നിലാവിന്റെ വീട് - 04

നിലാവിന്റെ വീട് - 04
Published on

ടോം കെ. ജോസ്

  • അധ്യായം : നാല്

ഫോൺ നിർത്താതെ ബെല്ലടിച്ചപ്പോഴാണ് വായിച്ചുകൊണ്ടിരുന്ന അയാൾ പുസ്തകത്തിൽ നിന്ന് മുഖമുയർത്തിയത്.

ഷാജിയാണ്. ഇടവക സെക്രട്ടറി.

“അച്ചോ...സ്തുതിയായിരിക്കട്ടെ... ഷാജിയാ...”

എഴുതുന്ന കണക്കുപോലെ സ്തുതി പോലും ഷാജിക്ക് ഷോർട്ട് ഫോമിലാണ്...

“അതേ... കുടുംബയൂണിറ്റ് മീറ്റിംഗുകളുടെ ലിസ്റ്റിട്ടത് അച്ചൻ നോക്കിലാന്ന് കണ്ടോണ്ട് വിളിച്ചതാ...നാളെ പള്ളിയിൽ അറിയിക്കണ്ടേ.”

ഞെട്ടലോടെ ഓർത്തു. നാളെ ഞായറാഴ്ചയാണ്. അറിയിപ്പുകൾ എഴുതിയിട്ടില്ല...

പണ്ട് ചെറുകുറിപ്പുകൾ മാത്രമാണ് എഴുതിയിരുന്നത്. പിന്നെ ശീലം മാറ്റി. മൊത്തം എഴുതി വായിക്കുന്നതാണ് നല്ലത്. സമയം ലാഭിക്കാം. അനാവശ്യ വലിച്ചു നീട്ടലുകൾ ഒഴിവാക്കാം.

പുസ്തകം മടക്കിവച്ച് അയാൾ അലമാരയിൽ നിന്ന് അറിയിപ്പു പുസ്തകമെടുത്തു.

കഴിഞ്ഞ രണ്ടര വർഷത്തിന്റെ ദിനവൃത്താന്തമാണ്.

പുസ്തകത്തിന്റെ താളുകൾ മറിച്ചുതുടങ്ങിയതേ പതിവുപോലെ ആ മുഖം പുസ്തകത്താളിൽ തെളിഞ്ഞു. ഒപ്പം തന്നെ മനസ്സിലും.

സ്റ്റെഫി... തന്റെ സ്റ്റെഫിക്കുട്ടൻ...

വെറുതേ നേരം പോക്കിന് നടക്കാനിറങ്ങിയ തായിരുന്നു. ഒരു പുതിയ നടപ്പു വഴി പരീക്ഷിച്ച് മുന്നോട്ടു നടന്നു. ഒരു കുഞ്ഞ് പിച്ചവയ്ക്കുന്നതു പോലെയാണ് ഒരു വഴിയിലൂടെ ആദ്യം നടക്കുമ്പോൾ തോന്നാറ്. അപരിചിതമെങ്കിലും സ്വാഗതമോതുന്ന പൊന്തപ്പsർപ്പുകൾ... കൗതുകത്തോടെ എത്തിനോക്കുന്ന വൻമരങ്ങൾ... പുഞ്ചിരിക്കുന്ന മുഖങ്ങൾ.

പലരോടും കുശലം പറഞ്ഞ്, കയറിയിരിക്കാനും ചായ കുടിക്കാനുമുള്ള ക്ഷണങ്ങളെ സ്നേഹപൂർവം നിരസിച്ച് മുമ്പോട്ടു പോകുമ്പോളാണ് കണ്ണുകൾ ഒരാളിലുടക്കിയത്. നീളൻ പാവാടയും കൈ നീളൻ ഷർട്ടുമിട്ട് തലയിൽ തോർത്ത് വട്ടം കെട്ടി ഒരാൾ വീട്ടുമുറ്റം തൂമ്പകൊണ്ട് ചെത്തി വൃത്തിയാകുന്നു. അടുത്തെത്താറായപ്പോൾ കൗതുകത്തോടെ പണിക്കാരനെ നോക്കി. പണിക്കാരിയാണ്. വട്ടം കെട്ടിയ തോർത്തിനിടയിലൂടെ അളകങ്ങൾ കാറ്റിൽ പറക്കുന്നു. കാതിൽ പറ്റുകമ്മൽ.

“അയ്യോ... അച്ചൻ!”

ആരുടെയോ അലർച്ചകേട്ട് ഇരുവരും ഞെട്ടി.

അമ്മിണി ചേച്ചിയാണ്...പള്ളി വൃത്തിയാക്കാൻ വന്നപ്പോൾ പരിചയപ്പെട്ട മുഖം.

പണിക്കാരി തലയിലെ കെട്ടഴിച്ച് അയാൾക്കു നേരെ തിരിഞ്ഞു.

വിയർപ്പിൽ കുളിച്ച ഓമനത്തമുള്ള ഒരു മുഖം. കാർമേഘങ്ങൾക്കിടയിൽ അമ്പിളിക്കല പോലെ തെളിഞ്ഞു.

“അച്ചാ, ഇതെന്റെ മോൾ സ്റ്റെഫി. ഇന്ന് രാവിലെയാ ബാംഗ്ലൂരീന്നെത്തിയേ.” അമ്മിണിചേച്ചി പരിചയപ്പെടുത്തി.

സ്റ്റെഫി അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

“ഈ വേഷത്തിൽ നടന്നാ അച്ചനാന്നാരേലും പറയുവോ...”

“പോ പെണ്ണേ... അച്ചനെ ഉപദേശിക്കാണ്ട്.” അമ്മിണിചേച്ചി മകൾക്ക് നേരെ കയ്യോങ്ങി.

“പറയുന്ന ആളിന്റെ ഫ്യൂഷൻ വേഷവും കൊള്ളാം...” അയാൾക്ക് വിട്ടുകൊടുക്കാൻ തോന്നിയില്ല.

“അച്ചനെ വീട്ടിലേക്ക് വിളിക്കെടീ... ഞാൻ കട്ടനിടാം...” എന്തോ പറയാൻ വന്ന സ്റ്റെഫിയെ തടഞ്ഞുകൊണ്ട് അമ്മിണിചേച്ചി പറഞ്ഞു.

സ്റ്റെഫിയുടെ ക്ഷണത്തിന് കാത്തു നില്ക്കാതെ അയാൾ വീടിന്റെ തിണ്ണയിലേക്ക് കയറി.

കണ്ണുകൾ ആദ്യം പോയത് ഭിത്തിയിൽ തൂങ്ങുന്ന സഹകരണ ബാങ്കിന്റെ കലണ്ടറിലേക്കാണ്.

“ലോണെടുത്താലുള്ള മെച്ചമാ... വർഷാ വർഷം കലണ്ടർ ഫ്രീയായി കിട്ടും...”

അയാളുടെ നോട്ടം കണ്ട് സ്റ്റെഫി പറഞ്ഞു.

“ചേച്ചിയെ കെട്ടിക്കാനെടുത്ത ലോൺ പലിശയും പിഴപ്പലിശയും കൂടി ഒരു ബാധ്യതയായി നിൽക്കുന്നു...”

“അപ്പൻ കുഞ്ഞൂഞ്ഞ് സങ്കടമെല്ലാം തീർക്കുന്നത് മദ്യത്തിലാണ്. മണൽവാരി പൊലീസിന്റെ കണ്ണുവെട്ടിച്ച് കടത്തിക്കിട്ടുന്ന പണമാണ് മുഖ്യമൂലധനം. അത് നിലച്ചാൽ സ്വന്തമായി പുറമ്പോക്കിലിരുന്ന് വാറ്റും. ആവശ്യക്കാർക്ക് കൊടുക്കും. ഇടയ്ക്ക് പൊലീസ് തൂക്കും.

അപ്പച്ചൻമാഷാണ് നിർബന്ധിച്ച് നഴ്‌സിംഗിന് വിട്ടത്. ഇപ്പോൾ പഠിച്ച ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കുറച്ചുകൂടി പണം സമ്പാദിച്ചിട്ടുവേണം ജർമ്മൻ പഠിക്കാൻ. എ വൺ കഴിഞ്ഞിട്ട് ജൂനിയേഴ്സിന് ക്ലാസ്സെടുത്ത് ബാക്കി പഠിക്കണം. വീടിന്റെ കടം വീട്ടണം.”

വ്യക്തമായ പദ്ധതികളുണ്ട് സ്റ്റെഫിക്ക്. അമ്മിണിചേച്ചി നിറകണ്ണുകളോടെ കേട്ടിരിക്കുകയാണ്.

“പുള്ളിക്കാരൻ കുടിനിർത്താൻ അച്ചനൊന്നു പ്രാർത്ഥിക്കണം.” അവർ കൂട്ടിച്ചേർത്തു.

“കൂട്ടുകാരാണച്ചോ പ്രശ്നം. പലവട്ടം ധ്യാനത്തിന് വിട്ടതാ. കുടി നിർത്തീന്നു കണ്ടാ ഇവിടെ വന്ന് എടുത്തോണ്ടു പോകും. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാ ഒറ്റയെണ്ണം ഈ വഴി വരില്ല.”

അയാൾ ആദരത്തോടെ അവളെ നോക്കി.

പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയപ്പോൾ വഴിവരെ സ്റ്റെല്ല കൂടെ വന്നു.

“അപ്പനെ ശരിക്കൊന്നു കുടയണം. ഇതിലേ ഇടയ്ക്കൊക്കെ വരണം.”

“സ്റ്റെഫിക്കുട്ടൻ ഇല്ലാത്ത നേരം നോക്കി വരാം...” അയാൾ മന്ദഹാസത്തോടെ പറഞ്ഞു.

ആ സംബോധനയെ സ്റ്റെഫി മൗനം കൊണ്ടംഗീകരിച്ചു.

ബാംഗ്ലൂർക്ക് മടങ്ങും മുൻപാണ് പിന്നെ കണ്ടത്.

“വൈകിട്ടത്തെ ബസ്സിന് പോണം... പിന്നെ പള്ളിയിൽ കണ്ടില്ലല്ലോ എന്ന് വിചാരിക്കല്ലേ...പാലെടുക്കാൻ അമ്മയ്ക്ക് കൂട്ടുപോയി... വെളുപ്പിന് നാലു മണിക്ക് റബർ ടാപ്പിങ്ങിനുപോയ കാര്യമാണ് പറയുന്നത്... എന്നാ അടുത്ത വരവിന് കാണാം...”

കൈകൾ വീശി അവൾ നടന്നു പോയി.

ഒരു ദിവസം പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ.

“അച്ചാ... സ്റ്റെഫിയാണ്... വീടു വരെ അർജന്റായി ഒന്നു വരണം.” എന്തൊക്കെയോ വീണുടയുന്ന സ്വരത്തിൽ കോൾ കട്ടായി.

ളോഹ ധരിക്കാൻ നിൽക്കാതെ അയാൾ പുറപ്പെട്ടു.

പ്രാർത്ഥിച്ചതുപോലെ വഴിയിൽ റിപ്പോർട്ടർമാർ ആരുമില്ലായിരുന്നു.

വീടിന്റെ തിണ്ണയിൽ നിലത്ത് ചുമരും ചാരി കുഞ്ഞൂഞ്ഞു ചേട്ടൻ... നിലത്ത് ചിതറിക്കിsക്കുന്ന മിച്ചർ... ടീപ്പോയിൽ മുക്കാലും തീർന്ന മദ്യക്കുപ്പി... അയാളെക്കണ്ടതും കസേരയിലിരുന്ന കൂട്ടുകാരൻ ഏതിലെയോ അപ്രത്യക്ഷനായി.

“അച്ചനിതുകണ്ടോ... വന്നു വന്ന് ആളെകൂട്ടി വീട്ടിൽവച്ചായി കുടി. കിടന്നുറങ്ങുന്നതു കണ്ടിട്ടാ ഞാൻ അമ്മയ്ക്ക് കാപ്പിം കൊണ്ട് പോയത്...തിരിച്ചുവന്നപ്പോ ഇതാ കാഴ്ച...” സ്റ്റെഫി ചീറുകയാണ്..

“കുഞ്ഞൂഞ്ഞു ചേട്ടാ...”

അയാൾ വിളിച്ചുകൊണ്ട് കൈനീട്ടി...

“അച്ചോ... പറ്റിപ്പോയി...” കൈകൾ കൂപ്പിക്കൊണ്ട് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

വീഴാൻ ഭാവിച്ചപ്പോൾ അയാൾ കൈത്തണ്ടയിൽ പിടിച്ച് നേരെ നിർത്തി.

വിലകുറഞ്ഞ മദ്യത്തിന്റെ രൂക്ഷഗന്ധം.

“ആ മുണ്ട് ശരിക്കുടുക്ക്.” അഴിഞ്ഞുതൂങ്ങിയ മുണ്ടിന് നേർക്കയാൾ കൈ ചൂണ്ടി.

അകത്തേക്ക് പോയ സ്റ്റെഫി മടങ്ങി വന്നത് കൈയിൽ കറിക്കത്തിയുമായിട്ടാണ്...

“ബാഗിലിരുന്ന എന്റെ പൈസ എന്ത്യേ...അതുപോയാ ഞാൻ ജീവിച്ചിരിക്കില്ല... ഈ കാലമാടനേയും ഞാൻ കൊല്ലും...”

അയാളാ കയ്യിൽ പിടിച്ചുനിർത്തി.

“അച്ചൻ വിട്... ജർമ്മൻ പഠിക്കാൻ ഞാൻ സൂക്ഷിച്ചുവച്ച എന്റെ പൈസയാ... എല്ലാം തീർത്തു...” അവൾ പൊട്ടിക്കരഞ്ഞ് നിലത്തിരുന്നു.

“കുഞ്ഞൂഞ്ഞു ചേട്ടാ, പണമെന്തു ചെയ്തു.” അയാളുടെ സ്വരം പതിവിലുമുയർന്നു.

അയാൾ തന്റെ അണ്ടർവെയറിനുള്ളിലേക്ക് കൈയ്യിട്ടു വലിച്ചു... മുഷിഞ്ഞ നോട്ടുകൾ തറയിലെങ്ങും ചിതറി..

“കൊറച്ച് കുപ്പിക്ക് കൊടുത്തു...” അയാൾ പുലമ്പി.

സ്‌റ്റെഫി ആ നോട്ടുകൾക്ക് മീതേക്ക് ഒരു തേങ്ങലോടെ പടർന്നു.

പിന്നെ കുഞ്ഞൂഞ്ഞിനെ കണ്ടത് ഒരു മരിച്ചടക്കിനാണ്. മൂക്കറ്റം മദ്യപിച്ച് മുണ്ട് കയറ്റിക്കുത്തി കൂട്ടുകാരനെ യാത്രയാക്കുകയാണ്.അയാളെക്കണ്ടതും ഓടി അടുത്തെത്തി.

“അവൻ പോയച്ചോ...” കണ്ണീരും ഉമിനീരും വാക്കുകൾക്കൊപ്പം പ്രവഹിച്ചു.

“കുഞ്ഞൂഞ്ഞു ചേട്ടാ, മര്യാദയ്ക്ക് നിൽക്ക്.പ്രാർത്ഥനയ്ക്ക് ഇങ്ങനെയാണോ നിൽക്കുന്നത്.”

ശവമടക്ക് കഴിയും വരെ അയാൾ പ്രകടനം തുടർന്നു... കാണികൾ ഇടപെട്ടിട്ടും മാറ്റമൊന്നുമില്ല...

സ്ലാബ് വലിച്ചിട്ടപ്പോൾ അതിന്റെ മുകളിലായി കിടത്തം.

“എന്നേം കൂടെ ഇതിനാത്ത്...”

“പിടിച്ച് പര്യമ്പറത്തു കൊണ്ടുപോയി രണ്ടെണ്ണം പൊട്ടിക്കുവാ വേണ്ടെ...” ജീപ്പോടിക്കുന്ന വിത്സൺ അടുത്തുവന്ന് ചെവിയിൽ പറഞ്ഞു.

അയാളൊന്നും മിണ്ടിയില്ല.

ഞായറാഴ്ച അറിയിപ്പ് പറഞ്ഞപ്പോൾ ശവമടക്കിന്റെ കയ്പ് മുഴുവൻ തികട്ടിവന്നു. നാവിന്റെ നിയന്ത്രണം നഷ്ടമായി.എന്തൊക്കെ പറഞ്ഞെന്ന് യാതൊരു ഓർമ്മയുമുണ്ടായില്ല. കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു പരിഹാസച്ചിരിയു ണ്ടായിരുന്നു...

അയാൾ പതിവിലും നേരത്തെ പള്ളിമുറിയിലേക്ക് കയറി...

നാലുമണി കുർബാനയ്ക്ക് എന്തുകൊണ്ടോ അറിയിപ്പ് പറയാൻ തോന്നിയില്ല.

എന്തോ പ്രതീക്ഷിച്ചുവന്നവർ നിരാശരായതുപോലെ തോന്നി...

പകൽ എങ്ങോട്ടോ സാവധാനമിഴഞ്ഞുപോയി.

രാത്രി കിടക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

സ്റ്റെഫിയാണ്...

ഉള്ളിലൊരാന്തലോടെ അയാൾ ഫോണെടുത്തു.

“അച്ചൻ പതിനൊന്നു കൊല്ലമല്ലേ അച്ചനാകാൻ പഠിച്ചേ...” മനസ്സിനെ കശാപ്പുചെയ്യുകയാണ് വാക്കുകൾ.

സ്റ്റെഫിയുടെ മുഖം ശരിക്ക് കാണാമിപ്പോൾ... അപമാനിതയുടെ മുഖം...

“റാങ്ക് മേടിച്ചല്ലേ ജയിച്ചേ...”

ഇടവകയിൽ ചുമതലയേറ്റയന്ന് പരിചയപ്പെടുത്തിയപ്പോൾ ഷെറിൻ വിളമ്പിയതാണ് റാങ്കും സാഹിത്യവും...

“സ്റ്റെഫിക്കുട്ടാ...” അയാളുടെ സ്വരം വിറയാർന്നു.

“എന്നെ ഇനി അങ്ങനെ വിളിച്ചുപോകരുത്.” അപമാനിതയായ ഒരലർച്ച നാവിനെ തളർത്തി.

“പതിനൊന്നു കൊല്ലം പഠിപ്പിച്ച ഒരച്ചനും പറഞ്ഞു തന്നില്ലേ കുടിയൻമാർക്ക് ഭാര്യയും പെൺമക്കളും കാണുമെന്ന്...”

കനത്ത നിശ്ശബ്ദത ഇരുവർക്കുമിടയിൽ പടർന്നു.

“കൊച്ചേ... സോറി... ഞാൻ ഒന്നുമോർക്കാതെ... എന്തൊക്കെയോ പറഞ്ഞു പോയി... എന്നോട് ക്ഷമിക്ക്...” അയാൾ ഒരു വിതുമ്പലിന്റെ വക്കിലെത്തി...

“വേണ്ട ഇനിയൊന്നും പറയണ്ട... എനിക്കിനി കാണുകേം വേണ്ട...” അമർത്തിയ ഒരു തേങ്ങൽ കാതുകളിൽ വന്നലച്ചു.

എത്ര നേരമിരുന്നു എന്നറിയില്ല.

പതിവുപോലെ ഒന്നുമെഴുതാതെ അയാൾ അറിയിപ്പു പുസ്തകം അടച്ചു.

പശ്ചാത്താപവിവശമായ മനസ്സിന്റെ വാതിൽ മാത്രം വിജനതയിലേക്ക് വെറുതേ തുറന്നുകിടന്നു.

  • (തുടരും)

logo
Sathyadeepam Online
www.sathyadeepam.org