നിത്യാനുരാഗി [04]

നിത്യാനുരാഗി [04]

ബെയ്‌റൂട്ടിലുള്ള ആ വിദ്യാലയത്തില്‍ അറബിയില്‍ ഉന്നത പരീക്ഷയെഴുതുന്നതുവരെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു ജിബ്രാന്റെ താമസം. അവന് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴേക്കും പീറ്ററിന്റെ ആരോഗ്യം തകരാറിലായിക്കഴിഞ്ഞിരുന്നു. ജിബ്രാന് പണമയച്ചുകൊടുക്കുവാന്‍ അയാളും അമ്മയും സഹോദരിമാരും കൂടി അഹര്‍ന്നിശം പാടുപെട്ടു. സ്വന്തം ജീവിതം ഹോമിച്ചുകൊണ്ടാണ് കുടുംബത്തിനുവേണ്ടി പീറ്റര്‍ മുമ്പോട്ടുപോയത്. ജിബ്രാനെപ്പോലെ തന്നെ പല അഭിരുചികളുമുള്ള ആളായിരുന്നു പീറ്ററും. ജീവിതായോധനത്തിനിടയില്‍ അവയെല്ലാം ഉപേക്ഷിക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായി; കുടുംബത്തിന്റെ സദ്ഗതി മാത്രമായി അയാളുടെ ലക്ഷ്യം. അതിരാവിലെ ചിലപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ പോയി അയാള്‍ കട തുറന്നു. അര്‍ദ്ധരാത്രിയാകുമ്പോഴേ തിരിച്ചെത്തുമായിരുന്നുള്ളൂ. കമീല തുന്നല്‍പ്പണിയില്‍ മുഴുകി. സുല്‍ത്താനയും മരിയന്നയും അവരെ താന്താങ്ങളാവും വിധം സഹായിച്ചു. അന്തരീക്ഷത്തിലെ അവസാനിക്കാത്ത പുകയും പൊടിയും മാലിന്യങ്ങളും ദുര്‍ഗന്ധവും അവര്‍ക്ക് സഹിക്കാവുന്നതിനുമെത്രയോ അപ്പുറത്തായിരുന്നു.

* * * * * *

ലബനോനില്‍വച്ച് ജിബ്രാന്‍ ചില സവിശേഷ ബന്ധങ്ങളില്‍ ചെന്നുപെടുകയുണ്ടായി. താന്‍ താമസിച്ചിരുന്ന ബന്ധൂഗൃഹത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്ന ഒരു കുടുംബ സുഹൃത്ത് ഒരിക്കല്‍ അയാളെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. അന്നത്തേക്ക് ജിബ്രാന് പത്തൊന്‍പത് തികഞ്ഞിരുന്നു. ആ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെ ജിബ്രാന്‍ പരിചയപ്പെട്ടു. തന്നേക്കാള്‍ രണ്ടു വയസ്സിനു മുതിര്‍ന്ന ഹാലാ എന്ന യുവതിയും ജിബ്രാനുമായി വലിയ സ്വരൈക്യത്തിലായി. അവരുടെ അന്തരംഗങ്ങളില്‍ ഒരേ തന്ത്രിവാദ്യമാണ് സ്വരം ചെയ്തിരുന്നത്.

അലൗകികവും ഉദാത്തവുമായ മേഖലകളില്‍ അവര്‍ തമ്മില്‍ വിനിമയം നടത്തി. ഈ കൂട്ടുകെട്ട് ഹാലയൂസ് അമ്മാവന് തീരെ യുക്തമായനുഭവപ്പെട്ടില്ല. അയാള്‍ കര്‍ക്കശനായ ഒരു പാരമ്പര്യവാദിയായിരുന്നു. തരം കിട്ടുമ്പോഴൊക്കെ അയാള്‍ ജിബ്രാനെ പരിഹസിച്ചു. ''ആടുമേയ്ക്കാന്‍ പൊയ്ക്കൂടേ'' എന്നു പോലും ഒരു സൗഹൃദ സദസ്സില്‍ വച്ച് പരിഹസിച്ചു ശകാരിച്ചു. അതോടെ അയാള്‍ ആ വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്താതായി. ലബനോണിലെ അടിസ്ഥാന വര്‍ഗ സന്തതികള്‍ ആടുമേക്കലിലാണേര്‍പ്പെട്ടിരുന്നത്. അയാളെ വേര്‍പിരിയുവാന്‍ ഹാലായ്ക്ക് കഴിയുമായിരുന്നില്ല. ഒരൊഴിവു ദിവസം ഒരു അരുവിക്കരയിലെ കുറ്റിക്കാടിനരികില്‍ അവര്‍ കണ്ടുമുട്ടി. അവളുടെ പിതാവ് ഈ കാര്യം അറിഞ്ഞതോടെ അവള്‍ വീട്ടില്‍ ബന്ധനസ്ഥയായി: ജിബ്രാന്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചുപോകുകയും ചെയ്തു.

ഹാലാ അവസാനം വരെ ജിബ്രാന്റെ ഓര്‍മ്മകളില്‍ മുഴുകി അവിവാഹിതയായി ജീവിച്ചു. ആ നിത്യപ്രണയ തപസ്വിനിയുമായുണ്ടായ ഹൃദയൈക്യത്തെക്കുറിച്ച് പിന്നീട് ജിബ്രാന്‍ 'തകര്‍ന്ന ചിറകുകള്‍' എന്ന നോവലെഴുതി. ആത്മരക്തത്തില്‍ മുക്കിയെഴുതിയതായിരുന്നു അതിലെ ഓരോ വരിയും. ഹാലാ ഏകാകിനിയായിത്തന്നെ മരണമടഞ്ഞു.

* * * * * *

ബെയ്‌റൂട്ടിലെ കലാലയ നാളുകളില്‍ത്തന്നെ മറ്റൊരു യുവതിയുമായും ജിബ്രാന്‍ പരിചയപ്പെട്ടിരുന്നു. സുല്‍ത്താന തബിറ്റ് എന്ന ഇരുപത്തിനാലുകാരിയായ ഒരു യുവവിധവ അവര്‍ തമ്മിലുള്ള ഹൃദയ വിനിമയം നാലു മാസങ്ങള്‍ മാത്രമേ നീണ്ടുള്ളൂ. എന്തു കാരണം കൊണ്ടോ, അവര്‍ പെട്ടെന്ന് മരണമടഞ്ഞു. പിന്നീട് അവളുടെ ഒരു പരിചയക്കാരി അവളുടേതെന്ന് പറഞ്ഞ് ഒരു പൊതി ജിബ്രാനെ ഏല്പിച്ചു. ഒരു പട്ടുത്തൂവാലയും ചില ആഭരണങ്ങളും പതിനേഴു കത്തുകളുമായിരുന്നു ഉള്ളടക്കം. ജിബ്രാനോട് അവള്‍ക്കു തോന്നിയ ഹൃദയവികാരം ഏറ്റുപറയുവാന്‍ കഴിയാതെ അവളെഴുതിയ കത്തുകളായിരുന്നു അവ.

* * * * * *

ഒരു ദുരന്തവാര്‍ത്തയായിരുന്നു ബോസ്റ്റണില്‍ ജിബ്രാനെ കാത്തിരുന്നിരുന്നത്. കഷ്ടപ്പാടുകളും വേവലാതികളും കഠിനവേലയും കാരണം സഹോദരി സുല്‍ത്താന കിടപ്പിലായകാര്യം അമ്മ അയാളെ അറിയിച്ചിരുന്നില്ല. പതിനാലു വയസ്സേയുണ്ടായിരുന്നുള്ളൂ. ക്ഷയമായിരുന്നു രോഗം. രണ്ടു വര്‍ഷങ്ങളോളം രോഗവുമായി മല്‍പ്പിടിച്ചതിനുശേഷമാണ് അവള്‍ പരാജയത്തിന് കീഴടങ്ങിയത്. അതിനകം പീറ്ററിനും കമീലയ്ക്കും അവളില്‍ നിന്നും രോഗം സംക്രമിച്ചിരുന്നു താനും.

രോഗം തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ ജന്മനാട്ടില്‍ പ്പോയി ശുദ്ധവായു ശ്വസിക്കുവാനാണ് പീറ്ററിനെ ഉപദേശിച്ചത്. അയാളതിന് സന്നദ്ധനായില്ല, കുടുംബം കഷ്ടകാണ്ഡങ്ങളിലുഴറുമ്പോള്‍ ത്യാഗമനസ്‌കനായ ആ യുവാവെങ്ങനെ വിശ്രമം തിരഞ്ഞെടുക്കും? അയാള്‍ അതിവേഗം ഒരു അസ്ഥിപഞ്ചരമായി മാറി. തീരെ നടക്കാന്‍ വയ്യാതായി. ഒരു ദിവസം തളര്‍ന്നുവീണു. വെറും ഇരുപത്തഞ്ചാം വയസ്സില്‍ പീറ്റര്‍ മരണമടഞ്ഞു. പരക്ലേശ വിവേകിയായ ഒരു ശുദ്ധാത്മാവിന്റെ ആത്മത്യാഗം.

ഈ ആഘാതം, മകളുടെ മരണ ദിവസം കിടപ്പിലായിപ്പോയ കമീല എഴുന്നേറ്റു വന്ന അന്നാണുണ്ടായത്, അതോടെ അവര്‍ വീണ്ടും കിടപ്പിലായി. ജിബ്രാനേയും മരിയന്നയേയും തനിച്ചാക്കി കമീലയും ലോകനാഥന്റെ സവിധത്തിലേക്കു പറന്നുപോയി.

സ്വപ്നജീവിയായ മകനെ ജീവിപ്പിക്കുവാന്‍ സ്വയമെരിഞ്ഞടങ്ങി ഹൃദയശാലിനിയായ ആ അമ്മ. സാധുവായ ആ അമ്മയെ ഒരു വിധേനയും സഹായിക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന വേദന ജിബ്രാനെ ആയുരന്തം ഉള്ളം നീറ്റി. ഇനി എങ്ങനെ മുന്നോട്ടുപോകും? പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നമട്ടില്ല. തന്റെ സ്വപ്നങ്ങള്‍ വെറും മണ്ണില്‍ വീണടിയുമോ?

എന്നിട്ടും തന്റെ രക്ഷാമാലാഖ എവിടെയോ ഒളിച്ചിരിക്കുന്നുവെന്ന പ്രത്യാശ ജിബ്രാനുണ്ടായി. ഒഴിഞ്ഞ കൈയുമായാണ് താന്‍ ലബനോണില്‍ നിന്നും വന്നത്. സഹോദരിമാര്‍ക്കെന്തെങ്കിലും സമ്മാനങ്ങള്‍ വാങ്ങാനുള്ള പണം പോലുമുണ്ടായിരുന്നില്ല.

* * * * * *

പീറ്റര്‍ നടത്തിക്കൊണ്ടിരുന്ന തുണിക്കട മുന്നോട്ടു കൊണ്ടുപോകാന്‍ ജിബ്രാന്‍ ശ്രമിച്ചില്ലെന്നില്ല. പക്ഷേ അയാള്‍ക്കതിനുള്ള പ്രാപ്തി ഉണ്ടായിരുന്നില്ല. ഒരു കലാകാരന് എങ്ങനെ പ്രായോഗിക മതിയാകാന്‍ കഴിയും? വീട്ടുവാടകയും മറ്റും കൊടുക്കാനില്ലെന്ന സത്യം വാ പിളര്‍ന്നടുത്തുകൊണ്ടിരുന്നു.

കലാലയ ദിനങ്ങളുടെ അവസാനം ജിബ്രാന്‍ ചില ദുശ്ശീലങ്ങളാല്‍ സ്വാധീനിക്കെപ്പട്ടു തുടങ്ങിയിരുന്നു. സിഗരറ്റു വലിയാണ് പ്രധാനം. രാത്രി കാലങ്ങളില്‍ പ്പോലും കാപ്പി നിര്‍ബന്ധമാകുകയുമുണ്ടായി.

തനിക്കറിയാവുന്ന മേഖലകളിലൂടെ നീങ്ങാന്‍ ജിബ്രാന്‍ ഉദ്യുക്തനായി. തുണിക്കട വളരെപ്പെട്ടെന്നു പൂട്ടിപ്പോയി.

ആദ്യം ചില ലേഖനങ്ങളെഴുതി ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന അറബ് മാസികകള്‍ക്കയച്ചു നോക്കി. സൗന്ദര്യ മണ്ഡലം തന്നെയായിരുന്നു കേന്ദ്ര പ്രമേയം. ആത്മാന്വേഷിയായ ആ പ്രതിഭ സ്വാനുഭവഗീതികളുമെഴുതി. അതിന് വായനക്കാരുണ്ടെന്നു കണ്ടപ്പോള്‍ പത്രാധിപന്മാര്‍ക്കും താത്പര്യമായി. ചിത്രങ്ങള്‍ വരയ്ക്കാനും അയാള്‍ സമയം കണ്ടെത്തി. മരിയന്ന തുന്നല്‍പ്പണിയിലേര്‍പ്പെട്ടു ചെറിയ വരുമാനം കണ്ടെത്തുകയും ചെയ്തു.

* * * * * *

താന്‍ വരച്ചു തീര്‍ത്ത ചിത്രങ്ങള്‍ക്കിടയില്‍ നിന്നും പ്രാതിനിധ്യ സ്വഭാവമുള്ള ചില ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ഒരു പ്രദര്‍ശനം നടത്തണമെന്ന ആഗ്രഹം അയാളെ നിരന്തരം ഉദ്വിഗ്നനാക്കി.

ക്ഷയത്തിന്റെ മൂന്നാം ഘട്ടം പിന്നിട്ട രണ്ടു പേരോടൊപ്പം കുറച്ചു നാള്‍ ജീവിച്ചതിനാല്‍ തനിക്കും രോഗം പിടിപെട്ടിട്ടുണ്ടോ എന്ന് ജിബ്രാന്‍ സംശയിച്ചു തുടങ്ങി. ആ ചിന്തയില്‍ അയാളുടെ ഹൃദയം ഞെരിഞ്ഞു. വലയില്‍പ്പെട്ട മത്സ്യത്തെപ്പോലെ കുറച്ചുകാലം പിടഞ്ഞെങ്കിലും ആത്മധൈര്യത്തിന്റെ ചിറകുകളില്‍ ആ യുവാവ് ഉയര്‍ന്നു പൊങ്ങി. ഈശ്വരേച്ഛ അങ്ങനെയാണെങ്കില്‍ അത് നിറവേറിക്കൊള്ളട്ടെ എന്ന് അയാള്‍ സമാശ്വസിച്ചു.

തന്റെ പാപത്തിന്റെ ഫലമാണിതൊക്കെയുമെ ങ്കില്‍ എന്തിന് അമ്മയും സഹോദരങ്ങളും ഇത്രമേല്‍ അനുഭവിക്കേണ്ടി വന്നു? ഇത്തരം ചിന്തകളാലുഴറി നടക്കവേ ഒരിക്കല്‍ അയാള്‍ തെരുവില്‍ വച്ച് തനിക്കെതിരേ ആ പഴയ സുന്ദരിയായ ''രക്ഷാമാലാഖ'' നടന്നു വരുന്നതു കണ്ടു. അവള്‍ അയാളെ നോക്കി കൈവീശിക്കാട്ടി. അയാള്‍ ശ്രദ്ധയില്‍പ്പെട്ട തായി നടിച്ചതേയില്ല. അവളിപ്പോള്‍ ഭൂതകാലത്തിലെ ഒരു നിഴല്‍ മാത്രം. ബെയ്‌റൂട്ട് പഠനകാലത്ത് അവളെക്കുറിച്ചുള്ള അന്തിമസ്മരണപോലും ദഹിപ്പിക്കപ്പെട്ടിരുന്നു.

മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ആ തലച്ചോറില്‍ അനവരതം തുളച്ചുകയറി. മഞ്ഞുപെയ്യുന്ന തെരുവുകളില്‍ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടക്കുമ്പോള്‍ അയാള്‍ ഉള്ളില്‍ വിലപിച്ചു: ''എന്റെ ദൈവമേ! എന്റെ ദൈവമേ... നീയെവിടെയാണ്?''

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org