പ്രകാശത്തിന്റെ മക്കള്‍ [11]

പ്രകാശത്തിന്റെ മക്കള്‍ [11]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 11]

കൊറിയര്‍ സര്‍വീസുകാര്‍ മൂന്നു ചുരിദാര്‍ സെറ്റ് അടങ്ങിയ പായ്ക്കറ്റ് പാലക്കാട്ട് തറവാട്ടിലെത്തിച്ചു.

''ഒരെണ്ണം ഇട്ടോണ്ടുവാ സ്യൂട്ട് അല്ലെങ്കീ മാറ്റി വാങ്ങാം.'' അമ്മച്ചി പറഞ്ഞു.

സൗമ്യ തന്റെ റൂമില്‍പ്പോയി പുതിയ ചുരിദാറില്‍ ഒരെണ്ണം ധരിച്ചു വന്നു.

''എങ്ങനെയുണ്ടമ്മച്ചി.'' അവള്‍ അമ്മച്ചിയുടെ മുന്നില്‍ നിന്നു ചിരിച്ചു.

''നന്നായിട്ടുണ്ട്. എല്ലാം ഒരേ അളവായതുകൊണ്ട് ബാക്കി പിന്നെ ഇട്ടു നോക്കിയാലും മതി.''

''ശരി അമ്മച്ചി.''

''ഇന്നു തന്നെ എല്ലാം വാഷ് ചെയ്തിട്ടോ. നാളെ മുതല്‍ ഉപയോഗിച്ചു തുടങ്ങാം.''

''അങ്കിള്‍ വിളിച്ചപ്പോ എന്തെല്ലാം പറഞ്ഞു അമ്മച്ചി.'' അവള്‍ ചോദിച്ചു.

''അവരവിടെ സുഖമായി എത്തിയെന്നു പറഞ്ഞു. ഈ ആഴ്ചയില്‍ത്തന്നെ ഡെലിവറി ഉണ്ടാവുമെന്നാ പറഞ്ഞത്. നീ എങ്ങനെ ഉണ്ടെന്നു ചോദിച്ചു.''

''ഞാനെല്ലാം അടിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞോ. ഇക്കണക്കാണെങ്കീ അങ്കിള്‍ വരുമ്പോഴേക്കും അമ്മച്ചിയുടെ അക്കൗണ്ടിലൊന്നും കാണില്ല.''

''നീ ഒന്നു പോടി. അങ്ങനെ പെട്ടെന്നു തീരുന്ന അക്കൗണ്ടല്ല എന്റേത്. ഞാനിതൊക്കെ വാങ്ങിത്തരുന്നത് നന്നായി പഠിച്ച് ഐ ഇ എല്‍ ടി എസ്സൊക്കെ പെട്ടെന്നു പാസ്സാകാനാ. എന്നിട്ടു വേണം ഏതെങ്കിലും രാജ്യത്ത് നല്ല ഹോസ്പിറ്റലില്‍ ജോലി ചെയ്ത് കുടുംബം പച്ച പിടിപ്പിക്കാന്‍.''

സ്വന്തം വല്ല്യമ്മച്ചിയാണു പറയുന്നതെന്നവള്‍ക്കു തോന്നി.

''എനിക്കൊരു സംശയം. ഞാന്‍ അമ്മച്ചിയെ നോക്കാനായി വന്നതാണോ, അതോ അമ്മച്ചിക്കു നോക്കാനായി എന്നെ വിളിച്ചു വരുത്തിയതാണോ?''

''ഞാനിപ്പം നിന്റെ ക്ഷേമ കാര്യങ്ങളല്ലേ ശ്രദ്ധിക്കണത്. നീ പറഞ്ഞതാ ശരി.''

അമ്മച്ചി ചിരിച്ചു.

വരാന്തയില്‍ അവര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു വാഗണര്‍ മുറ്റത്തു വന്നു നിന്നു. കാറില്‍ നിന്നും അജയ് പുറത്തിറങ്ങി.

സുന്ദരനായ ചെറുപ്പക്കാരനെ കണ്ട് സൗമ്യ അറിയാതെ ഴുന്നേറ്റു പോയി.

''എന്റെ അജയ് മോനാ അത്.'' അമ്മച്ചി പറഞ്ഞു.

അജയ് ഗൗരവത്തോടെ അവരുടെ അടുത്തേക്കു വന്നു.

''അങ്കിള്‍ വിളിച്ചിരുന്നോ അമ്മച്ചി.''

''വിളിച്ചിരുന്നു. സുഖമായി എത്തി എന്നു പറഞ്ഞു.''

''ഇതാണോ അമ്മച്ചിയുടെ കൂട്ടുകാരി.''

അജയ് ഗൗരവം വിടാതെ തന്നെ അവളോടു ചോദിച്ചു.

''അതെ.'' അവള്‍ വിനയത്തോടെ പ്രതിവചിച്ചു.

''കൊറിയര്‍ സര്‍വീസില്‍ നിന്നും എനിക്കൊരു പാര്‍സല്‍ ഉണ്ടായിരുന്നു. ഡെലിവറി ബോയ് അതു തരാന്‍ വന്നപ്പം അമ്മച്ചിയുടെ പാര്‍സല്‍ എന്റെ കൈയില്‍ തരട്ടെ എന്നു ചോദിച്ചതാ. ഞാന്‍ പറഞ്ഞു ഇവിടെ കൊടുത്താല്‍ മതിയെന്ന്. എന്തായിരുന്നു അമ്മച്ചി പാര്‍സലില്‍.''

അജയിന്റെ ചോദ്യം സൗമ്യയില്‍ ഞെട്ടലുണ്ടാക്കി.

''അതു ഞാന്‍ ഈ കുട്ടിക്കു ചുരിദാര്‍ വാങ്ങിയതാ. അവളിവിടെ നിക്കുമ്പം അവളുടെ കാര്യങ്ങള്‍ നമ്മളല്ലേ നോക്കേണ്ടത്.''

''സൗമ്യം വല്ലാതായി.

''ഞാന്‍ പറഞ്ഞതാ അമ്മച്ചിയോടു വേണ്ടെന്ന് ആവശ്യത്തിനു ഡ്രസ്സുമായി ഞാന്‍ വന്ന്. പക്ഷേ, അമ്മച്ചി സമ്മതിച്ചില്ല.''

''അമ്മച്ചി അമ്മച്ചിയുടെ മര്യാദയ്ക്കു ചോദിച്ചിരിക്കും. പക്ഷേ, നമ്മുടെ മര്യാദ അതു വേണ്ടെന്നു പറയുകയല്ലായിരുന്നോ?'' അജയ് അവളുടെ നേരെ വിരല്‍ ചൂണ്ടി.

അവളുടെ മുഖത്ത് സങ്കടം ഇരച്ചെത്തി.

അവള്‍ കരഞ്ഞുകൊണ്ട് അകത്തേക്കോടി.

അജയും അമ്മച്ചിയും വിഷണ്ണരായി.

''അമ്മച്ചീ ഞാനൊരു തമാശ പറഞ്ഞതാ അല്ലാതെ അവളെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.''

''തമാശയൊക്കെ എനിക്കു മനസ്സിലാവും. ഞാന്‍ നീ വന്നപ്പം മുതല് ശ്രദ്ധിക്കുന്നതാ നിന്റെ മുഖം. നിനക്കെന്തു പറ്റി. ഞങ്ങളെന്തോ തെറ്റു ചെയ്തതു പോലെയുള്ള പെരുമാറ്റം.''

''അമ്മച്ചി മിക്കവരും തട്ടിപ്പുകാരാ. അമ്മച്ചിയെ മണിയടിച്ച് എന്തെങ്കിലും തട്ടിയെടുക്കുന്ന വര്‍ഗത്തില്‍പ്പെട്ടതാണോ എന്നറിയാനായി ചോദിച്ചതാ.''

''നിന്റെ അമ്മച്ചിയെ അങ്ങനെ മണിയടിച്ചു വീഴിക്കാമെന്നു ചിന്തിച്ചത് നിന്റെ തെറ്റ്. നിന്റെ അമ്മച്ചിയെ എത്രപേര്‍ പറ്റിച്ചോണ്ടുപോയിട്ടുണ്ട്. നീ ഒരാളുടെ പേരൊന്നു പറഞ്ഞേ.'' അവന്‍ തോല്‍വി സമ്മതിച്ചതുപോലെ ചിരിച്ചു.

''അവളോടാണു നീ പറഞ്ഞതെങ്കിലും അത് എന്നോടു പറഞ്ഞതു പോലെയാ. അവളേക്കുറിച്ച് നിനക്കെന്തറിയാം.'' അമ്മച്ചി അവനോടു ചോദിച്ചു.

''എനിക്കൊന്നുമറിയില്ല. ചാച്ചി കൊണ്ടുവന്ന ആളാണെന്നു മാത്രം അറിയാം.''

''ചാച്ചി കൊണ്ടുവന്ന ആളാണല്ലോ. ചാച്ചിക്ക് തെറ്റുമെന്നു തോന്നുന്നുണ്ടോ. അങ്ങനെയുള്ള ആളെ എന്നെ നോക്കാനായി ചാച്ചി പറഞ്ഞയയ്ക്കുമോ?''

'സോറി അമ്മച്ചി. അതൊന്നും ചിന്തിക്കാതെ പറഞ്ഞതിന്.''

''അത് നേഴ്‌സിംഗ് കഴിഞ്ഞ കുട്ടിയാ. ബെന്നറ്റിനോടുള്ള സ്‌നേഹംപ്രതി മാത്രമാ എനിക്കു കൂട്ടായി വന്നത്.''

''അതിന് അപ്പനില്ല. അപ്പന്‍ തടി വെട്ടുകാരനായിരുന്നു. മരത്തില്‍ നിന്നു വീണു മരിച്ചുപോയി. ഇവളുടെ ഒരാളുടെ പ്രതീക്ഷയിലാ ആ കുടംബം കഴിഞ്ഞു കൂടണത്.''

''ഇവള്‍ക്കു വിദേശത്തുപോയി ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനു സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനാ എന്റെ അടുത്തു വന്നത്.''

തെളിച്ചമില്ലാത്ത മുഖത്തോടെ ഏലമ്മ പറഞ്ഞു.

അജയിന്റെ മുഖം വല്ലാതായി.

''എന്റെ എടുത്തു ചാട്ടമാ എല്ലാറ്റിനും കാരണം. ഞാന്‍ പോയി സോറി പറയട്ടെ അമ്മച്ചി.''

അവന്‍ അമ്മച്ചിയുടെ മുഖത്തേക്കു നോക്കി പ്രതികരണം അറിയാന്‍.

''അതാ അതിന്റെ ശരി. ഒരു പാവം പെണ്ണിന്റെ കണ്ണീര്‍ നമ്മുടെ കുടുംബത്തു വീണു. അതിനു പ്രായശ്ചിത്തം വേണ്ടതാ.''

അവന്‍ സാവധാനം എഴുന്നേറ്റ് അമ്മച്ചിയുടെ മുറി കടന്ന് സൗമ്യയുടെ മുറിയിലെത്തി.

സൗമ്യ കസേരയിലിരുന്ന് കസേരയുടെ ചാരിലേക്കു തലവച്ചു തേങ്ങുകയായിരുന്നു.

''സൗമ്യാ... അയാം വെരി സോറി. ഞാനങ്ങനെ പറയരുതായിരുന്നു.''

അവള്‍ തലയുയര്‍ത്തുകയോ അവനെ നോക്കുകയോ ചെയ്തില്ല.

''ചില വീടുകളിലൊക്കെ പാവം ലുക്കില്‍ ചില പെണ്ണുങ്ങള്‍ കയറിക്കൂടി ആളില്ലാത്ത തക്കം നോക്കി കൈയില്‍ കിട്ടുന്നതും കൊണ്ട് പോകാറില്ലേ. അങ്ഹനെ വല്ലതുമാണോ എന്നു സംശയിച്ചു പറഞ്ഞു പോയതാ റിയലി സോറി.''

അവള്‍ മുഖമുയര്‍ത്തിയില്ല. പക്ഷേ, അവളുടെ തേങ്ങല്‍ നിന്നു.

''ഇയാളു കരുതണ പോലത്തെ ആളല്ല ഞാന്‍. ഞാനൊരു പാവമാ... ഇല്ലെങ്കീ അമ്മച്ചിയോടു ചോദിച്ചു നോക്ക്.''

തികട്ടി വന്ന ചിരി അവള്‍ അടക്കി നിര്‍ത്തി.

''ക്ഷമിച്ചൂന്ന് പറയുവൊന്നും വേണ്ട. ഒന്നു തലപൊക്കി നോക്ക്. എങ്കീ ക്ഷമിച്ചതായി കണക്കാക്കിക്കോളാം.''

ഏതാനും നിമിഷം കഴിഞ്ഞവള്‍ തലയുയര്‍ത്തി അവനെ നോക്കി പുഞ്ചിരിച്ചു.

''സമാധാനമായി. ഇനി ഇവിടെ ഇരിക്കാതെ അമ്മച്ചിയുടെ അടുത്തേക്ക് പോര്.''

അവന്‍ തിരിച്ച് അമ്മച്ചിയുടെ അടുത്തെത്തി.

''ഞാന്‍ സോറി പറഞ്ഞമ്മച്ചി. ഇനി കുഴപ്പമൊന്നുമില്ല.''

''ആകട്ടെ.'' അമ്മച്ചി പുഞ്ചിരി തൂകി.

സൗമ്യ മുഖം കഴുകി അവരുടെ അടുത്തേക്കു ചെന്നു. അവളുടെ മുഖത്ത് തങ്ങി നിന്നിരുന്നു.

''ഇവിടെ കസേരയില്‍ ഇരുന്നോ. അങ്ങനെ നിന്ന് ഭവ്യതയൊന്നും കാണിക്കണ്ട.'' അവന്‍ സൗമ്യയോടു പറഞ്ഞു.

''ദേ, പിന്നേം നിന്റെ നാക്ക്.'' അമ്മച്ചി അവനെ ശാസനയോടെ നോക്കി.

''ദേ, പിന്നേം സോറി.''

മൂവരും ചിരിച്ചു.

അവള്‍ കുറച്ചകലം പാലിച്ച് ഒരു കസേരയില്‍ ഇരുന്നു.

''എന്തെങ്കിലും വാങ്ങിക്കേണ്ടതുണ്ടോ അമ്മച്ചി. ഞാന്‍ മേടിച്ചു തന്നിട്ടുപോകാം.''

''വേണ്ട. പലചരക്കു സാധനങ്ങളൊക്കെ പാപ്പച്ചന്‍ മേടിച്ചോണ്ടു വന്നു. നീ ഇന്നാളു ബുക് ചെയ്ത ബുക്കു വന്നിരുന്നു. ഞാന്‍ വായിച്ചു. സൂപ്പര്‍.''

അവന്‍ മന്ദഹസിച്ചു.

''ഈ കൊച്ചിനു ഞാന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പറഞ്ഞു കൊടുത്തു തുടങ്ങി. നിനക്കു വല്ല പ്രത്യേക നിര്‍ദ്ദേശവും നല്കാനുണ്ടോ?''

രാത്രിയുടെ നിശബ്ദതയില്‍ ജനലഴികളിലൂടെ പുറത്തേക്കു നോക്കി സൗമ്യനിന്നു. തണുപ്പ് തുടങ്ങിയിട്ടുണ്ട്. മഞ്ഞുപുതച്ചുറങ്ങുന്ന പ്രകൃതി.

ജനലഴികളിലൂടെ ദൂരെയുള്ള വീട്ടില്‍നിന്നും വെളിച്ചം കാണാം.

ക്ഷണിക്കാതെ തന്നെ അവളുടെ ഓര്‍മ്മയുടെ തിരശ്ശീലയില്‍ അജയിന്റെ ചിത്രം തെളിഞ്ഞു വന്നു.

കാപട്യമില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അവനെന്ന് അവള്‍ക്കു തോന്നി.

ഇതുവരെയും ഒരു ചെറുപ്പക്കാരനോടും തോന്നാത്ത ആകര്‍ഷണീയത മനസ്സില്‍ വരുന്നു. അവന്‍ നല്ലവനും സ്‌നേഹമുള്ളവനുമാണെന്നു മനസ്സു പറയുന്നു.

മനസ്സെന്ന കുരങ്ങനെ അവള്‍ ശാസിച്ചു. എന്തു കണ്ടിട്ടാണ് ഇളകുന്നത്. നീ ആര്? അവന്‍ ആര്? നിനക്ക് അഭിമാനിക്കാനായി എന്തുണ്ട്?

അര്‍ഹതയില്ലാത്ത സ്‌നേഹത്തിനു പിന്നാലെ പോയി മനസ്സ് കലുഷിതമാകുന്നതെന്തിനാണ്. അങ്ങനെയൊരു ബന്ധം ഉണ്ടായാല്‍ അമ്മച്ചിയും ബെന്നറ്റമ്മയും മാത്രമല്ല സ്വന്തം അമ്മയും പ്രീതിയും വരെ അനിഷ്ടം പ്രകടിപ്പിക്കും. അതു വേണ്ട.

''അതിനാരെങ്കിലും നിന്നോട് സ്‌നേഹം പ്രകടിപ്പിച്ചോ, നീ പിന്നെ എന്തിനാണ് കാടു കയറുന്നത്.''

കര്‍ത്താവ് തനിക്കുള്ള ആളെ കല്യാണ സമയമാകുമ്പം കൊണ്ടുവന്നു തരും. അതുവരെ ആരുമായും ഇഷ്ടം വേണ്ട.

എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലി അവള്‍ ഉറക്കത്തിനായി കാത്തുകിടുന്നു.

അവളുടെ മമ്മി അനുഭവത്തില്‍ നിന്നും അവള്‍ക്കു പറഞ്ഞു കൊടുത്തു - ''എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന തുടര്‍ച്ചയായി ചൊല്ലിക്കൊണ്ടു കിടന്നാല്‍ തനിയെ ഉറക്കത്തിലേക്ക് പ്രവേശിച്ചുകൊള്ളും.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org