![കൊച്ചിയിലെ കപ്പലൊച്ചകൾ [02]](http://media.assettype.com/sathyadeepam%2F2025-08-15%2F57ddv9bb%2Fnoveladi.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
അധ്യായം 02 - [അടി]
പിറ്റേന്ന് രാവിലെ ജയിലിന്റെ ബാത്രൂം സൈഡില്‍ ജയില്‍ പുള്ളികള്‍ പല്ലു തേച്ചും അലക്കിയും കുളിച്ചും കൊണ്ടൊക്കെ നില്‍ക്കുകയാണ്.
തലേ ദിവസത്തെ അധോവായുവേറ്റ് ബോധം കെട്ടുറങ്ങിയ തൊമ്മന്‍ ഉറക്കം വിട്ടെഴുന്നേറ്റ പാടെ സിഗരറ്റാണ് തപ്പിയത്.
തലേന്നെടുത്തു വച്ച തീപ്പെട്ടിക്കൂടും അതിനകത്തെ സിഗരറ്റും കാണാത്തതു കൊണ്ട് മുണ്ടെടുത്തു മടക്കി കുത്തി ഷര്‍ട്ട് പോലും ഇടാതെ കുളിമുറിയുടെ ഭാഗത്തേക്ക് വേഗത്തില്‍ നടന്നു. മനസ്സില്‍, സിഗററ്റെടുത്തവന്റെ അമ്മയ്ക്ക് വിളിച്ചും, അടിയിപ്പോ പൊട്ടും എന്ന മട്ടില്‍ ആഞ്ഞു നടക്കവേ മടക്കി കുത്തിയ മുണ്ടിന്റെ ഇടയില്‍ നിന്നും തീപ്പെട്ടി കൂട് താഴെ വീഴുന്നത് തൊമ്മന്റെ കണ്ണില്‍ പതിഞ്ഞതേയില്ല.
സതീശനെ കണ്ടാല്‍ അടി കഴിഞ്ഞതിനുശേഷം മാത്രമേ കാര്യം തിരക്കല്‍ ഉണ്ടാകൂ എന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് നടപ്പ്.
ഒരു വലിയ കല്ലിന്റെ മേലെ ഇരുന്നു പല്ലു തേച്ചോണ്ടിരിക്കുകയായി രുന്ന സതീശന്റെ മുതുകു നോക്കി തൊമ്മന്‍ ആഞ്ഞു ഒരു ചവിട്ട്. വായിലുണ്ടായിരുന്ന പത മുഴുവന്‍ മുന്നിലിരുന്നവന്റെ മുഖത്തു തുപ്പി കൊണ്ടായിരുന്നു സതീശന്റെ വീഴ്ച.
തുപ്പല്‍ വീണവന്‍ സതീശനെ എടുത്തു നിര്‍ത്തി മുഖത്തിട്ട് ആഞ്ഞൊരടി.
നടുവിന് ചവിട്ടും ചെകിട്ടത്തിട്ട് അടിയും കിട്ടിയ സതീശന്‍ കട്ട കലിപ്പോടെ തൊമ്മനോട് ഇടഞ്ഞു.
''എന്താടാ കോപ്പേ നിനക്കു... രാവിലെ തന്നെ എന്തിന്റെ കുത്തിക്കഴപ്പാടാ?''
അരിശം തീരാതെ എരിഞ്ഞു കൊണ്ടിരുന്ന സതീശന്‍ അലറിക്കൊണ്ട് ചോദിച്ചു, ''ആരോടു ചോദിച്ചിട്ടാടാ നാറി നീ സിഗരറ്റ് എടുത്തത്...?''
''ആരുടെ സിഗരറ്റ്?''
''നീ അല്ലേടാ രാത്രി എന്റെ സിഗരറ്റ് അടിച്ചു മാറ്റിയത് മൈ...?''
''ഞാനാ? നീ തന്നെ അല്ലേടാ രാത്രി പൊകച്ചു തീര്‍ത്തത് നാറി? ഞാനെങ്ങും എടുത്തില്ല...''
''നീ അല്ലാണ്ട് പിന്നെ നിന്റെ അപ്പനാണാടാ രാത്രി സെല്ലില്‍ കേറീത്?''
''അപ്പന് പറയണോടാ നായിന്റെ മോനെ...''
അരികിലിരുന്ന ബക്കറ്റെടുത്ത് സതീശന്‍ തൊമ്മന്റെ തലക്കിട്ട് ആഞ്ഞൊരെറ് കൊടുത്തു.
ബക്കറ്റിന്റെ കനം കൊണ്ടും ഏറിന്റെ ബലം കൊണ്ടും തൊമ്മന്‍ പോയി വേറെ രണ്ടെണ്ണത്തിന്റെ ദേഹത്തേക്കു വീണു.
വീണു കിടക്കുന്ന തൊമ്മനെ നോക്കിയതിനു ശേഷം സതീശന്‍ തന്നെ മുഖത്തിട്ടടിച്ചവനെ നോക്കികൊണ്ടു ചോദിച്ചു,
''ആ നാറി എന്നെ ചവിട്ടി നിന്റെ മേത്തേക്കിട്ടതിനു നീ എന്തിനാടാ എന്നെ തല്ലിയത്?''
പറഞ്ഞു തീര്‍ത്തതും സതീശന്‍ കയ്യിലിരുന്ന ബ്രഷുകൊണ്ട് അവന്റെ വയറിനിട്ടു ഒറ്റ കുത്ത്.
പിന്നീട് നടന്നത് ഒരു കൂട്ടത്തല്ലായിരുന്നു...
തല്ല് നീങ്ങി നീങ്ങി തോട്ടത്തിലേക്കെത്തി. തോട്ടത്തിലെ സര്‍വ ചെടികള്‍ക്കും പൂക്കള്‍ക്കും മേലെ കിടന്നായിരുന്നു പിന്നീട് അടി മുഴുവന്‍.
അടി തോട്ടത്തിലേക്ക് കേറിയതും അടുത്ത കഥാപാത്രം രംഗത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു.
വക്കു പൊട്ടിയ ആ വലിയ ചെടിച്ചട്ടിയുടെ അരികില്‍ വന്നു നിന്ന കെവിന്‍ അതെ ചട്ടിയില്‍ ചവിട്ടികൊണ്ട് ചെമ്പരത്തിചെടി കടയോടെ പറിച്ചെടുത്തു. ആദ്യം എഴുന്നേറ്റു വന്ന സതീശന്റെ മുഖത്തിനിട്ട് പറിച്ചെടുത്ത ചെടിയുടെ കട കൊണ്ട് ആഞ്ഞൊരടി.
ആ ഒരൊറ്റ അടിയില്‍, ചെടിയുടെ കടഭാഗത്തു പറ്റിപിടിച്ചിരുന്ന മണ്ണും ചെളിയും ചിതറി തെറിച്ചു.
സതീശനെ അടിച്ചത് കണ്ട തൊമ്മന്‍ അഴിഞ്ഞു കിടക്കുന്ന മുണ്ട് എടുത്തുടുത്ത് കെവിന്റെ അടുത്തേക്ക് നടന്നു.
നടക്കും വഴി മറ്റൊരു ചെടിയുടെ കടഭാഗം അതുപോലെ തന്നെ തൊമ്മന്‍ പറിച്ചെടുത്തായിരുന്നു.
ചവിട്ടി മെതിച്ചു ഇട്ടിരിക്കുന്ന ചെടികളെയും അതില്‍ കിടക്കുന്ന എല്ലാ അവന്മാരെയും നോക്കി കെവിന്‍ നില്‍ക്കുന്ന നേരത്താണ് കെവിന്റെ തലയുടെ പുറകുവശം നോക്കി തൊമ്മന്റെ അടി. മണ്ണിനോടും ചെളിയോടുമൊപ്പം ആ ചെടിയിലുണ്ടായിരുന്ന പൂക്കള്‍ കൂടി ചിതറി തെറിക്കുന്നുണ്ടായിരുന്നു. അടികൊണ്ട് കുമ്പിട്ടു പോയ കെവിന്റെ നടുവിന് തൊമ്മന്റെ ചവിട്ട്.
മുന്നിലേക്കുവീണ കെവിന്റെ കയ്യില്‍ ചെടി നനയ്ക്കാന്‍ ഉപയോഗിക്കുന്ന വലിയ കെറ്റില്‍ കിട്ടി.
പിന്നെ അങ്ങോട്ട് തലങ്ങും വിലങ്ങും കെറ്റില്‍ കൊണ്ടുള്ള അടിയായിരുന്നു. മിനിറ്റുകള്‍ നീണ്ട അടിക്കൊടുവില്‍
എല്ലാ അവന്മാരും താഴെ കിടന്നു ഉരുളുമ്പോള്‍ എഴുന്നേല്‍ക്കാന്‍ നോക്കുന്ന സതീശനെ വീണ്ടും അടിക്കാന്‍ ഓങ്ങുന്ന കെവിന്റെ പുറത്തു ലാത്തി വന്നു വീണു. ഇടതുകൈ കൊണ്ട് മുതുക് തടകാന്‍ നോക്കിയ കെവിന്റെ കയ്യില്‍ നിന്നും കെറ്റില്‍ വാങ്ങിയെടുത്തു മതിലിലേക്ക് ചാര്‍ത്തി നിര്‍ത്തി രണ്ടു മൂന്ന് പൊലീസുകാര്‍.
നിലത്തു കിടക്കുന്ന എല്ലാവരെയും ചില പൊലീസുകാര്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുമ്പോള്‍ ബാക്കി ഉള്ള പൊലീസുകാര്‍ മറ്റു തടവുകാരോട് പിരിഞ്ഞു പോകാന്‍ പറയുന്നുണ്ടായിരുന്നു.
മുഖം നിറയെ ചെളിയും ചോരയും ചെവിടിന്റെ വശത്തു ഒന്ന് രണ്ടു പൂക്കളു മൊക്കെയായി ആ നാലഞ്ചുപേര് ജയില്‍ സൂപ്രണ്ട് ബാസ്റ്റിന്‍ സാറിന്റെ മുറിയില്‍ തല കുമ്പിട്ടു നില്‍ക്കുകയാണ്.
തൊമ്മനും സതീശനും മുണ്ടില്ല. കെവിന്‍ കീറി പറിഞ്ഞ ഷര്‍ട്ടും മുണ്ടുമായി നില്‍ക്കുന്നു...
വേറെ ഒരുത്തന്‍ തോളില്‍ മുണ്ടിട്ട് അല്‍പം നീങ്ങി നില്‍ക്കുന്നുണ്ട്. രണ്ടു പൊലീസുകാരുടെ കൂടെ സൂപ്രണ്ട് ബാസ്റ്റിന്‍ സാര്‍ നടന്നു വന്നു.
ചെളിയും ചോരയും ഒലിപ്പിച്ച് തല കുനിച്ച് നില്‍ക്കുന്ന എല്ലാറ്റിനെയും ഒന്ന് വട്ടമിട്ടു നോക്കിയതിനുശേഷം ബാസ്റ്റിന്‍ സാര്‍ വിചാരണ തുടങ്ങി.
''കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായിട്ട് ഒരു തര ത്തിലുമുള്ള പ്രശ്‌നങ്ങളു മില്ലാതെ വളരെ സമാധാന മായിട്ട് പൊക്കോണ്ടിരുന്ന ഒരു ജനമൈത്രി ജയിലാണ് ഇത്.
ഇവിടുത്തെ സമാധാനം കണ്ടിട്ട് പല രാത്രിയിലും എനിക്ക് ഇവിടെ കിടന്നാലോ എന്ന് തോന്നിയിട്ടുണ്ട്.
വീട്ടിലെ പുള്ളിക്കാരിയു മായിട്ട് അടി വീഴുമ്പോഴേ... ഏത്...''
ബാസ്റ്റിന്‍ സാറിന്റെ ഹാസ്യശ്രമത്തിനു പ്രോത്സാഹനമെന്ന വിധം മുറിയിലുണ്ടായി രുന്ന പൊലീസുകാര്‍ ചിരിക്കാന്‍ പരിശ്രമിച്ചു.
''തനിക്ക് തോന്നിയിട്ടില്ലേ മാധവേട്ട?'' കൂട്ടത്തിലെ സീനിയര്‍ ഉദ്യോഗസ്ഥനോടായിരുന്നു ബാസ്റ്റിന്‍ സാറിന്റെ ചോദ്യം.
''ഇവന്മാര്‍ പുതിയ പിള്ളേരല്ലേ സാറേ... അതോണ്ടാ...''
''ഹ അപ്പൊ അതാണ്... അപ്പൊ അങ്ങനെയുള്ള സമാധാനം തുളുമ്പുന്ന ഈ ജയിലിലേക്ക് പുതിയ തായി വന്ന പിള്ളേരായൊ ണ്ടാണ് കഴിഞ്ഞ ദിവസങ്ങ ളില്‍ നീയൊക്കെയുണ്ടാ ക്കിയ ഉന്തിലും തള്ളിലും തന്തയ്ക്ക് വിളിയിലൊന്നും ഞാന്‍ ഇടപെടാഞ്ഞത്? ഞാന്‍ ഇടപെട്ടാര്‍നാടാ?
ഇല്ല!... കാരണം എനിക്കറിയാം... സമയമെടുക്കും...
ഒന്ന് റെഡി ആയി വരണ്ടേ?...
ഇവിടുത്തെ പഴയ ആള്‍ക്കാരോട് ചോദിച്ചാ മതി...
അവരൊക്കെ നല്ല സമയമെടുത്തവരാണ്... ഇല്ലെടാ കെവിനേ?''
കെവിന്‍ തല ഉയര്‍ത്താതെ തന്നെ നില്‍ക്കുന്നു.
ബാസ്റ്റിന്‍ സാര്‍ തുടര്‍ന്നു ''കെവിനങ്ങനെയാ ആരോടും മിണ്ടാറില്ല... ഇവിടുത്തെ ഒരു മുനിയാണ്...''
ബാസ്റ്റിന്‍ സാറിന്റെ ഉന്നം കെവിനെയാണെന്ന തോന്നലില്‍ മാധവന്‍ സാര്‍ പെട്ടെന്ന് ഇടപെട്ടു,
''അവന്‍ അല്ല സാറേ... ദേ ഇവന്മാരാണ്...
ആ തോട്ടം മുഴുവന്‍ നശിപ്പിച്ചു...''
''ആ... അതാണ് ഞാന്‍ പറഞ്ഞു വരണത്... ഈ മുനി പോലിരിക്കുന്ന ഇവന്‍ ഇതുപോലെ അടി പൊട്ടിക്കണമെങ്കില്‍ നീയൊക്കെ ഇവന്റെ വായില് കോലിട്ട് കുത്തി യാലേ നടക്കുള്ളൂ... അങ്ങനയാകുമ്പോള്‍ പ്രതികള്‍ നിങ്ങളാകാനേ തരമുള്ളൂ... അല്ലെ മാധവേട്ടാ?''
ബാസ്റ്റിന്‍ സാര്‍ പതിയെ നടന്നു തൊമ്മന്റെ മുന്നില്‍ ചെന്ന് നിന്നു..
ഇനി ആ മുറിയില്‍ നടക്കാന്‍ പോകുന്നത് ശിക്ഷണമാണോ ശിക്ഷയാണോ എന്ന് സമയം തെളിയിക്കണം.
(തുടരും)