നിലാവിന്റെ വീട് - 17

nilvinte veedu 17
Published on

ടോം കെ. ജോസ്

  • അധ്യായം : പതിനേഴ്

കമ്മിറ്റിക്കാർ കൊണ്ടുവന്ന ക്രിസ്മസ് കരോൾ സംഭാവനാകവറു കളും രസീതുബുക്കുകളും പരിശോധിക്കുമ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത്.

ഒരു കുടുംബയൂണി റ്റിന്റെ സംഭാവന ലിസ്റ്റിന്റെ തലക്കെട്ട്.

വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. ക്രിസ്മസ് കാരൾ സംഭാവന. തിരുക്കുടുംബയൂണിറ്റ്

അയാൾ ഒന്നു കൂടി വായിച്ചു... അതെ കാരൾ എന്നുതന്നെയാണ് എഴുതിയിരിക്കുന്നത്.

വിൽസന്റെ കുടുംബ യൂണിറ്റാണ്.

വൈഫാ എഴുതിയേ...ചോദിച്ചപ്പോൾ വിൽസൺ അഭിമാനത്തോടെ പറഞ്ഞു.

രണ്ട് മക്കളാണ് വിൽസനും ഷൈനിക്കും. ആരോണും എയ്ഞ്ചലും.നാലിലും ഒന്നിലും പഠിക്കുന്നു.

ഭവന സന്ദർശനത്തിന് ചെന്നപ്പോഴാണ് ഷൈനിയെ നേരിൽ കണ്ടത്. വിഷാദം ഖനീഭവിച്ച മുഖം.

എഴുത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ ഷൈനി പറഞ്ഞു.

“ഞാൻ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിച്ചതാ.”

“ചാൾസ് ഡിക്കൻ സിന്റെ ക്രിസ്മസ് കാരൾ പഠിച്ചിട്ടുണ്ടല്ലേ.”

“അച്ചനും ലിറ്ററേച്ചറാ ണോ പഠിച്ചത്...”

“ഏയ്. എനിക്ക് വായിച്ച പരിചയമേയുള്ളൂ.” അയാൾ ഒഴിഞ്ഞു മാറി.

“കോർപ്പറേറ്റിൽ രജിസ്റ്റർ ചെയ്തു കൂടാരുന്നോ...”

“ഈ രണ്ടുമക്കളെയും ഈ പട്ടിക്കാട്ടിൽ വിട്ടിട്ട് എങ്ങനെ പോകാനാ.പിന്നെ കോർപ്പറേറ്റ് വഴി ആർക്കൊക്കെ ജോലി കിട്ടുംന്ന് അച്ചനറിയാലോ. കിട്ടിയാത്തന്നെ പണം എവിടെ നിന്നെടുത്തു കൊടുക്കും.”

അയാളൊന്നും മിണ്ടിയില്ല.ചോദിക്കണ്ടാ യിരുന്നു... മനസ്സ് കുറ്റപ്പെടുത്തി.

“അച്ചാ.” വിൽസൺ വിലാപം പോലെ വിളിക്കുകയാണ്.

“ഷൈനി വീട്ടീന്ന് ഇറങ്ങിപ്പോയച്ചാ... മക്കളെ തറവാട്ടിലാക്കീട്ട് എങ്ങോട്ടോ പോയി...വിളിച്ചിട്ട് എടുക്കുന്നില്ല... റിങ്ങ് ചെയ്യുന്നുണ്ട്.”

“ഇങ്ങനെ മുമ്പ് ചെയ്തിട്ടുണ്ടോ...”

“ഇല്ല. ആദ്യായിട്ടാ.”

“ഇങ്ങനെ ചെയ്യാൻ എന്താ സംഭവിച്ചത്.”

“ചുമ്മാ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ഞാൻ ഒന്നു പൊട്ടിച്ചു.”

“ലോകത്തിലെ ഏറ്റവും ദുർബലരാ സ്ത്രീകളെ തല്ലുന്നവർ.”

“പറ്റിപ്പോയച്ചാ.അന്നേരത്തെ ദേഷ്യത്തിന് ചെയ്തതാ...”

“തറവാട്ടിൽ അറിയിച്ചോ...”

“അവരെല്ലാം തപ്പുവാ.പറമ്പു മുഴുവനും നോക്കി. പിന്നെ പൊഴസൈഡും...ഇനി എവിടെ അന്വേഷിക്ക ണമെന്നറിയില്ല...”

“തപ്പി മടുത്തപ്പളാ അച്ചന്റടുത്തു വന്നേ...”

“വിൽസൺ സമാധാ നിക്ക്. ഞാനൊന്നു വിളിച്ചു നോക്കട്ടെ...”

“സ്റ്റേഷനിൽ പറയാനാ വീട്ടീന്ന് പറഞ്ഞേ...”

അയാൾ അതു ശ്രദ്ധിക്കാതെ ഷൈനിയുടെ നമ്പർ ഡയൽ ചെയ്തു.

“അടിക്കുന്നുണ്ടോ.വിൽസന് തിടുക്കമായി...”

“റിങ്ങ് ചെയ്യുന്നുണ്ട്.”

കുറേ നേരം റിങ്ങ് ചെയ്ത് കോൾ കട്ടായി.

“ഇനി എന്തു ചെയ്യും...പൊലീസിൽ പറഞ്ഞാലോ.അവര് ലൊക്കേഷൻ നോക്കി കണ്ടുപിടിച്ചോ ളുംന്നാ...”

“വരട്ടെ...” മറ്റെന്തോ വഴി കണ്ടപോലെ അയാൾ പറഞ്ഞു.

അയാൾ വാട്ട്സ്ആപ്പ് തുറന്നു. ഷൈനിക്ക് ഒരു മെസേജ് ടൈപ്പു ചെയ്തു.

ഷൈനീ... ഇത് അച്ചനാണ്. എന്തിനും പരിഹാരമുണ്ടാക്കാൻ ഞാൻ കൂടെയുണ്ട്. എന്നെ വിശ്വാസമുണ്ടെങ്കിൽ ഷൈനി തിരിച്ചു വിളിക്ക്.

മെസേജ് കറങ്ങികറങ്ങി നിൽപ്പാണ്.

“പോകുന്നുണ്ടോ.”

“മെസേജ് പോയിട്ടുണ്ട്.”

തന്റെ മെസേജിന്റെ സൈഡിൽ രണ്ട് വരകൾ പ്രത്യക്ഷപ്പെട്ടതുനോക്കി അയാൾ പറഞ്ഞു.

വാട്സ്ആപ്പിൽ അയച്ച മെസേജിന്റെ വരകൾ ഇപ്പോൾ നീലനിറമായിരി ക്കുന്നു.

അയാൾ വേഗം കോൾ ബട്ടൺ അമർത്തി.

ചീവിടുകളുടെ സ്വരവും പുഴയുടെ അലർച്ചയും ചെവിയിലേക്കിരച്ചു കയറി.പരിചിതമായ ഇരമ്പൽ.

നട്ടെല്ലിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ദൈവമേ... ആനക്കയം... ഷൈനി അതിനടുത്തുണ്ട്.

“വിൽസാ... ജീപ്പെടുക്ക്...”

അയാൾ ജീപ്പിലേക്ക് ചാടിക്കയറി...

ആനക്കയത്തിന്റെ അങ്ങോട്ട് വിട്... വിൽസന്റെ മുഖത്ത് ഭീതി നിറഞ്ഞു.

അയാൾ ഫോണിൽ വിളിച്ചു... “ഷൈനീ...”

മറുപടിയില്ല. ഒരു വിങ്ങിപ്പൊട്ടൽ മാത്രം കേൾക്കാം.

“ഷൈനീ... ഷൈനി എവിടെയാ... ഞാൻ അങ്ങോട്ടുവരാം...”

“വേണ്ടച്ചാ... ഞാൻ പൊക്കോളാം...എനിക്കാരേം ഇനി കാണണ്ട...”

“ഷൈനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ഫോൺ കട്ടു ചെയ്യരുത്. ആരോണും എയ്ഞ്ചലും എന്റെ കൂടെയുണ്ട്. അവർക്ക് ഷൈനിയെ കാണണം.

“ആനക്കയത്തിൽ ചാടാൻ വന്നതാച്ചോ.അവരെ ഓർത്തപ്പോ ധൈര്യം പോയി...” ഷൈനി പൊട്ടിക്കരച്ചിലി നിടയിൽ പറഞ്ഞു.

“ഞങ്ങൾ ഇപ്പോ എത്തും.” ഷൈനി വഴിയിലേക്ക് വാ.

റോഡ് അവസാനിച്ചിട ത്ത് ജിപ്പുനിർത്തി അവർ പുഴയിലേക്കിറങ്ങി... കൂരിരുട്ടിൽ ആനക്കയ ത്തിന്റെ അലർച്ച അടുത്ത ടുത്തു വരുന്നതുപോലെ.

ഇടതൂർന്നു നിൽക്കുന്ന ആറ്റുവഞ്ഞികൾക്കിടയി ലൂടെ അയാൾ മൊബൈൽ വെളിച്ചത്തിൽ ആനക്കയത്തിനടുത്തേക്ക് പാഞ്ഞു. നിലത്തു പടർന്ന പടയിഞ്ചയുടെ മുള്ളുകൾ അയാളെ പിന്നോട്ടു വലിച്ചെങ്കിലും അയാൾ നിന്നില്ല.

“ഷൈനീ...” അയാൾ സ്വരമുയർത്തി വിളിച്ചു.

കുറച്ചകലെ പാറക്കെട്ടി നിടയിൽ ആറ്റുവഞ്ഞിപ്പടർ പ്പുകൾക്കിടയിൽ ഒരു നീലവെളിച്ചം തെളിഞ്ഞു.

“എന്റെ കൊച്ചേ നീ എന്താ ഈ ചെയ്തത്...”

“സഹിക്കാൻ പറ്റാണ്ടാ യപ്പോ ചെയ്തു പോയച്ചാ...” ഷൈനി അയാളുടെ തോളിലേക്ക് ചാഞ്ഞു. പെറ്റമ്മ കുഞ്ഞിനെ എന്ന പോലെ അയാൾ ഷൈനിയെ ചേർത്തുപിടിച്ചു. കുറ്റവാളി യെപ്പോലെ വിൽസൺ തലകുനിച്ചുനിന്നു.

ഇരുളിനെ കീറിമുറിച്ച് ജിപ്പ് വിത്സന്റെ വീട്ടിലേക്ക് കുതിച്ചു.

സാമ്പത്തിക ഭദ്രത യുള്ള കുടുംബത്തിലാണ് ഷൈനി ജനിച്ചത്... വീട്ടിലെ ഇളയമകൾ മൂത്ത രണ്ട് ചേച്ചിമാരും അധ്യാപി കമാരാണ്... അപ്പന് സ്ട്രോക്ക് വന്നപ്പോഴാണ് വിൽസന്റെ ആലോചന വന്നത്. അധികമന്വേഷ ണങ്ങളില്ലാതെ വിവാഹ മുറപ്പിച്ചു. കെട്ടു കഴിഞ്ഞാ ണ് വിൽസന്റെ വീട്ടുകാർ പറഞ്ഞതെല്ലാം കള്ളമായി രുന്നെന്ന് തെളിഞ്ഞത്. വിൽസന്റെ പ്രായവും വിദ്യാഭ്യാസയോഗ്യതയും സാമ്പത്തികസ്ഥിതിയും എല്ലാം...

“എന്റെ അപ്പനെ ഓർത്തു ഞാൻ ക്ഷമിച്ചതാ...” ഷൈനി കണ്ണീരോടെ പറഞ്ഞു.

“കൊറേ പെണ്ണുകണ്ട് നടന്ന് മടുത്തിട്ടാ ഷൈനിയെ കണ്ടേ. പെണ്ണിനെ കണ്ടപ്പം തന്നെ ഒത്തിരി ഇഷ്ടമായി.കല്യാണം കഴിഞ്ഞ് എല്ലാം ശരിയായിക്കോളുംന്ന് വീട്ടുകാരും പറഞ്ഞു.”

“ഇഷ്ടത്തിന്റെ കാര്യം പറയരുത്...” ഷൈനി ചീറി

“അച്ചനിത് നോക്ക്.ഇങ്ങേരുടെ ഫോണിൽ നിന്ന് ഞാനെടുത്തതാ.കുറെ നാളായി ഞാൻ കാണുന്നു... ഒളിച്ചുനിന്ന് ഫോൺ വിളിയും കിന്നാരവും. മക്കളെ ഓർത്തു ഞാൻ ഇതുവരെ പിടിച്ചുനിന്നു. എന്റെ അപ്പൻ പോയച്ചോ... അമ്മ ചേച്ചിയുടെ കൂടെപ്പോയി... എനിക്കാരുമില്ലാത്തേന്റെ ധൈര്യമാരുന്നു വിൽസന്.ഇതും കൂടി കണ്ടപ്പോൾ എന്റെ നിയന്ത്രണം പോയി...”

ഷൈനി ഫോൺ അയാളുടെ കൈയ്യിൽ കൊടുത്തു. സ്ക്രീനിൽ ഒരു സ്ത്രീയുടെ നഗ്നരൂപങ്ങൾ തെളിഞ്ഞു...

അയാളുടെ കണ്ണുകൾ തനിയേ പിൻവലിഞ്ഞു. വിൽസൺ ഞെട്ടലോടെ തലകുനിച്ചിരിക്കുകയാണ്.

“വിൽസന് ഒന്നും പറയാനില്ലേ...”

“വിൽസന് ഭാര്യയെ ആയിരുന്നില്ല വേണ്ടത്...കൂലി വേണ്ടാത്ത വേലക്കാ രിയെ ആയിരുന്നു... ഞാൻ എന്റെ മക്കളേം കൊണ്ട് എങ്ങാട്ടേലും പൊക്കോളാം...” ഷൈനി പൊട്ടിക്കരഞ്ഞു.

ഇനി എന്തു പറയണ മെന്നറിയാതെ അയാൾ തിരുഹൃദയരൂപത്തിലേക്ക് നോക്കി.

പെട്ടെന്ന് എന്തോ ഒരുൾപ്രേരണയാൽ വിൽസൺ ഷൈനിക്ക് മുമ്പിൽ മുട്ടുകുത്തി.

“എന്നോട് ഷെമിക്ക് ഷൈനീ... എല്ലാം ഞാൻ നിർത്തിക്കോളാം... നമ്മുടെ മക്കളാണെ സത്യം...”

ഷൈനിയുടെ മറുപടി ഒരേങ്ങലടിയായിരുന്നു...

ആകാശത്ത് കാർമേഘപടലങ്ങൾ നീങ്ങി നിലാവുദിച്ചു.പുഴയിൽ നിന്നുവന്ന തണുത്ത കാറ്റ് അവരെ പൊതിഞ്ഞു...

രണ്ടുപേരെയും ചേർത്തുനിർത്തി പ്രാർത്ഥിച്ച് അയാൾ അവരുടെ നെറ്റിയിൽ കുരിശ് വരച്ചു.

പതിയെ പുറത്തേക്കിറങ്ങി.

“അച്ചാ ജിപ്പേലോട്ട് കേറ്. ഞാൻ കൊണ്ടു വിടാം.”

“വേണ്ട വിൽസാ...നിങ്ങൾ പോയി മക്കളെ കൂട്ടികൊണ്ടുവാ. എന്നിട്ട് സംസാരിച്ചിരിക്ക്... ഞാൻ നടന്നോളാം...”

“അച്ചാ സമയം പാതിരാ കഴിഞ്ഞു...”

“പേടിക്കണ്ട വിൽസാ ഈ സമയത്ത് ആരും വഴിയിൽ കാണില്ല... ഞാൻ ആരോടും ഒന്നും പറയില്ല.”

ഇരുളും വെളിച്ചവും ഇടകലർന്ന ജീവിതം പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ആ പാതയിലൂടെ അയാൾ തനിയെ നടന്നു.

നിലാവെളിച്ചത്തിൽ അയാളുടെ നിഴൽ മാത്രം ഒരു കുരിശുപോലെ അയാളെ അനുഗമിച്ചു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org