
''ഇനി ആരുടേം വീടുകളില്‍ പണിയാനും ചുമടെടുക്കാനും പോകണ്ട.''
മാത്തന്റെ വലതുവശം ചേര്‍ന്ന് നെഞ്ചില്‍ തലവച്ച് നവാനുഭൂതികളുടെ കട്ടിലില്‍ കിടന്ന് ഗ്രേസി മന്ത്രിച്ചു.
ഒരു കിടപ്പുമുറി. ഊണുമുറിയായുപയോഗിക്കുന്ന മറ്റൊരു മുറി. ചെറിയൊരു അടുക്കള.
മാത്തന്റെ കൊച്ചുവീട്.
മുന്നില്‍ ചെറുമുറ്റത്തുനിന്നും ടൗണിലേക്കുള്ള പാതയിലേക്കെത്തുന്ന വീതികുറഞ്ഞൊരു നടവഴി. പിന്നില്‍ വിശാലമായ നെല്‍വയലുകള്‍. പണ്ട് ശേഖരമേനോന്റെ ഉടമസ്ഥതയിലായിരുന്നവ.
ഓര്‍മ്മവച്ച കാലംതൊട്ടുള്ള വീട്. അപ്പച്ചിക്കും അമ്മച്ചിക്കുമൊപ്പം ബാല്യം കഴിച്ചു കൂട്ടിയ വീട്. ഇരുവരും വേര്‍പിരിഞ്ഞശേഷം ഏകാന്തത തളം കെട്ടിയ ഈ വീട്ടില്‍ ആറേഴു വര്‍ഷത്തെ ജീവിതം.
ആ ഏകാന്തതയ്ക്ക് വിരാമമായി.
വെള്ളത്തില്‍ വീണ പാഴ്ത്തടി ലക്ഷ്യമില്ലാതെ വെറുതേ ഒഴുകി നടക്കുന്നതുപോലായിരുന്നു ഇതുവരെയുള്ള ജീവിതം. പ്രതീക്ഷിക്കാത്തൊരു ഘട്ടത്തില്‍ അതിന് അര്‍ത്ഥതലങ്ങള്‍ രൂപപ്പെടുന്നു. നിറവും ചന്തവും നിറയുന്നു.
ജീവിതം പ്രകാശമാനമാകുന്നു.
ഗ്രേസി മാത്തന്റെ താടിയില്‍ മെല്ലെ തലോടി.
''ഞാന്‍ പറഞ്ഞത് കേട്ടില്ലേ?''
മാത്തന്റെ ചുണ്ടില്‍ ഒരു ചെറു ചിരി.
''പണിക്ക് പോകണ്ടാന്ന്. അല്ലേ? ഉം... കൊള്ളാം.''
ഗ്രേസിയുടെ കൈവിരലുകള്‍ അവന്റെ ഇടതുമാറില്‍ അവ്യക്തമായി എന്തോ കുത്തിക്കുറിച്ചു.
''നമ്മളെ കാണാഞ്ഞ് ചാച്ചന്‍ ദേഷ്യത്തിലായിരിക്കും.''
മാത്തനെ കൂടുതല്‍ പറയാനനുവദിക്കാതെ അവളുടെ വിരലുകള്‍ അവന്റെ ചുണ്ടിനു മേലമര്‍ന്നു.
''വേണ്ട. എങ്ങും പോകണ്ട. നമുക്ക് മറ്റെന്തെങ്കിലും പണി നോക്കാം.''
മാത്തന്‍ ചെറിയ ശബ്ദത്തില്‍ ചിരിച്ചുപോയി. താന്‍ കേവലമൊരു കൂലിപ്പണിക്കാരനായി നടക്കുന്ന തില്‍ ഗ്രേസിക്കുഞ്ഞിനുള്ള പ്രയാസം ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇതല്ലാതെ മറ്റെന്തു പണി?
കുഞ്ഞപ്പന്‍ ചേട്ടായിയുടെ പറമ്പിലെ കൃഷിപ്പണികള്‍, അവിടെ പണിയില്ലാത്ത ദിവസങ്ങളില്‍ മാത്രം മറ്റു ചില വീടുകളില്‍. ചന്ത ദിവസങ്ങളില്‍ അങ്ങാടിയിലെ പച്ചക്കറി ചന്തയില്‍ ചുമട്.
ഇതല്ലാതെ മറ്റെന്തു പണി?
ഗ്രേസിയുടെ മനസ്സ് മറ്റു ചില ഓര്‍മ്മകളിലൂടെ മേയുകയായിരുന്നു.
കല്ല്യാണദിവസത്തെ സംഭവങ്ങള്‍.
വിവാഹവസ്ത്രങ്ങളണിഞ്ഞ് ചാച്ചനും എല്‍സാന്റിക്കും ചില അടുത്ത ബന്ധുക്കള്‍ക്കും സ്തുതിചൊല്ലി പുറപ്പെടാന്‍ തുടങ്ങും മുന്നേ അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലരുടേയും പരിഹാസം നിറഞ്ഞ മുഖങ്ങള്‍.
വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോള്‍ പള്ളിയിലുണ്ടായിരുന്ന പലര്‍ക്കും എന്തോ തമാശ നാടകം കാണുന്ന ഭാവം.
വിവാഹശേഷം പള്ളിക്കു പുറത്തേക്കിറങ്ങിയപ്പോള്‍ ആശംസ നേരാനെന്നവിധം എത്തിയ ചിലരുടെ ആക്ഷേപം ഒളിപ്പിച്ച വാക്കുകള്‍!
വീട്ടുമുറ്റത്തെ ചെറിയ പന്തലില്‍ ചായസല്‍ക്കാരം നടക്കുമ്പോള്‍ എന്തോ ആപത്തു പിണഞ്ഞവള്‍ എന്ന മട്ടില്‍ കല്ല്യാണപ്പെണ്ണിന്റെ നേര്‍ക്ക് പലരുടേയും നോട്ടം.
വീട്ടില്‍ പണിക്കാരനായി വന്നവനെ വിവാഹം കഴിക്കേണ്ടി വന്ന ഭാഗ്യഹീന!
മാത്തന്റെ മുഖത്തേയ്ക്ക് ഒളികണ്ണാല്‍ നോക്കി. അവിടെ തെളിഞ്ഞിരിക്കുന്നത് ഗൗരവം കലര്‍ന്ന ശാന്തത. ആ ഭാവം അവള്‍ക്കിഷ്ടമായി.
സല്‍ക്കാരത്തിനു ശേഷം വധൂവരന്മാരെ വീട്ടിനകത്തേക്ക് കൊണ്ടുവന്ന് രണ്ടു കസേരകളില്‍ ഇരുത്തി. ജിജിയുടെയും ജോബിയുടെയും മുഖം കറുത്തു. എസല്‍മ്മയുടെ മുഖത്തും ഒരു വല്ലായ്മ.
ഭക്ഷണം കഴിക്കാന്‍ പോലും മാത്തന്‍ വീട്ടിനുള്ളിലേക്ക് കയറാറില്ലായിരുന്നു. അടുക്കള വാതിലിനോട് ചേര്‍ന്നുള്ള നടക്കല്ലാണ് അതിനുള്ള സ്ഥലം. വീടിനുള്ളില്‍ കയറുന്നത് എന്തിനെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം. മനസമ്മതചടങ്ങു നടന്ന ദിവസം പോലും മാത്തന്‍ വീട്ടിലേക്കു വന്നില്ല. നേരിട്ട് പള്ളിയിലെത്തി ചടങ്ങു കഴിഞ്ഞ് തിരികെപ്പോയി.
ഇപ്പോളിതാ അവന്‍ മരുമകന്റെ സ്ഥാനത്ത് വീടിനകത്ത് കസേരയില്‍! ഇത് സംഭവിക്കുമെന്നറിയാമായിരുന്നു. എങ്കിലും...
''അപ്പോ എങ്ങനാ... അടുത്ത നടപടികള്‍?''
ഒരു തലമുതിര്‍ന്ന കാര്‍ന്നോരുടെ ശബ്ദമുയര്‍ന്നു.
''അത്... കൊറച്ചുദിവസം ഇവരിവടെ താമസിച്ചിട്ട്...''
''അത് വേണ്ട.''
കുഞ്ഞപ്പനെ മുഴുവന്‍ പറയാനനുവദിക്കാതെ മാത്തന്റെ സ്വരം.
''വേണ്ടെന്നോ? പിന്നെ നിങ്ങളെങ്ങോട്ടുപോകും?'' കാര്‍ന്നോരുടെ ചോദ്യം.
''എന്റെ വീട്ടിലേക്ക്. അതു പോരേ.''
ശാന്തമായി ഒരു ചെറുചിരിയോടെയാണ് മാത്തന്റെ മറുപടി. സൗമ്യമെങ്കിലും ദൃഢതയോടെയുള്ള വാക്കുകള്‍.
കാര്‍ന്നോരുടെ മുഖം ഒന്നു വിളറിയെങ്കിലും മറുപടി വൈകിയില്ല.
''അല്ലാ... അങ്ങനെയെങ്കീ എന്താ കുഴപ്പം. എന്നാലതുപോലാകട്ടെ. അല്ലേ കുഞ്ഞപ്പാ.''
എല്‍സമ്മയുടെയും ജിജിയുടെയും ജോബിയുടെയും മാത്രമല്ല കുഞ്ഞപ്പന്റെ മുഖത്തും ആശ്വാസം.
അധികം വൈകാതെ വധൂവരന്മാര്‍ യാത്രയ്‌ക്കൊരുങ്ങി. ഗ്രേസി കുഞ്ഞപ്പനോടും എല്‍സമ്മയോടും യാത്ര പറഞ്ഞു. ഗ്രേസി അടുത്തെത്തി യാത്ര പറഞ്ഞപ്പോള്‍ ജിജിക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല.
പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ശബ്ദം താഴ്ത്തി കുഞ്ഞപ്പന്‍ പറഞ്ഞു.
''കല്ല്യാണം പ്രമാണിച്ച് പറമ്പിലെ പണികളൊക്കെ കൊറേ ദെവസായിട്ട് മൊടങ്ങിക്കിടക്കുവാ. നെനക്കറിയാമല്ലോ. എല്ലാം ഒടനേ തൊടങ്ങണം. പറ്റൂങ്കി നാളെത്തന്നെ. അതുകൊണ്ട് എത്രേം വേഗം നിങ്ങളിങ്ങ് വന്നേക്കണം.''
ഇന്നിപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ദിവസം നാല്!
''ഗ്രേസിക്കുഞ്ഞെന്താ ഉദ്ദേശിക്കുന്നേ?''
അവളുടെ വിരലുകള്‍ അപ്പോഴും മാത്തന്റെ മാറില്‍ അവ്യക്തമായ ചിത്രങ്ങള്‍ കോറിക്കൊണ്ടിരുന്നു. പണിക്കു പോകുന്ന കാര്യം ചോദിക്കുമ്പോളെല്ലാം രണ്ടു ദിവസം കഴിയട്ടെ എന്ന മറുപടി ഇനി ആവര്‍ത്തിക്കാനാവില്ല.
''പണ്ട് അപ്പാപ്പന്റെ കൂടെ തുണി വില്‍ക്കാന്‍ പോയിട്ടില്ലേ?''
ആ ചോദ്യം മാത്തന്റെ ചേതനയെ പൊടുന്നനെ തട്ടിയുണര്‍ത്തി.
''ഉവ്വ്.''
''അത് ചെയ്ത് പരിചയമില്ലേ?''
''ഇല്ലേന്നോ? അതല്ലായ് രുന്നോ കൊറേകൊല്ലം എന്റെ പണി.''
''എങ്കില്‍... അത് വീണ്ടും തുടങ്ങിയാലെന്താ?''
ചെറിയൊരമ്പരപ്പ്. മാത്തന്‍ ചിന്തയിലാണ്ടു.
അപ്പച്ചി മരിച്ചപ്പോള്‍ പലരും അന്ന് അതുപദേശിച്ചതാണ്. പക്ഷേ, തോന്നിയില്ല. എന്തോ ഒരു മടി. പിന്നെ ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയെന്ന നിരാശാബോധം.
എന്നാല്‍ ഇപ്പോള്‍...?
ഗ്രേസിയെ വലതുകരം കൊണ്ട് അണച്ചുപിടിച്ച് അവന്‍ തുറന്നു കിടന്ന ജനാലിലൂടെ പുറത്തേക്ക് നോക്കി.
സമയം രാത്രി പത്തുമണി കഴിഞ്ഞു.
നിലാവില്‍ മുങ്ങിയ വയലുകളുടെ മനോഹര ദൃശ്യം. പാലുപോലെ പരന്നൊഴുകുന്ന നിലാവ്. പൂര്‍ണചന്ദ്രന്‍ മേഘപാളികളില്‍ മറയുകയും തെളിയുകയും ചെയ്യുമ്പോള്‍ ജനലഴികളില്‍ നിലാപ്പാളികള്‍ ഓളം വെട്ടുന്നു. ജനലിലൂടെ രാവിന്റെ ഇരുളിനെയലിയിച്ച് മുറിയിലേക്കും ഒഴുകിയിറങ്ങുന്ന നിലാവ്.
ഗ്രേസിക്കുഞ്ഞ് മനസ്സിലേയ്ക്കിട്ടു തന്ന പുതിയൊരാശയം അതിന് വേരുമുളയ്ക്കുന്നു. മുളപൊട്ടുന്നു.
ഹൃദയത്തില്‍ പുതിയൊരു ഊര്‍ജ്ജവും ഉത്സാഹവും നിറയുന്നു.
പച്ചക്കറിയിനങ്ങള്‍ പലതിന്റെയും വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. പുതിയ വിത്തുനടാന്‍ സമയമായി. വാഴത്തടകള്‍ പിഴുതുമാറ്റി കന്നുകള്‍ പിരിച്ച് പുതിയ കുഴികളില്‍ നടണം. തെങ്ങുകള്‍ക്ക് തടമെടുക്കണം. വളമിടണം.
പണികള്‍ ധാരാളമായി കിടക്കുന്നു.
കുഞ്ഞപ്പനാകെ അരിശത്തില്‍.
വിവാഹം കഴിഞ്ഞ് ഗ്രേസിയും മാത്തനും പോയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു.
''പുതുമോടിയല്ലെ. പണിക്ക് വരാന്‍ തോന്നണില്ലായിരിക്കും.''
എല്‍സമ്മയുടെ വാക്കുകളില്‍ പരിഹാസത്തോടൊപ്പം പുച്ഛം.
''പിന്നേ രാവും പകലും ഒരാഴ്ച വീട്ടില്‍ അടയിരുന്നല്ലേ പുതുമോടി തീര്‍ക്കണേ. ഇതിനു മുമ്പാരും കല്ല്യാണം കഴിച്ചിട്ടില്ലാത്തതുപോലെ. പണിയെന്തോരാ പറമ്പീ കെടക്കണേ.''
കുഞ്ഞപ്പന്റെ വാക്കുകളിലും ദേഷ്യം.
അയാള്‍ മുറ്റത്തേക്കിറങ്ങി. ഇനിയും പണികള്‍ വൈകിയാല്‍? അവന്റെ വീടുവരെ ഒന്നന്വേഷിച്ച് ചെന്നാലോ?
അപ്പോഴാണ് ആ കാഴ്ച കണ്ടത്. ഗേറ്റുകടന്ന് വരുന്നു ഗ്രേസിയും മാത്തനും. കുഞ്ഞപ്പന് ആശ്വാസമായി.
സമയം രാവിലെ പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണോ രണ്ടിനും നേരം വെളുത്തത്? പണിക്ക് വരാന്‍ കണ്ട സമയം!
ഇരുവരും അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. നല്ലൊരു ഷര്‍ട്ടൊക്കെ ധരിച്ച് വെളുത്ത മുണ്ടുടുത്ത് ഷേവ് ചെയ്ത് മിനുക്കിയ മുഖത്ത് ചെറുചിരിയോടെ മാത്തന്‍. നല്ലൊരു സാരി ധരിച്ച് തുടുപ്പാര്‍ന്ന മുഖത്ത് ഒരു നവവധുവിന്റെ ഭാവലക്ഷണങ്ങളോടെ ഗ്രേസി.
ഇവര്‍ പണിക്കു വന്നതാണോ? ഏയ്. ഇന്നെന്തായാലും അതിനല്ല.
''നിങ്ങളുടെ കാര്യം ഇപ്പോള്‍ പറഞ്ഞതേയുള്ളൂ.''
കുഞ്ഞപ്പന്‍ ചിരിയോടെ ഇരുവരേയും എതിരേറ്റു.
മാത്തന്റെ പുഞ്ചിരിയില്‍ ചെറിയൊരു ഗൗരവം.
വീടിനുള്ളില്‍ നിന്നും ജനലിലൂടെ അവരെ കണ്ട എല്‍സമ്മയ്ക്ക് ആദ്യം മനസ്സില്‍ മുളച്ച വികാരം ചെറിയ വെറുപ്പായിരുന്നു. ''രണ്ടും വിരുന്നു വന്നതായിരിക്കും.''
''ഞങ്ങള്‍ ചാച്ചനോട് ഒരു കാര്യം പറയാന്‍ വന്നതാ.''
മാത്തന്‍ പറഞ്ഞതുകേട്ട് ചോദ്യഭാവത്തില്‍ കുഞ്ഞപ്പന്‍ ഇരുവരേയും നോക്കി.
അളിയന്‍ തന്ന മുന്നററിയിപ്പ് ഉള്ളില്‍ മിന്നി. അതാണോ പറയുവാന്‍ പോകുന്നത്?
''അപ്പച്ചിക്ക് തുണിക്കച്ചവടമായിരുന്നല്ലോ. ഞാന്‍ അത് വീണ്ടും തുടങ്ങാമെന്ന് കരുതുവാ.''
മാത്തന്‍ ഒന്നു നിറുത്തി. കുഞ്ഞപ്പന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
''നാളെ മുതല്‍'' കുഞ്ഞപ്പന്റെ ഉള്ളില്‍ നടുക്കം. മറുപടി പറയാന്‍ വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞു.
''അല്ല... അത്... അപ്പോ ഇവിടത്തെ കൃഷികാര്യങ്ങളൊക്കെ...?''
മാത്തന്റെ മുഖത്തെ ചിരി മാഞ്ഞു.
''ഇനി ഒരു പണിക്കാരനായി ഞാനിവിടെ വരുന്നത് ശരിയല്ല. അത് ബുദ്ധിമുട്ടാ. പ്രത്യേകിച്ച് നിങ്ങള്‍ക്ക്. മാത്രമല്ല ഇനി ഇങ്ങനെയുള്ള പണിക്കുപോകലെല്ലാം വേണ്ടെന്നാ ഞാന്‍ തീരുമാനിച്ചിരിക്കുന്നേ.''
ഒരു ചഞ്ചലിപ്പും കൂടാതെ എത്ര ഭംഗിയായിട്ടും വ്യക്തമായിട്ടുമാണ് മാത്തച്ചായന്‍ സംസാരിക്കുന്നത്? ഗ്രേസിക്ക് അഭിമാനം തോന്നി.
''എല്‍സാന്റിയെ ഒന്നു കണ്ടിട്ടു വരട്ടെ.''
അതുപറഞ്ഞ് ഗ്രേസി വീടിനകത്തേക്കു കയറി. മാത്തന്‍ മുറ്റത്തുതന്നെ നിന്നതേയുള്ളൂ. അകത്തേക്കു കയറാന്‍ കുഞ്ഞപ്പന്‍ പറഞ്ഞതുമില്ല. അയാള്‍ അപ്പോഴും മാത്തന്‍ പറഞ്ഞ വാക്കുകള്‍ സൃഷ്ടിച്ച അമ്പരപ്പില്‍ത്തന്നെ.
ഏതാനും നിമിഷങ്ങള്‍ക്കകം ഗ്രേസി തിരികെ വന്നു. ഒപ്പം എല്‍സമ്മയും ജിജിയും.
''എങ്കില്‍ ഞങ്ങളിറങ്ങട്ടെ. ചാച്ചനും എല്‍സാന്റിം ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.''
അവര്‍ തിരികെ നടക്കുകയാണ്. ആരും മറുപടിയൊന്നും പറഞ്ഞില്ല. മാത്തന്‍ ഇനി പണിക്ക് വരില്ലെന്നും പുതിയൊരു തൊഴില്‍ ആരംഭിക്കുന്നു എന്നും പറഞ്ഞതിന്റെ അമ്പരപ്പ് വിട്ടുമാറാതെ നില്‍ക്കുന്നു.
''ഉം... പിന്നേ അവന്‍ കൊറേ കച്ചോടം ചെയ്യും. നമുക്ക് കാണാല്ലോ. കയ്യിലൊള്ള കാശ് തീര്‍ന്നു കഴിയുമ്പം പണിക്കെന്നും പറഞ്ഞ് ഇങ്ങോട്ട് തന്നെ വന്നോളും. നോക്കിക്കോ.''
എല്‍സമ്മയുടെ ഈര്‍ഷ്യം കലര്‍ന്ന വാക്കുകള്‍.
പക്ഷേ, ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഒരു പ്രതീക്ഷയും കുഞ്ഞപ്പനില്ല. മാത്തന്റെ മുഖത്ത് പ്രസരിച്ച ആത്മവിശ്വാസം! കണ്ണുകളിലെ തിളക്കം!
എല്ലാം എന്തിന്റെയോ സൂചനകളാണ്.
അവന്‍ സമര്‍ത്ഥനാണ്. അവന്റെ അപ്പച്ചിക്കൊപ്പം കുറെ വര്‍ഷം ഇതു ചെയ്ത് പരിചയമുണ്ട്. ഈ തൊഴിലില്‍ അവന്‍ പരാജയപ്പെടുവാനുള്ള സാധ്യത കുറവാണ്.
പക്ഷേ, സ്വന്തം പ്രധാന വരുമാനമാര്‍ഗ്ഗം പ്രതിസന്ധിയിലാകുകയാണ്.
മാത്തനും ഗ്രേസിയും നടന്നു മറഞ്ഞ വഴിയിലേക്ക് വിഷണ്ണനായി കുഞ്ഞപ്പന്‍ നോക്കി നിന്നു.
(തുടരും)