ഒരു ഉർവ്വരസ്പർശം പോലെ

ഒരു ഉർവ്വരസ്പർശം പോലെ

ആന്‍ മരിയ റോസ്, മലപ്പുറം

അവസാനത്തെ ചവിട്ടുപടിയില്‍ എത്തുന്നതിനു മുമ്പുതന്നെ നാന്‍സി ക്ഷീണിച്ചു കിതക്കാന്‍ തുടങ്ങി. അവള്‍ കാല്‍മുട്ടില്‍ കൈകള്‍ താങ്ങി ഒരു നിമിഷം നിന്നു. ഒരു താങ്ങെന്നോണം ഷോബിന്‍റെ വലതു കൈത്തണ്ടില്‍ മെല്ലെ പിടിച്ചു. അവളുടെ പരവശമായ മുഖം ഒരിക്കല്‍കൂടി നോക്കി തെല്ലുവിഷാദത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് മന്ത്രിക്കും പോലെ ചോദിച്ചു: "ക്ഷീണിച്ചുവല്ലേ." അവള്‍ മറുപടിയെന്നോണം കണ്ണിമകള്‍ മെല്ലെ അടച്ചു. ഇത്തവണയെല്ലാം ശരിയാകുമായിരിക്കുമല്ലേ? അവള്‍ ഉത്ക്കണ്ഠയോടെ ഷോബിനെ നോക്കി. നമ്മള്‍ എല്ലാ പേപ്പറുകളും ശരിയാക്കിയിട്ടല്ലേ വന്നിരിക്കുന്നത്. പിന്നെന്താ… എന്തായാലും ഇന്ന് നടക്കും, അയാള്‍ അടുത്ത സ്റ്റെപ്പിലേക്ക് കാലെടുത്തു വച്ച് മന്നോട്ടു നടന്നു. ലൂയിസ് അച്ചന്‍ ഉണ്ടാകുമോ ആവോ. അയാള്‍ തെല്ല് ഉത്കണ്ഠയോടും സംശയത്തോടും കൂടി ആരോടെന്നില്ലാതെ പറഞ്ഞു.

"സെന്‍റ് ജോസഫ് ഓര്‍ഫനേജ്" അയാള്‍ കവാടത്തിലെ ബോര്‍ഡ് ഒരിക്കല്‍ കൂടി വായിച്ചു. വായിച്ചു നിര്‍ത്തിയപ്പോള്‍ നെഞ്ചിലൂടെ ഒരു മിന്നല്‍ കടന്നുപോയതും അത് ഉദരം പിളര്‍ക്കുന്ന നൊമ്പരമായി മാറിയതും അവളറിഞ്ഞു. ഓര്‍ഫണേജിന്‍റെ പ്രവേശന കവാടത്തിനു ചുറ്റുമുള്ള മാവിന്‍ ചുവട്ടില്‍ രണ്ടു പേരും തെല്ലിടനിന്നു. നാന്‍സിക്ക് വല്ലാത്തൊരു തളര്‍ച്ച അനുഭവപ്പെട്ടു. ഗതകാല ജീവിതരംഗങ്ങള്‍ അവ്യക്തമായ കാഴ്ചകളായി മനസ്സിലൂടെ മിന്നി മറിഞ്ഞു. ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ അവളുടെ മനസ്സ് മുങ്ങിത്താഴുകയാണെന്ന് ഷോബിനു തോന്നി. അവളെ ഉണര്‍ത്താനെന്നോണം പറഞ്ഞു.

"എന്താ ഒരു മൗനം? നമുക്ക് മോളെ കിട്ടുന്ന ദിവസമല്ലെ." അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു. അവള്‍ ഒരു സ്വപ്നാടകയെ പോലെ അവന്‍റെ പിന്നാലെ ലൂയിസ് അച്ചന്‍റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ഓരോ കാലടി മുന്നോട്ടു വെയ്ക്കുന്തോറും തന്‍റെ ഹൃദയമിടുപ്പിന്‍റെ വേഗത വര്‍ദ്ധിക്കുന്നതായി അവള്‍ക്കു തോന്നി. ഓഫീസിന്‍റെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന മണിയില്‍ മെല്ലെ തട്ടിയപ്പോള്‍ ഷോബിന്‍റെ മുഖത്തും എന്തെല്ലാമോ ഭാവഭേദങ്ങള്‍ മിന്നി മറിയുന്നുണ്ടായിരുന്നു. എന്തൊക്കെയോ ചിന്തകള്‍ മനസ്സിനെ ത്രസിപ്പിക്കുന്നുണ്ടെങ്കിലും അവയെല്ലാം മനസ്സിലാക്കിയ ഭാവത്തോടെയായിരുന്നു ആ നില്പ്. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. അതിനുമുമ്പ് ഏതാണ്ട് അറുപതിനു മേല്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ വന്ന് വാതില്‍ തുറന്നു. ആരാ? ആരെയാ കാണേണ്ടത്? ലൂയിസ് അച്ചനെ. അല്പം പരിഭ്രമത്തോടെയാണ് ഷോബിന്‍ മറുപടി പറഞ്ഞത്. വൃത്തിയായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലേക്ക് കൈകള്‍ ചൂണ്ടി അയാള്‍ പറഞ്ഞു: "ഇരിക്കൂ. അച്ചന്‍ അല്പം തിരക്കിലാണ്. ഞാന്‍ പറയാം." അയാള്‍ അകത്തേക്ക് കയറിപ്പോയി. അടുത്തടുത്ത രണ്ട് കസേരകളിലായി അവര്‍ ഇരുന്നു. മനോഹരമായി ഫര്‍ണീഷ് ചെയ്ത വിസിറ്റിംഗ് റൂമിന്‍റെ സൗന്ദര്യം ആസ്വദിക്കുകയാണോയെന്ന് തോന്നുമാറ് ഷോബിന്‍റെ കണ്ണുകള്‍ അവിടവിടെ പരതി നടക്കുന്നുണ്ടായിരുന്നു.

നാന്‍സി ഇടതുകൈത്തടം കൊണ്ട് മെല്ലെ മുഖം തുടച്ചു. അതില്‍ സംതൃപ്തിയാകാത്തതുപോലെ അവള്‍ മടിയില്‍ വച്ചിരുന്ന ഷോള്‍ബാഗിന്‍റെ ഉള്ളില്‍ നിന്ന് തൂവാലയെടുത്ത് മുഖം അമര്‍ത്തിത്തുടച്ചു. എന്തൊക്കെയോ അസ്വസ്ഥതകളും അമ്പരപ്പുകളും മനസ്സിനെ ഇടയ്ക്കിടയ്ക്ക് നൊമ്പരപ്പെടുത്തുന്നതായി അവള്‍ക്ക് തോന്നി. ഗതകാല ചിന്തകള്‍ അവളുടെ മനസ്സിനെ ത്രസിപ്പിക്കുവാന്‍ തുടങ്ങി. വിവാഹത്തിന്‍റെ ആദ്യദിനങ്ങള്‍ എത്ര സന്തോഷകരമായിരുന്നു. ഓര്‍മ്മകളുടെ നിലാപക്ഷി മനസ്സിന്‍റെ വാതായനങ്ങള്‍ക്കപ്പുറം ചിറകിട്ടടിക്കുന്നത് അവളറിഞ്ഞു. ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയുമെല്ലാം സ്നേഹം കുറഞ്ഞ നാള്‍ കൊണ്ടുതന്നെ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. എല്ലാവരും തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ ദിവസമായിരുന്നു ഏറ്റവും അധികം ആഹ്ലാദിച്ചത്. ഒരു അമ്മയാകാനുള്ള കാത്തിരിപ്പ് സ്വപ്നങ്ങളുടെ പൂഞ്ചിറകിലിരുന്ന്, ഏതൊക്കെയോ സ്വപ്നലോകത്തിലൂടെ പാറികളിച്ചു. അവള്‍ അറിയാതെ തന്നെ ഷോബിന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. അച്ഛനാകാന്‍ പോകുന്നു. എന്നറിഞ്ഞപ്പോള്‍ എന്തൊരു ഭാവമായിരുന്നു. ഫോണ്‍ വിളിച്ചാണ് അമ്മയെ അറിയിച്ചത്. പേരക്കുട്ടി വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ പപ്പയ്ക്കും അമ്മയ്ക്കും ഉണ്ടായ സന്തോഷം എന്തുമാത്രമായിരുന്നെന്ന് താന്‍ നേരില്‍ കണ്ടറിഞ്ഞതാണ്. എന്നാല്‍, എല്ലാവരുടെയും സ്വപ്നങ്ങളുടെ കളിവീട് തച്ചുടക്കപ്പെട്ടത് എത്ര പെട്ടെന്നായിരുന്നു. അവള്‍ ഒരിക്കല്‍ കൂടി തൂവാലകൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. കണ്ണില്‍ ഇരുട്ടു കയറിയതുപോലെ. അവള്‍ ഒരാശ്രയത്തിനായി ചുറ്റും നോക്കി. ഒരിറ്റു വെള്ളത്തിനായി അവളുടെ നാവു വരണ്ടു. അവള്‍ ഒരിക്കല്‍ കൂടെ ഷോബിനെ നോക്കി. അയാള്‍ ഏതോ വിസ്മൃതലോകത്തിലേക്കുള്ള ഇഴകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അവള്‍ക്ക് തോന്നി. മൂന്നാം മാസത്തെ സ്കാനിംഗിലാണ് ആ സത്യമറിഞ്ഞത്. ജനിക്കുന്ന കുട്ടിക്ക് അംഗവൈകല്യമുണ്ടാകുമെന്ന്. പ്രതീക്ഷകള്‍ക്ക് ഏറ്റ പ്രഹരമായിരുന്നു. സമനില വീണ്ടെടുക്കാന്‍ കുറെ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു തനിക്ക്. ആശുപത്രിയില്‍ നിന്നുള്ള തിരിച്ചുപോക്കില്‍ സമനില നഷ്ടപ്പെട്ട തന്നെ ആശ്വസിപ്പിക്കാന്‍ ആദ്യം ശ്രമിച്ചതും ഷോബിനായിരുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തിയിരുന്നുവെന്ന് അവള്‍ വീണ്ടും ഓര്‍ത്തു. അബോര്‍ഷന്‍ നടത്തേണ്ട തീയതി മനസ്സില്‍ കുറിച്ചിട്ടു. തന്‍റെ തീരുമാനം ഉറച്ചതായിരുന്നു. ഇക്കാര്യം ഷോബിനെ അറിയിച്ചപ്പോള്‍ അയാളില്‍ നിന്ന് ഒരു തണുത്ത പ്രതികരണമാണ് ആദ്യമുണ്ടായത്. എന്നാല്‍ വീട്ടുകാരും കൂട്ടുകാരും തന്‍റെ തീരുമാനത്തെ പിന്‍താങ്ങുകയായിരുന്നല്ലോ. അവള്‍ ഓര്‍ത്തു. ഓരോരുത്തരും പല അഭിപ്രായങ്ങള്‍ പറഞ്ഞു. കുട്ടിയുടെ അംഗവൈകല്യം എന്തായിരിക്കും, എവിടെയായിരിക്കുമെന്ന് തീര്‍ത്തു പറഞ്ഞുകൂടാ. അത് എന്നെന്നും തനിക്ക് ഒരു നാശമായിരിക്കും. തീരാ സങ്കടമായി ജീവിതത്തിലുടനീളമുണ്ടായിരിക്കും. എല്ലാവരുടെയും പിന്‍തുണ തനി ക്ക് ആത്മധൈര്യവും തന്‍റേടവും നല്കി. എന്നാല്‍ പപ്പ മാത്രം പറഞ്ഞു. എന്തായാലും ദൈവത്തിന്‍റെ സമ്മാനമല്ലേ രണ്ട് കൈയും നീട്ടി സ്വീകരിക്കാം. എന്നാല്‍ താന്‍ അന്ന് പപ്പയോട് എത്ര ക്രൂരമായിട്ടാണ് സംസാരിച്ചത്. അതുകൊണ്ടു തന്നെ അബോര്‍ഷന്‍ കഴിഞ്ഞിട്ടേ പപ്പയോട് പറഞ്ഞുള്ളൂ. അറിഞ്ഞപ്പോള്‍ പപ്പ ഒന്നും പറഞ്ഞില്ല. ആ മുഖത്ത് മിന്നി മറിഞ്ഞ നിരാശയും ദുഃഖഭാവവും ഇന്നു ഓര്‍മ്മയില്‍ തിങ്ങി നില്‍ക്കുന്നു.

പിന്നീട് ഒരു കാത്തിരിപ്പായിരുന്നല്ലോ. സ്വപ്നങ്ങളെ നെയ്തൊരുക്കിയ പൂത്തൊട്ടിലുമായി ശരീരവും മനസ്സും കാത്തിരുന്നു. കാത്തിരിപ്പുകള്‍ നീളുന്തോറും മനസ്സില്‍ ആദിയുടെ തീക്കുണ്ഠത്തില്‍ ഹോമിക്കുന്നതുപോലെ തോന്നി. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡോക്ടറെ സമീപിച്ചു. ആദ്യമാദ്യം പ്രതീക്ഷകള്‍ നല്കുന്ന മറുപടികള്‍ അത് അനന്തമായി നീണ്ടു. പിന്നീടങ്ങോട്ട് പ്രതീക്ഷകളുടെ ഇതളുകളോരോന്നും അടര്‍ന്നുവീണു. വിങ്ങുന്ന മനസ്സോടും തേങ്ങുന്ന ഹൃദയത്തോടെയും കഴിഞ്ഞ നാളുകള്‍. ഇനി ഒരിക്കലും അമ്മയാകാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം ഞെട്ടലോടെയാണ് ഡോക്ടറില്‍ നിന്നറിഞ്ഞത്. ആ നിമിഷം തളര്‍ന്നു പോയി. തകര്‍ന്നുപോയി. ഭൂമിയാകെ കീഴ്മേല്‍ മറിയുന്നതായി സമുദ്രത്തില്‍ മുങ്ങിത്താഴുന്ന പോലെ അവള്‍ കസേരയുടെ കൈവരിയില്‍ കൈചേര്‍ത്തുപിടിച്ചു തേങ്ങി. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ തൂവാലകൊണ്ട് മുഖം പൊത്തി. ഇതൊന്നും ശ്രദ്ധിക്കാതെ ഏതോ അജ്ഞാതലോകത്തിലായിരുന്നു ഷോബിന്‍. ഏതാണ്ട് മനസ്സൊന്ന് അടങ്ങിയപ്പോള്‍ പരിസരബോധം വന്നു. വീണ്ടും ചിന്തകളിലേക്ക് അവളുടെ മനസ്സ് ഊളിയിട്ടു. അവസാനം ഷോബിനാണ് ദത്തെടുക്കുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. തന്നിക്കത് അല്പംപോലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. എതിര്‍ത്തു സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ത്തു. തന്‍റെ ഉദരത്തില്‍ പിറക്കാത്ത കുഞ്ഞിനെ അംഗീകരിക്കാന്‍ തന്‍റെ മനസ്സ് ഒരുക്കമായിരുന്നില്ല. അവസാനം ഷോബിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. പിന്നീടങ്ങോട്ട് തന്‍റെ മനസ്സ് സജ്ജമാക്കുകയായിരുന്നു. ഇപ്പോള്‍ ഷോബിനെക്കാള്‍ തിടുക്കം തനിക്കാണെന്നതാണ് സത്യം. അതു പറഞ്ഞ് ഷോബിന്‍ എപ്പോഴും കളിയാക്കുമായിരുന്നു. അവള്‍ മെല്ലെ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

"വരൂ. അകത്തേക്ക് വരൂ." ആ വാക്കുകള്‍ അവളെ ചിന്തയില്‍ നിന്നുണര്‍ത്തി. ഷോബിന്‍റെ പിന്നാലെ അവള്‍ അച്ചന്‍റെ ഓഫീസ് ലക്ഷ്യമാക്കി നടന്നു. പേപ്പറുകളെല്ലാം ഒരിക്കല്‍ കൂടി മറിച്ചു നോക്കിയ ശേഷം അവ ഭദ്രമായി വച്ച് ലൂയീസ് അച്ചന്‍ എഴുന്നേറ്റു.

"വരൂ." അച്ചന്‍റെ പിന്നാലെ അവര്‍ കുട്ടികള്‍ താമസിക്കുന്നിടത്തേക്ക് നീങ്ങി. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിലായി അവളുടെ ശ്രദ്ധ. നീളന്‍ വരാന്തയിലൂടെ അവര്‍ അല്പം മുന്നോട്ടു നീങ്ങി. ഒരു ചുവട് പുറകിലായി അവള്‍ ഷോബിനും അച്ചനും നില്‍ക്കുന്നിടത്തേക്ക് വേഗത്തില്‍ നീങ്ങി. അവരുടെ സംഭാഷണത്തില്‍ ശ്രദ്ധിക്കാനും പങ്കുചേരാനും അവള്‍ തിടുക്കം കാട്ടി. ആരോ പിന്നില്‍ നിന്ന് സാരിയുടെ വിളുമ്പില്‍ പിടിച്ചു വലിക്കുന്നതുപോലെ അവള്‍ക്ക് തോന്നി. ശ്രദ്ധിക്കാതെ ഇടതുകൈകൊണ്ട് തട്ടിമാറ്റി. വീണ്ടും അവരുടെ സംഭാഷണത്തില്‍ പങ്കുകൊണ്ടു. വീണ്ടും ആരോ വലിക്കുന്നു. നീരസത്തോടെ ഒരിക്കല്‍ കൂടി അവള്‍ തട്ടിമാറ്റി. വീണ്ടും ശക്തമായി വലിച്ചപ്പോള്‍ അവള്‍ ദേഷ്യത്തോടെ കൈ ആഞ്ഞുവീശി. എന്തോ വീഴുന്ന പതിഞ്ഞ ശബ്ദം. നാന്‍സി തിരിഞ്ഞു നോക്കി ഓട്ടിസം ബാധിച്ച് കാലുകള്‍ തളര്‍ന്ന ഒരു പെണ്‍കുട്ടി ഇഴഞ്ഞു കൊണ്ട് കൈകള്‍ ഉയര്‍ത്തി വീണ്ടും അവളുടെ സാരിത്തുമ്പില്‍ പിടിക്കാന്‍ ശ്രമിക്കുന്നു. നാന്‍സി എന്തെന്നറിയാതെ ഞെട്ടിവിറച്ചു. ഹൃദയത്തില്‍ നിന്നൊരു മിന്നല്‍ പിണര്‍ ഉദരത്തെ ഭേദിച്ച് കടന്നുപോയി.

(സത്യദീപം നവതി ആഘോഷ സാഹിത്യമത്സരത്തില്‍ 18-35 പ്രായ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ചെറുകഥ.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org