നിലാവിന്റെ വീട് - 07

നിലാവിന്റെ വീട് - 07
Published on

ടോം കെ. ജോസ്

  • അധ്യായം : ഏഴ്

“അച്ചാ ഒന്നു നിൽക്കണേ...” കാപ്പി കഴിഞ്ഞെഴുന്നേറ്റപ്പോൾ മദർ പറഞ്ഞു.

ചൊവ്വാഴ്ചകളിൽ വി. കുർബാന മഠത്തിലാണ്, കാപ്പിയും.

“ഇന്നലെ ഞങ്ങൾ സിനിയെ കാണാൻ പോയാരുന്നു... അപ്പോ തന്നു വിട്ടതാ. ആരേം കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞു.”

ഒരു പൊതി കൈമാറി ക്കൊണ്ട് മദർ പറഞ്ഞു.

“അച്ചനെന്താ വരാത്തേന്ന് ചോദിക്കാനും പറഞ്ഞു.”

പ്രത്യേകിച്ച് വിശേഷം വല്ലതും...

സിനിയെ കാണാൻ പോയിട്ട് കുറച്ചു നാളായി എന്നത് അപ്പോളാണ് ഓർത്തത്.

“ഞങ്ങൾ പ്രകാശിന്റെ വീട്ടിൽ പോയാരുന്നു...തിരിച്ചു പോന്നപ്പോൾ വെറുതേ കയറിയതാ.”

പ്രകാശന്റെ വീട്... എത്ര പെട്ടെന്നാണ് മദർ ഇതും അറിഞ്ഞത്.

ഇടവകയിലെ പ്രശ്നമുള്ള വീടുകളെ കണ്ടെത്താനുള്ള ഒരു ആറാമിന്ദ്രിയം മദറിനുണ്ടെന്ന് അയാൾക്കെപ്പോഴും തോന്നാറുണ്ട്. അതോ പ്രശ്നങ്ങൾ മദറിനെ തേടിച്ചെല്ലുന്നതാണോ...എന്തായാലും പ്രശ്നമുള്ളിടത്തെല്ലാം മദർ എത്തും. എല്ലാം കേൾക്കും.കോൺവെന്റ് ചാപ്പലിൽ ബലിപീഠത്തിൽ ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കും. പ്രതീക്ഷയുടെ ഒരു നാളം. അത് കണ്ടാലറിയാം എവിടെയോ എന്തോ പുകയുന്നു. തിരി ഉടനെയൊന്നും കെടുന്ന മട്ടില്ലെങ്കിൽ വിവരമൊക്കെ അച്ചന് കൈമാറും. തിരി തന്നെ കെടും.

ഇതൊക്കെ എങ്ങനെ അറിയുന്നെന്ന് ചോദിക്കുമ്പോൾ മദർ ചിരിക്കും.

“എല്ലാം മാതാവ് പറഞ്ഞു തരുന്നതാ.”

“എന്നിട്ട് എന്നോടൊന്നും പറയാറില്ലല്ലോ.”

“അതിന് അച്ചന് ഈശോനെ മാത്രം മതിയല്ലോ. മദർ തിരിച്ചടിക്കും.”

“ഇന്നുതന്നെ പോയേക്കാം.” അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

എല്ലാ ചൊവ്വാഴ്ചകളിലും ഇടവകയിലെ കിടപ്പുരോഗികളെ കാണാറുള്ളതാണ്. ആകെ മൂന്നു പേരേ കിടപ്പുരോഗികളായിട്ടുള്ളൂ.ആലീസാന്റി. അമ്പിളിക്കുട്ടൻ പിന്നെ സിനി. മുടങ്ങാതെ എല്ലാ ആഴ്ചയും കാണാറുള്ളതാണ്. ചെല്ലുന്ന സമയം നേരത്തേ ധാരണയാക്കി യിട്ടുള്ളതാണ്. വീട്ടുകാർക്ക് രോഗിയെയും മുറിയും ഒരുക്കാൻ സമയം കിട്ടണമല്ലോ.

കൊച്ചച്ചനായിരുന്ന പ്പോൾ പഠിച്ച... അല്ല തെയ്യാമ്മചേച്ചി പഠിപ്പിച്ച പാഠമാണ്.പള്ളിക്കടുത്താണ് തെയ്യാമ്മചേച്ചിയുടെ വീട്.പാപ്പച്ചൻ ചേട്ടൻ വർഷങ്ങളായി കിടപ്പിലാണ്.

കോൺവെന്റിലെ വി. കുർബാന കഴിഞ്ഞ് പോരും വഴി ഒന്നു കയറി. മുറിയിൽ കയറിപ്പോഴേ മനസ്സിലായി.അല്പം നേരത്തേ ആയിപ്പോയി.

ഈ അച്ചന്റെ ഒരു കാര്യം. പെലകാലേ കേറി വന്നാ ഞാനെന്നാ ചെയ്യും.അടുക്കള ഒന്നൊതുക്കിയിട്ട് വേണ്ടേ അതിയാനെ ഒന്നു നോക്കാൻ. തെയ്യാമ്മചേച്ചി പരിഭവം ഒട്ടും മറച്ചുവച്ചില്ല.

പിതാവിനെ കണ്ടു വന്നതിനുശേഷം തന്നിൽ എന്തോ ഒരു മാറ്റം. പതിവുകൾ തെറ്റിത്തുടങ്ങുന്നു. ഉള്ള ഉന്മേഷം കൂടി നഷ്ടപ്പെടുന്നതാണോ.അതോ തന്നിലേക്ക് ആഴത്തിൽ പടർന്നിറങ്ങുന്ന വേരുകളെ പറിച്ചെറിയാനുള്ള ഒരു വിഫലശ്രമമാണോ.താമസിയാതെ പിന്നിലുപേക്ഷിക്കാൻ പോകുന്നതിനെ ഇനി സ്നേഹിക്കണ്ടെന്ന് മനസ്സ് താനറിയാതെ ഒരു തീരുമാനമെടുത്തപോലെ.

* * * * *

മനസ്സമ്മതം കഴിഞ്ഞ് വീട്ടിലെത്തിയതിന്റെ തിരക്കിലും ക്ഷീണത്തിലുമായിരുന്നു വീട്ടുകാർ. ബാത്ത്റൂമിൽ കുഴഞ്ഞുവീണ സിനിയെ അല്പം വൈകിയാണ് കണ്ടെത്തിയത്. കഴുത്തിന് താഴേയ്ക്ക് ശരീരം പരിപൂർണ്ണമായും തളർന്നുപോയിരുന്നു. ചെയ്ത ചികിത്സകൾക്കൊന്നും സിനിയുടെ ശരീരത്തെ ഉണർത്താനായില്ല.ആരോടും പരാതി പറയാതെ, പുഞ്ചിരിയോടെ സിനി പതിനാലുവർഷങ്ങൾ കിടക്കയിൽ ചിലവിട്ടു.കാണാൻ വന്നവരെയൊക്കെ ആശ്വസിപ്പിച്ചു. പ്രാർത്ഥനാനിയോഗങ്ങൾ ഏറ്റെടുത്തു.

എന്റെ കല്യാണം നടന്നാരുന്നേ. നമുക്കിങ്ങനെ കാണാൻ പറ്റുമാരുന്നോ. എനിക്ക് നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പറ്റുമാരുന്നോ. സന്ദർശകർ കണ്ണുതുടച്ച് ഇറങ്ങിപ്പോകും.

“അസാധ്യ മനക്കട്ടിയാ അച്ചോ. ആ മുഖമൊന്നു കാണണം. ആരോ കിട്ടാത്തേന്റെ കലിപ്പിന് കൂടോത്രം ചെയ്തതാ. എന്നാ സൗന്ദര്യമാരുന്നു. കണ്ണു പറിക്കാൻ തോന്നുകേലാരുന്നു.” സിനിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്ന കൂട്ടത്തിൽ വിൽസൺ പറഞ്ഞു.

വാതിലിന് നേർക്ക് തിരിഞ്ഞാണ് സിനി കിടക്കുന്നത്.

കയറിച്ചെന്നപ്പോഴെ കണ്ടു നിറം മങ്ങിത്തുടങ്ങുന്ന പുഷ്പം പോലെ സിനി കിടക്കയിൽ.വെള്ളവിരി. വെള്ള ജനൽ കർട്ടനുകൾ. അലൗകികമായ ഒരു വെളിച്ചം. മനസ്സിൽ കരുതിയ അതേ മുഖം. വീണപൂവ്.ഹൃദയം മന്ത്രിച്ചു.

“അച്ചനെ ഞാൻ കാത്തിരിക്കുവാരുന്നു. അമ്മ എല്ലാ ഞായറാഴ്ചേം അച്ചന്റെ പ്രസംഗം ഫോണിൽ പിടിച്ചോണ്ടു വരും. ഞാൻ പിന്നേം പിന്നേം കേൾക്കും. അച്ചൻ വന്ന അന്ന് പറഞ്ഞ പ്രസംഗം ഓർക്കുന്നുണ്ടോ.”

“ആ...” അയാൾ കൈ മലർത്തി.

“ജെറൂസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള വഴി... നമ്മുടെ ഹൃദയത്തിൽ കൂടി കടന്നുപോകുന്ന വഴി...”

“അതൊക്കെ അപ്പം തോന്നുന്നതല്ലേ. എന്താ പറഞ്ഞേന്ന് ഞാൻ പിന്നെ ഓർക്കാറില്ല.”

“എനിക്കത് ഒത്തിരി ഇഷ്ടായി. എന്റെ വഴിയരികിൽ കിടന്ന എല്ലാരേം ഞാൻ സത്രത്തിലാക്കി.”

സന്ദർശനങ്ങൾ ഒരു ആഗാധമായ ആത്മീയസൗഹൃദത്തിന് വഴി മാറി.പതിനൊന്നുകൊല്ലം പഠിച്ച തത്ത്വശാസ്ത്രവും ദൈവ ശാസ്ത്രവും ഒരു രോഗക്കിടക്കയോട് സംശയം തീർക്കുന്നത് അയാൾ ആശ്ചര്യത്തോടെ തിരിച്ചറിഞ്ഞു.

കൈകൾ തീരെ വഴങ്ങുന്നില്ലെന്ന് മേരിയമ്മ പറഞ്ഞപ്പോഴാണ് അയാൾ നോട്ടെഴുതുന്ന കാര്യം പറഞ്ഞത്.

“ബുക്ക് അച്ചൻ മേടിച്ചോണ്ട് വരണം.” സിനിക്ക് ഉത്സാഹമായി.

അടുത്ത സന്ദർശനത്തിന് ഇറങ്ങുമ്പോൾ ബുക്കെടുക്കാൻ അയാൾ മറന്നില്ല.

“ഇതിൽ എന്താ എഴുതുന്നേ...” ബുക്ക് നീട്ടിക്കൊണ്ട് അയാൾ ചോദിച്ചു

“പറയുവേല. ഒരു രഹസ്യമാ. മൊത്തം എഴുതിക്കഴിഞ്ഞിട്ട് വായിച്ചാ മതി.” സിനി കുസൃതിയോടെ പറഞ്ഞു.

ഒരു ദിവസം ശരീരത്തിന്റെ ബുദ്ധിമുട്ടുകളേക്കുറിച്ച് ചോദിച്ചപ്പോൾ സിനി പറഞ്ഞു.

“ഞാനിതിൽ വാടകയ്ക്ക് താമസിക്കുവല്ലേ. പരാതി പറയത്തില്ലല്ലോ.ഇനിയെങ്ങാനും ഇറക്കിവിട്ടാലോ.”

അയാൾ ആ ദുർബലകരങ്ങളെടുത്ത് തന്റെ ശിരസ്സിൽ വച്ചു.

മുടങ്ങിപ്പോയ കല്യാണത്തെക്കുറിച്ച് ചോദിക്കാൻ എന്നോ ധൈര്യം കിട്ടി.

“ഇനി എണീൽക്കില്ല എന്നുറപ്പായപ്പോൾ ഞാൻ പുതിയ ഒരു കല്യാണമുറപ്പിച്ചു.”

സിനി കൈവിരലിലണി ഞ്ഞിരിക്കുന്ന കൊന്തമോതിരം ഉയർത്തിക്കാണിച്ചു.

“ഈശോ?”

“അല്ല കുരിശുമായിട്ട്.”

“രണ്ടും ഒന്നല്ലേ സിനീ.”

“എനിക്ക് കുരിശിനേ അർഹതയുള്ളൂ.”

ഓരോ സന്ദർശനത്തിന്റെ അന്ത്യത്തിലും മേരിയമ്മ പതിവായി ആവർത്തിക്കും.

“അച്ചാ ഇടയ്ക്കിടെ ഇതിലേ വരണം. അവൾക്ക് അച്ചനെക്കുറിച്ച് കേൾക്കുന്നതു തന്നെ വല്ല്യ ഇഷ്ടമാ. അപ്പോ കാണുമ്പോഴുള്ള കാര്യം ഞാൻ പ്രത്യേകം പറയേണ്ടല്ലോ...”

“ഞാൻ തീർച്ചയായും വരും.”

പൊതി തുറന്നു.പ്രതീക്ഷിച്ചതുപോലെ താൻ കൊടുത്ത നോട്ട് ബുക്കാണ്.

അയാൾ പതിയെ പേജുകൾ മറിച്ചു. പിച്ച വയ്ക്കുന്ന കുഞ്ഞിന്റെ കാൽപ്പാടുകൾ പോലെ അക്ഷരങ്ങൾ ചിതറിക്കിടക്കുന്നു.

“ദൈവം സ്നേഹമാണ്.God is Love.”

വടിവൊത്തും വടിവുടഞ്ഞും ആ സ്നേഹസങ്കിർത്തനം. ഉത്സാഹത്തോടെ കുതിച്ചും കിതച്ചും തളർന്നിഴഞ്ഞും നോട്ടുമ്പുക്കിൽ പരന്നൊഴുകുന്നു. രണ്ടിറ്റു കണ്ണീർ അക്ഷരങ്ങളെ പടർത്തി.

ദിവ്യകാരുണ്യം സ്വീകരിച്ചു കഴിഞ്ഞപ്പോൾ പതിവുപോലെ സിനിയുടെ അടുത്തിരുന്നു.

“അച്ചൻ പോകുവാ അല്ലേ?”

ചോദ്യം അപ്രതീക്ഷിതമായതിനാൽ അയാളൊന്നു ഞെട്ടി.

“എന്താ സിനീ...”

“എനിക്കറിയാം. അച്ചൻ പോകും ന്ന്... അച്ചന്റെ മുഖത്തൂന്ന് എനിക്ക് വായിക്കാം.”

“എന്നായാലും പോണ്ടേ.”

“അതിന് മൂന്നു കൊല്ലമായില്ലല്ലോ.”

“അങ്ങനെയെന്നുമില്ല..എപ്പ വേണേലും മാറാമല്ലോ...”

“ഇങ്ങനെ സ്ഥലം മാറിപ്പോകുമ്പോ അച്ചന് സങ്കടമൊന്നും വരാറില്ലേ.” സിനി കണ്ണുകളിലേക്ക് ഉറ്റുനോക്കുകയാണ്.

“എന്തിനാ സങ്കടം.ദേശാടനക്കിളികൾക്ക് സങ്കടം പാടില്ല. എല്ലാ ദേശവും അവരുടെയല്ലേ.” അയാൾ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.

“എല്ലാവരും ദേശാടനക്കാരല്ലേ. സിനി.”

മേരിയമ്മ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ അയാൾ വേഗം വിഷയം മാറ്റി.പതിവില്ലാത്തതാണ്.ഇറങ്ങാൻ നേരം പതിവുപോലെ മേരിയമ്മ കൂടെ വന്നു. കൈപ്പടങ്ങൾ കൂട്ടിപ്പിടിച്ചു.

“അച്ചൻ ഒരു കാര്യം പ്രത്യേകം പ്രാർത്ഥിക്കണം.ഞാൻ മരിക്കുന്നേന് മുമ്പ് എന്റെ മോൾ. ഞാൻ പോയിക്കഴിഞ്ഞാ എന്റെ മോളെ ഇതുപോലെ ആരു നോക്കും.”

“മറ്റൊരു മേരി.” ഹൃദയം തേങ്ങലോടെ മന്ത്രിച്ചു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org