

ടോം കെ. ജോസ്
അധ്യായം : മൂന്ന്
ഒരു രഹസ്യം കേട്ടല്ലോ.
രാവിലത്തെ കുർബാന കഴിഞ്ഞ് എല്ലാവരും പോയതിനുശേഷം അടുത്തു വന്ന് അപ്പച്ചൻ സാർ പതിയെ പറഞ്ഞു.
അപ്പച്ചൻ സാറിന്റെ പതിവാണത്. കുർബാന കഴിഞ്ഞ് എല്ലാവരും പോയിക്കഴിയും വരെ മാവിൻ ചുവട്ടിൽ കാത്തുനിൽക്കും. എന്തിനാ കാത്തുനിൽക്കുന്നതെന്ന് ചോദിക്കുമ്പോൾ പറയും,
“ഞാൻ ഈ ഇടവകയിൽപ്പെട്ട ആളല്ലല്ലോ. അവകാശമുള്ളവർ ആദ്യം കാണട്ടെ. എനിക്ക് വീട്ടിൽ ചെന്നിട്ട് ഒന്നും ചെയ്യാനില്ല... ഒറ്റത്തടിയല്ലേ... എന്നിട്ട് കൂട്ടിച്ചേർക്കും... അച്ചനേപ്പോലെ.”
ഇടവകയുടെ അതിർത്തിയിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ, മനുഷ്യസ്നേഹി, വായനയെ ഇഷ്ടപ്പെടുന്നയാൾ.
ഇടവകയിൽ ചുമതലയേറ്റ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു സായാഹ്നത്തിലാണ് അപ്പച്ചൻസാർ കാണാൻ വന്നത്. വന്നതിന് കാരണം ചോദിച്ചപ്പോൾ കണ്ണിറുക്കിക്കൊണ്ട് ചെറുപുഞ്ചിരിയോടെ പറഞ്ഞു,
“മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്ന അച്ചനെ കാണാൻ വന്നതാ...”
വാർത്തയുടെ ഉറവിടം കണ്ടെത്താൻ മനസ്സ് അധികസമയമെടുത്തില്ല.
അടുത്തമാസം പത്രം ഇടണോ എന്ന് ചോദിക്കാൻ വന്ന സന്തോഷിന് വലിയ നിരാശയായിരുന്നു.
“ഇപ്പോ ആരും വലിയ പത്രവായനയൊന്നുമില്ല. എല്ലാം മൊബൈലിൽ അല്ലേ. പിന്നെ വഴി ഇങ്ങനെ ആയോണ്ട് വെറുതേ ജിമ്മിൽ പൈസ കൊടുക്കണ്ട. അതാ ഏക ഉപകാരം.”
അവനോട് മാതൃഭൂമി ആഴ്ചപ്പതിപ്പ് കൂടി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ അവന്റെ മുഖം വല്ലാതെ വിടർന്നു.
“ഇങ്ങനെ എല്ലാരും കുറച്ച് മാസികേം കൂടി വരുത്താമെങ്കിൽ എനിക്ക് കോളായി... ഈ വഴിക്കൂടെ ഇത്രയും ദൂരം സൈക്കിൾ ചവിട്ടി വരുമ്പോൾ എനിക്കെന്തേലും ഒക്കണ്ടേ അച്ചോ... പിന്നെ ഈ ഇടവകയിലെ അധികം പേരൊന്നും പത്രം വരുത്തുന്നില്ല. വരുത്തുന്നവർ വായിക്കുന്നുമില്ല. പിന്നെ പൈസാ... അത് പിടിച്ചുമേടിക്കണം.”
“എന്റെ കാര്യം സന്തോഷ് പേടിക്കണ്ട. വേണമെങ്കിൽ വരിസംഖ്യ ഒരു വർഷത്തേക്കുള്ളത് മുൻകൂറായി അടച്ചേക്കാം.”
“ഇല്ലച്ചോ ഒരു പേടിയുമില്ല. എനിക്ക് വായിക്കുന്നോരെ വിശ്വാസമാണ്.”
സന്തോഷ് സൈക്കിളിൽ ചൂളമടിച്ച് പറന്നുപോയി.
പത്രത്തിന്റെ കൂടെ ആഴ്ചപ്പതിപ്പുകൂടി വരുത്തുന്നതിന്റെ ഉപകാരസ്മരണയാണ്. കണ്ട എല്ലാവരോടും സന്തോഷ് പറഞ്ഞിട്ടുണ്ട്, പുതിയ അച്ചൻ വലിയ വായനക്കാരനാണ്. മാതൃഭൂമി ഒക്കെയാണ് വായിക്കുന്നത്.സന്തോഷിന്റെ സാക്ഷ്യം കേട്ടാണ് അപ്പച്ചൻസാർ വന്നത്. വെറുതേ ഓരോന്നു പറഞ്ഞിരുന്നു.വായനയെക്കുറിച്ച്, സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ച്, തന്നെക്കുറിച്ച് വ്യക്തിപരമായൊന്നും സാറ് ചോദിച്ചില്ല എന്നത് പ്രത്യേകം ശ്രദ്ധിച്ചു. പലപ്പോഴും എല്ലാവർക്കും അറിയേണ്ടത് തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്. വീട്ടിലെ സാമ്പത്തികസ്ഥിതി, എന്തിനാണ് അച്ചനായത്... എത്ര ശക്തമായി വാതിൽ വലിച്ചടച്ചാലും ചിലർ മുട്ടിക്കൊണ്ടേയിരിക്കും, തുറക്കും വരെ!
മൃദുവായൊന്നു തട്ടുക പോലും ചെയ്യാതെ ആ വയോധികൻ ഇരുളിലേക്കിറങ്ങി.
“ഞാൻ ഇനിയും ഇടയ്ക്ക് വരും കേട്ടോ... ശല്യമായി തോന്നുമ്പോൾ മടിക്കാതെ പറഞ്ഞാൽ മതി...”
അയാൾ അത് കേൾക്കാത്തതുപോലെ നിന്നു.
നിക്കൊദേമോസ്. സമൂഹത്തെ വെന്നവൻ...മനസ്സ് മന്ത്രിച്ചു.
അപ്പോൾ നീയോ... പതിവുപോലെ മനസ്സ് മറുചോദ്യമിട്ടു.
ആ ചോദ്യത്തിനുനേർക്ക് അയാൾ വാതിലടച്ച് കുറ്റിയിട്ടു.
* * * * *
“ബ്ലെസ് മീ ഫാദർ... അയാം എ സിന്നർ...”
അപരിചിതമായ ആ സ്വരംകേട്ട് അയാൾ ഞെട്ടി ഉണർന്നു... കുമ്പസാരക്കൂട്ടിലാണ്... മനസ്സ് എവിടേക്കോ പിടിവിട്ട് പോയിരുന്നു...പണ്ടേയുള്ള പതിവാണ് രാവിലെ അഞ്ചരയ്ക്ക് തന്നെ കുമ്പസാരക്കൂട്ടിൽ വന്നിരിക്കുക എന്നത്. കുർബാനയ്ക്ക് നടമണി അടിക്കും വരെ വെറുതെ സക്രാരിയിലേക്ക് നോക്കി ഓരോന്ന് ചിന്തിച്ചിരിക്കും... എന്തെല്ലാം ചിന്തിക്കാൻ ഉണ്ട്. ഇടയ്ക്ക് ആരെങ്കിലും കുമ്പസാരത്തിന് വരും. ഇടവേളകളിലാണ് ചിന്ത.അല്ല ധ്യാനം. അപ്പോഴാണ് ആ സ്വരം.
തോന്നലല്ല... അപ്പുറത്ത് ഒരു നിഴലനക്കമുണ്ട്.
ഇവിടെ... ആര്...ഇംഗ്ലീഷിൽ കുമ്പസാരിക്കാൻ. അയാൾ കൗതുകത്തോടെ വലക്കണ്ണികൾക്കുള്ളിലേക്ക് നോക്കി. പതിവില്ലാത്ത ഒരു കാര്യം ചെയ്യുന്നവന്റെ ജാള്യത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. അപ്പുറത്ത് പിക്സൽ കുറഞ്ഞ ഒരു കുരുന്നു മുഖം തെളിഞ്ഞു വരുന്നു...
“മേ ഗോഡ് ബ്ലെസ് യൂ...”
അയാൾ താത്പര്യപൂർവം ചെവിയോർത്തു. കൊച്ച് നല്ല ഫോറിൻ ആക്സന്റിലാണ്. ലോകം കണ്ടു തുടങ്ങുന്ന നിഷ്കളങ്ക നയനങ്ങളുടെ ജിജ്ഞാസകൾ... പാപസങ്കീർത്തനം ഒരു സ്നേഹസംഭാഷണത്തിന് വഴി മാറിയത് ഇരുവരുമറിഞ്ഞില്ല.
കുർബാനയ്ക്ക് ചില അപരിചിത മുഖങ്ങളുണ്ടെന്ന് നോക്കാതെതന്നെ അയാൾ അറിഞ്ഞു. അങ്ങനെയൊരു ആറാമിന്ദ്രിയമുണ്ടെന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുള്ളത് അനുഭവമായി മാറുന്നു. പതിവായി വരുന്നവർ... ഞായറാഴ്ച്ചക്കാർ... അവർ സ്ഥിരമായി നിൽപ്പുറപ്പിക്കുന്ന നിലപാടുതറകൾ എല്ലാം നോക്കാതെതന്നെ കാണാം... അസാന്നിധ്യവും
കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മാവിൻചുവട്ടിൽ അപ്പച്ചൻ മാഷിന്റെ കൈയ്യിൽ തൂങ്ങി അവളുണ്ടായിരുന്നു. ഒരു ചിത്രശലഭത്തെപ്പോലെ പറന്നുവന്ന് ഒരു ചോക്ലേറ്റ് ബോക്സ് നീട്ടി...
“ആം നിള... താങ്ക്‌യൂ ഫോർ ഹിയറിംഗ് മൈ കൺഫഷൻ.” മറുപടിക്ക് കാക്കാതെ ശലഭം പൂവിലേക്ക് മടങ്ങി.
അയാൾ മാവിൻ ചോട്ടിലേക്ക് ചുവടുകൾ വച്ചു.
മാഷിന്റെ കണ്ണുകളിൽ ഒരു ചെറിയ നനവുണ്ട്... വികാരത്തള്ളിച്ചയിൽ മുഖം വല്ലാതെ തുടുത്തിരിക്കുന്നു.
“അച്ചന്റെ പ്രാർഥന ദൈവം ഇത്രവേഗം കേൾക്കുമെന്ന് കരുതിയില്ല... എനിക്ക് വാക്കുകളില്ല നന്ദി പറയാൻ... ദൈവത്തോടും അച്ചനോടും...” കൈകൾ കൂപ്പിക്കൊണ്ട് അപ്പച്ചൻ മാസ്റ്റർ പറഞ്ഞു.
പതിവില്ലാത്തതാണ് ഈ കൈകൂപ്പൽ. കൈപ്പടങ്ങൾ കൂട്ടിയുള്ള ഈ പിടുത്തം. കണ്ണുകളിലേക്കുള്ള ഉറ്റുനോട്ടം.
അയാളൊന്നും പറഞ്ഞില്ല.
“എന്നാൽ ഞങ്ങൾ പോട്ടെ...”
“ആ... ഞാൻ...ഞങ്ങളായല്ലോ... ചെല്ല്...” കുസൃതിച്ചിരിയോടെ അയാൾ പറഞ്ഞു.
നീളയോടൊപ്പം ആ സ്നേഹ നദിയും പാതയിലേക്കൊഴുകി പ്പടർന്നു.
അയാൾ പാതിതുറന്നു കിടന്ന വാതിലിലൂടെ ആൾത്താരയിലേക്ക് നോക്കി. ഒരു കള്ളച്ചിരിയോടെ ഈശോ മുഖം വെട്ടിച്ചു.
അയാളുടെ മുഖത്തും നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു.
സന്ദർശനങ്ങൾ ഒരു പതിവായപ്പോഴാണ് അപ്പച്ചൻ മാസ്റ്റർ ഓർമ്മച്ചെപ്പ് തുറന്നത്, പതിവില്ലാത്ത ഒരാമുഖത്തോടെ....
“അച്ചന് സമയമുണ്ടോ. ഞാൻ കുറച്ച് സമയമെടുത്താൽ...”
“നാല് മണി വരെ സമയമുണ്ട്. അതുകഴിഞ്ഞ് അടുത്ത പള്ളിയിൽ ഒരടക്കുണ്ട്. അതിന് പോണം.”
“ഈ അച്ചന്റെ ഒരുകാര്യം. എന്ത് സന്തോഷാന്നറിയാമോ ഇങ്ങനൊരു മറുപടി കേൾക്കുമ്പോൾ...”
മാഷിന്റെ മുഖം വിടർന്നു.
“ഏക മകൻ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയിട്ട് വർഷങ്ങളായി... ഭാര്യ മരിച്ചപ്പോഴും വന്നില്ല. അധ്യാപകരുടെ ഏക മകനല്ലേ.. അല്പം നിയന്ത്രണത്തിൽ വളർത്തി... മുടങ്ങാതെ അക്കൗണ്ടിൽ പണം വരും. അതങ്ങനെ പെറ്റുപെരുകുന്നു... മറുപടികൾ എപ്പോഴും ഏതാനും വാക്കുകളിലൊതുങ്ങും... ആഴ്ചയിലൊരിക്കൽ നിളയെ വീഡിയോ കോളിൽ കിട്ടും...അതാണ് കാത്തിരിക്കുന്ന ഏക കാര്യം...”
അച്ചൻ പ്രാർഥിക്കണമെന്ന് അപ്പച്ചൻ മാസ്റ്റർ പറഞ്ഞ ഏക കാര്യമിതാണ്... മകന്റെ ഒരു കൊച്ചുസന്ദർശനം... ചില ചെറിയ കാര്യങ്ങൾക്ക് ചിലപ്പോൾ എന്തുവിലയാണെ ന്നോർത്ത് അയാൾ അറിയാതെ തലകുലുക്കി... അമ്മയെ ഓർത്തു... വീട്ടിൽ ചെല്ലുമ്പോഴൊക്കെ എപ്പോഴാണ് മടക്കം എന്ന് ഉത്കണ്ഠയോടെ ചോദിക്കുന്ന അമ്മ... ചാച്ചൻ ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ചതാണ്... ഇപ്പോൾ അപ്പച്ചൻ മാസ്റ്ററേപ്പോലെ പ്രാർഥിക്കുകയായിരിക്കും...
“ഒത്തിരി ആലോചിക്കണമല്ലേ; ഉത്തരം പറയാൻ.”
അയാൾ ചിന്തകളിൽ നിന്നുണർന്നു... അപ്പച്ചൻ മാസ്റ്ററാണ്
“എന്തു രഹസ്യം...”
“ഒത്തിരി ഒളിക്കണ്ട... അച്ചൻ പിതാവിനെ കാണാൻ പോയെന്ന് ഞാനറിഞ്ഞല്ലോ.”
അയാൾ ഒരു ഞെട്ടലോടെ അപ്പച്ചൻ സാറിനെ നോക്കി.
“ഞങ്ങളെ ഇട്ടേച്ച് അച്ചൻ ഇവിടെ നിന്ന് പോകുവാ അല്ലേ...”
അയാൾ മറുപടി പറഞ്ഞില്ല.
“വിവരമൊക്കെ ഞാനറിഞ്ഞു...”
എല്ലാമറിഞ്ഞ് വന്നവനോട് എന്ത് കള്ളം പറയാൻ...
“പോയേക്കാം... അല്ലേ...”
അയാൾ ആരോടെന്നില്ലാതെ പറഞ്ഞു...
യാത്ര പറയാതെ അപ്പച്ചൻ മാസ്റ്റർ നടന്നു കഴിഞ്ഞിരുന്നു...
ദുഃഖം ഒരു നിഴൽ പോലെ അയാൾക്ക് മുൻപിൽ നടക്കുന്നുണ്ടായിരുന്നു.
മാവ് മാത്രം സങ്കടത്തോടെ തലയാട്ടി...
(തുടരും)