നിലാവിന്റെ വീട് - 19

novel - nilavinte veedu 19
Published on

ടോം കെ. ജോസ്

  • അധ്യായം - പത്തൊമ്പത്

സ്വർണ്ണകുരിശി ല്ലാത്ത ഏതേലും എടവക ഈ ഭൂലോകത്ത് കാണുവോ...

“ഇത്തവണ സൊന്തമായിട്ട് കുരിശ് മേടിക്കുന്നില്ലേ ഞാൻ പോകുകേലെ അവമ്മാരോട് എരക്കാൻ.”

കൈക്കാരൻ മാമച്ചൻ തീർത്തു പറഞ്ഞു.

കഴിഞ്ഞ പെരു ന്നാളിന്റെ പ്രദിക്ഷണം കഴിഞ്ഞ് കുരിശ് കൊണ്ടേ കൊടുത്തപ്പോ അപ്രപ്പള്ളീലെ മത്ത പൂരപ്പാട്ടല്ലാത്തതെല്ലാം കഴിച്ചു. അലുക്ക് പോയി. ഞാത്ത് കാണുന്നില്ല. എന്തൊക്കെ പുകിലാരുന്നു.

വഴിയുണ്ടാക്കാം. അയാൾ അലസഭാവത്തിൽ പറഞ്ഞു.

ഇതു കൊറെ കേട്ടതാ. ഇത്തവണ പുതിയ കുരിശ് മേടിക്കുന്നില്ലേ. അച്ചൻ പോയി കുരിശ് കൊണ്ടന്നോണം. ഇനി നാണം കെടാൻ വേറെ ആളെ നോക്കിക്കോണം. എന്നേക്കൊണ്ടുമേല.

ഇടവകത്തിരുന്നാളി നൊരുക്കമായുള്ള പാരിഷ് കൗൺസിലാണ് വേദി.

അതെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നു.

എല്ലാവർക്കും തിരുനാൾ ഏറ്റവും ഗംഭീരമായി നടത്തണം. ആഘോഷം വർഷത്തിലൊരിക്കലല്ലേ ഉള്ളൂ...

ഇത്തവണ പെരുന്നാള് കലക്കണം.

വെടിക്കെട്ട് നടത്താതെ പറ്റുകേല. പാപ്പിചേട്ടന് നിർബന്ധമാണ്.

പെരുന്നാളല്ല. തിരുനാള്. അയാൾ തിരുത്തി.

എന്തായാലും വേണ്ടില്ല. വെടിക്കെട്ട് വേണം. പൈസയൊക്കെ ഞങ്ങളുണ്ടാക്കിക്കോളും. അച്ചൻ ഒന്നുമറിയണ്ട. അയാൾ ശ്രദ്ധിച്ചു നോക്കുന്നത് കണ്ട് പാപ്പിചേട്ടൻ എടുത്തുപറയുകയാണ്.

“വെടിക്കെട്ടിന് പിതാവിന്റെ വിലക്കുണ്ട്.” മദർ ഓർമ്മിപ്പിച്ചു

അയാളൊഴികെ മറ്റാരും അത് കേട്ടതായി തോന്നിയില്ല.

അപ്പോഴാണ് നടത്തുകൈക്കാരൻ മാമച്ചൻ ചേട്ടൻ കുരിശുപ്രശ്‌നം അവതരിപ്പിച്ചത്.

“പള്ളിക്ക് സ്വന്തമായി സ്വർണ്ണക്കുരിശും വെള്ളി ക്കുരിശും ഇല്ല.തിരുന്നാളടു ക്കുമ്പോൾ അടുത്ത ഫൊറോനാപ്പള്ളിയിൽ നിന്ന് കൊണ്ടുവരാറാണ് പതിവ്. മേടിക്കാൻ പോകുമ്പോഴും തിരികെ കൊടുക്കാൻ പോകുമ്പോഴും കുത്തുവാക്കുകൾ പതിവാണ്...”

“ഇത്തവണത്തെ തിരുന്നാളിന് നമ്മുടെ സ്വന്തം സ്വർണ്ണക്കുരിശും വെള്ളിക്കുരിശും ഉണ്ടാകും. അതുപോരെ.”

അയാൾ ഉറപ്പുകൊടുത്തു.

“പറഞ്ഞാപ്പോര ഉണ്ടാകണം.” മാമച്ചന്റെ രോഷം അടങ്ങുന്നില്ല.

പതിവ് കണക്ക് വായനയും ചർച്ചയും ചായകുടിയും കഴിഞ്ഞ് അജപാലനസമിതി പിരിഞ്ഞു.

പിറ്റേന്ന് പ്രസംഗം അല്പം കുറച്ച് അയാൾ കുരിശിന്റെ കാര്യം എടുത്തിട്ടു.

നമ്മുടെ ഈ വർഷത്തെ തിരുനാൾ അടുത്ത് വരികയാണ്. തിരുനാളിന്റെ കൃപകൾ ദേശം മുഴുവൻ വ്യാപിക്കുന്നത് പ്രദിക്ഷണം വഴിയാണ്. അതിന് സംവഹിക്കാൻ നമ്മുടെ പള്ളിക്ക് സ്വന്ത മായി സ്വർണ്ണക്കുരിശോ വെള്ളിക്കുരിശോ ഇല്ല. നമ്മൾ ഫൊറോനാപ്പള്ളി യിൽ നിന്ന് കടം വാങ്ങി ച്ചാണ് ഇന്നുവരെ തിരുനാൾ നടത്തിയിരുന്നത്.

ആരും കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നൊരു തോന്നൽ മനസ്സിലേക്ക് കടന്നുവന്നു.

ആരുടെയും മുഖത്തേക്ക് നോക്കാൻ ധൈര്യം വരുന്നില്ല.

വേണ്ടായിരുന്നു.

മനസ്സ് നിരുത്സാഹ പ്പെടുത്തുകയാണ്.

പറഞ്ഞുതുടങ്ങി പ്പോയല്ലോ. ഇനി. അയാൾ ഉള്ളിൽ പിറുപിറുത്തു.

പറഞ്ഞു തീർത്തിട്ടു തന്നെ കാര്യം. അയാൾ തീരുമാനം ഉറപ്പിച്ചു.

നമ്മുടെ തിരുനാൾ പ്രദിക്ഷണങ്ങളിലും മറ്റ് തിരുക്കർമ്മങ്ങളിലും നമ്മൾ ഉപയോഗിക്കാറുള്ള ഈ കുരിശുകൾ വെറുമൊരു അലങ്കാരമല്ല, മറിച്ച് അവയ്ക്ക് ആഴമേറിയ ആത്മീയ അർത്ഥങ്ങളുണ്ട്. സ്വർണ്ണക്കുരിശ് നമ്മുടെ മിശിഹായുടെ രാജകീയതയുടെ പ്രതീകമാണ്. അവൻ പ്രപഞ്ചത്തിന്റെ നാഥനും രാജാധിരാജാവുമാണെന്ന സത്യവും, അവന്റെ സ്വർഗീയ മഹത്വവുമാണ് സ്വർണ്ണക്കുരിശ് നമ്മെ ഓർമ്മിപ്പിക്കുന്നത്. വെള്ളിക്കുരിശ് മിശിഹാ യുടെ പൗരോഹിത്യത്തെ യാണ് സൂചിപ്പിക്കുന്നത്. അവൻ നമുക്കായി തന്നെ ത്തന്നെ ബലിയർപ്പിച്ച നിത്യപുരോഹിതനാണ്. ആ പൗരോഹിത്യ ശുശ്രൂഷയുടെ ഉന്നതമായ പരിശുദ്ധിയാണ് വെള്ളി ക്കുരിശിന്റെ തിളക്കം നമുക്ക് കാണിച്ചുതരുന്നത്. മരക്കുരിശ് അവിടുത്തെ മനുഷ്യത്വത്തിന്റെ പ്രതീകമാണ്. നമ്മെപ്പോലെ ഭൂമിയിൽ ജനിച്ച്, ഒരു സാധാരണ മനുഷ്യനെപ്പോലെ ലാളനയും സ്നേഹവും ശാരീരികമായ വേദനകളും അനുഭവിച്ച് ജീവിച്ചവനാണ് അവൻ എന്ന് മരക്കുരിശ് നമ്മെ ഓർമ്മിപ്പിക്കുന്നു. മിശിഹായുടെ രാജകീയ തയും പൗരോഹിത്യവും മനുഷ്യത്വവും ഒന്നുചേരുന്ന ഈ മൂന്ന് കുരിശുകളും (സ്വർണ്ണം, വെള്ളി, മരക്കുരിശ്) നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും മനോഹരവും ലളിതവുമായ അവതരണ മാണ്. വരാനിരിക്കുന്ന ഈ തിരുനാളിനോടനുബന്ധിച്ച് നമ്മുടെ ദേവാലയത്തി ലേക്ക് ഈ മൂന്ന് കുരിശുകളും വാങ്ങാൻ നമുക്ക് തീർച്ചയായും സാധിക്കും.

അയാൾ ശ്രദ്ധിച്ചു. ആളുകൾ താത്പര്യപൂർവ്വം കേട്ടിരിക്കുകയാണ്.

ഇവ വാങ്ങിക്കാൻ വലിയൊരു തുക ആവശ്യമുള്ളതുകൊണ്ട് തന്നെ, ഈ കുരിശുകൾ ഒരു വ്യക്തിക്കോ അല്ലെ ങ്കിൽ ഒരു കുടുംബത്തിന് മാത്രമായോ സ്പോൺസർ ചെയ്യുക എന്നത് പ്രയാസ കരമായിരിക്കും എന്ന് എനിക്കറിയാം. അതുകൊണ്ട്, കുറച്ച് വ്യക്തികളോ കുടുംബ ങ്ങളോ ഒന്നു ചേർന്ന് ഓരോ കുരിശും സ്പോൺ സർ ചെയ്താൽ ഇക്കാര്യം നടക്കുമെന്ന് എനിക്കുറപ്പുണ്ട്.താത്പര്യമുളളവർ എന്നെ എത്രയും വേഗം വിവരമറിയിക്കുക.

പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന്റെ ഭാരം ഇരട്ടിച്ചതുപോലെ. പള്ളിയിൽ പണത്തേ ക്കുറിച്ച്, സംഭാവനയേക്കുറിച്ച് പറയേണ്ടി വരുമ്പോഴൊക്കെ ഈ ഭാരം കടന്നുവരാറുണ്ട്. അരുതാത്തതെന്തോ. തെറ്റായതെന്തോ ചെയ്യുന്ന പോലെ. കേൾവിക്കാരിൽ ആരൊക്കെയോ നിഗൂഢ മായി ഉള്ളിൽ ചിരിക്കു ന്നുണ്ടോ എന്നൊരു സംശയം അയാളെ പൊതിയും.

സംഭാവന ചോദി ക്കണം. പിരിക്കണം എന്ന ചിന്ത വരുമ്പോഴൊക്കെ രൂപ താ... അതി രൂപ താ...എന്ന പരിഹാസങ്ങൾ മനസ്സിൽ അലയടിക്കും. സെമിനാരിയിൽ ചേർന്ന കാലം മുതൽ കേൾക്കുന്ന വ്യാഖ്യാനമാണ്. പണത്തെ ക്കുറിച്ച്, സംഭാവനയെ ക്കുറിച്ച് ഓരോ അറിയിപ്പും കഴിയുമ്പോൾ അദൃശ്യമായ ഏതോ ശിലയിൽ തലയടിച്ച് അയാൾ പ്രതിജ്ഞയെടുക്കും. ഇതവാസനത്തെ അറിയിപ്പാണ്. ഇനി പണത്തെക്കുറിച്ച് പള്ളിയിൽ പറയില്ല. ഗത്യന്തരമില്ലാതെ പ്രതിജ്ഞ തെറ്റിക്കുമ്പോൾ എന്തൊരു ജാള്യതയാണ്. പതിവ് ജാള്യതയോടെ യാണ് ദിവ്യകാരുണ്യം നല്കാനിറങ്ങിയത്. പൊതു അറിയിപ്പുകൾ പറഞ്ഞത്. തിരുവസ്ത്രങ്ങൾ മാറാൻ സങ്കീർത്തിയിലേക്ക് ചെന്നത്. പാപ്പന്റെ മുഖം പതിവിലും പ്രസന്നമായിരുന്നു.

“അപ്പോ അച്ചന് പറയാനൊക്കെ അറിയാം.” പതിവില്ലാത്ത പുകഴ്ത്തൽ.

“ഇത്തവണ കാര്യം നടക്കും. ആരേലും കൊത്തിക്കോളും.” പാപ്പൻ ഉത്സാഹത്തോടെ പറഞ്ഞു.

പതിവിലും കൂടുതൽ സമയം പ്രാർത്ഥിക്കുകയാ ണെന്ന മട്ടിൽ പള്ളിയിലി രുന്നിട്ടാണ് അയാൾ പള്ളിമേടയിലേക്ക് ചെന്നത്.

എല്ലാരും പോട്ടെ.അയാൾ തന്നോടുതന്നെ പറഞ്ഞു.

അയാൾ നേരെ പള്ളിമേടയിലേക്ക് നടന്നു.

പോർച്ചിൽ ആരോ പത്രം വായിച്ചുകൊണ്ട് നിൽപ്പുണ്ട്. അയാളുടെ കാൽപ്പെരുമാറ്റം കേട്ടപ്പോൾ പത്രത്തിന്റെ മറ നീങ്ങി. സണ്ണിയുടെ മുഖം പ്രത്യക്ഷപ്പെട്ടു. കുർബാന കഴിയുമ്പഴേ പറക്കുന്ന ആളാണ്.

അയാൾ ചോദ്യഭാവത്തിൽ നോക്കി.

“അതേ കുരിശ് ബുക്ക് ചെയ്യാൻ നിന്നതാ.”

“ബുക്ക് ചെയ്യാനോ.”

“സ്വർണ്ണക്കുരിശ് ഞങ്ങളേറ്റു. ചാച്ചന്റെ പേരിൽ എന്തേലും ചെയ്യണംന്ന് ചാത്തത്തിന്റെ അന്നു തീരുമാനിച്ചതാ.”

സണ്ണി ഒറ്റശ്വാസത്തിൽ പറഞ്ഞു.

ആശ്വാസമാണോ നിസ്സംഗതയാണോ മനസ്സിൽ പിടികിട്ടുന്നില്ല.

“പിന്നയേ വെള്ളികുരിശിന്റെ കാര്യം ഇന്നു വൈകുന്നേരം ഉറപ്പിക്കാം.”

സണ്ണി സ്വർണ്ണ ക്കുരിശിന്റെ കാര്യമല്ലേ ഏറ്റെന്നു പറഞ്ഞത്.

അത് ഉറപ്പിച്ചു. അത് ഞങ്ങളുടെ കുടുംബവക. എന്റെ അളിയൻ ഗൾഫീന്ന് പോരുവാ. ടൗണിൽ വർക്ക്ഷോപ്പിടാനാ പരിപാടി. വെള്ളിക്കുരിശ് അവനെ പിടിപ്പിക്കാവോന്ന് ഞാനൊന്ന് നോക്കട്ടെ.”

“അത് വേണ്ട സണ്ണീ. വേറെ ആരേലും വന്നോളും. എല്ലാം കൂടിയാകുമ്പോൾ ഭാരമാകില്ലേ.”

അവന്റെ കൈയ്യിൽ പൂത്ത കാശുണ്ടച്ചാ. പിന്നെ അവന്റെ പിള്ളേരുടെ ആദ്യ കുർബാന ഇവിടെ വച്ചാ നടത്തിയേ. അന്ന് അച്ചൻ ഒന്നും മേടിച്ചില്ലല്ലോ.”

“പിന്നെ ആദ്യകുർബാന കൊടുക്കുന്നതിന് പണം മേടിക്കാൻ പറ്റുമോ...”

“വേറെ വല്ലവരുമാണേ കാണാരുന്നു. മൊത്തം ഊറ്റിയേനെ.” സണ്ണി കണ്ണിറുക്കി ചിരിച്ചു.

“അച്ചൻ കുരിശിന്റെ വെലയൊക്കെ ഒന്ന് അറിഞ്ഞുവെച്ചേക്ക്. ഞാൻ വൈകിട്ട് വിളിക്കാം.”

അനാവശ്യമായ കടപ്പാടോടെ മനസ്സ് സണ്ണിക്കൊപ്പം നടന്നു നീങ്ങിയതുപോലെ തോന്നിയപ്പോൾ അയാൾ പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു.

വൈകിട്ട് സണ്ണിയുടെ വിളിയെത്തി.

“അച്ചാ... വെള്ളിക്കുരിശും റെഡി. പിന്നേ ആരാ തരുന്നേന്ന് പള്ളീപ്പറയരുതെന്ന് മാത്രം പറഞ്ഞു. ഷാജി അച്ചനെ വിളിച്ചോളാംന്നു പറഞ്ഞു.വിളിക്കുമ്പോ എടുത്തേക്കണേ. മുമ്പ് വിളിച്ചപ്പോ ഒന്നും കിട്ടില്ലാന്നു പറഞ്ഞു. അതാ.”

“പരിചയമില്ലാത്ത നമ്പറുകണ്ടാ എടുക്കാറില്ല. അതായിരിക്കും...”

“ഷാജി കാണാനും വരുമെന്ന് പറഞ്ഞു.” സണ്ണി ഫോൺ വച്ചു.

കൂടിക്കാഴ്ചയെ ക്കുറിച്ചോർത്തപ്പോഴേ അഭിമാനം എങ്ങോ പോയി ഒളിച്ചപോലെ.

സംഭാവന ചോദിക്കുന്നതിലും ജാള്യതയാണ് സംഭാവന തന്നവരെ അഭിമുഖീകരിക്കാൻ.

ഇതാണ് കുരിശിന്റെ വില. മനസ്സ് മന്ത്രിച്ചു.

അല്ല. ഇതാണ് യഥാർത്ഥ കുരിശ്. അയാൾ പിറുപിറുത്തു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org