പീലിക്കണ്ണുകൾ – 13

പീലിക്കണ്ണുകൾ – 13

കാവ്യദാസ് ചേര്‍ത്തല

ആ ചെറിയ വീട്ടില്‍ സന്തോഷത്തിന്‍റെ ദിനങ്ങള്‍ വിരുന്നുവരികയാണ്. എത്ര പെട്ടെന്നാണു രാജമല്ലി ആ കുടുംബത്തിലെ ഒരു ഭാഗമായത്.

"മോന്‍ ഇനി പാറമടേല് പണിക്കു പോണ്ട" – രാജമല്ലി ശശാങ്കനോടു പറഞ്ഞു.

അവന്‍ തലയാട്ടി.

"രാജിയേച്ചി ഞാന്‍ വലുതാകു മ്പം പൈലറ്റാവും. എനിക്കതാ ഇഷ്ടം" – ഗോപിക്കുട്ടന്‍ കയ്യിലിരു ന്ന കടലാസ് വിമാനംകൊണ്ടു പുറത്തേയ്ക്കോടി. കൂട്ടുകാരില്‍ നി ന്നും അവന്‍ വിമാനം ഉണ്ടാക്കാന്‍ പഠിച്ചിരിക്കുന്നു.

പത്തരയോടെ സീതയും അമ്പിളിയും വന്നു. റിസള്‍ട്ട് വന്നുകഴിഞ്ഞേ ട്യൂഷന്‍ തുടങ്ങൂ. അതുവരെ വെറുതെയിരിക്കാം.

"ടീച്ചറേ, സീത ഡ്രോയിംഗ് ക്ലാസ്സില്‍ ചേരാന്‍ പോകുവാ."

"അപ്പോ, അമ്പിളിയോ?"

"ഓ, എനിക്കങ്ങനെയുള്ള ക ഴിവൊന്നുമില്ല ടീച്ചറെ."

"അങ്ങനെ വിചാരിക്കരുത് അമ്പിളീ. നമ്മിലോരോരുത്തരിലും ഈശ്വരന്‍ ഓരോ കഴിവു നിക്ഷേപിച്ചിട്ടുണ്ട്. അതു നാം സ്വയം കണ്ടെത്തണം. ഞാന്‍ പറഞ്ഞതു മോള്‍ക്കു മനസ്സിലായോ?"

"ഉം."

"അമ്പിളിക്ക് ക്വിസ് കോമ്പറ്റീഷനുകളില്‍ സമ്മാനം കിട്ടിയിട്ടുണ്ട് അല്ലേ?"

"ഉവ്വ്."

"സ്കൂള്‍ മത്സരങ്ങളില്‍ മാത്രം പങ്കെടുത്താന്‍ പോരാ കേട്ടോ. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും പ്രശ്നോത്തരികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സമ്മാനം കരസ്ഥമാക്കുന്നതിലുപരി വിജ്ഞാനത്തിന്‍റെ ചക്രവാളങ്ങള്‍ കയ്യെത്തി പിടിക്കുവാന്‍ അതുവഴി കഴിയും. വരട്ടെ അമ്പിളിയെ ഞാന്‍ ഒരു ഇന്‍റലക്ച്വല്‍ ഐക്കണാക്കും."

"കുഞ്ഞമ്മാവന്‍ എന്നാ വരിക ടീച്ചറേ?" സീതയുടെ ചോദ്യം കേട്ടപ്പോഴാണ് ഒരാഴ്ചയോളമായി അമ്മാവന്‍റെ അസാന്നിദ്ധ്യം ആ വീട് ഉള്‍ക്കൊള്ളാന്‍ തുടങ്ങിയെന്ന കാര്യം രാജമല്ലി ഓര്‍ത്തെടുത്തത്.

"ഒന്നുമറിയില്ല കുട്ടികളേ. പ്രതീക്ഷയ്ക്കു വകയുണ്ടെന്നു മാത്രം വൈദ്യര്‍ പറഞ്ഞു."

"ചികിത്സയ്ക്ക് ഒത്തിരി കാശ് ചെലവാകുമോ ടീച്ചറേ?"- സീതയുടെ മനസ്സില്‍ ആ വീടിന്‍റെ സഹതാപാര്‍ദ്രമായി പതിയുന്നു.

"എത്ര ചെലവായാലും കുഞ്ഞമ്മാവനൊന്ന് എഴുന്നേറ്റ് നടന്നാല്‍ മതി."

ടീച്ചര്‍ അവര്‍ക്കു കരിപ്പെട്ടിക്കാപ്പി ഇട്ടുകൊടുത്തു.

"ടീച്ചറിനു കൈപ്പുണ്യമുണ്ട്; നല്ല കാപ്പി" – ഗ്ലാസ് തിരികെ നല്കുമ്പോള്‍ അമ്പിളി അഭിനന്ദനം അറിയിച്ചു.

ഞങ്ങളിറങ്ങട്ടെ ടീച്ചര്‍. തിരികെ വരും വഴി അച്ഛമ്മയ്ക്കു മരുന്നു വാങ്ങണം" – സീത തിടുക്കം കൂട്ടി.

"ഞാനും അല്പം തിരക്കിലാ കുട്ടികളേ. പരീക്ഷാപേപ്പര്‍ നോക്കി പത്താം തീയതിക്കകം കൊടുക്കണമെന്നാ ഹെഡ്മാസ്റ്റര്‍ പറഞ്ഞിരിക്കുന്നത്."

സീതയും അമ്പിളിയും യാത്ര പറഞ്ഞിറങ്ങി.

രാജമല്ലി ടീച്ചര്‍ പേപ്പര്‍ നോക്കുവാന്‍ തുടങ്ങി. അക്ഷരമെഴുതാനറിയാത്തവര്‍പോലും ക്ലാസ്സിലുണ്ട് എന്ന സത്യം വല്ലാതെ വേദനിപ്പിച്ചു. താന്‍ ഈ സ്കൂളിലെത്തിയിട്ടു മൂന്നു മാസമാകുന്നതേയുള്ളൂ. പകര്‍ത്തെഴുത്തിലൂടെ പല കുട്ടികളുടെയും അക്ഷരങ്ങള്‍ നേരെയാക്കാന്‍ കഴിഞ്ഞു. എന്നിട്ടും ചിലര്‍… ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പട്ടിണി കണ്ണില്‍ ഇരുട്ടു നിറയ്ക്കുമ്പോള്‍ അക്ഷരങ്ങള്‍ ശിഥിലമാകാതിരിക്കുന്നതെങ്ങനെ?

രംഗനാഥനു തൊണ്ണൂറ് ശതമാനം മാര്‍ക്കുണ്ടായിരുന്നു. മുമ്പായിരുന്നെങ്കില്‍ അവന്‍ നോക്കിയെഴുതിയതാണെന്നു താന്‍ സംശയിച്ചേനെ. പതിവുപോലെ സീതയേക്കാള്‍ അമ്പിളിക്കുതന്നെയാണു മാര്‍ക്ക് കൂടുതല്‍. ഖദീജയ്ക്കും ശശാങ്കനുമൊക്കെ പാസ്സ്മാര്‍ക്കേയുള്ളൂ.

***********

ഒരു മാസം എത്ര വേഗമാണു കടന്നുപോയത്. മുറ്റത്താരുടെയോ സംസാരം കേട്ടു രാജമല്ലി കോലായിലേയ്ക്കു വന്നു.

"ങ്ഹാ, ഉണ്ണികൃഷ്ണന്‍ മാഷോ; മാഷ് ഇതെവിടെ പോയിട്ടു വരികയാ?"

"ഇങ്ങോട്ടു തന്നെയാ ടീച്ചറേ. വഴി പറഞ്ഞു തന്നതു നമ്മുടെ സൗദാമിനി ടീച്ചറാ."

"എന്താ മാഷേ, വിശേഷിച്ച്?"

"വൈദ്യര് വിളിച്ചിരുന്നു. നമ്മള്‍ അത്യാവശ്യമായി അവിടെവരെ ചെല്ലണമെന്ന്."

"കുഞ്ഞമ്മാവനെന്തെങ്കിലും?"

"ഒന്നുമറിയില്ല. ഞാനൊരു വണ്ടി പറഞ്ഞിട്ടുണ്ട്. ഇവിടെ അടുത്തുള്ള ബന്ധുക്കളുണ്ടെങ്കില്‍ അവരെയും കൂട്ടിക്കോളൂ"- വൈദ്യരുടെ സംസാരം കേട്ടിട്ടു പരിഭ്രമിക്കേണ്ടതായിട്ടൊന്നുമില്ലെന്നാ തോന്നുന്നത്.

"കുഞ്ഞമ്മാവന് ഇവിടെ ബന്ധുക്കളായിട്ടു ഞങ്ങള്‍ മൂന്നു പേരും മാത്രമേയുള്ളൂ."

രാജമല്ലിയും ശശാങ്കനും ഗോപിക്കുട്ടനും ഉണ്ണികൃഷ്ണന്‍ മാഷോടൊപ്പം വണ്ടിയില്‍ കയറി. വൈദ്യഭവനത്തിലെത്തുമ്പോള്‍ നേരം ഉച്ച കഴിഞ്ഞിരുന്നു. എല്ലാവര്‍ക്കും ഇളനീരും പഴങ്ങളും നല്കി യാത്രാക്ഷീണമകറ്റി വൈദ്യര്‍ സംസാരിച്ചു തുടങ്ങി:

"കാര്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതിലും വേഗമാ നടന്നത്. ശരീരത്തിന്‍റെ ഒരു വശത്തിനു ബലം കിട്ടിത്തുടങ്ങിയിരിക്കുന്നു. ഈ വൈദ്യമഠത്തിന്‍റെ ചരിത്രത്തിലാദ്യമായാ ഒരാള്‍ക്ക് ഇത്ര വേഗത്തില്‍ രോഗസൗഖ്യം ലഭിക്കുന്നത്. അതും കിടന്നകിടപ്പിലുള്ള ഒരാള്‍ക്ക്. ചികിത്സ തുടരണം; ചുരുങ്ങിയതു മൂന്നു മാസമെങ്കിലും."

"ചികിത്സയുടെ ചെലവിലേയ്ക്കായി ഇതിരിക്കട്ടെ വൈദ്യരേ" – രാജമല്ലി ഒരു പൊതിക്കെട്ട് വൈദ്യര്‍ക്കു നേരെ നീട്ടി.

"സന്തോഷം. സ്വീകരിച്ചതായിത്തന്നെ കണക്കാക്കിക്കോളൂ. ഇവിടത്തെ രീതിയൊക്കെ ഉണ്ണികൃഷ്ണന്‍ മാഷ് പറഞ്ഞിരിക്കുമല്ലോ. ഈ തുകയുടെ നാലിലൊന്നുപോലും വേണ്ട ഞങ്ങള്‍ക്കു കഴിയാന്‍. ഒരു രോഗിയുടെ കുടുംബവും ചികിത്സ ചെയ്തു മുടിയരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ട്."

ഒടുവില്‍ അകത്തളത്തിലെ ഉരുളിയില്‍ ഒരു ചെറിയ തുക നിക്ഷേപിച്ചു രാജമല്ലി തൊഴുതു പിന്‍വാങ്ങി. ഇങ്ങനെയും മനുഷ്യരുണ്ടോ. അവള്‍ക്ക് അത്ഭുതമായിരുന്നു.

"കുഞ്ഞമ്മാവനെ ഒന്നു കാ ണാന്‍ തരപ്പെടുമോ?"

"പിന്നെന്താ വന്നോളൂ. പക്ഷേ, ഒരു കാര്യം, രോഗിക്കു മാനസിക പിരിമുറുക്കം ഉണ്ടാകരുത്. അങ്ങനെയാച്ചാല്‍ ഈ ചെയ്തതൊ ക്കെ വൃഥാവിലാവും" – വൈദ്യര്‍ താക്കീതു നല്കി.

"സാരമില്ല വൈദ്യരേ. കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാ. കുഞ്ഞമ്മാവന്‍ പണ്ടത്തെപ്പോലെ നടക്കുന്നതു കണ്ടാല്‍ മാത്രം മതി. വൈദ്യരോടു എങ്ങനെയാ നന്ദി പറയേണ്ടതെന്ന് അറിഞ്ഞൂടാ."

"അക്ഷരം പറഞ്ഞുകൊടുക്കണ ആളല്ലേ. അറിയാല്ലോ വിദ്യയും വൈദ്യവും ഒരുപോലാ. ലക്ഷ്യത്തിലെത്തുന്നതിനിടയിലെ ഒരു നേരിയ വിഘാതം ഒരു വലിയ തകര്‍ച്ചയിലേക്കു കൊണ്ടെത്തിച്ചേക്കാം."

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ രാജമല്ലിയുടെ മനസ്സ് പറഞ്ഞു. ഇനി വന്നു മടങ്ങുമ്പോള്‍ കുഞ്ഞമ്മാവനും ഒപ്പമുണ്ടാകും.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org