നിലാവിന്റെ വീട് - 26

novel 26 - nilavinte veedu - tom k jose
Published on: 

ടോം കെ. ജോസ്

  • അധ്യായം: ഇരുപത്തിയാറ്

“ഞാനോർത്തു ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നുപോയീന്ന്...”

മന്ദഹാസത്തോടെ വാതിൽ തുറന്നുകൊണ്ട് ജെയ്നി പരിഭവിച്ചു.

“ആരാടീ അവിടെ. അപ്പുവാണോ.” അകത്തുനിന്നെവിടെ നിന്നോ ഒരു ചിലമ്പിച്ച സ്വരമുയർന്നു.

“അമ്മേടെ ബോയ് ഫ്രണ്ടാണേ.”

“കമോൺ മൈ ലവ്.” ക്ഷീണിതമെങ്കിലും പ്രണയാർദ്രമായ സ്വരം.

ആലീസാന്റിയെ കാണുമ്പോഴെല്ലാം പുതുതായി എന്തെങ്കിലും കണ്ടുപിടിക്കാനുണ്ടാകും. ഇന്നിതാ അധികാരത്തിന്റെ സർവ്വഗർവ്വവും നിറഞ്ഞ സ്വരം പ്രണയത്തിന് അനായാസം വഴിമാറിക്കൊടുക്കുന്നു.

ആലിസാന്റിയുടെ ഏറ്റവും വലിയ പ്രത്യേകത കണ്ണുകളാണ്. ശൂന്യമായ കണ്ണുകൾ. കൃഷ്ണമണികൾ വെള്ളാരം കല്ലുകൾ പോലെ. വികാരങ്ങളും ചലനങ്ങളും നഷ്ടപ്പെട്ട്.

ആലീസാന്റിയെ ആദ്യമായി കണ്ടത് ഇന്നും മനസ്സിലുണ്ട്. അതെന്നും കൂടെയുണ്ടാകും.

ബെല്ലടിച്ചപ്പോൾ മുഷിഞ്ഞ നൈറ്റിധരിച്ച ഒരു യുവതി ഓടിവന്നു. “അയ്യോ. അച്ചൻ...”

ചിരപരിചിതമായ പ്രതികരണമായതുകൊണ്ട് അയാൾക്ക് അമ്പരപ്പൊന്നും തോന്നിയില്ല. മുൻകൂട്ടി അറിയിക്കാതെ കടന്നു ചെന്നാൽ ഏതിടത്തും അമ്പരപ്പാണ് ആദ്യം കാണാറ്. പിന്നെ വസ്ത്രം മാറാനും. വൃത്തിയാക്കാനും ക്രമീകരിക്കാനുമുള്ള നെട്ടോട്ടമാണ്. ഒന്നു വിളിച്ചിട്ട് വേണ്ടേ വരാൻ എന്ന പരിഭവം എല്ലാ മുഖത്തുമുണ്ടാകും. ചിലർ പ്രകടിപ്പിക്കും. ഒന്നു വിളിച്ചാ അച്ചനെ അവിടെ വന്നു കുട്ടിക്കോളായിരുന്നു.

“അച്ചനിവിടെ നിക്കേ... ഞാൻ അമ്മയെ ഒന്നു നോക്കീട്ടുവരാം. രാവിലെ മുതൽ ഒടക്കാരുന്നു.”

ജെയ്നി ക്ഷമാപണസ്വരത്തിൽ പറഞ്ഞിട്ട് അകത്തേക്ക് നടന്നു. അയാൾ ഭിത്തിയിൽ തൂക്കിയ ഫോട്ടോകൾ ശ്രദ്ധിച്ചുകൊണ്ട് അലസമായി നിന്നു.

പെട്ടെന്ന് ഒരു അലർച്ചയും എന്തോ താഴെ വീണുടയുന്ന ശബ്ദവും കേട്ടു.

അയാൾ ശബ്‌ദം കേട്ട ദിക്കിലേക്ക് കുതിച്ചു.

“ഇഡിയറ്റ്...” അകമ്പടിയായി അനേകം ആംഗലേയ ശകാരപദങ്ങൾ.

മുഷിഞ്ഞ വേഷത്തിൽ അസാമാന്യവലിപ്പമുളള ഒരു സ്ത്രീ. അയാൾക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. നിലത്ത് ചായക്കപ്പിന്റെ കഷണങ്ങൾ. ചായ തറയിലൂടെ പടർന്നൊഴുകുന്നു. കെണിയിലകപ്പെട്ടതു പോലെ ആ സ്ത്രീക്കും ഭിത്തിക്കുമിടയിൽ ജെയ്നി. കവിൾ ചുവന്നു തടിച്ചിരിക്കുന്നു. അയാളെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു.

“ഗെറ്റ് ലോസ്റ്റ്.” അവർ അലർച്ചയോടെ പുറത്തേത് കൈ ചൂണ്ടി. ആ കൈകൾക്കിടയിലൂടെ ജെയ്‌നി ഒരു വിധം പുറത്തെത്തി. അവൾക്കുനേരേ തിരിഞ്ഞപ്പോഴാണ് അവർ അയാളെ കണ്ടത്.

“ഹൂ ഈസ് ദിസ്.” സ്ഥുടമായ ഉച്ചാരണമാണ്. നിർവ്വികാരത തളംകെട്ടിയ കണ്ണുകൾ.

“എ ഫ്രണ്ട്...” മനസ്സ് മന്ത്രിച്ചത് ചുണ്ടുകൾ അറിയാതെ ഏറ്റുപാടി.

“വിച്ച് ഫ്രണ്ട്. മൈ ബോയ് ഫ്രണ്ട്...” അവരുടെ സ്വരമുയർന്നു.

“യെസ്. ബോയ് ഫ്രണ്ട്.”

“ലെറ്റ്മി ചെക്ക്.” അവർ അയാളോടടുത്തു.

“മൈ ബൗണ്ടി ഈസ് ആസ് ബൗണ്ട്ലെസ് ആസ് ദ സീ.” ബാക്കി പൂരിപ്പിക്കാനെന്നോണം അവർ കിതച്ചുകൊണ്ട് അയാളെ നോക്കി.

“മൈ ലവ് ആസ് ഡീപ്... ദ മോർ ഐ ഗിവ് റ്റു ദീ,ദ മോർ ഐ ഹാവ്.” അയാൾ കൂട്ടിച്ചേർത്തു.

“കം മൈ ഡാർലിങ്...” മുഖം വശ്യതയണിഞ്ഞു. അവർ കൈകൾ നീട്ടിക്കൊണ്ട് മുന്നോട്ടാഞ്ഞു.

അസുഖകരമായ... രൂക്ഷമായ ഗന്ധങ്ങൾ നിറഞ്ഞ ഒരാലിംഗനം അയാളെ പൊതിഞ്ഞു.

“ഫോർ ബോത്ത് ആർ ഇൻഫിനിറ്റ്.” അവർ മന്ത്രിക്കും പോലെ പറഞ്ഞു.

ആലീസാന്റി ആലീസാകാൻ അധികസമയമെടുത്തില്ല.

തിരുവിതാംകൂറിൽ സമ്പന്നകുടുംബത്തിലാണ് ആലീസ് ജനിച്ചത്. അധ്യാപികയാകാൻ ആഗ്രഹിച്ച ഏക മകൾക്ക് ഉഗ്രപ്രതാപിയായ പിതാവ് തടസ്സം നിന്നില്ല. മദ്രാസിൽ ചെന്ന് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അവധിക്കാലത്ത് മകൾ ഇംഗ്ലീഷിൽ വായിക്കുന്നത് ആ പിതാവ് അഭിമാനത്തോടെ കേട്ടു. ആംഗലേയ സാഹിത്യത്തിലെ കഥാപാത്രങ്ങൾ ആലീസിന്റെ തലച്ചോറുവിട്ട് ഹൃദയത്തിൽ കയറിക്കൂടിയത് വളരെ പെട്ടെന്നായിരുന്നു. ആലീസിന്റെ പ്രണയകഥ മദ്രാസിൽ നിന്ന് തിരുവിതാംകൂറെത്തിയ പ്പോഴേക്കും അവൾ പി.ജി. അവസാനവർഷ മെത്തിയിരുന്നു. സിവിൽ സർവ്വീസിലിരിക്കുന്ന മരുമകനെ സ്വപ്നം കണ്ടിരുന്ന ആലീസിന്റെ അപ്പന് അത് താങ്ങാനായില്ല. അപ്പനെതിരേ ആലീസ് സർവ്വശക്തിയോടെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലും മർദ്ദനവും പട്ടിണിയുമായിരുന്നു ബാക്കി. സംഭവം നാട്ടിൽ പാട്ടാകാൻ അധികസമയമെടുത്തില്ല. നാട്ടിലെ ആലോചനകൾ ഒന്നും എങ്ങുമെത്താതെ വന്നപ്പോഴാണ് അന്വേഷണം മലബാറിലേക്ക് നീണ്ടത്.അങ്ങനെ ധാരാളം ഭൂസ്വത്തും ഗോവയിൽ ബിസിനസും ഉള്ള കുഞ്ഞച്ചൻ ആലീസിനെ മിന്നുകെട്ടി. അപ്പനോടുള്ള പ്രതികാരം ആലീസ് തീർത്തത് കുഞ്ഞച്ചനോടായിരുന്നു. സ്വന്തം ജീവിതത്തോടായിരുന്നു. പ്രണയനൈരാശ്യവും വീട്ടുതടങ്കലും അപ്പന്റെ ദേഹോപദ്രവങ്ങളും അപ്പോഴേക്കും ആലീസിനെ ഒരു മാനസികരോഗിയാക്കി യിരുന്നു. വീട്ടിലെ സ്വൈര്യം നശിച്ചതോടെ കുഞ്ഞച്ചൻ മദ്യപാനത്തിലും ചൂതുകളിയിലും അഭയം തേടി. ഒരുനാൾ ഗോവയിൽ നിന്നും കുഞ്ഞച്ചന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തി. ചൂതുകളിയിൽ വലിയ തുക കിട്ടിയ കുഞ്ഞച്ചനെ ആരോ തട്ടിയതാണെന്നും പിന്നീട് സംസാരമുണ്ടായി. നാട്ടുകാർ ആദ്യമായി ആംബുലൻസ് കണ്ടത് അന്നായിരുന്നു. ആംബുലൻസ് എന്ന് തിരിച്ചെഴുതിയിരിക്കുന്നത് കണ്ട് ഗോവക്കാരുടെ ലിപി അങ്ങനെയാണെന്നൊരു ധാരണയും നാട്ടിൽ പരന്നു.

ആലീസിന്റെ മൂകത ഉന്മാദത്തിന് പ്രകടമായി വഴി മാറിയത് അന്നായിരുന്നു.

വൈദികനും സഹായികൾക്കുമൊപ്പം ആലീസും നിർത്താതെ എന്തോ ഉരുവിടുന്നത് എല്ലാവരും കണ്ടു.

ആലീസിന്റെ പ്രാർത്ഥന ഷേക്സ്പിയറിന്റെ മാക്ബെത്തിലെ വരികളാണെന്ന് ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരുന്ന ഇളയ മകൻ ജിബിക്ക് മാത്രമാണ് മനസ്സിലായത്. നിർവ്വികാരത തളം കെട്ടിയ കണ്ണുകളോടെ നിസ്സംഗഭാവത്തിൽ ആലീസ് മധ്യസ്ഥായിയിൽ ഉരുവിട്ടു കൊണ്ടേയിരുന്നു...

“ലൈഫ് ഈസ് എ ടെയിൽ... ടോൾഡ് ബൈ ആൻ ഇഡിയറ്റ്...”

മൂന്ന് ആൺ മക്കളും അവരുടെ ഭാര്യമാരും അവരുടെ മക്കളും മലയാളവും ആലീസിന്റെ സ്മരണകളിൽ നിന്ന് അപ്രത്ര്യക്ഷരായി. മൂത്തമകൻ എബിയുടെ മകൻ അപ്പു മാത്രം ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കപ്പെട്ടു. ഉന്മാദത്തിന്റെ ഇടവേളകളിൽ ചില മലയാളപദങ്ങളും. ബാക്കിയെല്ലാവർക്കും ഒരേ ഒരു പേരു മാത്രം. ഇഡിയറ്റ്. മക്കൾക്കുപകരം ഖലീൽജിബ്രാനും, ഷേക്സ്പിയറും, എലിയറ്റും ഷെല്ലിയും ആലീസിന്റെ മുറിയിൽ നിറഞ്ഞു... ഇടയ്ക്ക് പല്ലു കടിച്ച് കരയും. “ഡോണ്ട് ബീറ്റ് മീ പപ്പാ. പ്ലീസ്.”

ഉന്മാദം ആലീസിൽ നിന്നും എബിയിലേക്കും എബിയുടെ മകൾ അയനയിലേക്കും പടർന്നതോടെ നാട്ടിൽ പുതിയ കഥകൾ മുളച്ചു.

കുഞ്ഞച്ചന്റെ അപ്പന് പറമ്പു കിളച്ചപ്പോ നിധി കിട്ടീതാ... അതിന് കാവലിരുന്ന സർപ്പത്തിന്റെ കോപമാ... അത് തിരിച്ചുവെച്ചാലേ ബുദ്ധി തെളിയത്തുള്ളൂ...

അടുത്ത കഥയിലെ നായകസ്ഥാനം കുഞ്ഞച്ചനായിരുന്നു. ഗോവേല് കൂടെ ബിസിനസ് ചെയ്ത സായിപ്പിനെ തട്ടിയാ കുഞ്ഞച്ചൻ പണക്കാരനായേ. സായിപ്പിന്റെ പ്‌രാക്കാ. കുടുമ്മം വെളുക്കും.

കഥകൾ നാട്ടിൽ ഓടി നടന്നപ്പോൾ ആലീസ് നടപ്പുനിർത്തി. കണങ്കാലുകളും പാദങ്ങളും നീരുവന്നു വീർത്തു. ശുശ്രൂഷിക്കാൻ ചെന്നവർ ആലീസിന്റെ കൈക്കരുത്ത് അറിഞ്ഞുതുടങ്ങി.

ആലിസാന്റിയുടെ ഇംഗ്ലീഷ് പദസമ്പത്ത് വീട്ടിലേക്ക് എത്തിനോക്കിയ വിജ്ഞാനദാഹികളും അറിഞ്ഞുതുടങ്ങി.

വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും നാട്ടിൽ കഥകളും പെരുകിയപ്പോൾ രണ്ടാമത്തെ മകൻ സിബിയും മൂന്നാമൻ ജിബിയും പഞ്ചാബിലേക്ക് കടന്നു.

നാട്ടിലെ കഥകൾ സിബിയുടെ വിവാഹസ്വപ്നങ്ങൾക്ക് ചരമഗീതമെഴുതിയപ്പോൾ ജിബി കൂടെപ്പഠിച്ച ജെയ്‌നിയെ പ്രണയിച്ച് രണ്ട് പെൺമക്കൾക്ക് അപ്പനായി.

അമ്മയുടെ ചരിത്രമറിയാവുന്ന ജെയ്നി തന്റെ പ്രണയസാക്ഷത്ക്കാര ത്തിന് ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചത് ആലീസാന്റിയുടെ പ്രതികരണങ്ങളെ ഏറ്റുവാങ്ങിക്കൊണ്ടാണ്.

മക്കളെ രണ്ടു പേരേയും ബോർഡിംഗിലാക്കാൻ മാത്രമേ ജെയ്നി വാശിപിടിച്ചുള്ളൂ.

അയാളുടെ സന്ദർശനങ്ങൾ ജെയ്‌നിയും ആലീസാന്റിയും കാത്തിരിക്കാൻ തുടങ്ങി.

കട്ടൻകാപ്പിയുടെ ഇടവേളകളിൽ ജെയ്‌നി ആലീസിന്റെ ലോകം അയാൾക്ക് പരിചയപ്പെടുത്തി. ഒപ്പം തന്റെ കണ്ണിർക്കഥകളും.

“നാട്ടുകാര് പറയുന്നത് ശരിയാ അല്ലേ.” അന്ന് കാപ്പി കഴിഞ്ഞ് ഇറങ്ങാൻ നേരം അയാൾ പിന്നാലെ വന്ന ജെയ്നിയോട് ചോദിച്ചു.

“എന്നതാ.”

“ഈ വീടിന് നിധി കിട്ടിയിട്ടുണ്ടെന്ന്...”

“എന്നിട്ടെന്ത്യേ നിധി.” ജെയ്നിയുടെ സ്വരത്തിൽ പുച്ഛം പോലെ എന്തോ ഒന്ന്. “നിധി കിട്ടിയതുകൊണ്ടാണല്ലോ ജിബി പഞ്ചാബീ പോയിക്കെടക്കുന്നേ.”

“ഇതല്ലേ ഈ വീടിന് കിട്ടിയ നിധി...” അയാൾ തിരിഞ്ഞ് അവൾക്ക് നേരെ കൈ ചൂണ്ടി.

ജെയ്നിയുടെ മുഖം വിടർന്നു.

“ഇങ്ങനെ വല്ലപ്പോഴും ഒന്നു പറഞ്ഞാമതി. ഞാൻ എന്തും സഹിച്ചോളാം.”

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org