പ്രകാശത്തിന്റെ മക്കള്‍ [08]

പ്രകാശത്തിന്റെ മക്കള്‍ [08]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 08]

മനോജും ഭാര്യ ഡെയ്‌സിയും മറ്റന്നാള്‍ ലണ്ടനു പോവുകയാണ്. അതിനുള്ള പാക്കിംഗും ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പഴയ വാഗണ്‍ ആര്‍ കാര്‍ മുറ്റത്തു ബ്രേക്കിട്ടു.

ആരാണു വന്നതെന്നറിയാന്‍ മനോജ് കതകു തുറന്നു നോക്കുമ്പോള്‍ നിറചിരിയുമായി വാഗണറില്‍ നിന്നും ജ്യേഷ്ഠന്‍ ജോര്‍ജുകുട്ടിയുടെ മകന്‍ അജയ് പുറത്തേക്കിറങ്ങുന്നു.

''നിന്നെ ഇങ്ങോട്ടു കണ്ടിട്ടു കുറച്ചായല്ലോ എന്നു ഞാന്‍ ഓര്‍ത്തതേ ഉള്ളൂ.'' ചിരിച്ചുകൊണ്ട് മനോജ് അവനെ സ്വാഗതം ചെയ്തു.

''പിന്നെ... പിന്നെ... അങ്കിള്‍ പറ്റിയ പാര്‍ട്ടിയാ ലണ്ടനു പോകുന്ന കാര്യം ഇനി ഈ നാട്ടില്‍ ഞാന്‍ മാത്രമേ അറിയാനുള്ളൂ. എങ്കിലും അങ്കിളിന് എന്നെ വിളിക്കാന്‍ തോന്നിയില്ലല്ലോ.

അവന്‍ പരിഭവം പറഞ്ഞ് അകത്തേക്കു കയറി.

ഡെയ്‌സി അവനെ നോക്കി ഹൃദ്യമായി ചിരിതൂകി.

''ആന്റിക്കെങ്കിലും എന്നെ ഒന്നു വിളിക്കണമെന്നു തോന്നിയില്ലല്ലോ, നമ്മള്‍ നല്ല ഫ്രണ്ട്‌സ് ആയിട്ടും.''

''എന്റടാ, ഞങ്ങള്‍ അവിടെ വീട്ടില്‍ വന്ന് നിന്നെയും കാത്ത് എത്രനേരം ഇരുന്നു. നീ വല്ല്യ സാമഹ്യസേവനവുമായ നടക്കുകയല്ലേ. പിന്നെങ്ങനെ കാണാനാ, എങ്ങനെ വിശേഷം അറിയിക്കാനാ...''

''രണ്ടും കണക്കാ. ഒന്ന് ഒന്നിനേക്കഴിഞ്ഞും മെച്ചമല്ല.'' അവന്‍ പറഞ്ഞു ചിരിച്ച് അമ്മച്ചിയുടെ മുറിയലേക്കു കയറി.

അമ്മച്ചി അവന്റെ വരവ് കാത്തിരുന്നപോലെ അവനെ കണ്ട് അത്യാഹ്‌ളാദം പ്രകടമാക്കി.

അമ്മച്ചി വായിച്ചുകൊണ്ടിരുന്ന പുസ്തകം അതേപടി എടുത്തവന്‍ കട്ടിലില്‍ വിടര്‍ത്തിവച്ചു.

''പുസ്തകത്തിനു കുറച്ചൊക്കെ വിശ്രമം വേണം. അമ്മച്ചിക്കു വിശ്രമം വേണ്ടെങ്കിലും.''

അമ്മച്ചി കണ്‍കുളുര്‍ക്കെ അവനെ നോക്കിയിരുന്നു.

''ഈ നോട്ടത്തിന്റെ അര്‍ത്ഥം ഞാന്‍ വ്യാഖ്യാനിച്ചു തരട്ടെ.'' അവന്‍ കുസൃതിയോടെ തിരക്കി.

''നീ പോടാ ഒന്ന്'' അമ്മച്ചി അവനെ കുസൃതിയോടെ അടിക്കാനോങ്ങി.

''ഞാന്‍ ആലോചിക്ക്യാര്‍ന്നു. എനിക്ക് എത്ര പേരക്കുട്ടികള്‍ ഉണ്ട്. നിനക്കു മാത്രമേ ഇച്ചാച്ചന്റെ ഛായ കിട്ടിയിട്ടുള്ളൂ. നീ മുക്കാല്‍ വല്ല്യപ്പനും കാല്‍ അപ്പനുമാ.''

''അങ്ങനെ പലരും പറയാറുണ്ട് ഇച്ചാച്ചനേപ്പോലെയാ ഞാനെന്ന്. അത് എനിക്കും അഭിമനകരമാ. അപ്പനേപ്പോലെയാണെന്നു പറയാതിരിക്കുകയാ നല്ലത്.''

ഏലമ്മയുടെ മുഖം മങ്ങി.

''അങ്ങനെ പറയല്ലേ മോനെ. അതും എന്റെ മോനല്ലേടാ. അപ്പനേക്കുറിച്ച് അങ്ങനെയൊന്നും പറയല്ലേ. നീ നല്ല കുഞ്ഞല്ലേ.''

''സോറി അമ്മച്ചി. അറിയാതെ പറഞ്ഞുപോയതാ. ഇച്ചാച്ചന്‍ കള്ളൊന്നും കിട്ടിക്കില്ലായിരുന്നല്ലേ. അപ്പന് ഇപ്പോ എല്ലാ ദിവസവും കള്ളു കുടിയാ.''

അവന്‍ ചാരുകസേരയില്‍ നിന്നും അമ്മച്ചിയെ എഴുന്നേല്പിച്ചു കട്ടിലില്‍ ഇരുത്തി. അമ്മച്ചിയോടൊപ്പം അവനും ഇരുന്നു.

അവന്‍ അമ്മച്ചിയെ തന്റെ ദൃഢമായ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു.

ഏലമ്മയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

മക്കളോ മരുമക്കളോ കൊച്ചുമക്കളോ ആരും ഇത്രയും സ്‌നേഹത്തോടെ തന്നെ പൊതിഞ്ഞു പിടിക്കാറില്ല. അവന്‍ എന്നു വന്നാലും തന്നെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചേ പോകൂ.

''അപ്പുറത്ത് ലണ്ടനു പോകാനുള്ള പായ്ക്കിംഗ് നടക്കുകയാ. അമ്മച്ചിയുടെ വക എന്താ കൊടുത്തു വിടുന്നത് പുതിയ പാലക്കാട്ട് സന്തതിക്ക്.''

''ആണ്‍കുട്ടിയാണെന്ന് നീയെങ്ങനെ അറിഞ്ഞു.'' അവര്‍ ചിരിയോടെ തിരക്കി.

''അതൊക്കെ ഞാനറിഞ്ഞു.''

''ഞാന്‍ അവര് ഇവിടെ വരുമ്പം കൊടുത്തോളാം. നിന്നോട് അതു പറയുന്നില്ല. ഒരു സര്‍പ്രൈസ് ആകട്ടെ.''

''നോബല്‍ പ്രൈസ് നേടിയ അബ്ദുല്‍ റസാല്‍ ഹുര്‍നയുടെ ഒരു പുസ്തകം ഞാന്‍ അമ്മച്ചിക്കായി ബുക്ക് ചെയ്തിട്ടുണ്ട്.''

''മിടുക്കന്‍ നീ അമ്മച്ചീടേ പൊന്നമോന്‍ തന്നെ.''

''രണ്ടായിരത്തി ഇരുപത്തി മൂന്നില്‍ സാഹിത്യത്തിനു നോബല്‍ പ്രൈസ് കിട്ടിയത് ആര്‍ക്കാണെന്നറിയാമോ?'' അവന്‍ ചോദിച്ചു.

''അതൊക്കെ എനിക്കറിയാം. ജോന്‍ ഫോസെ. നോര്‍വീഡിയന്‍ പ്ലെ റൈറ്റ് ആന്റ് ഓദര്‍. ഹിസ് ഇന്നോവേറ്റീവ് പ്ലെയ്‌സ് ആന്റ് പ്രോസ് വിച്ച് ഗിവ് വോയ്‌സ് ടു ദി അണ്‍സേയബിള്‍.''

''നമിച്ചു. എന്താ മെമ്മറി പവര്‍. ഈ പ്രായത്തിലും എന്നാ ഓര്‍മ്മശക്തിയാ. ഏലമ്മേ, എന്താ അതിന്റെ പിന്നിലുള്ള രഹസ്യം.''

''എല്ലാ കാര്യങ്ങളും അങ്ങനെ ഓര്‍ത്തിരിക്കില്ലെടാ. ചിലതു പെട്ടെന്നു മറന്നു പോകും. നമ്മുടെ മനസ്സിന് ഒത്തരി മുറിവേല്ക്കുന്നതും ഒത്തിരി സന്തോഷം തരുന്നതും നമ്മള്‍ മക്കില്ലെന്നാ എനിക്കു തോന്നുന്നത്. അതിനിടയിലുള്ള കാര്യങ്ങളാ മറന്നുപോവുന്നത്.''

'ശരിയായിരിക്കും.''

'ഞാന്‍ ജോര്‍ജ് കുട്ടിക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്. തകര്‍ച്ച വരുമ്പോള്‍ മദ്യത്തില്‍ ആശ്രയിക്കാതെ കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഞാന്‍ അവനോടു പറയാറുണ്ട്.

മനസ്സിന്റെ ശക്തി ക്ഷയിപ്പിച്ചു ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയില്‍ ജീവിക്കരുതെന്നു പ്രത്യേകം പറഞ്ഞതാ.

ലോണ്‍ കുറച്ചെങ്കിലും തിരിച്ചടയ്ക്കാന്‍ പറ്റിയോ മോനെ.''

''എന്റെ അമ്മച്ചീ, അങ്ങനെയുള്ള കാര്യങ്ങളൊന്നും ഞാന്‍ അപ്പനോടു ചോദിക്കാറില്ല. ചോദിച്ചാല്‍ ചാടിക്കടിക്കാന്‍ വരും. ദിവസം നൂറു പ്രാവശ്യം പറയും ഞാന്‍ ഉത്തരവാദിത്തമില്ലാത്തവനാ, തേരാ പാരാ നടക്കുകയാ, പത്തുപൈസയ്ക്കു പ്രയോജനമില്ല. എന്നൊക്കെ.'' അവന്‍ സങ്കടപ്പെട്ടു.

''നീ അതൊന്നും കാര്യമാക്കണ്ട. തകര്‍ച്ച വന്നപ്പോള്‍ അവന് എല്ലാത്തിനോടും എല്ലാവരോടും ദേഷ്യമായിരിക്കും അല്ലാതെ നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ട് ആവുകയില്ല.''

''അമ്മച്ചി അങ്ങനെയൊന്നും പറയണ്ട. എനിക്കറിയാം അപ്പന് എന്നെ ഇഷ്ടമല്ലെന്ന്. പ്രത്യേകിച്ച് ഞാന്‍ ബെംഗ്‌ളൂരുവിലെ ജോലി വേണ്ടെന്നു വച്ച് പോന്നതിനു ശേഷം.''

''എനിക്ക് ഐ ടി ജോലിയേ മടുത്തു. വേറെ എന്തെങ്കിലും നോക്കാനാ ഞാന്‍ അതു വിട്ടുപോന്നത്. പോവുകയാ ഞാനും ഏതെങ്കിലും രാജ്യത്തേക്ക്. തലയ്ക്ക് സൈ്വര്യമെങ്കിലും കിട്ടുമല്ലോ.''

''അപ്പോള്‍ നീയും രാജ്യം വിടാന്‍ തീരുമാനിച്ചോ?''

''അങ്ങനെ പറഞ്ഞെന്നേ ഉള്ളമ്മച്ചി. എനിക്കു കുറച്ചു സാമൂഹ്യ സേവനമൊക്കെ ചെയ്യുമ്പോള്‍ കിട്ടുന്ന മനഃസുഖം ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാ. ഐ ടി ജോലി ചെയ്യുമ്പോള്‍ അതു ലഭിക്കുന്നില്ല.''

''എന്നാലും ജീവിക്കാന്‍ ഒരു തൊഴില്‍ വേണമല്ലോ. ജോലിയോടൊപ്പം സാമൂഹ്യസേവനവും ആകാം.''

''നോക്കാം അമ്മച്ചി. ഞാനിപ്പം റിലാക്‌സ് ചെയ്യട്ടെ.''

''ആകട്ടെ. എടുത്തുചാടി ഒരു തീരുമാനം എടുക്കരുത്. മനസ്സ് സ്വസ്ഥമായി ഇരിക്കുമ്പോഴേ തീരുമാനങ്ങള്‍ എടുക്കാവൂ.''

അതു സമ്മതിക്കുന്ന രീതിയില്‍ അവന്‍ തല ചലിപ്പിച്ചു.

''അങ്കിളും ആന്റിയും പോകുമ്പോള്‍ ആരാ അമ്മച്ചിക്കു കൂട്ട്. ഞാന്‍ വന്നാല്‍ മതിയോ?'' അവന്‍ ചോദിച്ചു.

''ബെന്നറ്റ് ഒരു പെങ്കൊച്ചിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവള്‍ നാളെ വരും.''

''ഞാന്‍ വരുമായിരുന്നല്ലോ അമ്മച്ചിയുടെ അടുത്തുനിക്കാന്‍. അവിടെ നിന്ന് കുറച്ചു ദിവസം മാറി നില്ക്കുകയും ചെയ്യാമായിരുന്നു.''

അവന്‍ നിര്‍വികാരതയോടെ പ്രതികരിച്ചു.

''എന്നെ ബാത്‌റൂമിലൊക്കെ കൊണ്ടുപോകാന്‍ പെങ്കൊച്ചാടാ നല്ലത്.'' നിനക്കതിനു മടിയൊന്നുമില്ലെന്നെനിക്കറിയാം. എന്നാലും...'' അവര്‍ ചിരിച്ചു.

''അമ്മച്ചിയുടെ ഇഷ്ടം പോലെ ആകട്ടെ. ഞന്‍ ഇടയ്ക്കിടെ വന്ന ക്ഷേമം അന്വേഷിച്ചോളാം.''

അവര്‍ സംസാരിച്ചു കൊണ്ടിരിക്കേ മനോജ് മുറിയിലേക്കു വന്നു.

''നീ ഇപ്പോ പുറത്തേക്കുവരും എന്നോര്‍ത്തു ഞങ്ങള്‍ കാത്തിരുന്നു. കാണാത്തതു കൊണ്ടു വന്നതാ. രണ്ടുപേര്‍ക്കും ഊണു വിളമ്പി വച്ചിട്ടുണ്ട്. നമുക്കൊന്നിച്ചിരുന്ന് ഊണു കഴിക്കാം.''

ഊണുമുറിയിലേക്കു പോകാനായി അമ്മച്ചി വാക്കറെടുത്തു. അവര്‍ ഊണുമുറിയിലെത്തി ഊണു കഴിക്കാനിരുന്നു.

''ഞാന്‍ ഇന്നലെ ഡേവിഡിനെ വിളിച്ചിരുന്നു. അടുത്ത ആഴ്ചയാ ഡെലിവറി ഡേറ്റെന്നു പറഞ്ഞിരുന്നു.''

ഊണു കഴിക്കുന്നതിനിടയില്‍ അജയ് പറഞ്ഞു.

''നീ വിളിച്ച കാര്യം അവന്‍ പറഞ്ഞിരുന്നു.'' മനോജ് പറഞ്ഞു.

''എല്ലാം പായ്ക്ക് ചെയ്തു കഴിഞ്ഞോ അങ്കിള്‍.''

''കുറച്ചൊക്കെ ആയി. ബാക്കി നാളെ.''

''ഇരുപത്തിമൂന്നു കിലോ ബാഗേജ് ആണെന്നു തോന്നുന്നു ഒരാള്‍ക്ക്.''

''ഞങ്ങള്‍ രണ്ടുപേര്‍ക്കും ലിമിറ്റില്‍ താഴെയേ വരൂ. ഒത്തിരി വാരി വലിച്ചൊന്നും കൊണ്ടുപോകുന്നില്ല.''

''അതു മതി. അങ്കിള്‍.''

അമ്മച്ചി ഭക്ഷണം കഴിക്കുന്നത് അജയ് ശ്രദ്ധിച്ചു. പ്രായത്തിന്റേതായ വിറയലൊന്നും കൈയ്ക്കില്ല. എല്ലാം ചിട്ടയോടു കൂടിയാണ് എടുത്തു ഭക്ഷിക്കുന്നത്. തൂവെള്ള നിറവും തൂവെള്ള മുടിയും അമ്മച്ചിയുടെ അഴകിനൊരലങ്കാരമാണ്.

''കാനഡക്കാര്‍ അടുത്ത മാസം വരുന്നുണ്ട്. ഇല്ലേ. രാജേഷിന്റെ അനുജന്റെ മാര്യേജ് ആണെന്നു കേട്ടു.''

''ഉവ്വ്. രാജേഷും സ്മിമയും മോനും വരുന്നുണ്ട്. ഒന്നര മാസത്തെ ലീവിന്.''

അവര്‍ ഊണു കഴിഞ്ഞ് എഴുന്നേറ്റു.

അജയും മനോജും സ്വീകരണ മുറിയില്‍ സംസാരിച്ചിരുന്നു.

''നിന്നെ ചില കാര്യങ്ങളൊക്കെ ഏല്പിച്ചു പോവുകയാ. നിനക്കു ബുദ്ധിമുട്ട് ആകില്ലല്ലോ?''

''ഏയ് എനിക്കെന്തു ബുദ്ധിമുട്ട്. അതൊക്കെ എനിക്കു സന്തോഷമല്ലേ ഉള്ളൂ.''

''അമ്മച്ചിയെ അടുത്ത മാസം ഒന്നു ഡോക്ടറെ കാണിക്കണം. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.''

''ഓ.കെ.''

''ചാച്ചിയേം അടുത്ത മാസം ഹോസ്പിറ്റലില്‍ കൊണ്ടുപോകണം. അതിനു നിനക്കു സാധിക്കാതെ വന്നാലും സാരമില്ല. കോണ്‍വെന്റില്‍ നിന്നും കൊണ്ടു പൊയ്‌ക്കോളും.''

''ഇടയ്ക്ക് ഇവിടെ വന്ന് അമ്മച്ചിയുടെ കാര്യം ഒന്നു ശ്രദ്ധിച്ചേര്. നല്ലൊരു പെണ്‍കുട്ടിയെയാ സഹായത്തിനു കിട്ടിയിരിക്കുന്നതെന്നു ചാച്ചി പറഞ്ഞു. അവള്‍ നേഴ്‌സിംഗ് കഴിഞ്ഞതാ. എന്നാലും നമ്മുടെ ഒരു ശ്രദ്ധകൂടി വേണമല്ലോ. അതായിരിക്കുമല്ലോ അമ്മച്ചിക്കും സന്തോഷം.''

''യേസ് അങ്കിള്‍.''

''രണ്ടു ലക്ഷം രൂപ അക്കൗണ്ടിലുള്ള എ ടി എം കാര്‍ഡാ ഇത്. പിന്‍നമ്പര്‍ കുറിച്ചു തരാം. വീട്ടിലേക്കുള്ള സാധനങ്ങള്‍ പാപ്പച്ചന്‍ വാങ്ങിക്കോളും. പലചരക്കു കടക്കാരന്റെ പൈസ ഞാന്‍ വന്നിട്ടു കൊടുത്തോളാം. ഇലക്ട്രിസിറ്റി ബില്ലടയ്ക്കണം ഡ്രൈവര്‍ പാപച്ചനും അടുക്കളയിലെ ജാന്‍സിക്കും പൈസ കൊടുക്കണം. എല്ലാറ്റിനും കൂടി ഇതു തികയില്ലെന്നറിയാം. ബാക്കി അവിടെ നിന്ന് ഡേവിഡിനെക്കൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യിക്കാം.''

''ഓ.കെ. അങ്കിള്‍.''

''ഞങ്ങള്‍ തിരിച്ചു വരുന്നതിനു മുമ്പ് നിന്റെ കെട്ടു നടക്കുമോ?'' ഡെയ്‌സി ചിരിച്ചുകൊണ്ട് അവനോടു ചോദിച്ചു.

''മിക്കവാറും നടന്നേക്കും. നിങ്ങള്‍ അവിടെയിരുന്ന് ഓണ്‍ലൈനില്‍ കൂടിയാ മതി.''

അവന്റെ തമാശ കേട്ടു അവര്‍ ചിരിച്ചു.

''പഴയതെല്ലാം വിട്ടു കളയടാ. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമല്ലേ?''

''എനിക്കതിനിപ്പം അതേക്കുറിച്ചു ചിന്തയില്ല. യോജിച്ചു പോകില്ലെന്നു കണ്ടു പിന്‍മാറി. അതിന് ഞാന്‍ ആരേം കുറ്റപ്പെടുത്തുന്നില്ല. വിവാഹം കഴിഞ്ഞു ഡൈവോഴ്‌സിലേക്കു പോവുന്നതിലും നല്ലതല്ലേ.''

''അതു ശരിയാടാ.''

''എനിക്കു പറ്റിയ ജോലി ലഭിക്കുമ്പോള്‍ ഞാന്‍ ജോലിക്കു പോകും. എനിക്കു പറ്റിയ ആളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹിതനാവും.''

ഡെയ്‌സിയും മനോജും അവന്റെ വാക്കുകള്‍ കേട്ട് ആശ്വാസം കൊണ്ടു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org