ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.20

ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.20

ആദ്യം ഒരു ജീപ്പ്. പിന്നാലെ ഒരു ആഡംബരകാര്‍. രണ്ടു വാഹനങ്ങളും ഗേറ്റു കടന്നു മുറ്റത്തും പോര്‍ച്ചിലുമായി നിന്നു. നാലുപേര്‍ ജീപ്പില്‍നിന്നും രണ്ടുപേര്‍ കാറില്‍നിന്നും പുറത്തേക്ക്.

'മാത്യു സാര്‍' കാറിന്റെ മുന്‍സീറ്റില്‍ത്തന്നെ ഇരിക്കുകയാണ്. മൊബൈലില്‍ ആരോടോ ഗൗരവത്തില്‍ സംസാരിക്കുന്നു. ഇടയ്ക്ക് വീടിന്റെ മുന്‍വാതില്‍ക്കലേക്ക് നോട്ടം, ആരെയോ പ്രതീക്ഷിച്ച്.

വാഹനങ്ങളില്‍ നിന്നിറങ്ങിയവരെല്ലാം എം.ഡിയുടെ ഫോണ്‍ സംസാരം അവസാനിക്കുന്നത് കാത്തു നിന്നു.

സംസാരം അവസാനിപ്പിച്ച് കാറിന്റെ ഡോര്‍ തുറന്നിട്ട് അവരുമായി എം.ഡി. അല്പനേരം ചര്‍ച്ചകളില്‍ ഓരോരുത്തരുടേയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടികള്‍, വിശദീകരണങ്ങള്‍. പിന്നീട് കാറില്‍നിന്നും ഏതാനും ഫയലുകളെടുത്ത് അവരെ ഏല്പിച്ചു. 'മാത്യുസാര്‍' ഒഴികെ മറ്റെല്ലാവരും ജീപ്പില്‍ കയറി. ജീപ്പ് പിന്‍വാങ്ങി.

നോട്ടം വീണ്ടും സന്ദേഹത്തോടെ വാതില്‍ക്കലേക്ക്.

കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്കിയ ശേഷം വീടിനുള്ളിലേക്ക് മാത്തന്‍ പ്രവേശിച്ചു. കൈയില്‍ ഒരു ബ്രീഫ് കേസും ഏതാനും ഫയലുകളും. ലിവിങ് ഏരിയാ കടന്ന് ഡൈനിംഗ് ഹാളിലേക്ക് കടന്നപ്പോള്‍ കണ്ടത് ടേബിളില്‍ ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാന്‍ തുടങ്ങുന്ന ഒരു കുട്ടി. അത് കൗതുകത്തോടെ നോക്കിക്കൊണ്ട് അരികിലായി മോനും മോളും. ഇരുവരും അടുത്തേക്ക് ഓടിയെത്തി.

അടുത്തമുറിയുടെ അടഞ്ഞുകിടക്കുന്ന വാതില്‍ പഴുതുകളിലൂടെ ചോര്‍ന്നെത്തുന്നു ഏങ്ങിക്കരച്ചിലില്‍ കുതിര്‍ന്ന് അവ്യക്തമായ ചില സംഭാഷണ ശകലങ്ങള്‍.

''മാത്തച്ചായന്‍ വന്നു.''

മുറിക്കുള്ളില്‍ നിന്നും ഗ്രേസിയുടെ ശബ്ദം. സംഭാഷണങ്ങള്‍ നിലച്ചു. ഗ്രേസി വാതില്‍ തുറന്നു. മുഖം വിങ്ങിപ്പൊട്ടാറായതുപോലെ.

ഒന്നും മനസ്സിലാകാതെ മാത്തന്‍.

''എന്തുപറ്റി? ഏതാ ഈ കൊച്ച്?''

പകുതി തുറന്നു കിടക്കുന്ന വാതിലിലൂടെ മാത്തന്റെ നോട്ടം മുറിക്കുള്ളിലേക്ക്. അവിടെ കട്ടിലില്‍ നിന്നും ബദ്ധപ്പെട്ട് എഴുന്നേറ്റ് കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒരു യുവതി.

മാത്തന്‍ അത്ഭുതസ്തബ്ദനായിപ്പോയി

''അല്ലാ ഇതാര് ജിജിയോ?''

മാത്തനെ നോക്കി ഒന്നു പുഞ്ചിരിക്കുവാനുള്ള ജിജിയുടെ ശ്രമം വൃഥാവിലായി.

ഗ്രേസി വീണ്ടും മുറിക്കുള്ളിലേക്കു കയറി ജിജിയെ കട്ടിലില്‍ത്തന്നെ പിടിച്ചിരുത്തി.

''നീ ഇവിടിരി. ഞാനിപ്പോ വരാം.''

ഗ്രേസി മുറിക്കു വെളിയില്‍ വന്ന് മാത്തന്റെ കൈയ്യില്‍ നിന്നും ബ്രീഫ് കേസും ഫയലുകളും ഏറ്റുവാങ്ങി.

ചോദ്യരൂപേണയുള്ള മാത്തന്റെ നോട്ടം ശ്രദ്ധിക്കാതെ ഗ്രേസി മുന്നോട്ടു നീങ്ങി.

''ഇന്നിനി തിരിച്ചുപോണോ?''

''എന്താപ്രശ്‌നം?''

''നമുക്കൊരു സ്ഥലം വരെ പോണം.''

''എപ്പോള്‍?''

''ഇപ്പോള്‍ തന്നെ.''

മാത്തന്റെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.

''വാ പറയാം.''

ഗ്രേസി മാത്തനുമായി സ്റ്റെയര്‍കേസ് കയറി മുകള്‍ നിലയിലേക്ക് നീങ്ങി.

* * * * *

സമയം രാത്രി എട്ടുമണി കഴിഞ്ഞു. നഗരത്തിലെ പള്ളിയില്‍ നൊവേന കൂടാന്‍ പോയ ജിജിയും മകനും ഇതുവരെ തിരിച്ചെത്തിയില്ല.

സന്ധ്യയ്ക്കുമുന്നേ തിരികെയെത്തുമെന്നാണ് പറഞ്ഞിരുന്നത്. എല്‍സമ്മയുടെ ഉള്ളില്‍ ഭീതി നിറഞ്ഞു തുടങ്ങി.

''ഇതെന്തുപറ്റി. ഇത്ര നേരായിട്ടും കാണുന്നില്ലല്ലോ രണ്ടിനേം.''

എല്‍സമ്മയുടെ ഉത്ക്കണ്ഠ നിറഞ്ഞ ചോദ്യം. കുഞ്ഞപ്പനും ആകെ ഒരങ്കലാപ്പ്. എന്തുപറ്റി അവര്‍ക്ക്? എങ്കിലും അതു പുറത്തു കാണിക്കാതെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു.

''അവളൊറ്റയ്ക്കല്ലല്ലോ പോയത്? കൂടെ പത്തിരുപത്തഞ്ച് പേര് വേറേം ഇല്ലേ? വന്നോളും.''

''എന്നാലും ഇത്രേം താമസിക്കുന്നതെന്താ?''

ആ ചോദ്യത്തിന് മറുപടിയില്ലാതെ കുഞ്ഞപ്പന്‍ നിശ്ശബ്ദനായി.

''ഇനി അവളേം കൊച്ചിനേം തിരികെ പള്ളീലിറക്കീട്ട് കൂടെയുള്ളവര് പോയിക്കാണുവോ?''

''ഏയ് അങ്ങനെ അവര് ചെയ്യുവോ? ഒരു പെണ്ണിനേം കൊച്ചിനേം പള്ളിമുറ്റത്ത് ഒറ്റയ്ക്കാക്കീട്ട്....''

ആ മറുപടിയില്‍ എല്‍സമ്മ തൃപ്തയായില്ല.

''ഏതായാലും പള്ളിവരെ ഒന്നുചെന്ന് അന്വേഷിക്ക്. എനിക്ക് എന്തോ ആകെയൊരു പേടിപോലെ.''

എല്‍സമ്മ പറഞ്ഞു തീര്‍ന്നില്ല. അതിനു മുമ്പേ ഒരു കാര്‍ ഗേറ്റിനു വെളിയില്‍ വന്നു നിന്നു.

കാറില്‍ നിന്നിറങ്ങുന്ന ജിജിയും മകനും. അവര്‍ ഇറങ്ങിയതും കാര്‍ നീങ്ങി.

ജിജിയുടെ കൈയ്യില്‍ രണ്ടുമൂന്നു ബാഗുകള്‍. മകന്റെ കൈയ്യില്‍ കളിപ്പാട്ടങ്ങള്‍ നിറച്ച വലിയൊരു കൂട്.

എല്‍സമ്മയുടെ ഭയവും പരിഭ്രമവും അമ്പരപ്പായി മാറി. കാറില്‍ വന്നതാരെന്നറിയാന്‍ കുഞ്ഞപ്പനും ഉമ്മറത്തേക്കു വന്നു.

''നീയിതെവടാര്‍ന്ന് പെണ്ണേ? നേരമെത്രയായെന്നറിയാവോ? ഞങ്ങളിവിടെ ആകെ തീ തിന്നുവായിരുന്ന്. എന്താ ഈ ബാഗില്? ഏതാ ആ കാറ്? ആരാ നിന്നെ ഇവിടെക്കൊണ്ടാക്കിയേ?''

അമ്മയില്‍ നിന്നും ചോദ്യങ്ങളുടെ പ്രവാഹം. ജിജി ചിരിച്ചുപോയി.

''എല്ലാം കൂടി ഒരുമിച്ചിങ്ങനെ ചോദിച്ചാലെങ്ങനാ. ഒന്നു ക്ഷമിക്ക്. ഞാനകത്തേക്കു കയറി ഒന്ന് ശ്വാസം വിട്ടോട്ടെ.''

ജിജിയുടെ ചുണ്ടില്‍ ഇപ്പോഴും ഒരു ചെറുചിരി. എത്രനാളു കൂടിയാണ് ഇവളൊന്നു ചിരിച്ചു കാണുന്നത്? എല്‍സമ്മ ആനന്ദത്തില്‍ പൊതിഞ്ഞ അത്ഭുതത്തോടെ നോക്കി നിന്നു.

മുറിക്കുള്ളിലേക്ക് കയറി ജിജി ബാഗുകള്‍ കട്ടിലില്‍ വച്ചു. മകന്റെ ശ്രദ്ധ മുഴുവന്‍ കൈയ്യിലെ കൂടിലുള്ള കളിപ്പാട്ടങ്ങളിലാണ്. ഉദിച്ചുവരുന്ന സൂര്യനെപ്പോലെ അവന്റെ മുഖം സന്തോഷത്താല്‍ തുടുത്തു...

ആകാംക്ഷ നിറഞ്ഞ ഹൃദയത്തോടെ എല്‍സമ്മ മകളുടെ ഒപ്പംകൂടി.

''ഒന്ന് പറകൊച്ചേ നീ എവടായ്‌രുന്ന്...''

ജിജിയുടെ ചുണ്ടിലെ പുഞ്ചിരി മായാതെ നില്‍ക്കുന്നു. അല്പസമയം അമ്മയെ നോക്കിനിന്നു. പിന്നെ സാവധാനം പറഞ്ഞു.

''ഞാന്‍ ഗ്രേസേച്ചീടെ വീട്ടില്‍ പോയതാ.''

''ഗ്രേസീടെ വീട്ടിലോ? എന്തിന്?''

''എന്താ എനിക്കവിടെ പോകാന്മേലേ?''

എല്‍സമ്മ തിരിച്ചറിഞ്ഞു, ഇതാ ഇവള്‍ ആ പഴയ കുറുമ്പുകാരി പെണ്ണിന്റെ ലക്ഷണങ്ങള്‍ ചെറുതായി കാണിച്ചു തുടങ്ങുന്നു. സ്വരത്തിലും സംസാരത്തിലും എപ്പഴോ നഷ്ടപ്പെട്ടുപോയ ഉന്മേഷവും സന്തോഷവും അല്പാല്പമായി തിരികെ വരുന്നു. മുഖത്ത് ആവരണം ചെയ്യപ്പെട്ടു കിടന്ന ശോകഛായ അലിഞ്ഞു തുടങ്ങുന്നു.

ജിജിയുടെ വക്കുകള്‍ മറ്റൊരു ചെവിയിലും ചെന്നു വീണു. എന്താണ് സംഭവിച്ചതെന്നറിയാന്‍ വാതില്‍ക്കല്‍ കാതോര്‍ത്തു നിന്ന കുഞ്ഞപ്പന്റെ. 'ഗ്രേസേച്ചിയുടെ വീട്ടില്‍' എന്ന് കേട്ടതോടെ ചെറിയൊരു ഞെട്ടല്‍. മുഖമിരുണ്ടു. പതുക്കെ സ്വന്തം കിടപ്പുമുറിയിലേക്ക് പിന്‍വാങ്ങി.

വിശേഷങ്ങള്‍ വിശദമായറിയുവാന്‍ എല്‍സമ്മ വെമ്പല്‍കൊണ്ടു നില്‍ക്കുകയാണ്. ജിജിയാണെങ്കില്‍ ഒന്നും പറയുന്നുമില്ല. അവരുടെ ക്ഷമ നശിച്ചു.

''പറയാം. അമ്മയിങ്ങനെ കെടന്ന് കയറ് പൊട്ടിക്കാതെ.''

എല്‍സമ്മയ്ക്ക് ദേഷ്യം ചെറുതായി വന്നു തുടങ്ങി.

''ഓ... നെനക്കത്ര ഗമയാണേ... ഒന്നും പറയണ്ട.''

തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അമ്മയെ ജിജി പിടിച്ചു നിറുത്തി.

''പെണങ്ങല്ലേ. പിന്നെ... ആ കാറിലുണ്ടായിരുന്നതേ ഗ്രേസേച്ചീം മാത്തച്ചായനും.''

''എന്നിട്ട്... അവരെങ്ങോട്ടുപോയി?''

ജിജി അമ്മയുടെ ചെവിയിലേക്ക് മുഖമടുപ്പിച്ച് ഉള്ളിലെ ആഹ്ലാദം അടക്കിപ്പൊതിഞ്ഞ മധുരം കിനിയുന്ന സ്വരത്തില്‍ മന്ത്രിച്ചു.

''ജോസിന്റെ വീട്ടിലേക്ക്.''

ഒരു നിമിഷം. വാക്കുകളും പ്രതികരണ ശേഷിയും നഷ്ടെപ്പട്ട് സ്തബ്ദയായി എല്‍സമ്മ ജിജിയെത്തന്നെ നോക്കി നിന്നു.

''വാ. ഇവിടിരി. പറയാം കാര്യങ്ങളൊക്കെ.''

അമ്മയെ കട്ടിലില്‍ പിടിച്ചിരുത്തി അവള്‍ എല്ലാം വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. നഗരത്തിലെ പള്ളിയില്‍വച്ച് ഗ്രേസേച്ചിയെ കണ്ടത്, തിരികെ പോരാന്‍ നേരം ഗ്രേസേച്ചി തന്നെ കണ്ടുപിടിച്ചത്, തുടര്‍ന്ന് വീട്ടിലേക്ക് പോയത്, അവിടെ നടന്ന സംഭാഷണങ്ങള്‍, മാത്തച്ചായനും ഗ്രേസേച്ചിയും ചേര്‍ന്ന് എന്തൊക്കെയോ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നത്, തിരികെ പോരും വഴി എല്ലാവര്‍ക്കും ധാരാളം വസ്ത്രങ്ങളും മകന് കളിപ്പാട്ടങ്ങളും വാങ്ങിത്തന്നയച്ചത്.

സ്വന്തം ഹൃദയം ശക്തിയായി ഇടിക്കുന്നത് എല്‍സമ്മ അറിഞ്ഞു. വിവരിക്കാനാവാത്ത, വേര്‍ തിരിച്ചറിയാനാവാത്ത വിവിധ വികാരങ്ങള്‍ ഉള്‍ത്തടമാകെ തിരയടിച്ചുമറിയുന്നു. സന്തോഷം, അതിലുപരി ആശ്വാസം, അതിന്റെയൊരു പ്രവാഹം ആത്മാവിനെ തണുപ്പിക്കുന്നു.

ശരീരം ചെറുതായി വിറകൊണ്ടു.

അമ്മയുടെ കൈയ്യിലേക്ക് കുറേ കറന്‍സി നോട്ടുകള്‍ ജിജി വച്ചുകൊടുത്തു.

''ഗ്രേസേച്ചി തന്നതാ.''

അതേറ്റു വാങ്ങിയ എല്‍സമ്മയുടെ കൈകള്‍ക്കും വിറയല്‍.

അവര്‍ സാവധാനം മുറിക്കു പുറത്തേക്കിറങ്ങി. ശരീരത്തേയും മനസ്സിനേയും ബാധിച്ച സംഭ്രമം അടങ്ങുന്നില്ല.

താന്‍ സ്വപ്നം കാണുകയാണോ? കേട്ടതെല്ലാം യാഥാര്‍ത്ഥ്യമാണോ?

യാന്ത്രികമെന്നോണം വെറുതേ ഉമ്മറത്തേക്ക് നടന്നു ഗേറ്റിലേക്ക് നോക്കി.

അതിനപ്പുറത്തല്ലേ കുറച്ചുമുമ്പ് ആ കാര്‍ വന്നു നിന്നത്?

സ്വന്തം കയ്യിലിരിക്കുന്ന നോട്ടുകളിലേക്കു നോക്കി. എല്ലാം സത്യമാണ് യാഥാര്‍ത്ഥ്യമാണ്.

പുറത്തെ ഇരുട്ടില്‍ നേരിയ നിലാവു വീണു തുടങ്ങി. മാനത്ത് പ്രകാശിക്കുന്ന ചന്ദ്രന്‍ പാതി വലിപ്പം പിന്നിട്ടു കഴിഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞാല്‍ വെളുത്തവാവാണ്.

ഇനി നിലാവിന്റെ ദിനങ്ങളാണ്.

ദുരിതകാലത്തിന്റെ ഇരുളിനെ അലിയിച്ചു മാറ്റുന്ന സ്‌നേഹനിലാവ്.

ഇരുള്‍ മൂടിയ നിഴല്‍ വഴികളില്‍ നിലാവ് വീഴാന്‍ തുടങ്ങുകയാണോ?

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org