നിത്യാനുരാഗി [06]

നിത്യാനുരാഗി [06]

ഒരു പുതിയ അധ്യായം തുറന്നുകൊണ്ട് ജിബ്രാന്‍ പ്രത്യാശയോടെ കപ്പലില്‍ക്കയറി. തിരിച്ചു വരുമ്പോള്‍ ബോസ്റ്റണിലെ കോടീശ്വരന്മാര്‍ തന്റെ ചിത്രങ്ങള്‍ക്കായി വരിനല്‍ക്കുമെന്ന് അയാള്‍ സ്വപ്നം നെയ്തു. കപ്പലില്‍ കയറുംമുമ്പ് മേരിയോടും മരിയന്നയോടും യാത്ര ചോദിക്കുമ്പോള്‍ വേദനയും പ്രതീക്ഷയും ഒരേ സമയം അയാളുടെ ഉള്ളില്‍ വിങ്ങി. മരിയന്ന ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്നതിലായിരുന്നു അപ്പോഴയാളുടെ ദുഃഖം. മഹാനഗരത്തില്‍ അവള്‍ എങ്ങനെ ഒറ്റയ്ക്കു കഴിയും? മേരി അവളെ തുണക്കാതിരിക്കുകയില്ലെങ്കിലും. വേദനകളുടേയും ദുരിതങ്ങളുടേയും യുഗം അവസാനിക്കുമോ?

* * * * * *

എല്ലാക്കാലത്തും പാരീസ് ജനത വലിയ ആഭിമുഖ്യമാണ് കലയോടും സാഹിത്യത്തോടും പ്രദര്‍ശിപ്പിച്ചിരുന്നത്. പുരോഗമനപരമായ ആശയങ്ങള്‍ അവിടെയാണ് ആദ്യം പൊട്ടിമുളയ്ക്കുക. ചിത്രകലയോടുള്ള അവരുടെ നിലപാടുകള്‍ എന്നും വിശുദ്ധവും ലളിതവുമായിരുന്നു. തീര്‍ത്തും സങ്കീര്‍ണ്ണമാണ് താന്‍ ചെന്നിറങ്ങാന്‍ പോകുന്ന അപരിചിത നഗരമെന്ന സത്യം ആദ്യമൊന്നും ജിബ്രാന്‍ കണക്കാക്കിയില്ല.

പാരീസില്‍ ഒരു താല്‍ക്കാലിക വസതി കണ്ടെത്തുവാന്‍ വളരെ പ്പെട്ടെന്ന് ജിബ്രാനു കഴിഞ്ഞു. തന്റെ സങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള ഒരു ഗതിവേഗം ജീവിതത്തിനുണ്ടാവില്ല എന്ന് പോകെപ്പോകെ അയാള്‍ തിരിച്ചറിയുകയും ചെയ്തു.

* * * * * *

മരിയന്നയില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന കത്തുകളില്‍ നിന്നും ചേരിയില്‍ നിന്നും മാറിയെങ്കിലും അവള്‍ക്കും ബോസ്റ്റണിലെ കാലാവസ്ഥ പിടിക്കാതെ വരുന്നുവെന്ന് തെളിവായി. മരിയന്നയെക്കുറിച്ചോര്‍ത്ത് ജിബ്രാന്‍ നിരന്തരം നീറി. മേരി അയച്ച കത്തുകള്‍ മാത്രമായി അയാള്‍ക്ക് സാന്ത്വനം. താന്‍ പഠിക്കുവാന്‍ ചേര്‍ന്ന ചിത്രകലാകേന്ദ്രത്തില്‍ നിന്നും പുതുതായി കാര്യമായൊന്നും പഠിക്കുവാന്‍ കഴിഞ്ഞില്ല എന്ന വസ്തുത ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നുതാനും.

* * * * * *

പാരീസിലേക്കെത്തുന്ന കലാവിദ്യാര്‍ത്ഥികളുടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രമായിരുന്നു റോഡിന്‍ എന്ന വിശ്വപ്രശസ്ത ശില്പിയുടെ സ്റ്റുഡിയോ. യാദൃശ്ചികമായാണ് ജിബ്രാന്‍ അവിടെ ചെന്നുപെട്ടത്. ശിലയിലും ലോഹത്തിലുമുള്ള ആ മഹാനായ കലാകാരന്റെ രചനകള്‍ ജിബ്രാനെ വല്ലാതെ മോഹിപ്പിച്ചു. താന്‍ സ്വപ്നം കണ്ട ജീവിതമാണ് റോഡിന്‍ ജീവിക്കുന്നതെന്ന് വിസ്മയത്തോടെ അയാള്‍ നേരില്‍ കണ്ടു. കവിതയും ജീവിതാസക്തിയും സ്വാതന്ത്ര്യബോധവും ആ രചനകളില്‍ തൊടുത്തു നിന്നു. റോഡിന്റെ 'നരകത്തിന്റെ പടിവാതില്‍' എന്ന ചിത്രത്തിനു മുന്നില്‍ ദിവസങ്ങളോളം ജിബ്രാന്‍ ധ്യാനിച്ചു നിന്നിട്ടുണ്ട്. റോഡിന്റെ പ്രതിഭയ്ക്കു മുന്നില്‍ ജിബ്രാന്‍ വിദ്യാര്‍ത്ഥിയായി. ആ സ്റ്റുഡിയോയില്‍ കഴിച്ചുകൂട്ടുമ്പോള്‍ കാലം ഒരു ബാധ്യതയായനുഭവപ്പെടാതെയായി. വൃദ്ധനായ ആ ശില്പിയുടെ അകാരവും ധ്വനികള്‍ പൊഴിക്കുന്ന വാക്കുകളും സ്റ്റുഡിയോയിലെവിടെയും ചിതറിക്കിടക്കുന്ന രേഖാചിത്രങ്ങളും ജിബ്രാനെ ആവേശം കൊള്ളിച്ചു. ഒരേയൊരു സൗന്ദര്യം കലയ്ക്കു മാത്രമാണുള്ളതെന്നും കല ജീവിതം തന്നെയാണെന്നുമുള്ള സ്വന്തം തിരിച്ചറിവു തന്നെയാണ് റോഡിനുമുള്ളതെന്നു കാണ്‍കെ റോഡിനില്‍ ഒരു വിജ്ഞപിതാമഹനെ ജിബ്രാന്‍ ദര്‍ശിച്ചു. ജിബ്രാന്‍ ഏറെക്കാലമായി കൊണ്ടു നടന്നിരുന്ന സമസ്യകള്‍ക്ക് റോഡിന്‍ ലളിതമായ ഉത്തരങ്ങള്‍ നല്കി. ജിബ്രാന് മഹത്തരമായ ഒരു ഭാവിയുണ്ടാകുമെന്ന് റോഡിന്‍ ദീര്‍ഘദര്‍ശനം ചെയ്യുകയുമുണ്ടായി. റോഡിന്റെ സംഭാഷണങ്ങള്‍ക്കിടയില്‍ വില്യം ബ്ലേക്കിനെക്കുറിച്ചു സ്തുതിച്ചു കേട്ടതിനാല്‍ പൊടുന്നനെ ജിബ്രാന്‍ നൂറ്റാണ്ട് പഴക്കമുള്ള ആ രചനകള്‍ തേടി. രേഖകളും ചായങ്ങളും ചിത്രകലയില്‍ ഉപയോഗിക്കുന്നതുപോലെയാണ് ബ്ലേക്ക് വാക്കുകള്‍ കവിതയില്‍ ഉപയോഗിക്കുന്നതെന്നാണ് റോഡിന്‍ പറഞ്ഞത്.

അതിവേഗം ഒരു 'രണ്ടാംകൈ' പുസ്തകശാലയില്‍ നിന്ന് ജിബ്രാന്‍ ബ്ലേക്കിന്റെ ഒരു സമാഹാരം വാങ്ങി. പട്ടിണി കിടക്കുന്നവന്‍ റൊട്ടി വിഴുങ്ങുന്നതുപോലെ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുകയും ചെയ്തു. ബ്ലേക്കിലേക്കെത്തുവാന്‍ റോഡിന്‍ ഒരു നിമിത്തമായി. ഇത്തരം നിഗൂഢവിസ്മയങ്ങള്‍ തനിക്കായൊളിച്ചുവച്ച ജീവിതത്തിനു നേരെ ജിബ്രാന്‍ അന്തരാ മന്ദഹസിച്ചു. ഏകാകിയായ ഒരു അലച്ചിലുകാരനായി സ്വയം വിശ്വസിച്ചിരുന്ന ജിബ്രാന് ബ്ലേക്ക് ഒരു നിതാന്ത സുഹൃത്തായി മാറി. ജിബ്രാനേക്കാള്‍ ഒന്നര നൂറ്റാണ്ടു മുമ്പ് ജനിച്ച കവി. ആ കവിയുടെ ആത്മാവാണോ തന്നില്‍ പുനര്‍ജ്ജനിച്ചിരിക്കുന്നതെന്നു പോലും ജിബ്രാന്‍ സംശയിച്ചു വശായി. എത്ര മനോഹരവും സമാധാന പൂര്‍ണ്ണവുമായിരുന്നു ആ ജീവിതം! ആ മനസ്സ് വിചിത്രാത്ഭുതങ്ങളുടെ പാര്‍പ്പിടമായിരുന്നു. അനുവാചകന് ആ അത്ഭുതലോകങ്ങളിലെത്തണമെങ്കില്‍ സ്വാധ്യായത്തിന്റെയും ആത്മദര്‍ശനത്തിന്റെയും മേഖലകള്‍ കടന്നുപോകേണ്ടിയിരിക്കുന്നു.

ബ്ലേക്കിന്റെ പത്‌നിയെപ്പോലെ ഭര്‍ത്താവിനെ പൂര്‍ണ്ണമായുമുള്‍ക്കൊള്ളുന്ന ഒരു സ്ത്രീയെ തനിക്കും ഭാര്യയായി ലഭിക്കുമോ? പത്തു വയസ്സിനു മൂപ്പുണ്ടെങ്കിലും മേരിയെ ഭാര്യയായി ലഭിച്ചാല്‍ അത്തരം പങ്കാളിത്തം സാധ്യമാകുമെന്നു തീര്‍ച്ചയുണ്ട്. ശാരീരികമായ ബന്ധം കൂടാതെ രണ്ടു പേര്‍ക്ക് ഒരുമിച്ചു കഴിഞ്ഞു കൂടാമല്ലോ. കഴിയും. ഞങ്ങളുടെ ദാമ്പത്യജീവിതം സംശുദ്ധമായിരിക്കും. ജനത എന്നെ ഭ്രാന്തനെന്നു വിളിച്ചോട്ടെ. കലയില്‍ ഭ്രാന്ത് സൃഷ്ടിപരമാണ് കവിതയില്‍ ജ്ഞാനവും. ഈശ്വരാന്വേഷണത്തിനായുള്ള ഭ്രാന്താണേറ്റവും ദിവ്യവും മഹത്തരവും. ഏറ്റവും വലിയ ആരാധനയാണത്.

* * * * * *

ബിസഹാരിയില്‍ നിന്നും ഒരകന്ന ബന്ധു കത്തയച്ചിരിക്കുന്നു - അച്ഛന്‍ മരണമടഞ്ഞിരിക്കുന്നു. ദുര്‍ന്നടത്തകൊണ്ട് സ്വയം നശിക്കുക മാത്രമല്ല, കുടുബം ഛിന്നഭിന്നമാക്കുക കൂടി ചെയ്തതാണാ മനുഷ്യന്‍. ജന്മം നലകി എന്ന ഒറ്റക്കാരണം കൊണ്ടു മാത്രമല്ല ജിബ്രാന് പിതാവിന്റെ മരണത്തില്‍ വേദന തോന്നിയത്. പിതാവ് അറസ്റ്റ് ചെയ്യപ്പെട്ട് വളരെക്കാലം കഴിഞ്ഞ് വെളിപ്പെട്ട ഒരു കഥ അയാള്‍ക്കോര്‍മ്മ വന്നു. ഔപചാരികമായി വിവാഹം കഴിക്കുന്നതിനു മുമ്പു തന്നെ കമീലയും ഖലീലും പുരോഹിതന്മാരെ ധിക്കരിച്ച് ഒരു കൂരയ്ക്കു കീഴില്‍ ജീവിതമാരംഭിച്ചിരുന്നുവല്ലോ. ആ ധിക്കാരത്തിനുള്ള മറുപടി ഭരണാധികാരികളുടെ സഹായത്തോടെ അവര്‍ നല്കിയതായിരുന്നുവത്രേ; പിതാവിന്റെ അറസ്റ്റായി കലാശിച്ചത്. പിതാവിന്റെ രക്തത്തില്‍ നിന്നും തന്നിലേക്ക് സംക്രമിച്ച ഗുണദോഷങ്ങളെക്കുറിച്ച് ജിബ്രാന് അതിനകം വ്യക്തമായ ധാരണ യും കൈവന്നിരുന്നു.

* * * * * *

മൂന്നു വര്‍ഷങ്ങള്‍ പാരീസില്‍ കഴിച്ചുകൂട്ടിയശേഷം ആ യുവചിത്രകാരന്‍ കാര്യമായൊന്നും നേടാതെ മടങ്ങി. പാരീസിന്റെ രാത്രി ജീവിതം ജിബ്രാന് ലഹരി പകര്‍ന്നിരുന്നു. ആത്മാവിന്റെ അയല്‍ക്കാരെന്നു വിശേഷിപ്പിക്കാവുന്ന ചിത്രകാരന്മാരോ, കവികളോ ആയ ചില സുഹൃത്തുക്കളേയും ലഭിച്ചിരുന്നു. പക്ഷേ ആ സൗഹൃദങ്ങള്‍ അധികം നീണ്ടിട്ടില്ല. ചിലര്‍ ജന്മരാജ്യങ്ങളിലേക്ക് പിന്മടങ്ങി. ചിലര്‍ ജിബ്രാനില്‍ നിന്നും അകന്നുപോയി. കലാകാരന്റെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് അതിരുകളില്ല എന്ന ജിബ്രാന്റെ വിശ്വാസം നിഷേധാത്മകമാണെന്ന് കരുതിയവരായിരുന്നു അവര്‍. പിന്നീട് പാരീസിന്റെ തുരുമ്പിച്ച തെരുവുകളിലൂടെയുള്ള അലച്ചിലും രാത്രികാല വായനകളും ചിത്ര രചനയും ജിബ്രാന്റെ ഏകാന്ത ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയി. ഒടുവിലൊടുവില്‍ പാരീസ് ജീവിതത്തിന്റെ അന്തഃസ്സാര ശൂന്യത അയാളെ വിഹ്വലനാക്കും വിധം തുറിച്ചുനോക്കി. മേരി തനിക്ക് താങ്ങും തണലുമായി തുടരുക തന്നെ ചെയ്യുമെന്ന ഉറച്ച വിശ്വാസം മാത്രമായിരുന്നു ന്യൂയോര്‍ക്കിലിറങ്ങുമ്പോഴും ജിബ്രാന്റെ കരുതല്‍ ധനം.

* * * * * *

ആത്മാവിലാണ് ജിബ്രാന്‍ അനുരാഗവും കാമവുമെല്ലാം കണ്ടെത്തിയത്. പക്ഷേ, സാമാന്യാര്‍ത്ഥത്തില്‍ ഒരു സദാചാര വാദിയായിരുന്നുമില്ല. ശാരീരികമായ അടുപ്പം ജിബ്രാന് ഒരിക്കലും സുഖകരമായി തോന്നിയിട്ടില്ല. വിശുദ്ധമായ പ്രണയബന്ധങ്ങളെ വികാര വൈവശ്യങ്ങളുടെ ചങ്ങലക്കെട്ടുകളില്‍ കുടുക്കി ശ്വാസം മുട്ടിക്കുവാന്‍ ഒരിക്കലും അയാള്‍ക്കു കഴിയുമായിരുന്നില്ല.

* * * * * *

തന്റെ ഭാഗത്തു നിന്നുണ്ടായ വിവാഹാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടുവെങ്കിലും ജിബ്രാന്‍ പഴയ ബന്ധത്തിന്റെ തീവ്രത കുറയാതെ തന്നെ മേരിയുമായിടപെട്ടു. അവര്‍ പിന്നെയും പരസ്പരം ഉപദേഷ്ടാക്കളായി തുടര്‍ന്നു. ആ ബന്ധത്തെ ഒരു ചട്ടക്കൂടിലേക്കു വലിച്ചിടാന്‍ വിവേകമതിയായിരുന്ന മേരി തയ്യാറായില്ലെന്നു മാത്രം. ഏറെച്ചെല്ലും മുമ്പ് ജിബ്രാന്റെ ഹൃദയത്തില്‍ നിന്നും ആ മുറിവ് ഒരുപാടുപോലും അവശേഷിക്കാതെ മാഞ്ഞുപോകുകയും ചെയ്തു.

* * * * * *

ന്യൂയോര്‍ക്കില്‍ 'ഏകാന്തകുടീരം' എന്നു പേരിട്ട ഒരു ചെറിയ വീട്ടിലായിരുന്നു പിന്നീട് ജിബ്രാന്‍ താമസിച്ചത്. രണ്ടു മുറികള്‍. സ്റ്റുഡിയോ ആയും ആ വീടുതന്നെ ഉപയോഗിച്ചു.

ബ്ലേക്കിനെപ്പോലെയോ ഒരുപക്ഷേ, അതിലധികമോ സ്വാധീനിച്ചത് നീഷെയാണ്. നീഷെയുടെ 'സരതുഷ്ട്ര' ജിബ്രാന് വേദപുസ്തകമായി. വായിക്കും തോറും ജിബ്രാന്‍ നീഷെയെ സ്‌നേഹിച്ചു. ആ പ്രഭയില്‍ മറ്റെല്ലാ ചിന്തകരും മുങ്ങിത്താഴുന്നതായി തോന്നി. ഈ അതിരുകടന്ന ആരാധന തന്നെത്തന്നെ ചെറുതാക്കിക്കാണുവാനും അന്നോളമുള്ള തന്റെ കലാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുവാന്‍ പോലും ജിബ്രാനെ പ്രേരിപ്പിക്കുന്ന ദിക്കിലെത്തി. 'ഒടിഞ്ഞചിറകുകള്‍' എന്ന കൃതി എഴുതി പൂരിപ്പിക്കും മുമ്പ് ആ കൃതി ഉപേക്ഷിക്കുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞതിന് ഇതാണു കാരണം. നീഷെക്കു മുന്നില്‍ താന്‍ ഒരു ശിശുവായിപ്പോകുന്നു എന്ന അധമത്വ ബോധം.

എന്നാല്‍ 'ഒടിഞ്ഞചിറകുകള്‍' പ്രസിദ്ധീകരിക്കപ്പെട്ടതോടെ ജിബ്രാന്‍ അറബ് സാഹിത്യലോകത്തെ ചക്രവര്‍ത്തിയായി വാഴ്ത്തപ്പെടുകയായിരുന്നു. യുവഹൃദയങ്ങളില്‍ സ്വാതന്ത്ര്യബോധത്തിന്റെ അഗ്നിപടര്‍ത്തിയ ആ കൃതിക്ക് സദാചാരവാദികളും ഭരണാധികാരികളും വിലക്കേര്‍പ്പെടുത്താന്‍ മുതിര്‍ന്നു. സ്വാനുഭവങ്ങള്‍ തന്നെയായിരുന്നു ആ കൃതിയുടെ പൊരുള്‍. ഒരു കണ്ണീര്‍ത്തുള്ളിപോലെ പവിത്രവും മനോഹരവുമാണാ കൃതി. ജിബ്രാന്റെ ആത്മാവ് ഒരു കണ്ണാടിയിലെന്നപോലെ വായനക്കാരന്‍ അതില്‍ ദര്‍ശിച്ചു. പൊയ്‌പ്പോയ കാലത്തെ അനുരാഗത്തിന്റെ ദുരന്തമാണതില്‍ എഴുതപ്പെട്ടിരുന്നതെങ്കിലും അറബ് ലോകത്തിന്റെ എല്ലാ മണ്ഡലങ്ങളേയും ആ ചെറുകൃതി പിടിച്ചു കുലുക്കി.

* * * * * *

ഇടയ്ക്കിടെ മേരി ന്യൂയോര്‍ക്കിലേക്കു വരികയോ, ജിബ്രാന്‍ ബോസ്റ്റണിലേക്കു പോകുകയോ ചെയ്തു. ഈസ്റ്ററിനും ക്രിസ്തുമസ്സിനുമെല്ലാം എന്തായാലും അയാള്‍ മരിയന്നയെ കാണാന്‍ പോകുമായിരുന്നല്ലോ. അപ്പോള്‍ മേരിയെ കാണാന്‍ ശ്രമിക്കുമായിരുന്നു. സ്‌നേഹനിര്‍ഭരമായ ആ ഹൃദയം പ്രശാന്തിയുടെ പ്രകാശം ജിബ്രാാന്റെ അസ്വസ്ഥ ചിത്തത്തില്‍ സദാ തൂകിക്കൊണ്ടിരുന്നു. ക്രമബദ്ധമല്ലാത്ത അഭിലാഷങ്ങള്‍ക്കും അവസാനമില്ലാത്ത കിനാവുകള്‍ക്കും വിപ്ലവകരങ്ങളായ ചിന്തകള്‍ക്കും ഒരു രക്ഷാകേന്ദ്രം അയാള്‍ മേരിയില്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. തന്റെ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജിബ്രാന്‍ എപ്പോഴും ജാഗരൂകനായിരുന്നു. നിരന്തരമായ അധ്വാനവും അലച്ചിലും മൂലം അയാളുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയെന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായപ്പോഴും അയാള്‍ ഒന്നുമേ പുറത്തറിയിച്ചില്ല. അളവറ്റ വിധം അപ്പോഴും കാപ്പികുടിച്ചു തള്ളി. സിഗരറ്റുകളും പുകച്ചു. മദ്യസേവയും വര്‍ധമാനമായി. ബ്രഷും പേനയും ഉപേക്ഷിക്കുവാന്‍ ഒരിക്കലും അയാള്‍ സന്നധനായതുമില്ല. അറബി സാഹിത്യത്തില്‍ ജിബ്രാന്റെ പല പല കൃതികളും കാവ്യസമാഹാരങ്ങളും കലാതത്വചിന്തകളും സ്വീകരിക്കപ്പെട്ടത് ആഘോഷങ്ങളോടെയായിരുന്നു. ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടേയിരുന്നു. തനിക്കു ഹൃദയത്തിലാണു പ്രശ്‌നമെന്നും മദ്യമാണതിന് മരുന്നെന്നും അയാള്‍ തെറ്റിധരിച്ചു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org