പ്രകാശത്തിന്റെ മക്കള്‍ [02]

നോവല്‍ [02]
പ്രകാശത്തിന്റെ മക്കള്‍ [02]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

അന്നു രാവിലെ പത്തു മണി ആയപ്പോഴേക്കും സഹോദരിയുടെ വീട്ടിലേക്ക് മനോജ് കാറോടിച്ചു ചെന്നു.

ഭംഗിയായി പരിപാലിക്കുന്ന ഗാര്‍ഡനെ ചുറ്റിവളഞ്ഞു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. കാര്‍ ഷെഡില്‍ രണ്ടു പോഷ് കാറുകള്‍ കിടക്കുന്നുണ്ട്.

മനോജ് ഡോര്‍ തുറന്നു പുറത്തിറങ്ങി. സിംഹം പോലെയുള്ള രണ്ടു നായ്ക്കള്‍ കൂട്ടില്‍ നിന്നും ഉച്ചത്തില്‍ കുരച്ചു.

ഇവിടെ കോളിംഗ് ബെല്ലിന്റെ ആവശ്യമില്ല. സി സി ടി വിയുടേയും ആവശ്യമില്ല. മനോജ് ഓര്‍ത്തു ചിരിച്ചു.

ലിസ്സിയുടെ ഭര്‍ത്താവ് ജോര്‍ജ് ഡോര്‍ തുറന്നു പുറത്തേക്കു വന്നു.

''ആരിത് അളിയനോ. അളിയനെന്താ അവിടെ ത്തന്നെ നിക്കണെ. കേറി വാ അളിയാ.'' അയാള്‍ വെളുക്കെ ചിരിച്ച് മനോജിനെ സ്വാഗതം ചെയ്തു.

മനോജ് അളിയനോടൊപ്പം ഡ്രോയിംഗ് റൂമില്‍ ഇരുന്നു.

''ചേച്ചി എവിടെപ്പോയി?'' അയാള്‍ ചോദിച്ചു.

''ഇവിടെയുണ്ട്. അകത്തു കുക്കറി ഷോ നടത്താനുള്ള പ്രാക്ടീസ് നടത്തിക്കൊണ്ടിരിക്കയാ... ലിസ്സിക്ക് ഹോബി ഹോം സയന്‍സായിരുന്നല്ലോ. റിട്ടയര്‍മെന്റിനുശേഷം പലരും ഹോബികളൊക്കെ പൊടിതട്ടി എടുത്തു കൊണ്ടിരിക്കുകയല്ലേ. സര്‍വീസ് കാലത്തു ചെയ്യാന്‍ പറ്റാത്തതിന്റെ കേടു തീര്‍ക്കാന്‍ പാകത്തിന് വാശിയോടെയല്ലേ ഇപ്പം ഓരോന്നു ചെയ്യണത്.''

അയാള്‍ പറഞ്ഞു ചിരിച്ചപ്പോള്‍ കൂടെ മനോജും ചിരിച്ചു.

''അളിയനെന്താ വന്നേന്ന് ചോദിക്കണത് മര്യാദ കേടാ. എന്നാലും അളിയന്‍ ചുമ്മാ വരില്ലെന്നെനിക്കറിയാം. മെര്‍ലിന്റെ വിശേഷം ലിസ്സി പറഞ്ഞു അറിഞ്ഞിരുന്നു. ഡെലിവറി ആയോ?''

''ഇല്ല. ഡേറ്റ് ആയിട്ടില്ല.''

''അപ്പോ വരവിന്റെ ഉദ്ദേശം വെറെയാ.'' അയാള്‍ വീണ്ടും വെളുക്കെ ചിരിച്ചു.

''ഞാന്‍ വന്നത് എന്താണെന്നു വച്ചാ... മെര്‍ലിന്റെ ഡെലിവറി ആകുമ്പോഴേക്കും എനിക്കും ഡെയ്‌സിക്കും കൂടി യു കെ യ്ക്കു പോകാന്‍ പ്ലാനുണ്ട്.''

''ചുമ്മാ പോയി അടിച്ചുപൊളിക്ക് അളിയാ.''

''ഞങ്ങള്‍ പോവുമ്പം അമ്മച്ചി തനിയെ ആകുമല്ലോ. അമ്മച്ചിയെ ഇവിടെ ആറുമാസത്തേക്ക് കൊണ്ടാക്കട്ടെ എന്നു ചോദിക്കാനാ ഞാന്‍ വന്നത്.''

''അതിനെന്താ മനോജെ. ഇവിടെ ഞങ്ങള്‍ മാത്രമല്ലേ ഉള്ളൂ. അമ്മച്ചി പോന്നോട്ടെ. ഇതിന് ഒന്നു ഫോണ്‍ ചെയ്താല്‍ മതിയായിരുന്നല്ലോ.''

മനോജ് ആശ്വാസമുതിര്‍ത്തു. അളിയനേക്കുറിച്ചും ചേച്ചിയേക്കുറിച്ചും നെഗറ്റീവ് ആയി ചിന്തിച്ചതില്‍ മനോജിനു കുറ്റബോധം തോന്നി.

''ഞാന്‍ ലിസ്സിയെ വിളിച്ചു കൊണ്ടുവരാം.'' ജോര്‍ജ് അകത്തേക്കു പോയി.

നിറഞ്ഞ സന്തോഷത്തോടെ ജോര്‍ജ് ലിസ്സിയേയും കൂട്ടി വന്നു.

''എടാ മനോജേ, എത്ര നാളായെടാ നീ ഇങ്ങോടൊക്കെ വന്നിട്ട്. എന്തു തോന്നി ഇപ്പോള്‍.'' ലിസ്സി ആഹ്ലാദത്തോടെ വന്ന് അവന്റെ അടുത്തിരുന്നു.

''നമ്മള്‍ ഏതെങ്കിലും ഫങ്ഷനൊക്കെ ഇടയ്ക്കുകാണാറുണ്ടല്ലോ അതല്ലേ ഇങ്ങോടു വരാത്തത്. പിന്നെ കോവിഡ് കാലഘട്ടത്തില്‍ എല്ലാവരും സന്ദര്‍ശനം ഒഴിവാക്കി വീഡിയോ കോളുകൊണ്ട് തൃപ്തിപ്പെടുകയല്ലായിരുന്നോ. ഇപ്പോഴും അതു തുടരുന്നു എന്നു മാത്രം.'' അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

''ശരിയാ നീ പറഞ്ഞത്. ബന്ധുവീടുകളിലും മറ്റും പോയ കാലം മറന്നു. ഒന്നിനും സമയം തികയുന്നില്ല. റിട്ടയര്‍മെന്റിനുശേഷം ചെയ്യാനായി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഓര്‍ത്തുവച്ചതാ. ഒന്നും നടക്കുന്നില്ല.''

''വാ, അകത്തോട്ടിരിക്കാം. ഞാന്‍ ചായ എടുക്കാം.'' മനോജ് തികഞ്ഞ സന്തോഷത്തോടെ ചേച്ചിക്കു പിന്നാലെ ഡൈനിംഗ് റൂമില്‍ എത്തി.

''ജോര്‍ജിനു ചായ വേണോ?'' ലിസ്സി ചോദിച്ചു.

''എനിക്കു വേണ്ട. ഞാനിപ്പം കുടിച്ചതല്ലേ ഉള്ളൂ.''

ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചേച്ചിയോടു വിഷയം പറയാനായി മനോജ് ആമുഖം ഇട്ടു.

''ഇന്നാളത്തെ വീഴ്ചയ്ക്കുശേഷം അമ്മച്ചിക്ക് ആരോഗ്യം പൂര്‍ണ്ണമായി വീണ്ടു കിട്ടിയിട്ടില്ല. തൊണ്ണൂറു ആകാറായല്ലോ ഇനി ആരോഗ്യം പൂര്‍വസ്ഥിതിയിലെത്തുമെന്ന് കരുതാനും വയ്യ.''

''അമ്മച്ചിയെ ഇടയ്ക്കു വന്നൊന്നു കാണണമെന്നു വിചാരിക്കും. പക്ഷേ, സമയം കിട്ടണ്ടെ. കുക്കറി ഷോ കഴിയുമ്പം ഫ്‌ളവര്‍ ഷോ, ഫ്‌ളവര്‍ ഷോ കഴിയുമ്പം ഡോഗ് ഷോ. ശരിക്കും പറഞ്ഞാല്‍ നിന്നു തിരിയാന്‍ സമയമില്ല. എല്ലാറ്റിന്റെയും ഭാരവാഹിത്വം എന്റെ തലയിലാ... കഴിവും സൗന്ദര്യവും നോക്കി അവര്‍ എന്റെ പേരു നിര്‍ദ്ദേശിക്കുമ്പം ഒഴിഞ്ഞു മാറുന്നതെങ്ങനാ.''

മനോജ് വെറുതെ ചിരിച്ചു. കൂടെ ജോര്‍ജും ചിരിച്ചും. ''ചേച്ചീ ഞാന്‍ മെര്‍ലിന്റെ പ്രഗ്‌നന്‍സിയേക്കുറിച്ചു പറഞ്ഞിരുന്നല്ലോ. ഞങ്ങള്‍ ആറുമാസത്തേക്ക് യു കെ യ്ക്കു പോകയാ. അളിയനോടു ഞാന്‍ അമ്മച്ചിയെ ഇവിടെ ആറുമാസം നിറുത്തുന്ന കാര്യം പറഞ്ഞിരുന്നു. അളിയനതു സമ്മതിച്ചു. ചേച്ചിക്കും സമ്മതമാണെന്നറിയാം. എന്നാലും ഒന്നുപറയണമല്ലോ ഞാന്‍.'' മനോജ് ഭവ്യതയോടെ പറഞ്ഞു.

ലിസ്സിയുടെ മുഖത്തെ തെളിച്ചം കെട്ടു. മനോജിന്റെ സാന്നിധ്യം അവഗണിച്ച് അതൃപ്തിയോടെ അവര്‍ ജോര്‍ജിനെ നോക്കി. പിന്നീടവര്‍ മനോജിന്റെ നേരേ മുഖം ഉയര്‍ത്തി അവര്‍ പുഞ്ചിരിയോടെ പറയാനാരംഭിച്ചു.

''എടാ, നീ അങ്ങനെ പറഞ്ഞപ്പോള്‍ ജോര്‍ജിനു മറുത്തു പറയാന്‍ പറ്റാത്തതുകൊണ്ട് സമ്മതിച്ചതാ. അത് അമ്മച്ചിയോടുള്ള സ്‌നേഹക്കുറവു കൊണ്ടല്ല. എനിക്കിവിടെ പിടിപ്പത് ഉത്തരവാദിത്തങ്ങളാ. ഞാന്‍ ചിലപ്പോള്‍ വരുന്നതു രാത്രി വൈകിയായിരിക്കും.''

''ശരിയാ ലിസ്സി പറഞ്ഞത്. ലിസ്സി മിക്കപ്പോഴും രാത്രി വൈകിയാ വരാറ്. ഞാനത് ചിന്തിക്കാതെ പറഞ്ഞുപോയതാ മനോജെ. സോറീട്ടോ.''

''ഓ കെ അളിയാ അതു സാരമില്ല.''

''ജോര്‍ജിനാണെങ്കില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹിത്വം ഉണ്ട്. അവര് പാവങ്ങള്‍ക്ക് ചികിത്സാ സഹായം നല്കുകയോ വീടു വച്ചു കൊടുക്കുകയോ ഒക്കെ ചെയ്യാറുണ്ട്. അപ്പം വീട്ടില്‍ ഞങ്ങളു രണ്ടും ഇല്ലാതെ എങ്ങനെയാ. പ്രായമായ അമ്മച്ചിയെ തനിയെ ആക്കിയിട്ടു പോകുന്നതു ശരിയല്ലല്ലോ. നീ ചേട്ടന്‍ ജോര്‍ജിന്റെ അടുത്തു ചോദിക്ക്. അവനിപ്പം കണ്‍സ്ട്രക്ഷന്‍ വര്‍ക്കൊക്കെ കുറവല്ലേ. കൂടുതല്‍ സമയവും വീട്ടില്‍തന്നെ ഉണ്ടെന്നാ കേട്ടത്. മിനിയാണെങ്കീ എപ്പോഴും വീട്ടിലുണ്ടുതാനും.''

ഭാര്യ പറഞ്ഞുതീര്‍ന്നതേ ജോര്‍ജ് ആരംഭിച്ചു. ''ഞാന്‍ അജയ്‌ന്റെ കാര്യം പറയാന്‍ മറന്നു. ജോര്‍ജിന്റെ മകന്‍ അജയ് ഇപ്പോ ബാംഗ്‌ളൂര്‍ ഐ ടി കമ്പനിയിലെ ജോലി റിസൈന്‍ ചെയ്തു പോന്നു എന്നാ കേട്ടത്. ലൗ ഫെയിലിയര്‍ ആണ് കാരണമെന്നാ കേട്ടത്. അവന്‍ അമ്മച്ചിക്കൊരു കൂട്ടാവുമല്ലോ. മനോജ് ജോര്‍ജിനടുത്തു ചോദിക്ക്. അതാ നല്ലത്.''

''അങ്ങനെയാകട്ടെ അളിയാ... ഞാന്‍ അതേക്കുറിച്ചു ചിന്തിച്ചില്ല. എന്റെ പൊട്ടബുദ്ധിക്ക് ഞാന്‍ നേരേ ഇങ്ങോട്ടു പോന്നു.'' മനോജ് ആത്മനിന്ദയോടെ പ്രതികരിച്ചു.

''എടാ മനോജേ, അളിയന്റെ അപ്പനും അമ്മയും ജീവിച്ചിരുന്നപ്പം എന്തോ കാര്യത്തിന് തറവാട്ടില്‍ നിക്കണ അനിയന്‍ രാജു ചോദിച്ചതാ അപ്പനേം അമ്മേനേം കൊറച്ചു ദിവസം ഇവിടെ നിര്‍ത്തട്ടേ എന്ന് അപ്പോഴും ഞങ്ങള്‍ക്കു സമയമില്ലാത്തകൊണ്ട് ഞങ്ങള്‍ സമ്മതിച്ചില്ല. ഇപ്പോ എന്റെ അമ്മച്ചിയെ കൊണ്ടു നിര്‍ത്തിയാല്‍ രാജുവിന് എന്തു തോന്നും.''

''ശരിയാ, ശരിയാ. ഞാനതൊന്നും ചിന്തിച്ചില്ല. ലിസ്സി പറയുന്നതു സത്യമാ മനോജേ.''

'ചക്കിക്കൊത്ത ചങ്കരന്‍' എന്ന ചൊല്ലു മനോജിന്റെ മനസ്സില്‍ തികട്ടി വന്നു.

''ജോണിക്കുട്ടിയും മാത്തുക്കുട്ടിയും ഇനി എന്നാ ചേച്ചി വരവ്. അവര്‍ രണ്ടും ഫാമിലിയായി കാനഡയിലല്ലേ.''

''അതേടാ. അവരിനി അടുത്തവര്‍ഷമേ വരൂ. പിള്ളേരുടെ ഹോളി കമ്മ്യൂണിയന്‍ നാട്ടില്‍ വച്ചു നടത്തണമെന്നാ അവരുടെ ആഗ്രഹം. അവര്‍ വിളിക്കുമ്പം നിന്റെ കാര്യം ചോദിക്കാറുണ്ട്.''

''ഇപ്പോള്‍ അവിടെ നല്ല സ്‌നോ ആയിരിക്കുമല്ലോ?''

''അതെയതേ സ്‌നോയൊക്കെ മിക്കപ്പോഴും ഉണ്ട്. എന്നാലും പോകുന്നവരാരും ഇങ്ങോട്ടു തിരിച്ചുപോരാന്‍ തയ്യാറാകുന്നില്ലല്ലോ.''

''അവിടെയാകുമ്പം സമാധാനത്തോടെ കഴിയാമല്ലോ ഇവിടെ ജീവിച്ചുപോകാന്‍ വലിയ പാടാ ചേച്ചി.''

''എന്നാല്‍ ഞാനിറങ്ങട്ടെ.'' അയാള്‍ യാത്ര പറഞ്ഞു കാറില്‍ക്കയറി ഓടിച്ചുപോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org