നിത്യാനുരാഗി [02]

നിത്യാനുരാഗി [02]
Published on

ലെബനണില്‍ നിന്നും വളരെക്കാലമായി അമേരിക്കയിലെ ബോസ്റ്റണിലേക്ക് ആളുകള്‍ സകുടുംബം കുടിയേറിപ്പാര്‍ക്കുന്നതായി പീറ്ററിനറിയാം. അവരില്‍ പലരേയും പരിചയമുണ്ടായിരുന്നു താനും. ബോസ്റ്റണിലെത്തിപ്പറ്റിയാല്‍ അവരുടെ സഹായത്തോടെ വേരുകള്‍ പിടിപ്പിക്കാമെന്ന മോഹം പീറ്ററിനുണ്ടായിരുന്നു.

തനിക്ക് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തക്ക പ്രാപ്തിയായി എന്ന് അമ്മയ്ക്കു വിശ്വാസമായെന്നു കണ്ടപ്പോള്‍ അയാള്‍ക്ക് സന്തോഷം തോന്നി. താന്‍ പുരുഷനായിരിക്കുന്നു. കുടുംബം ഇനി തന്റെ രക്ഷാധികര്‍ത്തൃത്വത്തിനു കീഴിലാണ്. മുന്‍കാലങ്ങളിലനുഭവിച്ചതിന്റെയും പിന്നീടിനി അനുഭവിക്കാനിരിക്കുന്നതിന്റെയും വേദന തല്‍ക്ഷണം അമ്മയുടെ മുഖത്തുനിന്നും മകന്‍ വായിച്ചെടുത്തു. നിഷ്‌ക്കളങ്കനായ ആ നവയുവാവിന്റെ മുഖം അരുണാഭമായി. അയാളുടെ സിരകളില്‍ പുതിയ ഒരു ഊര്‍ജം നുരയിട്ടു. ഒപ്പം ഭാവിയെക്കുറിച്ചുള്ള ഭീതികളും.

* * * * * *

പെട്ടെന്നുതന്നെ കിട്ടിയതെല്ലാം വിറ്റുപെറുക്കി അടുത്തയാഴ്ച തന്നെ കമീലയും കുടുംബവും ബോസ്റ്റണിലേക്കു യാത്രയായി. ആദ്യത്തെ കപ്പല്‍ യാത്രയായതിനാല്‍ യാത്ര കഠിനമായാണെല്ലാവര്‍ക്കുമനുഭവപ്പെട്ടത്. ബോസ്റ്റണില്‍ പല രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന, ചൈനക്കാര്‍ ഭൂരിപക്ഷമുള്ള ഒരു പ്രദേശത്താണ് അവര്‍ക്ക് ഇടംകിട്ടിയത്. രണ്ടു മുറികളുള്ള ഒരു ചെറിയ വീട്. പരിസരം മലിനമായിരുന്നു. തെരുവു ചത്വരത്തിന്നരികിലായിരുന്നതിനാല്‍ രാത്രിയായാലും കോലാഹലസ്വരങ്ങള്‍ കെട്ടുപോയതുമില്ല.

ഉപജീവനത്തിന് എന്തു ചെയ്യണമെന്നായി അടുത്ത ചോദ്യം. കയ്യില്‍ കരുതിയ തുച്ഛമായ ധനംകൊണ്ട് പീറ്റര്‍ ഒരു തീരെ ചെറിയ തുണിക്കടയാരംഭിച്ചു. ആ വ്യാപാരത്തില്‍ ഒരു മുന്‍പരിചയമുണ്ട് അയാള്‍ക്ക്. കമീല തനിക്കറിയാവുന്ന തുന്നല്‍പ്പണിയിലുമേര്‍പ്പെട്ടു. സുല്‍ത്താനയും മരിയന്നയും അമ്മയ്ക്കു സഹായികളായി. ഏതു വിധേനയും ജിബ്രാന്റെ പഠനം തുടരുവാനായിരുന്നു അവരെല്ലാം ചേര്‍ന്നു ക്ലേശിച്ചത്. കമീലക്കായിരുന്നു ഏറ്റവും വലിയ ഉല്‍ക്കണ്ഠ, തന്റെ മകന്റെ ഭാവി ആ അമ്മ വിഭാവനം ചെയ്തിരുന്നിരിക്കണം. അവനില്‍ ഉറങ്ങിക്കിടന്നിരുന്ന സാധ്യതകള്‍ സ്വതേ കലാകാരിയും ബുദ്ധിമതിയുമായിരുന്ന കമീല തിരിച്ചറിഞ്ഞിരുന്നുവല്ലോ. നരകദുരിതങ്ങള്‍ക്കിടയിലും ജിബ്രാനെ പാഠശാലയിലേക്ക് അയക്കുവാന്‍ അവള്‍ക്കു സാധിച്ചു. പീറ്ററിന്റെ കടയില്‍ നിന്നും തുണികള്‍ തലച്ചുമടായേറ്റി നടന്ന് വില്‍ക്കുന്നത് ക്ലേശകരമായിരുന്നെങ്കിലും കമീല അതിനും തയ്യാറായി. അത്തരം നിരന്തര യാത്രകള്‍ പിന്നീടവരെ രോഗിയാക്കുകയുമുണ്ടായി. ആ ചേരിപ്രദേശത്തെ ആളുകള്‍ ഉപയോഗിച്ചിരുന്ന ഭാഷ ഹീനമായിരുന്നു. അച്ചടക്കമില്ലാത്ത കുട്ടികള്‍. എപ്പോഴും ബഹളം നിറഞ്ഞ തെരുവ്. അവരോടൊപ്പം കലരാന്‍ ജിബ്രാന്‍ ആഗ്രഹിച്ചില്ല. അമ്മ ഒട്ടനുവദിക്കുകയും ചെയ്യുമായിരുന്നില്ല. അവന്‍ സ്വതേ ശാന്തപ്രകൃതിയായിരുന്നുവല്ലോ.

* * * * * *

ചിത്രരചനയില്‍ സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിച്ച ജിബ്രാന്‍ സ്‌കൂളില്‍ പെട്ടെന്ന് ശ്രദ്ധേയനായി. അധ്യാപികമാരിലൊരുവള്‍ അവനെ തനിക്കറിയാമായിരുന്ന ഒരു ചിത്രകാരനുമായി പരിചയപ്പെടുത്തുവാന്‍ നിശ്ചയിച്ചു. അവര്‍ ആ ചിത്രകാരനെ സ്‌കൂളിലേക്കു ക്ഷണിച്ച് ജിബ്രാന്റെ രേഖാചിത്രങ്ങള്‍ കാട്ടിക്കൊടുത്തു. ഛായാചിത്രങ്ങള്‍ വരയുന്നതില്‍ സമര്‍ത്ഥനായിരുന്ന ആ ചിത്രകാരന്‍ ഈ കുരുന്നു ചിത്രകാരന്റെ സവിശേഷശൈലിയില്‍ അമ്പരന്നു പോയി. അയാള്‍ക്കവനെ വളരെ വേഗം ഇഷ്ടമായി. തന്റെ വീടിരിക്കുന്ന സ്ഥലം അയാളവനു പറഞ്ഞുകൊടുത്തു. അഭിന്ദനത്തിനു ശേഷം അയാള്‍ പറഞ്ഞു: ''കുഞ്ഞു കലാകാരാ... വീട്ടില്‍ത്തന്നെയാണെന്റെ സ്റ്റുഡിയോയും... എത്രയും വേഗം അവിടേക്കു വരണം... നിന്റെ ചിത്രങ്ങളിലെ പ്രകൃതിയും അരൂപികളും എന്നെ ഭ്രമിപ്പിക്കുന്നു.

ആ ക്ഷണം ജിബ്രാന് വിശ്വസിക്കാനായില്ല. ആ കുരുന്നു പ്രതിഭാശാലിക്ക് ബോസ്റ്റണ്‍ നഗരം ആ ക്ഷണത്തിലൂടെ അതിന്റെ മായികലോകങ്ങളിലേക്കുള്ള പടിവാതില്‍ തുറന്നു കൊടുക്കുകയായിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു.

* * * * * *

തന്റെ മകന് ലഭിച്ചിരിക്കുന്ന വരദാനങ്ങളെപ്പറ്റി കമീലയ്ക്കു കൃത്യമായ ബോധ്യമുണ്ടായിരുന്നു. അവന്റെ സ്വപ്നങ്ങള്‍ ഈ ലോകത്തെക്കുറിച്ചല്ല. സൗന്ദര്യമണ്ഡലത്തിലൂടെ അവസാനമില്ലാതെ ചിറകുകള്‍ വീശിപ്പറക്കുകയാണ് ആ തരുണഭാവന, താനനുഭവിച്ച ക്ലേശങ്ങള്‍ ഒരിക്കലും അവന്‍ അനുഭവിച്ചുകൂടാ. എങ്കില്‍ കൂടി കഷ്ടപ്പാടുകള്‍ ഒരിക്കല്‍ അവളെക്കൊണ്ട് ഇങ്ങനെ പറയിച്ചു.

''സമയമുള്ളപ്പോള്‍ നിനക്ക് പീടികയില്‍പ്പോയി പീറ്ററെ ഒന്നു സഹായിക്കരുതോ? പടം വരച്ചും കവിതയെഴുതിയുമിരിക്കുന്ന നേരം ആ കച്ചവടം പഠിച്ചെടുക്കുകയും ചെയ്യാം.''

''ആഹാ! ജിബ്രാന്റെ അമ്മ പറയേണ്ട വാക്കുകള്‍ തന്നെ... ഒരായിരം കച്ചവടക്കാര്‍ ചേര്‍ന്നാലും ഒരു കവിയുടെ ചെറുവിരലിന് പോരില്ല. പീറ്ററിന്റെ കാര്യം വേറെ... എന്തൊരു നാണക്കേടാണീ പറയുന്നത്.'' പതിനാലുകാരനായ ആ മകനില്‍ പെട്ടെന്ന് പിതാവിന്റെ ക്രോധം തിളച്ചു തുടങ്ങുന്നതായി ആ മാതാവിനു തോന്നി. അവള്‍ പിന്മാറാന്‍ തയ്യാറായില്ല.

''ജീവിക്കണമെങ്കില്‍ നമുക്കു വരുമാനം വേണ്ടേ?''

''അതേപ്പറ്റി വേവലാതിവേണ്ട. ഞാന്‍ സമ്പാദിക്കും. എനിക്കതിനു കഴിയും. എന്റെ ചിത്രങ്ങളും കവിതകളും അംഗീകരിക്കപ്പെട്ടു തുടങ്ങിയല്ലോ. പണവും പ്രശസ്തിയും എന്നെത്തേടിവരും. ഉറപ്പ്. നോക്കിക്കൊള്ളൂ.'' ആത്മവിശ്വാസത്തോടെ ജിബ്രാന്‍ പറഞ്ഞു.

''ശരി, ദൈവം എന്നെന്നേക്കും നിന്നെ രക്ഷിക്കട്ടെ.'' അമ്മ ആ രംഗം ദീര്‍ഘിപ്പിച്ചില്ല.

* * * * * *

ഒരാഴ്ച കഴിഞ്ഞ് ജിബ്രാന്‍ തന്നെ വീട്ടിലേക്കു ക്ഷണിച്ച ചിത്രകാരന്റെ വിലാസം തേടിയിറങ്ങി. ആ വസതി എവിടെയായിരിക്കുമെന്ന് അവന്‍ ഊഹിച്ചതുപോലെ തന്നെ. കുറെയധികം നടക്കേണ്ടി വന്നുവെന്നു മാത്രം. അക്ഷമയും പരിഭ്രമവും അവനെ ആകെ ഗ്രസിച്ചു. നിഗൂഢ സൗന്ദര്യത്തിന്റെയും വിസ്മയങ്ങളുടേയും ഒരു മായാലോകം തനിക്കു തുറന്നു കിട്ടുമെന്ന നിത്യപ്രതീക്ഷ യാഥാര്‍ത്ഥ്യമാകന്‍ പോകുകയാണോ? അജ്ഞേയമായ ഒരാനന്ദധാര ആ ഹൃദയത്തിലുറവെടുത്തു. ഒപ്പം ദുരൂഹമായ ഭയവും.

കൈപിടിച്ചു കയറ്റുവാനായി നിയതി ഏതു കലാകാരനുവേണ്ടിയും എപ്പോഴെങ്കിലും ആരെയെങ്കിലും നിയുക്തനാക്കി വിടാറുണ്ടല്ലോ. യാദൃശ്ചികമെന്നോണം അവര്‍ ജീവിതത്തിന്റെ ദശാസന്ധികളില്‍ പ്രത്യക്ഷപ്പെടുന്നു. താന്താങ്ങളുടെ നിയോഗം നിവര്‍ത്തിച്ച ശേഷം അപ്രത്യക്ഷരുമാകുന്നു. ഈ മുതിര്‍ന്ന ചിത്രകാരനായിരിക്കുമോ തന്റെ രക്ഷാമാലാഖ? തന്റെ സങ്കല്പ സ്വര്‍ഗത്തിലേക്കുള്ള പടിവാതില്‍ക്കല്‍ ഇയാള്‍ തന്നെ എത്തിക്കുമോ? ക്രമം തെറ്റിയ ചിന്തകളും കുതൂഹലങ്ങളും ആ തരുണമനസ്സിലൂടെ ഒഴുകിപ്പടര്‍ന്നു. ഒരു പഴഞ്ചന്‍ സൗധത്തിന്റെ ദാരുനിര്‍മ്മിതമായ വാതിലില്‍ അവന്‍ മുട്ടി.

ദേവദാരുക്കള്‍ നിറഞ്ഞ, പൗരാണിക കഥകളാല്‍ സമ്പന്നമായ ലബനോണില്‍ നിന്നെത്തിയ ആ അതിഥിയെ വാതില്‍ തുറന്നെത്തിയ മധ്യവയസ്‌കന്‍ സ്വാഗതം ചെയ്തു. ഇപ്പോള്‍ അയാള്‍ വെപ്പുമുടിയണിഞ്ഞിരുന്നില്ല. അയാള്‍ ഒരു യുവതിയെ മോഡലാക്കി ചിത്രം വരച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ജിബ്രാന്‍ കണ്ടു. ഒറ്റനോക്കില്‍ അവള്‍ക്ക് ആയ പ്രായം തോന്നില്ല. ''ദാ! ഞാന്‍ പറഞ്ഞ ചിത്രകാരന്‍, ലെബനോണാണ് നാട്, ഞാനിവന്റെ ചിത്രങ്ങള്‍ കണ്ടതിശയിച്ചു പോയി. അസാധാരണമായ ഭാവനാബലം, പ്രായത്തില്‍ക്കവിഞ്ഞ പക്വത, തികഞ്ഞ പ്രതിഭ.'' അയാള്‍ മന്ദഹാസത്തോടെ മോഡലായി കാണപ്പെട്ട ആ യുവതിയോട് പറഞ്ഞു.

ആ യുവതി കരതലം ജിബ്രാനു നേരെ നീട്ടി. അവന്‍ അത് സ്വീകരിച്ചു. തല്‍ക്ഷണം അവന്റെ മുഖം വിളറുകയും തൊണ്ട വരളുകയും ചെയ്തു. ഞരമ്പുകളിലൂടെ ഒരു തരിപ്പ് പടര്‍ന്നു കയറുകയും ചെയ്തു.

ആ യുവതിയുടെ മാര്‍വിടത്തിന്റെ മുകള്‍ഭാഗം ദൃശ്യമാകും വിധമാകും വിധമായിരുന്നു വസ്ത്രധാരണം. അവിടേക്കു നോക്കാതിരിക്കുവാന്‍ അവന്‍ മിഴികള്‍ താഴ്ത്തി. അവളുടെ ചുമലുകള്‍ വരെ കൈകളും നഗ്നമായിരുന്നു.

''ജിബ്രാന്‍... പേരെനിക്കിഷ്ടപ്പെട്ടു. പക്ഷേ, ആളൊരു നാണം കുണുങ്ങിയാണോ? അവള്‍ മസൃണമായി സംസാരിച്ചു. ''വരൂ... എന്റെ അടുത്തു വന്നിരിക്കൂ... ഈ നീണ്ടു വളര്‍ന്നു കിടക്കുന്ന മുടി ഇപ്പോഴേ നിനക്കൊരു കലാകാരന്റെ ഛായ നല്കിക്കഴിഞ്ഞു കേട്ടോ... ഞാനീ നെറ്റിയിലൊന്നുമ്മ വെച്ചോട്ടെ? ലെബനോണിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്... മനോഹരമായ ഭൂപ്രദേശം. ഞാന്‍ കലയെ ആരാധിക്കുന്നു. പക്ഷെ, മോഡലായിരിക്കുകയെന്നതിനപ്പുറം ഒരു കലാപ്രവര്‍ത്തനത്തിനും എനിക്കു കഴിയുകയുമില്ല. എന്റെ ചിത്രം ചായമിട്ടു പൂര്‍ത്തിയായിട്ടുമില്ല. എങ്കിലും പറയൂ എന്താണഭിപ്രായം? ഈ മുടിയിലൊന്നു തഴുകിക്കൊള്ളട്ടെ... കുഞ്ഞേ...''

ഒരു സാധാരണ പയ്യനോടെന്നപോലെയുള്ള അവളുടെ പെരുമാറ്റവും സംസാരവും ജിബ്രാന് ഇഷ്ടപ്പെട്ടില്ല. ചായം മാറ്റിയിട്ടില്ലാത്ത അവളുടെ ഛായാചിത്രത്തിനു നേരെ അവന്‍ നോക്കി. ചിത്രം വരച്ച മധ്യവയസ്‌കനും ആകാംക്ഷയോടെ ജിബ്രാന്റെ അഭിപ്രായത്തിന് കാതോര്‍ത്തു.

''വരച്ച ചിത്രകാരന്‍ ചിത്രം പൂര്‍ത്തിയായി എന്നു പറയുമ്പോഴും ചിത്രം പൂര്‍ത്തിയാകുന്നില്ല. മനുഷ്യന്‍ വരക്കുന്നവ സൂചകങ്ങള്‍ മാത്രം. യഥാര്‍ത്ഥ കലാകാരന്‍ ദൈവം തന്നെയാണ്. സൃഷ്ടിയുടെ പൂര്‍ണ്ണത അവനു മാത്രമവകാശപ്പെട്ടത്.'' ആ പ്രതികരണം ഒരു പ്രതികാര മനോഭാവത്തിന്റേതോ ദ്വേഷത്തിന്റേതോ ആയിരുന്നു. തഴക്കം വന്ന ഒരു ചിന്തകനെപ്പോലെ ദൃഢമായി തന്റെ അഭിപ്രായം പ്രസ്താവിച്ച ആ പയ്യനെ അവള്‍ അമ്പരപ്പോടെ നോക്കി. അവന്റെ വാക്കുകള്‍ക്കെന്തു ശക്തി!

തന്റെ അനുവാദം കൂടാതെ മുടിയില്‍ തഴുകുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്ത ആ മനോഹരിയുടെ അധികാരഭാവമാണ് അവന് ദേഷ്യമുളവാക്കിയത്. അവള്‍ തുടര്‍ന്നു ചോദിച്ചു.

''പൂര്‍ത്തിയായ ശേഷം ഞാനിതെന്റെ വീട്ടിലേക്കു കൊണ്ടുപോകും. വീട്ടില്‍ വന്നു കണ്ടിട്ട് ശരിയായ അഭിപ്രായം പറഞ്ഞാല്‍ മതി. എന്റെ വിലാസം പറഞ്ഞുതരാം. അങ്ങോട്ടു വരാനുള്ള സൗമനസ്യം കാണിക്കുമോ? നാളെ വൈകിട്ട് നാലു മണിക്ക്. ഞാന്‍ കാത്തിരിക്കും.'' അവളുടെ ചിരി വിഷാദം പുരണ്ടതും സവിശേഷവുമായി അവന് അപ്പോഴനുഭവപ്പെട്ടു.

പുറത്തിറങ്ങി നടന്നപ്പഴേക്കും അവനിലുണര്‍ന്നിരുന്ന ദ്വേഷം കെട്ടുപോയി. ആ പുതിയ പരിചയം അവന്റെ ആത്മാവില്‍ നാനാവര്‍ണ്ണങ്ങള്‍ ചാലിച്ചു. അവന്റെ ചിന്തകള്‍ വീണ്ടും സജീവമായി. 'ഈ മോഹിനിയെ തന്റെ കാവല്‍ മാലാഖയായി ദൈവം അയച്ചതായിരിക്കുമോ? തന്റെ പ്രതീക്ഷകളുടെ സ്വര്‍ഗത്തിലേക്കുള്ള പടിവാതില്‍ ഈ വിലാസവതിയാകുമോ? കാട്ടിത്തരിക?' ജീവിതത്തിന്റെ അന്തര്‍ധാരകളുടെ നിഗൂഢതലങ്ങള്‍ ആര്‍ക്ക് എങ്ങനെ മുന്‍കൂട്ടിയറിയാനാവും?

* * * * * *

രാത്രി അത്താഴമേശയില്‍ വച്ച് അന്നത്തെ അനുഭവം ജിബ്രാന്‍ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ വിളമ്പി. താന്‍ പിറ്റേന്ന് ആ സ്ത്രീയെ സന്ദര്‍ശിക്കുവാന്‍ പോകുന്നുണ്ടെന്നും ചില ചിത്രങ്ങള്‍ അവളെ കാണിക്കാനുണ്ടെന്നും കൂടി അവന്‍ പറഞ്ഞു.

പൊടുന്നനെ അത്താഴമേശപ്പുറത്ത് നിശ്ശബ്ദത പടര്‍ന്നു. അല്പം കഴിഞ്ഞ് മരിയന്ന ചോദിച്ചു.

''കൊള്ളാമല്ലോ... ആ സ്ത്രീക്കെന്തു പ്രായം വരും?''

''മുപ്പതായെന്നു തോന്നുന്നു.''

''വിവാഹിതയാണോ?'' അമ്മ ഇടപെട്ടു.

''എനിക്കതറിഞ്ഞിട്ടെന്തിനാണ്? അല്ലെന്നു തോന്നുന്നു.''

''സുന്ദരിയാണോ?'' സുല്‍ത്താന ഉത്സുകയായി.

''അത്യധികം.''

''പേരെന്താ?''

''അതൊരു രഹസ്യമാണ്.''

''അപ്പോള്‍ നീ അവളെ കാണുമെന്നുറപ്പിച്ചു. അല്ലേ? പീറ്ററും അമ്മയും ഒരേ ഉദ്വേഗത്തില്‍ ഒരേ സമയം ചോദിച്ചു.

''ഉറപ്പായും.''

സകലര്‍ക്കും ഒരു മന്ദത ബാധിച്ചതുപോലെയായി. വിഷമത്തോടെ ജിബ്രാന്‍ എണീറ്റു കൈകഴുകി. ''ഞാനിപ്പോഴൊരു കുട്ടിയല്ല. ഉത്തരവാദിത്വമില്ലാത്ത ഒരു പയ്യനായി എത്രകാലമെന്നെ നിങ്ങള്‍ കാണും? എനിക്കെന്റെ സ്വാതന്ത്ര്യവും എനിക്ക് സന്തോഷമരുളുന്നതനുഭവിക്കുന്നതിനുള്ള അവകാശമില്ലേ? നന്മതിന്മകള്‍ വേര്‍തിരിച്ചറിയുന്നതിനും സ്വയം സംരക്ഷിക്കുവാനുമൊക്കെയുള്ള ബുദ്ധി എനിക്കിനിയും ലഭിച്ചിട്ടില്ല എന്നാണോ? നിങ്ങളിപ്പോഴും കരുതുന്നത്?''

ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അന്നുവരെ പെരുമാറിയിരുന്ന മകനില്‍ നിന്നും വെട്ടിത്തുറന്നുള്ള ആ പ്രതികരണവും നിശിതത്വവും കണ്ടപ്പോള്‍ കമീല സ്തബ്ധയായി. പീറ്ററും മരിയന്നയും സുല്‍ത്താനയും ആ രംഗം വിശ്വസിക്കുവാനാകാതെ പരസ്പരം നോക്കി.

''ആ സ്ത്രീയെപ്പറ്റി ഞാന്‍ നിങ്ങളോട് പറയരുതായിരുന്നു... തെറ്റായിപ്പോയി.'' ജിബ്രാന്‍ മന്ത്രിച്ചു.

''ദൈവം നിന്നെ രക്ഷിക്കട്ടെ'' അമ്മ ദീര്‍ഘനിശ്വാസം ചെയ്തു.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org