നിത്യാനുരാഗി [07]

ഖലീല്‍ ജിബ്രാന്റെ ജീവിതം ആധാരമാക്കിയ നോവല്‍
നിത്യാനുരാഗി [07]
  • നോവല്‍ അവസാനിക്കുന്നു

തന്റെ ഉള്ളില്‍ ഭ്രൂണരൂപം പ്രാപിച്ചു കഴിഞ്ഞ 'പ്രവാചകന്‍' കൂടി എഴുതുന്നതിനുള്ള കാലം വിധി തനിക്കനുവദിച്ചെങ്കില്‍ എന്ന് ജിബ്രാന്‍ ദാഹിച്ചു. വേദനയില്‍ നിന്നും സന്തോഷം ഊറ്റിയെടുക്കുവാന്‍ കഴിയുന്നവര്‍ക്ക് ഏറ്റവും ദുസ്സഹമായ വിചാരണകളിലൂടെ കടന്നുപോകുമ്പോഴും ആത്മാനന്ദത്തിന്റെ രുചി നുണയാന്‍ കഴിയുമോ?

* * * * * *

ജിബ്രാന്‍ തന്നെയാണ് വേഷപ്രച്ഛന്നനായി 'പ്രവാചക'നില്‍ അല്‍മുസ്തഫ എന്ന കഥാനായകനായി പ്രത്യക്ഷപ്പെട്ടത്. മറഞ്ഞിരിക്കുവാന്‍ കടംകൊണ്ട ഒരു പേര്. പന്ത്രണ്ടു വര്‍ഷങ്ങള്‍ ന്യൂയോര്‍ക്കില്‍ ജീവിച്ചശേഷമാണ് 'പ്രവാചക'ന് ഒരു ആമുഖമെഴുതുവാന്‍ അയാള്‍ക്കു കഴിഞ്ഞത്. മേരിപാസ്‌ക്കലും 'പ്രവാചക'നിലുണ്ട് - ഒരു ബാലികയായി. ദര്‍ശനവും കവിതയും അന്യാപദേശവും കൊണ്ട് നെയ്ത ഒരു ആത്മകഥയായിരിക്കുമ്പോഴും പ്രവാചകന് സാര്‍വലൗകികമായ പ്രസക്തി കൈവന്നു. ഒരു ഒന്നാം കിട സാഹിത്യകൃതിയായി മാറിയ 'പ്രവാചകന്‍' അനേകം ഭാഷകളിലേക്ക് അതിവേഗം ഭാഷാന്തരം ചെയ്യപ്പെട്ടു. ഇംഗ്ലീഷിലാണെഴുതപ്പെട്ടത്. പ്രസിദ്ധീകരിക്കും മുമ്പ് പതിവുപോലെ കയ്യെഴുത്തുപ്രതി മേരിക്കയച്ചു. അവള്‍ അത് വായിച്ചിരിക്കണമെന്നേ അയാള്‍ മോഹിച്ചുള്ളൂ. പക്ഷേ, അവള്‍ കൃത്യമായി സംയോജിപ്പിക്കുകയും ചില തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. ജിബ്രാന്റെ ഏറ്റവും വിശിഷ്ടമായ കൃതി അതാവുമെന്ന് മേരി അഭിപ്രായപ്പെട്ടു.

അനേകം പുസ്തകങ്ങള്‍ക്കിടയില്‍ ഒന്ന് എന്ന പോലെ മാത്രമാണ് അത് 'ന്യൂയോര്‍ക്കി'ലെ പുസ്തകക്കടകള്‍ക്കിടയില്‍ ഇടംപിടിച്ചത്. തന്ത്രങ്ങളും സ്ഥിരോത്സാഹമുള്ള ഒരെഴുത്തുകാരന് തന്റെ കൃതി കുറേയെങ്കിലുമൊക്കെ വിറ്റഴിക്കാന്‍ സാധിക്കും. പക്ഷേ, പ്രസിദ്ധീകരിച്ച തിനുശേഷം ജിബ്രാന്‍ തന്റെ സ്വാഭാവികമട്ടില്‍ ആ പുസ്തകത്തിന്റെ ഭാവി എന്താകുമെന്ന് ചിന്തിച്ചതേയില്ല. ഒരു വലിയ ഭാരമൊഴിഞ്ഞ പ്രതീതിയാണനുഭവപ്പെട്ടത്. അതേ സമയം യുഗങ്ങളിലൂടെ യാത്ര ചെയ്യാന്‍ പ്രാപ്തമായ ഒരു സന്ദേശം ആ കൃതിയിലുറങ്ങുന്നുണ്ടെന്നതേപ്പറ്റി അയാള്‍ക്ക് ദൃഢവിശ്വാസമുണ്ടായിരുന്നു താനും. എക്കാലത്തും ജീവിതത്തിന്റെ അന്തരാര്‍ത്ഥമന്വേഷിക്കുന്നവര്‍ ആ പുസ്തകം തേടിച്ചെല്ലുമെന്ന് മേരിയും വിഭാവനം ചെയ്തിരുന്നു.

എന്നിട്ടും ഏതൊരു മഹാസ്രഷ്ടാവിനെയും പോലെ താനാഗ്രഹിച്ചതു മുഴുവനും 'പ്രവാചക'നിലേക്കു പകരാനായില്ല എന്ന് ജിബ്രാന്‍ മേരിയോടേറ്റു പറഞ്ഞു. 'പ്രവാചകന്റെ ഉദ്യാനം' എന്ന അനുബന്ധ കൃതിക്കു വേണ്ടി അയാള്‍ ഉഴറി. പക്ഷേ, ഏറെക്കാലം മുമ്പ് എഴുതാന്‍ നിശ്ചയിച്ചിരുന്ന യേശുവിനെക്കുറിച്ചുള്ള പുസ്തകം എഴുതിതീര്‍ക്കണമെന്ന മോഹം ശക്തമായി. ജിബ്രാന്റെ ഭാവനയേയും ഹൃദയത്തേയും ക്രിസ്തു എല്ലാക്കാലത്തും മഥിച്ചിരുന്നല്ലോ. എത്ര കൃതികള്‍ ക്രിസ്തുവിനെപ്പറ്റി എഴുതപ്പെട്ടാലും ക്രിസ്തു ഒരു പുതിയ വിഷയമായി തന്നെ എഴുത്തുകാരനു മുന്നില്‍ വന്നു നില്‍ക്കും എന്ന് ജിബ്രാന്‍ വിശ്വസിച്ചു.

ക്രിസ്തുവിന്റെ സമകാലികര്‍ അദ്ദേഹത്തെപ്പറ്റി പ്പറയുന്ന മട്ടിലാണ് ആ കൃതിയുടെ സങ്കേതം ജിബ്രാന്‍ വിഭാവനം ചെയ്തത്. അതില്‍ സ്വന്തം കാഴ്ചപ്പാടും കലരും. തന്റെ ശൈലിയുമായി പൂര്‍ണ്ണമായി ആ കൃതിയെ സ്വരപ്പൊരുത്തത്തിലെത്തിക്കാന്‍ ജിബ്രാന് ഉറപ്പുണ്ടായിരുന്നു. ഉറക്കമൊഴിഞ്ഞിരുന്ന ദിനങ്ങളില്‍ ജിബ്രാന്‍ ക്രിസ്തുവിന്റെ സമകാലികരായ കഥാപാത്ര സ്വത്വങ്ങളിലേക്ക് പരകായ പ്രവേശം നടത്തി.

ശ്വാസകോശത്തിലായിരുന്നു ജിബ്രാന് രോഗം. അത് വര്‍ധനമാനമായിക്കൊണ്ടിരിക്കുകയായിരുന്നു. രചനാ വേളകളില്‍ അയാള്‍ അതെല്ലാം വിസ്മരിക്കുകയാണ് പതിവ്. അതൊരനുഗ്രഹമായി എന്നു പറയാം. എന്നെന്നേക്കുമായി പേന ഉപേക്ഷിക്കും മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള കൃതി എഴുതത്തീര്‍ക്കാന്‍ കഴിയണമെന്നായി അപ്പോഴത്തെ ധൃതി.

'മനുഷ്യപുത്രനായ യേശു' പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടും ജിബ്രാന്റെ മനസ്സ് അതില്‍ നിന്നും മുക്തമായില്ല. പക്ഷി കൂട്ടില്‍ നിന്നും പറന്നു പോയ്ക്കഴിഞ്ഞിട്ടും അയാള്‍ക്ക് അതേപ്പറ്റി മറക്കുവാനായില്ല. ഒരു ചിത്രകാരനോ പണ്ഡിതനോ എഴുതുന്നതു പോലെയല്ലല്ലോ ഒരു കവി യേശുവിനെ ക്കുറിച്ചെഴുതുക. ഹൃദയം നിറഞ്ഞ ആരാധനയോടും സ്‌നേഹത്തോടും ആദരവോടും കൂടിയാവും കവി എഴുതുക. ഏറ്റവും കുലീനനായ മനുഷ്യനായാണ് ജിബ്രാന്‍ എക്കാലവും യേശുവിനെ ഹൃദയത്തില്‍ കൊണ്ടു നടന്നത്. യേശുക്രിസ്തുവെന്ന തന്റെ മഹാനായ ഭ്രാതാവിന് ജിബ്രാന്‍ സ്വഹൃദയം കൊണ്ട് ചെയ്ത ബലിയായിരുന്നു ആ പുസ്തകം - മനുഷ്യപുത്രനായ യേശു.

* * * * * *

ആ രണ്ടു പുസ്തകങ്ങളുടേയും പ്രസിദ്ധീകരണത്തിനുശേഷം ഭാഗ്യദേവതയുടെ മന്ദഹാസം ജിബ്രാനനുഭവപ്പെട്ടു തുടങ്ങി. വരുമാനം വര്‍ധിച്ചുവന്നുവെന്നു മാത്രമല്ല. ആരാധകരുടെ എണ്ണത്തിലും വന്‍ കുതിപ്പുണ്ടായി. വിശേഷിച്ചും യുവതികള്‍. അധികം വന്ന പണം ബാങ്കറായ ഒരു സുഹൃത്തുവഴി നിക്ഷേപിച്ചു കൊണ്ടിരുന്നു. ആദ്യപതിപ്പ് ഇരുന്നൂറു കോപ്പി മാത്രം. വിറ്റുപോയ പ്രവാചകന്‍ അനവധി ഭാഷകളിലേക്ക് അതിവേഗം വിവര്‍ത്തനം ചെയ്യപ്പെട്ടു. ബോസ്റ്റണില്‍ പരിമിത സൗകര്യങ്ങളില്‍ ജീവിച്ചിരുന്ന സഹോദരിയെ നഗരത്തിന്റെ തിരക്കു കുറഞ്ഞ ഒരിടത്തു വാങ്ങിയ പുതിയ വസതിയിലേക്ക് അയാള്‍ കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തുക്കളും പത്രാധിപന്മാരും ചേര്‍ന്ന് നഗരത്തിലെ മുന്തിയ ഒരു ഹോട്ടലില്‍ ജിബ്രാന്റെ സാഹിത്യജീവിതത്തിന്റെ രജതജൂബിലി ഒരു സായാഹ്നവിരുന്നാക്കി ആഘോഷിക്കുവാനും മുതിര്‍ന്നു. ഒരു രാജ്ഞി തന്റെ ഒരു കൂട്ടുകാരി വഴി ആശംസകളറിയിച്ച കാര്യം ജിബ്രാന്റെ ഹൃദയത്തില്‍ തട്ടിയെങ്കിലും അന്യമനസ്‌കത അഭിനയിച്ചുകൊണ്ടാണ് അതേപ്പറ്റി ആത്മമിത്രങ്ങളെ അറിയിച്ചത്.

ഒരു കാലത്ത് താന്‍ കണ്ട സ്വപ്നങ്ങളൊക്കെയും യാഥാര്‍ത്ഥ്യങ്ങളായി മുന്നില്‍ നിരന്നു നില്‍ക്കെത്തന്നെ ആ മഹാനായ കലാകാരന്‍ രോഗങ്ങളുടെ നിലയില്ലാത്ത കയങ്ങളിലേക്ക് നിപതിച്ചു കൊണ്ടേയിരുന്നു. സന്ധിവേദനയും കരള്‍വീക്കവും ശ്വാസകോശ പ്രശ്‌നങ്ങളും രൂക്ഷമായി - ഭക്ഷണം കുറക്കണമെന്നാണ് ഭിഷഗ്വരര്‍ നിര്‍ദേശിച്ചത്. ചിലര്‍ സമ്പൂര്‍ണ്ണ വിശ്രമവും, മരുന്നുകളുമുണ്ട്. മനസ്സില്ലാമനസ്സോടെ എല്ലാറ്റിനും ജിബ്രാന്‍ വഴങ്ങി. ഒന്നും ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം. പലവിധ രോഗശല്യങ്ങള്‍ അയാളെ ഒരു വിചിത്ര പ്രകൃതിയാക്കി മാറ്റി. ഇടയ്ക്ക് എഴുതാനോ വരയ്ക്കുവാനോ ഉദ്വിഗ്നനാകുമെങ്കിലും കട്ടിലില്‍ നിന്നെഴുന്നേല്‍ക്കുവാന്‍ പോലും കഴിയാതെ യുമായി.

ഭിഷഗ്വരന്മാരില്‍ നിന്നും തന്റെ യഥാര്‍ത്ഥ സ്ഥിതി ബോധ്യപ്പെട്ടെങ്കിലും അദ്ദേഹം എല്ലാം സുഹൃത്തുക്കളില്‍ നിന്നു മാത്രമല്ല അവനവനില്‍ നിന്നും മറയ്ക്കാന്‍ ശ്രമിച്ചു. ബോസ്റ്റണിലെ ഒരു വിദഗ്ധ ഡോക്ടര്‍ ഒരു ശസ്ത്രക്രിയ നിര്‍ദേശിച്ചു. ജിബ്രാനതംഗീകരിക്കുകയും ചെയ്തതാണ്. ശസ്ത്രക്രിയ നിശ്ചയിക്കപ്പെട്ട ദിവസം സഹോദരിയോട് യാത്ര പറഞ്ഞ് തയ്യാറായി ഗോവണിയിറങ്ങി താഴെയെത്തിയെങ്കിലും മനസ്സുമാറി. താന്‍ തന്നെ വിധിക്കു വിട്ടുകൊടുക്കുകയാണെന്നും ദേവതകള്‍ അവരുടെ ഇഷ്ടം നിറവേറ്റട്ടെ എന്നുമാണ് സഹോദരിയോട് പിന്നീട് പറഞ്ഞത്. ആ നിശ്ചയത്തില്‍ കടുത്ത ഇച്ഛാശക്തിയും ധൈര്യവും സ്ഫുരിച്ചിരുന്നു. അതിനു മുമ്പോ പിമ്പോ സ്വന്തം രോഗങ്ങളെക്കുറിച്ച് അദ്ദേഹം വിപലിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല; മരണഭയം ഭാവനാശക്തിയെ തളര്‍ത്തയിട്ടുമില്ല.

പക്ഷേ, പ്രവാചകന്റെ തുടര്‍ച്ചയായ 'പ്രവാചകന്റെ ഉദ്യാനം' എഴുതണമെന്ന മോഹം സാക്ഷാത്ക്കരിക്കപ്പെട്ടില്ല.

* * * * * *

മേരിക്ക് നാല്പത്തിയെട്ടു വയസ്സായപ്പോഴാണ് ഒരകന്ന ബന്ധുവില്‍ നിന്നും അവള്‍ക്ക് ഒരു ക്ഷണം കിട്ടുന്നത് - ആ വര്‍ഷത്തെ വേനല്‍ക്കാലം അയാളോടൊപ്പം കഴിച്ചുകൂട്ടുന്നുണ്ടോ എന്നായിരുന്നു സന്ദേശം. വിഭാര്യനും അതിസമ്പന്നനുമായ ജേക്കബ് ഫ്‌ളോറന്‍സ് എന്ന മധ്യവയസ്‌കനാണ് പരോക്ഷമായി അയാളുടെ ജീവിത്തിലേക്ക് മേരിയെ ക്ഷണിച്ചത്. ജിബ്രാനില്‍ നിന്നല്ലാതെ മുന്‍പ് അവള്‍ക്ക് ഒരു വിവാഹാഭ്യര്‍ത്ഥന കേള്‍ക്കേണ്ടി വന്നിട്ടില്ല. ആ വര്‍ഷത്തെ ഒഴിവുകാലം ജിബ്രാനോടൊപ്പം കഴിയുവാനായിരുന്നു മേരി പദ്ധതിയിട്ടിരുന്നത്. മനസ്സാക്ഷി പറയുന്നതനുസരിക്കുവാനായിരുന്നു ജിബ്രാന്‍ നിര്‍ദേശിച്ചത്. നാമല്ല, നമുക്കുള്ളിലെ ദിവ്യമായ പൊരുളാണ് നമ്മുടെ കര്‍മ്മഗതി നിയന്ത്രിക്കുന്നതെന്നും ആ കവി ചൂണ്ടിക്കാട്ടി.

മേരി ജേക്കബുമൊത്ത് യൂറോപ്പിലേക്കു യാത്രയായി. ജിബ്രാന്റെ ജീവിതത്തില്‍ നിന്നു കൂടിയുള്ള യാത്രയായിരുന്നു അത്. പിന്നീട് അവള്‍ക്കിടയിലെ കത്തിടപാടുകള്‍ താനേ നിലച്ചു. മേരി ജേക്കബിനെ വിവാഹം കഴിക്കുകയും ചെയ്തു. ജേക്കബിനോടൊപ്പമുള്ള ആ യാത്ര അവളുടെ ജീവിതത്തിന് പൂര്‍ത്തീകരണം നല്കുന്നതായി അവള്‍ക്കനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും ജിബ്രാനുമായുള്ള ആത്മബന്ധത്തിന് മുറിവേറ്റില്ല. അവര്‍ അന്യോന്യം കടപ്പെട്ടവരായിത്തന്നെ തുടര്‍ന്നു. അത്രയും ദൃഢതരമായ ഒരു ബന്ധമായിരുന്നു അവരുടേതെന്ന് ഇരുവര്‍ക്കുമറിയാമായിരുന്നല്ലോ. രഹസ്യവേദനകള്‍ അന്യോന്യം കൈമാറി അവര്‍ ഒരുപാട് ആത്മപീഡനങ്ങളെ അതിജീവിച്ചവരാണ്. ആ സംഘര്‍ഷങ്ങള്‍ തന്നെയായിരുന്നു ആ കാലത്തിന്റെ സൗന്ദര്യമെന്നും അവരറിഞ്ഞിരുന്നു. 'ഒടിഞ്ഞ ചിന്തകള്‍' എന്ന കൃതി ജിബ്രാന്‍ മേരിക്കാണ് സമര്‍പ്പിച്ചിരുന്നത്.

* * * * * *

ഈസ്റ്ററിനെ പിന്‍തുടര്‍ന്നുവന്ന വെള്ളിയാഴ്ചയിലായിരുന്നു ജിബ്രാന്‍ ശരീരം വെടിഞ്ഞത്. മരിയന്നയുടെ കമ്പിസന്ദേശം ലഭിച്ചയുടന്‍ മേരി ഹസ്‌ക്കല്‍ രണ്ടു മണിക്കൂറുകള്‍ക്കകം തീവണ്ടി യാത്ര ചെയ്ത് ആശുപത്രിയിലെത്തി. ഓര്‍ക്കിഡ് പുഷ്പങ്ങളിലും ലില്ലിപൂക്കളിലും പൊതിഞ്ഞ് ജിബ്രാന്റെ ശരീരം ലക്‌സിംഗ്ടണ്‍ അവന്യൂവിലെ ശ്മശാന കുടീരത്തില്‍ ശനിയും ഞായറും പ്രദര്‍ശിപ്പിച്ചു. ജീവിതത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള ആളുകളും പ്രവാഹമായവിടേക്കെത്തി. തികച്ചും നിശ്ശബ്ദരായി അവര്‍ അന്ത്യാഭിവാദ്യങ്ങളര്‍പ്പിച്ചു കടന്നുപോയി.

തിങ്കളാഴ്ച ബോസ്റ്റണിലേക്ക് ശവപേടകമെത്തിച്ചപ്പോള്‍ ജിബ്രാന്റെ സുഹൃത്തായിരുന്ന ഒരു പുരോഹിതന്‍ ലബനീസ് പതാകയണിയിച്ചു. മരിയന്ന അവളുടെ അമ്മ നല്കിയ ഒരു കറുത്ത തൂവാല ശിരസ്സില്‍ ധരിച്ചിരുന്നു. മേരി ഖേദം ഉള്ളിലൊതുക്കിയതേയുള്ളൂ. ചടങ്ങുകളെല്ലാം അവള്‍ നിയന്ത്രിച്ചു. ജിബ്രാന്‍ എഴുതിയതിന്റെയെല്ലാം ഒരു പ്രധാനഭാഗമായിരുന്ന പരിശുദ്ധയായ ആ സ്ത്രീ സംയമനം എല്ലാം കഴിയുംവരെയും പാലിച്ചു.

ലബനോണിലേക്കെത്തിച്ച ജിബ്രാന്റെ ഭൗതികപീണ്ഡം സ്വീകരിക്കുവാന്‍ ജനാധിപത്യത്തിലേക്കെത്തിക്കഴിഞ്ഞിരുന്ന ലബനോണിന്റെ ഭരണാധികാരികള്‍ കാത്തുനിന്നിരുന്നു. മേരി ഹസ്‌ക്കലും മരിയാന്നയും അപ്പോഴും ഒപ്പമുണ്ടായിരുന്നു. ആ ജീവനാന്തം പള്ളിയോട് കലഹിച്ചിരുന്നുവെങ്കിലും അന്ത്യോപചാരമര്‍പ്പിക്കുവാന്‍ മതപുരോഹിതരും സന്നദ്ധരായെത്തിയിരുന്നു. ബിസ്ഹാരിയിലെ ഒരു ശവപ്പറമ്പില്‍ ജിബ്രാനെ അടക്കം ചെയ്തു. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു കുട്ടി കടന്നുവന്ന് സംസ്‌കരിക്കപ്പെട്ട ഇടത്ത് കുറച്ചു പൂക്കള്‍ വിതറി.

  • (അവസാനിച്ചു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org