നിലാവിന്റെ വീട് - 18

novel - nilavinte veedu 18
Published on

ടോം കെ. ജോസ്

അധ്യായം : പതിനെട്ട്

“അച്ചാ ഷാജി വിളിച്ചാരുന്നു. അച്ചനെ ഒത്തിരി വിളിച്ചിട്ടും എടുത്തില്ലാന്ന് പറഞ്ഞു. അച്ചൻ ഫ്രീയാകുമ്പോ വിളിക്കാമോന്ന് ചോദിച്ചു.”

അയാൾ ഓർമ്മകളിൽ പരതുന്നതു കണ്ടപ്പോൾ പാപ്പൻ വിശദീകരിച്ചു.

“നമ്മടെ വർക്‌ഷോ പ്പിലെ ഷാജി. അച്ചൻ വെഞ്ചിരിക്കാൻ പോയത് മറന്നോ. ബാംഗ്ലൂര്ന്ന് വന്ന ഷാജി.”

ഓർമ്മകൾക്കെന്തുപറ്റി? മറക്കാനാഗ്രഹിച്ചതെല്ലാം വല്ലാത്ത തെളിമയോടെ മനസ്സിൽ തലയുയർത്തി നിൽപ്പുണ്ട്. മറക്കരുതെന്ന് കരുതിയതെല്ലാം അടുത്ത ക്ഷണത്തിൽ മനസ്സിന്റെ വാശിയോടെ പടിയിറങ്ങി പ്പോകുന്നു.

ഷാജി നിലവിളിപോലെ പറഞ്ഞു.

“അച്ചാ കിളിയെ കാണാനില്ല...”

“കിളി?”

ഓർമ്മകൾ തലതാഴ്ത്തുന്നു. വീണ്ടും.

“ഇവിടെ സെക്യൂരിറ്റി പ്പണിക്ക് അച്ചൻ പറഞ്ഞു വിട്ട...”

മനസ്സിന്റെ ചില്ലയിലേക്ക് കിളി വേഗം ചിറകടിച്ചെത്തി.

ഇsവകയിലെത്തിയിട്ട് അധികം നാളുകളായിട്ടില്ല.

ഏഴരയുടെ കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ മാവിൻചോട്ടിൽ പതിവില്ലാത്ത ബഹളം. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാടിന്റെ കരച്ചിൽ കേൾക്കാം. ഇടയ്ക്ക് ലേലം വിളിക്കുന്ന തുകയുടെ അറിയിപ്പുകൾ. ആളു കളുടെ ആർപ്പുവിളിയും പ്രോത്സാഹനങ്ങളും.

അയാൾ കൗതുകത്തോടെ അടുത്തുചെന്നു.

സാധാരണ പാൽ ക്കുപ്പിയും വാഴക്കുലയും പച്ചക്കറിയുമൊക്കെയാണ് ലേലത്തിന് വരാറ്. ആട് ആദ്യമായിട്ടാണ്.

“തങ്കച്ചന്റെ ആടാ.”

അയാളെ കണ്ടതും ആളുകൾ വഴിയൊഴിഞ്ഞു കൊടുത്തു.

“നല്ല ഉഗ്രൻ മുട്ടനാ അച്ചോ. പിടിച്ചാൽ അജരസായനം വയ്ക്കാം.”

അയാൾ മറുപടി പുഞ്ചിരിയിലൊതുക്കി.

അപ്പോഴാണ് വാശിക്ക് തുക കൂട്ടിവിളിക്കുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. കൈലിമുണ്ടും മുഷിഞ്ഞ ഷർട്ടുമാണ് വേഷം. തലയിലെ ചുവന്ന വട്ടക്കെട്ട് അയാൾ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അവൻ അഴിച്ചു തോളിലിട്ടു. പിന്നെ വാശിയോടെ വിളി തുടർന്നു.

“ആളെ ഇവിടെ കണ്ടിട്ടില്ലല്ലോ...” അടുത്തു നിന്ന വാവച്ചനോട് അയാൾ ആളെക്കുറിച്ച് തിരക്കി.

“അതു നമ്മടെ കഞ്ചാവല്ലേ.” സൂക്ഷിച്ചു നോക്കിയിട്ട് അയാൾ പറഞ്ഞു. “നമ്മടെ ചാക്കോച്ചി.”

“മുമ്പ് കണ്ടിട്ടില്ലല്ലോ.”

“കഞ്ചാവ് പള്ളീവരവൊന്നുമില്ല. മിക്കപ്പോഴും അകത്താരിക്കും. സമയം കിട്ടണ്ടേ.”

“കഞ്ചാവോ.”

“അതാ വിളിപ്പേര്. നമ്മടെ നാട്ടിൽ ആദ്യം കഞ്ചാവ് കൃഷി കൊണ്ടന്ന ആളാ. പ്രശസ്തനാ.”

“ഞാൻ വന്നതല്ലേ ഒള്ളൂ.”

“ആ. കൊറേപ്പേരെ പരിചയപ്പെടാനുണ്ട്.”

വാവച്ചൻ ചരിത്രസ്മരണകളിലേക്ക് കടന്നു.

പതിവില്ലാതെ രണ്ട് പൊലീസ് ജീപ്പ് മലകയറു ന്നത് കണ്ടപ്പോഴാണ് നാട്ടുകാർ പുറകേചെന്നത്. റോഡു തീർന്നിടത്ത് വണ്ടിയിട്ട് പൊലീസുകാർ കാട്ടിലേക്ക് കടന്നു. പുറകേ വന്നവരെ തടഞ്ഞില്ല. വഴിക്ക് കണ്ട വീടുകളിൽ നിന്ന് വാക്കത്തിയും അരിവാളും കടംവാങ്ങി. ഓപ്പറേഷനാ. രഹസ്യത്തിൽ കാര്യം തിരക്കിയ തൊമ്മിയോട് ചെല്ലപ്പൻ പൊലീസ് സ്വകാര്യം പോലെ പറഞ്ഞു. ഒന്നും പിടി കിട്ടാത്ത തൊമ്മിയും പൊലീസുകാരെ അനുഗമിച്ചു. ഉരുളിപ്പാറ കഴിഞ്ഞപ്പോൾ പുഴയുടെ കൈവഴി തെളിഞ്ഞു. പുഴയിൽ നിന്ന് കാട്ടിലേക്ക് ഒരു ചെറുനടപ്പാത തെളിഞ്ഞു വന്നു. ആരോ വഴി നടന്നുണ്ടാക്കിയ പാത. പുറകേ വന്നവരോട് നിൽക്കാൻ സർക്കിൾ ആവശ്യപ്പെട്ടു.

“ഞാൻ വിളിക്കാതെ ഒരുത്തനും കേറി വന്നേക്ക രുത്. അനങ്ങാതെ ഇവിടെ ത്തന്നെ നിന്നോണം.”

“എന്താ സാറേ കാര്യം.”

സർക്കിളിൽ നിന്ന് കാര്യമെന്താണെന്നുകേട്ട തൊമ്മി ഓപ്പറേഷൻ കഴിയുന്നതുവരെ തലയില്ലാതെ നിന്നു.

പൊലീസുകാർ ചെറിയ സംഘങ്ങളായി പിരിഞ്ഞു. ഒച്ചയുണ്ടാക്കാതെ പലവഴിക്ക് കാട്ടിൽ മറഞ്ഞു.

ഒരുമണിക്കൂർ കഴിഞ്ഞ പ്പോൾ കാട്ടിൽ നിന്ന് ഉറക്കെ വിസിലടി കേട്ടു. കാണികൾ ഉത്സാഹ ത്തോടെ കയറിച്ചെന്നു. വൻമരങ്ങൾ അതിരിട്ട ഒരു കൊച്ചുപുൽമേട്. അതിൽ വെട്ടിക്കിളച്ച് അരയേക്ക റോളം സ്ഥലത്ത് എന്തോ പേരറിയാച്ചെടികൾ ഒരാൾ പ്പൊക്കത്തിൽ നിൽക്കുന്നു. നിറംമങ്ങിയ പ്ലാസ്റ്റിക്ക് കുടങ്ങളും ഒരു മൺ വെട്ടിയും വഴിയരികിൽ. അങ്ങേയറ്റത്ത് നീലപ്പടുത പുതച്ച ടെന്റ്.

തോർത്തുകൊണ്ട് കൈകൂട്ടിക്കെട്ടിയ ഒരു ചെറുപ്പക്കാരനെ പൊലീസുകാർ ഉന്തി ത്തള്ളിക്കൊണ്ടു വന്നു.

അടിയേറ്റ് വീങ്ങിയ മുഖം. കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു.

“നമ്മടെ ചാക്കോച്ചി.”

ആരോ ആളെ തിരിച്ചറിഞ്ഞു.

“മിറ്റത്തെ കാടുപറി ക്കാത്തോന് കാട്ടിൽ കൃഷിയോ.”

തൊമ്മിക്ക് അത്ഭുതം.

പൊലീസുകാർ ചാക്കോച്ചിയെ നിലത്തിരുത്തി.

“എണ്ണീറ്റോടാൻ നോക്കിയാ. അതു നിന്റെ അവസാനത്തെ ഓട്ടമായി രിക്കും.” സർക്കിൾ ചാക്കോച്ചിയുടെ നേരെ കാലോങ്ങികൊണ്ട് പറഞ്ഞു. അത് കേൾക്കാൻ പോലും ശക്തിയില്ലാത്ത പോലെ ചാക്കോച്ചി തലകുമ്പിട്ടിരുന്നു.

“ഇത് കഞ്ചാവാണ്. എല്ലാം വെട്ടിക്കൂട്ടി കത്തിക്കണം. ഒരു ഇലപോലും ഒരുത്തനും എടുത്തുപോകരുത്. എടുത്താൽ ഇവന്റെ ഒപ്പം സെൻട്രൽ ജയിലിൽ കിടക്കാം.” സർക്കിൾ കാണികൾക്ക് നേരെ തിരിഞ്ഞു.

ആദ്യമായി കഞ്ചാവു കണ്ടതിന്റെ സന്തോഷ ത്തിൽ നാട്ടുകാർ ഉത്സാഹത്തോടെ എല്ലാം വെട്ടിക്കൂട്ടി.

കഞ്ചാവുചെടികളുടെ ഒരു വലിയ ശവക്കൂനയു യർന്നു. കഞ്ചാവിന്റെ വശ്യമായ ഗന്ധം വായുവിൽ പടർന്നു. പൊലീസുകൾ മൊബൈലിൽ ഫോട്ടോ എടുത്തു.

ഇതിന്റെ കറ സൂപ്പർ സാധനാ. ഒരു തുള്ളി നാക്കേ പറ്റിച്ചാമതി. മൂന്നു ദെവസം തലപൊങ്ങ ത്തില്ല. ആരോ ശബ്ദം താഴ്‌ത്തി പറഞ്ഞു.

തൊമ്മി പ്രതീക്ഷ യോടെ തന്റെ വാക്കത്തി യിൽ പറ്റിപ്പിടിച്ച കറയിലേക്ക് നോക്കി.

പൊലീസുകാർ കഞ്ചാവ്കൂനയ്ക്ക് തീ കൊളുത്തി. ചുമച്ചും കിതച്ചും പൊട്ടിത്തെറിച്ചും വെള്ളപ്പുകച്ചുരുളുകൾ മാനത്തേക്കുയർന്നു.

“മാറി നിന്നോ. പൊകയടിച്ചാ മതി. കഞ്ചാവ് നിറം കാട്ടുംന്ന് കേട്ടിട്ടില്ലേ.” ആരോ വിളിച്ചുപറഞ്ഞു.

സന്ധ്യയോടെ കൂനയുടെ കനൽകെട്ടു.

ഓപ്പറേഷൻ സംഘം ചാക്കോച്ചിയെ മുന്നിൽ നടത്തി മടങ്ങി. തന്റെ കൃഷിഭൂമിയിലേക്ക് ഒന്നു തിരിഞ്ഞുപോലും നോക്കാതെ ആ യുവകർഷകൻ നിയമത്തിന്റെ വഴിയിലേക്ക് നടന്നു.

വാവച്ചൻ പറഞ്ഞു നിർത്തി.

“എന്നിട്ട് ഇപ്പോൾ എന്താ പരിപാടി.”

“അങ്ങനെ സ്ഥിരം പണിയൊന്നുമില്ല. എന്നാ വേണേലും ചെയ്യും. അഞ്ചു പൈസാ ഉണ്ടാക്കാൻ വഴിയുള്ളടത്ത് ഇവൻ കാണും. എടയ്ക്ക് ബസേ കിളിയായിപ്പോകും. പെരുന്നാളിന്റെ സീസണായാൽ ലൈറ്റ് ആൻഡ് സൗണ്ട് ചെയ്യാമ്പോകും. വെള്ളപ്പുറത്താ എപ്പോം. ഗാനമേളയ്ക്ക് മിക്കവാറും അടിപിടിയുമുണ്ടാക്കും. ഇപ്പോ ആടിനെ പിടിച്ച് കാക്കാമാർക്ക് മറിക്കാനാ വന്നേക്കുന്നേ. പെരുന്നാള് വരുവല്ലേ.”

അയാൾക്ക് കൗതുകം തോന്നി.

ആടു ലേലത്തിന്റെ കോലാഹലങ്ങളടങ്ങി.

മുട്ടനാടിനേയും തെളിച്ചുകൊണ്ട് വിജയിയേ പ്പോലെ ചാക്കോച്ചി ആൾകൂട്ടത്തിനിടയിൽ നിന്ന് പുറത്തേക്ക് വന്നു.

“ചാക്കോച്ചി...” ആടും ഇടയനും തന്നെക്കടന്നു പോയപ്പോൾ അയാൾ വിളിച്ചു.

ചാക്കോച്ചി തിരിഞ്ഞു നിന്നു.

ആരോ യഥാർത്ഥ പേരു വിളിച്ചത് കേട്ടതിന്റെ ആനന്ദം മുഖത്ത്.

“അതേ. ആടിനെ മേടിക്കാൻ മാത്രമല്ല ഇടയനെ കാണാനും പള്ളിയിൽ വരാം കേട്ടോ.”

ചാക്കോച്ചി മനോഹര മായി പുഞ്ചിരിച്ചു. പിന്നെ ആടിനെയും വലിച്ചിഴച്ചുകൊണ്ട് നടന്നകന്നു.

ചാക്കോച്ചിയും ആടും ഓർമ്മകൾക്കൊപ്പം ഏതോ അജ്ഞാതദേശ ങ്ങളിലേക്ക് ഇറങ്ങിപ്പോയി.

ആരോ കോളിംഗ് ബെല്ലടിച്ചപ്പോഴാണ് വായനയിൽ നിന്നുണർ ന്നത്. ക്ലോക്കിൽ നോക്കി.

11 മണി

അയാൾ ജനലിലൂടെ പോർച്ചിലേക്ക് നോക്കി.

ചാക്കോച്ചി. ചെറിയ ആട്ടമുണ്ട്.

ഇറങ്ങി അടുത്തുചെന്ന പ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം

“ചാക്കോച്ചി കുടിച്ചിട്ടില്ലേ.”

“ഒണ്ട്. ഒരു ധൈര്യത്തിന്...”

“എന്നെ കാണാൻ എന്തിനാ ചാക്കോച്ചി പേടിക്കുന്നേ.”

“എന്നാലും അച്ചനെ ഒറ്റയ്ക്ക് കാണാൻ.”

“ചാക്കോച്ചി ഇപ്പോൾ പോയിക്കിടന്നുറങ്ങ്. എന്നിട്ട് പകൽ സമയത്ത് വാ.”

“അപ്പോ ഞാൻ കഷ്ടപ്പെട്ട് ഇത്രേം വന്നത് വെറുതെയായല്ലോ.”

“അതെങ്ങനെയാ വെറുതെയാകുന്നേ. നമ്മൾ കണ്ടല്ലോ. പിന്നെ നാളെ വരാൻ പറഞ്ഞത് എനിക്കൊരു ഗൗരവമുള്ള കാര്യം പറയാനുണ്ട്. അതിനാ.”

“ഇപ്പോ പറഞ്ഞോ.”

“ഇപ്പോൾ ചാക്കോച്ചി എന്തു പറഞ്ഞാലും എനിക്ക് മനസ്സിലാവും. പക്ഷേ ചാക്കോച്ചിക്ക് ഞാൻ പറയുന്നത് ഒന്നും മനസ്സിലാവില്ല.”

ചാക്കോച്ചി മനസ്സിലാലാകാത്ത മട്ടിൽ അയാളെ നോക്കി. പിന്നെ ഇരുളിലേക്ക് തപ്പിത്തടഞ്ഞിറങ്ങിപ്പോയി.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org