നിലാവിന്റെ വീട് - 15

novel-nilavinte-veedu-15
Published on

ടോം കെ. ജോസ്

  • അധ്യായം : പതിനഞ്ച്

പറുദീസയിൽ നിന്നുളള മടക്കം പതുക്കെയായിരുന്നു.

തിരിച്ച് പള്ളിയിലെത്തിയപ്പോൾ എങ്ങും ഇരുട്ടു പടർന്നിരുന്നു.

ചെന്നിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഷെറിൻ ബൈക്കിൽ യാത്രയായി. വഴിയിൽ ആന കാണുമെന്ന് പറഞ്ഞപ്പോൾ ചിരിച്ചു.

ആനയ്ക്ക് വഴിയിൽ നിൽക്കാല്ലോ. നമ്മളേപ്പോലെ തിരക്കില്ലല്ലോ.

തിരക്കിനേക്കാൾ വലുതായെന്തോ ഉള്ളതു പോലെ.

ഷെറിൻ യാത്രയായിട്ടും അയാൾ മുറ്റത്തു തന്നെ നിന്നു.

അങ്ങകലെ മലഞ്ചെരുവുകളിലെ വീടുകളിൽ പ്രകാശം നിറഞ്ഞു.

ഒരു ചുമ കേട്ടാണ് അയാൾ തിരിഞ്ഞത്. ഇരുട്ടിലൂടെ ആരോ നടന്നു വരുന്നുണ്ട്.

അയാൾ പോർച്ചിലെ ലൈറ്റിട്ടു.

ആഗതൻ ഒരു വിളിപ്പാടകലെ നിന്നു. ഇപ്പോൾ മുഖം വ്യക്തമാണ്.

മത്തായി. കയ്യാലപ്പണിക്കാരൻ മത്തായി. നാട്ടുകാരുടെ പെലയൻ മത്തായി.

കയ്യാലപ്പണിയിലെ കാനായിയാണ് മത്തായി. മത്തായിയുടെ ഉളിക്ക് മുമ്പിൽ ഏതു കരിമ്പാറയും കവിതപോലെ വിരിയും. കൊച്ചിലേ പഠിച്ചതാണ് കല്ലൻ പണി. എത്ര വലിയ പാറയും ഉളിവെച്ച് മുറിക്കും. അലുവ മുറിക്കും പോലെ മുറിക്കുമെന്നാണ് നാട്ടുകാർ പറയാറ്. കൽപ്പണി കലയേക്കാളുപരി മറ്റെന്തോ ആണെന്ന് മത്തായിയുടെ രീതി ഓർമ്മിപ്പിച്ചു. മുറിക്കാനുള്ള കല്ലിനെ അമ്മ കുഞ്ഞിനെയെന്ന പോലെയാണ് മത്തായി സമീപിക്കാറ്. തഴമ്പുകെട്ടിയ കൈകൾ വാത്സല്യത്തോടെ കല്ലിനുമുകളിൽ പരതിനടക്കും. വിരലുകൾ എന്തോ കണ്ടെത്തിയതു പോലെ നിൽക്കും. വീണ്ടും ഇഴഞ്ഞുനടക്കും. അന്വേഷണം തുടരും. പിന്നെ മടിയിൽ നിന്ന് പച്ചിലയെ ടുത്ത് തിരുമ്മി കല്ലിൽ ചില അടയാളങ്ങളിടും. ആ ഇലച്ചാറിന്റെ ശക്തിയി ലാണ് പാറ നേർരേഖയിൽ കീറുന്നതെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഉളി വയ്ക്കാൻ വെറുതേ അടയാള മിടുന്നതാണെന്ന് മത്തായിയും. പച്ചിലയുടെ രഹസ്യം ചോർത്താൻ പലരും വീടുമുതൽ പണി സ്ഥലം വരെ കൂടെ നടന്നിട്ടുണ്ട്. കുറച്ചു ദൂരമെത്തു മ്പോൾ മത്തായി വഴിയരികിലെ പൊന്തയിൽ മറയും.

ഒന്നു പാത്തിയിട്ട് വരാം. മൂത്രമൊഴിക്കാ നെന്ന ഭാവത്തിൽ. തിരികെ വരുമ്പോൾ മടിയിൽ പച്ചില കാണും. ചിലപ്പോൾ കൂടെ വരുന്നവരുടെ കണ്ണു കെട്ടാൻ പലതരം ഇലകൾ പറിക്കും. മടിയിൽ നിന്ന് വേണ്ട ഇലകൾ മാത്രം മത്തായിയുടെ കൈവെള്ള യിലെത്തും. അവ കല്ലിന് വഴി കാട്ടിക്കൊടുക്കും. ഉളിയുടെ മൃദുചുംബനം മതി കല്ലുകൾ അനുസരിക്കും. കീറിയ കല്ലുകളെ അടുക്കികെട്ടുന്നതും മത്തായിക്ക് ഹരമാണ്. തൂക്കുകട്ടയില്ലാതെ പത്തടി ഉയരത്തിൽ കെട്ടും. നൂൽ വ്യത്യാസമില്ലാതെ.

ഓരോ ദിവസവും പണികഴിയുമ്പോൾ കൂലി നിർബന്ധമാണ്. പുഴക്കര ഷാപ്പിൽ കടം പറയുന്ന ദുശ്ശീലം മത്തായിക്കില്ല. ഷാപ്പിന്റെ പുറകിൽ ഒരു പാറയിലിരുന്നാണ് കുടി. പെലയൻമാരെന്നാ ചേട്ടൻമാർക്കൊപ്പം ഇരിക്കാനായത് എന്ന ആട്ടാണ് മത്തായിയെ ഷാപ്പിന്റെ പുറത്തേക്ക് തെറിപ്പിച്ചത്. ആ പാറ മത്തായിക്കിരിക്കാൻ വേണ്ടി അന്ന് മുളച്ചുപൊ ങ്ങിയതാണ് എന്നൊരു ഐതിഹ്യമുണ്ട് ആ നാട്ടിൽ.

കള്ള് ആവശ്യത്തിന് അകത്ത് ചെന്നാൽ പുതിയൊരു മത്തായി പുറത്തുചാടും.

പിന്നെ വീടെത്തും വരെ പൂരപ്പാട്ടാണ്. ഇടയ്ക്ക് താളത്തിന് കുറുക്കനെ പ്പോലെ ഓരിയിടും. ഇടയ്ക്ക് വീഴും.രാത്രിയോടെ വീടുപറ്റും. എത്ര വീണാലും മടിയിലെ ഉളികൾ ഗർഭപാത്രത്തിലെന്നോണം സുരക്ഷിതമായിരിക്കും.ഏക മകൻ പത്തിൽ തോറ്റന്ന് പൊറപ്പെട്ടു പോയി.

വിത്സനാണ് വിവരണം തരുന്നത്.

ആരും ഇടപെട്ടില്ലേ.

എങ്കിക്കാണാം. പിറ്റേന്ന് തെറിപ്പാട്ട് അവരേക്കുറിച്ചായിരിക്കും. നാണോം മാനോം ഉള്ള ആരും അടുത്ത് ചെല്ലൂല. നാട്ടുകാർ പണ്ടേ ഉപേക്ഷിച്ചതാ.

വഴിയിൽ ആരെയും കണ്ടില്ലെങ്കിൽ ചില സ്ഥലങ്ങളിൽ നിൽക്കും. കുരിശിന്റെ വഴിപോലെ. ശ്വാസമെടുത്ത് കൂവും. മത്തായി പെലയനാടാ. പെലയൻ കെട്ടിയ വീടുവേണ്ടേ ഇറങ്ങെടാ. ഇറങ്ങിപ്പോടാ.

പാവം.

തീർന്നില്ലച്ചോ. ഇനിയാ രസം. വിത്സന് ആവേശമായി.

രണ്ട് കൈയ്യിലും കാർക്കിച്ചുതുപ്പും. അതെല്ലാം മുഖത്ത് വാരിപ്പിടിപ്പിക്കും. എന്നിട്ടാ നടപ്പ്.

എങ്ങനുണ്ട് കക്ഷി..

നമ്മളെല്ലാം തുപ്പിയ തുപ്പലാ വിത്സാ ആ മുഖത്ത്.

ഒരു ദിവസം അയാൾ വഴിയിൽ മത്തായിയെ കാത്തുനിന്നു. കൂവലും പൂരപ്പാട്ടും അടുത്തടുത്തുവന്നു. റോഡരുകിൽ അയാളെ കണ്ടപ്പോൾ ശബ്‌ദം നിലച്ചു. മത്തായിയും.

അയാൾ അടുത്തക്ക് ചെന്നു. “മത്തായിച്ചേട്ടാ...” അയാൾ പതിയെ വിളിച്ചു. “ഞാനീ പള്ളിലെ അച്ചനാ.”

മത്തായി സ്തംഭിച്ചുനിൽക്കുകയാണ്. “നാളെ പണി കഴിഞ്ഞ് നേരത്തേ വരണം. നമുക്കൊന്ന് പരിചയപ്പെടണ്ടേ.”

മത്തായി ഇരുട്ടിൽ എവിടെയോ മറഞ്ഞു.പിറ്റേന്നു മുതൽ പൂരപ്പാട്ടും കൂവലും നിന്നു. മത്തായി വീട്ടിലേക്കുള്ള പുതിയ വഴിവെട്ടി.

പിന്നെ കാണുന്നത് വാർഷികവെഞ്ചിരിപ്പിന് ചെന്നപ്പോഴാണ്.

ഓർക്കാപ്പുറത്ത് അയാളെ കണ്ട് മത്തായി ചാടിയെണീറ്റു. കെണിയിൽ വീണ മൃഗത്തേപ്പോലെ നിന്നു.

“അതേ. പള്ളീൽ വരാൻ പറഞ്ഞാൽ വരില്ലല്ലോ. അതാ ഇങ്ങോട്ടു പോന്നേ.”

“ആൾക്കാരെ കാണിക്കാൻ കൊള്ളുന്ന തുണിയില്ലച്ചോ. അതോണ്ടാ.”

“തുണി ആൾക്കാരെ കാണിക്കാനാണോ. നാണം മറയ്ക്കാനല്ലേ. നല്ല വെള്ളമുണ്ട് ഒരെണ്ണം ഞാൻ തരാം.”

“ഇന്നെന്താ പണിക്ക് പോയില്ലേ.”

“കാലേൽ കല്ലു വീണു.” മത്തായി കാൽപ്പാദത്തിലേക്ക് വിരൽ ചൂണ്ടി.

കാലിന്റെ പെരുവിരൽ കൂട്ടി പഴന്തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു. നീര് വന്ന് വീർത്ത പാദത്തിന് അസ്വാഭാവികമായ നിറം.

“നോക്കട്ടെ.” അയാൾ മത്തായിയുടെ കാൽച്ചുവട്ടിലേക്ക് കുനിഞ്ഞ് പാദത്തിൽ തൊട്ടു.

തീയിൽ ചവിട്ടിയതുപോലെ മത്തായി കാൽ പുറകോട്ട് വലിച്ചു.

“മത്തായിച്ചേട്ടാ.”

“ദൈവത്തേയോർത്ത് എന്നെ ചേട്ടാന്ന് വിളിക്കരുത്.” മത്തായി കൈകൾ കൂപ്പി.

“ഞാനങ്ങനേ വിളിക്കൂ. പിന്നെ കാൽ നന്നായി ക്ലീൻ ചെയ്യണം. ഇൻഫെക്ഷൻ ഉണ്ട്.”

“മുറികൂടിവച്ച് കെട്ടിയേക്കുവാ. രണ്ട് ദിവസം അനക്കാതിരുന്നാ മതി. കല്ലുകൊണ്ടുള്ള പണിയല്ലേ. ഞങ്ങക്ക് ഇതൊരു ശീലമാ.” മേരി അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു.

“നമുക്ക് പ്രാർഥിച്ചാലോ.”

മേരി തിരികത്തിച്ചു. വീടിനകവും പുറവും പരിസരങ്ങളും ഹന്നാൻ വെള്ളം തളിച്ചു.

വെഞ്ചിരിപ്പ് കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.

“മണി ഒന്നായല്ലോ. എന്നാ നമുക്ക് ചോറുണ്ടാലോ?”

“കർത്താവേ...” അടുക്കളയിൽ നിന്നൊരു നിലവിളിയുയർന്നു.

“ഞാനൊരു മൊട്ട പൊരിക്കട്ടെ.”

“വേണ്ട. ഇപ്പോ ഉള്ളതുമതി. എന്താ ഉള്ളേ...”

“ചോറും ഉണക്കമീൻ വറുത്തതും

പിന്നെ...

അച്ചാറും”

കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം അതായിരുന്നു.

മേരി ധൃതിയിൽ നിറം മങ്ങിയൊരു ഫൈബർ പ്ലേറ്റിലേക്ക് ചോറുവിളമ്പി.

“ദൈവമേ. അച്ചനെ എവിടെ ഇരുത്തും.” മത്തായി അന്തം വിട്ട് നിൽക്കയാണ്.

“രണ്ട് പ്ലേറ്റിൽ കൂടി എടുക്ക്.”

“ഞങ്ങ പിന്നെ കഴിച്ചോളാം... അച്ചന് വേഗം പോണ്ടേ.”

“എനിക്ക് യാതൊരു തിരക്കുമില്ല. മേരി ചോറെടുക്ക്. ഇല്ലേൽ ഞാൻ കഴിക്കില്ല.”

“എന്നാ നിങ്ങളും അച്ചനും കൂടി ഇരി.” മേരി മടിച്ചുനിൽക്കുകയാണ്.

“അങ്ങനെ ആരും മാറിനിൽക്കണ്ട.”

അയാൾ അടുക്കളയിലേക്ക് കയറി. കാലും വലിച്ചുകൊണ്ട് മത്തായിയും പുറകേ വന്നു.

അടുക്കളയിലെ മുഷിഞ്ഞ ഡെസ്‌കിനു ചുറ്റും അവർ നിന്നു. അയാൾ ഒരു കൊച്ചുപ്രാർഥന ചൊല്ലി ഭക്ഷണം ആശീർവദിച്ചു.

യാത്ര പറഞ്ഞിറങ്ങുമ്പോഴും മേരിയുടെയും മത്തായിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഞായറാഴ്ച.

ഏഴരയുടെ കുർബാനയ്ക്ക് തിരുവസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരുന്ന പ്പോളാണ് പാപ്പൻ അടുത്തുവന്ന് സ്വകാര്യം പോലെ പറഞ്ഞത്.

“അച്ചാ വന്നിട്ടൊണ്ട്.”

അയാൾ ചോദ്യഭാവത്തിൽ നോക്കി.

“മത്തായി.”

കുർബ്ബാനയ്ക്കിടയിൽ താൻ പോലുമറിയാതെ കണ്ണുകൾ മത്തായിയെ തേടി.

മൂന്നാമത്തെ വാതിലിനടുത്ത് കതകിന്റെ പാളിക്ക് പാതിമറഞ്ഞ് മത്തായി നിൽക്കുന്നു.

കണ്ണുകൾ പരസ്പരം കോർത്തപ്പോൾ മുഖത്ത് ചെറിയൊരു നാണം വിടർന്നു.

ആൾക്കൂട്ടത്തിനിടയിൽ അമ്മ സ്വന്തം കുഞ്ഞിനെ കണ്ടെത്തുന്നതുപോലെ.

അന്ന് വായിക്കാനിരുന്ന പിതാവിന്റെ സർക്കുലർ അയാൾ മാറ്റിവച്ചു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org