പ്രകാശത്തിന്റെ മക്കള്‍ [06]

പ്രകാശത്തിന്റെ മക്കള്‍ [06]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 06]

അന്നു സായാഹ്നത്തില്‍ സിസ്റ്റര്‍ ബെന്നറ്റ് നടക്കാനിറങ്ങി.

ഈയിടെ മഠത്തിന്റെ കോമ്പൗണ്ടില്‍ തന്നെയാണ് നടപ്പ്. ഒന്നു രണ്ടു റൗണ്ട് നടന്നു കഴിയുമ്പോഴേക്കും കാലിനു വേദന അനുഭവപ്പെടും. അപ്പോള്‍ നടപ്പു നിര്‍ത്തി വിശ്രമിക്കും.

മിക്കപ്പോഴും നടക്കാനിറങ്ങുമ്പോള്‍ ആരെയെങ്കിലും കൂട്ടുവിളിക്കും.

അന്നു തനിയെ നടക്കാനിറങ്ങിയതില്‍ ഒരു ഉദ്ദേശ്യമുണ്ട്. മേരിക്കുട്ടിയുടെ വീട്ടിലൊന്നു കയറണം. മേരിക്കുട്ടിയുടെ മകള്‍ സൗമ്യയെ ചേച്ചിക്കു കൂട്ടായി ആറുമാസം കിട്ടുമോ എന്നറിയണം.

കോണ്‍വെന്റ് കോമ്പൗണ്ടിന്റെ ഇടതുവശത്തുകൂടി പിന്നിലേക്കു പോകുന്ന വീതികുറഞ്ഞ ചെമ്മണ്‍ പാതയിലേക്ക് സി. ബെന്നറ്റ് ഇറങ്ങി.

നിഴല്‍ വീണുറങ്ങുന്ന പാതയിലൂടെ അവര്‍ മല്ലെ നടന്നു. ഈ വഴിക്ക് ഓട്ടോയും ബൈക്കും മാത്രം പോകും. കൂടുതലും ഈ വഴി പോകുന്നത് കാല്‍നടയാത്രക്കാരാണ്.

റോഡ് ചെന്നവസാനിക്കുന്നിടത്ത് അവിടവിടെ ചെറുഭവനങ്ങള്‍ കാണാം. എല്ലാം പാവങ്ങള്‍ക്കായി കോണ്‍വെന്റില്‍ നിന്നും നിര്‍മ്മിച്ചു നല്കിയവയാണ്. മേരിക്കുട്ടിയുടെ ഭവനവും അത്തരത്തിലൊന്നാണ്.

മേരിക്കുട്ടിയുടെ ഭര്‍ത്താവ് ജെയിംസ് നല്ല മരം വെട്ടുകാരനായിരുന്നു. ജെയിംസ് മരത്തില്‍ നിന്നും വീണു മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി.

കോണ്‍വെന്റിലെ അടുക്കള ജോലിക്കാരില്‍ ഒരാളാണ് മേരിക്കുട്ടി. മേരിക്കുട്ടിയുടെ മക്കളാണ് സൗമ്യയും പ്രീതിയും. സൗമ്യ ജനറല്‍ നേഴ്‌സിംഗ് കഴിഞ്ഞതേ ഉള്ളൂ. പ്രീതി ഡിഗ്രിക്കു ചേര്‍ന്നു.

സുന്ദരിയായ സൗമ്യയ്ക്കു പല വിവാഹാലോചനകളും വന്നു. സ്ത്രീധനമൊന്നും ഇല്ലാതെ കല്യാണം കഴിച്ചോളാം എന്നു പറഞ്ഞവരുണ്ട്. സൗമ്യ ഒന്നിനും പച്ചക്കൊടി കാണിച്ചില്ല. എങ്ങനെയും കുടുംബത്തെ കരകയറ്റിയിട്ടേ വിവാഹമുള്ളൂ എന്ന തീരുമാനത്തിലാണവള്‍.

പള്ളിയിലെയും മഠത്തിലെയും ഭക്തകാര്യങ്ങള്‍ക്കും മൂവരും മുന്നില്‍ത്തന്നെയുണ്ട്. അതുകൊണ്ട് വികാരിയച്ചനും സിസ്റ്റേഴ്‌സിനും ആ കുടുംബത്തെ ഇഷ്ടമാണ്.

മേരിക്കുട്ടിയുടെ വീടിന്റെ വരാന്തയിലെത്തിയപ്പോഴേക്കും സി. ബെന്നറ്റ് അവശതയിലായി. അവര്‍ കിതച്ചുകൊണ്ട് വരാന്തയിലിരുന്നു. അകത്തുനിന്നും ടി വി യിലെ വാര്‍ത്ത കേള്‍ക്കാം.

'എല്ലാവരും ടി വി ക്കു മുന്നിലാണെന്നു തോന്നുന്നു.' കിതപ്പടങ്ങിയപ്പോള്‍ സി. ബെന്നറ്റ് ''മേരിക്കുട്ടിയേ...'' എന്നു വിളിച്ചു.

മേരിക്കുട്ടി പെട്ടെന്നു പുറത്തേക്കു വന്നപ്പോള്‍ കണ്ടത് വരാന്തയില്‍ കുത്തിയിരുന്നു കിതയ്ക്കുന്ന മദര്‍ ബെന്നറ്റിനെയാണ്.

''ഇതെന്താ, മദറെ ഈ സമയത്ത്.'' അവര്‍ അങ്കലാപ്പോടെ ചോദിച്ച് മദറിന്റെ കൈയില്‍പ്പിടിച്ചു. അപ്പോഴേക്കും സൗമ്യയും പ്രീതിയും പുറത്തേക്കുവന്നു.

സൗമ്യയും മേരിക്കുട്ടിയും കൂടി മദറെ പിടിച്ചെഴുന്നേല്പിച്ചു കസേരയിലിരുത്തി.

ആവശ്യപ്പെടാതെ തന്നെ സൗമ്യ ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്നു മദറിനു കൊടുത്തു.

സി. ബെന്നറ്റ് വെള്ളം വാങ്ങിക്കുടിച്ച് കൃതജ്ഞത യോടെ സൗമ്യയെ നോക്കിചിരി തൂകി.

''അമ്മയെന്താ നടക്കാനിറങ്ങിയതാര്‍ന്നോ ഇന്നെന്താ ഒറ്റയ്ക്ക്.'' മേരിക്കുട്ടി ചോദിച്ചു.

''നിന്റെ വീട്ടിലൊന്നു വരണമെന്നു തോന്നി. ഇന്നാ തരപ്പെട്ടത്.''

''എങ്കില്‍ എന്നോടു പറഞ്ഞിരുന്നെങ്കീ ഞാന്‍ മഠത്തില്‍ നിന്നും പോന്നപ്പോള്‍ കൂട്ടിക്കൊണ്ടു വന്നേനല്ലോ. ഈ പറ്റില്ലാത്ത പ്രായത്തില്‍ തനിയെ നടക്കരുത്. വല്ലതും പറ്റിയാല്‍ ആരാണറിയുന്നത്.''

''എടീ ഞാനൊരു മണ്ടത്തരം കാണിച്ചു. മഠത്തില്‍ ആരോടും പറയാതെയാ ഇങ്ങോട്ടു പോന്നത്. നീയാ ഫോണെടുത്ത് മദറിനെ ഒന്നു വിളിച്ചേ.''

''എന്റെ അമ്മേ.''

മേരിക്കുട്ടി ഫോണെടുത്ത് മദറിന്റെ നമ്പറിലേക്കു വിളിച്ചു.

''ബെല്ലടിക്കുന്നുണ്ട്.''

ഫോണ്‍ മേരിക്കുട്ടി സി. ബെന്നറ്റിനു കൊടുത്തു.

''മദറെ ഞാന്‍ നടക്കാനിറങ്ങിയപ്പം മേരിക്കുട്ടിയുടെ വീടുവരെ വന്നു. ഇത്തിരി കഴിഞ്ഞ് അങ്ങ് എത്തിക്കോളാം.''

''ശരി അമ്മേ. ഞങ്ങള്‍ കാണാത്ത കൊണ്ട് അല്പം ടെന്‍ഷനടിച്ചു. അമ്മ ഫോണ്‍ മേരിക്കുട്ടിക്കു കൊടുത്തേ.''

സി. ബെന്നറ്റ് ഫോണ്‍ മേരിക്കുട്ടിക്കു കൈമാറി.

''മേരിക്കുട്ടി, അമ്മയെ തനിച്ചു വിടണ്ട. ഇവിടെ കൊണ്ടാക്കിയിട്ടു പോണേ.''

''അങ്ങനെ ചെയ്യാം മദറെ.''

മേരിക്കുട്ടി അമ്മയെ നോക്കി ചിരിച്ചു. ബെന്നറ്റും കുട്ടികളും ചിരിച്ചു.

''മോളുടെ പഠനം എങ്ങനെ? നന്നായി പോകുന്നുണ്ടല്ലോ?''

സി. ബെന്നറ്റ് പ്രീതിയോടു ചോദിച്ചു.

''ഉവ്വ് മദറെ. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്.''

''സൗമ്യയുടെ കോഴ്‌സ് കഴിഞ്ഞല്ലോ ഇനിയെന്താ പ്ലാന്‍.''

''ഞാന്‍ ഇനി ഐ ഇ എല്‍ ടി എസ്സിനു ചേരും അതിനുമുമ്പ് ഇപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോകുന്നുണ്ട്.''

''ഏതു രാജ്യത്തേക്കു ജോലിക്കു പോകാനാ താല്പര്യം.''

''അങ്ങനെയൊന്നുമില്ല മദറെ. ഒത്തിരി പൈസ മുടക്കില്ലാതെ ജോലി കിട്ടുന്ന രാജ്യത്തുപോകണം.'' സൗമ്യ ചിരിച്ചു കൊണ്ടു പറഞ്ഞു. കൂടെ മദറും ചിരിച്ചു.

''സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഇപ്പോ പഠിക്കുന്നിടത്തു തന്നെ പോകണമെന്നുണ്ടോ. ഞാന്‍ നിന്നെ നന്നായി സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന നല്ലൊരു ചേച്ചിയുടെ അടുത്തു വിടട്ടെ.''

''മദര്‍ പറയുന്ന എവിടെയും ഞാന്‍ പഠിച്ചോളാം. എനിക്കിവിടെത്തന്നെ പഠിക്കണമെന്നൊന്നുമില്ല. എവിടെയാ മദറെ ടീച്ചറുള്ളത്.''

''ടീച്ചര്‍ ഇനിയും സമ്മതം മൂളിയിട്ടില്ല. എന്നാലും ഞാന്‍ പറഞ്ഞാ കേക്കും. നിന്നെ മാത്രമേ പഠിപ്പിക്കൂ എന്നു മാത്രം. ടീച്ചറിന് പ്രായം തൊണ്ണൂറാകാന്‍ പോകുന്നു.'' മദര്‍ പറഞ്ഞു ചിരിച്ചു.

മേരിക്കുട്ടിയുടെയും മക്കളുടെയും മുഖത്തെ പ്രകാശം കെട്ടു.

''അമ്മ കളി പറയുന്നതാ...'' സൗമ്യ പറഞ്ഞു.

''അല്ല മോളെ. നേരു പറഞ്ഞതാ. എന്റെ ചേച്ചിയാ ആള് ഇംഗ്ലീഷ് സാഹിത്യം അരച്ചു കലക്കി കുടിച്ചിട്ടുള്ള ആളാ. അവള് പഴയ ഇംഗ്ലീഷ് ഡിഗ്രിക്കാരിയാ. ഇപ്പോഴും നല്ല ഓര്‍മ്മശക്തിയാ.''

മേരിക്കുട്ടിയുടെയും മക്കളുടെയും മുഖത്ത് പ്രകാശം പരന്നു.

''ഞാന്‍ പോകാം മദറെ കേട്ടപ്പം തന്നെ എനിക്ക് ഉത്സാഹം തോന്നുന്നു.''

''പക്ഷേ, നീ അവിടെ താമസിക്കേണ്ടി വരുമല്ലോ?''

മേരിക്കുട്ടിയുടെയും മക്കളുടെയും മുഖത്ത് ഇരുട്ടുപരന്നു.

''മേരിക്കുട്ടീ, നീ എന്നെ എത്രയോ നാളായി അറിയുന്നു. ഞാന്‍ നിനക്കോ കുട്ടികള്‍ക്കോ ദോഷം വരുന്ന ഒന്നും ചെയ്യില്ല. ഞാനിപ്പം വന്ന കാര്യം വ്യക്തമായി പറയാം.

എന്റെ ചേച്ചിയുടെ കൂടെ താമസിക്കുന്ന മകനും ഭാര്യയും ആറു മാസത്തേക്ക് ലണ്ടനു പോവുകയാ. അവരുടെ മകന്റെ ഭാര്യ ഗര്‍ഭിണിയാ ആ പെണ്‍കുട്ടിക്കാണങ്കീ അമ്മയുമില്ല. അപ്പോ അതിന്റെയടുത്തേക്ക് ഇവരെ പറഞ്ഞയയ്ക്കുന്നത് എന്റെ ചേച്ചി തന്നെയാ.

ചേച്ചിക്കു നടക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടെന്നേ ഉള്ളൂ. അവിടെ അടുക്കള ജോലിക്കാരിയുണ്ട്. പിന്നെ ഔട്ട്ഹൗസില്‍ പ്രായം ചെന്ന ഡ്രൈവറും. അവിടെ സി സി ടി വി ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല. ചേച്ചിക്കു മരുന്നെടുത്തു കൊടുക്കണം. ഭക്ഷണം തനിയെ കഴിച്ചോളും. ബാത്‌റൂമില്‍ പോകാന്‍ നേരത്ത് ഒന്നു കൈയില്‍ പിടിക്കണം. അത്രേയ വേണ്ടൂ. ഇനി പോയിട്ട് എന്തെങ്കിലും ഇഷ്ടക്കുറവു തോന്നിയാല്‍ അപ്പോത്തന്നെ തിരിച്ചുപോര്. എനിക്കു യാതൊരു നീരസവും നിന്നോടു തോന്നില്ല.

മേരിക്കുട്ടീ, ഞാന്‍ വല്ലാത്ത സങ്കോചത്തോടെയാ നിന്റെ അടുത്തു വന്നത്. നിന്റെ മോളെ ഞാന്‍ ഹോം നേഴ്‌സായി വിടാമോ എന്നു ചോദിക്കാന്‍ വന്നതാണെന്നു നിനക്കു തോന്നുമോ?

''എന്റെ അമ്മേ, അമ്മ എനിക്കും എന്റെ മക്കള്‍ക്കും വേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നു. അമ്മ ഇത്രയും വിശദീകരിക്കണോ. ഒന്നു ഫോണ്‍ ചെയ്ത് സൗമ്യയെ കുറച്ചു ദിവസത്തേക്കുവിടാന്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കില്ലേ. എന്റെ മോളെ ഹോം നേഴ്‌സായി വിടാന്‍ ഞാന്‍ തയ്യാറായാലും അമ്മ സമ്മതിക്കില്ലെന്ന് എനിക്കറിയാം. വേറെ ആരുടെ അടുത്തുമല്ലല്ലോ അമ്മയുടെ ചേച്ചിയുടെ അടുത്തല്ലേ.'' മേരിക്കുട്ടിയുടെ വാക്കുകള്‍ സി. ബെന്നറ്റിന്റെ ഉള്ളം തളിര്‍ത്തു. അവരുടെ മുഖത്ത് പ്രകാശം പരന്നു.

''ഞാന്‍ ചേച്ചിയോട് പറഞ്ഞേക്കാം നിന്നോട് ഇംഗ്ലീഷില്‍ മാത്രമേ സംസാരിക്കാവൂ എന്ന്.''

''എന്റെ പൊന്ന് അമ്മേ ചതിച്ചേക്കല്ലേ...'' എല്ലാവരും ചിരിച്ചു.

''ഇനി ഞാന്‍ മടങ്ങാം. അവരു പോകുന്നതിന്റെ തലേന്ന് നമുക്കെല്ലാവര്‍ക്കും കൂടി അവിടെ പോകാം.'' സി. ബെന്നറ്റ് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.

''തിരിച്ചു പോരുമ്പോഴേക്കും ഇരുട്ടു വീഴും ഞാനൊരു ടോര്‍ച്ചെടുത്തു വരാം.''

മേരിക്കുട്ടി അകത്തുപോയി ടോര്‍ച്ചുമായി വന്നു. മേരിക്കുട്ടിയുടെ കൈപിടിച്ച് സി. ബെന്നറ്റ് പുറത്തേക്കിറങ്ങി.

''ഗുഡ്‌നൈറ്റ് മക്കളെ...''

''ഗുഡ്‌നൈറ്റ് മദര്‍.''കുട്ടികള്‍ തിരിച്ചു പറഞ്ഞു.

സമയം എത്രയായി. സി. ബെന്നറ്റ് ചോദിച്ചു.

''ആറര ആയതേ ഉള്ളൂ.''

''ഈ വഴിയുടെ രണ്ടു സൈഡിലും മരങ്ങള്‍ നില്‍ക്കുന്നതുകൊണ്ട് ഇവടെ പെട്ടെന്ന് ഇരുട്ടുവ്യാപിക്കും.''

''അതു ശരിയാ. ഇന്നു മഴക്കാറും കൂടി ഉണ്ടെന്നു തോന്നുന്നു.''

''നീ സൊസൈറ്റിയില്‍ ഇട്ടിരുന്ന കാശു വല്ലതും അടുത്തനാളില്‍ കിട്ടുവോടീ...''

''നുള്ളി പെറുക്കി ഇട്ടതല്ലേ അമ്മേ. രണ്ടു ലക്ഷം രൂപയുണ്ട്. സൗമയുടെ ആവശ്യത്തിന് എടുക്കാമെന്നു കരുതി ഇട്ടതല്ലേ. സൊസൈറ്റി പൊട്ടിപ്പോവുമെന്ന് ആരറിഞ്ഞു.''

''സര്‍ക്കാര്‍ അഞ്ചുലക്ഷത്തിനുവരെ ഗാരന്റിയുണ്ടെന്നു പറയുന്നു. കിട്ടുവാരിക്കുമെടി.''

''കിട്ടിയാ മതിയാര്‍ന്നു. എന്നേക്കഴിഞ്ഞും കടായിട്ടുള്ളവര്‍ എത്രയോ പേരുണ്ട്, പൈസ പോയവര്‍.''

അവരുടെ വരവും കാത്ത് സിസ്റ്റേഴ്‌സില്‍ ചിലര്‍ കോണ്‍വെന്റിന്റെ വരാന്തയിലുണ്ടായിരുന്നു.

വരാന്തയിലേക്കു കയറി അവരെ നോക്കി ബെന്നറ്റ് നന്നായൊന്നു ചിരിച്ചു. പിന്നെ അവരോട് സോറി എന്നു പറഞ്ഞു. അവരും നന്നായി ചിരിച്ചു.

ആ ചിരിയില്‍ മേരിക്കുട്ടിയും പങ്കുചേര്‍ന്നു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org