ അങ്ങോട്ടു പോയില്ല.

ഡ്രോയിംഗ് റൂമിലെ ഇന്‍ഡോര്‍ പ്ലാന്റുകളിലെ പൊടി തൂത്തു വൃത്തിയാക്കാന്‍ തുടങ്ങി അവള്‍.

''സൗമ്യേ...''

മൃദുവായ ശബ്ദത്തിലുള്ള അജയ്‌യുടെ വളികേട്ട് അവള്‍ തിരിഞ്ഞു.

അവന്റെ മുഖം ഉല്‍ക്കണ്ഠയില്‍ നിറഞ്ഞിരുന്നു.

''കഴിഞ്ഞ പ്രാവശ്യം ഞാന്‍ സൗമ്യയോടു പറഞ്ഞത് തമാശയല്ല. സീരിയസാണ്. ഞാന്‍ തുറന്നു പറയാം. എനിക്കു സൗമ്യയെ ഇഷ്ടമാണ്. വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.''

അവന്‍ മിടയിറക്കി അവളെ നോക്കി.

ഒരു നിമിഷം അവനോടു എന്തു മറുപടി പറയണമെന്നറിയാതെ അവള്‍ സന്ദിഗ്ദ്ധാവസ്ഥയിലായി.

അവളുടെ മറുപടിക്കായി അവന്‍ അവളെത്തന്നെ നോക്കി നിന്നു.

''ചേട്ടാ, ഞാന്‍ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ട്. എന്റെ മമ്മി ചൂണ്ടിക്കാണിച്ചു തരുന്ന ആളെയേ ഞാന്‍ കല്യാണം കഴിക്കൂ എന്ന്. എന്റെ മമ്മി അതുപോലെ കഷ്ടപ്പാടു സഹിച്ചാ എന്നെ ഇവിടെ വരെ എത്തിച്ചത്.''

''ഒരു പ്രേമത്തിന്റെ കാര്യം പറഞ്ഞും ഞാന്‍ മമ്മിയെ വിഷമിപ്പിക്കില്ല. എനിക്കു ചേട്ടനോട് ഒരു ഇഷ്ട കുറവുമില്ല. നാളെ മമ്മി ചേട്ടനെയാ ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ സന്തോഷം ഉണ്ടാവുമെന്നു സത്യമാ.''

അവള്‍ അവനെ നോക്കി ചിരി തൂകി. ''എനിക്ക് ഇത്രയും കേട്ടാല്‍ മതി.''

അവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

(തുടരും)

logo
Sathyadeepam Weekly
www.sathyadeepam.org