നിത്യാനുരാഗി [01]

നോവല്‍ ആരംഭിക്കുന്നു
നിത്യാനുരാഗി [01]
  • വേണു വി. ദേശം

മരണത്തെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകളില്‍ ജീവിതവും മരണവും ഇരട്ടകളാണെന്നു സ്ഥാപിക്കുവാന്‍ വാദമുഖങ്ങള്‍ നിരത്തിയിരുന്ന ജിബ്രാന്റെ ചേതനയറ്റ ശരീരത്തില്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കെ പൊയ്‌പ്പോയ കാലത്തേക്ക് എന്റെ സ്മൃതികള്‍ തിരിച്ചു പോകുന്നു.

ആശുപത്രി മുറിക്കകത്ത് പ്രകാശം കുറവാണ്. സന്ധ്യ ചിറകുകള്‍ ഒതുക്കിത്തുടങ്ങി. വരാന്തയിലൂടെ നിഴല്‍പോലെ ഇടയ്ക്കിടെ ഒരു നഴ്‌സ് കടന്നുപോകുന്നു. എണ്ണമറ്റ മരണങ്ങള്‍ നേരില്‍ കണ്ടിട്ടുള്ളതിനാലാകാം, ജിബ്രാനെ പരിശോധിച്ച ഡോക്ടര്‍ വളരെ നിസ്സംഗമായും ലാഘവത്തോടും കൂടിയാണ് മരണത്തെക്കുറിച്ച് സംസാരിച്ചത്. സ്വന്തം മരണത്തെക്കുറിച്ച് അയാള്‍ക്കങ്ങനെ സംസാരിക്കുവാന്‍ കഴിയുമോ ആവോ?

ആത്മപരിശുദ്ധിക്കായി നിരന്തരം അവനവനോട് പോരാടിയ മനുഷ്യനായിരുന്നു ജിബ്രാന്‍. തന്റെ കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും ആ പരിശുദ്ധി ലോകത്തിന് പകരുവാനും ആയുരന്തം അദ്ദേഹം ശ്രമിച്ചു. ആ ഭാവനയുടെ സൗന്ദര്യം അതിരറ്റതായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങളും വേദനകളും കരുത്തും ദൗര്‍ബല്യവും അന്തരാത്മാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ കയ്പും ആര്‍ക്കെങ്കിലും സങ്കല്പിച്ചറിയുവാന്‍ കഴിയുന്നതാണോ? എന്തൊക്കെയായിരുന്നു ഈ മനുഷ്യന്റെ മോഹങ്ങള്‍! എന്തൊക്കെയായിരുന്നു ഏറ്റവും സൂക്ഷ്മങ്ങളായ ചിന്തകള്‍! തനിക്ക് അത്യന്തം വിശ്വസിക്കാമെന്നനുഭവപ്പെട്ട ചിലരോടു മാത്രമാണവ വെളിപ്പെടുത്തിയിട്ടുണ്ടാവുക. അക്കൂട്ടത്തിലൊരുവളായി ഞാന്‍ സ്വയം പരിഗണിക്കുന്നു.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ജിബ്രാന്റെ ഏറ്റവും മഹത്തായ രചന 'പ്രവാചകന്‍' ആഘോഷിക്കപ്പെട്ട സമയത്താണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്.

ഞാന്‍ ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നു. സാമാന്യം പ്രശസ്തയുമാണ്. അമ്പത്തിരണ്ടു വയസ്സായി. സാഹിത്യത്തോടും കലയോടുമുള്ള ആഭിമുഖ്യത്താല്‍ ഈ നഗരത്തില്‍ നടന്നിരുന്ന മിക്കവാറും എല്ലാ സാഹിത്യ യോഗങ്ങളിലും ചിത്ര പ്രദര്‍ശനവേദികളിലും ഞാനുമെത്തിയിരുന്നു. അത്തരം ഒരു യോഗത്തില്‍ വച്ചാണ് എനിക്ക് ജിബ്രാനെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായത്.

ലോകമെമ്പാടും ആരാധകരുള്ള വിശിഷ്ടനായ ഈ മനുഷ്യന്‍ തീര്‍ത്തും ഒരേകാകിയായിരുന്നു - അകത്തും പുറത്തും. ഇടയ്‌ക്കെപ്പോഴോ അദ്ദേഹം രോഗപീഢകളനുഭവിക്കുന്നുണ്ടെന്ന് എനിക്കു ബോധ്യപ്പെട്ടിരുന്നു. രചനകള്‍ പകര്‍ത്തിയെഴുതുക മാത്രമല്ല, എനിക്കു കഴിയുംവിധമെല്ലാം ഞാനെന്റെ ആരാധനാപാത്രത്തെ സഹായിച്ചു പോന്നു. ഇന്നലെ രാത്രിയാണ് മുന്‍പൊരിക്കലും എനിക്ക് കാണാനായിട്ടില്ലാത്ത വിധം അദ്ദേഹം വൈവശ്യം പ്രകടിപ്പിച്ചത്. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും ഞാന്‍ ഒരാളെ അയച്ച് ഡോക്ടറെ വരുത്തി. തല്‍ക്കാലം ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ട എന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. രാത്രി അദ്ദേഹത്തെ ഒറ്റയ്ക്കാക്കിപ്പോകുന്നത് എനിക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല. രാത്രി രോഗി അതേ നില തുടര്‍ന്നു. പുലര്‍ച്ചയായപ്പോഴേക്കും വേദന തീരെ സഹിക്കാന്‍ വയ്യാതെയായി. പത്തരയായപ്പോഴേക്കും ഞാന്‍ ഈ ആശുപത്രിയിലെത്തിച്ചു. ആള്‍ മരണാസന്നനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ഓര്‍മ്മ വന്ന ഒരു മാസികയുടെ നമ്പറിലേക്ക് ഞാന്‍ സന്ദേശമെത്തിച്ചതോടെ സുഹൃത്തുക്കളെത്തിത്തുടങ്ങി.

തത്വചിന്തകനായിരുന്ന ഈ മനുഷ്യന് ഇപ്പോള്‍ സംഭാഷണ ശക്തി വീണ്ടു കിട്ടിയാല്‍ ജനനമരണങ്ങളെക്കുറിച്ചോ, സ്വര്‍ഗനരകങ്ങളെക്കുറിച്ചോ സംസാരിക്കുമോ? ഞാന്‍ വെറുതെ ഭ്രാന്തമായോര്‍ത്തു. മരണത്തിന്റെ അബോധം സ്വപ്നത്തേക്കാളും ഭാവനയേക്കാളും അഗാധമായിരിക്കുമോ?

ജീവിതത്തിന്റെ അടിസ്ഥാന സമസ്യകളെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും അനവധി ധ്യാനിച്ച എന്റെ സുഹൃത്തിന്റെ കൃതികള്‍ പുരുഷാന്തരങ്ങളിലൂടെ സഞ്ചരിക്കുമെന്നെനിക്കുറപ്പാണ്. അതീതത്തെ ക്കുറിച്ചുള്ള വെളിപാടുകളാണ് ആ രചനകളില്‍ പതിയിരിക്കുന്നത്. ഉപരിതല സ്പര്‍ശിയായ ഒന്നിനും അദ്ദേഹത്തെ സ്വാധീനിക്കുവാന്‍ കഴിയുമായിരുന്നില്ലല്ലോ. മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് വിശുദ്ധമായ വേദനയെയും ഉദാത്തമായ പ്രണയത്തെയുംകുറിച്ച് അദ്ദേഹം നിരന്തരം എഴുതി, വരച്ചു. യാഥാസ്ഥിതിക മതങ്ങള്‍ ജല്‍പ്പിച്ച ദര്‍ശനങ്ങള്‍ക്കപ്പുറത്തേക്ക് തന്റെ നിരപേക്ഷ ജ്ഞാനവുമായി ആ കവി പറന്നു ചെന്നു. ഏകാന്തമായ ആ തൃഷ്ണ അവസാനം വരെ തുടര്‍ന്നു. വിധി നല്കിയ എത്രയോ ഭാരിച്ച വിചാരണകളിലൂടെ ഈ മനുഷ്യന്‍ കടന്നുപോയി!

സഹോദരന്റെ നിലയെപ്പറ്റി എങ്ങനെയോ അറിഞ്ഞ് മരിയന്ന ആശുപത്രിയിലേക്കോടിയെത്തി. അവളുടെ മുഖം കരഞ്ഞു കലങ്ങിയിരുന്നു. നഴ്‌സുമാരില്‍ നിന്ന് ജിബ്രാന്‍ കിടന്നിരുന്ന മുറി അവള്‍ കണ്ടെത്തി. അവളുടെ വേദന എന്റെ ഹൃദയത്തെ നുറുക്കിക്കളഞ്ഞു. ഒരിക്കല്‍ മാത്രമേ ഞാനവളെ കണ്ടിട്ടുള്ളൂ. ജിബ്രാന്‍ പറഞ്ഞ് എന്നെക്കുറിച്ച് അവള്‍ക്കറിയാമായിരിക്കും. എന്നെ കണ്ടപാടെ പൊട്ടിപ്പൊട്ടി ക്കരഞ്ഞുകൊണ്ട് അവള്‍ കുതിച്ചുവന്നു - മരണത്തിന്റെ വരവ് തടസ്സപ്പെടുത്തുവാനും കാലത്തിന്റെ സൂചി പിന്നോട്ടു തിരിച്ചുവയ്ക്കുവാനും എനിക്കു കഴിയുമെന്നപോലെ.

''ജിബ്രാന്‍ എന്റേതെന്നപോലെ നിങ്ങളുടേയും സഹോദരനല്ലേ? പറയൂ... അദ്ദേഹം തിരിച്ചുവരില്ലേ?''

തലകുനിച്ച് ഞാന്‍ കിടക്കയ്ക്കരികില്‍ മുട്ടുകുത്തിയിരുന്നു. ഒരു നിമിഷം ഞാന്‍ ജിബ്രാനുവേണ്ടി പ്രാര്‍ത്ഥിച്ചു.

* * * * * *

ലെബനോണ്‍.

ജീവിതകാലമത്രയും ജിബ്രാനെ പ്രചോദിപ്പിച്ച ജന്മസ്ഥലം. മഞ്ഞുമൂടിയ കുന്നുകള്‍, വിശുദ്ധങ്ങളായ താഴ്‌വരകള്‍, ദേവദാരുവൃക്ഷങ്ങളുടെ തണല്‍, മുന്തിരിത്തോട്ടങ്ങള്‍.

അവിടെ ഒരു പുരോഹിതന്റെ പുത്രിയായിപ്പിറന്നു കമീല. ആ സാധു യുവതിയെ വിവാഹം ചെയ്തത് സലാം റഹ്‌മേ എന്ന കുലീനചിത്തനായ ഒരു സാധാരണ യുവാവാണ്. ഭൂസ്വത്ത് ആവശ്യത്തിലേറെ ഉണ്ടായിരുന്നുവെങ്കിലും എടുത്തു പെരുമാറുന്നതിനുള്ള പണം പുരോഹിതനുണ്ടായിരുന്നില്ല. മെലിഞ്ഞ ശരീരവും പ്രഭാമയമായ മുഖവും കവിളുകളില്‍ നേര്‍ത്ത വിളര്‍ച്ചയുമുള്ള ഒരുവളായിരുന്നു കമീലയെന്ന് അവളെ കണ്ടിട്ടുള്ളവര്‍ വിശേഷിപ്പിക്കുന്നു. പാടുവാന്‍ തക്ക വരം നല്കിയിട്ടുണ്ടായിരുന്നു ദൈവം. മതപരമായ കാഴ്ചപ്പാടുകള്‍ പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയിരുന്നു കമീലയ്ക്ക്. അക്കാലത്ത് തൊഴില്‍ തേടി ബ്രസീലിലേക്കു പോകുന്നവര്‍ അനവധിയായിരുന്നു. സലാം റഹ്‌മേയോടൊപ്പം കമീലയും അവിടേക്കു പോയി. ജീവിതസാഹചര്യങ്ങള്‍ അത്യന്തം കഠിനമായിരുന്നതിനാലാവാം ആ നാട്ടില്‍ച്ചെന്ന് അധികം വൈകാതെ അയാള്‍ മരണമടഞ്ഞു. കമീലയെ സഹായിക്കുവാന്‍ ആ അന്യനാട്ടില്‍ ആരുമുണ്ടായിരുന്നില്ല. കൈക്കുഞ്ഞുമായി ലബനനിലെ ജന്മഗ്രാമമായ ബിസ്ഹാരിയിലേക്ക് അവള്‍ മടങ്ങി വന്നു. തീവ്രദുഃഖത്തെ അവള്‍ മതപരമായ ആശയങ്ങളിലേക്കു തിരിച്ചുവിട്ടു. ഒരു പുനര്‍ വിവാഹത്തിലൂടെ മാത്രമേ മുന്നോട്ടു പോകാനാവൂ എന്ന നിലവന്നു - അവള്‍ അന്തരാ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, സ്വന്തം വീട്ടില്‍ ഒരു ഭ്രഷ്ടയെപ്പോലെ ജീവിക്കുന്നതിലും ഭേദം പുനര്‍വിവാഹമാണ് നല്ലതെന്ന് അവള്‍ നിശ്ചയിച്ചു.

അവളേക്കാള്‍ ഇരുപതു വയസ്സ് അധികമുള്ള ഒരു വിഭാര്യനായിരുന്നു വരന്‍ - ഖലീല്‍ എന്ന കരംപിരിവുദ്യോഗസ്ഥന്‍. അയാള്‍ ഒരിക്കലും കമീലയെ അര്‍ഹിച്ചിരന്നില്ല. കമീലയ്ക്ക് വിദ്യാഭ്യാസം കാര്യമായുണ്ടായിരുന്നില്ലെന്നത് ശരി, പക്ഷേ, അവള്‍ തികഞ്ഞ ഒരു സംഗീതജ്ഞയെപ്പോലെ പാടുമായിരുന്നു. നാടോടിക്കഥകളുടേയും ഗാനങ്ങളുടേയും ഒരു വന്‍ശേഖരം അവള്‍ക്കു ഹൃദിസ്ഥവുമായിരുന്നു. വസ്തുതകളെ ശരിയായി നിരീക്ഷിക്കുന്നതിലും പ്രത്യുത്പന്നമതിത്വം പുലര്‍ത്തുന്നതിലും അവള്‍ സാമര്‍ത്ഥ്യം പുലര്‍ത്തിയിരുന്നു താനും. അവളുടെ വാക്കുകള്‍ക്ക് പ്രവചനത്തിന്റെ സ്വഭാവമുണ്ടായിരുന്നത്രേ.

രണ്ടാം ഭര്‍ത്താവുമൊത്തുള്ള ജീവിതം അവള്‍ക്കു തീരാനരകമായാണവസാനിച്ചത്. അയാള്‍ ഒരു മദ്യപാന രോഗിയായിരുന്നു. ചാരായത്തിനുവേണ്ടി മാത്രമായിരുന്നു അയാളുടെ ജീവിതം. വീട്ടില്‍ നിരന്തരം അയാള്‍ ഓരോ കാരണങ്ങളുണ്ടാക്കി കലഹിച്ചു. കര്‍ക്കശവും ദയാരഹിതവുമായ പെരുമാറ്റം കുടുംബാംഗങ്ങളെ മാത്രമല്ല നാട്ടുകാരേയും അയാളുടെ ശത്രുക്കളാക്കി മാറ്റി. ആ ബന്ധത്തില്‍ അവള്‍ക്കു മൂന്നു കുട്ടികള്‍ പിറന്നു. മൂത്ത കുട്ടിയായിരുന്നു ജിബ്രാന്‍. രണ്ടനുജത്തിമാരാണ് ശേഷിച്ചവര്‍. സുല്‍ത്താനയും മരിയന്നയും.

വീട്ടില്‍ കലഹങ്ങളുണ്ടായപ്പോഴൊക്കെയും കുട്ടിയായ ജിബ്രാന്‍ ഗ്രാമത്തിലിറങ്ങി നടന്നു. ഏകാന്തതാ ബോധം അന്നു മുതല്‍ക്കേ അവനില്‍ കുടിപാര്‍ക്കാന്‍ തുടങ്ങിയിരുന്നു. ലബനോനിലെ പ്രകൃതി ദൃശ്യങ്ങളും കുന്നിന്‍പുറങ്ങളും ദേവദാരുക്കളും അവന്റെയുള്ളിലെ വിശുദ്ധിയെ പ്രചോദിപ്പിച്ചു. ആ വിശുദ്ധി ജീവിതാന്ത്യംവരേക്കും ജിബ്രാനില്‍ കെടാതെ നിന്നു. ജന്മദേശത്തെക്കുറിച്ചുള്ള സ്മൃതികള്‍ അയാളുടെ വാക്കുകളെ പിന്നീട് നിര്‍ഭരമാക്കി. ചിന്തകള്‍ക്കു നിറംപകര്‍ന്നു നല്കി.

ജിബ്രാന് ഏഴു വയസ്സുപ്രായമുള്ളപ്പോഴാണ് അമ്മ അവന് ഒരു ചിത്രപ്പുസ്തകം സമ്മാനിച്ചത്. അത് അനര്‍ഘവും വിധിനിര്‍ണ്ണായകവുമായ ഒരു മൂഹൂര്‍ത്തമായിരുന്നു. യാത്രാമധ്യേ ദിക്കറിയാതെയായിപ്പോയ കപ്പിത്താന് വടക്കുനോക്കിയന്ത്രമെന്നപോലെ ആ പുസ്തകം ജിബ്രാന് ദിശാസൂചിയായി. ലിയനാര്‍ദോ ഡാവിഞ്ചി വരച്ച കുറച്ചു ചിത്രങ്ങളായിരുന്നു ആ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരുന്നത്. ഒരു കലാകാരനാകുകയെന്നതാണ് തന്റെ ജന്മദൗത്യമെന്ന് ആ പിഞ്ചുമനസ്സിന് അതോടെ വ്യക്തമായിയെന്ന് പിന്നീട് ജിബ്രാന്‍ ഒരു സുഹൃത്തിനോട് വിസ്തരിച്ചിട്ടുണ്ട്, ഡാവിഞ്ചിയുടെ വ്യക്തിത്വവും കലാപ്രവര്‍ത്തനങ്ങളും മുതിര്‍ന്നപ്പോള്‍ ജിബ്രാനെ സ്വാധീനിച്ചിട്ടുമുണ്ട്.

മാരോനൈറ്റ് ക്രിസ്ത്യന്‍ ആയാണ് ജിബ്രാന്‍ ജനിച്ചതെങ്കിലും അദ്ദേഹം മറ്റു മതങ്ങളുടെ തത്വചിന്തകളാലും സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. വിശേഷിച്ചും സൂഫി ചിന്തകള്‍.

കുട്ടിക്കാലത്തെ അത്തപ്പൂരം യാത്രകള്‍ക്കിടയില്‍ പലപ്പോഴും ഒറ്റയ്ക്ക് ഒരു കുന്നിന്‍മുകളിലിരുന്ന് താഴെ താഴ്‌വരകളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ ജിബ്രാന്‍ കാണുമായിരുന്നു. ഒരിക്കല്‍ മാത്രം ആ കുട്ടി അയാളോടിങ്ങനെ ചോദിക്കുവാന്‍ ധൈര്യപ്പെട്ടു.

''താങ്കളിവിടെ എന്തു ചെയ്യുന്നു?''

''ഞാന്‍ വെറുതേ ജീവിതത്തെ നോക്കിക്കൊണ്ടിരിക്കുന്നു... അത്രേയുള്ളൂ.'' ആ വാക്കുകളുടെ ആന്തരാര്‍ത്ഥം അപ്പോള്‍ ജിബ്രാന് പിടികിട്ടിക്കാണുകയില്ല.

* * * * * *

ജ്യേഷ്ഠനായ പീറ്ററിനോടൊപ്പമാണ് ജിബ്രാന്‍ സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്നത്. പടം വരയ്ക്കുന്നതിനുള്ള വാസന അന്നേ ഉണ്ടായിരുന്നു. തന്നെ നിരന്തരം ശകാരി ക്കുന്ന ഒരധ്യാപകന്റെ ചിത്രം ജിബ്രാന്റെ നോട്ട് ബുക്കില്‍നിന്നും കണ്ടെടുക്കപ്പെട്ടു. ഒരു കഴുതയുടെ മുഖമാണതില്‍ അധ്യാപകന്റേത്, ഒരു തൊപ്പിയും വച്ചിട്ടുണ്ട്. കടുത്ത ശിക്ഷയാണതിന് കിട്ടിയത്.

ഒരിക്കല്‍ വീട്ടു ചുവരില്‍ കരികൊണ്ട് പടം വരയ്ക്കന്നതിനെ കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പിതാവും ക്രുദ്ധനായി. ദുഃഖിതയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. മകന്റെ കലാവാസനയെ അമ്മ മാത്രമേ പ്രോത്സാഹിപ്പിച്ചുള്ളൂ. ഒഴിവു സമയങ്ങളില്‍ അവള്‍ അവനെ ബൈബിള്‍ വായിച്ചു കേള്‍പ്പിച്ചു.

* * * * * *

പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ത്തന്നെ മകനെ കരംപിരിക്കുവാന്‍ കൂട്ടിക്കൊണ്ടുപോകുവാന്‍ ഖലീല്‍ തയ്യാറായതെന്തിനാലെന്നറിയില്ല. രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന യാത്രകളല്ലവ. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വലിയ കുന്നുകള്‍ക്കിടയിലൂടെയാവും തീര്‍ത്തും ദുഷ്‌ക്കരമായ യാത്രകള്‍. കുതിരപ്പുറത്താണെന്നു മാത്രം. അലച്ചിലുകാരുടേയും ആട്ടിയന്മാരുടേയും തമ്പുകളില്‍ രാത്രികാലം കഴിച്ചുകൂട്ടേണ്ടിയും വന്നേക്കും. സമയാസമയങ്ങളില്‍ ആഹാരം പോലും കിട്ടിയെന്നു വരികയുമില്ല. ആട്ടിടയന്മാരോടൊപ്പമാണ് എപ്പോഴും. അക്കൂട്ടത്തില്‍ കരംപിരിവുദ്യോഗസ്ഥനോട് ശത്രുതയുള്ളവരും കുറവല്ല. തീരെ ദരിദ്രരായ അവരില്‍ നിന്നും കരംപിടിച്ചെടുക്കുവാന്‍ വരുന്ന ഉദ്യോഗസ്ഥനോട് മറ്റെന്തു ചെയ്യാന്‍? ഒന്നും പുറമേക്കു പ്രകടിപ്പിക്കാന്‍ കഴിയുകയുമില്ല.

കമീല കെഞ്ചിപ്പറഞ്ഞിട്ടും ഖലീല്‍ മകനെ കൂട്ടിക്കൊണ്ടുപോകുക പതിവായി. പക്ഷേ, ഒരിക്കലും മുതിര്‍ന്ന കുട്ടിയായ പീറ്ററിനെ അയാള്‍ പരീക്ഷിച്ചതേയില്ല. ഭാവിയില്‍ ഒരു കരം പിരിവുകാരനാകാനുള്ള പരിശീലനമാണ് താന്‍ മകനു നല്കുന്നതെന്ന് പിതാവ് പറഞ്ഞു, പരിഹാസത്തോടെ.

ചാരായത്തിനും സിഗരറ്റിനും ചൂതാട്ടത്തിനും പണം തികയാതെ വന്നപ്പോള്‍ അയാള്‍ ഭാര്യയെ പിഴിയാനും തുടങ്ങി. കമീല വീടു പുലര്‍ത്തുവാന്‍ തുന്നല്‍പ്പണിയിലേര്‍പ്പെട്ടിരുന്നു.

അങ്ങനെയിരിക്കെ സര്‍ക്കാര്‍ വക പണം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ഖലീല്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നിയമപാലകര്‍ വീട്ടിലെത്തിയത്. ഖലീല്‍ ഭക്ഷണം പൂര്‍ത്തിയാക്കാതെ എഴുന്നേറ്റു. ഒരു ഭാവഭേദവും കൂടാതെ വന്ന് വിലങ്ങണിയിക്കുവാന്‍ കൈകള്‍ നീട്ടിക്കൊടുത്തു. കുടുംബാംഗങ്ങള്‍ക്കും അയല്‍വാസികള്‍ക്കും മുന്നിലൂടെ ഒരു നാണക്കേടും കൂടാതെ അയാള്‍ നടന്നുപോയി. മൂന്നു വര്‍ഷമായിരുന്നു ശിക്ഷാക്കാലം.

* * * * * *

പീറ്റര്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പേ അവന്‍ അമ്മയെ സഹായിക്കുവാനായി ഓരോ ജോലികള്‍ ചെയ്തു തുടങ്ങി. ഒരു തുണിക്കടയിലെ സഹായിയാണിപ്പോള്‍. ജീവിതം പച്ചപിടിപ്പിക്കുന്നതിനായി അമേരിക്കയിലേക്ക് ആളുകള്‍ കുടിയേറുന്നതിനെ പറ്റി കേട്ടറിഞ്ഞ അവന്‍ പലപ്പോഴും അമ്മയോട് അതേപ്പറ്റി പറഞ്ഞിരുന്നു. ഒരിക്കലും അത് നടപ്പാവില്ലെന്നായിരുന്നു കമീല കരുതിയിരുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വരാന്തയിലിരിക്കുകയായിരുന്ന കമീല മൂത്തപുത്രനെ കണ്ടപാടെ വീണ്ടും വിങ്ങിപ്പൊട്ടി.

''മോനേ... ഈ കണ്ണീര് കണ്ട് നീ വിഷമിക്കരുത്. ഇതൊരമ്മയുടെ മനസ്സാണ്. സ്വന്തം ഭാവിയെപ്പറ്റി കരുതലുണ്ടാവുക പുരുഷന്മാര്‍ക്കു ചേര്‍ന്നതാണ്. ഇതുവരെ ഞാന്‍ നിന്നെ തടഞ്ഞു നിര്‍ത്തി. നിനക്കിപ്പോള്‍ പതിനെട്ടുവയസ്സായി. ഇവിടെയിങ്ങനെ തുടര്‍ ന്നാല്‍ നിന്റെ ജന്മം തുലയും... നീ ആഗ്രഹിക്കുന്നിടത്തേക്ക് പൊയ്‌ക്കൊള്ളൂ... നിനക്കതിന് സ്വാതന്ത്ര്യമുണ്ട്... ആരും ചോദിക്കാനില്ല. വേണമെങ്കില്‍ നമുക്കെല്ലാമൊരുമിച്ചു പോകാം. ജയിലില്‍ കിടക്കുന്നയാളെക്കുറിച്ചെനിക്കു വിഷമമുണ്ട്. ഞാന്‍ സര്‍വവും ഈശ്വരന് സമര്‍പ്പിക്കുന്നു. ഒരു മടക്കയാത്ര സാധ്യമാണോ?

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org