പ്രകാശത്തിന്റെ മക്കള്‍ [12]

പ്രകാശത്തിന്റെ മക്കള്‍ [12]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 12]

സൗമ്യയെ കണ്ടതിനുശേഷം വീണ്ടും അവളെ കാണണമെന്ന മോഹം അജയിനുണ്ടായി.

ഭവ്യതയോടെയുള്ള അവളുടെ സംഭാഷണവും പെരുമാറ്റവും അവനെ ഹഠാദാകര്‍ഷിച്ചു.

അവള്‍ക്കു തന്നെ ഇഷ്ടപ്പെടുമോ? കണ്ടതേ ഒടക്കുകയാ ചെയ്തത്. ഒരു മൊശടനും എടുത്തുചാട്ടക്കാരനുമായി അവള്‍ തന്നെ കണ്ടിട്ടുണ്ടാകും. കുറച്ചുപ്രായ വ്യത്യാസവുമുണ്ട്.

പഴയ കാലമല്ല. കൊച്ചു മുതലാളിയെ കാണുമ്പോള്‍ കണ്ണുംപൂട്ടി സമ്മതം മൂളുന്ന കാലം കഴിഞ്ഞുപോയി. അരിച്ചുപെറുക്കി ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചുമെല്ലാമാ പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ ആളെ തിരഞ്ഞെടുക്കുന്നത്.

അതിനു താന്‍ കൊച്ചു മുതലാളിയാണോ? അല്ലേ അല്ല. ഇന്നല്ലെങ്കില്‍ നാളെ ജപ്തി നടക്കേണ്ട വീട്ടില്‍ താമസിക്കുന്നവന്‍. 'എന്റുപ്പാപ്പയ്‌ക്കൊരാനേണ്ടാര്‍ന്നു' എന്നു പയാമെന്നു മാത്രം.

ബാങ്കില്‍ അടയ്‌ക്കേണ്ട തുക അടച്ചു കഴിഞ്ഞാല്‍ പിന്നെ എന്തു കാണും മിച്ചം. ഒരു സാധാരണ മനുഷ്യനുണ്ടാവുന്ന സമ്പത്തുപോലും ഉണ്ടാവില്ല. അതിന് അവകാശികള്‍ അപ്പനും അമ്മയും താനും അനുജനും. സഹോദരിക്ക് നല്ല ഓഹരി കൊടുത്തയച്ചതു കാരണം ഇനി ആവശ്യപ്പെടില്ലായിരിക്കും.

കുടുംബമഹിമയും പാരമ്പര്യവും നോക്കിയിരുന്നാല്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ലഭിച്ചില്ലെന്നു വരാം.

അവള്‍ ഇഷ്ടപ്പെട്ടാല്‍ ത്തന്നെ അമ്മച്ചിയും ചാച്ചിയും അപ്പനും അങ്കിളുമൊന്നും ഈ ബന്ധത്തിനു പച്ചക്കൊടി കാണിക്കില്ല. കാര്യം അമ്മച്ചിക്കും ചാച്ചിക്കും അവളെ ഇഷ്ടമാണെങ്കിലും വിവാഹമെന്നു കേക്കുമ്പം വിധം മാറും.

രണ്ടു ദിവസം കഴിഞ്ഞ് അജയ് വീണ്ടും തറവാട്ടിലെത്തി. അവനെ കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ സന്തോഷത്തിന്റെ കുളിര്‍തെന്നല്‍.

ഓരോന്നു ചെയ്യുമ്പോഴും വാഗണറിന്റെ ശബ്ദത്തിനായി സൗമ്യ കാതോര്‍ക്കുന്നുണ്ടായിരുന്നു - അവളറിയാതെ തന്നെ.

അമ്മച്ചി കണ്ണടയ്ക്കുള്ളിലൂടെ അവനെ നോക്കി ചിരിച്ചു.

അവനും അമ്മച്ചിയെ നോക്കിചിരിച്ചു.

''സുഖമാണോ അമ്മച്ചി.''

''സുഖമാ മോനെ നിന്നെ കണ്ടില്ലല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു ഞാന്‍.''

''അതിനു ഞാന്‍ രണ്ടു ദിവസമല്ലേ വരാതിരുന്നുള്ളൂ. വല്ല അത്യാവശ്യവും ഉണ്ടായിരുന്നോ അമ്മച്ചി.''

അവന്‍ തിടുക്കപ്പെട്ട് ആരാഞ്ഞു.

''ഏയ് ഒന്നുമില്ല. മനോജ് നിന്നോട് ഇടയ്ക്കിടെ വന്ന് ഇവിടുത്തെ കാര്യങ്ങള്‍ അന്വേഷിക്കണമെന്നു പറഞ്ഞിരുന്നല്ലോ. കാണാത്തതു കൊണ്ടു ചോദിച്ചതാ.''

''ശരിയാണല്ലോ. അങ്കില്‍ അങ്ങനെ പറഞ്ഞ കാര്യം ഞന്‍ വിട്ടുപോയി. ഞാന്‍ നാളെ മുതല്‍ എന്നും വരാം അമ്മച്ചി.'' അവന്‍ ഉത്സാഹത്തോടെ പറഞ്ഞു.

''അതൊന്നും വേണ്ട. നീ വന്നില്ലെങ്കിലും ഇവിടെ ഒരു കുറവും വരാതെ നോക്കാന്‍ ആ വന്ന പെണ്ണിനു കഴിവുണ്ട്. അതുകൊണ്ട് നിനക്കു വല്ല അത്യാവശ്യ ജോലിയുമുണ്ടെങ്കില്‍ നീ അതിനു പൊയ്‌ക്കോ.''

''എനിക്ക് അത്യാവശ്യമായി വേറെ പണിയുണ്ടെങ്കിലും എനിക്ക് അമ്മച്ചി കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.''

''ഈയിടെ നിനക്ക് അമ്മച്ചിയോട് സ്‌നേഹം കൂടുതല്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. എനിക്കതു മനസ്സിലാകും.'' അമ്മച്ചി ചിരിച്ചു മെല്ലെ തലകുലുക്കി അവനെ നോക്കി. അവന്‍ ഇളിഭ്യച്ചിരി പാസ്സാക്കി.

''അമ്മച്ചിയെന്താ ദുരുദ്ദേശ്യത്തോടെ സംസാരിക്കുന്നത്. അങ്ങനെയെങ്കീ ഞാനിനി വരണില്ല.'' അവന്‍ കൃത്രിമസങ്കടം പുറപ്പെടുവിച്ചു.

''മോനേ ചതിക്കല്ലേ. നിനക്കു തോന്നുമ്പം എപ്പോ വേണേലും പോന്നോളൂ.''

അമ്മച്ചി ചിരിച്ചു.

അവന്റെ മുഖത്ത് സന്തോഷം തിരിച്ചെത്തി.

അമ്മച്ചിയുടെ മുറിയില്‍ ഇരുന്നപ്പോള്‍ അവന്‍ കണ്ടിരുന്നു - സൗമ്യ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ പൊടി തട്ടി അടുക്കിവയ്ക്കുന്നത്.

''അമ്മച്ചി, എനിക്ക് ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സ് ഒരിക്കല്‍കൂടി വായിക്കണം. ഞാനെടുക്കുവാണേ.''

അമ്മച്ചിയുടെ അനുവാദത്തിനു കാക്കാതെ അവന്‍ ലൈബ്രറി മുറിയിലേക്കു കടന്നു.

സൗമ്യയെ നോക്കി അവന്‍ ഹൃദ്യമായി പുഞ്ചിരി തൂകി അവളും അവനെ നോക്കി പുഞ്ചിരിച്ചു.

''പുസ്തകം നോക്കിക്കോളൂ ഞാന്‍ പിന്നെ വന്ന് പൊടിതട്ടി അറേഞ്ചു ചെയ്തു വച്ചോളാം.''

അവള്‍ പുറത്തേക്കു പോകാനൊരുങ്ങി.

''അതെന്താ, ഞാനിവിടെ നിക്കുമ്പം ഇയാക്ക് ബുക്ക് അടുക്കിവച്ചാല്. എന്നെയെന്താ പേടിയാണോ?'' അവന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

''അയ്യോ, അതൊന്നുമല്ല. സാറ് സ്വസ്ഥമായി നോക്കിക്കോട്ടേ എന്നു കരുതിയാ.''

''ആരുടെ സാറ്. തന്നെ ഞാന്‍ ഏതു ക്ലാസിലാ പഠിപ്പിച്ചത്. എന്നെ ചേട്ടാ എന്നു വിളിച്ചാല്‍ മതി.''

''ശരി ചേട്ടാ.''

''ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് വായിച്ചിട്ടുണ്ടോ?''

''ഇംഗ്ലീഷ് അറിയാത്തവരെങ്ങനാ ഇംഗ്ലീഷ് പുസ്തകം വായിക്കുന്നേ.''

''ഞാന്‍ ഇംഗ്ലീഷ് പഠിപ്പിച്ചു തരട്ടെ.''

''വേണ്ട. എനിക്ക് അമ്മച്ചി പഠിപ്പിച്ചു തരും.''

''അമ്മച്ചിയുടെ പഴയ ഇംഗ്ലീഷാ...''

''എനിക്കു പഴയതുമതി.''

''ശബ്ദം താഴ്ത്തി പറ. അമ്മച്ചിയുടെ ചെവി വിളക്കാ, മുമ്പ് പലര്‍ക്കും അബദ്ധം പറ്റിയിട്ടുണ്ട്. അമ്മച്ചിക്കിത്രയും പ്രായമായതല്ലേ ചേവി കേക്കില്ല എന്നും കരുതി നല്ല തട്ടു തട്ടും.''

അവള്‍ ശബ്ദമടക്കി ചിരിച്ചു.

''ഒന്നു ചിരിച്ചല്ലോ, സമാധാനമായി.''

''എന്താ സമാധാനമില്ലാതിരിക്കുവാര്‍ന്നോ?'' അവള്‍ ചോദിച്ചു.

''കാണാത്തതിന്റെ സമാധാനക്കേടായിരുന്നു.''

''അതൊരു അസുഖമാ... ഡോക്ടറെ കണ്ട് മരുന്നു വാങ്ങിക്ക്...''

''അതിനുള്ള മരുന്ന് ഇയാക്കടെ കൈയിലുണ്ടല്ലോ.'' അവന്‍ പറഞ്ഞപ്പോള്‍ അവള്‍ സന്ദേഹത്തോടെ നോക്കി.

''ഇയാളുടെ ഒരു ചിരി കിട്ടിയാല്‍ എല്ലാ സമാധാനക്കേടും മാറും.''

''ഇതു നിസ്സാര അസുഖമല്ല. അമ്മച്ചിയോടു ഞാന്‍ പറയാം.''

''വേണ്ട. ഞാന്‍ പറഞ്ഞോളാം അമ്മച്ചിയോട്. എനിക്ക് ഒരാളെ ഇഷ്ടമായി. കല്യാണം കഴിക്കട്ടേ എന്ന്.''

അവന്‍ അവളെ നോക്കി ഹൃദ്യമായി ചിരിച്ചു.

''എവിടെയാ പെണ്‍കുട്ടി.'' അവള്‍ പുസ്തകവും പിടിച്ചു അമ്പരപ്പോടെ തിരക്കി.

''ഈ മുറിയില്‍ത്തന്നെയുണ്ട്.''

അവള്‍ ഒരു നിമിഷം സ്തബ്ധയായി. പിന്നെ അവള്‍ പറഞ്ഞു, ''വേണ്ട അധികം തമാശ വേണ്ട.''

''ഞാന്‍ തമാശ പറഞ്ഞതല്ല. കാര്യം പറഞ്ഞതാ. എല്ലാം ആലോചിച്ചു തന്നെയാ.''

അമ്മച്ചിയുടെ മുറിയില്‍ നിന്നും വിസില്‍ മുഴങ്ങി. അവള്‍ പെട്ടെന്ന് അമ്മച്ചിയുടെ മുറിയിലെത്തി.

''ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തന്നേര്.'' അമ്മച്ചിയുടെ മുഖത്ത് ദൃശ്യമായ ഭാവമാറ്റം അവള്‍ ശ്രദ്ധിക്കാതിരുന്നില്ല.

സൗമ്യ ജഗില്‍ നിന്നും വെള്ളമെടുത്ത് അമ്മച്ചിക്കു കുടിക്കാനായി നല്കി.

''നീ ആ ഹിന്ദു പേപ്പറെടുത്ത് എന്നെ വായിച്ചു കേള്‍പ്പിക്ക്. വായന കൂടുതലായതുകൊണ്ട് എന്റെ കണ്ണിനു വേദന. നീ വായിക്കുമ്പം നിനക്കും ഗുണം കിട്ടും എനിക്കും ഗുണം കിട്ടും. നീ ഹെഡിംഗ് വായിക്ക്. അപ്പോ ഞാന്‍ പറയാം. ബാക്കി വായിക്കണോ വേണ്ടയോ എന്ന്.''

സൗമ്യ അമ്മച്ചിയെ പത്രം വായിച്ചുകേള്‍പ്പിച്ചു.

അജയ് ഒരു ബുക്കുമെടുത്ത് അമ്മച്ചിയുടെ മുറിയിലേക്കു വന്നു.

''അമ്മച്ചി വായിച്ചിട്ടു ഞാന്‍ നാളെ കൊണ്ടു വരാം.''

''നീ സാവധാനം വായിച്ചിട്ടു കൊണ്ടു വന്നാല്‍ മതി. ഓടിക്കൊണ്ടു വരികയൊന്നും വേണ്ട. നീ ഊണു കഴിക്കുന്നുണ്ടോ?''

''വേണ്ട, ഞാന്‍ വീട്ടിച്ചെന്നു കഴിച്ചോളാം.''

അസ്വസ്ഥതയുടെ എറുമ്പുകളെ സൗമ്യയുടെ മനസ്സില്‍ നിക്ഷേപിച്ചിട്ടാണ് അജയ് മുറിവിട്ടുപോയത്. ഇങ്ങോട്ടു വരേണ്ടിയിരുന്നില്ല. മനസ്സില്‍ നിന്നും സന്തോഷം പടിയിറങ്ങി പോയപോലെ.''

ഓളങ്ങളും ചുഴികളുമില്ലാത്ത മനസ്സായിരുന്നു തന്റേത്. ചെറിയതും വലുതുമായ പ്രശ്‌നങ്ങളിലൂടെ മനസ്സ് കടന്നുപോയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. മനസ്സിനെ ശാന്തമാക്കാന്‍ അവള്‍ ചിന്തകളെ പോസിറ്റീവാക്കി.

അജയ് തമാശ പറഞ്ഞതായിരിക്കും. അതോര്‍ത്തു താനെന്തിന് അസ്വസ്ഥമാകുന്നു. ഒരിക്കലും ശരിയാകാത്ത ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിനുവേണ്ടി എന്തിനു മനസ്സിനെ കലുഷിതമാക്കുന്നു.

എന്നാലും... ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു പുരുഷനില്‍ നിന്നും സ്‌നേഹത്തിന്റെ, ഇഷ്ടത്തിന്റെ, പ്രേമത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത്.

ചെറുക്കന്മാര്‍ കമന്റടിച്ചിട്ടുണ്ടെങ്കിലും ആ വാക്കുകള്‍ മനസ്സിന്റെ ഭിത്തിയില്‍പ്പോലും തട്ടിയിട്ടില്ല.

ഇതവന്‍ ആത്മാര്‍ത്ഥതയോടെ പറഞ്ഞതുപോലെ അനുഭവപ്പെടുന്നു.

മനസ്സിന്റെ കോണിലിരുന്ന് ആരോ പറയും പോലെ... അവന്‍ നല്ലവനാ. അവന്‍ നിന്നെ നന്നായി സംരക്ഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യും.

പക്ഷേ, യാഥാര്‍ത്ഥ്യമോ?

തങ്ങള്‍ തമ്മില്‍ പല കാര്യങ്ങളിലും വലിയ അന്തരം. സാമൂഹ്യ, സാമ്പത്തിക, പാരമ്പര്യ ഘടകങ്ങളെല്ലാം അവന് എ പ്ലസ് കൊടുക്കുമ്പോള്‍ തനിക്ക് പാസ് മാര്‍ക്കുപോലുമില്ല.

ഇപ്പോള്‍ സ്‌നേഹത്തോടെ, സ്വന്തം മകളേപ്പോലെ തന്നെ സ്‌നേഹിക്കുന്ന അമ്മച്ചിപോലും തന്നെ ശത്രുതയോടെ കാണും. ഈ വീട്ടിലെ എല്ലാവരും തന്നെ ഒരു ചീത്ത പെണ്‍കുട്ടിയായി കാണും.

അവരുടെ ചെറുക്കനെ വല വീശി പിടിച്ചവള്‍ എന്ന മനോഭാവമായിരിക്കും അവര്‍ക്കെല്ലാം.

മമ്മി ഒത്തിരി പ്രതീക്ഷയോടെയാണ് തന്നെ വളര്‍ ത്തിക്കൊണ്ടു വന്നത്. എന്നും മമ്മിക്ക് കോണ്‍വെന്റിലെ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടാവുമോ?

അല്ലെങ്കിലും എത്ര നാളായി മമ്മി തങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുന്നു. പ്രീതിയെ പഠിപ്പിച്ചു നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയക്കണം.

അതിനുള്ള പണം സമ്പാദിച്ചു വച്ചിട്ടു വേണം തന്റെ വിവാഹത്തേക്കുറിച്ചു ചിന്തിക്കാന്‍.

ഇപ്പോള്‍ തന്റെ വിവാഹക്കാര്യത്തേക്കുറിച്ചു സംസാരിക്കുന്നതു തന്നെ മമ്മിക്കു സഹിക്കാന്‍ പറ്റാത്ത കാര്യമായിരിക്കും.

വേണ്ട. ഒന്നും വേണ്ട. ആടും ആനയും തമ്മിലുള്ള വ്യത്യാസമുണ്ട് താനും അവനും തമ്മില്‍. ഇതു ശരിയാകില്ല.

അവന്‍ എത്ര സ്‌നേഹം പ്രകടിപ്പിച്ചാലും അവന്റെ ആളുകള്‍ ഇതിനോടു രഞ്ജിപ്പിലെത്തില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല.

''നീയെന്താ ആലോചിക്കണത്.''

അമ്മച്ചി അവളോടു സ്‌നേഹത്തോടെ ചോദിച്ചു.

''ഒന്നുമില്ല. അമ്മച്ചി.''

''നിന്റെ മുഖം വല്ലാണ്ടിരിക്കണു. അവന്‍ വല്ല തമാശയും പറഞ്ഞോ.''

''ഇല്ലമ്മച്ചി.''

''അവന്‍ എന്തേലും പറഞ്ഞാലും കാര്യമാക്കണ്ട.''

''ശരി അമ്മച്ചി.''

അവള്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ ചിരിയില്‍ വിഷാദം കലര്‍ന്നിരുന്നു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org