നോവലിസ്റ്റ് : ബേബി ടി കുര്യന്‍
[നോവല്‍ ആരംഭിക്കുന്നു]
വെളിയില്‍ ഗേറ്റിനോടു ചേര്‍ന്നു വന്നു നിന്ന ഒരു കാറിന്റെ ശബ്ദമാണ് ശ്രദ്ധയില്‍ നിന്നുണര്‍ത്തിയത്.
സിറ്റൗട്ടിലെ ടീപ്പോയില്‍ ലിന്‍ഡയുടെ വിവാഹ ക്ഷണപത്രങ്ങളും കവറുകളും ചിതറിക്കിടക്കുന്നു. ഇനിയും മേല്‍വിലാസമെഴുത്ത് പൂര്‍ത്തിയാക്കിയിട്ടില്ല. തപാല്‍ മാര്‍ഗമയക്കേണ്ടവയെല്ലാം ഇന്നുതന്നെ വിലാസമെഴുതി ഉച്ചയോടെ പോസ്റ്റ് ചെയ്യണം. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നേരില്‍ കണ്ട് ക്ഷണിക്കല്‍ ആരംഭിക്കണം. ലിജു അടുത്തയാഴ്ച ആദ്യമേ വരികയുള്ളൂ. പല കാര്യങ്ങളും അതിനകം തന്നെ ചെയ്തുതീര്‍ക്കണം. ഓരോ ദിവസവും തിരക്കേറിയതാവുകയാണ്.
ഇതിനിടയിലാരാണ് സന്ദര്‍ശകര്‍?
'എക്‌സിക്യൂട്ടീവ് ലുക്കില്‍' മെലിഞ്ഞ് ഉയരം കൂടി സാമാന്യം വെളുത്ത് ഒരു താടിക്കാരന്‍.
''ജോണേട്ടന് എന്നെ മനസ്സിലായോ?''
ലേശം പതിഞ്ഞ ശബ്ദം.
ഇനി ലിജുവിന്റെ സുഹൃത്തുക്കളാരെങ്കിലും?
ഇല്ല, ഇങ്ങനെയൊരാള്‍ ഓര്‍മ്മയില്‍ വരുന്നില്ല.
''എനിക്ക്... ഓര്‍മ്മ കിട്ടുന്നില്ല. വരൂ അകത്തേക്കിരിക്കാം.''
''വീട് ആകെയൊന്നു റിനൊവേറ്റ് ചെയ്തു അല്ലേ. ആ പഴയ വീടാണെന്ന് തോന്നുകേയില്ല.''
ആകാംക്ഷ വീണ്ടും ഉയരുന്നു. പഴയ വീടിനെപ്പറ്റി ഇത്ര നന്നായി അറിയാവുന്ന ഇയാള്‍ ആരാണ്?
ഊണുമുറിയിലേക്കുള്ള വാതിലിനരികെ ലില്ലികുട്ടിയും ലിന്‍ഡയും പ്രത്യക്ഷപ്പെട്ടു. ആഗതനെ നോക്കിയ അവരുടെ മുഖങ്ങളിലും അപരിചിതത്വം പ്രകടം.
ആ സന്നിഗ്ദ്ധാവസ്ഥ ആള്‍ക്ക് മനസ്സിലായതു പോലെ.
''ഞാന്‍... ചാക്കോച്ചന്റെ മകനാ.''
ചാക്കോച്ചന്റെ മകന്‍...? ഉള്ളില്‍ ഒരു ഞെട്ടല്‍! പിന്നെ ആകെയൊരു അമ്പരപ്പ്.
ലില്ലിക്കുട്ടിയുടെ മുഖത്തും അല്‍ഭുതം നിറയുന്നു. ക്രമേണ അത് സന്തോഷമായി മാറി. ചിരിയോടെ അവള്‍ അടുത്തേക്ക്.
''ബെന്നിയാണോ?''
ലില്ലിക്കുട്ടിയെ നോക്കി സ്‌നേഹ ബഹുമാന ഭാവങ്ങളോടെ ആള്‍ എഴുന്നേറ്റു.
''ഹോ സന്തോഷമായി. ലില്ലിക്കുട്ടി ചേച്ചി എന്നെ മറന്നില്ലല്ലോ.''
''മറക്കാനോ...? നല്ല കാര്യമായി. എനിക്കൊട്ടും മനസ്സിലായില്ല മോനേ. എത്ര വര്‍ഷം കൂടിയാ കാണുന്നത്.''
ഞാന്‍ മനസാന്നിധ്യം വീണ്ടെടുത്തു. ഇവന്‍ ഇപ്പോള്‍ ഒരു അതിഥിയാണ്. ഇതുവരെ ഇവനോട് ഒന്നും മിണ്ടിയില്ല.
''ബെന്നി ഗള്‍ഫിലല്ലേ?''
''അതേ. ബഹറിനില്‍.''
''ജോലി...?''
''ഒരു കമ്പനിയിലായിരുന്നു. ഇപ്പോള്‍ സ്വന്തം ബിസിനസ്സാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ഇലക്ട്രിക്കല്‍ ഐറ്റംസ് സപ്ലൈ ചെയ്യല്‍. ഇപ്പോള്‍ വര്‍ക്കുകള്‍ കോണ്‍ട്രാക്ടായി ചെയ്തു തുടങ്ങി.''
''ബെന്നിയുടെ വിവാഹം...?''
''കഴിഞ്ഞു. ഒരു മകനുണ്ട്.''
''ആനിക്കുട്ടിചേച്ചിയും പെങ്ങന്മാരുമൊക്കെ...?''
കുശലാന്വേഷണം ലില്ലിക്കുട്ടിയുടെ വക.
''അമ്മയ്ക്ക് നല്ല ശരീരസുഖമില്ല. ഇപ്പോള്‍ രണ്ടാമത്തെ ചേച്ചിയുടെ കൂടെയാണ്. പിന്നെ... ചേച്ചിമാരെല്ലാം കുടുംബോം കുട്ടികളുമായി സുഖമായിരിക്കുന്നു.''
സംസാരത്തിന് ചെറിയൊരു ഇടവേള.
ആ ഇടവേളയില്‍ മനസ്സിലേക്ക് ഒരു ചിന്ത പതുക്കെ നുരഞ്ഞെത്തുന്നു. അനുസരണം കെട്ട ഒരു വികൃതിക്കുട്ടിയെ പോലെ. നാളുകളോളം ഉള്ളില്‍ രോഷവും ഒപ്പം ജാള്യതയും സൃഷ്ടിച്ച, തീര്‍ത്തും അസ്വസ്ഥകരമായ ഒരു സംഭവത്തിന്റെ ഓര്‍മ്മ.
വേണ്ട. ഒന്നും ഓര്‍മ്മിക്കണ്ട. മനസ്സിന്റെ കണക്കു പുസ്തകത്തില്‍ എല്ലാം എന്നേ എഴുതിത്തള്ളിയതാണ്. എങ്കിലും നിയന്ത്രണം ഭേദിച്ച് പതഞ്ഞുയരുകയാണ്. അസുഖകരങ്ങളായ കുറേ ചിന്തകള്‍.
ബെന്നിയാണ് നിശബ്ദത ഭേദിച്ചത്.
''പിന്നെ... ഞാന്‍ വന്നതിന് ഒരു കാരണമുണ്ട്.''
ചോദ്യരൂപേണ ബെന്നിയെ നോക്കി. അവന്റെ മുഖത്ത് നേരിയ പരിഭ്രമം പടരുന്നു.
അറിയാതെ ഒരു ശങ്ക. മുഖഭാവത്തില്‍ നിന്നും എന്റെ മനസ്സ് ഇവന്‍ വായിച്ചെടുത്തോ?
ബെന്നി ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു കവര്‍ എടുത്തു ഭവ്യതയോടെ എനിക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാവാത്ത മട്ടില്‍ ഞാന്‍ അത് വാങ്ങി തുറന്നു. ഉള്ളില്‍ അടക്കം ചെയ്തിരുന്നത് പുറത്തെടുത്തു.
അതൊരു ചെക്കാണ്. എഴുതിയിരിക്കുന്നത് വലിയൊരു തുക!
''എന്താ ബെന്നി ഇത്?''
എന്റെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ബെന്നി മൗനം പൂണ്ടു.
''അത്... എന്തിനാണെന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ചാച്ചന്റെ ഭാഗത്തുനിന്നുണ്ടായ... ഒരു... അത്...''
വാക്കുകള്‍ക്കായി തപ്പി തടഞ്ഞ് ബെന്നി നിറുത്തി.
സമ്മിശ്രമായ ഒരുപിടി വികാരങ്ങളുടെ വേലിയേറ്റം ഉള്ളില്‍. അരുത്, ഇത് സ്വീകരിക്കരുത്. വര്‍ഷങ്ങള്‍ക്കുശേഷം പഴയൊരു സംഭവത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ ഇനി വെറുതെ വാരി പുറത്തെടുത്ത്... പാടില്ല.
''ഏയ്... ഒന്നും വേണ്ട ബെന്നി. അതൊന്നും ഇനി....''
എന്റെ സംസാരം തുടരുവാന്‍ ബെന്നി അനുവദിച്ചില്ല.
''ഇത് വാങ്ങില്ലെന്ന് മാത്രം ജോണേട്ടന്‍ പറയരുത്. അന്നുണ്ടായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം എനിക്കറിയാം. അന്നത്തെ ആ തുകയുടെ വാല്യൂ ഇന്ന് കണക്കാക്കിയാല്‍ ഒരുപക്ഷേ ഇത്...''
ബെന്നി ഒന്ന് നിര്‍ത്തി. ചെറിയ ആലോചനയും.
''ചാച്ചന്‍ അവസാനനാളുകളില്‍ ഈയൊരു കാര്യമാണ് എന്നോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. എന്നെങ്കിലും ജോണച്ചന് നമ്മളുണ്ടാക്കിയ ബാധ്യത തീര്‍ക്കണമെന്ന്. അമ്മയുടെ മനസ്സിലും അതൊരു വലിയ ഭാരമാണ്.''
ആ വാക്കുകള്‍ വരുന്നത് അവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നാണ്. ഉള്ളിലെ വികാരഭാവങ്ങള്‍ മുഴുവന്‍ മുഖം വെളിപ്പെടുത്തുന്നു.
ഒരു വീര്‍പ്പുമുട്ടല്‍ ലില്ലിക്കുട്ടിയുടെ മുഖത്ത്.
''വേണ്ട ബെന്നി. അത് ഞങ്ങള്‍ ചെയ്ത ഒരു സഹായായിട്ട് മാത്രം കരുതിയാ മതി. പിന്നെ... അന്ന് ഇവിടെ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായി. എല്ലാം നമുക്ക് മറക്കാം. ഏതായാലും അത് തിരിച്ചു തരണമെന്നുള്ള ചിന്ത ചാക്കോച്ചനുണ്ടായിരുന്നല്ലോ അതുമാത്രം മതി. ദേ ആ ചെക്ക് അവന് തിരിച്ചു കൊടുത്തേര്.''
''ലില്ലിക്കുട്ടി എന്നോടിത് തിരിച്ചു മേടിക്കണമെന്ന് മാത്രം പറയരുത്. ഇത് വാങ്ങണം. എന്റേം അമ്മേടേം മനസ്സമാധാനത്തിന്. അല്ലെങ്കില്‍ ചാച്ചന്റെ ആത്മാവിന് ശാന്തികിട്ടില്ല.''
ചെറിയൊരു നിശബ്ദത വീണ്ടും. എന്താണ് ഇനി ഇവനോട് പറയേണ്ടത്?
ബെന്നിയുടെ നോട്ടം ലിന്‍ഡയിലേക്ക്.
''കല്യാണമല്ലേ? ഞാനറിഞ്ഞു. ആള്‍ ദ ബെസ്റ്റ്. കണ്‍ഗ്രാജുലേഷന്‍സ്.''
ലിന്‍ഡയുടെ മുഖത്ത് ലജ്ജ കലര്‍ന്ന പുഞ്ചിരി.
ഉള്ളില്‍ ഒരു വീണ്ടുവിചാരമുയര്‍ന്നു.
''ഓ... ഞാനത് പറയാന്‍ വിട്ടു. ഏതായാലും ബെന്നിയെ കണ്ടത് നന്നായി. ഈ വരുന്ന ഇരുപതാം തീയതിയാണ് കല്യാണം. ബെന്നി ഭാര്യയും മകനുമായി വന്ന്...''
''അയ്യോ ചേട്ടാ അത്... എനിക്കും ആഗ്രഹമുണ്ട് ലിന്‍ഡയുടെ കല്യാണം കൂടണമെന്ന്. പക്ഷേ നാളെ കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുകയാണ്. അധികം നാള്‍ അവിടെ വര്‍ക്ക് സൈറ്റുകളില്‍ നിന്നും മാറി നില്‍ക്കാനാവില്ല.''
ടീപ്പോയില്‍ വച്ചിരുന്ന ചെറിയ പെട്ടിയുമായി ബെന്നി മെല്ലെ ലിന്‍ഡയുടെ സമീപത്തേക്ക്.
''ലിന്‍ഡയ്ക്ക് എന്റെയൊരു ചെറിയ വിവാഹസമ്മാനം.''
അവളുടെ മുഖത്ത് സന്ദേഹം. ഞങ്ങളുടെ മുഖങ്ങളിലെ അനുകൂല സൂചന മനസ്സിലാക്കി പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി.
ബെന്നിക്ക് ഇതുവരെ ഒരു കപ്പ് കാപ്പി പോലും കൊടുത്തില്ലല്ലോ എന്ന ചിന്ത ലില്ലിക്കുട്ടിക്ക് ഉണ്ടായെന്നു തോന്നി. അവള്‍ ധൃതിയില്‍ അടുക്കളയിലേക്ക്.
''ലില്ലിക്കുട്ടി ചേച്ചി... എന്നെ സല്‍ക്കരിക്കാനുള്ള പോക്കാണേല്‍... വേണ്ട കേട്ടോ.''
''അങ്ങനെ വാശി പിടിക്കാതെ ബെന്നി. നീ എത്ര നാള്‍ കൂടിയാ ഇവിടെ വരുന്നത്. വാ''
ഞാന്‍ അവന്റെ കൈപിടിച്ച് നിര്‍ബന്ധപൂര്‍വം ഡൈനിങ് മുറിയിലേക്ക് നടന്നു.
''ലിജു ഇപ്പോള്‍ എവിടെയാണ്?''
''ബാംഗ്ലൂര്. ഒരു ഐടി കമ്പനീലാണ്.''
''ഞാന്‍ അന്വേഷിച്ചതായി പറയണം. സാധിച്ചാല്‍ ഇനി ലിജുവിന്റെ കല്യാണം വരുമ്പോള്‍ അത് കൂടാം.''
''സാധിച്ചാലല്ല. അന്ന് നീ കുടുംബസമേതം വന്നേ പറ്റൂ. പിന്നെ നിന്റെ ചേച്ചിമാര്. ഇവിടന്ന് പോയേപിന്നെ ആരെപ്പറ്റീം യാതൊരു അറിവുമില്ല. എല്ലാവരുടേം ഫോണ്‍ നമ്പര്‍ താ. അവരെയൊക്കെ വിളിക്കണം. എത്ര നാളായി എല്ലാവരേം ഒന്ന് കണ്ടിട്ട്.''
പ്ലേറ്റുകളില്‍ നിരന്ന അച്ചപ്പവും അവലോസുണ്ടയും അലുവായും വട്ടയപ്പവുമെല്ലാം ലില്ലിക്കുട്ടിയുടെ നിര്‍ബന്ധത്താല്‍ ബെന്നി അല്പാല്പമായി കഴിച്ചു.
നാട്ടു വിശേഷങ്ങള്‍, കുടുംബ വിശേഷങ്ങള്‍, ബിജുവിന്റെ ജോലി സംബന്ധമായ വിശേഷങ്ങള്‍, ലിന്‍ഡയുടെ ഭാവി ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും വിശേഷങ്ങള്‍, എല്ലാം ബെന്നി ചോദിച്ചറിഞ്ഞു. ഒപ്പം സ്വന്തം കുടുംബവിശേഷങ്ങളും പങ്കുവച്ചു.
''ഞാനിനി ഇറങ്ങട്ടെ. ഉദ്ദേശിച്ചതിലും കൂടുതല്‍ സമയമെടുത്തു. ഇനി വൈകുന്നില്ല.''
ബെന്നി എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞു.
ഗേറ്റുവരെ ഞാന്‍ ഒപ്പം അനുഗമിച്ചു.
''ദേ ബെന്നി കൊണ്ടുവന്ന പെട്ടി. ഒന്നു നോക്കിക്കേ.''
തുറന്നു പിടിച്ച ആ പെട്ടിയിലേക്ക് നോക്കി. ലില്ലിക്കുട്ടിയിലെ ആശ്ചര്യം എന്നിലേക്കും പകരുന്നു.
ഒരു സ്വര്‍ണ്ണമാല, രണ്ട് വളകള്‍, ഒരു ജോഡി കമ്മല്‍! എല്ലാം ഭംഗിയായി ക്രമീകരിച്ചു വച്ചിരിക്കുന്നു.
''ഒരഞ്ചെട്ട് പവനെങ്കിലും കാണൂന്ന് തോന്നണ്.''
ആദ്യം തോന്നിയ ആശ്ചര്യം ഒരു വിമ്മിഷ്ടമായി മാറുന്നു. അത് ഉള്‍തടം നിറയ്ക്കുന്ന ഒരു സമ്മര്‍ദമായി വളരുന്നു. വേരറിയാത്ത എന്തൊക്കെയോ വിചാരധാരകള്‍ ഉറവപൊട്ടുന്നു.
ടീപ്പോയില്‍ കല്യാണക്കുറികളും കവറുകളും അതേപടിയുണ്ട്.
വയ്യ... ഇന്നിനി ഒന്നിനും വയ്യ. മനസ്സും ചിന്തയുമെല്ലാം സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ലോകത്തില്‍ നഷ്ടപ്പെട്ടു.
പതുക്കെ വീണ്ടും തിരികെ നടന്നു.
ഗേറ്റ് കടന്ന് റോഡിനപ്പുറത്തേക്ക് അല്പനേരം നോക്കി നിന്നു.
എന്താണ് കാണുന്നത്.
നിരയായി അഞ്ചു വീടുകള്‍. അതിനു പിന്‍നിരയിലായി ചാക്കോച്ചന്റെ വീടിരുന്ന ഭാഗത്ത് മൂന്ന് വീടുകള്‍.
അല്ല, ഇതല്ല കാഴ്ചകള്‍.
ഉള്ളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ഒരു ഓര്‍മ്മചിത്രം മുന്നില്‍ തെളിയുന്നു. ഒരു ശുദ്ധനാട്ടുമ്പുറത്തിന്റെ പച്ചപ്പാര്‍ന്ന ഗ്രാമീണ ഭാവങ്ങള്‍ നിറഞ്ഞ കാഴ്ച!
ഇന്നും മങ്ങലേല്‍ക്കാതെ നില്‍ക്കുന്ന ശതകാല സ്മരണകളുടെ നീര്‍ക്കയത്തിലേക്ക് സ്വയം അറിയാതെ ആത്മചോതന ഊളിയിട്ട് നീങ്ങുന്നു.
(തുടരും)