നിറഭേദങ്ങള്‍ [3]

നിറഭേദങ്ങള്‍ [3]
Published on
  • നോവലിസ്റ്റ്:

  • ബേബി ടി കുര്യന്‍

  • കത്രിചേച്ചി

അധ്യായം - 3

കുഞ്ഞവദ ചേട്ടനേം ചാക്കോച്ചനേം ഓര്‍മ്മിക്കുമ്പോള്‍ കത്രിചേച്ചിയെ എങ്ങനെ മറക്കാനാവും?

അഞ്ചുമൈല്‍ അകലെയുള്ള ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലേക്കാണ് കത്രിചേച്ചിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത്. അപ്പനുമമ്മയും നാലാണ്‍ മക്കളും അഞ്ചു പെണ്‍മക്കളും ചേര്‍ന്ന കുടുംബം. കൃഷിയാണ് ഏക വരുമാനം. തരക്കേടില്ലാത്ത ഭൂസ്വത്ത്, അധ്വാനികളായ മക്കള്‍.

ആണ്‍മക്കളില്‍ മൂന്നാമനായ മാണിചേട്ടനാണ് കത്രിചേച്ചിയുടെ ഭര്‍ത്താവ്. അപ്പനും അമ്മയ്ക്കും പുറമേ രണ്ടു ചേട്ടന്മാര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, അവിവാഹിതനായ അനുജന്‍, ഇനിയും വിവാഹിതരാകാനുള്ള രണ്ടു പെണ്‍മക്കള്‍, ഇവരെല്ലാം അടങ്ങുന്ന ഒരു വലിയ കുടുംബം. ഇവരോടൊപ്പം മാണിചേട്ടനും കത്രിചേച്ചിയും അവരുടെ രണ്ട് ആണ്‍മക്കളും.

സാമാന്യം കറുത്ത്, പൊക്കം കുറഞ്ഞ്, ആരോഗദൃഢഗാത്രനാണ് മാണിച്ചേട്ടന്‍. ഒരു പാവം മനുഷ്യന്‍.

മാസത്തില്‍ പകുതിയിലേറെ ദിവസങ്ങളും കത്രിചേച്ചി അപ്പനോടും ആങ്ങളയോടുമൊപ്പം സ്വന്തം വീട്ടില്‍ തന്നെ കാണും. ചിലപ്പോള്‍ ആ നില്‍പ്പ് പിന്നെയും നീളും. തനിക്ക് അനുയോജ്യനായൊരു ഭര്‍ത്താവല്ല മാണിച്ചേട്ടന്‍ എന്നൊരു ചിന്ത ഒരുവിധം വെളുത്ത് സാമാന്യം സുന്ദരിയായ കത്രിചേച്ചിയുടെ മനസ്സില്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടില്‍ വന്ന് അമ്മച്ചിയുമായി സംസാരിച്ചിരിക്കുമ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും വിഷയം വന്നാല്‍ കത്രിചേച്ചിക്ക് ആകെ അരിശം, പുച്ഛം.

ഭാര്യയുടെ ഈ പിരിഞ്ഞുനില്‍ക്കല്‍ നീളുമ്പോള്‍ മാണിചേട്ടന്‍ വിളിച്ചുകൊണ്ടുപോകാനായി വരും. പക്ഷേ, എത്ര പറഞ്ഞാലും കത്രിചേച്ചി ഒപ്പം പോകില്ല.

''ഒരാഴ്ച കൂടി കഴിയട്ടെ, മനുഷേനേ. ഞാനിപ്പോ ഓടിവന്നിട്ടെന്നാ മലമറിക്കാനാ അവടെ.''

മിക്ക അവസരങ്ങളിലും മണിച്ചേട്ടന്‍ നിരാശനായി മടങ്ങും.

പലപ്പോഴും അമ്മച്ചി കത്രിച്ചേച്ചിയെ ശകാരിക്കും.

''നീയെന്നാപണിയാ കത്രീ ഈ കാണിക്കണേ. കെട്ട്യോന്‍ വന്ന് വിളിക്കുമ്പോള്‍ ഒപ്പം പോകണ്ടേ. മാണീനെ ഇങ്ങനെ വെഷമിപ്പിച്ച് തിരിച്ചയയ്ക്കാവോ.''

''എന്റെ റോസമ്മച്ചീ ഞാനിപ്പ അങ്ങോട്ടെഴുന്നള്ളീട്ട് എന്താ ഇത്ര അത്യാവശ്യം? അതിയാന്റെ രണ്ടു ചേട്ടന്മാര്‌ടെ കെട്ടിയോള്മാര്, കെട്ടിക്കാന്നിക്കണ രണ്ടു പെങ്ങന്മാര്, മൂത്തചേട്ടന്റെ പതിനാറും പതിനാലും വയസ്സൊള്ള രണ്ട് പെന്മക്കള്, രണ്ടാമത്തെ ചേട്ടന്റെ പതിമൂന്നു കഴിഞ്ഞ മകള്, വയസ്സായെങ്കിലും ഇപ്പഴും പുലി പോലെ പാഞ്ഞുനടക്കണ അമ്മായിയമ്മ വേറെ. തിന്നാനൊള്ളതിനേക്കാളും ആളൊണ്ട് വച്ച് വെളമ്പാന്‍. ഇതിനെടേലോട്ട് ഞാങ്കൂടി അങ്ങ് ചെല്ലാത്ത കൊഴപ്പേയൊള്ള്.''

കത്രിചേച്ചിയെ തിരികെ കൂട്ടുമെന്ന് നിശ്ചയിച്ചുറപ്പിച്ച് മാണിച്ചേട്ടന്‍ എത്തുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പതിവുപോലെ കത്രിചേച്ചി നിഷേധം പറയുമ്പോള്‍ മാണിച്ചേട്ടന്‍ താണുകേണ് യാചിക്കും. മരുമകന്റെ ദയനീയ ഭാവം കണ്ട് മനസ്സലിഞ്ഞ് കുഞ്ഞവദചേട്ടനും മകളെ ഒപ്പം പോകാന്‍ നിര്‍ബന്ധിക്കും. ഇരുവരുടെയും 'ശല്യം' അസഹ്യമാകുമ്പോള്‍ രക്ഷപ്പെടാന്‍ കത്രിചേച്ചി ഒരു വിദ്യ പ്രയോഗിക്കും. വീട്ടില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വീട്ടിലേക്ക് ഒറ്റയോട്ടം. എന്നിട്ട് അകത്ത് മുറിയില്‍ ഞാന്‍ കിടക്കുന്ന കട്ടിലില്‍ വന്നിരിക്കും.

പുറകെ ദയനീയ മുഖഭാവത്തോടെ മാണി ചേട്ടനും മുറ്റത്ത് പ്രത്യക്ഷപ്പെടും.

''റോസമ്മചേച്ചീ അവളോട് വരാമ്പറ.''

അമ്മച്ചി ശകാരരൂപേണ ഉപദേശിക്കും.

''ചെല്ലെടി കത്രീ നിന്റെ കെട്ട്യോയനല്ലേ വിളിക്കണേ.''

''അതിയാനോട് ഇപ്പപ്പോകാമ്പറ.''

''നിന്റെ രണ്ടു പിള്ളേരവിടില്ലേടീ. അതുങ്ങടെ കാര്യം നോക്കാനെങ്കിലും നീയൊന്നു കൂടെ ചെല്ല്.''

''ഓ പിന്നേ പിള്ളേര്. അവര് മാത്രാല്ല അവടെ പിള്ളേരായിട്ടൊള്ളത്. അവര് വളന്നോളും. ആടും പശൂം പട്ടീം പന്നീം കോഴീം ഒക്കെ വളരണ കൂട്ടത്തില്. വേണ്ട ഞാനധികം പറയണില്ല.''

ഒടുവില്‍ അമ്മച്ചി മാണിച്ചേട്ടനെ അനുനയിപ്പിക്കും.

''ഏതായാലും മാണി ഇപ്പപ്പോ. കുറച്ചു ദെവസം കൂടി അവളിവടെ നിക്കട്ടെ.''

അതുകേട്ട് നിരാശനായി മാണിചേട്ടന്‍ മടങ്ങും.

ഇത്തരം രംഗങ്ങള്‍ പലയാവര്‍ത്തി വീട്ടില്‍ അരങ്ങേറുന്നത് അപ്പച്ചനും അറിയുന്നുണ്ടായിരുന്നു.

ഒരിക്കല്‍ ഇതുപോലൊരു സംഭവം നടക്കുകയാണ്. കത്രിചേച്ചി അകത്തെ മുറിയില്‍ കട്ടിലില്‍. ആരു കണ്ടാലും സഹതാപം തോന്നുന്ന മുഖഭാവവുമായി മാണിചേട്ടന്‍ മുറ്റത്ത്. അപ്രതീക്ഷിതമായി ആ സമയം വീട്ടിലേക്ക് അപ്പച്ചന്‍ വന്നു. എന്തോ ആവശ്യം കാരണം അപ്പച്ചന്‍ അര ദിവസത്തെ ലീവെടുത്ത് പോന്നതാണ്. വീട്ടുമുറ്റത്തെത്തിയ അപ്പച്ചന്‍ കണ്ടത് മുഖം വാടി നില്‍ക്കുന്ന മാണിച്ചേട്ടനെ.

വളരെ പ്രയാസത്തോടെ മാണിച്ചേട്ടന്‍ അപ്പച്ചനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അപ്പച്ചന് ആകെ കോപം.

''മാണീ നീ നിക്ക്. അവളേം കൊണ്ട് പോയാ മതി.''

ദേഷ്യത്തോടെ അപ്പച്ചന്‍ അകത്തേക്ക്. പ്രതീക്ഷിക്കാതെ അപ്പച്ചനെ കണ്ട കത്രിചേച്ചി ഞെട്ടി.

''പോടി അവന്റെ കൂടെ. കെട്ട്യോന്‍ വിളിക്കാന്‍ വന്നപ്പോ ഇവടെ വന്ന് മുറീക്കേറി ഒളിച്ചിരിക്കണോ?''

''ഞാങ്കൊറച്ച് ദെവസങ്കൂടിക്കഴിഞ്ഞ് പൊയ്‌ക്കോളാം മാത്തൂട്ടിച്ച.''

''ദേ നിന്റെ വേഷങ്കെട്ടൊക്കെ കയ്യീ വച്ചേര്. പോ മര്യാദയ്ക്ക് അവന്റെ കൂടെ ഇപ്പോത്തന്നെ.''

കുനിഞ്ഞ മുഖവുമായി കത്രിചേച്ചിയും തെളിഞ്ഞ മുഖവുമായി മാണച്ചേട്ടനും പിന്‍വാങ്ങി. പക്ഷേ തികച്ചും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ് തുടര്‍ന്നുണ്ടായത്. കത്രിച്ചേച്ചിയുടെയും മാണിച്ചേട്ടന്റെയും ജീവിതഗതിവിഗതികള്‍ ആകെ മാറ്റിയെഴുതപ്പെട്ടു.

മാണിച്ചേട്ടന്റെ ചിറ്റപ്പനൊരാള്‍ പാലക്കാടിനപ്പുറം മണ്ണാര്‍ക്കാട് ഭാഗത്ത് കുടിയേറി താമസിക്കുകയാണ്. കക്ഷിയുടെ പരിചയത്തിലുള്ള ആ നാട്ടുകാരനൊരാള്‍ക്ക് കുറെ ഭൂമി വില്‍ക്കാനുണ്ട്. ചിറ്റപ്പന്റെ കയ്യില്‍ തല്‍ക്കാലം പണമില്ല. എങ്കിലും കൃഷിക്ക് ഏറ്റവും അനുയോജ്യമായ ആ ഭൂമി വിട്ടുകളയുവാന്‍ മടി. കക്ഷി നാട്ടില്‍ വന്ന് വിഷയം ചേട്ടന്റെ വീട്ടില്‍ അവതരിപ്പിച്ചു.

''ദേ ആര് കണ്ടാലും മോഹിച്ചു പോകുന്ന നല്ല ഒന്നാന്തരം സ്ഥലം. നിങ്ങള് ആണ്‍മക്കള്‍ ആരെങ്കിലും അത് വാങ്ങി അങ്ങോട്ട് പോര്. അവടെ ഒരു വീടും വച്ച് ഭൂമീടെ ആദായോമെടുത്ത് അന്തസായി ജീവിക്കാം. അധ്വാനിച്ചാ ഇവടത്തേതിന്റെ നാലിരട്ടി പ്രയോജനം കിട്ടും.

ചിറ്റപ്പന്റെ നിര്‍ദ്ദേശത്തോട് മാണിച്ചേട്ടന്റെ രണ്ടു ചേട്ടന്മാര്‍ക്കും ഒരു വൈമുഖ്യം.

''എന്തൊക്കെയാണേലും സ്വന്തം വീടും നാടും നാട്ടാരെയുമൊക്കെ വിട്ട് ഒരു പരിചയോമില്ലാത്ത ഒരന്യ നാട്ടീച്ചെന്നങ്ങനായാ...''

എന്നാല്‍ ചിറ്റപ്പന്റെ നിര്‍ദ്ദേശവും ചേട്ടന്മാരുടെ വൈമനസ്യവുമെല്ലാം കത്രിച്ചേച്ചിയില്‍ ആഹ്ലാദവും ആവേശവും സൃഷ്ടിച്ചു.

''ദേ വേഗം ചിറ്റപ്പനോട് അത് വാങ്ങി അങ്ങോട്ട് വരാന്‍ നമ്മള് തയ്യാറാണെന്നു പറ. ചേട്ടന്മാര്‍ക്ക് പോകാന്തോന്നാത്തത് ദൈവാധീനോന്ന് വിചാരിക്ക്. ഹോ ഈ പടപണ്ടാരത്തിന്റെ എടേല് എത്ര നാളാ ഇങ്ങനെ ശാസംമുട്ടിക്കഴിയണേ.''

ബുദ്ധിമതിയായ കത്രിച്ചേച്ചി നിര്‍ബന്ധിച്ച് മാണിച്ചേട്ടനെ സമ്മതിപ്പിച്ചു. പിന്നെ തുടര്‍നടപടികള്‍ ചിറ്റപ്പനും മറ്റും ചേര്‍ന്ന് ത്വരിതപ്പെടുത്തി. കുടുംബസ്വത്തില്‍ നിന്നും മാണിച്ചേട്ടനുള്ള വീതം അളന്ന് തിട്ടപ്പെടുത്തി. ചേട്ടന്മാരും കുടുംബത്തിലെ ചില ബന്ധുക്കളും ചേര്‍ന്ന് ആ വീതം വാങ്ങി പണം കൈമാറി. ചിറ്റപ്പന്റെ ഉത്സാഹത്താല്‍ ഉദ്ദേശിച്ചതില്‍ അധികം ഭൂമി മണ്ണാര്‍ക്കാട്ട് വാങ്ങുവാനായി. താമസിക്കുവാനായി ഒരു താല്‍ക്കാലിക വീടും ശരിയാക്കി.

മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റുന്ന കാര്യം പറയുവാനും യാത്ര ചോദിക്കുവാനും മാണിച്ചേട്ടനും കത്രിച്ചേച്ചിയും വീട്ടില്‍ വന്നു.

കത്രിച്ചേച്ചിയുടെ മുഖഭാവം തന്നെ ആകെ മാറി. ഇഷ്ട കളിപ്പാട്ടം ലഭിച്ച ഒരു കുഞ്ഞിനെപ്പോലെ, ആകെ സന്തോഷം നിറഞ്ഞ്...

''നന്നായെടാ മാണി. നീയിങ്ങനെ ചേട്ടന്മാര്‌ടെ കൂടെ ഇവടെ കെടന്ന് എത്ര പണിതാലും സ്വന്തമായൊരു നേട്ടം വേണേ അതു മാറി താമസിച്ചാലേ നടക്കൂ. നീ രക്ഷപ്പെടും. നിനക്ക് അധ്വാനിക്കാനറിയാം. അത് മതി.''

അപ്പച്ചന്റെ വാക്കുകള്‍ സന്തോഷത്തോടെ ഇരുവരും കേട്ടുനിന്നു.

''ഒരു കാര്യത്തിലേയൊള്ള് എനിക്ക് വെഷമം. എന്റെ റോസമ്മച്ചീനേം മാത്തൂട്ടിച്ചനേം ഇങ്ങനെ കാണാനൊക്കു കേലന്നോര്‍ക്കു മ്പോ...''

അമ്മച്ചീടെ തോളില്‍ മുഖമമര്‍ത്തി കത്രിച്ചേച്ചി വിതുമ്പി.

എങ്കിലും വേര്‍പിരിയലിന്റെ എല്ലാ വേദനയേയും അതിലംഘിക്കുന്നതായിരുന്നു കത്രിച്ചേച്ചിയുടെ മുഖത്തു തെളിഞ്ഞ സ്വാതന്ത്ര്യത്തിന്റെ നവലോകത്തേക്ക് യാത്ര തിരിക്കുന്നതിന്റെ ആഹ്ലാദം.

''എടീ നീയിനി പഴേപോലെ എപ്പോഴും ഇവനെയിട്ടേച്ച് ഇങ്ങോട്ടോടിപ്പോന്നേക്കരുത്. ഇത്രേം ദൂരം എപ്പോഴും വന്ന് നിന്നെ വിളിച്ചോണ്ടുപോകാന്‍ ഇവന് സാധിക്കിയേല. പറഞ്ഞേക്കാം.''

അപ്പച്ചന്റെ വാക്കുകള്‍ കേട്ട് ചിരിച്ചെങ്കിലും മണിച്ചേട്ടന്റെ മുഖത്ത് ഒരു ചമ്മല്‍. പക്ഷേ, കത്രിച്ചേച്ചിയില്‍ വിരിഞ്ഞത് മനോഹരമായ പുഞ്ചിരി.

അത്രയും ആകര്‍ഷണീയമായി കത്രിച്ചേച്ചിയുടെ മുഖം അതുവരെ കണ്ടിട്ടില്ലായിരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org