പ്രകാശത്തിന്റെ മക്കള്‍ [03]

പ്രകാശത്തിന്റെ മക്കള്‍ [03]
Published on

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

അധ്യായം [03]

മനോജിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു ഡെയ്‌സി.

അമ്മച്ചിയെ അവിടെ താമസിപ്പിക്കുന്ന കാര്യത്തില്‍ ലിസ്സി ച്ചേച്ചി എന്തു മറുപടിയാകും നല്കിയിട്ടുണ്ടാവുക.

കാറില്‍ നിന്നിറങ്ങി വരുന്ന ഭര്‍ത്താവിന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ ഡെയ്‌സി കരുതിപോയ കാര്യം സാധിച്ചിരിക്കും എന്ന്.

''ലിസ്സിച്ചേച്ചി എന്തു പറഞ്ഞു'' വിവരം അറിയാനുള്ള ഉത്ക്കണ്ഠ അവള്‍ പ്രകടിപ്പിച്ചു.

''പറയാം. നീ ചോറെടുത്തു വയ്ക്ക് നല്ല വിശപ്പുണ്ട്.'' അയാള്‍ അകത്തേക്കു കയറിക്കൊണ്ടു പറഞ്ഞു.

ഡ്രസ് ചെയ്ഞ്ചു ചെയ്ത് അയാള്‍ ഡൈനിംഗ് റൂമിലേക്കു ചെന്നു.

''അമ്മച്ചി ഊണു കഴിച്ചോ?'' ടേബിളില്‍ പ്ലേറ്റെടുത്തു വയ്ക്കുന്ന ഭാര്യയോട് അയാള്‍ ചോദിച്ചു.

''അമ്മച്ചി ഊണു കഴിഞ്ഞു പതിവുപോലെ വായനയിലാ.''

''അമ്മച്ചിയെ അവിടെ ആക്കുന്നതില്‍ അവര്‍ക്കു ചില സാങ്കേതിക തടസ്സങ്ങളുണ്ട്. നമ്മള്‍ വേറെ മാര്‍ഗം സ്വീകരിക്കേണ്ടി വരും.'' ഊണു കഴിക്കുന്നതിനിടയില്‍ മനോജ് പറഞ്ഞു.

ഡെയ്‌സിയുടെ മുഖത്തെ പ്രകാശം അണഞ്ഞു.

''എനിക്കറിയാമായിരുന്നു ചേച്ചി എന്തെങ്കിലും പറഞ്ഞ് ഒഴിയുമെന്ന്. സ്വന്തം സുഖവും താല്പര്യവും സംരക്ഷിക്കുന്നതിലാ ചേച്ചിക്കു മുമ്പും താല്പര്യം.'' അയാളതിനു മുറുപടിയൊന്നും പറഞ്ഞില്ല.

''നീയും കഴിച്ചോളൂ. ഇനിയെന്തിനാ വൈകുന്നത്.'' ഡെയ്‌സിയും ഭര്‍ത്താവിനൊപ്പം ഊണു കഴിക്കാനിരുന്നു.

''അമ്മച്ചി എത്ര കാര്യായിട്ടു കൊണ്ടു നടന്നതാ ലിസ്സി ചേച്ചിയേ. വിശേഷ വിഭവങ്ങള്‍ പങ്കിടുമ്പോള്‍ അമ്മച്ചി വലിയ പങ്ക് ചേച്ചിക്കു കൊടുത്തുവിടുമായിരുന്നു. 'അവള്‍ അന്യവീട്ടില്‍ കഴിയുന്നവളല്ലേ. നമ്മളു വേണ്ടേ അവളെ പരിഗണിക്കാന്‍' എന്നു പറയുമായിരുന്നു.''

മനോജ് ഭാര്യ പറയുന്നതു കേട്ട് ഊണു കഴിക്കല്‍ തുടര്‍ന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

''ജോര്‍ജ് ചേട്ടന്റെ മിനിച്ചേച്ചി കഴിഞ്ഞ ദിവസം എനിക്കു ഫോണ്‍ ചെയ്തപ്പം പറഞ്ഞു ലിസ്സി ച്ചേച്ചി പറഞ്ഞത്രേ, ഷെയര്‍ ചെയ്തപ്പം ചേച്ചിക്ക് വേണ്ടത്ര പരിഗണന നല്കിയില്ലത്രേ.

കല്യാണത്തിനു കൊടുത്ത പണവും സ്വര്‍ണ്ണവും ആണുങ്ങളുടെ ഷെയറുമായി തട്ടിച്ചുനോക്കിയാല്‍ പകുതിപോലുമില്ലെന്ന്.''

മനോജിന് ക്ഷോഭമുണ്ടായി അതുകേട്ടപ്പോള്‍. ''എന്നെ കേക്കേ ചേച്ചി അങ്ങനെ പറയില്ല. അന്നത്തെ കാലത്ത് പത്തുലക്ഷം രൂപയും നൂറു പവനുമാ കൊടുത്ത്. അത്രയും തുക കൊടുത്താല്‍ അന്ന് ഞങ്ങള്‍ക്കു ലഭിച്ച സ്വത്തിന്റെ ഇരട്ടി മൂല്യമുള്ള ഭൂമി വാങ്ങാമായിരുന്നു. അവനവന്റെ കൈയിലുള്ളതു കാണാതെ അന്യന്റെ കൈയിലുള്ളതു കാണുമ്പോഴുള്ള ആ വിഷമത്തിന്റെ പേര് എനിക്കറിയില്ല.''

''നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം. നമ്മുടെ മനസ്സ് കലുഷിതമാക്കുന്ന ഇത്തരം സംഭാഷണം ഒഴിവാക്കാം. ഇത്തരം സംഭാഷണങ്ങള്‍ കേക്കുന്നതും പറയുന്നതും മനസ്സിന്റെ പ്രകാശം കെടുത്തും.'' മനോജ് ഊണു കഴിഞ്ഞ് എഴുന്നേറ്റു കൊണ്ടുപറഞ്ഞു.

മനോജ് ഓര്‍മ്മിച്ചു - അമ്മച്ചിയുടെയും ഇച്ചാച്ചന്റെയും ആവശ്യങ്ങള്‍ക്കു വേണ്ട ധനം മാറ്റിവച്ചതിനു ശേഷമാണ് മക്കള്‍ക്കായി സമ്പത്ത് ഷെയര്‍ ചെയ്തത്. ആവശ്യങ്ങള്‍ക്കുവേണ്ടി മക്കളോടു പണം ചോദിക്കുന്നതിനോട് അമ്മച്ചിക്കു യോജിപ്പില്ലായിരുന്നു. അമ്മച്ചിയുടെ അഭിപ്രായത്തെ ഇച്ചാച്ചന്‍ അനുകൂലിച്ചു.

തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ ഒരു വിഹിതം വേണ്ടപ്പെട്ടവര്‍ക്കോ പാവങ്ങള്‍ക്കോ കൊടുക്കാന്‍ മക്കടെ അനുവാദം മേടിക്കണ്ട എന്ന് അവര്‍ കണ്ടു.

അമ്മച്ചിയുടെ പേരില്‍ രണ്ടേക്കര്‍ സ്ഥലവും പത്തുലക്ഷം രൂപയും നിക്ഷേപിച്ചിട്ടാണ് ഇച്ചാച്ചന്‍ യാത്രയായത്.

മനോജ് അമ്മച്ചിയുടെ മുറിയിലേക്കു ചെല്ലുമ്പോഴും അവര്‍ ചാരുകസേരയില്‍ ഇരുന്നു വായിക്കുന്നുണ്ടായിരുന്നു.

തന്റെ സന്നിദ്ധ്യം അമ്മച്ചി അറിഞ്ഞില്ലെന്നറിഞ്ഞ് അവന്‍ മുരടനക്കി.

ഏലമ്മ മകനെ കണ്ട് കണ്ണടയ്ക്കുള്ളിലൂടെ നോക്കി ചിരിച്ചു.

''ഇന്നെന്താ തോട്ടത്തില്‍ പോയില്ലേ?''

''ഇന്നു വേറൊരു പ്രോഗ്രാം ഉണ്ടായിരുന്നു. അതുകൊണ്ട് പോയില്ല.''

''അമ്മച്ചിയുടെ കാലിന് എങ്ങനെ? ഇപ്പോ വേദന കുറവുണ്ടോ?''

''വേദനയ്ക്കു കുറവുണ്ട്. വീഴ്ചയില്‍ ഇത്രയുമേ പറ്റിയൊള്ളല്ലോ എന്നോര്‍ത്ത് കര്‍ത്താവിനു സ്തുതിയും സ്‌തോത്രവും.''

''ആയുവേദ ഷോപ്പില്‍ നിന്നും ആ കുഴമ്പ് കുറച്ചു കൂടി മേടിച്ചോ. അതു പുരട്ടുമ്പോള്‍ കുറവുണ്ട്.''

''ആയിക്കോട്ടെ അമ്മച്ചി.''

''അലമാരയില്‍ നിന്ന് എന്റെ എ ടി എം കാര്‍ഡ് എടുത്തു കൊണ്ടു പൊയ്‌ക്കോ. എനിക്കുള്ള സാധനങ്ങള്‍ അങ്ങനെ വാങ്ങിയാല്‍ മതി.''

ആയിക്കോട്ടെ അമ്മച്ചി. ഈ അമ്മച്ചിയുടെ ഒരു കാര്യം.'' അയാള്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

''നീ പോകാന്‍ വരട്ടെ. കോണ്‍വെന്റില്‍ നിന്നും ബെന്നറ്റ് വിളിച്ചിരുന്നു. നാളെ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ പോകുന്നു എന്നു പറഞ്ഞു.

''ഞാന്‍ കൂടെ പോകണോ?'' അയാള്‍ ചോദിച്ചു.

''ഒന്നു കൂടെപോയാല്‍ തരക്കേടില്ല മോനെ. കോണ്‍വെന്റുകാര്‍ കൊണ്ടുപൊയ്‌ക്കോളും എന്നാലും നമ്മളില്‍ ഒരാള്‍ കൂടെയുള്ളത് അവള്‍ക്ക് സന്തോഷപ്രദമാകുമല്ലോ?''

''ഞാന്‍ കൂടെ പോകാം അമ്മച്ചി.'' അയാള്‍ സന്തോഷത്തോടെ പ്രതിവചിച്ചു.

''കാര്യം ബെന്നറ്റ് പ്രിന്‍സിപ്പളായി റിട്ടയര്‍ ചെയ്ത ആളാണെങ്കിലും എന്റെ മനസ്സില്‍ അവളെന്റെ കുഞ്ഞനുജത്തിയാ... ഇനി എനിക്കു കൂടെ പ്പിറപ്പ് എന്നു പറയാന്‍ അവളല്ലേ ഉള്ളൂ.''

''നമ്മുടെ കുടുംബം നന്നായി പോകുന്നതില്‍ അവളുടെ പ്രാര്‍ത്ഥനയുടെ പങ്കുണ്ട്. എന്റെ മക്കളെ പഠിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലും സിസ്റ്റര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇച്ചാച്ചന്‍ ചോദിക്കുമായിരുന്നു നീയെന്താ സിസ്റ്ററെ എടീ, നീ എന്നൊക്കെ വിളിക്കുന്നെന്ന്. എനിക്കങ്ങനെ വിളിക്കുന്നതില്‍ സങ്കോചമുണ്ടായിരുന്നു എങ്കിലും എടി, നീ എന്നെല്ലാം സംബോധന ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു ആത്മസുഖമുണ്ടല്ലോ അതൊന്നു വേറെയാ.''

അവര്‍ പറഞ്ഞു ചിരിച്ചു.

''അവള്‍ പറഞ്ഞു ചേച്ചി എന്നെ പഴയപോലെ എടീ, നീ എന്നൊക്കെ വിളിച്ചാല്‍ മതിയെന്ന്. സിസ്റ്ററേ എന്ന് വിളിക്കാന്‍ ഒത്തിരിപേരുണ്ട് പോലും രക്തബന്ധത്തിന്റെ സംബോധനയാ എടീ, നീ എന്നെല്ലാമെന്ന്.''

''അമ്മച്ചിക്ക് ഉച്ചയൂണു കഴിഞ്ഞ് കുറച്ചുസമയം ഉറങ്ങിയാലെന്താ. ഇങ്ങനെ വായിച്ചാല്‍ തന്നെ എനിക്കാണെങ്കീ പത്തുമിനിറ്റിനകം ഉറക്കം വരും.''

''എനിക്കു നേരെ തിരിച്ചാ ഉറക്കം വരാതിരിക്കണമെങ്കീ എന്തെങ്കിലും വായിക്കണം. ഉച്ചയ്ക്ക് ഉറങ്ങിയാ രാത്രി ഉറങ്ങാന്‍ താമസിക്കും. അതു കൂടുതല്‍ ക്ഷീണമുണ്ടാക്കും.''

''ഇച്ചാച്ചന്റെ കസേരയിലിരുന്ന് എന്തെങ്കിലും വായിക്കുന്നത് എനിക്കൊരു സുഖമാ. ഇച്ചാച്ചന്‍ കൂടെയുള്ള ഒരു പ്രതീതി. വായനാശീലം കിട്ടിയത് വലിയൊരു അനുഗ്രഹമാ. ഇല്ലെങ്കീ ഈ പ്രായത്തില്‍ എനിക്കു വല്ലാതെ ബോറടിച്ചേനേ.''

അമ്മച്ചി ചിരിച്ചപ്പോള്‍ കൂടെ മനോജും ചിരിച്ചു.

''ചെറുപ്പത്തില്‍ ബെന്നറ്റിനേക്കഴിഞ്ഞും വായിച്ചിരുന്നതു ഞാനാ. ചെറുപ്പത്തില്‍ ബെന്നറ്റ് ഒരു പാവമായിരുന്നു. പിന്നെ പി ജി കഴിഞ്ഞ് എന്താ തലയെടുപ്പ്. ശബ്ദത്തിനെന്തു ഗാംഭീര്യം. ഒരു നോട്ടംകൊണ്ട് കുട്ടികളെ അടക്കി ഇരുത്തുമായിരുന്നു. എങ്കിലും കുട്ടികളോടു വലിയ സ്‌നേഹമായിരുന്നു. പിള്ളേര്‍ ഇടയ്ക്കു കാണാന്‍ ചെല്ലാറുണ്ട് എന്നു പറഞ്ഞു.''

അനുജത്തിയേക്കുറിച്ച് എത്ര പറഞ്ഞാലും അമ്മച്ചിക്കു മതിയാകില്ലെന്ന് മനോജിനറിയാം.

മനോജ് ക്ഷമയോടെ അമ്മച്ചി പറയുന്നതു കേട്ട് ഇരിക്കും. മനോജിന്റെ ഭാര്യ ഡെയ്‌സിയുടെ സഹോദരന്‍ പുരോഹിതനാണ്. ഫാദര്‍ ഇടയ്ക്ക് അമ്മച്ചിയെ കാണാനായി വരും. അമ്മച്ചിയും ഫാദറും കൂടിയാല്‍ പിന്നെ സാഹിത്യത്തേക്കുറിച്ചായിരിക്കും സംഭാഷണം.

ഫാദര്‍ മനോജിനോടു പ്രത്യേകം പറഞ്ഞ ഒരു കാര്യമുണ്ട്. ''അമ്മച്ചിയെ ശ്രവിക്കാന്‍ ദിവസവും കുറച്ചുസമയം നീക്കിവയ്ക്കണം. ചിലപ്പോള്‍ പറഞ്ഞതു തന്നെയായിരിക്കും പിറ്റേന്നും പറയുക. എങ്കിലും അവരെ ശ്രവിക്കാന്‍ ആളുണ്ടാവുക എന്നത് അവര്‍ക്കും ആശ്വാസദായകവും സന്തോഷകരവുമാണ്.''

''റബ്ബര്‍ പാലിന് പിന്നേം വില കുറയുകയാണല്ലോ. ഇന്നലത്തേക്കഴിഞ്ഞും കുറവാണല്ലോ ഇന്നു പേപ്പറില്‍ കാണിക്കുന്നത്. എസ്‌റ്റേറ്റുണ്ടെന്നു പറഞ്ഞിട്ട് എന്തു കാര്യം, എന്നാ കിട്ടാനാ. റബ്ബര്‍ പാല്‍ അടുത്തിടെയെങ്ങാനും കൊടുത്തായിരുന്നോ?'' ഏലമ്മ ചോദിച്ചു.

''ഇല്ലമ്മച്ചി എന്തെങ്കിലും വ്യത്യാസം വരുമോ എന്നറിയാനായി കാത്തിരിക്കയാ.''

''അതുമതി. എത്ര വര്‍ഷമായി റബ്ബറിനു വിലയില്ലാതായിട്ട്. അതിനേക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവും ഒന്നും പറയുന്നില്ലല്ലോ. എത്ര കര്‍ഷക പാര്‍ട്ടികളുണ്ട്.'' അമ്മച്ചിയുടെ അഭിപ്രായ പ്രകടനം കേട്ട് മനോജ് ചിരിച്ചു.

''അതുകൊണ്ടു കൂടിയാ ഈ കുട്ടികളൊക്കെ അന്യരാജ്യത്തേക്കു ചേക്കേറുന്നത്. ഈ നാട്ടില്‍ കൃഷിയും കച്ചവടവുമൊന്നും പച്ചപിടിക്കില്ല. എന്റെ മൂത്തമോന്‍ എത്ര ബിസിനസ്സ് ചെയ്തു. ഒന്നുകില്‍ യൂണിയന്‍കാര്‍ പൂട്ടിക്കും ഇല്ലെങ്കീ മറ്റു ബിസിനസ് എതിരാളികള്‍ എങ്ങനെയെങ്കിലും പൊട്ടിച്ചു കൈയീ കൊടുക്കും. അവനെ ഈയിടെ എങ്ങാനും കാണാറുണ്ടോ?'' ഏലമ്മ ചോദിച്ചു.

''ഇല്ലമ്മച്ചി. ഞാന്‍ കണ്ടിട്ടു കുറച്ചായി. നാളെയോ മറ്റോ ഒന്നു കാണാന്‍ പോകണം.''

''ഒന്നു പോയി അന്വേഷിക്ക്. അവന്റെ ബാങ്ക് ലോണിനേക്കുറിച്ചും ഒന്നു ചോദിച്ചേക്ക്. അവനെന്തിനാ ഇത്രേം പൈസ ലോണെടുത്തതെന്തിനാന്നാ എനിക്കു മനസ്സിലാകാത്തത്.'' ഏലമ്മ സങ്കടത്തോടെ പറഞ്ഞു.

''ബിസിനസ്സ് ഡെവലപ്‌മെന്റിനായി എടുത്തതല്ലേ? കോവിഡ് വരുമെന്നോ ബിസിനസ്സ് വളര്‍ച്ചയെ ബാധിക്കുമെന്നോ ആരെങ്കിലും കരുതിയോ. അങ്ങനെ ഒത്തിരിപേര്‍ ജപ്തിയുടെ വക്കിലാണമ്മച്ചി.''

''കാര്യം ലിസ്സിയുടെ കൈയില്‍ പണമുണ്ട്. അവള്‍ സഹായിക്കയൊന്നുമില്ല. അതുകൊണ്ട് ഞാന്‍ പറയാനും പോയില്ല.''

''സഹായിക്കുന്നതിനും പരിധിയില്ലേ അമ്മച്ചി. അവരവരുടെ നിലനില്പും കൂടി നോക്കിയല്ലേ സഹായിക്കാന്‍ പറ്റൂ.''

''അതും ശരിയാ. നിലയില്ലാക്കയത്തില്‍ വീണവനെ രക്ഷിക്കാന്‍ പാടാ.''

ഏലമ്മയില്‍ നിന്നൊരു നെടുവീര്‍പ്പ് പുറത്തേക്കുവന്നു. ''മെര്‍ലിന് എന്തുണ്ട് വിശേഷം. പിള്ളേര് ഇന്നലെ വിളിച്ചിരുന്നോ?''

വിളിച്ചിരുന്നമ്മച്ചി. സുഖമായിരിക്കുന്നു. ഞാനും ഡെയ്‌സിയും കൂടി ഒന്നു യു കെ യ്ക്കു പോയാലോ എന്ന് ആലോചിക്കയാ. അമ്മച്ചി എന്തു പറയുന്നു.''

''നല്ല കാര്യം. ഞാനതങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. മെര്‍ലിന്‍ അമ്മയില്ലാത്ത മോളാ. അവള്‍ക്ക് ഈ അവസ്ഥയില്‍ കൂടുതല്‍ കരുതലും സ്‌നേഹവും കൊടുക്കേണ്ടത് നമ്മളാ.''

''അമ്മച്ചിയുടെ കാര്യമോര്‍ക്കുമ്പം...'' അയാളൊന്നു നിര്‍ത്തി.

''എന്റെ കാര്യം ഓര്‍ത്തു വിഷമിക്കണ്ട. എനിക്കു സഹായത്തിന് ആരെയെങ്കിലും ഏര്‍പ്പാടാക്കിയാ മതി. അടുക്കളയില്‍ ജാന്‍സിയും ഔട്ട് ഹൗസില്‍ ഡ്രൈവര്‍ പാപ്പച്ചനുമില്ലേ, അതുമതി.''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org