നിത്യാനുരാഗി [05]

നിത്യാനുരാഗി [05]

ഒട്ടും ആരോഗ്യം ശ്രദ്ധിക്കാതെ പണിയെടുത്തതിനാലാണ് പീറ്റര്‍ രോഗിയായത്. രാപകല്‍ അയാള്‍ പണിയെടുത്തു. സുല്‍ത്താനയുടെ മരണം അയാളെ തകര്‍ത്തു കളഞ്ഞിരുന്നു താനും. പീറ്റര്‍ വീട്ടില്‍ക്കിടന്നുതന്നെ മരിച്ചു. അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുവാന്‍ ആരൊക്കെയോ സഹായവുമായി വന്നു. മരണസമയത്ത് പീറ്ററിനെ അവസാനമായി കാണാന്‍ അമ്മയ്ക്കു കഴിഞ്ഞില്ലല്ലോ എന്ന ഖേദവും ജിബ്രാനെ അലട്ടി. ഒരു വര്‍ഷത്തിനിടയില്‍ അടുപ്പിച്ചടുപ്പിച്ച് മരണങ്ങള്‍. എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ മരണം തന്നെയും പിടികൂടുമെന്ന ചിന്തയിലേക്ക് വീണ്ടും അയാള്‍ വഴുതി. മരണം ഒരു ശിക്ഷയാണെന്നു വരികില്‍ ആദ്യം മരിക്കേണ്ടതു താനായിരുന്നു. എങ്കില്‍ ആ ശിക്ഷ ഒരു സമ്മാനമായേനെ.

* * * * * *

നേര്‍ത്ത വെളിച്ചത്തിലിരുന്നു മരിയന്ന തുന്നല്‍ പ്പണി ചെയ്യുന്നത് കുടുംബം മുന്നോട്ടു കൊണ്ടുപോകാനാണ്. വൈകാതെ അവളുടെ കണ്ണുകള്‍ കേടുവരും. സൂചി തന്റെ കണ്ണില്‍ കുത്തിക്കയറുന്നതായും നൂല്‍ തന്റെ കണ്ഠത്തില്‍ ചുറ്റി വരിയുന്നതായും അയാള്‍ക്കു തോന്നി. താനും കൂടി ജീവിച്ചിരിക്കുവാന്‍ വേണ്ടിയാണ് ആ പാവം പണിയെടുക്കുന്നത് - താനാണ് അവളെ പോറ്റേണ്ടതെന്നിരിക്കെ. എന്തൊരു ദാരുണാവസ്ഥ. ഛായത്തിനും പെന്‍സിലുകള്‍ക്കും ആ പാവം പണം തരുന്നു - അരിഷ്ടിച്ചുണ്ടാക്കുന്നതില്‍ നിന്ന്.

ഒടുവില്‍ എങ്ങനെയൊക്കെയോ ജിബ്രാന് ചിത്ര പ്രദര്‍ശനത്തിന് ഒരു ഹാള്‍ വാടകയ്‌ക്കെടുക്കാന്‍ കഴിഞ്ഞു. പക്ഷേ, പ്രദര്‍ശനം ഏറെച്ചെന്നിട്ടും മാധ്യമ പ്രവര്‍ത്തകരാരും അവിടെ കയറിച്ചെന്നതേയില്ല. പൊതുജനവും വലിയ താത്പര്യം കാണിച്ചില്ല. കലാനിരൂപകരുടെ ഭാവത്തില്‍ വല്ലപ്പോഴുമെത്തിയ ചില പിത്തലാട്ടക്കാര്‍ വിമര്‍ശിച്ചും സ്തുതിച്ചും ഓരോന്നും പറഞ്ഞതല്ലാതെ ചിത്രം വാങ്ങാന്‍ തയ്യാറായില്ല. ആ ചിത്രങ്ങളില്‍ ആത്മാവിന്റെ നഗ്നതയും കവിതയും ഒഴുകി നടന്നു. ചിലര്‍ തികഞ്ഞ ഒരു പ്രതിഭാശാലിയെ ആ ചിത്രങ്ങളില്‍ കണ്ടു. ചിലര്‍ ഒരു സാഹസികനേയും.

ഒരു ദിവസം പ്രദര്‍ശനശാലയില്‍ ഒരു കോണില്‍ ഒരു മാസികയും വായിച്ച് ജിബ്രാന്‍ വിശ്രമിക്കുകയായിരുന്നു. എപ്പോഴോ, ഒരു യുവതി വന്നു കയറി. ഓരോ ചിത്രത്തിനും മുന്നില്‍ അവള്‍ കുറേ നേരം ചെലവഴിക്കുന്നുവെന്നു കണ്ടപ്പോള്‍ ജിബ്രാനില്‍ താല്പര്യമുണര്‍ന്നു. ഒരു ചിത്രം അവള്‍ വാങ്ങിച്ചേക്കുമോ? അയാളെഴുന്നേറ്റ് അവളെ സമീപിച്ചു. അയാള്‍ ചോദിച്ചു.

''ചിത്രങ്ങള്‍ വ്യാഖ്യാനിച്ചു തരട്ടെ?''

''അങ്ങനെ ചെയ്താല്‍ നന്നായിരുന്നു. ഈ ചിത്രങ്ങള്‍ തീര്‍ത്തും അസാധാരണങ്ങളാണ്. തികച്ചും വ്യത്യസ്തമാണെന്നാണ് ഞാനുദ്ദേശിച്ചതു കേട്ടോ. എനിക്ക് കലയോട് അനുരാഗമാണ്. ഞാനൊരു കലാകാരിയല്ലെങ്കിലും. നിങ്ങളും ഒരു ചിത്രകാരനാവും. അല്ലേ?''

''അതെ. ചിത്രകാരന്മാരുടെ കുലത്തില്‍ വന്നു പിറക്കാന്‍ ഭാഗ്യം ചെയ്ത ഒരുവന്‍.''

''ഈ ചിത്രങ്ങള്‍ വരച്ച ആളെ അറിയാമോ?'' അവള്‍ ഉല്‍ക്കണ്ഠിതയായി.

''ഞാന്‍ തന്നെയാണ്.''

ഒരു നിമിഷം അവിശ്വാസത്തോടെയെന്നപോലെ നിന്ന ശേഷം അവള്‍ ഹസ്തദാനത്തിനായി കരതലം നീട്ടി.

''നിങ്ങളാണല്ലേ മിസ്റ്റര്‍ ജിബ്രാന്‍.''

''അതേയതെ.''

''മിസ്റ്റര്‍ ജിബ്രാന്‍, പരിചയപ്പെടുന്നതിലത്യന്തം സന്തോഷം തോന്നുന്നു. ഞാന്‍ പെണ്‍കുട്ടികള്‍ ക്കായി കേംബ്രിഡ്ജ് സ്‌കൂള്‍ നടത്തുന്നു. പേര് മേരി ഹസ്‌കല്‍. ആ സ്ഥാപനത്തെപ്പറ്റി കേട്ടിരിക്കാം. എന്റെ ചേച്ചിയാണാ സ്ഥാപനം നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം അവള്‍ വിവാഹിതയായപ്പോള്‍ ഞാനത് വാങ്ങി.''

''ബോസ്റ്റണില്‍ ആരാണാ സ്‌കൂളിനെപ്പറ്റിയറിയാത്തത്? മിസ്. ഹസ്‌ക്കല്‍, നിങ്ങളെ പരിചയപ്പെടാനിടയായതില്‍ എനിക്കും വളരെ സന്തോഷം.''

''എന്റെ ആകാംക്ഷ ക്ഷമിക്കണേ. നിങ്ങള്‍ ഏതു നാട്ടുകാരനാണ്? ഫ്രഞ്ചുകാരനോ ഇറ്റാലിയനോ?''

''രണ്ടുമല്ല, ഞാന്‍ ലബനോണില്‍ നിന്നും വന്നവനാണ്.''

''ആഹാ! ലെബനോണ്‍. ദേവദാരു വൃക്ഷങ്ങളുടേയും ഗീതകങ്ങളുടെയും നാടല്ലേ അത്?''

''അതെ. അതാണെന്റെ സ്വരാജ്യം. പുരാതനമായ ബിസ്ഹാരി എന്നൊരു ഗ്രാമത്തില്‍.''

''പാരീസിലാണോ ചിത്രകല അഭ്യസിച്ചത്?''

''ഏയ്, മിക്കവാറും സ്വപരിശ്രമം തന്നെ. ബോസ്റ്റണിലെ ചില മുതിര്‍ന്ന ചിത്രകാരന്മാരുടെ ഉപദേശങ്ങളും ലഭിച്ചിട്ടുണ്ട്. അത്രതന്നെ.''

''എന്നിട്ടും ഇത്ര ചെറുപ്പത്തില്‍ത്തന്നെ ഇത്രയും മികവ്! എന്താ പറയുക? അതിശയം തന്നെ.''

''ദാ! ഒരു കസേര, ഇരിക്കൂ.''

''ഇരിക്കാന്‍ വന്നതല്ലല്ലോ. പഠിക്കാനാണ്. എല്ലാമെനിക്കൊന്നു വിസ്തരിച്ചു തരൂ. ഈ ശൈലി മൗലികമാണ്. എങ്ങനെ ഇതു സ്വായത്തമാക്കി? അലൗകികമായ ഭാവനാശക്തി. ആത്മത്തില്‍ തൊടുന്ന അനുഭവം.'' മേരി ഹസ്‌ക്കലിന് വികാരവൈവശ്യം അനുഭവപ്പെട്ടു.

മേരിയോടൊപ്പം നടന്ന് ഓരോ ഘട്ടത്തിലും താന്‍ വരച്ച ചിത്രങ്ങള്‍ക്കു ചേര്‍ന്ന വിശദീകരണങ്ങള്‍ ആനന്ദത്തോടെ അയാള്‍ നല്കി. സംഭാഷണമത്രയും തീര്‍ന്നശേഷമേ, മേരി പ്രതികരിച്ചുള്ളൂ. അവള്‍ പറഞ്ഞു.

''മറ്റൊരു ചിത്രകാരനില്‍ നിന്നും ഇത്രയും അനുഭൂതിവര്‍ണ്ണനകള്‍ ഞാന്‍ കേട്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ അര്‍ത്ഥം പിടിതരാത്ത ഈ ചിത്രങ്ങള്‍ പുരാവൃത്തങ്ങളുമായും പുരാതന സാഹിത്യവുമായുമൊക്കെ ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങളുടെ ദര്‍ശനം മഹനീയം തന്നെ.''

'വേദനയുടെ ജലധാര' എന്ന ചിത്രമാണ് മേരിക്കേറ്റവും ഹൃദയാവര്‍ജകമായനുഭവപ്പെട്ടത്. അവള്‍ ആ ചിത്രത്തിനു മുന്നില്‍ ധ്യാനലീനയായി നിന്നപ്പോള്‍ ഒരു യഥാര്‍ത്ഥ ആസ്വാദകയെ കണ്ടതിന്റെ നിറവിലായി ജിബ്രാന്‍.

''ഈ ചിത്രങ്ങളില്‍ കേന്ദ്രപ്രമേയം മിക്കവാറും മരണവും വേദനയുമാണല്ലോ. ആവര്‍ത്തിച്ച് ഇത്തരം മുദ്രകള്‍ പ്രത്യക്ഷപ്പെടാനെന്താണ് കാരണം?'' മേരി ഉച്ചിഗ്നയായി.

''സ്വാനുഭവങ്ങള്‍. എന്റെ കുടുംബാംഗങ്ങളില്‍ മൂന്നുപേര്‍ തുടരെത്തുടരെ ഇല്ലാതായി. ആദ്യം പെങ്ങള്‍ പിന്നീട് ജ്യേഷ്ഠന്‍ അവസാനം അമ്മയും. അവരെന്നെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു.'' ജിബ്രാന്റെ ഭാവം പെട്ടെന്നു മാറി. അയാള്‍ അത്യന്തം വിഷാദവാനായി.

''നിങ്ങളുടെ വേദന എളുപ്പമെനിക്ക് പിടികിട്ടും. നിങ്ങളുടെ കണ്ണീരിനെ എന്റെ ഹൃദയത്തിന് എളുപ്പം മനസ്സിലാകും. ഈ ലോകത്തിലെനിക്കേറ്റം പ്രിയങ്കരിയായിരുന്ന അമ്മ ഈയിടെയാണ് ചരമമടഞ്ഞത്. ഹൃദയം പറിഞ്ഞുപോകുന്ന വേദന. ഇപ്പോഴുമൊടുങ്ങിയിട്ടില്ല. നമുക്കിടയിലിപ്പോള്‍ രക്തബന്ധമായി. കലയുടേയും വേദനയുടേയും. അവള്‍ വിതുമ്പലിന്റെ വക്കത്തെത്തി.

''വേദനകൊണ്ടുള്ള ബന്ധം മറ്റേതു ബന്ധത്തേക്കാളും ശക്തമാവും. നിലനില്‍ക്കും അത്തരം ബന്ധങ്ങള്‍. മറ്റെല്ലാം അപ്രസക്തമാണ്.'' ജിബ്രാനും വിങ്ങി.

മേരി പെട്ടെന്ന് സമനില വീണ്ടെടുത്തു.

''മിസ്റ്റര്‍ ജിബ്രാന്‍. നിങ്ങള്‍ എന്നോട് ദയ കാണിക്കുന്നു. ഞാനിതിനെങ്ങനെ നന്ദി പറയും? നമുക്കിടയില്‍ മുളച്ച ഈ ബന്ധം കരിഞ്ഞുപോകാതിരിക്കട്ടെ. നിങ്ങള്‍ക്കെന്റെ സ്ഥാപനത്തിലേക്കൊന്നു വരാമോ? ഈ പ്രദര്‍ശനം ഒഴിവാക്കരുതെന്നെന്നോട് പറഞ്ഞ സുഹൃത്തിനോട് ഞാന്‍ ഹൃദയംകൊണ്ട് നന്ദി പറയുന്നു. നിര്‍ബന്ധമായും കാണണമെന്ന് അവള്‍ പറഞ്ഞിരുന്നു. അഥവാ ഈ കലാസൗന്ദര്യവും നിങ്ങളുമായുള്ള പരിചയവും എനിക്ക് നഷ്ടപ്പെടുമായിരുന്നു. എങ്ങനെ ഈ പ്രദര്‍ശനം വിജയകരമാകുന്നുണ്ടോ?''

''സന്ദര്‍ശകര്‍ ഉണ്ട്. പക്ഷേ, ചിത്രങ്ങള്‍ വിറ്റുപോകുന്നില്ല. പലരും വാഗ്ദാനങ്ങള്‍ തന്നിട്ടു പോകുന്നു. അത്രമാത്രം.''

''ശരിയാകും എല്ലാം. തീര്‍ച്ചയായും സ്‌കൂളിലേക്കു വരണേ. നിങ്ങളെന്നെ അതിശയിപ്പിക്കുന്നു.''

* * * * * *

ഫ്രെഡ് ഹോളണ്ട്‌ഡേ എന്ന ചിത്രകാരനുമായുള്ള പരിചയമാണ് ജിബ്രാന് ഒരു ചിത്രപ്രദര്‍ശനം നടത്താനുള്ള സൗകര്യങ്ങളിലേക്ക് വഴി തുറന്നത്. ഹോളണ്ട് ഡേ ബോസ്റ്റണിലെ കലാ-സാഹിത്യ വൃത്തങ്ങളിലെ ഒരു പ്രമാണിയും ആരാധനാപാത്രവുമായിരുന്നു. ജോസഫൈനും അയാളുടെ വൃത്തങ്ങളില്‍ പരിചിതയായിരുന്നു. ജോസഫൈനാണ് മേരി ഹസ്‌ക്കലിനോട് ജിബ്രാന്റെ ചിത്ര പ്രദര്‍ശനം ഒഴിവാക്കരുതെന്ന് നിര്‍ബന്ധിച്ചതെന്ന് ജിബ്രാന്‍ പിന്നീട് മനസ്സിലാക്കി.

ലബനോണില്‍ നിന്നും തിരിച്ചെത്തിയശേഷം മ്ലാനിയും മൗനിയുമായി നടക്കുന്ന നാളുകളില്‍ ജിബ്രാന്‍ വീണ്ടും ജോസഫൈനെ കണ്ടുമുട്ടിയിരുന്നു. തന്റെ ജീവിത പശ്ചാത്തലങ്ങളെല്ലാം തുടക്കം തൊട്ടേ ജോസഫൈനില്‍ നിന്നും മറച്ചുപിടിച്ചിരുന്നു ജിബ്രാനെങ്കിലും ബുദ്ധിമതിയായ ജോസഫൈന്‍ വസ്തുസ്ഥിതികള്‍ മിക്കവാറും മനസ്സിലാക്കിയിരുന്നു.

ജോസഫൈന്റെ പിതാവ് നടത്തി വന്നിരുന്ന വ്യാപാരം തകര്‍ന്നടിഞ്ഞു പോയത് പൊടുന്നനെയായിരുന്നു. കുടുംബത്തിന് സര്‍വസ്വവും നഷ്ടപ്പെടുമെന്ന നിലവന്നപ്പോള്‍ കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി ആ കുടുംബം അഭയം തേടി പലായനം ചെയ്തു. സ്വതേ തകര്‍ന്നിരുന്ന ജിബ്രാനില്‍ ജോസഫൈന്റെ നിഷ്‌ക്രമണം മറ്റൊരു ആഘാതം കൂടി ഏല്പിച്ചു. ജോസഫൈന്റെ ദുര്‍വിധി മറ്റൊരു ഭാരമായി അയാളുടെ ഹൃദയത്തില്‍ കനംതൂങ്ങുകയും ചെയ്തു.

* * * * * *

ചിത്രപ്രദര്‍ശനശാലയില്‍ നിന്ന് മേരി ഹസ്‌ക്കല്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ താന്‍ ഒരു രക്ഷാമാലാഖയെ കണ്ടെത്തിയതായി ജിബ്രാനനുഭവപ്പെട്ടു. എത്രയോ കാലമായി താന്‍ കാത്തിരുന്ന ദേവദൂതികയാണോ മേരി?

ജിബ്രാന്റെ ചിത്രങ്ങളില്‍ നഗ്നതയുടെ ആധിക്യമാണ് സാധാരണ പ്രേക്ഷകര്‍ക്ക് കാണാനാവുക. ആ ചിത്രങ്ങളിലെ അലൗകിക സൗന്ദര്യമോ പശ്ചാത്തലത്തില്‍ പുലരുന്ന പുരാവൃത്തനമോ ഒന്നും അവര്‍ക്കു കാണാനാവില്ല. അകക്കണ്ണു തുറന്നു കിട്ടിയവര്‍ക്കു മാത്രമാണവ രുചിക്കുക. പ്രത്യക്ഷമായ നഗ്നതയെച്ചൊല്ലി എപ്പോഴും ആ ചിത്രങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നുതാനും. അത്തരം ചിത്രങ്ങള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്ന ചിന്ത തരിമ്പും മേരിയെ ബാധിച്ചില്ല. ജിബ്രാന്‍ കലയുടെ ഒരു ഉന്നത പുരോഹിതനാണെന്ന് മേരിക്കു ബോധ്യപ്പെട്ടിരുന്നു. തന്റെ വിദ്യാര്‍ത്ഥിനികള്‍ക്കായി ജിബ്രാന്റെ ചിത്രങ്ങള്‍ സ്വന്തം സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ മേരി നിശ്ചയിച്ചു.

രണ്ടു ദിവസം മാത്രം നീണ്ടു നിന്ന ചിത്ര പ്രദര്‍ശനത്തിന്റെ ഒരിടവേളയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും വേണ്ടി ജിബ്രാനെ സംസാരിക്കുവാന്‍ ക്ഷണിച്ചു. കലയേയും സൗന്ദര്യ ദര്‍ശനത്തേയും കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൗലികത തുളുമ്പുന്ന ഉത്തരങ്ങളാണ് ജിബ്രാന്‍ തിരിച്ചു നല്കിയത്. വേദനയുടേയും ആനന്ദത്തിന്റെയും സ്വരൈക്യമാണ് കല എന്ന ജിബ്രാന്റെ പ്രഖ്യാപനം കേട്ടപ്പോള്‍ ഉച്ചത്തില്‍ മേരി കരഘോഷം മുഴക്കി. അവള്‍ സ്ഥാപനത്തിന്റെ ഉടമ മാത്രമല്ല, പ്രധാനാധ്യാപിക കൂടിയായിരുന്നു. മണ്ണില്‍ ആഴത്തില്‍ വേരുറപ്പിച്ച് ആകാശമേഖലയിലേക്ക് ശിരസ്സുയര്‍ത്തി ശിഖരങ്ങള്‍ വിടര്‍ത്തി നില്‍ക്കുന്ന ഒരു ഓക്കുമരം പോലെയായിരുന്നു മേരി. സ്‌നേഹം മാത്രമായിരുന്നു അവള്‍ക്കു നിയമം. ദൈവങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ വാറ്റി മനുഷ്യഹൃദയങ്ങളിലേക്ക് പകര്‍ത്തുന്ന വീഞ്ഞാണ് അവള്‍ക്കു സ്‌നേഹം. പരിശുദ്ധ മാനസര്‍ ദൈവത്തോടൊപ്പം ചേര്‍ന്ന് ആ വീഞ്ഞ് മോന്തുന്നു.

എപ്പോഴും ജിബ്രാന്റെ സാന്നിധ്യത്തില്‍ ലൗകിക നിയമങ്ങള്‍ ഉരുകിയഴിയുന്നതായി മേരിക്കനുഭവപ്പെട്ടു. അയാളിലെ മാനവികത സൂക്ഷ്മവും സുന്ദരവുമായിരുന്നു. ആ സാന്നിധ്യത്തില്‍ അവള്‍ നിത്യതയെ സ്പര്‍ശിച്ചു. ആത്മസൗന്ദര്യത്തിന്റെ കവിത അവളിലും ഉണര്‍ന്നു വന്നു. കേവലമായ ആദര്‍ശാത്മകതയായിരുന്നു അവന്റെ മതമെന്ന് കണ്ടപ്പോള്‍ അവള്‍ തന്നെത്തന്നെ തിരിച്ചറിയുകയായിരുന്നു. അടിത്തട്ടില്‍ നിന്നുള്ള ഏതോ ഇഴകള്‍ ആ ആത്മാക്കളെത്തമ്മില്‍ പിണച്ചു ചേര്‍ത്തു.

* * * * * *

മേരിയുമായുള്ള സൗഹൃദം ജിബ്രാനെ കൂടുതല്‍ പ്രചോദിതനാക്കി മാറ്റുകയായിരുന്നു. കരുണാമയിയാണ് അവള്‍. ചിലപ്പോള്‍ വ്യാകുലമാതാവിന്റെ ഛായ ജിബ്രാന്‍ അവളില്‍ കണ്ടു. വിണ്ടുകീറിയ തന്റെ സ്വപ്നങ്ങളില്‍ അമൃതം തളിക്കുവാന്‍ വന്ന സ്‌നേഹഗായിക. അത്ഭുതങ്ങളെ ഹൃദയത്തില്‍ വഹിക്കുന്ന ജീവിതമാണ് അവളെ തന്നിലേക്കെത്തിച്ചതെന്ന് ജിബ്രാന്‍ ആനന്ദം കൊണ്ടു. സ്വന്തം വികാരങ്ങളെ, ആവേശങ്ങളെ ചിന്തകളെ, നിര്‍വൃതിയുടെ നിമിഷങ്ങളെ കാന്‍വാസിലേക്കും കവിതയിലേക്കും ഒഴുക്കാന്‍ അയാള്‍ കൂടുതല്‍ തുനിഞ്ഞിറങ്ങി.

* * * * * *

ഫ്രഡ് ഹോളണ്ട് ഡേ യുടെ സ്റ്റുഡിയോ പൂര്‍ണ്ണമായും അഗ്നിക്കിരയായപ്പോള്‍ ജിബ്രാന്റെ കുറേയധികം ചിത്രങ്ങളും ചാരമായിപ്പോയി. താന്‍ അതിനകം അനുഭവിച്ച തിരിച്ചടികള്‍ക്കുമപ്പുറമല്ല അതെന്ന് അയാള്‍ സ്വയം സാന്ത്വനിച്ചു.

അശാന്തനായിരുന്നുവെങ്കിലും വിധിയുടെ തീര്‍പ്പുകള്‍ക്ക് അനുകൂലമായൊഴുകുവാന്‍ അയാള്‍ പഠിച്ചിരുന്നു. രണ്ടു ചിത്രങ്ങള്‍ മേരി അതിനകം വാങ്ങിയിരുന്നു. അവ മാത്രം അവശേഷിച്ചു. 'ചിന്തകളുടെ നൃത്ത'വും 'വേദനയുടെ ജഠധാര'യും അഗ്നി നക്കിത്തുടച്ച് വിഴുങ്ങിയ ചിത്രങ്ങളുടെ നിയോഗം തനിക്കും മേരിക്കുമിടയില്‍ ഒരു പാലം തീര്‍ക്കുക എന്നതു മാത്രമായിരുന്നിരിക്കാം. ഒരു നിയോഗം പൂര്‍ത്തിയാക്കപ്പെട്ടു എന്നു മാത്രമേയുള്ളൂ. ആ വിശ്വാസം അയാള്‍ക്ക് ആശ്വാസം പകര്‍ന്നു.

* * * * * *

മരിയന്നയെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം അയാള്‍ വിഷാദിയായി. മേരിയോടു സംസാരിക്കുമ്പോള്‍ അവനവനോടു തന്നെ സംസാരിക്കുന്നതായാണനുഭവപ്പെടുക. അന്യരുമായിടപെടുമ്പോഴുള്ള ആത്മീയ ശൂന്യത മേരിയുമായി ഒരിക്കല്‍പ്പോലും അനുഭവപ്പെട്ടതേയില്ല. തന്റെ ഏറ്റവും സൂക്ഷ്മമായ ചിന്തകള്‍ പോലും ഒപ്പിയെടുക്കുവാന്‍ വിദഗ്ദ്ധയാണവള്‍. അതേ സമയം അവളോടൊപ്പം കഴിയുമ്പോള്‍ ഈ ലോകത്തില്‍ എത്ര അപരിചിതനാണ് താനെന്നും അയാള്‍ക്കു വെളിവായിക്കൊണ്ടിരുന്നു.

സംഭവിക്കുന്നതെല്ലാം നിയതിയുടെ അന്ധമായ ലീലയാണെന്ന് അയാള്‍ മേരിയോട് പറഞ്ഞു. ജീവിതം ജനനത്തിലാരംഭിക്കുന്നതോ മരണത്തില്‍ ഒടുങ്ങുന്നോ ആവില്ല. സകലരും പൂര്‍ണ്ണതയ്ക്കുവേണ്ടി ഈശ്വരാന്വേഷണത്തിലേര്‍പ്പെടുന്നു. ഈ ജന്മത്തിലവശേഷിക്കുന്ന കടങ്ങള്‍ വീട്ടാന്‍ മനുഷ്യന് പുനര്‍ജ്ജനിക്കേണ്ടി വരുന്നു. ജന്മചക്രങ്ങള്‍ അങ്ങനെ ആവര്‍ത്തിക്കുന്നു - നേടുന്നതിനും നല്കുന്നതിനുമായി. കണക്കുകമ്പോള്‍ ദൈവം അവനിലേക്ക് മനുഷ്യനെ പൂര്‍ണ്ണമായും ലയിപ്പിക്കുന്നു.

* * * * * *

കവിതയില്‍ ഗദ്യവും ഗദ്യത്തില്‍ കവിതയും കലര്‍ത്തിയെന്നപോലെ ജിബ്രാന്‍ അവതരിപ്പിച്ച സാഹിത്യരൂപം വളരെപ്പെട്ടെന്ന് അറബ് കാവ്യാസ്വാദകര്‍ക്കിടയില്‍ പ്രിയതരമായി. അവ പൊടുന്നനെ പ്രശസ്തിയും കൊണ്ടുവന്നു. സൂഫിചിന്തയുടേയും ക്രിസ്തുദര്‍ശനത്തിന്റെയും സമന്വയമായിരുന്നു ആ കവിതകളുടെ കാതല്‍ എന്ന് അനുവാചകര്‍ കണ്ടെത്തി. ജിബ്രാന്‍ തന്റെ മായിക ചിഞ്ഛികയാലുഴിഞ്ഞ് അറബ് സാഹിത്യത്തിന് തീവ്രതരമായ ഒരു ഉണര്‍വുണ്ടാക്കി. മൂന്നു കൃതികള്‍ അതിനകം പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും ബൗദ്ധിക മണ്ഡലം ചര്‍ച്ച ചെയ്തുവെങ്കിലും അവയില്‍നിന്നും സാമ്പത്തികമായി ഒരു നേട്ടവുമുണ്ടായില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ മേരി ജിബ്രാനോട് ഇനി ഇംഗ്ലീഷിലുമെഴുതുവാന്‍ പ്രേരിപ്പിച്ചു. വിധി നിര്‍ണ്ണായകമായ ഒരു ഉപദേശമായി അത് ഭവിച്ചു.

''എന്റെ ഇംഗ്ലീഷിനെക്കുറിച്ച് എനിക്കഭിപ്രായം പോരാ... ഇംഗ്ലീഷിനു ചേരുമോ എന്റെ പ്രമേയങ്ങളും രചനാപദ്ധതിയും? ഒരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ?''

''അല്ലല്ല... ഞാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കകം നിങ്ങളുടെ ഇംഗ്ലീഷ് വളരെ ഭേദപ്പെട്ടു. ഞാന്‍ സംയോജനം ചെയ്തു തരാം... ഗുണദോഷവിചിന്തനവും എന്റെ വകയായിക്കോട്ടെ. എന്താ സമ്മതമല്ലേ?''

''നന്ദി മേരീ... വളരെ നന്ദി.''

മേരിയുടെ ലക്ഷ്യം അതു മാത്രമായിരുന്നില്ല. അടുത്തദിവസം കണ്ടുമുട്ടിയപ്പോള്‍ ചിത്രകലയില്‍ ഉന്നത പഠനത്തിനായി പാരീസില്‍ പോകുവാന്‍ ആഗ്രഹമുണ്ടോ എന്നായി അവളുടെ ചോദ്യം. ഒരുപാട് ആലോചിച്ചശേഷമാണ് അവള്‍ അങ്ങനെ ചോദിച്ചത്.

''ഉണ്ട്... പൂര്‍ണ്ണഹൃദയത്തോടെ... പക്ഷേ...''

''ആ 'പക്ഷേ' പിടികിട്ടി. നിങ്ങളെ സഹായിക്കാന്‍ ഞാനില്ലേ? യാത്രാക്കൂലിയും പ്രതിമാസച്ചെലവുകളും ഞാന്‍ വഹിക്കാം. ഒരു സമ്മാനമായി അതൊക്കെ സ്വീകരിച്ചുകൂടേ? സമ്പന്നമായ നിങ്ങളുടെ ഭാവനയ്ക്കും കഴിവുകള്‍ക്കും എന്റെ ഭാഗത്തുനിന്നുമുള്ള ഒരു പ്രോത്സാഹനശ്രമം... കൂടുതല്‍ സഹായിക്കണമെന്നാണെന്റെ ആഗ്രഹം.''

അതിനുള്ള മറുപടി അശ്രുബിന്ദുക്കളായി ജിബ്രാന്റെ കവിള്‍ത്തടങ്ങളിലൂടൊഴുകി. അയാളുടെ അന്തരംഗം നിറഞ്ഞു കവിഞ്ഞു.

* * * * * *

തന്നേക്കാള്‍ പത്തു വയസ്സു കൂടുതലുണ്ടായിരുന്ന മേരിയില്‍ വാത്സല്യവതിയായ ഒരു മാതാവിനെ ചിലപ്പോള്‍ ജിബ്രാന്‍ കണ്ടു. ചിലപ്പോള്‍ ഒരു കാമുകിയാണോ എന്നും അയാള്‍ക്കു തോന്നും. സ്വത്മാവിന്റെ പ്രതിബിംബത്തെയാണ് തന്നില്‍ മേരി കാണുന്നതെന്ന് പലപ്പോഴും അയാള്‍ക്കു തോന്നി. അത്രമേല്‍ ഗാഢമായിരുന്നു ആ ആത്മൈക്യം. ഒരേ കോവിലില്‍ ഒരേ സമയം ആരാധന നടത്തുന്ന രണ്ടു പൂജാരിമാരാണോ തങ്ങള്‍? ലൗകികമായ അഭിനിവേശങ്ങള്‍ എപ്പോഴെങ്കിലും തന്നിലുണര്‍ന്നിട്ടുണ്ടെങ്കില്‍ അപ്പോഴൊക്കെ മേരിയുടെ ശമഭാവം അവയെ ബാഷ്പീകരിച്ചു കളഞ്ഞു. പകരം ഭൂമിക്കു പരിചയമില്ലാത്ത അനുഭൂതിജ്വാലകളെ പങ്കുവയ്ക്കുകയും ചെയ്തു. അവളുടെ സഹായം ഒരു ദാനമായി ഒരിക്കലും കരുതിക്കൂടാ. അവള്‍ അവളോടു തന്നെ നീതി പ്രവര്‍ക്കുന്നുവെന്ന മട്ടാണ്. തന്റെ മിഥ്യാഭിമാനത്തിന് ആ അനുകമ്പയ്ക്കു മുന്നില്‍ ഒരു മൂല്യവുമില്ല. തനിക്ക് മുന്നില്‍ ഒട്ടേറെ വഴി നടന്നു തീര്‍ക്കുവാനുണ്ടെന്ന് തന്നേപ്പോലെ മേരിക്കുമറിയാം. പൊയ്‌പ്പോയ കാലത്തിന്റെ കണക്കെടുപ്പുകളല്ല ഇനി ആവശ്യം... ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളെ സൃഷ്ടിപരമായി സ്വരപ്പെടുത്തുകയാണ്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org