നിറഭേദങ്ങള്‍ [21]

കാലപ്രവാഹത്തില്‍ പതിഞ്ഞ അടയാളങ്ങള്‍
നിറഭേദങ്ങള്‍ [21]
Published on
  • നോവലിസ്റ്റ്:

  • ബേബി ടി കുര്യന്‍

  • ചിത്രീകരണം : ബൈജു

അധ്യായം : 21

  • കാലപ്രവാഹത്തില്‍ പതിഞ്ഞ അടയാളങ്ങള്‍

നൂറ് തവണവീതം ഇറക്കുള്ള രണ്ടു ചിട്ടികള്‍!

എട്ടുവര്‍ഷത്തിനുമേല്‍ നീളുന്ന ബാധ്യതയാണ് ചാക്കോച്ചന്‍ തലയില്‍ കെട്ടിവച്ചു തന്നിരിക്കുന്നത്. ശമ്പളത്തില്‍ നിന്നുള്ള 'കട്ടിംഗ്' കുടുംബബഡ്ജറ്റിനെ ആകെ താളം തെറ്റിച്ചു.

ലഘുവായിരുന്നില്ല ആ 'എലിവെഷം തീണ്ടല്‍' ഏല്പിച്ച ആഘാതം.

ലിജുവിന്റെയും ലിന്‍ഡയുടേയും വിദ്യാഭ്യാസം, വീട്ടുചിലവുകള്‍, ഇടയ്ക്കുവരുന്ന ചില ചികിത്സാച്ചിലവുകള്‍, പിന്നെ പ്രതീക്ഷിക്കാതെ വരുന്ന ചില അവിചാരിത ചിലവുകള്‍!

ഇതുവരെ ശീലിച്ചും പാലിച്ചും പോന്ന എല്ലാ രീതികളും തിരുത്തപ്പെട്ടു. ജീവിതം ഒരു പുതിയ പന്ഥാവിലൂടെ ഗതിമാറ്റി സഞ്ചാരം തുടരുക. ചിലവുകളൊക്കെ വളരെശ്രദ്ധിച്ച്, നിയന്ത്രിച്ച്, എല്ലാകാര്യത്തിലും മിതത്വം, ഒതുക്കം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എന്ന കഠിനയത്‌നം. പക്ഷെ, എത്ര ശ്രമിച്ചിട്ടും പലപ്പോഴും കണക്കുകൂട്ടലുകള്‍ പിഴച്ചു പോകുന്നു.

സാമ്പത്തിക പ്രയാസങ്ങളുടെ തീക്ഷ്ണതയുടെ ഏറ്റക്കുറച്ചിലനുസ്സരിച്ച് ലില്ലിക്കുട്ടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയഉരുപ്പടികളായി ബാങ്ക് ലോക്കര്‍ വാസം പതിവാക്കി.

ശമ്പളത്തില്‍ നിന്നുള്ള ഈ 'കട്ടിംഗ്' ദുരിതം ഒന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍! ഈ ചിന്തയാണ് പലപ്പോഴും മയങ്ങിക്കിടക്കുന്ന 'എലിവെഷം' സ്മരണകളെ ഊതിയുണര്‍ത്തുന്നത്. അറിയാതെതന്നെ ഉള്ളില്‍ അരിശം നിറയും.

എങ്കിലും... ആ എലിവെഷം ചെയ്ത ഒരു ചെയ്ത്ത്!

സഞ്ചാരവഴികളിലെ കാര്യങ്ങളും കൗതുകങ്ങളും, സന്ധികളും, പ്രതിസന്ധികളും, ഒന്നും തെല്ലും ഗൗനിക്കാതെ കാലം മുന്നോട്ടുള്ള പ്രയാണം അനുസ്യൂതം തുടരുന്നു. എങ്കിലും ജീവിതത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തലുകളായി പുതിയശീലങ്ങള്‍, പുതിയ പാഠങ്ങള്‍, പുതിയ അനുഭവങ്ങള്‍...

ആനിക്കുട്ടിച്ചേച്ചിയുടെ ആങ്ങളമാരിലൊരാളുടെ മകന്‍ ലിജുവിന്റെ സുഹൃത്താണ്. അവന്‍ മുഖാന്തിരം ചാക്കോച്ചനെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ ഇടയ്‌ക്കൊക്കെ ലഭിച്ചിരുന്നു. പുതിയ സ്ഥലത്തും ചില ജോലികളൊക്കെ അയാള്‍ തരപ്പെടുത്തി. ആദ്യം ഒരു ഭൂ ഉടമയുടെ റബര്‍തോട്ടത്തിന്റെയും റബര്‍ഷീറ്റു വില്‍പനയുടേയുമെല്ലാം മേല്‍നോട്ടം. അത് അധികനാള്‍ നീണ്ടില്ല. പിന്നെ ഒരു ജൈവവള നിര്‍മ്മാണകമ്പനിയില്‍ ജോലിക്കാരനായി. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അതുംവിട്ട് ഒരു മലഞ്ചരക്ക് കടയില്‍ പണിക്കാരനായി കഴിയുന്നു.

തുടര്‍ന്നു ലഭിച്ച വിവരങ്ങള്‍ ആ കുടുംബത്തെക്കുറിച്ചുള്ള ചില നല്ല വാര്‍ത്തകളായിരുന്നു. ഇളയ രണ്ടുപെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഗള്‍ഫ് നാട്ടില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് ബെന്നിയേയും അവര്‍ അങ്ങോട്ടുകൊണ്ടുപോയി.

കാലത്തിന്റെ മുന്നോട്ടുള്ള പ്രായണത്തി ലൊരവസരത്തില്‍ വേദനാകരമായ ഒരു വാര്‍ത്തയെത്തി.

ചാക്കോച്ചന്‍ മരിച്ചുപോയി.

ആ വാര്‍ത്തകേട്ട് ഏറെ നേരം തരിച്ചിരുന്നുപോയി. സമയമെടുത്താണ് ആ മരവിപ്പില്‍ നിന്നും മോചിതനായത്.

ഒരു നാടിന്റെ ഗതിവിഗതികളില്‍ ഒരു കാലഘട്ടമാകെ പരന്നു നിറഞ്ഞുനിന്നിരുന്ന ഒരു ജീവിതം, അവസാനിച്ചു. സ്മരണകളുടെ വലിയൊരു ശേഖരമാണ് വിടവാങ്ങിയത്. ഇല്ല, ആ ഓര്‍മ്മകള്‍ക്കു മരണമില്ല. മറവിയുടെ പാളികള്‍ കൊണ്ട് എത്രയമര്‍ത്തപ്പെട്ടാലും വിസ്മൃതിയിലാകാന്‍ വിസമ്മതിച്ച് നാമ്പുകളുയര്‍ത്തി ഉയര്‍ന്നു വരും സ്മൃതിയുടെ ശേഷിപ്പുകള്‍.

''ശവമടക്കു കൂടാന്‍ ഒന്നു പോകണ്ടേ?''

ലില്ലിക്കുട്ടി ഓര്‍മ്മപ്പെടുത്തുന്നതിനു മുന്നേ ആ കാര്യം ചിന്തിച്ചതാണ്. കണ്ണൂരില്‍ എവിടെയോ യാണെന്നതൊഴിച്ച് ചാക്കോച്ചന്റെ താമസസ്ഥലത്തെപ്പറ്റി ധാരണയൊന്നുമില്ല. ആനിക്കുട്ടിച്ചേച്ചിയുടെ ആങ്ങളമാരോട് അന്വേഷിച്ച് സാധിക്കുമെങ്കില്‍ അവര്‍ ആര്‍ക്കെങ്കിലുമൊപ്പം പോകാം.

പക്ഷെ, അവര്‍ തലേദിവസം തന്നെ യാത്ര തിരിച്ചിരുന്നു. അതോടെ ആ ഉദ്യമം ഫലം കാണാതെ പോയി.

ചാക്കോച്ചന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാവാഞ്ഞത് മനസ്സില്‍ മറ്റൊരു വിഷമതയായി.

ചിട്ടിത്തവണകള്‍ മുഴുവന്‍ അടച്ചുതീര്‍ത്തു.

പക്ഷെ, സാമ്പത്തിക പ്രയാസങ്ങളുടെ തുടര്‍ച്ചയ്ക്ക് അവസാനമില്ല. ഒന്നിനു പുറകേ മറ്റൊന്നായി ഭാരിച്ച ചിലവുകള്‍ പ്രളയജലം പോലെ ഇരമ്പിവന്നു കൊണ്ടേയിരുന്നു.

ലിജുവിന്റെയും ലിന്‍ഡയുടേയും ജാന്‍സിയുടേയും രണ്ടു മക്കളുടെ വീതം വിവാഹം. ഏക 'അച്ചാച്ചന്‍' എന്ന നിലയിലുള്ള ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍!

നവവധൂവരന്മാരുടെ വിരുന്നുവരവ്. സല്‍ക്കാരങ്ങള്‍, ഉപഹാരങ്ങള്‍, യാത്രകള്‍...!

ചിലവുകള്‍ എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് കുതിക്കുന്നു.

ചാക്കോച്ചന്‍ വരുത്തിവച്ച ജാമ്യബാധ്യത തീര്‍ന്നാല്‍ പണത്തിന്റെ ഞെരുക്കം അവസാനിക്കുമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി.

ഇല്ല, ഈ അവസ്ഥയില്‍ നിന്നും ഉടനേയെങ്ങും മോചനം പ്രതീക്ഷിക്കേണ്ട. വിട്ടുമാറാന്‍ മടിക്കുന്ന ഒരു സഹചാരിയായി സാമ്പത്തിക പ്രയാസങ്ങള്‍ ഒപ്പം തന്നെ കാണും. എല്ലാം ഒരു ശീലമാക്കുക. ചിലവു ചുരുക്കല്‍, മിതവ്യയം, എല്ലാം ജീവിതക്രമത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കുക.

''ആ ചാക്കോച്ചന്റെ എടപാടൊന്നവസാനിച്ചാ ആശ്വാസാകൂന്നാ വിചാരിച്ചേ... ഒരു രക്ഷേം ഇല്ല. നമുക്കെന്നും ഇങ്ങനെ ഒതുങ്ങിക്കൂടി ജീവിക്കാനായിരിക്കും വിധി.''

ഇടയ്ക്കിടെയുള്ള ലില്ലിക്കുട്ടിയുടെ വാക്കുകള്‍ക്ക് ഒരു ഇച്ഛാഭംഗത്തിന്റെ ലാഞ്ചനയുണ്ടോ?

''നിനക്കെന്താ ഇങ്ങനെയൊന്നും ജീവിച്ചാല്‍ പോരെന്ന് തോന്നുന്നുണ്ടോ?''

''യ്യോ ഇല്ലേ... ഇങ്ങനേങ്കിലും അങ്ങ് പോയാമതി. ഒരതിമോഹോം ഇല്ലേ...''

ഒരു ചിരിയോടെ ലില്ലിക്കുട്ടി വിഷയം അവസാനിപ്പിച്ചു.

എങ്കിലും പല അനുബന്ധ ചിന്തകളിലും മനസ്സ് മേഞ്ഞ് നടക്കും.

ഇതാണ് കേവലം ഒരധ്യാപകന് പറഞ്ഞിട്ടുള്ള ജീവിതക്രമം. അതുകൊണ്ട് തൃപ്തിപ്പെടുക. ആ ഒരു ചിന്തയിലേക്ക് മനസ്സിനെ പാകപ്പെടുത്തുക.

എങ്കിലും എല്ലാ നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടു പോകുന്ന ചില അവസരങ്ങളുണ്ട്. പ്രത്യേകിച്ച് രണ്ടു സഹോദരിമാരുടേയും കുടുംബങ്ങള്‍ അവധിക്കാലം ആഘോഷിക്കുവാന്‍ നാട്ടിലെത്തുമ്പോള്‍... എല്ലാവരും ആഹ്ലാദത്തോടെ ഒത്തുകൂടുമ്പോള്‍... സല്‍ക്കാരങ്ങള്‍, വിനോദയാത്രകള്‍... മക്കളുടെ ജന്മദിനങ്ങള്‍, വിവാഹവാര്‍ഷിക ദിനങ്ങള്‍... ആ അവസരങ്ങളില്‍ ഒരു മിതവ്യയവും നടക്കില്ല.

''ദേ ഈ പിശുക്കൊക്കെ തല്‍ക്കാലം ഒന്നു മാറ്റിവയ്ക്ക്. അവരെല്ലാവരും അവധിക്കാലം ആഘോഷിക്കാന്‍ വന്നതാ. ആര്‍ക്കും ഒരു മടുപ്പും അനിഷ്‌ടോം പോരായ്‌മേം ഒന്നും തോന്നരുത്.''

ലില്ലിക്കുട്ടി പറഞ്ഞത് അക്ഷരംപ്രതി അനുസ്സരിച്ചു. ഒരു കാര്യത്തിലും ചിലവാക്കുന്നതില്‍ വലിയ നിയന്ത്രണമൊന്നും വരുത്തിയില്ല.

രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞതോടെ തങ്കച്ചനും ജാന്‍സിയും നാട്ടില്‍ അവര്‍ പുതുതായി പണിതീര്‍ത്ത വീട്ടിലേക്ക് താമസം പറിച്ചു നട്ടുകൊണ്ട് വര്‍ഷങ്ങള്‍ നീണ്ട മുംബൈ ജീവിതം അവസാനിപ്പിച്ചു. ഏറ്റവും ഇളയമകന്‍ ഓസ്‌ട്രേലിയയില്‍ തുടര്‍ പഠനത്തില്‍.

ജോര്‍ജ്കുട്ടിയും നാന്‍സിയും മക്കളുമെല്ലാം അമേരിക്കന്‍ പൗരന്മാരായി. ഇനി അവിടമാണ് അവരുടെ നാട്. ജനിച്ചു വളര്‍ന്ന നാട് ഇടയ്‌ക്കെല്ലാം സന്ദര്‍ശിച്ച് ഗൃഹാതുരസ്മരണകള്‍ അയവിറക്കാനുള്ള ഇടങ്ങള്‍ മാത്രം.

കാലം മുന്നോട്ടൊഴുകി ക്കൊണ്ടേയിരിക്കുന്നു. ലിജുവിന്റെ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദപഠനവും ലിന്‍ഡയുടെ എം ഏ കോഴ്‌സും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അവരുടെ ഭാവിജീവിതത്തെ സംബന്ധിച്ചും ചില തീരുമാനങ്ങളെടുക്കണം.

ജീവിതത്തിന്റെ സുപ്രധാന ചുമതലകള്‍ അവശേഷിക്കുന്നു. വെല്ലുവിളികളും.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org