പ്രകാശത്തിന്റെ മക്കള്‍ [09]

പ്രകാശത്തിന്റെ മക്കള്‍ [09]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 09]

രാവിലെ പത്തു മണി ആയപ്പോഴേക്കും മനോജ് കാറുമായി കോണ്‍വെന്റിലെത്തി. സൗമ്യയെ കൂട്ടിക്കൊണ്ട് വീട്ടിലേക്കു മടങ്ങാനായി.

''നിനക്കു സൗമ്യയുടെ വീടു കാണണോ? കാണണ്ടെങ്കീ അവരോടു ഇങ്ങോട്ട് വരാന്‍ പറയാം. ഞാന്‍ പറഞ്ഞിരുന്നു. നീ പത്തുമണി ആവുമ്പോഴേക്കും എത്തുമെന്ന്'' ബെന്നറ്റ് സിസ്റ്റര്‍ പറഞ്ഞു.

''വീടു കാണല്‍ പിന്നീടൊരിക്കല്‍ ആവാം ചാച്ചി. വീട്ടില്‍ മടങ്ങിയെത്തിയിട്ടു കുറച്ചു ജോലികള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്. നാളെ വെളുക്കും മുമ്പ് എയര്‍പോര്‍ട്ടിലേക്കു പോകേണ്ടതല്ലേ.''

സിസ്റ്റര്‍ നല്കിയ കാപ്പി കുടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. സിസ്റ്റര്‍ ബെന്നറ്റ് മൊബൈലെടുത്ത് മേരിക്കട്ടിയെ വിളിച്ചു കാര്യം പറഞ്ഞു. യാത്ര പ്രമാണിച്ചു മേരിക്കുട്ടി അന്ന് ലീവ് എടുത്തിരുന്നു.

ഏറെ വൈകും മുമ്പ് സൗമ്യും മേരിക്കുട്ടിയും കോണ്‍വെന്റിലെത്തി. പ്രീതി കോളജില്‍ പോയിരുന്നു.

മേരിക്കുട്ടിയുടെ കൈയില്‍ ഒരു ബിഗ് ഷോപ്പറും സൗമ്യയുടെ കൈയില്‍ ഒരു എയര്‍ ബാഗും ഉണ്ടായിരുന്നു.

മനോജിനെ കണ്ട് മേരിക്കുട്ടിയും സൗമ്യയും മൃദു മന്ദഹാസത്തോടെ ഗുഡ് മോണിംഗ് പറഞ്ഞു.

''ഗുഡ്‌മോണിംഗ്.''

മനോജിന് ഒറ്റനോട്ടത്തില്‍ സൗമ്യയെ ഇഷ്ടമായി. സൗമ്യ എന്ന പേരിനു ചേരുന്ന സൗമ്യമായ പെരുമാറ്റം. ഐശ്വര്യമുള്ള മുഖം. വലിയ സുന്ദരിയല്ലെങ്കിലും സുന്ദരി തന്നെ.

മേരിക്കുട്ടി സാരിയും സൗമ്യ ചുരിദാറുമാണ് ധരിച്ചിരുന്നത്.

മനോജ് മേരിക്കുട്ടിയോട് അത്യാവശ്യം വീട്ടുവിശേഷങ്ങള്‍ തിരക്കി. അവരുടെ മറുപടിയില്‍ നിന്നും കുടുംബത്തെക്കുറിച്ച് ഒരു ഏകദേശ ചിത്രം അയാള്‍ക്കു മനസ്സിലായി.

''ചാച്ചി വീട്ടിലേക്കു വരുന്നുണ്ടോ?''

മനോജ് സിസ്റ്റര്‍ ബെന്നറ്റിനോടു ചോദിച്ചു.

''ഞാന്‍ കൂടി വരാം. ചേച്ചിയെ ഒന്നു കാണാമല്ലോ. മേരിക്കുട്ടി പോരുമ്പോള്‍ തിരിച്ചു പോരുകയും ചെയ്യാം.''

മനോജ് കാറിന്റെ ഡിക്കി തുറന്ന് അവരുടെ കൈയിലുള്ള ബാഗും ബിഗ്‌ഷോപ്പറും വാങ്ങിവച്ചു.

കാര്‍ അരമണിക്കൂര്‍ കൊണ്ട് തറവാട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടതേ ഡെയ്‌സി പുറത്തേക്കു വന്നു.

കാറില്‍ നിന്നിറങ്ങി വരുന്ന അമ്മയേയും മകളെയും ഡെയ്‌സിക്കു പ്രഥമ ദൃഷ്ട്യാ ഇഷ്ടപ്പെട്ടു.

അവള്‍ സ്‌നേഹത്തോടെ സൗമ്യയുടെ കരം ഗ്രഹിച്ചു. സൗമ്യ സൗമ്യമായി ചിരി തൂകി.

ഡിക്കി തുറന്നതേ മേരിക്കുട്ടി ബാഗും ബിഗ്‌ഷോപ്പറും പുറത്തേക്കെടുത്തു.

''ചാച്ചി ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' ഡെയ്‌സി ചാച്ചിക്കു സ്തുതി ചൊല്ലി.

''സ്തുതിയായിരിക്കട്ടെ മോളെ.''

''ഞങ്ങള്‍ ആദ്യം അമ്മച്ചിയെ ഒന്നു കണ്ടിട്ടു വരാം.'' സിസ്റ്റര്‍ ബെന്നറ്റ് മേരിക്കുട്ടിയേയും സൗമ്യയേയും കൂട്ടി അമ്മച്ചി കിടക്കുന്ന മുറിയിലേക്കുപോയി.

ഇത്ര വലിയ വീട് മേരിക്കുട്ടിയും സൗമ്യയും ആദ്യമായി കാണുകയായിരുന്നു. യാത്ര പോവുമ്പോള്‍ ചില വലിയ വീടുകള്‍ കണ്ടിട്ടുണ്ടെന്നു മാത്രം. വലിയ വീടിനകത്തു കയറുന്നത് ആദ്യമായതുകൊണ്ട് അതിന്റെ അമ്പരപ്പ് ഇരുവരിലും പ്രകടമായിരുന്നു.

അമ്മച്ചി അവരുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

വെളുത്തു സുന്ദരിയായ അമ്മച്ചിയെ കണ്ട് സൗമ്യ നന്നായി ചിരിച്ചു. അമ്മച്ചിയും അവളെ നോക്കി ചിരിച്ചു.

വിശാലമായ മുറിയായിരുന്നു അമ്മച്ചിയുടേത്. ചാരുകസേര കൂടാതെ രണ്ടു സാധാരണ കസേരകളും ഒരു ടേബിളും രണ്ട് അലമാരകളും രണ്ടു കട്ടിലും ആ മുറിയില്‍ ഉണ്ടായിരുന്നു. ബാത്ത് അറ്റാച്ച്ഡ് റൂമായിരുന്നു അത്.

''ചേച്ചി, ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.'' ബെന്നറ്റ് ചേച്ചിക്കു സ്തുതി ചൊല്ലി.

''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.'' മദര്‍ അമ്മച്ചിക്കു സ്തുതി ചൊല്ലുന്നതു കണ്ടപ്പോള്‍ മേരിക്കുട്ടിയും സൗമ്യയും അമ്മച്ചിക്കു സ്തുതി ചൊല്ലി.

''സ്തുതിയായിരിക്കട്ടെ മക്കളെ. രണ്ടുപേരും കസേയില്‍ ഇരിക്ക്.''

''ഞങ്ങള്‍ ഇവിടെ നിന്നോളാം അമ്മച്ചി.''

മേരിക്കുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു.

''അതു പറ്റില്ല. എന്റെയടുത്ത് ആരും നിന്നുകൊണ്ട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല.''

അമ്മച്ചി പറഞ്ഞു തീര്‍ന്നതേ ഇരുവരും കസേരയില്‍ ഇരുന്നു.

അമ്മച്ചിയും ബെന്നറ്റും പുഞ്ചിരിച്ചു.

''മോളുടെ പേരെന്താ?''

''സൗമ്യ.''

''സൗമ്യയും സുന്ദരിയുമായ പെണ്‍കുട്ടിക്ക് സൗമ്യയെന്നല്ലാതെ വേറെന്തു പേരിടാന്‍.''

മൂവരും ചിരിച്ചു.

''നമുക്കു തമ്മില്‍ വിശാലമായി പരിചയപ്പെടാന്‍ സമയം ഇഷ്ടംപോലെയുണ്ടല്ലോ.''

''ആ കാണുന്നതാ മോളുടെ മുറി. അതിനോടു ചേര്‍ന്ന് എന്റെ ലൈബ്രറി. വാതില്‍ തുറന്ന് അകത്തു കയറിക്കോ.''

മേരിക്കുട്ടിയും സൗമ്യയും അമ്മച്ചി ചൂണ്ടിക്കാണിച്ചു തന്ന മുറിയില്‍ ക്കയറി. ബാത ്അറ്റാച്ച്ഡ് ആയിട്ടുള്ള മുറി ഒരു കട്ടിലും മേശയും കസേരയുമുണ്ട്. ഒരു ചുമരലമാര അടഞ്ഞു കിടപ്പുണ്ട്.

''നീ ഇപ്പോ ഡ്രസ് മാറുന്നുണ്ടോ?''

''ഇല്ല. വൈകുന്നേരം കുളി കഴിഞ്ഞു മാറാം.''

''എങ്കില്‍ നമുക്ക് അമ്മച്ചിയുടെ അടുത്തേക്കു പോകാം.''

''ഇപ്പോ വേണ്ട മമ്മീ. ബെന്നറ്റ് മദര്‍ അമ്മച്ചിയുമായി സംസാരിച്ചിരിക്കയല്ലേ. അവര്‍ക്കു തമ്മില്‍ എന്തെങ്കിലും പറയാനുണ്ടെങ്കിലോ. മമ്മി ഈ കസേരയില്‍ ഇരിക്ക്.''

മകളുടെ ഔചിത്യബോധം മേരിക്കുട്ടിയില്‍ മതിപ്പുളവാക്കി.

''എന്തു വലിയ വീടാ ല്ലേ. കണ്ടിട്ടു തന്നെ പേടിയാവുന്നു.''

മേരിക്കുട്ടി പറഞ്ഞു.

''അടുത്തെങ്ങും വീടുകളില്ലെന്നു തോന്നുന്നു.''

ഈ ജനലഴികളിലൂടെ നോക്കിയാല്‍ ദൂരെ രണ്ടു മൂന്നു വീടുകള്‍ കാണാം. റോഡില്‍ക്കൂടി വാഹനങ്ങള്‍ പോകുന്നതു കാണാം.

''മച്ചിട്ട് മുറികളായതുകൊണ്ട് ഉച്ചസമയത്തും ഫാനിന്റെ ആവശ്യം ഇല്ല.''

''ശരിയാ നീ പറയുന്നത്. നമ്മുടെ വീട്ടിലൊക്കെ ഈ സമയത്ത് എന്തു ചൂടാ.''

''സൗമ്യാ.''

അമ്മച്ചിയൂടെ മുറിയില്‍ നിന്നും ഡെയ്‌സി വിളിച്ചു.

''എന്തോ.'' സൗമ്യ വിളികേട്ടു.

സൗമ്യും മേരിക്കുട്ടിയും അമ്മച്ചിയുടെ മുറിയിലേക്കു വന്നു.

''രണ്ടു പേരും വാ. നമുക്ക് ഊണു കഴിക്കാം.''

ഊണുമുറിയിലേക്കു പോകാനായി അമ്മച്ചി വാക്കറെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സൗമ്യ പുഞ്ചരിയോടെ നിരസിച്ചു.

''ഞാന്‍ ഹെല്‍പ് ചെയ്യാം. അമ്മച്ചി നടന്നോ.''

അവള്‍ അമ്മച്ചിയെ ചേര്‍ത്തുപിടിച്ചു. ഡൈനിംഗ് റൂമിലേക്കു നടന്നു. കൂടെ ബെന്നറ്റും മേരിക്കുട്ടിയും.

വിശാലമായ ഊണു മുറി. രണ്ടു മൂന്നു ചില്ലലമാരകളില്‍ വില കൂടിയ പ്ലേറ്റുകളും കപ്പുകളും ചിട്ടയോടെ വച്ചിരിക്കുന്നു. അമ്മച്ചിയെ കേസരയില്‍ ഇരുത്തിയിട്ട് സൗമ്യ ഒഴിഞ്ഞു നിന്നു. അവരോടൊപ്പം ഊണിനിരിക്കാന്‍ സൗമ്യയും മേരിക്കുട്ടിയും മടിച്ചു.

''നിങ്ങളും ഇരിക്ക് നമുക്ക് ഒരമിച്ചു കഴിക്കാം.'' ഡൈനിംഗ് റൂമിലേക്കു കടന്നു വന്ന മനോജ് പറഞ്ഞപ്പോള്‍ അവര്‍ ഭക്ഷണത്തിന് ഇരുന്നു. ഭക്ഷണത്തിനുശേഷം ബെന്നറ്റും മേരിക്കുട്ടിയും പോകാന്‍ ഒരുങ്ങി.

ഡ്രൈവര്‍ പാപ്പച്ചന്‍ അവരെ കോണ്‍വെന്റില്‍ വിടാനായി തയ്യാറായി വന്നു.

മേരിക്കുട്ടിയുടെയും സൗമ്യയുടെയും ഫോണ്‍ നമ്പറുകള്‍ മനോജ് വാങ്ങി.

''അവിടെ ചെന്നിട്ട് എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാനാ. ഫോണിന്റെ കാര്യമല്ലേ. സൗമ്യയെ വിളിച്ചിട്ടു കിട്ടിയില്ലെങ്കില്‍ മേരിക്കുട്ടിയെ വിളിക്കാനാ. എന്റെ നമ്പറും. രണ്ടുപേരും സേവ് ചെയ്‌തോ.''

മനോജ് തന്റെ നമ്പര്‍ അവര്‍ക്കു നല്കി.

''മകളെക്കുറിച്ചോര്‍ത്ത് ഒരു ടെന്‍ഷനും വേണ്ട. ഇവിടെ പാപ്പച്ചനുണ്ട്, ജാന്‍സിയുണ്ട് പിന്നെ കണ്ണടയ്ക്കാതെ ഇരുപത്തിനാലും മണിക്കൂറും നോക്കാന്‍ ഇവന്മാരുണ്ട്.'' സി സി ടി വിയിലേക്കു നേക്കിക്കൊണ്ട് മനോജ് പറഞ്ഞു.

ബെന്നറ്റ് അമ്മച്ചിയുടെ കൈപിടിച്ച് സ്തുതിചൊല്ലി കൈമുത്തിയിറങ്ങി. പിന്നാലെ മേരിക്കുട്ടിയും.

അമ്മച്ചിയുടെ മരുന്നുകള്‍ അടങ്ങിയ ബോക്‌സ് എടുത്ത് മനോജ് അതിലടങ്ങിയിരിക്കുന്ന മരുന്നുകള്‍ എത്ര വീതം എത്ര നേരം കൊടുക്കണമെന്നു സൗമ്യയ്ക്ക് പറഞ്ഞു കൊടുത്തു. സൗമ്യ അത് ബുക്കില്‍ കുറിച്ചുവച്ചു.

''നേഴ്‌സ് ആയതുകൊണ്ട് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ. വണ്‍ ടച്ചും ബി പി ടെക്കും അലമാരയില്‍ ഇരിപ്പുണ്ട്. ദാ അവിടെ. ഷുഗറും പ്രഷറും ആഴ്ചയില്‍ ഒന്നു ചെക് ചെയ്‌തേരെ. കൂടുതല്‍ വേരിയേഷനോ അമ്മച്ചിക്കു ബുദ്ധിമുട്ടോ ഉണ്ടായാല്‍ എന്നെ വിളിക്കണം. വാട്‌സ് ആപ്പില്‍ കിട്ടിയില്ലെങ്കില്‍ ഫോണ്‍ വിളിച്ചോ.''

''ഈ ചെറിയ ബുക്കില്‍ എന്റെയും എന്റെ മകന്‍ ഡേവിഡിന്റെയും ചേട്ടന്റെ മകന്‍ അജയിന്റെയും ഫോണ്‍ നമ്പര്‍ ഉണ്ട്. എന്തെങ്കിലം പ്രാദേശിക ആവശ്യം വന്നാല്‍ അജയ്‌നെ വിളിക്കാം.''

''ഓ കെ സാര്‍.''

സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ ഒത്തുകൂടി.

''പ്രാര്‍ത്ഥനകളൊക്കെ അറിയാമോ സൗമ്യയ്ക്ക്'' അമ്മച്ചി ചോദിച്ചു.

''ഉവ്വമ്മച്ചി.''

''എന്നാലിന്ന് ജപമാല സൗമ്യ ചൊല്ലട്ടെ.'' അമ്മച്ചിയുടെ നിര്‍ദ്ദേശം പുഞ്ചിരിയോടെ ഡെയ്‌സി അംഗീകരിച്ചു. ഡെയ്‌സിയായിരുന്നു സാധാരണ പ്രാര്‍ത്ഥന ചൊല്ലാറ്. അതും പുസ്തകം നോക്കി.

സൗമ്യ നല്ല മുഴക്കമുള്ള ശബ്ദത്തില്‍ അക്ഷരസ്ഫുടതയോടെ പ്രാര്‍ത്ഥനകള്‍ ഓരോന്നും നിറുത്തി നിറുത്തി ചൊല്ലി. അമ്മച്ചിയുടെ മുഖത്തെ തൃപ്തി അവള്‍ കണ്ടു. പ്രാര്‍ത്ഥന കഴിഞ്ഞ് അവള്‍ ഒരു അധ്യായം ബൈബിള്‍ വായിച്ചു.

''സൗമ്യയ്ക്കു പാട്ടുപാടാനറിയാമോ.'' ഡെയ്‌സി ചോദിച്ചു.

'കുറേശ്ശേ.''

''എന്നാ മാതാവിന്റെ ഒരു പാട്ടുപാടിക്കേ.''

''അമ്മ മരിയേ...'' അവള്‍ ഈണത്തില്‍ പാടി.

മൂവരും വിസ്മയത്തോടെ അവളെ നോക്കി. അത്രമേല്‍ ഇമ്പകരമായിരുന്നു അവളുടെ ഗാനം.

പ്രാര്‍ത്ഥനയ്ക്കുശേഷം അവള്‍ മൂവര്‍ക്കും സ്തുതി ചൊല്ലി.

അത്താഴത്തിനുശേഷം അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ മനോജ് പറഞ്ഞു - ഞങ്ങള്‍ പോവുമ്പോള്‍ അമ്മച്ചി നല്ല ഉറക്കമായിരിക്കും. വെളുപ്പിനു നാലു മണിക്ക് എയര്‍പോര്‍ട്ടിലേക്കു പോകണം. അതുകൊണ്ട് അമ്മച്ചിയെ ഉണര്‍ത്തുകയില്ല കേട്ടോ.''

''ഞാന്‍ നാലു മണിക്ക് അലാറം വച്ച് എഴുന്നേറ്റോളാം.'' അമ്മച്ചി പറഞ്ഞു.

ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി സൗമ്യ അമ്മച്ചിക്കുള്ള മരുന്നുകള്‍ നല്കി.

''ഇനി മോളുപോയി ഉറങ്ങിക്കോ. രാത്രിയില്‍ ഞാന് സാധാരണ എഴുന്നേല്‍ക്കാറില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ ഇതു കണ്ടോ.'' മേശപ്പുറത്ത് കൈയെത്തും ദുരത്തിരിക്കുന്ന ഒരു വിസില്‍ അമ്മച്ചി കൈയിലെടുത്ത് അവളെ കാണിച്ചു. ''ഇത് ഊതും അപ്പോ നീ ഏറ്റു വന്നാല്‍ മതി.''

അവള്‍ ചിരിച്ചു.

''അതോ പോത്തുപോലെ ഒറങ്ങണ സ്വഭാവമാണോ?''

''അല്ലമ്മച്ചി'' അവള്‍ വീണ്ടും ചിരിച്ചു.

അവള്‍ ഉറങ്ങാന്‍ കിടന്നിട്ടും ഉറക്കം വന്നില്ല. ''വീടു മാറി കിടക്കുന്നതു കൊണ്ടായിരിക്കും. മമ്മി ഇപ്പോള്‍ ഉറങ്ങിയിരിക്കുമോ? ഇന്നു ഫോണ്‍ വിളിക്കണോ. വേണ്ട നാളെ വിളിക്കാം. പ്രീതി പഠിക്കുന്നുണ്ടാവും വൈകിയാണല്ലോ അവള്‍ കിടക്കാറ്.

ഓരോന്നു ചിന്തിച്ചവള്‍ ഉറക്കത്തിലേക്കു വഴുതി വീണു. അമ്മച്ചിയുടെ മുറിയില്‍ നിന്നും നാലു മണിക്ക് അലാം കേട്ടവള്‍ ഉണര്‍ന്നു. അമ്മച്ചിയെ എഴുന്നേറ്റിരിക്കാന്‍ അവള്‍ സഹായിച്ചു.

മനോജും ഡെയ്‌സിയും തയ്യാറായിക്കഴിഞ്ഞിരുന്നു. അവര്‍ രണ്ടു പേരും അമ്മച്ചിക്കു സ്തുതി ചൊല്ലി മുത്തം നല്കി.

''സൗമ്യേ ഞങ്ങളിറങ്ങുന്നു. വാതില്‍ അകത്തുനിന്നും ലോക്ക് ചെയ്‌തേരേ.''

പോര്‍ച്ചില്‍ കാറുമായി പാപ്പച്ചന്‍ റെഡിയായി നില്‍ക്കുന്നുണ്ടായിരുന്നു.

ട്രോളി ബാഗുകളുമായി അവര്‍ ഡ്രോയിംഗ് റൂമില്‍ നിന്നും ഇറങ്ങിയപ്പോള്‍ സൗമ്യ ഡോര്‍ ലോക് ചെയ്തു മടങ്ങി.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org