നിത്യാനുരാഗി [03]

നിത്യാനുരാഗി [03]

''വരൂ... വരൂ... സ്വാഗതം. രാവിലെ എണീറ്റപ്പോള്‍ മുതല്‍ തുടങ്ങിയതാണീ കൊടിഞ്ഞികുത്ത്. ഇന്ന് വരേണ്ട എന്ന് നിങ്ങള്‍ക്കൊരു കുറിപ്പെഴുതാന്‍ ഞാന്‍ തുനിഞ്ഞതാണ്. പക്ഷേ, വിലാസമറിയില്ലല്ലോ. ഞാന്‍ വയ്യാതെ കിടക്കുകയായിരുന്നു.

ആതിഥേയ നിശാവസ്ത്രം മാറ്റിയിട്ടുണ്ടായിരുന്നില്ല. ''ഞാന്‍ കിടപ്പുമുറിയലേക്കാണ് സ്വീകരിക്കുന്നതെന്നതില്‍ ക്ഷമിക്കുക. എന്റെ ചിത്രം ഒന്നു വന്നു കാണൂ... ആ പെയിന്റിംഗ് കിടപ്പുമുറിയില്‍ തൂക്കി... എനിക്കു തീരെ വയ്യ...'' അവള്‍ ജിബ്രാനെ തന്റെ ശയനമുറിയിലേക്കാനയിച്ചു. സില്‍ക്കു പുതച്ച സിംഹാസനം പോലൊരു കസേരയിലേക്ക് ആ യുവതി അമര്‍ന്നു. ക്ഷമാപണം ചോദിച്ചുകൊണ്ട് പുറത്തേക്കിറങ്ങാനുള്ള വെമ്പലിലായി ജിബ്രാന്‍.

''അപ്പോ... ഞാന്‍ പോയിട്ട് നാളെ വരാം. തലവേദന മാറിക്കോട്ടെ.'' അവന്‍ പരിഭ്രമത്തോടെ പറഞ്ഞു.

''പാടില്ല, പോകരുതേ... നിങ്ങളുടെ സാന്നിധ്യം തന്നെ എന്റെ തലവേദന കുറച്ചു.'' അവള്‍ വിഷാദം കലര്‍ന്ന ഒരു മന്ദഹാസം വിരിയിച്ചു. ''നമുക്കൊരുപാടു സംസാരിക്കുവാനുണ്ടല്ലോ... നിങ്ങള്‍ ലബനോണില്‍ നിന്നും വന്ന ആള്‍... സൗന്ദര്യവും രഹസ്യങ്ങളും നിറഞ്ഞ പൗരസ്ത്യപ്രദേശം.. പ്രലോഭനീയമാണവിടുത്തെ കല... ഞാന്‍ കിഴക്കുനിന്നും വരുത്തിച്ച ചന്ദനം നിങ്ങള്‍ വന്നതു പ്രമാണിച്ച് അല്പം പുകച്ചാലോ? ചന്ദനം ഇഷ്ടമല്ലാത്തവരാരുണ്ട്?'' വിഷാദം പുരണ്ട ആ മന്ദഹാസം വീണ്ടും പ്രത്യക്ഷമായി.

വെള്ളിയില്‍ത്തീര്‍ത്ത ഒരു വ്യാളീരൂപമായിരുന്നു ധൂപത്തട്ട്. മുറിയിലാകെ നനുത്ത ചന്ദനധൂമം നിറഞ്ഞു. അവളുടെ കണ്ണില്‍ ഒരു പ്രകാശജ്വാല നിറയുന്നത് ജിബ്രാന്‍ നോക്കി നിന്നു. മുമ്പൊരിക്കലും ആരിലും കാണാന്‍ സാധിച്ചിട്ടില്ലാത്ത പ്രകാശം.

''ഇന്നലത്തെ എന്റെ പെരുമാറ്റം ക്ഷമിക്കൂ... ഞാനങ്ങനെ ചെയ്തു കൂടാത്തതായിരുന്നു. അതൊക്കെപ്പോട്ടെ... ഈ ഛായാചിത്രത്തെക്കുറിച്ചു പറയൂ...''

ആ ഛായാചിത്രത്തെ ജിബ്രാന്‍ കവിത കലര്‍ന്ന വാക്കുകളില്‍ വാഴ്ത്തി. അവള്‍ ആ വാക്കുകള്‍ കേട്ട് അതിശയിക്കുകയും ആനന്ദിക്കുകയും ചെയ്തു.

''ആഹാ! നിങ്ങള്‍ ചിത്രകാരന്‍ മാത്രമല്ല, കവിയുമാണല്ലോ. എന്റെ ഹൃദയത്തിന്റെ നിനവുകള്‍ നിങ്ങള്‍ വിശദീകരിച്ചതെങ്ങനെയാണ്! നമുക്ക് ഒരേ ആത്മാവാണെന്നു വരുമോ? ആരാണിത് നിങ്ങള്‍ക്കു കാട്ടിത്തരുന്നത്? ആത്മവേദന മാറ്റി വാക്കുകളില്‍ സൗന്ദര്യമാക്കിത്തീര്‍ക്കാനെങ്ങനെ കഴിയുന്നു? വല്ലാത്ത സിദ്ധിതന്നെ.''

ജിബ്രാന്‍ പിന്നീടൊന്നും മിണ്ടിയില്ല. കൊത്തുപണികള്‍ നിറഞ്ഞ ഒരു കസേരയിലേക്ക് അവന്‍ ചാരിക്കിടന്നു. അവനും ഏതോ നിര്‍വൃതിയിലേക്ക് പ്രവേശിച്ചു.

''എന്നെപ്പറ്റി കൂടുതല്‍ അറിയേണ്ടേ?'' അവള്‍ സ്വന്തം കഥ വിസ്തരിക്കുവാന്‍ വെമ്പി. സഹാനുഭൂതിയോടെ അവന്‍ ആ കഥ കേട്ടുകൊണ്ടിരുന്നു - ഒന്നും വിടാതെ. അവള്‍ക്ക് അവളേക്കാള്‍ ഇരുപത് വയസ്സ് അധികമുള്ള അതിസമ്പന്നനായ ഒരു വ്യാപാരിയുടെ ഭാര്യയാകേണ്ടി വന്നു. വിവാഹശേഷം അധികം വൈകാതെ അയാളുടെ വ്യാപാരം ഇടിഞ്ഞു തുടങ്ങി. അയാള്‍ക്കാകട്ടെ വ്യാപാരകാര്യങ്ങളിലല്ലാതെ മറ്റൊന്നിലും താല്പര്യമില്ല. ആത്മനിരാസത്തിന്റെയും വേദനയുടേയും പത്തു വര്‍ഷങ്ങള്‍ പത്തു യുഗങ്ങളെപ്പോലെ കടന്നുപോയി. അവള്‍ക്ക് ഒരു യഥാര്‍ത്ഥ സുഹൃത്തിനെ കണ്ടെത്താന്‍ കഴിഞ്ഞുമില്ല. വിലക്കുകള്‍ക്കുള്ളില്‍ അവള്‍ക്ക് വീടൊരു ശവക്കല്ലറയായി. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ അവളെ സന്ദര്‍ശിക്കുവാന്‍ ആരുമേയില്ലായിരുന്നു. ഒടുവില്‍ അവള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. തന്നില്‍ നിന്നുതന്നെ രക്ഷപ്പെടുവാന്‍ അവള്‍ വീടിനു പുറത്തിറങ്ങാന്‍ നിര്‍ബന്ധിതയായി, ഒരു കോഫി ഹൗസില്‍ വച്ച് അവള്‍ ആ പ്രദേശത്ത് പ്രഖ്യാതനായ ഒരു ചിത്രകാരനെ പരിചയപ്പെട്ടു. പിന്നീട് അയാളുടെ സ്റ്റുഡിയോയില്‍ പലവട്ടം പോയി. അങ്ങനെയിരിക്കെയാണ്, ഇന്നലെ ജിബ്രാനുമായി പരിചയപ്പെടാനിടവന്നതത്രേ.' വ്യാപാരം തകര്‍ന്നെങ്കിലും സമ്പന്നതയില്‍ത്തന്നെ കഴിഞ്ഞുപോകാനുള്ളതെല്ലാം ഭര്‍ത്താവ് അവള്‍ക്കനുവദിച്ചിരുന്നു. ഈയിടെ അയാള്‍ക്ക് വീണ്ടും ഭാഗ്യമുദിച്ചു. നഷ്ടപ്പെട്ടതെല്ലാം അയാള്‍ തിരിച്ചുപിടിച്ചിരിക്കുന്നു.

ജിബ്രാന്റെ സന്ദര്‍ശനം അവള്‍ക്കു വലിയ സാന്ത്വനമായി. ആ നയനങ്ങളില്‍ വലിയ രണ്ടു കണ്ണീര്‍ത്തുള്ളികള്‍ ഉരുണ്ടുകൂടി. ജിബ്രാനും അകമേ വിങ്ങി. ഇരുവരും പരസ്പരം കണ്ണുകളില്‍ നോക്കി ഏറെ നേരം കഴിച്ചുകൂട്ടി. ഒടുവില്‍ ജിബ്രാനും കരച്ചില്‍വന്നു.

''നിങ്ങളുടെ കണ്ണീരിന് ഞാനര്‍ഹയാകുന്നില്ല ജിബ്രാന്‍... ഞാനെന്റെ ദുഃഖചിന്തകള്‍ എന്നില്‍ത്തന്നെ അടക്കിവയ്ക്കണമായിരുന്നു. ഇത്രയും കാലമെന്നതു പോലെ... എന്നോട് ക്ഷമിക്കൂ...''

''ഇന്നു മുതല്‍ നിങ്ങ ളുടെ ദുഃഖം എന്റേതു കൂടിയാണ്.'' ജിബ്രാന്‍ ശാന്തമായി പറഞ്ഞു.

''ഹൊ! എത്രമേല്‍ അനുകമ്പ നിറഞ്ഞതാണ് നിങ്ങളുടെ ഹൃദയം... എന്റെ മനോഹരമാണ് നിങ്ങളുടെ ആത്മാവ്...സ്ത്രീകള്‍ എത്രയോ ദുര്‍ബലര്‍...''

* * * * * *

പാതിരാവു പിന്നിട്ടപ്പോള്‍ മാത്രമേ ആ പുരാതന മാളികക്കെട്ടില്‍ നിന്നും ജിബ്രാന് പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. ഒരു തീക്കുണ്ഡത്തില്‍ നിന്നെന്നപോലെയാണവന്‍ പുറത്തുവന്നത്. അവന്റെ രക്തം തിളച്ചിരമ്പി. പുണ്യപാപങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ അവനിലിരമ്പി. ഒരു സ്ത്രീയേയും താനിനി സമീപിക്കുകയേയില്ല എന്ന് അവന്‍ ശപഥമെടുത്തു. ഒരേ സമയം അവന് വെറുപ്പും സന്തോഷവും തോന്നി. ആ സ്ത്രീ എത്ര മനോഹാരിയാണ്! വേദനയനുഭവിക്കുന്ന ഹൃദയത്തിന്റെ വിലാപം ബധിരകര്‍ണ്ണങ്ങള്‍ക്കു മാത്രമേ ശ്രദ്ധിക്കാതിരിക്കുവാനാകൂ. ഇത്രയും നേരം അവിടെ കഴിച്ചുകൂട്ടിയതില്‍ അവന് കുറ്റബോധവുമനുഭവപ്പെട്ടു.

ആസകലം വിറച്ചുകൊണ്ടാണ് അവന്‍ വീട്ടിലെത്തിയത്. അമ്മ മാത്രം കാത്തിരിക്കുന്നു. എന്താണ് സംഭവിച്ചിട്ടുണ്ടാകുകയെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. പിതാവിന്റെ കാര്‍ക്കശ്യം മകനിലും വേരുപിടിച്ചു തുടങ്ങിയെന്നു ബോധ്യപ്പെട്ടിരുന്ന അമ്മ തുറന്നെതിര്‍ക്കാന്‍ ശ്രമിച്ചുമില്ല. അമ്മ ചോദിച്ചു.

''രാത്രി ആഹാരം കഴിച്ചോ?''

അവന്‍ തലയാട്ടുക മാത്രം ചെയ്തു.

''പീറ്റര്‍ ക്ഷീണിച്ചു വന്നു കിടന്നുറങ്ങുകയാണ്. അവനെ ശല്യപ്പെടുത്തരുത്. പോയിക്കിടന്നുറങ്ങിക്കൊള്ളൂ.'' അമ്മ പറഞ്ഞു. മകനെ വലവീശിപ്പിടിച്ച ആ സുന്ദരിയില്‍ നിന്നും ഏതു വിധേനയും മകനെ രക്ഷിക്കണമെന്ന് അവര്‍ ആ നിമിഷം ദൃഢനിശ്ചയം ചെയ്തു. അറബിഭാഷയില്‍ ഉപരിപഠനം ജിബ്രാന് ആവശ്യമായിരുന്നു. ജിബ്രാനെ ലബനോണിലേക്ക് തിരിച്ചയയ്ക്കുവാന്‍ പീറ്ററിനോടൊപ്പം ചേര്‍ന്ന് അമ്മ പിറ്റേന്ന് ദിവസം തീരുമാനിച്ചുവെങ്കിലും ആ ബന്ധം ഒരു വര്‍ഷം കൂടി നീണ്ടു നിന്നു - ആ മോഹവലയത്തില്‍ നിന്നും വിടുതല്‍ നേടുവാന്‍ ജിബ്രാന്‍ സ്വയം പരിശ്രമിച്ചുവെങ്കില്‍ക്കൂടി.

* * * * * *

ഒടുവില്‍ ജിബ്രാന്‍ ലബനോണിലേക്കു പോയി അറബിപഠനം തുടരുവാന്‍ സമ്മതിച്ചു. സുന്ദരിയായ ആ സമ്പന്നയുടെ ഗൃഹത്തിലേക്ക് അതിനകം പലവട്ടം അവന്‍ സന്ദര്‍ശനങ്ങള്‍ നടത്തി. അവളുടെ അനേകം ചിത്രങ്ങള്‍ക്കു ചായമിട്ടു. ജലച്ചായത്തിലായിരുന്നു അവന് പ്രതിപത്തി. മുന്‍പ് അവളുടെ ചിത്രങ്ങളെഴുതിയിരുന്ന ആ മധ്യവയസ്‌കനായ ചിത്രകാരനുമായി ജിബ്രാന് ഒരു താരതമ്യവുമില്ലായിരുന്നു. അയാളുടെ രചനാരീതികളെച്ചൊല്ലി അവര്‍ക്കിടയില്‍ ഒരു ദിവസം ഒരു കലഹം പോലുമുണ്ടായി.

ആ കലഹത്തിനു ശേഷം പതിവുപോലെ അവള്‍ മൗനിയായി. പിന്നീട് കണ്ണീരൊഴുക്കുകയും ചെയ്തു. മധുരതരമായ ഒത്തുതീര്‍പ്പിനുള്ള വഴിമരുന്നിടലാണത്. ജിബ്രാന്‍ ലബനോണിലേക്ക് യാത്രയാകുകയാണെന്ന സൂചന അവള്‍ക്കുലഭിച്ചിരുന്നതും കലഹത്തിന് കാരണമായി മാറിയിരിക്കാം. അറബി പഠനത്തില്‍ മകനെ കേന്ദ്രീകരിപ്പിക്കുവാന്‍ അമ്മ ശ്രമിക്കുന്നുണ്ടെന്ന് ഇടയ്‌ക്കെപ്പോഴോ അവന്‍ തന്നെ അവളെ അറിയിച്ചിരുന്നു.

''നിന്റെ യാത്രയെന്തായി? ഈയിടെ ലബനോണിലേക്കുള്ള യാത്രമാത്രമാണ് മനസ്സില്‍... അല്ലേ? അതോ, യാത്ര വേണ്ടെന്നു വച്ചോ?''

''ഇല്ലില്ല. ബെയ്‌റൂട്ടിലെ ഏതെങ്കിലും ഉന്നത വിദ്യാലയത്തില്‍ ചേരണം. എനിക്ക് അറബിയില്‍ നല്ല പ്രാവീണ്യം നേടണം. എന്റെ നാടിനെപ്പറ്റി ആഴത്തില്‍ പഠിക്കണമെന്നുമുണ്ട്. അറബിയില്‍ എഴുതണമെങ്കില്‍ കൂടുതല്‍ വ്യുല്‍പ്പത്തി നേടേണ്ടതുണ്ട്.''

''ഓഹോ! എനിക്കറിയാം, എന്നില്‍ നിന്നും നിന്നെ പറിച്ചെറിയുവാന്‍ മാത്രം നിന്റെ ബന്ധുക്കള്‍ കണ്ടുപിടിച്ചതാണീ പദ്ധതി. അവരുടെ ഒളിച്ചുകളി വിജയിച്ചു. കാണാമറയത്തേക്കു പോയാല്‍ നീയെന്നെ മറക്കും.'' അവള്‍ വിതുമ്പി. അതൊരു കരച്ചിലായി മാറി.

''എന്റെ വലതുകൈയ്ക്ക് എന്നെ മറക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ എനിക്ക് നിങ്ങളെ മറക്കാനാവൂ.'' ജിബ്രാന്‍ സമാധാനിപ്പിച്ചു.

''നിന്റെ താരുണ്യത്തിന്റെ പൂക്കള്‍ നീയെനിക്കു സമ്മാനിച്ചു. നിന്റെ പൗരുഷം നീയെനിക്കു തന്നു.'' അവള്‍ പറഞ്ഞു.

''അല്ല... നീയാണെനിക്കെന്റെ പൗരുഷം തന്നത്.'' ജിബ്രാന്‍ വിവര്‍ണ്ണനായി.

* * * * * *

ലബനോണിലേക്കുള്ള പഠനയാത്രയ്ക്ക് രണ്ടാഴ്ച മാത്രമവശേഷിക്കെ ജിബ്രാന്‍ ഒരു യുവ കവയിത്രിയെ പരിചയപ്പെട്ടു. ജോസഫൈന്‍ എന്ന ഇരുപത്തിനാലുകാരി. സദാ വിഷാദവാനായി നടക്കുന്ന നിഗൂഢ ചേതസ്സായ ആ പയ്യനോട് അവള്‍ക്ക് ഏതേ ആഭിമുഖ്യമുണ്ടായി. അവര്‍ കൈകള്‍ കോര്‍ത്ത് തെരുവുകളില്‍ നടന്നു; സംവദിച്ചു. അവന്‍ അവളുടെ ചിത്രം വരച്ചു. ആ ബന്ധം ഒട്ടു നീണ്ടുപോയില്ല. എങ്കിലും ഇരുവരുടേയും മനസ്സുകളില്‍ നിന്ന് ആ ഹ്രസ്വസൗഹൃദം മാഞ്ഞുപോയതുമില്ല.

ജന്മനാട്ടിലേക്കുള്ള ഒരു പിന്മടക്കം ജിബ്രാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് പല തടസ്സങ്ങളുമുണ്ടായിക്കൊണ്ടിരുന്നു. ഒടുവില്‍ അമ്മയുടെ വിവേകം നിറഞ്ഞ കണക്കുക്കൂട്ടലുകള്‍ തടസ്സങ്ങളെയെല്ലാം അതിജീവിച്ചു. വിശുദ്ധമായി അലയുന്ന ആത്മാവുമായി അവന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. പക്ഷേ, അയ്യായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വന്തം ഗ്രാമത്തിലേക്ക് വല്ലപ്പോഴുമേ പോകാന്‍ സാധിച്ചുള്ളൂ. മന്ദഹാസത്തിന്റെ പ്രസാദം നിറഞ്ഞ ചുണ്ടുകളും നീണ്ടമുടിയും അര്‍ധനിമീലിതങ്ങളായ നീര്‍മിഴികളുമുള്ള ആ നവയുവാവിനെ ഭൂമിയിലേക്കിറങ്ങി വന്ന ഒരു ദേവതയെപ്പോലെ പുതിയ സഹപാഠികള്‍ നോക്കി.

അറിവിന്റെ ലോകം എക്കാലത്തും ജിബ്രാന് അഭിനിവേശങ്ങളും പ്രചോദനങ്ങളും പകര്‍ന്നിരുന്നു. പക്ഷേ, പാഠപുസ്തകങ്ങളില്‍ സ്വയം തളച്ചിടുവാന്‍ തയ്യാറായിരുന്നില്ല. ഒരേ സമയം അന്തര കലാകാരനും കലാപകാരിയുമായിരുന്ന ആ കുമാരന് ആത്മാവിഷ്‌ക്കാരത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്ത നിശ്ചയദാര്‍ഢ്യം ജന്മനാ അവന് സിദ്ധിച്ചിരുന്നു. ആ ചങ്കുറ്റം പിതാവില്‍ നിന്നും പകര്‍ന്നു വന്നതാവണം. ആത്മാന്വേഷണ വ്യഗ്രത മുത്തച്ഛനില്‍ നിന്നും അമ്മ വഴിക്കും. കലാപം സര്‍ഗാത്മകമായി ഉപയോഗിച്ചു മകനെങ്കില്‍ പിതാവ് ആത്മനാശകമായ പ്രവണതകള്‍ക്കാണതുപയോഗിച്ചതെന്ന വ്യത്യാസമുണ്ട്.

പുതുതായി വന്നുചേര്‍ന്ന വിദ്യാലയത്തിലെ അധ്യാപകര്‍ ശ്രേഷ്ഠന്മാരായിരുന്നു. പുതിയ വിദ്യാര്‍ത്ഥിയുടെ കഴിവുകള്‍ അതിവേഗം അവര്‍ തിരിച്ചറിയുകയും ചെയ്തു. ഗൗരവാവഹമായ വിഷയങ്ങളില്‍ ആ പ്രായത്തില്‍തന്നെ ആ വിദ്യാര്‍ത്ഥി ആഴത്തിലുള്ള ലേഖനങ്ങളെഴുതി. അധ്യാപകര്‍ക്കിടയില്‍ നിന്നും ഒരാള്‍ ജിബ്രാനെ സുഹൃത്തായി സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം ശിഷ്യനില്‍ സുപ്തനായിക്കിടന്ന കവിയെ എന്നെന്നേക്കുമായി തട്ടിയുണര്‍ത്തുകയും പുരാതന അറബികാവ്യലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഫാദര്‍ ഹര്‍ദാദ് എന്നായിരുന്നു ആ ആചാര്യന്റെ പേര്. ആ വര്‍ഷം വിദ്യാലയത്തില്‍ നടന്ന കവിതാമത്സരത്തില്‍ ജിബ്രാന്‍ ഒന്നാം സ്ഥാനം നേടിയതോടെ ജിബ്രാന്റെ ആത്മവിശ്വാസം കൂടുതല്‍ സൃഷ്ട്യുന്മുഖമായി വര്‍ധിച്ചു. ചിത്രകലയോടൊപ്പം കവിതയേയും മുന്നോട്ടു കൊണ്ടുപോകണമെന്ന ദാര്‍ഢ്യത്തിലേക്ക് ആ സമ്മാനം ജിബ്രാനെ എത്തിച്ചു.

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഖലീലിന്റെ പിതാവ് തന്റെ പഴയ ശീലങ്ങളെ കയ്യൊഴിക്കുവാന്‍ ഒട്ടും തയ്യാറായില്ല. കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത് സൗകര്യമായി അയാള്‍ക്കു തോന്നി. ഇടയ്ക്കിടെ കമീലയും പീറ്ററും ചേര്‍ന്ന് ചെറുതുകകള്‍ അയാള്‍ക്കയക്കുന്നുണ്ടായിരുന്നു താനും. ജീവിതം നല്കിയ ഗുണപാഠങ്ങളെ അയാള്‍ വകവച്ചില്ല. കൂടുതല്‍ ധൂര്‍ത്തനും മദ്യപനും ചൂതാട്ടക്കാരനുമായി മാറി അയാള്‍.

കവിതാമത്സരത്തില്‍ തനിക്കു കിട്ടിയ സമ്മാനവുമായി ജിബ്രാന്‍ തന്റെ ജന്മഗൃഹത്തിലേക്കു ചെന്നു. ആഹ്ലാദലഹരിയില്‍ അയാള്‍ മുറ്റത്തിരുന്നു തനിക്കു സമ്മാനം കിട്ടാന്‍ കാരണമായ കവിത ഉച്ചത്തില്‍ച്ചൊല്ലി. സമ്മാനം ആ വിദ്യാര്‍ത്ഥി നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഖലീല്‍ ആ സമ്മാനം പിടിച്ചുവാങ്ങി ദൂരേക്കു വലിച്ചെറിഞ്ഞു. കവിതയെഴുതിയിരുന്ന താള്‍ പിച്ചിച്ചീന്തിക്കളഞ്ഞശേഷം ശാപവാക്കുകകള്‍ ഉച്ചരിച്ചുകൊണ്ട് അയാള്‍ ഇടിഞ്ഞുവീഴാറായിരുന്ന ആ ചെറിയ വീട്ടിലേക്കു കയറിപ്പോയി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org