ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.23

നോവല്‍ അവസാനിക്കുന്നു
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.23

എല്ലാവരും ചേര്‍ന്ന് ജിജിയുടെ കുടുംബത്തെ യാത്രയയ്ക്കുവാന്‍ കാറിന് സമീപത്തേക്ക് നടന്നു.

ജോസിനേയും ജിജിയേയും അല്പം മാറ്റി നിറുത്തി മാത്തന്‍ ശബ്ദം താഴ്ത്തി സംസാരത്തില്‍. അനുസരണവും വിനയവും കലര്‍ന്ന മുഖഭാവത്തോടെ ഇരുവരും ശ്രദ്ധാപൂര്‍വ്വം കേട്ടുനില്‍ക്കുന്നു. കരുതലും ഉത്തരവാദിത്വവുമുള്ള ഒരു മുതിര്‍ന്ന ജ്യേഷ്ഠന്റെ ഭാവം മാത്തന്.

മനസ്സുനിറഞ്ഞ ആനന്ദത്തോടെ എല്‍സമ്മ അത് നോക്കിനിന്നു. ജിജിയുടെ കുടുംബത്തെക്കുറിച്ച് ഇനി ഉത്ക്കണ്ഠ വേണ്ട. അവര്‍ക്ക് താങ്ങും തണലുമായി കഴിവും കാര്യപ്രാപ്തിയുമുള്ള ഒരു ജ്യേഷ്ഠനുണ്ട്. സ്‌നേഹസമ്പന്നയായ ഒരു ചേച്ചിയുണ്ട്.

ജോസിനേയും ജിജിയേയും തോളില്‍ തട്ടിമാത്തന്‍ കാറിലേക്കു നയിച്ചു. ജിജിയുടേയും മകന്റേയും ബാഗുകളും മറ്റു സാമഗ്രികളും ഡ്രൈവര്‍ 'ഡിക്കി'യില്‍ വച്ചു. മാത്തന്‍ ഡ്രൈവര്‍ക്ക് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുത്തു. ഗ്രേസികുട്ടിയെ ആലിംഗനം ചെയ്തു കവിളില്‍ ഒരു സ്‌നേഹചുംബനം നല്കി.

കാര്‍ മുന്നോട്ടുനീങ്ങി എല്ലാവരും കൈകള്‍ ഉയര്‍ത്തി വീശി.

നിമിഷങ്ങള്‍ക്കകം കാര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞു.

എല്‍സമ്മ വീണ്ടും ദീര്‍ഘമായി നിശ്വസിച്ചു.

എല്ലാവരും തിരികെ വീട്ടിലേക്കു നടന്നു. അതിനിടയില്‍ മാത്തന്‍ കുഞ്ഞപ്പന്റെ കൈത്തണ്ടില്‍ പിടിച്ചു.

''ചാച്ചന്‍ ഈ നേരം വരെ എന്നോടൊന്നും മിണ്ടിയില്ല. എന്നോടുള്ള പിണക്കം ഇതുവരെ തീര്‍ന്നില്ലേ?''

കുഞ്ഞപ്പന്‍ പൊടുന്നനെ നിന്നു. നോട്ടം അല്പസമയം മാത്തന്റെ മുഖത്തുതന്നെ.

''നിന്നോടെനിക്ക് പെണക്കമോ? എന്തിന്? എന്തു തെറ്റാ നീ ചെയ്‌തേ? പിന്നെ ഞാന്‍... എന്റെ ശുദ്ധ ഗതീം മണ്ടത്തരോംകൊണ്ട് ഓരോന്ന് ചിന്തിച്ച്... നെനക്കറിയാവല്ലോ ഞാനൊരു കഥയില്ലാത്തവന്‍. നിന്നെപ്പോലെ പിടിപ്പും കാര്യശേഷീം ഒന്നുമില്ലാത്ത... ആകെ തകര്‍ന്ന് കെടന്ന ഈ കുടുംബത്തെ രക്ഷിക്കാനും നീ മാത്രം... ഒരു കാര്യത്തിലെനിക്കിപ്പം സന്തോഷോം അഭിമാനോമുണ്ട്. എന്റെ ഗ്രേസിക്കുഞ്ഞിനെ നിന്റെ കയ്യിലേല്പിച്ചു തന്നതിന്. നീയെനിക്ക് മകനെപ്പോലെയല്ലേ? അല്ല നീയെന്റെ മകനാണ്.''

മാത്തനെ ആലിംഗനം ചെയ്ത് കുഞ്ഞപ്പന്‍ വികാരവിക്ഷുബ്ധതയില്‍ വീര്‍പ്പുമുട്ടി.

ചോറ് വിളമ്പാന്‍ ഗ്രേസിയും കൂടി. എല്ലാവരും ഒരുമിച്ചാണ് ഊണു കഴിക്കാനിരുന്നത്.

''കറിയൊക്കെ നിങ്ങള്‍ക്കിഷ്ടപ്പെടുമോ ആവോ?''

എല്‍സമ്മയ്ക്ക് വീണ്ടും സങ്കോചം.

''ദേ പിന്നേം കറിക്കാര്യം. എല്‍സാന്റി എത്രയോ കൊല്ലം വെളമ്പിത്തന്ന ചോറും കറീം അല്ലേ എന്റെ യീ ശരീരം.''

അതു പറഞ്ഞ ഗ്രേസിയെ ഒരു ചെറുചിരിയോടെ മാത്തന്‍ നോക്കി.

''നീ മാത്രമാണോ? എത്രനാള്‍ ഞാനും കഴിച്ചിരിക്കണ്. അല്ലേ എല്‍സാന്റീ. ഏതായാലും ഒരോര്‍മ്മ പുതുക്കലായി.''

ഗ്രേസിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി.

''അയ്യോടാ... ഓര്‍മ്മ പുതുക്കണേ ദേ ആ അടുക്കളവാതിലിന്റെ പടിയേ പോയിരുന്ന് കഴിക്കണം.''

മാത്തന്റെ മുഖത്ത് ഒരു കൃത്രിമ ഗൗരവം.

''ശരി എന്നാപ്പിന്നെ അവിടെത്തന്നെയിരുന്ന് കഴിച്ചേക്കാം.''

മാത്തന്‍ എഴുന്നേറ്റ് പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് നീങ്ങുവാന്‍ തുടങ്ങി. എല്‍സമ്മ ചിരിയോടെ മാത്തനെപിടിച്ച് കസേരയിലേക്കു തന്നെ ഇരുത്തി. എന്നിട്ട് സ്‌നേഹപൂര്‍വം ഗ്രേസിയുടെ തോളത്ത് ചെറിയൊരടി.

''കെട്ടിയോനോട് ഇങ്ങനാണോടീ പെണ്ണേ വര്‍ത്താനം പറയണതു.''

എല്‍സമ്മയ്ക്ക് പിന്‍തുണയുമായി മാത്തനും.

''വളരെ ശരിയാ എല്‍സാന്റീ. ചില നേരത്ത് ഇവളുടെ ചില വര്‍ത്തമാനം. ഹോ ഒരു രക്ഷേയില്ല.''

മാത്തന്‍ ഒന്നു നിറുത്തി.

''പക്ഷേ, ഇതൊക്കെ വേണ്ട വിധം പറഞ്ഞുതരാന്‍ ഞങ്ങള്‍ക്ക് അവടെ ആരാ ഉള്ളത്?''

സരസസംഭാഷണങ്ങള്‍ക്ക് പൊടുന്നനെ ഒരു വിരാമം. കുഞ്ഞപ്പന്റെയും എല്‍സമ്മയുടേയും മുഖങ്ങളിലേക്ക് മാത്തന്‍ മാറിമാറി നോക്കി.

''അതുകൊണ്ട്... നിങ്ങള്‍ ഇനി ഞങ്ങളുടെ കൂടെ താമസിച്ചാല്‍ മതി.''

ഒരു മാത്ര കുഞ്ഞപ്പനും എല്‍സമ്മയും സ്തബ്ധരായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണ് കേട്ടത്. അതിന്റെ അവിശ്വസനീയത, അമ്പരപ്പ്.

കുഞ്ഞപ്പനാണ് ആദ്യം സംസാരിച്ചത്.

''ഏയ് അതൊന്നും വേണ്ടന്നേ. അത്... വെറുതേ എന്തിനാ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിട്ട്...''

കുഞ്ഞപ്പനെ പൂര്‍ത്തിയാക്കാന്‍ ഗ്രേസി സമ്മതിച്ചില്ല.

''ചാച്ചന്‍ ഒന്നും പറയണ്ട. ദേ വന്നില്ലേ രണ്ടിനേം ഞാന്‍പിടിച്ചു വലിച്ചു കൊണ്ടുപോകും.''

ഇരുവരും ചിന്താക്കുഴപ്പത്തിലായതുപോലെ.

മാത്തന്റെ മൊബൈല്‍ വീണ്ടും ശബ്ദിച്ചു. 'ഡിസ്‌പ്ലേ'യിലേക്ക് നോക്കിയപ്പോള്‍ ചുണ്ടില്‍ ചിരി.

''ആ എന്തായി കാര്യങ്ങള്‍... ഏയ് ഒരു കുഴപ്പോം ഇല്ല. എല്ലാം ശുഭം... അതേയതേ... ഇല്ലയില്ല... അതങ്ങ് ഉള്‍ക്കൊള്ളാന്‍ പറ്റണില്ല രണ്ടുപേര്‍ക്കും. അതിന്റെയൊരു പ്രയാസം... ശരി ശരി... ആയിക്കോട്ടെ.''

മാത്തന്‍ ചിരിയോടെ മൊബൈല്‍ കുഞ്ഞപ്പനു നീട്ടി.

''ജോബിയാ.''

അമ്പരപ്പോടെ കുഞ്ഞപ്പന്‍ ഫോണ്‍ വാങ്ങി. മറുതലയ്ക്കല്‍ ഒരു ശാസനപോലെ ജോബിയുടെ ശബ്ദം.

''ചാച്ചന്‍ കൂടുതല്‍ സംസാരത്തിനൊന്നും പോകണ്ട. മാത്തച്ചായനും ഗ്രേസേച്ചീം പറയണതെന്താന്ന് വച്ചാ അതങ്ങനുസരിച്ചാ മതി. എല്ലാം വേണ്ടപോലെ ചെയ്യാന്‍ അവര്‍ക്കറിയാം...''

സംസാരം തുടരുന്നു. ഒന്നും തിരിച്ചു പറയാതെ മകന്‍ പറയുന്നതു മുഴുവന്‍ മൂളി കേള്‍ക്കുന്ന കുഞ്ഞപ്പനെ കൗതുകത്തോടെ മാത്തനും ഗ്രേസിയും നോക്കിയിരുന്നു. സംസാരം നിറുത്തി. ഫോണ്‍ തിരികെ മാത്തനെയേല്പിച്ച് ഒരു വിധേയന്റെ മട്ടോടെ കുഞ്ഞപ്പന്‍ എല്‍സമ്മയെ നോക്കി നിശ്ശബ്ദനായിരുന്നു.

ഫോണ്‍ വാങ്ങി മാത്തന്‍ സംസാരം തുടരുകയാണ്. ഇടയ്ക്ക് ചെറുശബ്ദത്തില്‍ പൊട്ടിച്ചിരികള്‍.

''...ശരി ശരി. അമ്മേടെ കൈയ്യീ കൊടുക്കണോ... ...ശരിയെന്നാല്‍.''

സംസാരം അവസാനിപ്പിച്ച് മുഖം കുഞ്ഞപ്പനു നേരെയടുപ്പിച്ച് ശബ്ദം താഴ്ത്തി മാത്തന്‍ പറഞ്ഞു തുടങ്ങി.

''ചാച്ചന്‍ ഞാന്‍ പറയുന്നത് ഒന്നു ശ്രദ്ധിച്ചു കേള്‍ക്കണം. ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്കിപ്പോള്‍ എല്ലാമുണ്ട്. പണവും സ്വത്തും പദവികളുമെല്ലാം. പക്ഷേ, ഇപ്പോഴും ഞങ്ങളാരാ? ആരുപോരുമില്ലാത്ത രണ്ടനാഥര്‍. ഇനിയും അങ്ങനെതന്നെ ഞങ്ങള്‍ ജീവിച്ചാല്‍ മതിയോ? അപ്പനും അമ്മയുമായി നിങ്ങളും സഹോദരങ്ങളായി ജിജിയും ജോബിയും എല്ലാം ഉള്ളപ്പോള്‍ എന്തിനാണ് ഞങ്ങളിങ്ങനെ... ഒറ്റപ്പെട്ട് ജീവിക്കണത്? നിങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നേപറ്റൂ. എങ്കിലല്ലേ അതൊരു വീടാകത്തുള്ളൂ? ചാച്ചന്‍ ഒരെതിരും പറയരുത്. ഞങ്ങളെ ഇനിയും ഒറ്റപ്പെടുത്തരുത്. ഞങ്ങളുടെ മക്കളും നിങ്ങളുടെ സ്‌നേഹോം ശിക്ഷണോം അനുഭവിച്ച് വളരട്ടേ. ഇത് ഞങ്ങള്‍ നേരത്തേതന്നെ ചെയ്യേണ്ടതായിരുന്നു. അത് ഞങ്ങള്‍ ചെയ്ത തെറ്റ്...''

ബാക്കി കേള്‍ക്കാനുള്ള സഹനശക്തി കുഞ്ഞപ്പനില്ലായിരുന്നു.

''മതി മതി. ഇനി നീ ഒന്നും പറയണ്ട. നീ എങ്ങോട്ട് വിളിച്ചാലും ഞങ്ങള്‍ വരും. അത് സുഖിച്ചു ജീവിക്കാനുള്ള കൊതികൊണ്ടൊന്നുമല്ല. നീ വിളിക്കുന്നത് നരകത്തിലേക്കാണെങ്കിലും ഞങ്ങള്‍ വരും. ഇനിയൊള്ള കാലം ഞങ്ങള്‍ക്ക് നിന്നോടും ഗ്രേസിക്കുഞ്ഞിനോടും നിങ്ങടെ മക്കളോടുമൊപ്പം ജീവിക്കണം. ഇത്... എന്റെ കുട്ടിച്ചായന്റേം സാലിച്ചേച്ചീടേം പിന്നെ... പറക്കവയ്ക്കും മുമ്പേ പോയ ഞങ്ങടെ ആ പൊന്നുമോന്റേയും ആത്മാക്കളുടെ ആഗ്രഹാ... അവരുടെ...''

പറഞ്ഞു തീര്‍ക്കാനാവാതെ കുഞ്ഞപ്പന്‍ പൊട്ടിക്കരഞ്ഞു. കസേരയില്‍ നിന്നെഴുന്നേറ്റുവന്ന് ഗ്രേസി ചാച്ചന്റെ ശിരസ്സ് തന്റെ ദേഹത്തോട് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

ഊണിന് ഒരു ഇടവേള നല്കി അരങ്ങേറിയ അപ്രതീക്ഷിതമായ ആ വികാരനിര്‍ഭര രംഗത്തിന് സാക്ഷിയായ എല്‍സമ്മയ്ക്കും വിക്ഷോഭമടക്കാനായില്ല. മേശമേല്‍ മുഖംവച്ച് അല്പനേരം ഏങ്ങിക്കരഞ്ഞു.

മേശമേല്‍ ഇടംകൈപ്പത്തികൊണ്ട് മാത്തന്‍ അടിച്ചശബ്ദം കേട്ടാണ് ഇരുവരും സമചിത്തത വീണ്ടെടുത്തത്.

''മതി മതി എല്ലാവരും കരച്ചിലും പിഴിച്ചിലും നിറുത്തിക്കേ. വേഗം ഊണവസാനിപ്പിക്ക്. എന്നിട്ട് വേഗം തയ്യാറാക്. കാറ് തിരിച്ചു വന്നാലുടന്‍ നമുക്ക് ഇറങ്ങിയേക്കാം.''

എല്‍സമ്മ ശിരസ്സുയര്‍ത്തി. കണ്ണുനീര്‍ കാഴ്ച പാതി മറയ്ക്കുന്നു.

(അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org