പ്രകാശത്തിന്റെ മക്കള്‍ [07]

പ്രകാശത്തിന്റെ മക്കള്‍ [07]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 07]


മുമ്പ് മേരിക്കുട്ടിയുടെ വീടിനടുത്തായിരുന്നു ജെയിംസിന്റെ വീട്. വീടെന്നു പറയാന്‍ പറ്റില്ല. രണ്ടു കൂര. ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു ജെയിസിന്റെയും മേരിക്കുട്ടിയുടെയും കുടുംബം കഴിഞ്ഞിരുന്നത്.

കുട്ടികള്‍ ഇരുവരും ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. കൗമാരത്തില്‍ത്തന്നെ ജെയിംസ് ഏതു മരത്തിന്റെയും മുകളില്‍ കയറുമായിരുന്നു. മേരിക്കുട്ടിയുടെ ഹീറോ ജെയിംസായിരുന്നു.

ജെയിംസിന്റെയും മേരിക്കുട്ടിയുടെയും അപ്പന്മാര്‍ തടിവെട്ടുകാരായിരുന്നു.

അപ്പന്‍മാര്‍ തടിവെട്ടും കഴിഞ്ഞുവന്ന് ഷാപ്പിലെ അന്തിമോന്തി ഒന്നുകില്‍ ജെയിംസിന്റെ വീട്ടില്‍ അല്ലെങ്കില്‍ മേരിക്കുട്ടിയുടെ വീട്ടില്‍ വെടിവട്ടം നടത്തും.

വെടിവട്ടത്തിനിടയില്‍ ഇരുവരും മിക്കപ്പോഴും പറയുന്ന ഡയലോഗ് ഉണ്ട് - ''എന്റെ മേരിക്കുട്ടി നിന്റെ മോന്‍ ജെയിംസിനുള്ളതാടാ.'' ''എന്റെ ജെയിംസ് മോനേക്കൊണ്ട് നിന്റെ മകടെ കഴുത്തില്‍ താലി കെട്ടിക്കാമെടാ.''

കിഴക്കേല്‍ക്കാരുടെ പടുകൂറ്റന്‍ ആഞ്ഞിലിമരത്തില്‍ കയറി ജെയിംസ് ആനിക്കാവിള പറിച്ചു മടിക്കുത്തിലിടും. കുറേയൊക്കെ പറിച്ച് മേരിക്കുട്ടി പിടിക്കുന്ന തുണിയിലേക്ക് ഇട്ടുകൊടുക്കും.

തണലുറങ്ങുന്ന ആഞ്ഞിലിയുടെ ചോട്ടിലിരുന്ന് ഇരുവരും ആനിക്കാവിള പൊളിച്ചു പൊളിച്ചു തിന്നും.

പഠിക്കാന്‍ പിറകോട്ടായതുകൊണ്ട് രണ്ടുപേരും പത്തില്‍ തോറ്റു.

മഠത്തിലെ അടുക്കള ജോലിക്കു സഹായിക്കാന്‍ അമ്മയോടൊപ്പം മേരിക്കുട്ടി പോയി.

ജെയിംസ് അപ്പന്റെ കൂടെ തടിപ്പണിക്കുപോയി തുടങ്ങി.

ഇരുവര്‍ക്കും വിവാഹപ്രായം ആയപ്പോള്‍ രണ്ടുപേരെയും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു.

വിവാഹത്തിനുശേഷം മേരിക്കുട്ടിയും ജെയിംസും കോണ്‍വെന്റില്‍ നിന്നും നര്‍മ്മിച്ചു നല്കിയ വീട്ടിലേക്കു താമസം മാറ്റി.

മേരിക്കുട്ടിയും ജെയിംസും സ്‌നേഹത്തോടെ കഴിഞ്ഞുപോന്നു. സാധാരണ തടിപ്പണിക്കാര്‍ക്കുള്ള മദ്യപാനം ഭര്‍ത്താവിനില്ലാത്തതില്‍ മേരിക്കുട്ടി ആശ്വാസം കൊണ്ടു. അവള്‍ തികച്ചും സന്തോഷവതിയായിരുന്നു.

അവര്‍ക്കു രണ്ടു മക്കളുണ്ടായി സൗമ്യയും പ്രീതിയും.

ശ്രമിച്ചെങ്കില്‍ കുറേക്കൂടി പഠിക്കാമായിരുന്നു എന്ന ചിന്ത ഇടയ്ക്കിടെ ജെയിംസിലും മേരിക്കുട്ടിയിലും തികട്ടി വരും.

''നമ്മുടെ മക്കളെ നമുക്ക് ആവുന്നത്ര പഠിപ്പിക്കണം. നല്ല ജോലിക്കാരികളാക്കണം. എന്നിട്ടു നല്ല ജോലിയുള്ളവന്‍മാര്‍ക്ക് അവരെ കെട്ടിച്ചു കൊടുക്കണം.''

ഇടയ്ക്കിടെ ജെയിംസ് പറയുന്നതു കേട്ട് മേരി ക്കുട്ടി പുളകം കൊള്ളും. മക്കള്‍ രണ്ടുപേരും നാണത്തോടെ ചിരിക്കും.

മനുഷ്യന്റെ മോഹങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കണമോ എന്നതു ദൈവം തീരുമാനിക്കും.

അന്നൊരു ശനിയാഴ്ചയായിരുന്നു. മേരിക്കുട്ടി മഠത്തിലെ അടുക്കളയില്‍ തിരക്കിട്ടു പണിയിലായിരുന്നു. സഹായത്തിനു ജാനകിയുമുണ്ട്.

പിറ്റേന്ന് പ്രൊവിന്‍ഷ്യാളമ്മയുടെ സന്ദര്‍ശനം ഉണ്ടാവുമെന്നറിഞ്ഞു ചില വിഭവങ്ങള്‍ തയ്യാറാക്കി വയ്ക്കാനുള്ള ശ്രമകരമായ ജോലിയിലായിരുന്നു അവര്‍.

മദര്‍ അടുക്കളയിലേക്കു വന്നു. മദറിന്റെ മുഖം സംഘര്‍ഷ പൂര്‍ണ്ണമായിരുന്നു.

പാചകം എവിടെ വരെയായി എന്നറിയാനാണ് മദര്‍ ഊട്ടുപുരയിലേക്കു വന്നതെന്ന് മേരിക്കുട്ടിക്കു തോന്നി.

''അമ്മ അവിടെപ്പോയി സമാധാനമായിട്ട് ഇരുന്നോ? ഇവിടുത്തെ കാര്യങ്ങള്‍ ഞാനും ജാനകിയും കൂടി സമയത്തിനു റെഡിയാക്കിക്കോളാം.''

''നീ പുറത്തേക്കൊന്നു വന്നേ.''

മദര്‍ അവളുടെ കൈത്തണ്ടയില്‍ പിടിച്ചു.

''അയ്യോ. ഞാനിപ്പം വന്നാലെങ്ങനാ വേറെ ജോലി വല്ലതും ചെയ്യാനാണെങ്കീ അടുക്കളയിലെ ജോലി തീരട്ടെ.''

''അതല്ല. ഒരു അത്യാവശ്യകാര്യത്തിനാ.''

മദര്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അടുക്കളയില്‍ നിന്നും പുറത്തേക്കിറങ്ങി.

''എന്താ അമ്മേ?''

മദറിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവള്‍ കണ്ടു.

''ജെയിംസിന് അപകടം പറ്റിയെന്ന് ഫോണുണ്ടായിരുന്നു. നമുക്കു ഹോളി ഫാമിലി ഹോസ്പിറ്റല്‍ വരെ ഒന്നു പോകണം.''

അത്രയും പറഞ്ഞപ്പോഴേക്കും മദര്‍ കരഞ്ഞുപോയി.

''അമ്മ. എന്താണമ്മേ പറയണേ...''

മദറിനെ വിറയലോടെ പിടിച്ചവള്‍ കരഞ്ഞുകൊണ്ടു ചോദിച്ചു.

മേരിക്കുട്ടിയുടെ കണ്ണുകളില്‍ നിന്നും ചൂടു ലാവ പുറത്തേക്കു വന്നു. അവളെ വിറയ്ക്കാന്‍ തുടങ്ങി.

രണ്ടു സിസ്റ്റേഴ്‌സ് താങ്ങിപ്പിടിച്ചവളെ ജീപ്പില്‍ കയറ്റി. അവളോടൊപ്പം മദറും രണ്ടു സിസ്റ്റേഴ്‌സും ജീപ്പില്‍ കയറി.

ജീപ്പ് ഹോളിഫാമിലി ഹോസ്പിറ്റലിലേക്കു പാഞ്ഞു.

കരയാനുള്ള ശക്തിക്ഷയിച്ച് മേരിക്കുട്ടി മദറിന്റെ തോളിലേക്കു തലചായ്ച്ച് കിടന്നു.

കാഷ്വാലിറ്റിയിലെ ബെഡില്‍ നിശ്ചലമായി കിടക്കുന്ന പ്രിയതമന്റെ ശരീരത്തിലേക്ക് അവള്‍ വീണു.

അവളുടെ കരച്ചിലും പതം പറച്ചിലും കണ്ട് മറ്റുള്ളവര്‍ കണ്ണുകള്‍ തുടച്ചു.

വളരെ ഉയരമുള്ള ആഞ്ഞിലി മരത്തിന്റെ ശിഖരങ്ങള്‍ ഇറക്കാനാണ് ജെയിംസ് അതില്‍ കയറിയത്. വലിയ വണ്ണമുള്ള മരമായതുകൊണ്ട് അതിനു ധാരാളം ശിഖരങ്ങള്‍ ഉണ്ടായിരുന്നു.

താഴെ റബര്‍ മരങ്ങള്‍ ഉള്ളതുകൊണ്ട് ഓരോ കൊമ്പും ശ്രദ്ധയോടെ വെട്ടിതൂക്കി ഇടുകയായിരുന്നു.

രാവിലെ മരത്തില്‍ കയറിയിട്ടും രണ്ടു മൂന്നു മണിക്കൂര്‍ പണിതിട്ടും പണി പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അവസാന ശിഖരം വെട്ടിവിട്ടപ്പോള്‍ ശിഖരം തിരിഞ്ഞുവന്ന് ജെയിംസിന്റെ തലയിലടിച്ചു. ജെയിംസ് കൈവിട്ടു താഴേക്കു പോന്നു. താഴെ വീണതേ ആള്‍ പോയി.

അപ്പോള്‍ത്തന്നെ തടിക്കച്ചവടക്കാരനും മറ്റു പണിക്കാരും കൂടി അയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ ശരീരത്തില്‍ ജീവനുണ്ടായിരുന്നില്ല.

മദര്‍, ജെസീന്ത സിസ്റ്ററെ കൈ കാട്ടി അടുത്തേക്കു വിളിച്ചു.

''മേരിക്കുട്ടിയുടെ വീട്ടില്‍ച്ചെന്ന് പിള്ളേരെ മഠത്തിലേക്കു കൂട്ടിക്കൊണ്ടു പൊയ്‌ക്കൊ അവരെ സാവധാനം അറിയിച്ചാ മതി.''

''ശരി. മദര്‍.''

ജസീന്ത സിസ്റ്ററും മറ്റൊരു സിസ്റ്ററും കൂടി അപ്പോള്‍ത്തന്നെ മേരിക്കുട്ടിയുടെ വീട്ടിലേക്കുപോയി.

ആശുപത്രിയിലെ നടപടിക്രമവും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞു ബോഡി വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നു.

കുട്ടികളില്‍നിന്നും മരണവാര്‍ത്ത മൂടിവച്ചെങ്കിലും സിസ്റ്റേഴ്‌സിന്റെ പെരുമാറ്റത്തിലെ കരുതലും സ്‌നേഹക്കൂടുതലും സൗമ്യയില്‍ ഞെട്ടലുണ്ടാക്കി.

പപ്പയ്ക്കു ചെറിയ പരിക്കു പറ്റിയെന്നേ അവള്‍ അറിഞ്ഞിരുന്നുള്ളൂ.

എല്ലാവരുടെയും മുഖത്തെ ഭാവം അവളെ ദുഃഖിതയാക്കി. അവള്‍ അനുജത്തിയെ ചേര്‍ത്തുപിടിച്ച് ദുഃഖം കടിച്ചമര്‍ത്തി.

ബോഡി വീട്ടിലെത്തിച്ചപ്പോഴേക്കും അയല്‍ക്കാര്‍ ചേര്‍ന്നു മുറ്റത്തൊരു ചെറിയപന്തല്‍ തയ്യാറാക്കി.

മദര്‍ കുട്ടികളെ കൂട്ടിക്കൊണ്ടു വീട്ടിലേക്കു നടന്നു. ''പപ്പ നമ്മളെ വിട്ടുപോയി. ആ വാര്‍ത്ത എങ്ങനെ നിങ്ങളെ അറിയിക്കും എന്ന സങ്കടത്തിലായിരുന്നു ഞങ്ങള്‍. നിങ്ങള്‍ കഴിയുന്നത്ര പിടിച്ചു നിന്ന് മമ്മിക്കു ശക്തികൊടുക്കണം.''

മദര്‍ അത്രയും പറഞ്ഞപ്പോഴേക്കും കുട്ടികള്‍ വാവിട്ടു കരഞ്ഞു.

ദൂരെനിന്ന് ആരും വരാനില്ലാത്തതുകൊണ്ട് ജെയിംസിന്റെ ശവസംസ്‌ക്കാരം അന്നുതന്നെ നടത്തി.

ഇരുട്ടു വന്നു മൂടിയ സിമിത്തേരിയില്‍ നിന്നും ആളുകള്‍ പിരിഞ്ഞു പോയിട്ടും. മേരിക്കുട്ടിയും മക്കളും തേങ്ങലോടെ കുഴിമാടത്തിനരികില്‍ നിന്നു.

കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിയ അവരെ മദറും മറ്റു സിസ്‌റ്റേഴ്‌സും താങ്ങിപ്പിടിച്ച് മഠത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

പിന്നീട് ജീവിതത്തോട് ഒരു വാശിയായിരുന്നു മേരിക്കുട്ടിക്ക്. മഠത്തിലെ ജോലിയോടൊപ്പം രാത്രിയില്‍ വീട്ടിലിരുന്നവള്‍ തയ്യല്‍ ജോലിയും ചെയ്തുപോന്നു. അങ്ങനെ കഷ്ടപ്പെട്ട് അവള്‍ മക്കളെ പഠിപ്പിച്ചു.

ഇന്ന് ജെയിംസിന്റെ ചരമവാര്‍ഷികമാണ്. കുര്‍ബാനയ്ക്കും ഒപ്പീസിനുമുള്ള രൂപ മേരിക്കുട്ടി അച്ചനെ ഏല്പിച്ചിരുന്നു.

കുര്‍ബാന കഴിഞ്ഞ് മേരിക്കുട്ടിയും മക്കളും സിമിത്തേരിയിലേക്കുപോയി. മേരിക്കുട്ടി തിരികള്‍ കത്തിച്ചു. കുട്ടികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന റോസാപ്പൂക്കള്‍ കുഴിമാടത്തില്‍ വച്ചു.

അച്ചന്‍ ഒപ്പീസിനായി വന്നു. ഭക്തസംഘടനകളിലെ അംഗങ്ങളായി മൂന്നു പേരും പ്രവര്‍ത്തിക്കുന്നതുകൊണ്ട് അച്ചന് അവര്‍ സുപരിചിതരായിരുന്നു.

മൂവരും അച്ചനു സ്തുതിചൊല്ലി.

അച്ചന്‍ ഒപ്പീസ് ആരംഭിച്ചു.

ഒപ്പീസ് തീര്‍ന്നപ്പോഴേക്കും മൂന്നു പേരുടെയും കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകിയിറങ്ങി.

ജെയിംസിന്റെ മരണശേഷം ചില വിവാഹാലോചനകള്‍ മേരിക്കുട്ടിക്കു വന്നു. കുട്ടികളെ സന്തം മക്കളെപ്പോലെ വളര്‍ത്തിക്കോളാം എന്ന വ്യവസ്ഥയോടെ.

മേരിക്കുട്ടി ഒന്നിനും സമ്മതം മൂളിയില്ല. തന്റെ ശരീരം മാത്രമല്ല മക്കളുടെ ശരീരവും പ്രതീക്ഷിച്ചായിരിക്കും വരുന്നവര്‍ സ്‌നേഹം കാണിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേചനശക്തി അവള്‍ക്കുണ്ടായിരുന്നു.

''നമുക്ക് ആണ്‍തുണയില്ല എന്ന കാര്യം ഓര്‍മ്മയിലുണ്ടാകണം. ഒരാണുങ്ങളോടും തറുതല പറയാന്‍ നിക്കരുത്. കമന്റടിക്കുന്നതു കണ്ടില്ല കേട്ടില്ല എന്നു വച്ചേക്കണം. കൂടുതല്‍ ശല്യത്തിന് ആരെങ്കിലും വന്നാല്‍ മമ്മിയോടു പറയണം. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.''

മക്കള്‍ തിരിച്ചറിവായപ്പോള്‍ മേരിക്കുട്ടി പഠിപ്പിച്ചു കൊടുത്ത പാഠങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത്.

''മമ്മി ഇന്നു മഠത്തില്‍ പോകുന്നുണ്ടോ?'' സിമിത്തേരിയില്‍ നിന്നും വന്ന് കാപ്പി കഴിക്കുന്നതിനിടെ പ്രീതി ചോദിച്ചു.

''ഇന്നു പോണില്ല മോളെ. പപ്പയുടെ ആണ്ടിന് ഒന്നും ചെയ്യാനുള്ള ഉണ്‍മേഷം കിട്ടില്ല. നാളെയേ മഠത്തിലേക്കു ചെല്ലൂ എന്നു പറഞ്ഞിട്ടുണ്ട് മദറിനോട്.''

''നീ ഇന്ന് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോവുന്നുണ്ടോ?''

മേരിക്കുട്ടി സൗമ്യയോടു ചോദിച്ചു.

''എന്താ വേണ്ടതെന്നു മമ്മി പറ. ബെന്നറ്റ് മദര്‍ പറഞ്ഞിടത്തേക്ക് എന്നാ ചെല്ലേണ്ടതെന്ന് അറിയില്ലല്ലോ.''

''ഇന്നു നീ ചെല്ല്. അവരുടെ ഫീസും കൊടുത്തിട്ട് നാളെ മുതല്‍ വരില്ലെന്നു പറഞ്ഞിട്ടു പോരേ.'' ബെന്നറ്റ് മദര്‍ ഉടനെ വിളിക്കുവായിരിക്കും.

''അങ്ങനെയാകാം മമ്മി.''

''കുറെ തയ്യല്‍ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. നാളെ നിനക്കതു ചെയ്യാമോ?''

''ചെയ്യാം മമ്മി.''

''ബെന്നറ്റ് മദര്‍ ഒത്തിരി ഉപകാരങ്ങള്‍ നമുക്കു ചെയ്തു തന്നിട്ടുള്ളതാ. ഈ മഠവും മഠത്തിലെ സിസ്റ്റേഴ്‌സും ഇല്ലായിരുന്നെങ്കീ ഞാന്‍ തകര്‍ന്നു പോയേനെ. മേരിക്കുട്ടി ഒന്നു വിതുമ്പി.

''നിങ്ങള്‍ എങ്ങനെയാ വളര്‍ന്നു വന്നതെന്നു ഞാന്‍ പോലും അറിഞ്ഞില്ല. അത്രയ്ക്കു കരുതലായിരുന്നു അവര്‍ക്ക്. ഒന്നും മറക്കാന്‍ പറ്റില്ല.''

''അവര്‍ ചെറിയ കാര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമുക്ക് ഇങ്ങനെയേ നന്ദി പ്രകടിപ്പിക്കാന്‍ പറ്റൂ.''

''അറിയാം മമ്മി. ഞങ്ങളുടെ മനസ്സില്‍ ആ ഓര്‍മ്മ എന്നുമുണ്ടാവും.''

''ആരും എന്റെ മക്കളേക്കുറിച്ച് ഒരു മോശം വര്‍ത്തമാനവും പറയിക്കാതെ നോക്കണം. ചീത്തപ്പേരു വീണാല്‍ അതു ജീവിതാവസാനം വരെ മാത്രമല്ല, തെറ്റു ചെയ്തുകഴിയുമ്പോള്‍ നമ്മുടെ മനസ്സ് നമ്മളെ കുറ്റപ്പടുത്തും. അതു ജീവിതത്തിലെ സന്തോഷം കെടുത്തും.''

''അമ്മയെങ്ങനെയാ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പഠിച്ചത്.'' പ്രീതി ചിരിച്ചുകൊണ്ടു തിരക്കി.

''മമ്മിക്കു കോണ്‍വെന്റിലല്ലേടി ജോലി. എത്ര വര്‍ഷമായി മമ്മി കുര്‍ബാന കാണുന്നു. പ്രസംഗം കേള്‍ക്കുന്നു. ഇല്ലേ മമ്മി.'' സൗമ്യ സ്‌നേഹത്തോടെ അമ്മയുടെ കൈപിടിച്ചു ചോദിച്ചു.

''കളിയാക്കണ്ട. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യമെന്നു ഞാന്‍ പത്തില്‍ പഠിച്ചിട്ടുണ്ട്.''

മൂവരും ചിരിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org