പ്രകാശത്തിന്റെ മക്കള്‍ [04]

പ്രകാശത്തിന്റെ മക്കള്‍ [04]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 04]

ബ്രേക്ഫാസ്റ്റിനു ശേഷം മനോജും ഡെയ്‌സിയും കൂടി ജ്യേഷ്ഠന്‍ ജോര്‍ജുകുട്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു.

അരമണിക്കൂര്‍ നേരത്തെ ഡ്രൈവ് മാത്രം മതിയായിരുന്നു ജോര്‍ജുകുട്ടിയുടെ വീട്ടിലെത്താന്‍.

അവിടവിടെ പെയിന്റ് അടര്‍ന്നുവീണ ഒരു പടുകൂറ്റന്‍ ബംഗ്ലാവ്. വീട് പെയിന്റു ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.

ടൗണില്‍ നിന്നും ഏറെ ദൂരെയല്ലാത്തതുകൊണ്ട് വീടിനടുത്തായി പോഷ് വീടുകളുടെ ശൃംഖല കാണാം. എല്ലാം ചേട്ടന്‍ പണിയിച്ച വില്ലകളാണ് കോവിഡിനു മുന്നേ അതെല്ലാം വിറ്റുപോയി.

അതിനുശേഷം ബിസിനസ്സ് വിപുലപ്പെടുത്താനായി കൂടുതല്‍ ലോണെടുത്ത് കൂടുതല്‍ സ്ഥലങ്ങള്‍ വാങ്ങി. പിന്നീടു പണിതീര്‍ത്ത വില്ലകളില്‍ പങ്കുതിയും വിറ്റുപോയില്ല. അതാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണം.

ആളനക്കമില്ലാത്ത ബംഗ്ലാവിന്റെ മുറ്റത്ത് ചേട്ടന്റെ ഇന്നോവ മാത്രം കിടപ്പുണ്ട്.

മനോജ് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നു.

ജോര്‍ജ് കുട്ടിച്ചേട്ടന്റെ ഭാര്യ മിനി വാതില്‍ തുറന്നു.

മിനിയുടെ മുഖത്ത് നിറംമങ്ങിയ ചിരി വിരിഞ്ഞു.

''വാ.''

അനുജനെയും ഭാര്യയേയും അവര്‍ അകത്തേക്കു ക്ഷണിച്ചു.

''ചേട്ടന്‍ എവിടെപ്പോയി?''

സോഫയില്‍ ഇരുന്നുകൊണ്ട് മനോജ് തിരക്കി.

''എഴുന്നേറ്റു വരുന്നതേ ഉള്ളൂ. ഇപ്പോള്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലമാ ഒന്നോ രണ്ടോ സൈറ്റിലേ പണി നടക്കുന്നുള്ളൂ. അവിടെ സൂപ്പര്‍വൈസേഴ്‌സ് ഉണ്ട്. അതുകൊണ്ട് എപ്പോഴെങ്കിലും ഒന്നു ചെന്നാല്‍ മതി.''

''അജയ് ഇവിടെയില്ലേ?'' ഡെയ്‌സി ചോദിച്ചു.

''യുവദീപ്തിയുടെ എന്തോ സന്നദ്ധ പ്രവര്‍ത്തനമുണ്ട്. അതിനു പോകുന്നു എന്നും പറഞ്ഞു രാവിലെ പോയി. ഇനി വൈകിട്ടേ വരൂ.''

''അവനിനി ബാംഗ്‌ളൂര്‍ക്കു ജോലിക്കു പോകുന്നില്ലേ?''

''ഇനി ഐ ടി ജോലിക്കു പോകുന്നില്ലെന്നാ പറഞ്ഞത്. എന്റെ ബ്രദര്‍ കാനഡയില്‍ ഉണ്ട്. അങ്ങോട്ടുപോകാന്‍ പ്ലാനുണ്ടെന്നു തോന്നുന്നു. ഡേവിഡിനും മെര്‍ലിനും സുഖമല്ലേ?''

''അതെ. അവളുടെ ഡെലിവറി ഡേറ്റ് അടുത്തുകൊണ്ടിരിക്കുന്നു. ഞങ്ങളൊന്നു അങ്ങോട്ടു പോകാനുള്ള തയ്യാറെടുപ്പിലാ.'' മനോജ് പറഞ്ഞു.

''സ്മിതയ്ക്കും രാജേഷിനും കുട്ടികള്‍ക്കും സുഖമല്ലേ അവര്‍ ന്യൂസിലന്‍ഡില്‍ ആണല്ലോ, ഇല്ലേ?''

''അതെ. അവര്‍ക്കു സുഖം തന്നെ ജനുവരിയില്‍ അവര്‍ നാട്ടില്‍ വരും രാജേഷിന്റെ അനുജന്റെ മാര്യേജ് ഉണ്ട്.''

''നിര്‍മ്മല്‍ ഇപ്പോള്‍ എവിടെയാ പഠിക്കുന്നത്?'' മനോജ് ചോദിച്ചു.

''അവന്‍ കഴിഞ്ഞവര്‍ഷം എം ബി എ പൂര്‍ത്തിയാക്കി മുംബൈയില്‍ത്തന്നെ ഒരു കമ്പനിയില്‍ ചേര്‍ന്നു.''

അവര്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അപ്‌സ്റ്റെയര്‍ ഇറങ്ങി ജോര്‍ജ് ഡ്രോയിംഗ് റൂമിലേക്കു വന്നു.

ഷേവ് ചെയ്യാത്ത മുഖവും ഉന്തിയവയറും മനോജും ഡെയ്‌സിയും ചേട്ടന്‍ വരുന്നതുകണ്ട് എഴുന്നേറ്റു.

''നിങ്ങള്‍ വന്നിട്ടു കുറച്ചുനേരം ആയോ?'' അയാള്‍ സെറ്റിയിലിരുന്ന് ഒരു സിഗരറ്റിനു തീ കൊളുത്തി.

''ഇല്ല. ഇപ്പം എത്തിയതേയുള്ളൂ.'' സെറ്റിയിലിരുന്നു കൊണ്ട് മനോജ് പ്രതികരിച്ചു.

ചേട്ടന്‍ സ്ഥിരമായി മദ്യപിക്കുന്നുണ്ടെന്നു മനോജിനു മനസ്സിലായി. വിങ്ങിയ മുഖവും കണ്ണുകളും അതു വിളിച്ചോതുന്നു.

''ചേട്ടന്റെ ബിസിനസ്സൊക്കെ എങ്ങനെ പോകുന്നു.'' മനോജിന്റെ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയില്‍ ജോര്‍ജുകുട്ടി അനുജനെ ഒന്നു നോക്കി. പിന്നെ പറഞ്ഞു, ''ഇപ്പോ എല്ലാ ബിസിനസ്സും ഡള്ളല്ലേ. നമ്മുടേതും അങ്ങനെയൊക്കെത്തന്നെ.''

അയാള്‍ ആ വിഷയത്തെക്കുറിച്ചു സംസാരിക്കാന്‍ ഒട്ടും താല്പര്യം കാണിച്ചില്ല.

''നമുക്കു കാപ്പി കഴിച്ചാലോ?'' ജോര്‍ജുകുട്ടി മനോജിനോടും ഡെയ്‌സിയോടുമായി ചോദിച്ചു.

''വേണ്ട ചേട്ടാ. ഞങ്ങള്‍ കാപ്പി കഴിഞ്ഞാ പോന്നത്.''

''ഞാനെന്തെങ്കിലും കുടിക്കാനെടുക്കാം.'' മിനി അകത്തേക്കു പോയപ്പോള്‍ അവര്‍ക്കു പിന്നാലെ ഡെയ്‌സിയും പോയി.

''ലോണ്‍ കുറച്ചെങ്കിലും തിരിച്ചടയ്ക്കാന്‍ പറ്റിയോ?'' മനോജിന്റെ ചോദ്യത്തിനു കണ്ണുമിഴിച്ചു നോക്കിയതല്ലാതെ ജോര്‍ജുകുട്ടി മറുപടിയൊന്നും ആദ്യം പറഞ്ഞില്ല. കുറച്ചുസമയത്തിനുശേഷം പറഞ്ഞു.

''അതൊക്കെ പറ്റിയാ അടയ്ക്കും. ഇല്ലെങ്കീ പോട്ടെന്നു വയ്ക്കും. നിര്‍മ്മലിനു ജോലി കിട്ടിയ കാരണം അവന്റെ കാര്യം സേഫായി. ഫിനാന്‍ഷ്യലി സൗണ്ടായ സമയത്ത് സൗമ്യയുടെ കല്യാണം നടത്തിയതു കാരണം അവളുടെ കാര്യമോര്‍ത്തു ടെന്‍ഷനടിക്കണ്ട. പിന്നെ അജയ് അവനിങ്ങനെ തേരാ പാരാ നടക്കണതാ ഇഷ്ടം. ഞങ്ങള്‍ക്കിത്രേം പ്രായമായില്ലേ. ഇനി വരുന്നിടത്തുവച്ചു കാണും.''

ചേട്ടന്റെ വാക്കുകളില്‍ നിരാശത തളംകെട്ടി കിടക്കുന്നതു മനോജ് ശ്രദ്ധിച്ചു.

''കുറച്ചൊക്കെ ആയിരുന്നെങ്കീ എന്നേക്കൊണ്ട് സാധിക്കുമായിരുന്നു. ഇപ്പോ റബ്ബറിനും വിലയില്ലല്ലോ.'' മനോജിന്റെ ആശ്വാസവാക്കുകള്‍ ജോര്‍ജുകുട്ടിയുടെ ഉള്ളിലെ അഗ്നിയെ തണുപ്പിച്ചു.

''അതൊന്നും വേണ്ട. നിന്നേക്കൂടി വെള്ളത്തിലാക്കാന്‍ എനിക്ക് ഉദ്ദേശമില്ല. അമ്മച്ചിക്കെന്താ വിശേഷമുള്ളത്. കാലൊക്കെ സുഖമായില്ലേ?'' അയാള്‍ ചോദിച്ചു.

''സുഖമായി വരുന്നു. ഇപ്പോ വാക്കറില്‍ നടക്കാന്‍ പറ്റുന്നുണ്ട്. മെര്‍ലിന്റെ ഡെലിവറി ഡേറ്റ് അടുത്തു വരികയാ. ഞങ്ങള്‍ ആറമാസത്തേക്ക് യു കെ യ്ക്കു പോയാലോ എന്നു ചിന്തിക്കുന്നു.

''അതിനെന്താ പോയി വാ.''

''അമ്മച്ചി തനിച്ചാകുമല്ലോ എന്നോര്‍ത്താ. അമ്മച്ചിയെ ആറുമാസത്തേക്ക് ഇവിടെ നിര്‍ത്തിയാലോ?'' മനോജ് ആശങ്കയോടെ ചോദിച്ചു.

''ഏയ്. അതൊന്നും ശരിയാകില്ല. എനക്കാണെങ്കീ അമ്മച്ചിയുടെ കാര്യത്തിലൊന്നും ശ്രദ്ധിക്കാനുള്ള മൂഡ് ഇല്ല. അവള്‍ക്കാണെങ്കീ റുമാറ്റോയിഡിന്റെ അസുഖമുണ്ട്. പിന്നെ അജയ്. അവന്‍ ഉള്ളതും ഇല്ലാത്തതും കണക്കാ.''

''അജയ് അവിടെ വന്ന് വെറുതെ അമ്മച്ചിക്കു കൂട്ടു നിന്നാലും മതിയായിരുന്നു.'' അയാള്‍ പ്രതീക്ഷയോടെ ചേട്ടനെ നോക്കി.

''അവന്‍ ഒരു ദിവസമോ രണ്ടു ദിവസമോ അമ്മച്ചിയുടെ അടുത്തു നില്‍ക്കും. മൂന്നാം നാള്‍ അവന്‍ മുങ്ങും. പിന്നെ അവനു തോന്നിയിടത്തേ പൊങ്ങൂ. ഇങ്ങനെ ഉത്തരവാദിത്തമില്ലാത്ത ഒരുത്തന്‍. അവന്‍ നല്ല രീതിയിലായിരുന്നെങ്കീ എന്റെ ബിസിനസ്സില്‍ സഹായിക്കില്ലായിരുന്നോ? ഇത് ചുമ്മാ, തേരാ പാരാ നടക്കാന്‍ കൊള്ളാം.''

''നീ അമ്മച്ചിയെ ലിസ്സിയുടെ അടുത്തെങ്ങാനും ആക്ക്.''

മറുപടിയായി മനോജ് ഒന്നും പറഞ്ഞില്ല.

മിനി കൊണ്ടുവന്ന ലൈംജ്യൂസും കുടിച്ചവര്‍ ആ വീട്ടില്‍നിന്നിറങ്ങി.

''അമ്മച്ചിയെ ലിസ്സിചേച്ചിയുടെ അടുത്താക്കാനാ ജോര്‍ജുകുട്ടിച്ചേട്ടന്‍ പറഞ്ഞത്.'' മടക്കയാത്രയില്‍ കാറില്‍വച്ച് മനോജ് ഭാര്യയോടു പറഞ്ഞു.

''ചക്കിക്കൊത്ത ചങ്കരന്‍. ഞാന്‍ മിനിച്ചേച്ചിയോട് ഇതേക്കുറിച്ചു പറഞ്ഞപ്പം ചേച്ചിക്ക് റുമാറ്റിക് ഫീവറാ അതുകൊണ്ട് വയ്യെന്നും ലിസ്സിച്ചേച്ചിയുടെ അടുത്താക്കാനും പറഞ്ഞു.''

''സാമ്പത്തികമായി തകര്‍ന്നു കഴിയുമ്പം മനസ്സിന്റെ സമചിത്തത നഷ്ടപ്പെടും. ഒരുപക്ഷേ, അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലും സമാന രീതിയിലായിരിക്കും പ്രതികരണം.''

''നമുക്കു റബ്ബര്‍പാലില്‍ നിന്നും മാത്രം കിട്ടുന്ന ആദായമേ ഉള്ളൂ. അതുകൊണ്ടു വേണം എല്ലാം നിറവേറ്റാന്‍ ഞാന്‍ എല്ലാം സൂക്ഷിച്ചാ കൈകാര്യം ചെയ്യുന്നത്. നമ്മള്‍ ധൂര്‍ത്തിനൊന്നും പണം ചെലവഴിക്കുന്നില്ലല്ലോ.''

''ഡെയ്‌സി, നീ സൂക്ഷിച്ചല്ലാ പണം ചെലവഴിക്കുന്നത് എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ പറഞ്ഞത്. ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു പറഞ്ഞതാണ്. എന്നാലും ചേട്ടന് ഇങ്ങനെ അധഃപതനം ഉണ്ടായല്ലോ?''

''അതിനുള്ള ഉത്തരം ഞാന്‍ പറയാം. ജോര്‍ജുകുട്ടി ചേട്ടന്‍ സ്ഥിരമായി മദ്യപിക്കും. മദ്യം ഒരു തുള്ളി ആണെങ്കിലും ഉള്ളില്‍ച്ചെന്നാല്‍ അത് അതിന്റെ തനിനിറം പ്രകടിപ്പിക്കും. പൂസാകുകയൊന്നും വേണ്ട. മദ്യത്തിന്റെ സ്വാധീനത്തിലെടുക്കുന്ന ഏതു തീരുമാനവും പാളിപ്പോകും. മദ്യപിക്കുന്ന ആളുടെ തീരുമാനങ്ങള്‍ക്കു കൂട്ടായി വരുന്നത് പിശാചാ. മദ്യപിക്കാത്ത ആളുടെ തീരുമാനങ്ങള്‍ക്കു കൂട്ടായി വരുന്നത് ദൈവമാ.''

''നല്ലൊരു ധ്യാനപ്രസംഗക ആകാനുള്ള എല്ലാ യോഗ്യതയും നിനക്കുണ്ട്.'' മനോജ് ചിരിച്ചുകൊണ്ടു പറഞ്ഞു.

''എന്റെ ബ്രദര്‍ ധ്യാനപ്രസംഗകന്‍ ആണല്ലോ. അതിന്റെ കുറച്ച് എനിക്കു കിട്ടിയിരിക്കും.''

ഡെയ്‌സിയില്‍ നിന്നും ഒരു നെടുവീര്‍പ്പ് പുറത്തേക്കു വന്നു.

''അനുഭവമല്ലേ വലിയ ഗുരു. വീട്ടില്‍ എന്തുമാത്രം സമ്പത്തുണ്ടായിരുന്നതാ. ബേബിച്ചേട്ടന്റെ മദ്യപാനവും ചീട്ടുകളിയുമല്ലേ എല്ലാം തകര്‍ത്തു കളഞ്ഞത്.''

''വേണ്ട ഡെയ്‌സി, അങ്ങനെയുള്ള കാര്യങ്ങളിലേക്കു ചിന്തകളെ നയിച്ചു മനസ്സ് കലുഷിതമാക്കല്ലേ. നമുക്കു സന്തോ ഷം നല്കുന്ന കാര്യങ്ങള്‍ സംസാരിക്കാം.''

''ഓ.കെ.''

അവള്‍ കര്‍ച്ചീഫ് കൊണ്ടു മുഖം തുടച്ചു പ്രതികരിച്ചു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org