പ്രകാശത്തിന്റെ മക്കള്‍ [10]

പ്രകാശത്തിന്റെ മക്കള്‍ [10]

നോവലിസ്റ്റ്: ജോര്‍ജ് നെയ്യശ്ശേരി

ചിത്രീകരണം: എന്‍ എസ് ബൈജു

[നോവല്‍ 10]


എത്ര താമസിച്ച് ഉറങ്ങിയാലും വെളുപ്പിന് ആറു മണിക്ക് ഉണരുന്ന ശീലമാണ് സൗമ്യയ്ക്ക്. അവള്‍ ഉണര്‍ന്നതേ മമ്മിയെ വിളിച്ചു.

''മമ്മി ഞാന്‍ വെറുതെ വിളിച്ചതാ. അമ്മച്ചി എഴുന്നേറ്റിട്ടില്ല. പ്രീതി ഉറക്കമായിരിക്കും അല്ലേ.''

''അവര്‍ എപ്പഴാ പോയത്?'' മേരിക്കുട്ടി ചോദിച്ചു.

''നാലു മണി ആയപ്പം പോയി.''

''നീ നന്നായിട്ട് ഉറങ്ങിയോ?''

''ഉവ്വ്. അമ്മ ഉറങ്ങിയില്ലേ?''

''എനിക്ക് ഉറക്കം കുറവായിരുന്നു. ഓരോന്നാലോചിച്ചു കിടന്ന് വൈകിയാ ഉറങ്ങിയത്.''

''ശരി മമ്മി. വൈകിട്ടു വിളിക്കാം.'' അവള്‍ ഫോണ്‍ വച്ചു.

''രാവിലെ ഒരു കട്ടന്‍ കുടിക്കുന്ന ശീലമുണ്ട്. അങ്ങനെ എന്തെങ്കിലും ശീലം അമ്മച്ചിക്കുണ്ടോ ആവോ?''

അടുക്കള ജോലിക്കായി ജാന്‍സി ഏഴര ആയിട്ടേ വരൂ എന്നാണു പറഞ്ഞത്.

അവള്‍ അടുക്കളയിലെത്തി. ചില കബോഡുകള്‍ തുറന്ന് കാപ്പിപ്പൊടി കണ്ടെത്തി. ഒരു പാത്രത്തില്‍ വെള്ളം വച്ചവള്‍ ഗ്യാസ് ഓണാക്കി. കാപ്പി തയ്യാറാക്കിയെടുത്തു. ഒരു കാപ്പി ബാക്കിയുണ്ട്. അമ്മച്ചിക്ക് ആവശ്യമെങ്കില്‍ കൊടുക്കാം.

കാപ്പി കുടിച്ചുകൊണ്ടവള്‍ അമ്മച്ചിയുടെ മുറിയിലെത്തി. അമ്മച്ചി നല്ല ഉറക്കമാണ്.

ഉണര്‍ത്തണ്ട. തനിയെ ഉണരട്ടെ.

അവള്‍ കതകുകള്‍ തുറന്ന് ഡ്രോയിംഗ് റൂമിലേക്കു നടന്നു. രണ്ടു മൂന്നു മുറികള്‍ അടഞ്ഞു കിടക്കുന്നുണ്ട്. അപ്പ്‌സ്‌റ്റെയറിലേക്കുള്ള ഡോര്‍ ലോക് ചെയ്തിരിക്കുന്നു. അവര്‍ ലണ്ടനു പോവുന്നതുകൊണ്ട് ലോക് ചെയ്തതായിരിക്കും.

മെയിന്‍ ഡോര്‍ തുറന്നവള്‍ സിറ്റൗട്ടിലേക്കിറങ്ങി.

ഒരു കൈയില്‍ പാല്‍കുപ്പിയും മറുകൈയില്‍ രണ്ടു മൂന്നു ദിനപത്രങ്ങളുമായി ഡ്രൈവര്‍ ചേട്ടന്‍ വരുന്നതവള്‍ കണ്ടു.

''ചേട്ടനു കട്ടന്‍ വേണമായിരുന്നോ?''

''വേണ്ട. ഞാന്‍ എയര്‍പേര്‍ട്ടില്‍ നിന്നും മടങ്ങിപ്പോരുന്ന വഴി കുടിച്ചു.''

''ഫ്‌ളൈറ്റ് എത്ര മണിക്കാ?''

''ഫ്‌ളൈറ്റ് രാവിലെ 8 മണിക്കാന്നാ പറഞ്ഞത്. എന്നോട് പൊക്കോളാന്‍ പറഞ്ഞു.''

''ഈ പാല് കടയില്‍ നിന്നും വാങ്ങിക്കുന്നതാണോ?'' അവള്‍ ചോദിച്ചു.

''അല്ല. ഇവിടെ അടുത്തൊരു പശുഫാം ഉണ്ട്. അവരു നല്ല പാല്‍ ഇവിടെ കൊണ്ടു വന്നു തരും.''

''ചേട്ടന്റെ വീട്ടില്‍ ആരെല്ലാമുണ്ട്.''

''എനിക്ക് രണ്ടാണ്‍മക്കളാ. അവര്‍ക്ക് പ്രൈവറ്റ് കമ്പനിയില്‍ ജോലിയുണ്ട്. അവര്‍ കല്യാണം കഴിഞ്ഞതാ. എന്റെ ഭാര്യ കഴിഞ്ഞവര്‍ഷം മരിച്ചു. അവര്‍ക്ക് കോവിഡ് പിടിച്ചായിരുന്നു. അതു കഴിഞ്ഞ് ഹാര്‍ട്ടിനു പ്രോബ്‌ളം ഉണ്ടായി.''

''ഞാന്‍ പോകട്ടെ. അമ്മച്ചി ഉണര്‍ന്നു കാണും.''

അവള്‍ ചെന്നപ്പോള്‍ അമ്മച്ചി ഉണര്‍ന്നു കിടക്കുകയായിരുന്നു.

''ഗുഡ്‌മോണിംഗ് അമ്മച്ചി.''

''നീ രാവിലെ എഴുന്നേറ്റു ഇല്ലേ?''

''ങാ. അമ്മച്ചിക്കു കട്ടന്‍ വേണോ?''

''നീ കട്ടന്‍ ഇട്ടോ. എങ്കീ ഒന്നു കുടിക്കാം.''

അവള്‍ ബാത്‌റൂമില്‍ കൊണ്ടു പോയി അമ്മച്ചിയെ പല്ലുതേപ്പിച്ചു. അമ്മച്ചിക്കു കട്ടന്‍ കാപ്പികൊടുത്തു.

അടുക്കളയിലെ ജോലക്കാരി ജാന്‍സി വന്നപ്പോള്‍ അവള്‍ പരിചയപ്പെട്ടു.

''ചേച്ചി ഇവിടെ വന്നു തുടങ്ങിയിട്ട് എത്ര വര്‍ഷമായി.''

''ഒരു പത്തു വര്‍ഷം. എനിക്കു രണ്ടു പെണ്‍മക്കളാ. അവരുടെ കല്യാണം കഴിഞ്ഞു. കെട്ടിയോന്ന് ടൗണില്‍ ചെറിയൊരു കടയുണ്ട്.''

ജാന്‍സി സൗമ്യയുടെ വീട്ടുവിശേഷങ്ങള്‍ തിരക്കി. ഓരോ ജോലികള്‍ ചെയ്തുകൊണ്ടുതന്നെ. അടുക്കള ജോലികളില്‍ സൗമ്യയും ജാന്‍സിയെ സഹായിച്ചു.

സൗമ്യ ചായ തയ്യാറാക്കി അമ്മച്ചിയുടെ മുറിയിലേക്കു നടന്നു.

അമ്മച്ചി ചായ കുടിച്ച് അവളെ നോക്കി.

''ഇതു നീ ഉണ്ടാക്കിയ ചായയാണോ?''

''അതെ അമ്മച്ചി. നന്നായില്ല ഇല്ലേ.''

''അല്ലടി മണ്ടി. ഇതു സൂപ്പറാ. അവള്‍ക്കു ജോലി കൂടുതല്‍ ഉള്ളതു കൊണ്ടായിരിക്കും നല്ല ചായ എടുക്കാന്‍ പറ്റാത്തത്.''

ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് അമ്മച്ചിക്കുള്ള മരന്നും കൊടുത്തവള്‍ അമ്മച്ചിയെ നോക്കി.

''ഞാന്‍ ഇനി എന്താ ചെയ്യേണ്ടത്.''

''നീ ഒന്നും ചെയ്യണ്ട. നീ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാന്‍ വന്നതല്ലേ, ക്ലാസ് ആരംഭിക്കാം.''

ഇംഗ്ലീഷ് സംസാരിക്കാന്‍ വിലങ്ങു തടി ആകുന്നത് ഗ്രാമര്‍ മിസ്റ്റേക് വരുമോ എന്ന സന്ദേഹമാണ്. അത് ആദ്യമേ മാറ്റിക്കളയുക. തെറ്റിയാല്‍ തെറ്റട്ടെ എന്നു വയ്ക്കണം. അങ്ങനെ രണ്ടു മൂന്നു വട്ടം തെറ്റിയാലും പിന്നെ ശരിയായിക്കൊള്ളും.

അലസതയാണ് എല്ലാ രോഗങ്ങളുടെയും മൂലകാരണം അതൊന്ന് ഇംഗ്ലീഷില്‍ പറഞ്ഞേ.

അവള്‍ ചെറു ചിരിയോടെ ഇളിഭ്യയായി നിന്നു.

''അലസതയുടെ ഇംഗ്ലീഷ് എന്താ?''

''ഐഡ്ല്‍നെസ്.''

''എല്ലാ രോഗങ്ങളും.''

''ആള്‍ ഇല്‍സ്.''

''മൂലകാരണം.''

''അറിയില്ല.''

''റൂട്ട് കോസ്.'' ഇനി അതൊന്നു മുഴുവനും ഇംഗ്ലീഷില്‍ പറഞ്ഞേ?''

''ഐഡ്ല്‍നെസ് ഈസ് ദ റൂട്ട് കോസ് ഓഫ് ആള്‍ ഇല്‍സ്.''

''കറക്റ്റ്. ഇവിടെ ഇംഗ്ലീഷ് പത്രം വരുത്തുന്നുണ്ട്. അത് നീ എല്ലാ ദിവസവും വായിക്കണം. പിന്നെ എന്റെ ലൈബ്രറി നീ കണ്ടല്ലോ. ഏറ്റവും അറ്റത്തിരിക്കുന്ന അലമാരയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ നാലഞ്ചു പുസ്തകങ്ങളുണ്ട്. അത് നിനക്കുപയോഗിക്കാം.''

അവള്‍ തലകലുക്കി.

''ഇവിടെ നിന്നു പോവുമ്പോഴേക്കും മണിമണിയായി ഇംഗ്ലീഷ് സംസാരിക്കണം. ഇല്ലെങ്കീ നിന്നേം കുറ്റം പറയും ടീച്ചറേം കുറ്റം പറയും.''

ഏലമ്മ പറഞ്ഞു ചിരിച്ചപ്പോള്‍ അവളും ചിരിച്ചു.

''എല്ലാറ്റിനും ടൈംടേബിള്‍ ഉള്ളതു നല്ലതാ. പത്തു മുതല്‍ പന്ത്രണ്ടു വരെയും രണ്ടു മുതല്‍ നാലു വരെയും ക്ലാസ്.

എന്റെ ലൈബ്രറിയില്‍ ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങളുണ്ട്. നിനക്കു മനസ്സിലാകുന്നതൊക്കെ ആദ്യം വായിക്കുക. അലമാരയില്‍ ഡിക്ഷനറി ഉണ്ട്. അര്‍ത്ഥം മനസ്സിലാക്കി വായിച്ചു പോകണം. പദസമ്പത്ത് സംഭാഷണത്തന് അത്യന്താപക്ഷിതമാണ്.

അവള്‍ വിസ്മയത്തോടെ അമ്മച്ചിയെ നോക്കി. ഈ പ്രായത്തിലും അമ്മച്ചി ഇങ്ങനെയൊക്കെ ആകുമ്പം ചെറുപ്പക്കാലത്ത് എന്തായിരിക്കും!

''എന്റെ പേരക്കുട്ടികളില്‍ വായനശീലം കിട്ടിയിരിക്കുന്നത് അജയ്‌നാ. അവന്‍ നന്നായി വായിക്കും. എല്ലാ കാര്യങ്ങളേക്കുറിച്ചും അറിവുണ്ട്.''

''നീ അവനെ കണ്ടിട്ടുണ്ടോ?'' അമ്മച്ചി അവളോടു ചോദിച്ചു.

''ഇല്ലമ്മച്ചി. ഞാന്‍ വന്നതില്‍പ്പന്നെ ഇവിടെ വന്നില്ലല്ലോ.''

'ശരിയാണ് ഞാനത് ഓര്‍ത്തില്ല. അടുത്ത ദിവസം വരും എന്നെ കാണാന്‍. അന്നേരം കാണാം.

ഞങ്ങടെ കുടുംബത്തില്‍ ആര്‍ക്ക് എന്ത് ആവശ്യം വന്നാലും അവന്‍

ഓടിയെത്തും. അതാ അവന്റെ പ്രകൃതം. സ്വാര്‍ത്ഥതയില്ലാത്തവനാ. ഇന്നത്തെ കാലത്ത് എല്ലാവരും സ്വന്തം കാര്യം നോക്കി നടക്കുമ്പം അവന്‍ വേറിട്ടു നില്‍ക്കുന്നു.

എന്റെ ഹസും അങ്ങനെ ആയിരുന്നു. പൊതുക്കാര്യം കഴിഞ്ഞേ വീട്ടുകാര്യം ഉള്ളൂ. വീട്ടുകാര്യം കഴിഞ്ഞേ സ്വന്തം കാര്യം ഉള്ളൂ. സ്വന്തം കാര്യത്തിന് അവസാന പരിഗണന നല്കുന്നവരാ ഇച്ചാച്ചനും അജയും.'' ഏലമ്മ പറഞ്ഞു ചിരിച്ചു. സൗമ്യയും ചിരിച്ചു.

''ങാ. ഞാന്‍ പേപ്പറൊന്നു വായിക്കട്ടെ. നീ ലൈബ്രറി റൂമില്‍പ്പോയി നിനക്കു വേണ്ടത് എന്താന്നു വച്ചാ വായിച്ചോ.''

അമ്മച്ചി ഹിന്ദു പേപ്പര്‍ കൈയിലെടുത്തു.

അമ്മച്ചിയുടെ അലമാരയില്‍ നിന്ന് സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ ലളിതമെന്നു തോന്നിയ പുസ്തകമെടുത്തവള്‍ കുറച്ചുനേരം വായിച്ചു.

സൗമ്യ അടുക്കളയില്‍ ചെല്ലുമ്പോള്‍ ജാന്‍സി മീന്‍ വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

''ഞാന്‍ എന്തിനെങ്കിലും സഹായിക്കണമോ ചേച്ചിയെ.''

''വേണ്ട. എനിക്കു ചെയ്യാനുള്ള പണിയല്ലേ ഇവിടുള്ളൂ. സൗമ്യ അമ്മച്ചിയുടെ കാര്യം നോക്കിക്കോളൂ.''

''ആകട്ടെ ചേച്ചി. ഉച്ചയൂണു സാധാരണ എത്ര മണിക്കാ അമ്മച്ചി കഴിക്കാറ്.''

''സാധാരണ ഒരു മണിക്കാ കഴിക്കാറ്. അമ്മച്ചിക്ക് ഊണ് ഊണുമുറിയില്‍ കൊണ്ടുപോയി വയ്ക്കാം. അവിടെ ഇരുന്നു കഴിക്കുന്നതാ അമ്മച്ചിക്കിഷ്ടം.''

''ശരി ചേച്ചി. ഡ്രൈവര്‍ ചേട്ടന്‍ ഇവിടെ നിന്നാണോ ഊണു കഴിക്കുന്നത്.''

''ആ ചേട്ടന്‍ ഊണിന്റെ സമയത്ത് ഇവിടെ ഉണ്ടെങ്കീ ഇവിടന്നു കഴിക്കും. ഇല്ലെങ്കീ പോണവഴിക്ക് ഹോട്ടലില്‍ നിന്നും കഴിക്കും.

സൗമ്യ, സാറും ചേച്ചിയും മടങ്ങിവരുവോളം ഇവിടെ കാണുമോ?'' ജാന്‍സി ചോദിച്ചു.

''ഒന്നും പറയാന്‍ പറ്റില്ല. ജോലിക്കു ശ്രമിക്കുന്നുണ്ട്. ഒത്തുവന്നാല്‍ ചിലപ്പോള്‍ നേരത്തേ പോകേണ്ടി വരും.''

അവള്‍ അമ്മച്ചിയുടെ മുറിയില്‍ ചെന്നപ്പോള്‍ അമ്മച്ചി കണ്ണടച്ച് ചാരുകസേരയില്‍ ഇരിക്കുന്നതാണു കണ്ടത്.

അവള്‍ അമ്മച്ചിയെ ഉണര്‍ത്താതെ അടുത്തു കണ്ട കസേരയില്‍ ഇരുന്നു.

''ഞാന്‍ ഉറങ്ങുകയല്ല സൗമ്യേ. കുറച്ചുനേരം വായിച്ചു കഴിയുമ്പം മനഃപൂര്‍വം കണ്ണടച്ച് ഇരിക്കുന്നതാ. തുടര്‍ച്ചയായി വായിക്കുമ്പം കണ്ണിനു വേദനയുണ്ടാകും. എങ്കിലും വായന ഒഴിവാക്കാന്‍ ഞാന്‍ സന്നദ്ധയല്ല.''

''അവര്‍ നാളെ വെളുപ്പിനു ലണ്ടനിലെത്തും എത്തിക്കഴിയുമ്പം വിളിക്കാമെന്നാ പറഞ്ഞത്.'' അമ്മച്ചി പറഞ്ഞു.

''അമ്മച്ചിക്ക് അവര്‍ പോയതില്‍ വിഷമമുണ്ട്. ഇല്ലേ.'' അവള്‍ ചോദിച്ചു.

''ഒട്ടും വിഷമമില്ല. സന്തോഷം മാത്രം. അവരുടെ സാന്നിധ്യവും അവിടെ അനിവാര്യമായതുകൊണ്ടല്ലേ അവര്‍ പോയത്. ഞാന്‍ കൂടി നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടതാ.''

''നല്ലൊരു പെങ്കൊച്ചാ മെര്‍ലിന്‍. അമ്മയില്ലാത്ത കുട്ടിയാ. അപ്പോള്‍ കൂടുതല്‍ പരിഗണന നമ്മള്‍ കൊടുക്കേണ്ടേ.''

കുറച്ചു സമയത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല.

''നിനക്ക് പപ്പയുടെ അസാന്നിധ്യം ചില സമയത്ത് സങ്കടമുണ്ടാക്കാറില്ലേ?'' അമ്മച്ചി അവളോടു ചോദിച്ചു.

''ഉവ്വമ്മച്ചി, മിക്കപ്പോഴും. സാമ്പത്തികമായി എന്തെങ്കിലും ലഭിക്കാത്തപ്പോഴല്ല. തുണ വേണ്ട സാഹചര്യങ്ങളുണ്ടല്ലോ, അപ്പോ ചിന്തിക്കും. പപ്പ ഉണ്ടായിരുന്നെങ്കില്‍ എന്ന്.''

''അതു സ്വാഭാവികമാ, പക്ഷേ, ദൈവം അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല. നിന്റെ പപ്പ ഉണ്ടായിരുന്നെങ്കില്‍ നിനക്കു സിദ്ധിക്കുമായിരുന്ന പുരോഗതിയില്‍ ഒട്ടും കുറവു വരാതെ കര്‍ത്താവ് നിനക്കുതരും. അതാ കര്‍ത്താവിന്റെ നീതി. നിനക്കത് അനുഭവത്തിലൂടെ അറിയാന്‍ സാധിക്കും.''

''എനിക്കറിയാം അമ്മച്ചി. മഠത്തിലെ സിസ്റ്റേഴ്‌സ് എല്ലാവരും ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എന്തെല്ലാം സഹായങ്ങളാ നല്കുന്നത്. പ്രത്യേകിച്ച് ബെന്നറ്റ് മദര്‍. അവരുടെ കരുണയാ ഞങ്ങളെ ഇത്രയും ആക്കിയത്.''

''കര്‍ത്താവിനു നീ സ്തുതിയും സ്‌തോത്രവും സമര്‍പ്പിക്കണം. അവിടുന്നു നിന്നെ നേര്‍വഴിക്കു നടത്തിക്കോളും.''

''ഉവ്വ് അമ്മച്ചി. ഞാന്‍ നന്നായി പ്രാര്‍ത്ഥിക്കുന്നുണ്ട്.''

''നീ എത്ര ജോഡി ഡ്രസ് കൊണ്ടു വന്നിട്ടുണ്ട്.'' അവളുടെ ഡ്രസിലേക്കു നോക്കിക്കൊണ്ട് ഏലമ്മ ചോദിച്ചു.

''മൂന്നു ജോഡി.''

''നീ ഇവിടെ നില്‍ക്കുമ്പം ഞാന്‍ വാങ്ങിച്ചുതരുന്ന ഡ്രസ് കൂടി ഇടണം. ഞാന്‍ നിനക്ക് മൂന്നു ജോഡി ചുരിദാര്‍ വാങ്ങിച്ചു തരാം.''

''അയ്യോ അമ്മച്ചി എനിക്കുവേണ്ട. എനിക്കിപ്പം ആവശ്യത്തിനുണ്ട് അതുമതി.'' അവള്‍ സങ്കോചത്തിലായി.

''അതു സാരമില്ല. നീ എന്റെ മൊബൈലിങ്ങെടുത്തു തന്നേ. നിന്റെ സൈസ് പറഞ്ഞോ. ഞാന്‍ ബുക്കു ചെയ്യട്ടെ.''

''വേണ്ടമ്മച്ചി. എന്റെ മമ്മി അറിഞ്ഞാല്‍ എന്നെ വഴക്കു പറയും. പിന്നെ ഇവിടുത്തെ അങ്കിളും ആന്റിയും എന്നേക്കുറിച്ച് എന്തു കരുതും. അതുകൊണ്ട് വേണ്ട.'' അവള്‍ കരിച്ചിലിന്റെ വക്കോളമെത്തി.

''അമ്മച്ചിക്ക് അതിന് ഓണ്‍ലൈന്‍ പെയ്‌മെന്റൊക്കെ നടത്താന്‍ അറിയാമോ?'' അവള്‍ സന്ദേഹത്തോടെ തിരക്കി.

''മൊബൈലില്‍ എനിക്ക് അറിയാന്‍ പാടില്ലാത്തതു വല്ലോം ഉണ്ടോന്നു നീ ചോദിക്ക്. എന്റെ ആശാന്‍ എന്നെ എല്ലാം പഠിപ്പിച്ചു'' അമ്മച്ചി മന്ദസ്മിതം പൊഴിച്ചു.

''ഏത് ആശാന്‍?'' സൗമ്യം ചോദിച്ചു.

''അജയ് ആശാന്‍. എനിക്ക് മൊബൈലില്‍ അവനാ ഗുരു. ഈ ഫോണ്‍ അവന്‍ കൊണ്ടെത്തന്നതാ.'' അമ്മച്ചി ചിരിച്ചു, കൂടെ അവളും.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org