പീലിക്കണ്ണുകൾ – 19

പീലിക്കണ്ണുകൾ – 19

കാവ്യദാസ് ചേര്‍ത്തല

"ഗുഡ്മോണിംഗ് മാഷേ" – കയ്യാല കടന്നുവരുന്ന ഉണ്ണികൃഷ്ണന്‍ മാഷിനെ കണ്ട് അമ്മയോടൊപ്പം ചൂരല്‍ക്കൊട്ട നെയ്യുകയായിരുന്ന അമ്പിളി വന്നു.

"ഗുഡ്മോണിംഗ് അമ്പിളിക്കുട്ടീ."

"ഇങ്ങോട്ടിരിക്ക് മാഷേ" – അമ്പിളിയുടെ അമ്മ ഒരു കസേര നീക്കിയിട്ടു.

"ഇവള്‍ക്കും അച്ഛനും ഉണ്ണികൃഷ്ണന്‍ മാഷെപ്പറ്റി പറയാനേ നേരമുള്ളൂ."

"എന്താ സുഷ്മേട്ടത്തീ വല്ല കുറ്റമാണോ?"

"ഏയ് മാഷെന്താ ഈ പറയണേ. കുറ്റം പറയാന്‍… അതും മാഷെക്കുറിച്ച്. മാഷ് നാടിനുവേണ്ടി ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയാ എല്ലാവരേപോലെ അമ്പിളിയുടെ അച്ഛനും പറയാറുള്ളത്."

മാഷ് പുഞ്ചിരിച്ചു.

"അതാരാ അവിടെ പതുങ്ങിനില്ക്കണേ. ങ്ഹാ ഇതു നമ്മുടെ സീതമ്മയല്ലേ. ഇങ്ങടുത്തു വാ. നിങ്ങളു രണ്ടാള്‍ക്കും തരാന്‍ ഒരു സാധനം തന്നയച്ചിട്ടുണ്ട്.

"എന്തോന്നാ മാഷേ; ആരാ തന്നത്?" – കൂട്ടുകാരികള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു.

"പറയാം; ആദ്യം രണ്ടുപേരും കൈനീട്ട്."

മാഷ് ബാഗില്‍ നിന്നും ഓരോ ഡിക്ഷണറി എടുത്ത് അവര്‍ക്കു നല്കി. നിറയെ ചിത്രങ്ങളുള്ള ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി.

മുമ്പ് എപ്പോഴോ അങ്ങനെയൊന്ന് അവര്‍ കണ്ടിട്ടുണ്ട്. ഡോക്ടര്‍ വാസുദേവന്‍റെ മകളുടെ കയ്യില്‍. പൊങ്ങച്ചം കാണിക്കാനാണ് അവള്‍ അതു ക്ലാസ്സില്‍ കൊണ്ടുവന്നത്. അന്ന് ആ ഡിക്ഷണറിയിലൊന്നു തൊട്ടുനോക്കിയതിനു രണ്ടു ദിവസത്തേയ്ക്കാണ് അവള്‍ സീതയോടു മുഖം വീര്‍പ്പിച്ചിരുന്നത്. ഇപ്പോഴിതാ സീതയ്ക്കും അമ്പിളിക്കും ഡിക്ഷണറിയുണ്ട്. ഇന്ദൂന്‍റെ പത്രാസ് ഒന്നു കുറഞ്ഞേക്കും ഇതു കാണുമ്പോള്‍.

"എന്താ കുട്ട്യോളേ സമ്മാനം ഇഷ്ടായില്ലാന്നുണ്ടോ?"

"ഒത്തിരി ഇഷ്ടായി മാഷേ. ഇനി പറ ഇതാരാ തന്നത്?" – സീത ചോദിച്ചു.

"നിങ്ങള്‍ രണ്ടാളോടും ഇഷ്ടമുള്ള ഒരാള്‍."

"ആഹാ… പിടികിട്ടി. ഞങ്ങടെ രാജമല്ലി ടീച്ചര്‍. ടീച്ചര്‍ ഞങ്ങളെ തെരക്കിയോ മാഷേ" – സീതയുടെ അന്വേഷണത്തില്‍ ഉത്കണ്ഠ.

"പിന്നെ. പ്രത്യേകം തിരക്കി; ടീച്ചറാ ഈ ഡിക്ഷണറികള്‍ തന്നുവിട്ടത്."

"കല്യാണം കഴിഞ്ഞു മാഷും ടീച്ചറും വരുമ്പോ ആല്‍ബം കൂടി കൊണ്ടുവരണേ. ഞങ്ങള്‍ക്കു കാണാനാ"- സീത മാഷിനെ ഓര്‍മിപ്പിച്ചു.

"അതെന്തിനാ. കല്യാണത്തിനു നമ്മളെല്ലാവരും കൂടിയല്ലേ പോകുന്നത്. രണ്ടു വണ്ടിയാ ബുക്ക് ചെയ്തിരിക്കുന്നത് അറിയ്വോ. ക്ഷണക്കത്ത് അച്ചടിപ്പിക്കാന്‍ കൊടുത്തിട്ടേയുള്ളൂ. ഒന്നു കിട്ടിക്കോട്ടെ. ആദ്യമായി വിളിക്കുന്നതു നിങ്ങളെത്തന്നെയാ."

സീതയ്ക്കും അമ്പിളിക്കും സന്തോഷംകൊണ്ട് ഉറക്കെ കരയണമെന്നു തോന്നിപ്പോയി.

മാഷ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ ചേക്കേറാന്‍ തുടങ്ങിയിരുന്നു.

****************

പെരുമഴയും ഉരുള്‍പൊട്ടലും കണ്ടു പതറിപ്പോകുന്നവരല്ല അവിടെയുള്ളവര്‍. ഓര്‍മവച്ച കാലം മുതല്‍ പ്രകൃതിയോടു മല്ലടിച്ചു ജീവിതം പടുത്തുയര്‍ത്തിയവരുടെ ഇച്ഛാശക്തിയെ തകര്‍ത്തെറിയുവാന്‍ ഏതു മലവെള്ളപ്പാച്ചിലിനാണു കഴിയുന്നത്? കാലം മാറുകയാണ്. കാഴ്ചപ്പാടുകളും. പക്ഷേ ആ മലയോരഗ്രാമം നമ്മുടെ സജീവസാക്ഷ്യപേടകമാകുന്നു.

എല്ലാ ടിവി ചാനലുകളും തുടരെത്തുടരെ വാര്‍ത്ത സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു. കനത്ത മഴയെ തുടര്‍ന്നു വെള്ളത്തിലാഴ്ന്നു പോകുന്ന ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു തുടങ്ങി. ഭീമാകാരമായ 'ജലബോംബുകള്‍' മനുഷ്യമനസ്സില്‍ ഭീതി വിതച്ചു തുടങ്ങി. എമ്പാടുമുയരുന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍. അണക്കെട്ടുകളിലും ജലനിരപ്പ് അനുനിമിഷം ഉയരുകയാണ്. സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറുവാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. ആസന്നമായ ഏതോ മഹാവിപത്തിന്‍റെ സൂചനകള്‍ തിരിച്ചറിഞ്ഞ മട്ടില്‍ കന്നുകാലികള്‍ ഉറക്കെ കരഞ്ഞു. അനേകം പാദങ്ങള്‍ക്കു സംരക്ഷണമൊരുക്കിയ ഈയോബ് ആശാന്‍ കയ്യിലിരുന്ന നീളന്‍ സൂചികൊണ്ടു തോല്‍ച്ചെരുപ്പുകള്‍ നിഷ്കരുണം കുത്തിത്തുളച്ചു പൊട്ടിച്ചിരിച്ചു. "പെരുമഴ… അവളു ദുഷ്ടയാ… കണ്ണില്‍ച്ചോരയില്ലാത്തോള്… അവളിനീം വരും… എന്‍റെ ഇസക്കുട്ടിയെ (ഇസബെല്ലയുടെ ചുരുക്കം) കൊണ്ടുപോയപോലെ… എല്ലാരേം കൊണ്ടുപോകും… ഹ… ഹ…."

കുന്നിന്‍പുറങ്ങളിലെ വിദ്യാലയങ്ങളും മറ്റു പൊതുസ്ഥാപനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളായി മാറി.

കരകവിഞ്ഞൊഴുകുന്ന പുഴ തീരങ്ങളെ വിഴുങ്ങിത്തുടങ്ങി. സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ മലവെള്ളം കുതിച്ചുപാഞ്ഞു. വീടുകള്‍ പലതും അപ്രത്യക്ഷമായി. മണലാരണ്യത്തില്‍ മക്കള്‍ ചോര നീരാക്കിയുണ്ടാക്കിയ പണംകൊണ്ടു പണിതുയര്‍ത്തിയ വീടു ഗൃഹപ്രവേശത്തിനു മുന്നേ തകര്‍ന്നുവീഴുന്നതു കണ്ട പീലിപ്പോസ് ആശാന്‍ വാവിട്ടു കരയുന്നതു ചുററുമുള്ളവരുടെ കരളലിയിപ്പിച്ചു. ഡാമിന്‍റെ ഷട്ടറുകള്‍ ഒന്നൊന്നായി ഉയര്‍ത്തുകയാണ്. പണ്ടത്തെ വെള്ളപ്പൊക്കത്തിന്‍റെ കഥകള്‍ മുത്തശ്ശിമാരുടെ മടിയിലിരുന്നു കേട്ട യുവതലമുറകള്‍ അപകടത്തെ മുഖാമുഖം ദര്‍ശിച്ച് അസ്വസ്ഥരായി.

ഉണ്ണികൃഷ്ണന്‍മാഷും മറ്റദ്ധ്യാപകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഡാനിയേലച്ചനും കിഷോര്‍ശാന്തിയും താന്താങ്ങളുടെ ദേവാലയവാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടു ജാതിമതഭേദമന്യേ ജനങ്ങളവിടെ ഒത്തുകൂടി. വിലപ്പെട്ട രേഖകളും ആഭരണങ്ങളും നഷ്ടപ്പെട്ടവര്‍ക്കു സമചിത്തത വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

മത്സ്യബന്ധനനൗകകളും ഹെലികോപ്റ്ററുകളും വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിക്കൊണ്ടേയിരുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുതന്നെയായിരുന്നു അവസ്ഥ.

സര്‍വനവിനാശകരമായി മുന്നേറുന്ന പ്രളയത്തിനു മുന്നില്‍ "കക്ഷിരാഷ്ട്രീയവും ജാതിമതഭേദവും മറന്നു ജനങ്ങള്‍ ദൃഢചിത്തരായിക്കൊണ്ടിരുന്നു.

അതേസമയം ആലപ്പുഴയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. വിവാഹപ്പന്തലൊരുക്കാന്‍ നിശ്ചയിച്ച വലിയപറമ്പില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞുകിടന്നു. പ്രളയജലം രാജമല്ലിയുടെ വീടിന്‍റെ പടവുകളില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ആ സ്ഥിതിയില്‍ അവിടെ തുടരുന്നതു പന്തിയല്ല.

രാജമല്ലിയും കുടുംബവും അമ്മയുടെ തറവാട്ടിലേക്കു പുറപ്പെടുകയാണ്.

"കയ്യില്‍ തടയുന്നതു മാത്രം എടുത്താ മതി മോളേ. ഈശ്വരനിശ്ചയം ഉണ്ടെങ്കില് നമുക്കു തിരിച്ചുവരാം" – അച്ഛന്‍ രാജമല്ലിക്കു കരുത്തു പകര്‍ന്നു.

അമ്മയെയും അച്ഛനെയും കൂട്ടി അവള്‍ വീട്ടുപടിക്കലോളം എത്തി. തൊട്ടടുത്ത തോട്ടിലൂടെ ഒരു സ്പീഡ്ബോട്ട് വന്നു. തറവാട്ടില്‍ നിന്നയച്ചതാണ്. കുഞ്ഞമ്മാവന്‍റെ ആത്മസുഹൃത്തായ ആന്‍റണി അങ്കിളാണു ബോട്ട് ഓടിച്ചത്. ഇങ്ങനെയൊരു പലായനം പ്രതീക്ഷിച്ചതല്ല. വെള്ളം കയറി പാതിയും മുങ്ങിപ്പോയ വീടുകള്‍ക്കരികിലൂടെ ആ ചെറുജലവാഹനം കുതിച്ചു പാഞ്ഞു; രക്ഷയുടെ തുരുത്തിലേക്ക്…

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org