പ്രകാശത്തിന്റെ മക്കള്‍ [05]

പ്രകാശത്തിന്റെ മക്കള്‍ [05]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 05]

മനോജ് എത്തുമ്പോഴേക്കും സിസ്റ്റര്‍ ബെന്നറ്റ് തയ്യാറായി നിന്നു - ഹോസ്പിറ്റലില്‍ ചെക്കപ്പനു പോകാന്‍.

കോണ്‍വെന്റിലെ വാഹനത്തില്‍ പോകാനുള്ള സൗകര്യമുണ്ടായിട്ടും അവര്‍ ചേച്ചിയുടെ മകന്റെ വാഹനത്തില്‍ പോകുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു.

സിസ്റ്റര്‍ ബെന്നറ്റിന് ഒരു സഹോദരനും സഹോദരിയും. സഹോദരനായിരുന്നു കുടുംബത്തിലെ മൂത്ത ആള്‍. പത്തുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മക്കളും സഹോദരിയുടെ മക്കളും ബെന്നറ്റിനെ വളരെയധികം ഇഷ്ടപ്പെടുകയും സ്‌നേഹിക്കുയും ചെയ്യുന്നു. പേര മക്കളുമായും ബെന്നറ്റ് നല്ല അടുപ്പത്തിലാണ്.

ബെന്നറ്റിനൊപ്പം പോകാനായി സിസ്റ്റര്‍ ഗ്രെയ്‌സും തയ്യാറായി.

''സിസ്റ്റര്‍ വരണമെന്നില്ല. മനോജ് കൂടെയുണ്ടല്ലോ.''

ബെന്നറ്റ് ചിരിച്ചുകൊണ്ട് ഗ്രെയ്‌സിനെ നോക്കി.

''അതു സാരമില്ല മദര്‍. ഞാന്‍ കൂടെ പോരാം. എനിക്കിന്നു പ്രത്യേക ജോലിയൊന്നുമില്ല.''

''ആയിക്കോട്ടെ.'' ബെന്നറ്റ് പുഞ്ചിരിയോടെ സമ്മതിച്ചു.

മനോജിനെ മഠത്തിലെ സിസ്റ്റേഴ്‌സ് ഹൃദ്യമായി സ്വീകരിച്ചു. പലപ്പോഴും ചാച്ചിയെ കാണാനായി മനോജ് അവിടെ വരുന്നുണ്ടായിരുന്നു. അങ്ങനെ അവര്‍ക്കെല്ലാം സുപരിചിതനാണ് മനോജ്.

ഹൃദ്യവും എളിമ നിറഞ്ഞതുമായ മനോജിന്റെ പെരുമാറ്റം ഏവര്‍ക്കും ഇഷ്ടപ്പെടും.

മനോജ് സ്വീകരണമുറിയില്‍ സിസ്റ്റേഴ്‌സുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സിസ്റ്റര്‍ തെരേസ് കാപ്പിയും പലഹാരങ്ങളുമായി വന്നു.

അയാള്‍ ചിരിച്ചുകൊണ്ട് കാപ്പിമാത്രം എടുത്തു ''ഞാന്‍ വീട്ടില്‍ നിന്നും കാപ്പി കഴിഞ്ഞാ പോന്നത്.''

സാമാന്യത്തിലധികം ഉയരവും വണ്ണവുമുള്ള ബെന്നറ്റിനെ കോളജിലെ കുട്ടികള്‍ അനുസരിച്ചതില്‍ അതിശയോക്തിയില്ലെന്നു മനോജിനു തോന്നി.

ദൃഢവും മുഴക്കമുള്ളതുമായ ചാച്ചിയുടെ ശബ്ദം ആജ്ഞാശക്തി വിളിച്ചോതുന്നു. പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്ന വ്യക്തിയാണ് ചാച്ചിയെന്ന് മനോജിനു മുമ്പേ മനസ്സിലായിരുന്നു.

''ഞാന്‍ മനോജിനൊപ്പം ഫ്രണ്ട് സീറ്റില്‍ കയറിക്കോട്ടെ.'' കാറില്‍ കയറാന്‍ നേരത്ത് സിസ്റ്റര്‍ ഗ്രെയ്‌സിനെ നോക്കി ബെന്നറ്റ് ചോദിച്ചു.

''ആയിക്കോട്ടെ മദര്‍.'' സിസ്റ്റര്‍ ഗ്രെയ്‌സ് പുഞ്ചിരിയോടെ പ്രതിവചിച്ചു. സി. ഗ്രെയ്‌സ് കോണ്‍വെന്റ് വക സ്‌കൂളിലെ അധ്യാപികയാണ്.

''ചേച്ചിയെ വിളിച്ചപ്പോ നിങ്ങള്‍ ലണ്ടനു പോകുന്ന കാര്യത്തേക്കുറിച്ചു പറഞ്ഞിരുന്നു. യാത്രയുടെ ഒരുക്കങ്ങളൊക്കെ ആയോ?''

ബെന്നറ്റ് കാറില്‍വച്ച് മനോജിനോടു ചോദിച്ചു. ''എല്ലാം റെഡിയായി വരുന്നു ചാച്ചി. അമ്മച്ചിക്ക് ലിസ്സിച്ചേച്ചിയുടെ അടുത്തോ ജോര്‍ജുകുട്ടിച്ചേട്ടന്റെ അടുത്തോ പോയി നില്‍ക്കുന്നിലും താല്പര്യം വീട്ടില്‍ത്തന്നെ നില്‍ക്കുന്നതാ. അവര്‍ക്കിപ്പം ഇവിടെ വന്നു നില്‍ക്കുക എന്നു പറഞ്ഞാല്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടല്ലോ.''

ബെന്നറ്റ് അവനെ നോക്കി പുഞ്ചിരി തൂകി. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് എന്ന ഭാവം ഉണ്ടായിരുന്നു ആ ചിരിയില്‍.

''എനിക്കു ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടല്ലോ. ഇല്ലെങ്കീ ഞാന്‍ വന്ന് ചേച്ചിയുടെ അടുത്ത് കുറച്ചുദിവസം നിന്നേനെ.''

''ചാച്ചി ഞങ്ങള്‍ ഉള്ളപ്പോ വന്നു നിന്നാല്‍ മതി. ഇപ്പോ രണ്ടു പേരും ഒരേ തൂവല്‍പക്ഷികളാ. രണ്ടു പേരും ആരോഗ്യകാര്യത്തില്‍ വീക്കാ. അമ്മച്ചിയുടെ അടുത്ത് ഒരു മദ്ധ്യവയസ്‌കയെ കിട്ടിയാല്‍ മതിയായിരുന്നു. ഹോം നേഴ്‌സുമാരെ കിട്ടും. പക്ഷേ, നമുക്കു മുന്‍പരിചയമില്ലാത്തവരായതുകൊണ്ട് എനിക്കൊരു സന്ദേഹം. ചാച്ചിയുടെ പരിചയത്തില്‍ വല്ല സ്ത്രീകളുമുണ്ടോ?'' അവന്‍ ചോദിച്ചു.

''ഞാനൊന്ന് ആലോചിക്കാം മനോജെ. ഇതുവരെ അങ്ങനെയൊന്നും പോകാത്ത ആളാ.''

''എല്ലാ സുരക്ഷിതത്വവും ഉണ്ടെന്നു പറ. സി സി ടി വി ഉള്ളതുകൊണ്ട് ഞങ്ങള്‍ അവിടെയിരുന്നു. നിര്‍ദേശങ്ങള്‍ നല്കാം. അടുക്കള ജോലിക്ക് ജാന്‍സിയുണ്ട്. ഔട്ട്ഹൗസില്‍ ഡ്രൈവര്‍ പാപ്പച്ചന്‍ ഉണ്ടാവും. പിന്നെ പേടിക്കാനൊന്നുമില്ല.

''അമ്മച്ചിക്കു മരുന്നും ഭക്ഷണവും കൊടുക്കാന്‍ ഒരാള്‍. ബാത്‌റൂമില്‍ പോകാന്‍ ഒന്നു കൈ പിടിക്കണം. അത്രയേ വേണ്ടൂ.''

''ആട്ടെ ഞാന്‍ നാളെത്തന്നെ ചോദിച്ചിട്ടു വിവരം പറയാം.''

''വളരെ നന്ദി ചാച്ചി.''

''നന്ദിയൊക്കെ കൈയിലിരിക്കട്ടെ ആദ്യം ആളെ കിട്ടുമോ എന്നറിയട്ടെ.''

മനോജും ഗ്രെയ്‌സും ചിരിച്ചു കൂടെ ബെന്നറ്റും.

ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിറുത്തി മൂവരും നടന്നു.

എതിരെ വരുന്നവരില്‍ ചിലര്‍ ബെന്നറ്റിന് അഭിവാദ്യം നല്കി.

ചാച്ചിക്ക് ഒത്തിരി പരിചയക്കാരും ശിഷ്യരും ഉണ്ടെന്ന കാര്യം മനോജിന് അറിയാമായിരുന്നു. ചാച്ചിയെ ഓര്‍ത്ത് അയാള്‍ അഭിമാനം കൊണ്ടു.

ഓ പി ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തിരുന്നതുകൊണ്ട് ഓര്‍ത്തോ ഡോക്ടറെ കാണാന്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല.

മനോജും ബെന്നറ്റും കണ്‍സള്‍ട്ടിംഗ് റൂമില്‍ക്കയറി. ഡോക്ടര്‍ അവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. കഴിഞ്ഞ തവണ സി. ബെന്നറ്റ് അഡ്മിറ്റായപ്പോള്‍ മനോജ് വിവരങ്ങളെല്ലാം ഡോക്ടറോടു ചോദിച്ചറിഞ്ഞിരുന്നു. അങ്ങനെ മനോജിനും ഡോക്ടറെ പരിചയമായിരുന്നു.

''കാലിന്റെ വേദന കുറഞ്ഞു ഡോക്ടര്‍. എങ്കിലും നടക്കുമ്പം പാദത്തിന് കുറേശ്ശേ വേദന അനുഭവപ്പെടുന്നുണ്ട്.'' ഡോക്ടര്‍ കാല്‍ പരിശോധിച്ചു.

''കാലിനു നീരു കാണുന്നുണ്ട്. ഷുഗറും ബി പി യും നോക്കിയിരുന്നോ?''

ഡോക്ടര്‍ കാല്‍ പരിശോധിച്ചുകൊണ്ടു ചോദിച്ചു.

''കോണ്‍വെന്റില്‍ അതിനുള്ള സൗകര്യമുണ്ട്. അതിന്റെ റില്‍ട്ട് ഇതാ.''

ബെന്നറ്റ് ബാഗില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു ഡോക്ടര്‍ക്കു നല്കി.

''ബി പി അല്പം കൂടുതലാ. ഇടയ്ക്ക് അവിടെത്തന്നെ നോക്കിക്കോളൂ. വലി. വേരിയേഷന്‍ വന്നാല്‍ വരണം.''

''ആയിക്കോട്ടെ ഡോക്ടര്‍.''

ഡോക്ടര്‍ ഒരു മാസത്തേക്കുള്ള മെഡിസിന്‍ കുറിച്ചു. ഡോക്ടര്‍ക്കു നന്ദി പറഞ്ഞ് അവര്‍ പുറത്തിറങ്ങി.

''മനോജ് പോയി ഫാര്‍മസിയില്‍നിന്നും മെഡിസിന്‍ വാങ്ങിക്കൊണ്ടു പോര്. ഞങ്ങള്‍ ഇവിടെ വെയിറ്റിംഗ് ഏരിയയില്‍ ഇരിക്കാം.''

''ശരി ചാച്ചി, ഞാന്‍ മരുന്നു വാങ്ങി വരാം.''

ഫാര്‍മസിയില്‍ നല്ല തിരക്കുണ്ടായിരുന്നു. അതുകൊണ്ട് മനോജിനു മരുന്നു കിട്ടാന്‍ വൈകി.

ചാരുബെഞ്ചില്‍ ചാരിയിരുന്ന് ഉറങ്ങുന്ന ബെന്നറ്റിനെയാണ് മനോജ് വരുമ്പോള്‍ കണ്ടത്.

''ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ മദര്‍ ഉറങ്ങിപ്പോയി. ഞാന്‍ പിന്നെ ഉണര്‍ത്തണ്ടല്ലോ എന്നു കരുതി.'' സി. ഗ്രേയ്‌സ് പറഞ്ഞു.

''മദറേ...'' സി. ഗ്രേയ്‌സ് ബെന്നറ്റിന്റെ കൈ സ്പര്‍ശിച്ചു വിളിച്ചു.

ബെന്നറ്റ് കണ്ണുകള്‍ തുറന്നു.

''ഓ, ഞാന്‍ ഉറങ്ങിപ്പോയി. മരുന്നെല്ലാം കിട്ടിയല്ലോ നമുക്കിനി പോകാം.''

ബെന്നറ്റ് എഴുന്നേറ്റ് മരുന്നടങ്ങിയ കവര്‍ മനോജിന്റെ കൈയില്‍ നിന്നും വാങ്ങി ബാഗില്‍ വച്ചു.

''ചാച്ചിക്ക് എന്തെങ്കിലും കഴിക്കണമെങ്കീ നമുക്ക് കാന്റീനില്‍ പോകാം.''

''ഒന്നും വേണ്ട. മഠത്തില്‍ച്ചെന്ന് ഇനി ഊണു കഴിച്ചാല്‍ മതി.''

മടക്കയാത്രയ്ക്കായി അവര്‍ കാറില്‍ക്കയറി.

''കേട്ടോ സിസ്റ്ററെ ഇവന്റെ ഇച്ചാച്ചനാ നമ്മുടെ കോണ്‍വെന്റിരിക്കുന്ന സ്ഥലം നമുക്കു വാങ്ങിത്തന്നത്. അതു സിസ്റ്ററിനറിയാമോ?'' ബെന്നറ്റ് തല ചെരിച്ച് ബാക്‌സീറ്റിലേക്കു നോക്കി ചോദിച്ചു.

''ഇല്ല മദറെ. എനിക്കറിയില്ല. ഞാന്‍ ട്രാന്‍സ്ഫറായി വന്നിട്ടു രണ്ടു വര്‍ഷമല്ലേ ആയുള്ളൂ.''

''നിനക്കറിയാമോ ആ കഥ.''

ബെന്നറ്റ് മനോജിനോടു ചോദിച്ചു.

''ഇല്ല ചാച്ചി, എനിക്കറിയില്ല.''

''എന്നാ കേട്ടോ. അര നൂറ്റാണ്ടു മുമ്പാ... നമ്മുടെ സന്യാസിനി സഭയ്ക്ക് ഇവിടെയൊരു മഠം സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചപ്പോള്‍ അന്നത്തെ മദറിനൊപ്പം എന്നെയും കൂട്ടിയാ ഇച്ചാച്ചനെ കാണാന്‍ വന്നത്.''

''അന്നവിടെ താമസിച്ചുകൊണ്ടിരുന്നത് ഒരു ഔസേപ്പ് ചേട്ടനാ. ആ ചേട്ടന്റെ പേരിപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ആ ചേട്ടനാണെങ്കി ഇതു വിറ്റിട്ട് മലബാറിനു പോകാന്‍ കച്ചകെട്ടിയിരിക്കുന്നു.''

''മഠത്തിനാണെന്നറിഞ്ഞപ്പോള്‍ ആ ചേട്ടന്‍ തുക കുറയ്ക്കാന്‍ തയ്യാറായി. ന്യായമായ വിലയേ ചേട്ടന്‍ ചോദിച്ചുള്ളൂ. ചേട്ടന്‍ കുറയ്ക്കുകയൊന്നും വേണ്ട. ചേട്ടന്റെ അനുഗ്രഹം ഉണ്ടായാല്‍ മതിയെന്നും പറഞ്ഞ് ഇച്ചാച്ചന്‍ ആ സ്ഥലം ഔസേപ്പ് ചേട്ടന്‍ പറഞ്ഞ വിലയ്ക്കുവാങ്ങി മഠത്തിനു കൊടുത്തു.''

''അങ്ങനെ കിട്ടുമെന്നോര്‍ത്തല്ല മദറും മറ്റും ഇച്ചാച്ചനെ കണ്ടത്. ഇച്ചാച്ചന്‍ അന്നു പഞ്ചായത്ത് പ്രസിഡന്റല്ലായിരുന്നോ അതുകൊണ്ട് കാണാന്‍ പോയതാ.''

''കൊച്ചിന്റെ മഠം ഇവിടെ വരുന്നത് ഞങ്ങക്കും സന്തോഷമല്ലേ എന്ന് ഇച്ചാച്ചന്‍ പറഞ്ഞു.''

ഇച്ചാച്ചന്റെ സ്മരണയില്‍ ബെന്നറ്റ് ഒന്നു വിതുമ്പി.

ഇച്ചാച്ചന് എന്നെ വലിയ കാര്യമായിരുന്നു. ഞങ്ങള്‍ തമ്മില്‍ പതിനഞ്ചു വയസ്സിന്റെ വ്യത്യാസം. എന്നെ കൊച്ചേ എന്നേ വിളിക്കുമായിരുന്നുള്ളൂ.''

''ചേച്ചി ചേട്ടനെ ഇച്ചാച്ചാ എന്നു വിളിക്കുന്നതു കേട്ട് ഞാനും ഇച്ചാച്ചാ എന്നു വിളിക്കും. അദ്ദേഹത്തിന് ആ വിളി ഇഷ്ടവുമായിരുന്നു. ഞാന്‍ വിളിക്കുന്നതു കേട്ട് മഠത്തിലെ സിസ്റ്റേഴ്‌സും ഇച്ചാച്ചാ എന്നു വിളിച്ചു.

സിസ്റ്റേഴ്‌സിനോടും പുരോഹിതരോടും ഇച്ചാച്ചനു പ്രത്യേക സ്‌നേഹമായിരുന്നു. ആളുകള്‍ക്കു നന്മ മാത്രം ചെയ്തു കടന്നുപോയ ആള്‍.

ചേച്ചിക്കു കുഞ്ഞുങ്ങളുണ്ടാകുമ്പോ എന്നെ വിളിച്ച് ഇച്ചാച്ചന്‍ ചോദിക്കും. ''കൊച്ചേ കുഞ്ഞിന് എന്നാ പേരാ ഇടേണ്ടത് എന്ന്.'' ഞാനിട്ട പേരുകളാ ലിസ്സി, ജോര്‍ജുകുട്ടി, മനോജ്.''

''മനോജെന്ന പേര് നിനക്കിഷ്ടമാണോടാ. ഇപ്പഴാ എനിക്കു ചോദിക്കാന്‍ സമയം കിട്ടിയത്.''

''ഇഷ്ടമാ ചാച്ചി. പെരുത്തിഷ്ടം.''

മൂവരും ചിരിച്ചു.

''എന്റെ വീട്ടിലെ ഏതാവശ്യത്തിനും ഇച്ചാച്ചന്‍ മുമ്പിലുണ്ടായിരുന്നു. അപ്പച്ചിക്കു സുഖമില്ലാതെ വന്നപ്പോള്‍ ഇച്ചാച്ചന്‍ വെല്ലൂരു കൊണ്ടുപോയി ചികിത്സിച്ചു. അതകൊണ്ടാ അപ്പച്ചി അത്രയും നാള്‍ ജീവിച്ചത്.''

കോണ്‍വെന്റിന്റെ ഗാര്‍ഡന്‍ കടന്ന് പോര്‍ട്ടിക്കോയില്‍ കാര്‍ നിന്നു.

കാറില്‍ നിന്നിറങ്ങാന്‍ ബെന്നറ്റിനെ മനോജ് സഹായിച്ചു.

''നീ ഓടിക്കളയരുത്. ഉച്ചയൂണിനു സമയമായി ഉണ്ടിട്ടേ പോകാവൂ.'' ബെന്നറ്റ് ശബ്ദം ദൃഢമാക്കി.

മനോജ് പുഞ്ചിരിച്ചു തലയാട്ടി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org