

ടോം കെ. ജോസ്
അധ്യായം : ഒമ്പത്
രാവിലത്തെ കുർബാന കഴിഞ്ഞ് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് കുട്ടപ്പൻസാർ കടന്നു വന്നത്.
സൺഡേസ്കൂൾ ഹെഡ്മാസ്റ്ററാണ്.
വന്നതേ ഒരു പൊതി മേശപ്പുറത്തുവച്ചു. അയാൾ ചോദ്യഭാവത്തിൽ നോക്കി. തനിക്കായി ഭക്ഷണ സാധനങ്ങൾ ഒരു കാരണവശാലും കൊണ്ടുവരരുതെന്ന് കർശനമായി പള്ളിയിൽ പറഞ്ഞിട്ടുള്ളതാണ്. സ്നേഹപൂർവം അത് ധിക്കരിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ വീണ്ടും ഓർമ്മിപ്പിച്ചതുമാണ്.
“കൊറച്ച് മാങ്ങയാ. പള്ളിയിൽ വിളിച്ചു പറയാൻ മാത്രമില്ല.” കുട്ടപ്പൻസാർ പുഞ്ചിരിയോടെ പറഞ്ഞു.
ഒരു അപ്പനെപ്പോലെ കരുതുന്ന മനുഷ്യൻ. അയാളും ചിരിച്ചു.
“പിന്നെയേ. ചെറുകഥ നോക്ക്യാരുന്നോ. ഇന്ന് സമ്മാനം കൊടുക്കാ മെന്നല്ലേ പറഞ്ഞേ.” കുട്ടപ്പൻസാർ ഓർമ്മിപ്പിച്ചു.
“ഇന്നു തന്നെ കൊടുത്തേക്കാം.” അയാൾ പറഞ്ഞു.
“എന്നാ ഞാൻ ഓഫീസിലോട്ട്...” കുട്ടപ്പൻസാർ നടന്നു കഴിഞ്ഞു.
തിടുക്കത്തിൽ കാപ്പി കുടിച്ചെഴുന്നേറ്റു.
കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതാണ്. എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ട സാഹിത്യമത്സരങ്ങൾ. എല്ലാ മാസവും ഓരോ സാഹിത്യരൂപങ്ങളാണ്. ഈ മാസം ചെറുകഥയാണ്. വിഷയം കാനായിലെ കല്യാണം. അയാൾ അലമാരയിൽ നിന്ന് ചെറുകഥാകെട്ടു കളെടുത്തു. ബാലരമക്കഥകളുടെ നിലവാരത്തിൽ നിന്ന് അധികമാരും ഉയർന്നിട്ടില്ല.അക്ഷരത്തെറ്റുകളുടെ സമ്പന്നതയോടെ കാനായിലെ കല്യാണം പല പുറങ്ങളിൽ. ഒരു ദിവസം എങ്ങനെ ചെറുകഥയെഴുതണമെന്ന് പറഞ്ഞുകൊടുക്കണം. നിരാശയോടെ അയാൾ പേജുകൾ മറിച്ചു. ഒരു കഥയുടെ തലക്കെട്ടിൽ കണ്ണുകളുടക്കി.
കഥ പറയുന്ന കൽഭരണികൾ.
ജെറുസലേമിലെ മ്യൂസിയമാണ് രംഗം. ഒരു സന്ദർശകനോട് കൽഭരണി തന്റെ കഥ പറയുന്നു. നിറം മങ്ങി. വക്ക് പൊട്ടിത്തുടങ്ങിയപ്പോൾ വീടിന്റെ പുറകിലേക്ക് മാറ്റിയ ഭരണികളുടെ കൂടെ ഞാനും ചേർക്കപ്പെട്ടു.കല്യാണത്തിന് വരുന്നവർക്ക് കാലുകഴുകാനുള്ള പാത്രങ്ങൾ തികയില്ലെന്നു വന്നപ്പോഴാണ് യജമാനൻ എന്നെ നോക്കിയത്. എത്ര കാലം കഴിഞ്ഞാണ് എന്നെ ഒന്ന് നോക്കിയത്. പണ്ട് എന്നും എന്റെ അടുത്ത് വന്നിരുന്നു. കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകുമ്പോൾ ഞാനാ മുഖം വായിക്കുമായിരുന്നു. സന്തോഷം, സങ്കടം, നിരാശ...
“വല്ല്യ കേടില്ലാത്തതല്ലേ. തൽക്കാലം അതെടുത്തോ.” യജമാനൻ പരിചാരകരോട് ആജ്ഞാപിച്ചു.
എനിക്ക് സന്തോഷമായി. അവഗണനയുടെ ഇരുട്ടിൽ നിന്ന് വിരുന്നിന്റെ വെളിച്ചത്തിലേക്ക്. അതിഥികൾക്ക് എന്ത് സന്തോഷമാണ്. കളിയും ചിരിയും സംഗീതവും.എനിക്കും നൃത്തം ചെയ്യണമെന്ന് തോന്നി.അടങ്ങിയൊതുങ്ങി നിന്നോ.... എന്റെ ഭാവവ്യത്യാസം കണ്ട് അടുത്തു നിന്ന പുതിയ ഭരണി കളിയാക്കി പറഞ്ഞു. ഇത് കഴിഞ്ഞാ വീണ്ടും പുറകിലേക്ക് പോകാനുള്ളതാ. ഞാൻ ആ കുത്തുവാക്ക് കേൾക്കാത്തതുപോലെ നിന്നു. നിങ്ങളുടെ സന്തോഷം നിലനിൽക്കണമെങ്കിൽ ഒരു കാര്യം. സന്തോഷത്തിലേക്ക് മറ്റുള്ളവരുടെ വാക്കുകൾക്ക് പ്രവേശനം കൊടുക്കരുത്. എന്നാലും ഈ മനുഷ്യർ എന്തൊക്കെയാണ് പറയുന്നത്. ഞാൻ കാതുകൾ കൂർപ്പിച്ചു. ഏതോ വലിയ ഒരാൾ വരാൻ എല്ലാവരും കാത്തിരിക്കുകയാണ്. കല്യാണം കൂടാനല്ല. അയാളെ കാണാനാണ് എല്ലാവരും വന്നിരിക്കുന്നതെന്ന് തോന്നും അവരുടെ സംസാരം കേട്ടാൽ. ആരായിരിക്കും അയാൾ. ഞാൻ അടുത്ത ഭരണിയോട് ചോദിച്ചു. നിനക്ക് എത്ര പേരെ അറിയാം. വക്ക് പൊട്ടിയ താൻ അടുത്തിരിക്കുന്നതിന്റെ സകല ഈർഷ്യയും ആ ചോദ്യത്തിലുണ്ടായിരുന്നു. ശരിയാണ് എനിക്ക് എത്ര പേരെ അറിയാം.പിന്നാമ്പുറത്ത് വെയിലും മഴയുമേറ്റ് കിടന്നപ്പോൾ നിറം മാത്രമല്ല നഷ്ടമായത്. ഓർമ്മകൾ കൂടിയാണ്. ഒറ്റയ്ക്കാകുമ്പോൾ സൗഹൃദങ്ങൾ മാത്രമല്ല, ഓർമ്മകളും നഷ്ടപ്പെടുമായിരിക്കണം. ഞാൻ സ്വയം ആശ്വസിപ്പിച്ചു. ഞങ്ങൾ ഭരണികൾ അങ്ങനെയാണ്. ആരുമില്ലാത്തതിനാൽ സ്വയം ആശ്വസിപ്പിക്കും.ആളുകളുടെ ആരവം കേട്ടപ്പോഴേ മനസ്സിലായി അയാൾ എത്തിക്കഴിഞ്ഞു. ആ മുഖമൊന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... ഒരു രക്ഷയുമില്ല. വരനേയും വധുവിനെയും മറന്ന് എല്ലാവരും അയാൾക്ക് ചുറ്റും കൂടി നില്‌ക്കുകയാണല്ലോ. ഇനി കാലുകഴുകാൻ എന്റെ അടുത്തെങ്ങാൻ വന്നാലോ. ചിന്തയിൽ എനിക്ക് സർവത്ര കുളിരു കോരി. ഒരു പാത്രത്തിൽ യജമാനൻ വെള്ളം കൊണ്ടുപോകുന്നത് കണ്ടപ്പോ എന്റെ ആ പ്രതീക്ഷയും അസ്തമിച്ചു.ആളുകളുടെ ബഹളത്തിൽ സമയം കടന്നു പോയതറിഞ്ഞില്ല. അല്ലെങ്കിലും കൽഭരണിക്കെന്ത് സമയം അല്ലേ ക്ഷമിക്കണേ. കുറേക്കാലം കൂടിയാണ് ഒരാൾ എന്റെ അടുത്തുവരുന്നത്. ആ സന്തോഷത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞു.
"സാരമില്ല എന്നിട്ട്..." സന്ദർശകന് തിടുക്കമായി.
പെട്ടെന്നാണ് ആരൊക്കെയോ പിറുപിറുക്കുന്നത് കേട്ടത്. യജമാനന്റെ മുഖം കുമ്പിട്ടിരിക്കുന്നു. കണ്ണുകളുടെ തിളക്കം എങ്ങോ പോയിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. പെട്ടെന്ന് വേലക്കാർ വന്ന് ഞങ്ങളെ ആറുപേരെയും കലവറയിലേക്ക് എടുത്തു.
"സൂക്ഷിച്ച് പിടിക്കണേ..." ഞാൻ പറഞ്ഞത് വേലക്കാരന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കലവറയിൽ പതിവില്ലാത്ത നിശ്ശബ്ദത.
“ഭരണികളിൽ വെള്ളം നിറയ്ക്കാമോ...” ഒരു മൃദുസ്വരം എവിടുന്നോ ഒഴുകിവന്നു. ഞാൻ ചുറ്റും നോക്കി. വേലക്കാർ ചുറ്റിനും നിൽക്കുകയാണ്. എന്തോ എനിക്ക് അവരോട് പരിഭവം തോന്നിയില്ല. ആ സ്വരം കേൾക്കാൻ കഴിഞ്ഞല്ലോ അത് അവന്റെയാണെന്ന് എനിക്കുറപ്പായിരുന്നു. വിരുന്നിന് വന്ന ആർക്കും സ്വന്തമല്ലാത്ത ശാന്തത ആ സ്വരത്തിനുണ്ട്. ഞങ്ങളിൽ വക്കോളം വെള്ളം നിറഞ്ഞു. എന്റെ പൊട്ടിയ വക്കിലൂടെ വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ഞാൻ ലജ്ജയോടെ കണ്ണുകളടച്ചു. ഒരു കാൽപെരുമാറ്റം അടുത്തുവരുന്നു. എന്റെ അടുത്തല്ലേ അത് അവസാനിച്ചത്. ഞാനാ പാദങ്ങളിലേക്ക് നോക്കി നിങ്ങൾ വിശ്വസിക്കുമോ യെന്നറിയില്ല. ആ പാദങ്ങൾ തറയിൽ തൊടുന്നില്ലായിരുന്നു. ഞാൻ സ്വയം മറന്ന് ആ പാദങ്ങളെ നോക്കിയിരുന്നു. എന്റെ പൊട്ടിയ വക്കിൽ ആരോ തൊട്ടതുപോലെ. ഒരു മിന്നൽപ്പിണർ എന്നിലൂടെ കടന്നുപോയി. എന്റെ നഷ്ടപ്പെട്ട തിളക്കങ്ങൾ എന്നിലേക്ക് തിരിച്ചെത്തിയത് ഞാനറിഞ്ഞു. എന്നിൽ നിറഞ്ഞ വെള്ളം ചുവന്ന് മധുരമുള്ളതായി.
ആനന്ദത്തിന്റെ തിരമാല തന്നിൽ അലയടിക്കുന്നത് അയാളറിഞ്ഞു. ഇതിന് വേണ്ടിയായിരുന്നു. അതെ ഇവനെ കണ്ടെത്താൻ. അയാൾ വേഗം കഥാകൃത്തിന്റെ പേര് നോക്കി. ഇല്ല ഒരിടത്തും പേരില്ല.
മണിയൊച്ച അയാളെ ഉണർത്തി. തന്റെ ജനലിനുനേരെ നോക്കി പാപ്പൻ മണിയടിക്കുന്നു. അയാൾ ചാടിയെണീറ്റു. കൈയ്യിൽത്തടഞ്ഞതെല്ലാം ഒരു ക്യാരിബാഗിലാക്കി അയാൾ സങ്കീർത്തിയിലേക്ക് നടന്നു.
കുർബാന വേഗം തീർക്കാൻ ഉള്ളിലിരുന്ന് ആരോ വ്യഗ്രതപ്പെടുന്നതു പോലെ.
വാർത്ത വായനയും വിശുദ്ധനെ പരിചയപ്പെടുത്തലും കഴിഞ്ഞപ്പോൾ സമ്മാനസഞ്ചിയുമായി അയാൾ കുട്ടികൾക്ക് മുമ്പിലെത്തി. ആകാംക്ഷയോടെ കുട്ടികൾ ഉറ്റുനോക്കുകയാണ്.
അല്പം നാടകീയമാക്കാം. അയാൾ ഉള്ളിൽ പറഞ്ഞു.
“കഥയെഴുതിയപ്പോൾ പേരു വയ്ക്കാത്തവർ കൈ പൊക്ക്.”
സംശയത്തോടെ അങ്ങിങ് ചില കരങ്ങളുയർന്നു.
“ശരി.” കരങ്ങൾ താഴ്‌ന്നു.
“കഥ പറയുന്ന കൽഭരണികൾ എഴുതിയ ആൾ എഴുന്നേറ്റു നിൽക്ക്.”
ഒരു കുറ്റവാളിയെ പ്പോലെ എട്ടാം ക്ലാസ്സിലെ നിരയിൽ നിന്ന് ഒരുവനുയർന്നു. ജിമ്മി
“ജിമ്മി മുമ്പോട്ടു വാ. ഭയത്തോടെ ജിമ്മി മുമ്പോട്ടു വന്നു. രണ്ടാം ക്ലാസ്സിലെ പെൺകുട്ടികളുടെ നിരയിലെ മിന്നാമിനുങ്ങും എഴുന്നേറ്റു. ചേട്ടായി വരുന്നതു കണ്ട് എഴുന്നേറ്റതാണ്.
അയാൾ ജിമ്മിയെ ചേർത്തുപിടിച്ചു.
“ഞാൻ ലോക പ്രശസ്തമായ ഒത്തിരികഥകൾ വായിച്ചിട്ടുണ്ട്. ജിമ്മിയുടെ കഥ എന്നെ അതിശയിപ്പിച്ചു. ജിമ്മി ഭാവിയിൽ വലിയ എഴുത്തുകാരനാകും. ഇവന്റെ പേരിൽ ഈ നാട് അറിയപ്പെടും. ജിമ്മിയുടെ സൂപ്പർ കഥയ്ക്കാണ് സമ്മാനം.”
കൈയ്യടികൾക്കിടയിലൂടെ സമ്മാനസഞ്ചിയുമായി ജിമ്മി സ്വപ്നലോകത്തിലൂടെ എന്നപോലെ കടന്നുപോയി.
ക്ലാസും സൺഡേ സ്‌കൂൾ സ്റ്റാഫ് മീറ്റിംഗും തീർന്നപ്പോൾ ശരിക്കും തളർന്നിരുന്നു.
വളരെ വേഗം പള്ളി മുറിയിലേക്ക് നടന്നു. തണുത്ത ഉച്ചഭക്ഷണം ഒരു വിധം അകത്താക്കി. സാധാരണ വളരെ പതുക്കെയാണ് കഴിക്കാറ്. എന്തെങ്കിലും വായിച്ചുകൊണ്ട്.
ഒന്നു കിടക്കണം. നാലുമണിക്ക് കുർബാനയുണ്ട്. കുർബാന കഴിഞ്ഞ് പാരിഷ് കൗൺസിലും.
പാത്രങ്ങൾ കഴുകി വച്ചിട്ട് അയാൾ കിടപ്പുമുറിയിലേക്ക് നടന്നു.
വൈദികവസ്ത്രം മാറ്റി കിടക്കയിലേക്ക് വീണു. അലാറം വയ്ക്കാൻ ഫോൺ എടുത്തപ്പോൾ കണ്ടു. അഞ്ചാറ് മിസ്ഡ് കോളുകൾ. വൈകിട്ട് തിരിച്ചു വിളിക്കാം. മനസ്സിൽ പറഞ്ഞു.
അയാൾ ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകളടച്ചു.
വാതിലിൽ ആരോ മുട്ടിവിളിക്കുന്നതുപോലെ. സ്വപ്നത്തിലാണ്. ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ...
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് ഇഴപിരിക്കാനാവാതെ അയാൾ കുറച്ചുനേരം കൂടി കിടന്നു..
തോന്നലല്ല. ആരോ ശക്തിയായി മുട്ടുന്നു...നേർത്ത ഒരു വിളിയൊച്ച കൂടി ഇപ്പോൾ കേൾക്കാം.
അരിശത്തോടെ അയാൾ വസ്ത്രങ്ങൾ എടുത്തണിഞ്ഞു.
അല്പം ശബ്ദത്തോടെ വാതിൽ വലിച്ചുതുറന്നു.
ജിമ്മിയാണ്. സമ്മാനപ്പൊതി നെഞ്ചോടടുക്കിപ്പിടിച്ചിട്ടുണ്ട്... നിഴലുപോലെ മിന്നാമിനുങ്ങുമുണ്ട്.
അയാളുടെ മുഖഭാവം കണ്ട് ജിമ്മി മുഖം താഴ്ത്തി. മിന്നാമിനുങ്ങ് ജിമ്മിയോട് അല്പം കൂടി അടുത്തു.
“എന്താ ജിമ്മീ.” സ്വരത്തിൽ ആവോളം ശാന്തത നിറച്ചുകൊണ്ട് അയാൾ ചോദിച്ചു.
എന്താ ഇതുവരെ വീട്ടിൽ പോകാത്തത്.
രണ്ടു പേരും ഒന്നും മിണ്ടുന്നില്ല. തലതാഴ്‌ത്തി അതേ നില്പാണ്.
“എന്താണേലും ധൈര്യമായി പറഞ്ഞോ?” അയാൾ പ്രോത്സാഹിച്ചിച്ചു. മിന്നാമിനുങ്ങ് നിഴലിൽ നിന്ന് അല്പം മാറി.
ജിമ്മി സംശയഭാവത്തിൽ മുഖം അല്പമുയർത്തി.
“അച്ചാ... എന്റെ കഥ... ശരിക്കും സൂപ്പറാണോ?”
“നിന്റെ കഥ മാത്രമല്ല ജിമ്മി നീയും സൂപ്പറാ.”
അയാൾ അവനെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
വക്ക് പൊട്ടിയ ഒരു കൽഭരണി പൂർണ്ണതയാർ ജ്ജിക്കുന്നത് അയാളറിഞ്ഞു.
(തുടരും)