ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.22

ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.22

കാറിന്റെ പിന്‍വാതില്‍ ചില്ല് മെല്ലെ താണു. ഗ്രേസിയുടെ വിവര്‍ണ്ണമായ മുഖമാണ് ആദ്യം കണ്ടത്. തൊട്ടപ്പുറത്ത് മാത്തന്‍. മുന്‍സീറ്റില്‍ ഡ്രൈവര്‍ മാത്രം.

ഗ്രേസിയെത്തന്നെ എല്‍സമ്മ അല്പനേരം നോക്കിനിന്നു. ''എന്താടീ വീട്ടിലേക്കു കയറാന്‍ ഞാന്‍ നിങ്ങളെ വിളിക്കണോ?''

ചെറുചിരിയോടെയാണ് എല്‍സമ്മ ചോദിച്ചത്. ഗ്രേസിയുടെ മുഖം ഇപ്പോള്‍ കരഞ്ഞുപോകും എന്ന മട്ടില്‍.

ഗ്രേസിയാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ മാത്തനും. തന്റെ നേര്‍ക്കു നീണ്ട എല്‍സാന്റിയുടെ കയ്യില്‍ അവള്‍ ഇരുകരങ്ങളും ചേര്‍ത്ത് അമര്‍ത്തിപ്പിടിച്ചു.

''എല്‍സാന്റി... ഞാന്‍... ഞങ്ങള്...''

അത്രയും പറഞ്ഞപ്പോഴേക്കും അവള്‍ വിതുമ്പിപ്പോയി. എല്‍സമ്മയുടെ തോളിലേക്ക് തല ചായ്ച്ചു.

ഹൃദയത്തില്‍ അണയാതെ നില്‍ക്കുന്ന വാത്സല്യത്തിന്റെ തിരിനാളം മിഴിവോടെ പ്രകാശിക്കുവാന്‍ തുടങ്ങുന്നു.

എല്‍സമ്മ അവളെ അണച്ചുപിടിച്ച് പുറത്ത് തട്ടിക്കൊണ്ടിരുന്നു.

അപകടസ്ഥലത്തുനിന്ന് ആരോ വാരിയെടുത്ത ഒരു കിളിന്ത് കുഞ്ഞ്! അതിനെ ഏറ്റുവാങ്ങി സ്വന്തം തോളില്‍ കിടത്തി ആശ്വസിപ്പിക്കുന്നു. തോളില്‍ കിടന്ന് അത് വിതുമ്പുന്നു.

ഓര്‍മ്മകളില്‍ മനസ്സ് ആര്‍ദ്രമാകുന്നു.

ആ കുഞ്ഞ് ഇതാ ഇന്നും തോളത്ത് മുഖമമര്‍ത്തി വിതുമ്പുന്നു. ഒരാശ്വാസം തേടി.

എല്‍സമ്മ അവളുടെ മുതുകില്‍ വാത്സല്യത്തോടെ തലോടി.

''എന്താ മാത്താ ഇത്? ഇവളിപ്പോഴും ഇത്ര പാവമാണോ? ഞാന്‍ കരുതി വല്ല്യ ബിസിനസ്സുകാരിയൊക്കെയായപ്പം കൊറച്ച് ധൈര്യോക്കെ വന്നു കാണൂന്ന്.''

ചെറിയൊരു പുഞ്ചിരിയോടെ മാത്തന്‍ നിശ്ശബ്ദനായി നിന്നതേയുള്ളൂ.

ഇരുവരുമായി എല്‍സമ്മ വീട്ടിലേക്ക് നടന്നു. നിറഞ്ഞ ചിരിയോടെ ജോസും ജിജിയും അവരെ എതിരേറ്റു.

അകത്തേക്കു കയറി ചുറ്റും നോക്കിയ ഗ്രേസിയുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞു. ചോദ്യരൂപത്തിലുള്ള നോട്ടം എല്‍സമ്മയിലേക്ക്. അര്‍ത്ഥം ഗ്രഹിച്ച എല്‍സമ്മ കുഞ്ഞപ്പന്‍ കിടക്കുന്ന മുറിയിലേക്ക് നോട്ടമയച്ചു.

അപ്പുറത്തു നടക്കുന്നതൊന്നും അറിയുന്നില്ലെന്ന ഭാവത്തില്‍ കണ്ണുകളടച്ച് കട്ടിലില്‍ കിടക്കുകയാണ് കുഞ്ഞപ്പന്‍.

വാതില്‍പാളികള്‍ ചാരിയിരുന്നത് തുറക്കപ്പെടുന്നു. കണ്ണുകള്‍ പാതി തുറന്ന് അയാള്‍ നോക്കി.

സാരി ധരിച്ചൊരു സ്ത്രീരൂപം വാതില്ക്കല്‍. ഗ്രേസിയാണ്. അയാള്‍ വീണ്ടും കണ്ണുകളടച്ചു. അടുത്തു വരുന്ന കാലൊച്ച.

''ചാച്ചാ.''

ഗ്രേസിയുടെ ശബ്ദം. കുഞ്ഞപ്പന്‍ കണ്ണുകള്‍ തുറന്നില്ല.

അവള്‍ അരികിലായി കട്ടിലില്‍ ഇരിക്കുന്നത് അയാള്‍ക്കനുഭവപ്പെട്ടു. സ്വന്തം ശരീരം ചെറുതായി വിറകൊള്ളുന്നപോലെ. ഹൃദയം ശക്തിയായി മിടിക്കുന്നു.

കട്ടിലില്‍ ഇരുന്ന് ഗ്രേസി മെല്ലെ കുനിഞ്ഞ് അയാളുടെ ഇരുതോളുകളില്‍ പിടിച്ചു. മുഖം അല്പാല്പ്പമായി താഴ്ത്തി അയാളുടെ വലത്തേ വക്ഷസില്‍ അമര്‍ത്തി.

കുഞ്ഞപ്പന്‍ ചെറുതായി ഞെട്ടി.

തന്റെ നെഞ്ച് നനയാന്‍ തുടങ്ങുന്നു.

ലഘുവായി ആരംഭിച്ച കണ്ണുനീര്‍ പ്രവാഹം ക്രമേണ ശക്തിയായി. അയാളുടെ മാറിടമാകെ നനഞ്ഞു.

വാതില്‍ക്കല്‍ വന്നു നോക്കിയ എല്‍സമ്മയും ജിജിയും മാത്തനും ജോസും നിശ്ശബ്ദമായി പിന്‍വാങ്ങി.

അവള്‍ കരച്ചില്‍ നിറുത്തുന്നില്ല. തുടരുന്ന കണ്ണീര്‍പ്രവാഹം.

സാവധാനം ഒരു തിരിച്ചറിവിലേക്ക് കുഞ്ഞപ്പന്റെ ചേതന നയിക്കപ്പെടുന്നു. അവളുടെ കണ്ണുനീര്‍ കഴുകി വീഴുന്നത് തന്റെ നെഞ്ചിലേക്കല്ല, മനസ്സിലേക്കാണ്. അവിടെ കട്ടപിടിച്ച് കിടന്നിരുന്ന വിവിധ വികാരങ്ങള്‍...

ദേഷ്യം, പിണക്കം, പിടിവാശി, പരിഭവം...

എല്ലാത്തിനും മേലേ ചില ദുരഭിമാനചിന്തകള്‍...

എല്ലാം ആ കണ്ണുനീരില്‍ നനഞ്ഞു കുതിരുന്നു, അലിയുന്നു...

അലിഞ്ഞലിഞ്ഞ് ഒഴുകിപ്പോകുന്നു.

അയാള്‍ വീണ്ടും തിരിച്ചറിഞ്ഞു.

ആ കണ്ണുനീരിന് ഒരു ഭാഷയുണ്ട്. അതിലൂടെ അവള്‍ സംസാരിക്കുകയാണ്. എല്ലാം... നാളുകളായി ഏറ്റു പറയുവാനായി ഉള്ളില്‍ അടക്കിവച്ചിരുന്നതെല്ലാം.

കണ്ണുനീരിലൂടെ അവള്‍ സംസാരിച്ചതെല്ലാം അയാള്‍ക്ക് മനസ്സിലാകുന്നു.

സ്വയമറിയാതെ അയാളുടെ വലതുകൈ അവളെ വലയം ചെയ്തു. പുറത്ത് മൃദുവായി തട്ടിക്കൊടുത്തു.

''കരയാതെ... കരയാതെ മോളേ...''

അതുകേട്ടതോടെ അവള്‍ നിയന്ത്രണം വിട്ടതുപോലെ ഉച്ചത്തില്‍ കരയാനാരംഭിച്ചു. സ്വന്തം കണ്ണുകളും ഈറനണിയുന്നത് അയാള്‍ക്കനുഭവപ്പെട്ടു.

അത് കണ്ണുനീരിലൂടെ അവള്‍ പറഞ്ഞതിനെല്ലാമുള്ള മറുപടിയായിരുന്നു.

ഹൃദയത്തില്‍ കെട്ടിക്കിടന്ന ഭാരം മുഴുവന്‍ ഇല്ലാതാകുന്നു. ഗ്രേസി ശിരസ്സുയര്‍ത്തി.

''ചാച്ചാ.''

''ഉം.''

''ചാച്ചനെന്തിനാ എപ്പോഴുമിങ്ങനെ കിടക്കണത്?''

ഒരു മറുപടിക്കായി അയാള്‍ മനസ്സില്‍ പരതി.

''അത്... എന്താന്നറിയില്ല. കുറേ നാളുകളായി ആകെയൊരു സുഖമില്ല.''

അയാളുടെ ഇരുതോളുകളിലും അവള്‍ ബലമായി പിടിച്ചു.

''ചാച്ചന്‍ എഴുന്നേറ്റുവാ.''

കുഞ്ഞപ്പന് വൈമുഖ്യം വിട്ടുമാറുന്നില്ല.

''വേണ്ട. ഞാന്‍ സമ്മതിക്കൂല. ചാച്ചന്‍ ഏതു നേരോം ഇങ്ങനെ വെറുതേ കിടക്കണ്ട.''

ദുര്‍ബലമായ വിസമ്മതം അവഗണിച്ച് ഗ്രേസി അയാളെ പിടിച്ചുയര്‍ത്തി.

അയാള്‍ വീണ്ടും തിരിച്ചറിഞ്ഞു.

സ്വന്തം ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ദശാസന്ധിയാണിത്. ഇവള്‍ തന്നെ പിടിച്ചുയര്‍ത്തുന്നത് കേവലമൊരു കിടക്കയില്‍ നിന്നല്ല. കാലമേല്പിച്ച കനത്ത ആഘാതത്തില്‍ തെറിച്ച് ജീവിതപ്രാരാബ്ദങ്ങളുടെ, ദാരിദ്ര്യത്തിന്റെ, മനോപീഢകളുടെ, ഇവയെല്ലാം ചേര്‍ന്ന് ജീവിതയാത്രയുടെ പാതയരുകില്‍ രൂപപ്പെട്ട ഒരു ചവറുകൂനയില്‍ നിന്നാണ്.

ദുരിതങ്ങളുടെ ചവറുകൂനയില്‍ നിന്നും ഇവള്‍ തന്നെ വലിച്ചുയര്‍ത്തിയെടുക്കുന്നു.

തന്നെ മാത്രമല്ല കുടുംബത്തെയൊന്നാകെ.

ഒരു നവജീവിതത്തിന്റെ പ്രകാശത്തുടിപ്പിലേക്ക്.

ഒരു കൊച്ചുകുട്ടിയെയെന്നവണ്ണം കുഞ്ഞപ്പനെ കൈപിടിച്ചുകൊണ്ട് ഗ്രേസി മുറിക്കു വെളിയിലേക്ക് വന്നു.

ജോസും ജിജിയും എല്‍സമ്മയും മാത്തനും ചേര്‍ന്ന് കൊണ്ടുപിടിച്ച വര്‍ത്തമാനത്തിലാണ്. ഇടയ്ക്കുവരുന്ന ചിരിയൊച്ചകള്‍. ഏറ്റവും ഉച്ചത്തില്‍ മുഴങ്ങുന്നത് ജിജിയുടെ ചിരി ശബ്ദം.

കുഞ്ഞപ്പനേയും ഗ്രേസിയേയും കണ്ടതോടെ സംഭാഷണങ്ങള്‍ നിലച്ചു.

''അയ്യോ എന്തായിത്? ചാച്ചനും കരഞ്ഞോ. ശോ മോശം. ഒരു മാതിരി പെണ്ണുങ്ങളെപ്പോലെ. നാണക്കേട്.''

ജിജിയുടെ തമാശ.

അവളുടെ വാക്കുകള്‍ കേട്ട കുഞ്ഞപ്പന് സന്തോഷത്തേക്കാളേറെ അത്ഭുതമാണ് തോന്നിയത്. അവളുടെ മുഖത്തെ വിഷാദഭാവങ്ങളെല്ലാം എവിടെപ്പോയി? എത്രവേഗമാണ് അവള്‍ കലപില വര്‍ത്തമാനം പറയുന്ന ആ പഴയ പെണ്ണായത്?

എത്ര വേഗമാണ് ജീവിതത്തിന്റെ രേഖാചിത്രങ്ങള്‍ മാറി മറിയുന്നത്?

ജിജിയുടെ കാതില്‍പിടിച്ച് ജോസ് പതുക്കെ ഞെരിച്ചു.

''ചാച്ചനെ കളിയാക്കുന്നോടീ കുശുമ്പീ?''

ഇക്കിളികൊണ്ടെന്നപോലെ അവള്‍ കിലുകിലെ ചിരിച്ചു.

അടുക്കളയിലേക്കു പോയ എല്‍സമ്മ മടങ്ങി വന്നു. ജിജിയേയും ജോസിനേയും നോക്കിക്കൊണ്ട് കുഞ്ഞപ്പനോട് പറഞ്ഞു.

''ദേ ഇവരിപ്പത്തന്നെ പോവ്വാന്ന്.''

കുഞ്ഞപ്പന്‍ ഒരു നിമിഷം ചിന്തയില്‍. എന്നിട്ട് സാവധാനം പറഞ്ഞു.

''അവര് പൊയ്‌ക്കോട്ടേ.''

''അയ്യോ ഊണ് കഴിക്കാതെയോ?''

''അതിന് ഒരു ചിരിയോടെയായിരുന്നു. ജോസിന്റെ മറുപടി.

''ഊണ് കഴിക്കാന്‍ മാത്തച്ചായനും ഗ്രേസേച്ചിയുമല്ലേ ഉള്ളത്. ഏതായാലും ഞങ്ങളിനി വൈകുന്നില്ല.''

കുഞ്ഞപ്പന്‍ മാത്തനേയും ഗ്രേസിയേയും നോക്കി.

ഇടയ്ക്കിടെ മൊബൈലില്‍ വന്നുകൊണ്ടിരിക്കുന്ന വിളികളിലാണ് മാത്തന്‍. വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച സുന്ദരനായി. ആരു കണ്ടാലും ഒരുന്നത കുലജാതനെന്ന് പറഞ്ഞുപോകുന്ന രൂപം. ഒരു വാണിജ്യപ്രമുഖനു ചേര്‍ന്ന മുഖലക്ഷണം, ശരീരഭാഷ.

ഇത് മറ്റൊരാളാണ്. പണ്ട് തന്റെ പറമ്പില്‍ പണിതു നടന്നവനുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരാള്‍. ഔന്നത്യത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി വ്യക്തിത്വഭാവങ്ങള്‍ക്ക് സമൂലമാറ്റം സംഭവിച്ചൊരാള്‍.

ഊണു കഴിക്കാന്‍ മാത്തനും ഗ്രേസിയുമുണ്ടല്ലോ എന്ന് ജോസ് പറഞ്ഞതു കേട്ടപ്പോള്‍ എല്‍സമ്മയ്ക്ക് ചെറിയൊരു സങ്കോചം.

''ശ്ശോ ഒരുപാട് കറിയൊന്നൂല്ല.''

ഉടന്‍ ജിജി അതേറ്റുപിടിച്ചു.

''ആഹാ എന്നിട്ടാണോ ഞങ്ങളെ ഉണ്ണാന്‍ നിര്‍ബന്ധിച്ചത്. അപ്പോ ഞങ്ങള്‍ക്ക് കറിയില്ലേലും കൊഴപ്പമില്ല അല്ലേ. ഈ അമ്മ ആള് കൊള്ളാല്ലോ.''

മാത്തന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

''ഈ ജിജിയുടെ സ്വഭാവത്തിന് വല്ല്യമാറ്റമൊന്നും വന്നിട്ടില്ല. അല്ലേ.''

പ്രതീക്ഷിക്കാതെ മാത്തച്ചായനില്‍ നിന്നും അങ്ങനെയൊരു പ്രതികരണമുണ്ടായപ്പോള്‍ ജിജി ചെറുതായൊന്നു നാണിച്ചുപോയി.

''എവടെ മാറാന്‍. ഈ സ്വഭാവമല്ലേ ഇവള്‌ടെ ട്രഡ് മാര്‍ക്ക്.''

ജോസിന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ ആ ചിരിയില്‍ കുഞ്ഞപ്പനും പങ്കുചേര്‍ന്നു.

''എല്‍സാന്റി വിഷമിക്കണ്ട. ഞങ്ങളേതായാലും ഉണ്ടിട്ടേ പോകുന്നുള്ളൂ. പോരേ?''

എല്‍സമ്മയോട് ചേര്‍ന്നുനിന്ന് ഗ്രേസി പറഞ്ഞു.

അപരിചിതമായൊരു ലോകത്താണ് താനിപ്പോളെന്ന് കുഞ്ഞപ്പന് തോന്നി. മനസ്സിലെ വ്യാകുലതകളെല്ലാം വിട്ടൊഴിഞ്ഞിരിക്കുന്നു. ഉള്ളം ശാന്തം. സ്ഫടികം പോലെ ശുദ്ധം!

മനസ്സമാധാനം. അതല്ലേ ജീവിതത്തില്‍ നേടാനാകുന്ന അമൂല്യനിധി. അതിന്റെ ലഭ്യത പ്രദാനം ചെയ്യുന്ന അവര്‍ണ്ണനീയാനുഭവം!

നിരാശാബോധം, ജീവിതവിരക്തി, എല്ലാം മറഞ്ഞു. തരിമ്പുപോലും അവശേഷിക്കാതെ.

ജീവിതമിപ്പോള്‍ അതിമോഹനമായൊരു വര്‍ണ്ണക്കാഴ്ചയാണ്.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org