ന്യായാധിപന്‍ – 10

ന്യായാധിപന്‍ – 10

ജോര്‍ജ് പുളിങ്കാട്

അത്താഴത്തിന് ചൂടുകഞ്ഞിയും ചെറുപയര്‍ വേവിച്ച് ഉലര്‍ത്തിയതും തേങ്ങാചമ്മന്തിയുമാണു സുഗത ടീച്ചറുണ്ടാക്കിയത്. ഭര്‍ത്താവായ ആനന്ദ്മേനോന്‍റെ ഇഷ്ട ഭക്ഷണമാണത്. രാത്രി എട്ടരയായിട്ടും മകള്‍ അഖില പത്രമാഫീസില്‍ നിന്നു തിരിച്ചെത്താത്തതിന്‍റെ ഉത്കണ്ഠ സുഗതടീച്ചറെ അലട്ടുന്നുണ്ട്. സ്റ്റീല്‍ പ്ലേറ്റില്‍ കഞ്ഞിയുമായി അവര്‍ ആനന്ദ് മേനേന്‍റെ അടുത്തെത്തി. വീല്‍ച്ചെയറിലിരിക്കുന്ന അദ്ദേഹത്തിന്‍റെയടുത്തേയ്ക്ക് കസേര വലിച്ചിട്ടു ടീച്ചര്‍ ഇരുന്നു.

"ഇന്നു കഞ്ഞി കുറച്ചു നേരത്തെയാണല്ലോ ടീച്ചറേ"- ആനന്ദ് മേനോന്‍ പുഞ്ചിരിയോടെ പറഞ്ഞു.

"എട്ടര കഴിഞ്ഞു; ചൂടോടെ കഴിക്കാം."

"കഴിക്കാം. ഇങ്ങു തന്നേക്ക്. ഞാന്‍ കയ്യില്‍പ്പിടിച്ചു കോരിക്കുടിച്ചോളാം" – ആനന്ദ് മേനോന്‍ പറഞ്ഞു.

"വേണ്ടാ. എന്‍റെ 'കുട്ടന്‍' വെറുതെയവിടെയിരുന്നാല്‍ മതി; ഞാനങ്ങു തരാം"- സുഗതടീച്ചര്‍ പറഞ്ഞു.

"മേനോന്‍ എതിര്‍ത്തില്ല. സുഗത കുട്ടനെന്നു വിളിക്കുന്നതും അരികെയിരുന്നുസ്പൂണില്‍ കോരിത്തരുന്നതുമൊക്കെ സ്നേഹപ്രകടനങ്ങളാണ്. തന്നെ ഇനിയും മടുത്തിട്ടില്ലെന്ന പ്രഖ്യാപനമാണത്. യഥാര്‍ത്ഥമായി ഇവള്‍ക്കു തന്നെ സ്നേഹിക്കാന്‍ കഴിയുമോ? സുഗതയ്ക്കു സന്തോഷകരമായ കുറേ ദിവസങ്ങള്‍ പോലും നല്‍കാന്‍ ഈ ജീവിതത്തില്‍ കഴിഞ്ഞില്ലല്ലോയെന്ന് ആനന്ദ് മേനോന്‍ ചിന്തിച്ചു.

"ആനന്ദേട്ടാ, ഞാന്‍ സ്നേഹത്തോടെ ഒരു കാര്യം ഉപദേശിക്കട്ടെ?"

"പറയ് എന്താണെങ്കിലും."

"അഖിലയെ പ്രൊഫഷനില്‍ അധികം പ്രോത്സാഹിപ്പിക്കരുത്. ഒരു സാധാരണ സബ് എഡിറ്ററായി ക്യാബിനിലിരുന്ന് അവള്‍ ജോലി ചെയ്തോട്ടെ. വലിയ വലിയ ആളുകളടെ കുറ്റവും കുറവും കണ്ടെത്താനും അവരെ വിമര്‍ശിക്കാനുമൊക്കെ നടക്കുന്നത് അവളെ അപകടത്തില്‍ ചാടിക്കും."

"സുഗതേ, പത്രപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഒരു ഓഫീസിലെ ക്ലര്‍ക്കിന്‍റെ ജോലിപോലെയോ സ്കൂളിലെ അദ്ധ്യാപികയുടെ ജോലിപോലെയോ അല്ല. അതു നീ മനസ്സിലാക്ക്" – ആനന്ദ് മേനാന്‍ പറഞ്ഞു.

"പറഞ്ഞതു മനസ്സിലായി. എത്രയോ പേരുണ്ടു യാതൊരു പൊല്ലാപ്പിലും ചെന്നുചാടാതെ സ്വന്തം പണി നോക്കി പത്രത്തില്‍ ജോലി ചെയ്യുന്നവരായിട്ട്. അവര്‍ എന്‍റെ രക്തമാ, ചൂടു കൂടുമെന്നൊക്ക പറഞ്ഞു എരിവു കയറ്റിയിട്ടാ പെണ്ണു വേണ്ടാത്ത കാര്യത്തിലൊക്കെ എടുത്തു ചാടുന്നത്."

"സുഗതേ, ഞാനവളെ ഒരിക്കലും എന്‍റെ പ്രോഫഷണിലേക്ക് ആകര്‍ഷിച്ചിട്ടില്ല. അവള്‍ തനിച്ചെടുത്ത തീരുമാനമാണു ജേര്‍ണലിസത്തിനു ചേരണമെന്നത്."

"ജേര്‍ണലിസ്റ്റായതിനൊന്നും ഞാനെതിരല്ല. പത്രത്തില്‍ ജോലി കിട്ടിയപ്പോഴും എനിക്കു സന്തോഷമായിരുന്നു. ഈ പിടിവിട്ടുള്ള പോക്ക് ആപത്താണെന്നാ പറഞ്ഞത്. "

ആനന്ദ് മേനോന്‍ പുഞ്ചിരിച്ചു; ഒരുതരം പരിഹാസച്ചിരിയായിരുന്നു അത്.

"ടീച്ചറേ, നമ്മുടെയീ ലോകത്തില്‍ താണ്ണൂറും നൂറുമൊക്കെ വര്‍ഷം ജീവിച്ചിരിക്കുന്ന മനുഷ്യരുണ്ട്. ഭക്ഷിച്ചും വിസര്‍ജ്ജിച്ചും ഭോഗിച്ചുമുള്ള ജീവിതം. അങ്ങനെ കോടിക്കണക്കിനാളുകള്‍ വന്നു കടന്നുപോയിട്ടുളള സ്ഥലത്താണു നമ്മളിപ്പോള്‍. വളരെ കുറച്ചുകാലം മാത്രം ഇവിടെ ജീവിച്ചു തങ്ങളുടെ കാലടിപ്പാടുകള്‍ ഈ മണ്ണില്‍ പതിപ്പിച്ചു കടന്നുപോയവരുമുണ്ട്, ക്ലിന്‍റ് എന്ന കൊച്ചുബാലനെപ്പറ്റി കേട്ടിട്ടില്ലേ? അവന്‍ ഇവിടെ ജീവിച്ചതു വെറും ആറു വര്‍ഷമാണ്. ജീവന്‍ തുടിക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലധികം ചിത്രങ്ങള്‍ നമുക്കു തന്നിട്ടാണ് അവന്‍ പോയത്."

"ഞാന്‍ പറയുന്നതൊന്നും ആനന്ദേട്ടന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഒന്നും പറയാതിരിക്കുന്നതാണു നല്ലത്."

പിണങ്ങാതെ; ഞാനൊരിക്കലും നിന്നെ ചെറുതായി കണ്ടിട്ടില്ല. നീ നിത്യവും എനിക്കുവേണ്ടി ചെയ്തുതരുന്ന സഹായങ്ങള്‍ക്കു കണക്കില്ല. ഞാനിതൊക്കെ പറയുന്നതു നമ്മുടെ മകള്‍ അവളുടെ പ്രൊഫഷണില്‍ മിന്നിത്തിളങ്ങണമെന്ന ആഗ്രഹംകൊണ്ടാണ്."

"ആനന്ദേട്ടാ, ഞാനൊരു വലിയ പത്രപ്രവര്‍ത്തകന്‍റെ ഭാര്യയായി ജീവിക്കുന്നവളാ. ആ പ്രൊഫഷന്‍റെ കേമത്തവും ഭോഷത്തവുമൊക്കെ നല്ലവണ്ണം മനസ്സിലാക്കിയിട്ടുമുണ്ട്. സ്വന്തം ജീവിതം ഈ വിധം വീല്‍ച്ചെയറിലായതിന്‍റെ ദുരിതം അനുഭവിച്ചുകൊണ്ട് ആനന്ദേട്ടന്‍ എന്നോട് പത്രപ്രവര്‍ത്തനത്തിന്‍റെ മഹത്ത്വം പറയരുത്."

"ഇവിടെ നടക്കുന്ന തിന്മകള്‍ക്കും അനീതികള്‍ക്കും തോന്ന്യാസങ്ങള്‍ക്കുമെതിരെ ആരും പ്രതികരിക്കരുതെന്നാണോ നീ പറയുന്നത്?"

"എന്തു കാര്യം ആനന്ദേട്ടാ? തിന്മയും അനീതിയും കള്ളത്തരവും ചെയ്യുന്നവര്‍ക്ക് അതിനെ എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തകര്‍ക്കാനുള്ള കഴിവുണ്ട്. അവരെന്നും വിജയിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ക്കു പരാജയപ്പെടാനെ കഴിയൂ. ഞാനിതൊക്കെ എന്‍റെ ഭാര്‍ത്താവിനോടു മുമ്പും പറഞ്ഞിട്ടുണ്ട്. മകളെയും പലവട്ടം ഉപദേശിച്ചിട്ടുണ്ട്. രണ്ടു പേരും കേട്ടു; അനുസരിച്ചില്ല. നിങ്ങളെ ചെറുതാക്കാനോ എനിക്കു കേമിയാകാനോ അല്ല ഇതൊക്കെ പറയുന്നത്. ഭര്‍ത്താവിനെയും മകളെയും എന്നേക്കുമായി നഷ്ടപ്പെടാതിരിക്കാന്‍ മാത്രമാ. ഇനി പറയില്ല. എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ വിധിയാണെന്നു കരുതിക്കോളാം. എനിക്കതിനല്ലേ കഴിയൂ" – സുഗതടീച്ചറിന്‍റെ കണ്ണുകള്‍ നിറഞ്ഞുതൂവി.

ആനന്ദ് മേനോന്‍ ചിന്താധീനനായി തല കുനിച്ചു സുഗതടീച്ചര്‍ കഞ്ഞി കൊടുത്തുകഴിഞ്ഞു പ്ലേറ്റുമായി അടുക്കളയിലേക്കു മടങ്ങി.

താന്‍ പത്രപ്രവര്‍ത്തനം കേവലം ഒരു തൊഴിലായി സ്വീകരിച്ചവനല്ലല്ലോയെന്നു മേനോന്‍ ഓര്‍ത്തു. കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും ശക്തമായ ഇടപെടലുകള്‍ തൂലികയിലൂടെ താന്‍ നടത്തിയിട്ടുണ്ട്. ചില സര്‍ക്കാരുകളെ അധികാരത്തില്‍നിന്നു തള്ളിത്താഴെയിടാനും ചിലരെ അധികാരസിംഹാസനങ്ങളില്‍ പ്രതിഷ്ഠിക്കാനും കഴിഞ്ഞിട്ടുണ്ട്. താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അക്രമത്തിനു പിന്നിലുള്ളവരെ കൃത്യമായിട്ടറിയാമായിരുന്നിട്ടും പിടികൂടാനോ ശിക്ഷിക്കാനോ ആരുമുണ്ടായില്ല. അധികാരികള്‍ക്ക് അത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രം! ആക്രമണത്തില്‍ താനങ്ങു തീര്‍ന്നുപോയില്ലല്ലോയെന്ന് സങ്കടപ്പെട്ടവരുമുണ്ട്. ശത്രുവിനു തന്നെ വകവരുത്താന്‍ കഴിഞ്ഞില്ലെങ്കിലും കൂട്ടിലടയ്ക്കാന്‍ കഴിഞ്ഞു. സ്ഥാപനം മകള്‍ക്കു ജോലി തന്നു കടപ്പാടു നിറവേറ്റി. അവള്‍ തന്‍റെ പാതയിലൂടെതന്നെ വീറോടെ മുന്നേറുന്നതു കണ്ടു സന്തോഷിച്ചു. അഖില ആനന്ദിനും ഇതിനകം നിരവധി ശത്രുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശത്രുവിന്‍റെ അമ്പ് ഏതു നിമിഷവും തന്‍റെ മകളുടെ ഹൃദയത്തിലും തറഞ്ഞുകയറിയേക്കാം. ആനന്ദ് മേനോന് കരുത്തു ചോര്‍ന്നുപോകുന്നതുപോലെ തോന്നി. സമയം രാത്രി ഒമ്പതരയായിരുന്നു. മുറ്റത്തേയ്ക്കു കൈനറ്റിക് കുതിച്ചെത്തുന്ന ശബ്ദം കേട്ടു. അഖിലയുടെ വരവാണ്; രാത്രിയില്‍ തനിച്ച്!

മിനിറ്റുകള്‍ക്കുള്ളില്‍ അവള്‍ അച്ഛന്‍റെയടുത്തെത്തി.

"അച്ഛാ…"- ഈണത്തിലുള്ള സ്നേഹം പുരണ്ട ശബ്ദം.

"എന്താ മോളെ ഇത്രയും വൈകിയത്? നിനക്കു പത്രത്തില്‍ നൈറ്റ് ഡ്യൂട്ടിയൊന്നുമില്ലല്ലോ?" – ആനന്ദ് മേനോന്‍ ചോദിച്ചു.

"എന്‍റെച്ഛാ… വല്ലാതെ തെരക്കു പിടിച്ച ഒരു ദിവസമായിപ്പോയി ഇന്ന്." അഖില അച്ഛന്‍റെയടുത്തു ചെന്നു ചുമലില്‍ തൊട്ടുകൊണ്ടു പറഞ്ഞു. മകളുടെ ശബ്ദം കേട്ടു സുഗതടീച്ചറും അവിടെയെത്തി. അവര്‍ ചുമരിനോടു ചേര്‍ന്നുനിന്നതേയുള്ളൂ. ഒരക്ഷരം മിണ്ടിയില്ല മകളോട്.

"മോളെ, രാത്രിയില്‍ സഞ്ചരിച്ചപ്പോഴാണ് എനിക്കെതിരെ വധശ്രമം നടന്നത്. അവരെന്നെ കൊല്ലാതെ വിട്ടത്. കൊലയേക്കാള്‍ വലിയ ക്രൂരതയായിപ്പോയി. അന്നു പോയിരുന്നെങ്കില്‍ ഒന്നുമറിയേണ്ടായിരുന്നു. അന്നത്തേക്കാള്‍ ദുഷിച്ചു നാറിയ ഇന്നത്തെ ലോകത്തില്‍ ജീവിക്കേണ്ടി വരില്ലായിരുന്നു."

"അച്ഛന്‍ പറഞ്ഞുവരുന്നത് എന്താണെന്നെനിക്കു മനസ്സിലായി"- അഖില പുഞ്ചിരിയോടെ പറഞ്ഞു.

"മനസ്സിലായെങ്കില്‍ ഇനി അതനുസരിക്കണം. രാത്രിയില്‍ തനിച്ചു സഞ്ചരിക്കാന്‍ കൊള്ളാവുന്ന ഇടമല്ല നമ്മുടേത്. ഇതുവരെ നിന്‍റെ പ്രൊഫഷനു മേല്‍ ഒരു വിലക്കും അച്ഛന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അമ്മ ഓരോന്നു പറയുമ്പോള്‍ എതിര്‍ത്തിട്ടേയുള്ളൂ."

"അച്ഛന്‍റെയും അമ്മയുടെയും ഉത്കണ്ഠ എനിക്കു മനസ്സിലാകുന്നുണ്ട്. താമസിച്ചതു മനഃപൂര്‍വമല്ല. ഞാന്‍ രാത്രിയിലൊക്കെ തനിച്ചു നടക്കുന്നവളാണെന്ന് മേനി കാട്ടാന്‍ ചെയ്തതുമല്ല. ശരത്തുമായി കുറേയേറെ നേരം ഒരു കാര്യത്തെപ്പറ്റി സംസാരിച്ചിരിക്കേണ്ടി വന്നു" – അവള്‍ പറഞ്ഞു.

"ആരാ മോളെ ഈ ശരത്?" – ആനന്ദ് മേനോന്‍ എടുത്തു ചോദിച്ചു.

"ഞങ്ങളുടെ പത്രത്തില്‍ ഈയിടെ ജോയിന്‍ ചെയ്ത ഒരു ബുദ്ധിജീവിയാണച്ഛാ. ആളു വളരെ ടാലന്‍റഡാണ്. പക്ഷേ, ജീവിതത്തിന് ഒരു ഡിസിപ്ലിനുമില്ല."

"ബുദ്ധിജീവി ചമയാന്‍ ചിലരൊക്കെ ഡിസിപ്ലിനില്ലായ്മ അഭിനയിക്കാറുമുണ്ട്. അങ്ങനെയെന്തെങ്കിലുമാണോ?"- ആനന്ദ് മേനോന്‍ പറഞ്ഞു.

"അല്ല. അവര്‍ ശരിക്കും ബുദ്ധിയുള്ളവന്‍തന്നെയാ. പറഞ്ഞാല്‍ ഏറെ പറയാനുണ്ട്" – അഖില പറഞ്ഞു.

"നിനക്കു ഭക്ഷണം കഴിക്കണ്ടേ? അതു കഴിഞ്ഞ് അച്ഛനോട് ഇതൊക്കെ വിസ്തരിച്ചാല്‍ പോരാ?" – സുഗത ടീച്ചര്‍ ഇടപെട്ടു.

"ആഹാരം ചെറിയ തോതില്‍ ഞാനും ശരത്തുംകൂടി കഴിച്ചതാണ്. ഇപ്പോള്‍ വിശപ്പൊട്ടുമില്ലമ്മേ."

"ഹൊ! അങ്ങനെയുമായോ?" – വിരസമായി പറഞ്ഞിട്ടു സുഗത ടീച്ചര്‍ അടുക്കളയിലേക്കു പോയി.

അച്ഛന്‍റെയും മകളുടെയുമിടയില്‍ മൗനം നിറഞ്ഞു.

"മോളേ, അമ്മ പിണങ്ങിയാണു പോയത്. നിനക്കുവേണ്ടി എന്തൊക്കെയോ വിശേഷമായുണ്ടാക്കി കാത്തിരിക്കുകയായിരുന്നു."

"അച്ഛാ, എനിക്കു കഴിക്കുന്നതിനേക്കാള്‍ പ്രധാനമായ ചില കാര്യങ്ങള്‍ അച്ഛനോടു പറയാനുണ്ട്"- അഖില അറിയിച്ചു.

"നീ പറയ്"- ആനന്ദ് മേനോന്‍ ആകാംക്ഷയോടെ മകളെ നോക്കി.

അച്ഛാ, താനും ശരത്തും ചേര്‍ന്നു 'സാന്ദ്രാവധ'ക്കേസില്‍ വിധിയെഴുതിയ മുന്‍ ജസ്റ്റിസ് ഭാസുരചന്ദ്രവര്‍മയുടെ വീട്ടിലെത്തി സന്ദര്‍ശിച്ചതും അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങളും അന്നുതന്നെ അദ്ദേഹം മരിച്ച വിവരവും അറിയിച്ചു. അവസാന കര്‍മങ്ങള്‍ ചെയ്യാന്‍ പോലും അദ്ദേഹത്തിനാരുമില്ലായിരുന്നെന്ന വിവരം ആനന്ദ് മേനോനെ അമ്പരപ്പിച്ചു. ശരത് അന്ത്യകര്‍മങ്ങള്‍ ചെയ്ത കാര്യമറിഞ്ഞപ്പോള്‍ അദ്ദേഹം വികാരാധീനനായി!

"മോളേ, ഈ ശരത്തിനെ എനിക്കൊന്നു കാണണമെന്നുണ്ട്" – ആനന്ദ് മേനോന്‍ പറഞ്ഞു.

"അതിനെന്താ, ഞാന്‍ പറഞ്ഞാല്‍ ശരത് ഇവിടെ വന്ന് അച്ഛനെ ഉടനെ കാണും."

"അഖിലാ പറഞ്ഞുകേട്ടതുവച്ച് അവന്‍ ഒരു മനുഷ്യസ്നേഹിയാണ്. യഥാര്‍ത്ഥ പത്രപ്രവര്‍ത്തകനാണ്. ഒപ്പം ഒരു കുറ്റാന്വേഷകനുമാണ്."

"മൂന്നു ബഹുമതികള്‍ അച്ഛന്‍ ഒരുമിച്ചു ശരത്തിനു നല്‍കിയല്ലോ?"

"ഇന്നത്തെ ചെറുപ്പക്കാര്‍ പലരും പത്രപ്രവര്‍ത്തരംഗത്തു സൂത്രശാലികളായി മാറുന്നതുപോലെ എനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, പത്രങ്ങളിലൂടെ വരുന്നത് പെയ്ഡ് ന്യൂസുകളും. പക്ഷം ചേര്‍ന്നുള്ള വിലയിരുത്തലുകളുമാണ്. മിക്കവരും പ്രായോഗികരായി മാറിയിരിക്കുന്നു! നേട്ടങ്ങള്‍ വലിയ തോതില്‍ ഉണ്ടാക്കുന്ന ഒരു വിഭാഗം പത്രപ്രവര്‍ത്തകള്‍ ഇന്നു സ്ഥാപനങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. പത്രമുതലാളിയും ചീഫ് എഡിറ്ററും സബ് എഡിറ്ററുമെല്ലാം യഥാര്‍ത്ഥ പത്രധര്‍മത്തില്‍ നിന്നും ഒത്തിരി ഒത്തിരി അകന്നിരിക്കുന്നു."

"അച്ഛനെക്കുറിച്ചു ശരത് നമ്മുടെ സ്ഥാപനത്തില്‍ വരുന്നതിനുമുമ്പേ കേട്ടിട്ടുണ്ട്. ആനന്ദ് മേനോന്‍റെ മകളായതുകൊണ്ടു ശരത്തിനെന്നോട് എന്തോ വലിയ ആദരവും ആരാധനയുമൊക്കെയാണ്."

"ഏയ്… ഞാനതിനു മാത്രമൊന്നുമില്ല. മോളേ, നീ പറഞ്ഞതു കേട്ടിട്ട് എനിക്കു തോന്നുന്നതു ഭാസുരചന്ദ്രവര്‍മയുടേത് ഒരു കൊലപാതകംതന്നെയാണെന്നാ. നിങ്ങള്‍ ചെന്നു കണ്ടിട്ടു മടങ്ങിയ കാര്യം ചോര്‍ന്നു. അദ്ദേഹം നിങ്ങളോടു പറഞ്ഞു കാര്യങ്ങളെന്തായിരിക്കുമെന്ന ഉത്കണ്ഠ തത്പരകക്ഷികള്‍ക്കുണ്ടായി. അവര്‍ പെട്ടെന്നുതന്നെ ആക്ഷന്‍ നടത്തി. ആ പാവത്തിന്‍റെ ജീവനെടുത്തു. വാര്‍ദ്ധക്യവും രോഗങ്ങളും അവശതയിലെത്തിച്ച അദ്ദേഹത്തിന്‍റേതു സ്വാഭാവികമരണമല്ലെന്ന് ആരും കരുതുകയുമില്ലെന്നവര്‍ക്കറിയാം. വാസ്തവത്തില്‍ അദ്ദേഹത്തിന്‍റെ പരിചാരികയില്‍ നിന്നു കിട്ടിയ വിവരമനുസരിച്ചു ബോഡി പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതായിരുന്നു. സത്യം വ്യക്തമാകുമായിരുന്നു. നിങ്ങള്‍ക്കുശേഷം അവിടെ വന്നവനെ കണ്ടെത്തിയാല്‍ അവനു നിര്‍ദ്ദേശം കൊടുത്ത കേന്ദ്രങ്ങളേതെന്നും അറിയാന്‍ കഴിയുമായിരുന്നു."

"അച്ഛാ… അച്ഛന്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശരത് ആലോചിച്ചതാ. ഭാസുരചന്ദ്രവര്‍മയുടെ ഭാര്യയ്ക്കും മക്കള്‍ക്കും അദ്ദേഹത്തിനും ആളൊന്നു മരിച്ചുകിട്ടണമെന്നേയുണ്ടായിരുന്നുള്ളൂ. അവസാനം ആ മഹാനായ മനുഷ്യനെ ഒന്നു കാണാന്‍പോലും ഭാര്യയോ മക്കളോ എത്തിയില്ലെന്നോര്‍ക്കണം. അങ്ങനെയിരിക്കെ ആ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പരാതിപ്പെടാന്‍ ആരുണ്ട്? പൊതുതാത്പര്യം പ്രമാണിച്ചു നമ്മള്‍ അങ്ങനെയൊരു പരാതി നല്കിയാല്‍ അതു ചിലപ്പോള്‍ നമ്മള്‍ക്കിട്ടുതന്നെ എതിരാളികള്‍ തിരിച്ചുവച്ചെന്നിരിക്കും. ഒടുവില്‍ കണ്ടതു ഞങ്ങളാണെന്ന് ആ സഹായിയായ സ്ത്രീ മൊഴി കൊടുക്കില്ലെന്നും പറയാന്‍ പറ്റില്ല."

"ശരിയാണ്… ശരിയാണ്… ഭാസുരചന്ദ്രവര്‍മയുടെ കാര്യത്തില്‍ മരണം ഒരു അനുഗ്രഹമായിരുന്നല്ലോ. നീയും ശരത്തും ഇനി വളരെ സൂക്ഷിക്കണം. വിവരങ്ങള്‍ ചോരുന്നതു മറ്റൊരിടത്തുനിന്നുമല്ല. നിങ്ങളുടെ ഓഫീസില്‍നിന്നുതന്നെയാണ്" – ആനന്ദ് മേനോന്‍ പറഞ്ഞു.

അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു വാതില്‍ക്കല്‍ നിന്നിരുന്ന സുഗതടീച്ചര്‍ അണച്ചുകൊണ്ട് അഖിലയുടെ അടുത്തേയ്ക്കോടിയെത്തി.

"വിടില്ല.. വിടില്ല നിന്നെയിനി ഞാനവിടേയ്ക്ക്… കൊല്ലും എന്‍റെ മോളെ അവര്‍ കൊല്ലും. ഇനിനീ അങ്ങോട്ടു പോകാന്‍ ഞാന്‍ സമ്മതിക്കില്ല…"- മകളെ കെട്ടിപ്പിടിച്ചുകൊണ്ടു സുഗതടീച്ചര്‍ പുലമ്പി!

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org