നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി
ചിത്രീകരണം: എന്‍ എസ് ബൈജു
അധ്യായം : 01
ഈ മാസമാണ് മനോജിനും ഭാര്യ ഡെയ്‌സിക്കും യു കെ യിലേക്കു പോകേണ്ടത്.
പേപ്പര്‍ വര്‍ക്കുകളെല്ലാം തയ്യാറായിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷമായിരന്നു മനോജ്-ഡെയ്‌സി ദമ്പതികളുടെ മുപ്പത്തിമൂന്നാം വിവാഹവാര്‍ഷികം. അവര്‍ക്ക് ഏകമകന്‍ ഡേവിഡ്. ഡേവിഡിന്റെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു.
വിവാഹത്തോടനുബന്ധിച്ച് അപ്പന്റെയും അമ്മയുടെയും വെഡിംഗ് ആനിവേഴ്‌സറി സെലബ്രേറ്റ് ചെയ്താണ് നവദമ്പതികള്‍ യു കെ യിലേക്കു പറന്നത്.
ഡേവിഡും മെര്‍ലിനും യു കെ യിലെത്തി ഏറെ കഴിയുന്നതിനു മുമ്പ് അവരുടെ കുടുംബത്തിലേക്ക് ഒരു സന്തോഷവാര്‍ത്ത എത്തി. മെര്‍ലിന്‍ പ്രഗ്‌നന്റാണെന്ന വാര്‍ത്ത മനോജിനും ഡെയ്‌സിക്കും ഏറെ ആഹ്‌ളാദം പകര്‍ന്നു.
തങ്ങള്‍ ഗ്രാന്‍ഡ്പായും ഗ്രാഡ്മായും ആകാന്‍ പോവുന്ന കാര്യം അവര്‍ ബന്ധുജനങ്ങളുമായി പങ്കുവച്ച് ആഹ്‌ളാദിച്ചു.
മനോജും ഡെയ്‌സിയും എന്നും ഡേവിഡും മെര്‍ലിനുമായി വീഡിയോ കോള്‍ ചെയ്യും.
ഗര്‍ഭകാലത്തു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളേക്കുറിച്ച് ഡെയ്‌സി സ്‌നേഹത്തോടെ മെര്‍ലിനെ പറഞ്ഞു മനസ്സിലാക്കി.
''ഈ മമ്മീടെ ഒരുകാര്യം. അവള്‍ നഴ്‌സല്ലേ. അവള്‍ക്കെല്ലാം അറിയാം. അതിനു പ്രത്യേക ക്ലാസൊന്നും എടുക്കേണ്ട.'' ഡേവിഡ് ചിരിച്ചുകൊണ്ട് മമ്മിയോടു പറഞ്ഞു.
എങ്കിലും എന്നും ചില ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കിയില്ലെങ്കില്‍ ഡെയ്‌സിക്ക് ഉറക്കം വരില്ല.
മെര്‍ലിന് പപ്പ മാത്രമേ ഉള്ളൂ. ഒരു കാറപകടത്തില്‍ മെര്‍ലിന്റെ മമ്മ മരിച്ചു. മെര്‍ലിന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. കാറില്‍ മമ്മ മാത്രമേ ബാക്‌സീറ്റല്‍ ഉണ്ടായിരുന്നുള്ളൂ. മെര്‍ലിന്‍ പപ്പയോടൊപ്പം ഫ്രണ്ട് സീറ്റിലായിരുന്നു. നീളം കൂടിയ തടികള്‍ കയറ്റിവന്ന ഒരു ലോറി കാറിന്റെ ബാക്കില്‍ ഇടിക്കുകയായിരുന്നു.
അന്നു വീഡിയോ കോള്‍ ചെയ്തപ്പോള്‍ ഡേവിഡും മെര്‍ലിനും ആ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പനും അമ്മയും യു കെ യുലേക്കു വരണമെന്നും തങ്ങളോടൊപ്പം ആറുമാസം താമസിക്കണമെന്നും.
ഡെലിവറി കഴിഞ്ഞു താമസിയാതെ തന്നെ മെര്‍ലിനു ജോലിക്കു കയറണമെന്നും അതുകൊണ്ട് പപ്പയും മമ്മിയും അവിടേക്കു ചെല്ലണമെന്ന് ഇരുവരും സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടു.
മനോജും ഡെയ്‌സിയും അമ്പരപ്പോടെ പരസ്പരം നോക്കി.
''അതെങ്ങനെയാ മോനെ, ഞങ്ങള്‍ വരുന്നത്. അപ്പോ ഇവിടെ അമ്മച്ചി തനിയെ ആകില്ലേ? അമ്മച്ചി ഇന്നാളത്തെ വീഴ്ചയ്ക്കുശേഷം ബെറ്ററായി വരുന്നതേ ഉള്ളൂ. ഇപ്പോള്‍ കഷ്ടി വാക്കറില്‍ നടക്കുമെന്നല്ലാതെ...''
ഡെയ്‌സിയുടെ വാക്കുകള്‍ക്ക് പ്രതികൂലമായി ഡേവിഡ് തല ചലിപ്പിച്ചു.
''മമ്മിയും പപ്പയും ഞങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തല്ലേ ഞങ്ങളുടെ കൂടെ വേണ്ടത്. മെര്‍ലിനു മമ്മിയുണ്ടായിരുന്നെങ്കില്‍ അവര്‍ ഓടി വരില്ലായിരുന്നോ. ഇപ്പോള്‍ മമ്മിയല്ലേ ആ സ്ഥാനത്തു വേണ്ടത്.''
''എനിക്ക് വരാന്‍ ആഗ്രഹമില്ലെന്നാണോ നീ കരുതന്നത്.''
''അമ്മച്ചിയെ ജോര്‍ജങ്കിളിന്റെയടുത്തോ ലിസ്സിയാന്റിയുടെ അടുത്തോ ആക്ക്. ആറുമാസത്തേക്കല്ലേ വേണ്ടൂ. അവരു സമ്മതിക്കും. പിന്നെയെന്താ.'' ഡേവിഡ് പ്രതീക്ഷയോടെ അവരുടെ ശബ്ദത്തിനു കാതോര്‍ത്തു.
''അതിനവര്‍ തയ്യാറാവുമോ എന്നു സംശയമുണ്ട്. മുമ്പ് എനിക്ക് കോവിഡിന്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോ ഞാന്‍ ലിസ്സിചേച്ചിയോടു പറഞ്ഞതാ അമ്മച്ചിയെ കുറച്ചു ദിവസത്തേക്ക് അവിടെ ആക്കാമെന്ന്. അപ്പോ ചേച്ചി പറഞ്ഞു അമ്മച്ചിക്ക് ഇപ്പം കോവിഡ് തുടങ്ങിയിട്ടുണ്ടാവും. വൈറസിന്റെ ലക്ഷണങ്ങള്‍ കുറച്ചു ദിവസം കഴിഞ്ഞേ പുറത്തുവരൂ. അതുകൊണ്ട് അങ്ങോട്ടു കൊണ്ടു ചെല്ലണ്ടാ എന്ന്.''
''അതു കോവിഡിന്റെ സമയത്തല്ലേ പപ്പാ. കോവിഡിനെ അന്ന് എല്ലാവര്‍ക്കും പേടിയല്ലാര്‍ന്നോ.''
''ചേട്ടനോടും അന്ന് അമ്മച്ചിയെ കൊണ്ടുപോകാമോ എന്നു ചോദിച്ചതാ. അപ്പോ പറഞ്ഞു ആ പ്രദേശം മുഴുവന്‍ ക്വാറന്റയിനിലാ കൊണ്ടുവരണ്ട എന്ന്. പിന്നീട് ഞാനറിഞ്ഞു ആ പ്രദേശത്തൊന്നും ക്വാറന്റിയിനില്ലാര്‍ന്നൂന്ന്. കുരുത്തം കൊണ്ട് അമ്മച്ചിക്കൊരു കോവിഡും വന്നില്ല.''
''പപ്പയ്ക്കു അവരോടു ചോദിക്കാന്‍ ബുദ്ധിമുട്ടാണെങ്കീ ഞാന്‍ ചോദിക്കാം.''
ഡേവിഡ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
''ഞാനേതായാലും രണ്ടു പേരോടും സംസാരിച്ചു നോക്കാം. എന്നിട്ടു നിന്നെ വിളിക്കാം.''
''ഓക്കെ പപ്പ.''
ഡേവിഡ് വീഡിയോ കോള്‍ കട്ട് ചെയ്തു.
''നമ്മള്‍ വീട്ടിലെ അസ്വാരസ്യങ്ങള്‍ മക്കളെ അറിയിക്കാറില്ലല്ലോ. മക്കടെ ഓര്‍മ്മ നമ്മളും ചേച്ചിയും ചേട്ടനുമായി നല്ല ടേംസിലാണെന്നാ.'' മനോജ് ഡെയ്‌സിയെ നോക്കി.
''ഡേവിഡ് അതിനു വീട്ടില്‍ നിന്ന ദിവസങ്ങള്‍ കുറച്ചല്ലേ ഉള്ളൂ. പഠിച്ചതു ബാംഗ്‌ളൂര്‍ ജോലി ചെയ്തും ബാംഗ്‌ളൂര്‍. പിന്നെ താമസിയാതെ ലണ്ടനു പോയില്ലേ.''
''അമ്മച്ചിയുടെ ക്ഷേമം അന്വേഷിച്ച് ചേട്ടനോ ചേച്ചിയോ അങ്ങനെ ഇവിടെ വരാറില്ല. അങ്ങനെ യുള്ളവരോടു കുറച്ചു നാളത്തേക്ക് അമ്മച്ചിയെ കൊണ്ടുപോകാമോ എന്ന് എങ്ങനെ ചോദിക്കും. അതാ എന്നെ അലട്ടുന്നത്. മനോജ് സന്ദേഹപ്പെട്ടു.
''അതൊന്നും നോക്കണ്ട. നമ്മുടെ ആവശ്യമല്ലേ. ലിസ്സിച്ചേച്ചിക്ക് ഡേവിഡിനോടൊരു താല്പര്യമൊക്കെയുണ്ട്. അതുകൊണ്ട് അവന്റെ കാര്യത്തിനാകുമ്പം സമ്മതിച്ചേക്കും. അല്ലെങ്കിലും അവര്‍ രണ്ടുപേരും റിട്ടയര്‍ ചെയ്ത കാരണം പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതിരിക്കയല്ലേ. സമ്മതിക്കുമെന്നാ എനിക്കു തോന്നുന്നത്.''
''ഏതായാലും നാളെ ലിസ്സിച്ചേച്ചിയുടെ വീടുവരെ പോയി കാര്യങ്ങള്‍ സംസാരിക്കാം.'' ഒരു ഫോണ്‍കോള്‍ വന്നപ്പോള്‍ അത് അറ്റന്റു ചെയ്യാനായി മനോജ് എഴുന്നേറ്റുപോയി.
പാലക്കാട്ടില്‍ തറവാട്ടിലെ ഈപ്പച്ചന്‍ ധനാഢ്യനും പൊതുകാര്യ പ്രസക്തനുമായിരുന്നു. ഏറെ വര്‍ഷം പഞ്ചായത്തു പ്രസിഡന്റായിരുന്ന ആള്‍.
അജാനുബാഹുവായ ഈപ്പച്ചന്‍ മുതലാളി കൈവയ്ക്കാത്ത മേഖലകളില്ലായിരുന്നു. റബ്ബര്‍, തേയില എസ്‌റ്റേറ്റുകളും ബസ് സര്‍വീസും ഉണ്ടായിരുന്നു.
തൊഴിലാളികള്‍ ബസ്സുകള്‍ക്കു മുന്നില്‍ കൊടികുത്തിയപ്പോള്‍ ബസ് സര്‍വീസ് വേണ്ടെന്നു വച്ചു.
സാമ്പത്തികത്തിന്റെ കണ്ണാടിയിലൂടെ മാത്രം എല്ലാം നോക്കിക്കാണുന്ന ആളല്ലായിരുന്നു അദ്ദേഹം. തികഞ്ഞ ഈശ്വരഭക്തനും പരസ്‌നേഹിയുമായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ ഏലമ്മ. അവര്‍ക്കു മൂന്നു മക്കള്‍. മൂത്തത് ലിസ്സി. പിന്നെ ജോര്‍ജ്, മനോജ്.
മക്കള്‍ എല്ലാവരും സാമ്പത്തികമായി തൃപ്തികരമായ നിലയിലാണെന്നു കണ്ട് തൃപ്തിയോടെ ഈപ്പച്ചന്‍ ദൈവസന്നിധിയിലേക്കുപോയി.
അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ തറവാടു വീടു പുതുക്കിപ്പണിതു. ജോര്‍ജിനു നല്ലൊരു വീടു നിര്‍മ്മിച്ചു നല്കി മാറ്റിപ്പാര്‍പ്പിച്ചു.
കുടുംബത്തിലെ ഏതു കാര്യത്തിനും ഈപ്പച്ചന്റെ അവസാന വാക്ക് ഏലമ്മയുടേതായിരുന്നു. ഏലമ്മയോടു ചോദിക്കാതെ ഒരു തീരുമാനവും ഈപ്പച്ചന്‍ എടുത്തിരുന്നില്ല.
ഈപ്പച്ചന്‍ ഡിഗ്രി പാസ്സായ ആളാണ്. ഏലമ്മ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയും.
ഈപ്പച്ചന്റെ മരണശേഷം കുടുംബത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഏലമ്മയ്ക്കുള്ള സ്ഥാനം കുറഞ്ഞു വന്നു. മക്കള്‍ ചില കാര്യങ്ങള്‍ക്ക് അഭിപ്രായം ചോദിക്കുകയോ അല്ലെങ്കില്‍ കാര്യങ്ങള്‍ നിര്‍വഹിച്ചശേഷം, അവരെ അറിയിക്കുകയോ ചെയ്തുപോന്നു.
കാലത്തിനനുസരണമായി സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സന്നദ്ധയായ ഒരു സ്ത്രീയാണ് ഏലമ്മ.
വായനയാണ് അവരുടെ മുഖ്യഹോബി രണ്ടു മലയാളപത്രവും ഒരു ഇംഗ്ലീഷ് പത്രവും അവര്‍ വായിക്കും. ലോക ക്ലാസിക്കുകളുടെ വലിയൊരുശേഖരം അവരുടെ ലൈബ്രറിയിലുണ്ട്.
ഈപ്പച്ചന്‍ എവിടെയെങ്കിലും യാത്ര പോയിട്ടു വരുമ്പോള്‍ പുതിയൊരു ഇംഗ്ലീഷ് പുസ്തകം ഭാര്യയ്ക്കായി കൊണ്ടുവരും. അതുകാണുമ്പോള്‍ ഏലമ്മയില്‍ ഒരു ചിരി വിരിയും.
അവരുടെ വായനയെക്കുറിച്ച് അറിയാവുന്ന ബന്ധുജനങ്ങളില്‍ ചിലര്‍ കാണാന്‍ വരുമ്പോള്‍ പുസ്തകങ്ങള്‍ സമ്മാനിക്കാറുണ്ട്.
അവരുടെ ലൈബ്രറിയില്‍ എത്ര പുസ്തകങ്ങളുണ്ടെന്ന് അവര്‍ക്കോ മക്കള്‍ക്കോ അറിയില്ല. ചില വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ചില പുസ്തകങ്ങള്‍തേടി അവരുടെയടുത്തു വരാറുണ്ട്.
ഏലമ്മ ഭര്‍ത്താവിനെ ഇച്ചാച്ചാ എന്നാണു സംബോധന ചെയ്തിരുന്നത് - മക്കള്‍ സംബോധന ചെയ്യും പോലെ തന്നെ.
ഇച്ചാച്ചന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ചാരുകസേരയില്‍ക്കിടന്ന് ഏലമ്മ കഴിഞ്ഞകാലങ്ങള്‍ അയവിറക്കും.
പ്രാര്‍ത്ഥനാമുറിയില്‍ കൊന്തയുമായി അവര്‍ ഏറെ സമയം ചിലവഴിക്കും.
ഇപ്പോഴവരുടെ പ്രാര്‍ത്ഥന മെര്‍ലിനു വേണ്ടിയാണ്. അമ്മയില്ലാത്ത കുട്ടിയാണ്. അവള്‍ക്കും ഉദരത്തിലുള്ള കുഞ്ഞിനും ഒരു ബുദ്ധിമുട്ടും വരാതെ കാക്കണേ കര്‍ത്താവേ.
'എന്റെ അമ്മേ മാതാവേ അവള്‍ക്കു കൂട്ടായിരിക്കണമേ.'
(തുടരും)