
നാളുകള്‍ കഴിയുന്തോറും ജിജിയുടെ സ്വഭാവരീതികളില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു ഭവിച്ചു തുടങ്ങി. എന്തിനും ഏതിനും ദേഷ്യവും എടുത്തുചാടി എന്തും പറയുന്ന രീതിയുമെല്ലാം വളരെ കുറഞ്ഞു വന്നു.
സംസാരം തന്നെ തീരെ കുറവ്. ചാച്ചനോട് സംസാരിക്കാറേയില്ല. അമ്മയോട് അത്യാവശ്യത്തിനു മാത്രം. എപ്പോഴും ചിന്താഭാരമേറി മ്ലാനതയാര്‍ന്ന മുഖത്ത് തെളിഞ്ഞുനില്‍ക്കുന്ന നൈരാശ്യം.
താന്‍ ഇവിടെ വന്നു നില്‍ക്കാനുണ്ടായ കാരണം പരിഹരിച്ച് തന്നെ തിരികെ അയയ്ക്കുക എന്നത് സ്വന്തം മാതാപിതാക്കള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ അസാധ്യമാണ്. ആ യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി.
രണ്ടു പെണ്‍മക്കളുടെ വിവാഹം! അതോടെ ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു ജോസിന്റെ വീട്ടുകാര്‍. രണ്ടാമത്തവളുടെ വിവാഹത്തിനെങ്കിലും കുഞ്ഞപ്പന്‍ വാഗ്ദാനം ചെയ്ത തുക കിട്ടുമെന്ന് അവര്‍ ഉറപ്പായും വിശ്വസിച്ചു. അത് ലഭിക്കാതെ വന്നത് എല്ലാ കണക്കുകൂട്ടലുകളേയും തകിടം മറിച്ചു.
ചാച്ചന്റെ അവസ്ഥ ഏറെക്കുറേ ജോസിനറിയാം. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ട് ഫലമില്ലെന്നും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള കുടുംബാംഗങ്ങളുടെ ചര്‍ച്ചകളില്‍ കുഞ്ഞപ്പന്റെ ഭാഗത്തുനിന്നുണ്ടായ വാഗ്ദാനലംഘനം കടന്നുവരും. അതെടുത്തിടുന്നത് ജോസിന്റെ ശുദ്ധഗതിക്കാരിയായ അമ്മയും.
''ആ കാശൊന്ന് കിട്ടിയിരുന്നെങ്കീ നമ്മുടെ വെഷമം പകുതി തീര്‍ന്നേനെ. എന്നാലും അയാളിങ്ങനെയൊരു ചതി ചെയ്തുകളഞ്ഞല്ലോ?''
ഇത്തരം പരാമര്‍ശങ്ങള്‍ തനിക്കു നേരേയുള്ള ആക്ഷേപങ്ങളായാണ് ജിജിക്കനുഭവപ്പെട്ടത്. ഒപ്പം ആ സന്ദര്‍ഭങ്ങളില്‍ ജോസ് അവലംബിക്കുന്ന മൗനം! അത് അവളെ പ്രകോപിതയാക്കി. അമ്മായിയമ്മയുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയേറിയ മറുപടികള്‍ അവളുടെ ഭാഗത്തുനിന്നും വരാന്‍ തുടങ്ങി.
''കാശ് തരാനൊണ്ടേ അത് തരാന്ന് പറഞ്ഞവരോട് പോയി ചോദിക്ക്. എടയ്‌ക്കെടയ്ക്കിങ്ങനെ എന്നെ കേള്‍പ്പിക്കാന്‍ ഇവടെക്കെടന്ന് ചെലച്ചിട്ട് എന്താ കാര്യം. എന്റെ കയ്യീ സമ്പാദ്യമൊന്നൂല്ല എടുത്തു തരാന്‍.''
ഇത്തരം മറുപടികള്‍ അമ്മായിയമ്മയേയും ചൊടിപ്പിച്ചു.
''നീ തരണോന്നല്ല. നിന്റപ്പന്‍ തരണോന്നാ പറഞ്ഞേ. അത് ഇവടാരും വേണോന്ന് ആവശ്യപ്പെട്ടതല്ല. തരാന്ന് സ്വമനസ്സാലെ ഇങ്ങോട്ട് പറഞ്ഞതാ.''
''എങ്കീ പോയി ചോദിക്ക്. ഞാമ്പറഞ്ഞോ വേണ്ടാന്ന്.''
''ചോദിച്ചതാടീ. ഇവടത്തെ അപ്പനും പിന്നെ നിന്റെ കെട്ടിയോനും. പക്ഷേ, തരുകേലങ്കിപ്പിന്നെ...''
''പിന്നെ ഞാനെന്ത് വേണം. ഞാമ്പോയി ചോദിക്കണോ?''
''നീ ചോദിച്ചാ എന്നാ കൊഴപ്പം? നിന്റെ കാര്യത്തിനായിട്ട് നിന്റപ്പന്‍ പറഞ്ഞ വാക്കാ. നീ പോയി ചോദിക്കെടീ. അതിലൊരു കൊഴപ്പോമില്ല.''
''ഓഹോ അപ്പോ ഞാന്‍ കാശ് ചോദിക്കാന്‍ പോകാതെ ഇവിടെ നില്‍ക്കണതാ പ്രശ്‌നം അല്ലേ? ശരി ഞാന്‍ പോയേക്കാം. ഇവിടെല്ലാവര്‌ടേം വെഷമം തീരട്ടെ.''
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള വാഗ്വാദം കൂടുതല്‍ രൂക്ഷമാകുന്നു. അതൊരു കലഹമാകുന്നു. ഇരുവരും വിട്ടുകൊടുക്കുന്നില്ല. ജോസും അപ്പനും പലകുറി ഇടപെട്ടു. ഫലമില്ല.
ജോസിന്റെ ക്ഷമ നശിച്ചു.
'നീയൊന്നടങ്ങ് ജിജി. ഇവ്ടത്തെ ബുദ്ധിമുട്ടുകളോര്‍ത്തുള്ള വിഷമം നിമിത്തം അമ്മയെന്തെങ്കിലും പറഞ്ഞെന്നുവച്ച് നീയിങ്ങനെ തെളച്ചുമറിയാന്‍ തുടങ്ങിയാലോ?''
പക്ഷേ, അവളുടെ വാശി കുറയുന്നില്ല.
''എന്നെയങ്ങ് പറഞ്ഞുവിട്ടേര്. നിങ്ങടെ കാശ് കിട്ടീട്ട് തിരികെ വിളിച്ചോണ്ടു വന്നാമതി.''
''ഞങ്ങളത്ര മാനം കെട്ടവരൊന്നുമല്ല.''
''വേണ്ട. നിങ്ങടെ മാനം കളയണ്ട. ഞാന്‍ പോവ്വാ. ഇനി ഈ കാര്യത്തിലൊരു തീരുമാനമാവാതെ വരുന്നില്ല. അതു പോരേ? മടുത്തു. കുറേനാളായി സഹിക്കണ്. ഒരു മാതിരി ചൊറിയണ വര്‍ത്താനോം പിന്നെ...''
ജോസും അപ്പനും അവളെ സമാധാനിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അവള്‍ വഴങ്ങുന്നില്ല. ഒടുവില്‍ ജോസിനും കലി കയറി.
''തന്നിഷ്ടം കാണിച്ച് ഇറങ്ങിപ്പോയാ... ഇവിടെ നിന്നാരും നിന്നെയന്വേഷിച്ച് വരൂന്ന് കരുതണ്ടാ.''
''വേണ്ട. ആരും വരണ്ട. വരാനും പോകാനുമൊള്ള വഴിയൊക്കെ എനിക്കറിയാം. ഇതിനൊരു തീരുമാനമുണ്ടാക്കാതെ ഞാന്‍ തിരികെ വരുന്ന പ്രശ്‌നമില്ല.''
ഏതു കാര്യത്തിലും എടുത്തുചാട്ടം. കുറെ തന്നിഷ്ടം. അല്പം അഹങ്കാരം. സ്വന്തം ഭാഗം എപ്പോഴും ജയിക്കണമെന്ന സ്വതസിദ്ധമായ വാശി. ഇതെല്ലാമാണ് വിനയായത്.
ജിജിയുടെ മനസ്സില്‍ ഇപ്പോഴുള്ളത് കുറ്റബോധവും പശ്ചാത്താപവും.
കുട്ടിക്കാലം മുതലേയുള്ള സ്വഭാവമായിരുന്നു. എന്താഗ്രഹിച്ചാലും അത് സാധിച്ചിരിക്കണം. വീട്ടില്‍ എന്തു വിഷമതകളുണ്ടെങ്കിലും സ്വന്തം ഇഷ്ടങ്ങളും മോഹങ്ങളുമെല്ലാം തടസ്സമില്ലാതെ നടന്നിരുന്നു. ഒരു ജീവിതക്ലേശവും അറിയാന്‍ ഇടവന്നിട്ടില്ല.
പക്ഷേ, ഇപ്പോള്‍...?
അന്ന് അവിടെ നിന്നും ഇറങ്ങിപ്പോരാന്‍ തോന്നിയ ദുര്‍ബുദ്ധിയെ സ്വയം ശപിച്ചു.
സ്വന്തം വീട്ടിലെത്തി ഏതാനും ദിവസം നിന്ന് അമ്മയോടും ചാച്ചനോടും കുറേ തട്ടിക്കയറുമ്പോള്‍ അവര്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തി തുക സ്വരൂപിച്ചു തരുമെന്ന് കരുതിപ്പോയി. അതാണ് ഇതു വരെയുള്ള പല അനുഭവങ്ങളും.
പക്ഷേ, കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. അപ്പോളാണ് വലിയ പ്രതീക്ഷ നല്കിക്കൊണ്ട് ചാച്ചന്‍ ഗ്രേസേച്ചിയെ ക്കണ്ട് സഹായം തേടാന്‍ തീരുമാനിച്ചത്.
ഇത് ഫലം കാണും. പ്രത്യേകിച്ച് തന്റെ കാര്യത്തിനാണെന്നറിഞ്ഞാല്‍ ഗ്രേസേച്ചി ഒരു മടിയും കാണിക്കില്ല.
ഗ്രേസേച്ചിയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോളെല്ലാം മനസ്സില്‍ ആര്‍ദ്രതയുടെ ഒരു നനവു പടരും.
ഓര്‍മ്മവച്ച കാലം തൊട്ടേ ഗ്രേസേച്ചിയെ വലിയ ഇഷ്ടമായിരുന്നു. ആ ശാന്തപ്രകൃതം. എന്തുവന്നാലും തരിമ്പും ദേഷ്യം പ്രകടിപ്പിക്കാത്ത സ്വഭാവ രീതി. എന്നും ഒരു നല്ല കൂട്ടുകാരിയെപ്പോലെയായിരുന്നു, ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും. വീട്ടില്‍ പണിക്കു വന്നവനെക്കൊണ്ട് ഗ്രേസേച്ചിയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ച മാതാപിതാക്കളോട് കലഹിച്ചു.
എങ്കിലും ആരും പ്രതീക്ഷിക്കാത്തവിധം അവര്‍ ഉയര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറിയപ്പോള്‍ ഉള്ളുനിറഞ്ഞ് സന്തോഷിച്ചു.
പക്ഷേ, ഒരു വലിയ കുറ്റബോധം ഉള്ളില്‍ ശേഷിച്ചു. ഗ്രേസേച്ചിയുടെ ഭര്‍ത്താവിനോട് പണ്ട് പെരുമാറിയതോര്‍ക്കുമ്പോള്‍.
എന്തു കൊണ്ടെന്നറിയില്ല. വീട്ടില്‍ ഒരു പണിക്കാരനായെത്തിയ മാത്തനോട് പുച്ഛവും അവജ്ഞയും ചേര്‍ന്നൊരു മനോഭാവം ഉള്ളില്‍ രൂപപ്പെട്ടിരുന്നു. പിന്നെ മേമ്പൊടിയായി കുറച്ച് അസൂയയും. നടപ്പിലും മട്ടിലും പെരുമാറ്റത്തിലും അയാള്‍ക്ക് ഒരു ഗര്‍വ്വ് ഉള്ളതുപോലെ കാണാന്‍ സുന്ദരന്‍. ഇങ്ങനാണോ പണിക്കാര്? തരം കിട്ടുമ്പോഴെല്ലാം ഇകഴ്ത്തി സംസാരിക്കുവാനും അവജ്ഞ പ്രകടിപ്പിക്കുവാനും മടിച്ചില്ല. 'എടാ മാത്താ' എന്നേ വിളിച്ചിട്ടൊള്ളൂ. അടുക്കളിയിലിരുത്തി അയാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തുനിഞ്ഞ അമ്മയെ വിലക്കി അത് അടുക്കള ഭാഗത്തെ നടക്കല്ലിലേക്കു മാറ്റുകയും ചെയ്തു. അയാളോടൊപ്പം കൃഷിപ്പണികളിലേര്‍പ്പെടാന്‍ പോകുന്ന ഗ്രേസേച്ചിയെ പരിഹസിക്കുകയും ചെയ്തിരുന്നു.
പക്വതയില്ലാത്ത പ്രായത്തില്‍ ഒരു പൊട്ടിപ്പെണ്ണിനുണ്ടായ പെരുമാറ്റ ദോഷങ്ങള്‍! മാത്തനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്ന വിരോധമനോഭാവമൊന്നും ഒരിക്കലും ഗ്രേസേച്ചിയെ അറിയിച്ചിരുന്നില്ല. അതെങ്കിലും നന്നായി.
എല്ലാം ഒരു കുറ്റബോധമായി ഉള്ളില്‍ അവശേഷിക്കുന്നു. അതീന്നുളവായ വികാരമാവാം പിന്നീട് മാത്തനോട് സംസാരിക്കുവാനും, എന്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുവാന്‍ പോലും മനസ്സിനെ വിലക്കിയത്.
അവര്‍ തുണിക്കട തുടങ്ങിയപ്പോള്‍, പിന്നെ പല പല പ്രസ്ഥാനങ്ങള്‍ ആരംഭിച്ചപ്പോള്‍, ഓരോ കാരണങ്ങള്‍ പറഞ്ഞ് പോക്കൊഴിവാക്കി. എന്താണ് പോകാന്‍ മടിയെന്ന് ജോസ് ചോദിച്ചപ്പോളെല്ലാം എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞു.
''ചുമ്മാ ഒന്ന് ഫോണ്‍ ചെയ്തു പറഞ്ഞതല്ലേയുള്ളൂ. നേരിട്ടു വന്നു വിളിച്ചൊന്നുമില്ലല്ലോ?''
''അതിനിപ്പോ എന്താ കുഴപ്പം. അവര്‍ വല്ല്യ തെരക്കുള്ളവരല്ലേ?''
''അത്ര തെരക്കാണേ എല്ലാം തന്നെത്താന്‍ അങ്ങ് നടത്തിക്കോളും. ഞാന്‍ വരുന്നില്ല.''
''എങ്കിപ്പിന്നെ ഞാനും പോണില്ല.''
പറഞ്ഞുനിറുത്തിയ ജോസിന്റെ മുഖത്തൊരു പരിഹാസച്ചിരി.
''നിനക്ക് അവരോട് കൊറച്ച് അസൂയയൊണ്ട് അല്ലേ. ഉം... ശരി. ഏതായാലും വന്‍പണക്കാരായ ഒരു ചേട്ടനേം ചേച്ചീനേം ഒന്നു കാര്യായിട്ട് പരിചയപ്പെടണമെന്നുണ്ടായിരുന്ന്. വേണ്ടങ്കി... വേണ്ട.''
യഥാര്‍ത്ഥ കാരണം ജോസിനോടെങ്ങനെ പറയും?
ഗ്രേസേച്ചിയെ സന്ദര്‍ശിക്കുവാന്‍ പോയ ചാച്ചന്‍ ജയിലിലും കിടക്കേണ്ടി വന്നു. എല്ലാ പ്രതീക്ഷകളും തകര്‍ന്നു.
പണം സ്വരൂപിക്കുക ഇനി സ്വന്തം കുടുംബത്തിന് അസാധ്യമാണ്. ഇവിടെക്കിടന്ന് എത്ര കലഹിച്ചിട്ടും പ്രയോജനമില്ല. കായ്കളൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരു മരമാണ് ഈ കുടുംബം. എത്ര തല്ലിക്കൊഴിച്ചാലും ഫലമൊന്നും വീഴില്ല, കുറേ ഇലകളും ചില്ലകളുമല്ലാതെ.
ഇനി സ്വയം എങ്ങനെ മടങ്ങിപ്പോകും? സകലരേയും ധിക്കരിച്ച് ഇറങ്ങിപ്പോന്നിട്ട്?
മോന്റെ കാര്യമാണ് ഏറെ കഷ്ടം. പപ്പയെ കാണാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാന്‍ സാധിക്കാത്തവന്‍. അവനെ കാണാഞ്ഞ് ജോസും ഏറെ വേദനിക്കുന്നുണ്ടാവും. ജോസു മാത്രമല്ല, വീട്ടിലെല്ലാവരും. സകലരുടേയും കണ്ണിലുണ്ണിയാണവന്‍.
ജോസിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ അവളുടെ ഹൃദയം തരളിതമാകും.
രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്നതു വരെ, ഓഫീസു വിട്ടു വന്നാല്‍, കളിചിരികളും തമാശുമായി അടുത്തൂന്ന് മാറാതെ എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കും. എന്തിനും താന്‍ അടുത്തുവേണമെന്ന് വാശി. ചിലപ്പോള്‍ കുട്ടികളെപ്പോല്‍ ശാഠ്യം.
ജോസറിയുന്നുണ്ടോ ആ സാമീപ്യത്തിനായി ഇവിടൊരാളും നൊന്തുനീറുകയാണെന്ന്?
സ്വന്തം ജീവിതം നഷ്ടപ്പെടുകയാണ്. അല്ല അത് ഹോമിക്കപ്പെടുകയാണ്. ഒന്നും നേടാനില്ലാതെ, നിരര്‍ത്ഥകമായ ഒരു ബലി!
''എന്താ മമ്മീ പപ്പ വരാത്തേ?''
പപ്പയെ കാണാനുള്ള ആഗ്രഹത്താല്‍ വെമ്പി നില്‍ക്കുന്ന മകന്റെ മുഖത്തേക്ക് നോക്കിനിന്ന ജിജിയുടെ നെഞ്ച് നൊമ്പരം നിറഞ്ഞ് വിങ്ങി. ആശ്വസിപ്പിക്കാനായി മകനെ ചേര്‍ത്തുപിടിച്ചപ്പോള്‍ സ്വയം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞുപോയി. ആകെ പകച്ച് അവന്‍ അമ്മയെ നോക്കി. കരയുന്ന അമ്മയെക്കണ്ട് അവനും ദുഃഖം സഹിച്ചില്ല.
''കരയല്ലേ... കരയല്ലേ മമ്മീ...''
അവന്റെ കണ്ണുകളും നിറഞ്ഞു.
അശാന്തി നിറഞ്ഞ മനസ്സും തീപിടിച്ച ആത്മാവുമായി ജിജി ആകെ പരിക്ഷീണിതയായി. എല്ലാ ആത്മബലവും ചോര്‍ന്നു ആത്മഹത്യയെക്കുറിച്ചു പലപ്പോഴും ചിന്തിച്ചു. പക്ഷേ, മകന്റെ ഓമനത്തം നിറഞ്ഞ മുഖത്തേക്കു നോക്കുമ്പോള്‍, ആകെ പതറിപ്പോകും.
പ്രത്യാശയുടെ പച്ചപ്പില്ലാത്ത, ശാന്തിയുടെ നീര്‍ച്ചാലുകളില്ലാത്ത, മരുഭൂമി തുല്ല്യമായ ജീവിതം. ഇവിടെ സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റില്ല. മൃദുലഭാവങ്ങളുടെ തണല്‍ മരച്ചോലയില്ല. എപ്പോഴും കത്തിജ്വലിക്കുന്ന തീവ്രനൊമ്പരത്തിന്റെ കൊടുംവെയില്‍ മാത്രം.
എവിടെയാണ് അല്പം തണല്‍, ആശ്വാസം...
അതിനായി അവളുടെ ഉള്‍ചേതന അന്വേഷണം തുടങ്ങി. സ്വയമറിയാതെ, മനുഷ്യമനസ്സുകളുടെ സഹജവാസനയായി, തികച്ചും നൈസര്‍ഗികമായി...
വേദനയുടെ തീരങ്ങളിലൂടെ ആശ്വാസം തേടിയലയുമ്പോള്‍, സമാധാനവും സമാശ്വാസവും പ്രദാനം ചെയ്യുന്നൊരിടം സ്വന്തം ആത്മചേതന കണ്ടെത്തും.
ജീവിതദുഃഖങ്ങളെ വേറിട്ടൊരു വീക്ഷണത്തിലൂടെ അഭിമുഖീകരിക്കുവാന്‍ പര്യാപ്തമാക്കുന്ന ഒരു ലോകം.
ക്രമേണ ആ ലോകത്തിലേക്ക് ജിജിയും പ്രവേശിക്കുകയാണ്.
ആത്മീയതയുടെ, ഭക്തിയുടെ ലോകം.
ജിജിയുടെ ജീവിതരീതികള്‍ ആകെ മാറി.
ഏതു നേരവും പ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥവും പ്രാര്‍ത്ഥനാ പുസ്തകങ്ങളും വായന.
എന്നും ദേവാലയത്തിലെത്തി തിരുക്കര്‍മ്മങ്ങളിലും മറ്റും പങ്കുകൊള്ളുക.
ആരോടും ദേഷ്യമില്ല. സംസാരത്തില്‍ കോപമില്ല. കുത്തുവാക്കുകളില്ല. എപ്പോഴും ശാന്തമായ ഭാവം.
പ്രാര്‍ത്ഥന നിറഞ്ഞ ധ്യാനനിരതമായ മനസ്സ്.
(തുടരും)