ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.16

നോവലിസ്റ്റ് : ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.16
Published on
ദുഃഖവും കോപവും നിറഞ്ഞ മുഖത്തോടെ, വിറകൊള്ളുന്ന ചുണ്ടുകളോടെ, ഇടറിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു. ''എന്നോടു മിണ്ടണ്ട. മേലില്‍ എന്റെ മുന്നില്‍ വരരുത്.''

കുഞ്ഞപ്പന്‍ നിരപരാധിയാണെന്ന് എല്ലാവര്‍ക്കുമറിയാം. വ്യാപാരം കുറവായിരുന്നതിനാല്‍ വയറിംഗ് പ്ലംബിങ്ങ് ജോലികള്‍ ചെയ്യുന്നു എന്നു പറഞ്ഞു വന്ന കുറച്ചു ചെറുപ്പക്കാര്‍ക്ക് കടമുറിയുടെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തുപോയി. പണിസ്ഥലത്തേക്ക് വേണ്ടതെന്നു പറഞ്ഞ് അവര്‍ ശേഖരിച്ചു വച്ചിരുന്നവ മോഷ്ടിച്ചതായിരുന്നെന്ന് അയാള്‍ അറിഞ്ഞില്ല. കാര്യമറിയാതെ പറ്റിപ്പോയ ഒരബദ്ധം.

പക്ഷേ, കുഞ്ഞപ്പനും പ്രതികളിലൊരാളായി.

'ചാച്ചനെ' പ്രതിസ്ഥാനത്തുനിന്നൊഴിവാക്കുവാനും ലോക്കപ്പില്‍നിന്നു പുറത്തിറക്കുവാനും മാത്തന് ഏറെ ക്ലേശിക്കേണ്ടി വന്നു. മാത്തന്റെ വര്‍ക്ക് സൈറ്റ് കൂടാതെ മറ്റു ചില സ്ഥലങ്ങളില്‍ നിന്നുള്ള മോഷണ വസ്തുക്കളും തൊണ്ടി മുതലായി ഉണ്ടായിരുന്നു. പരാതിക്കാരായി വേറെയും ആള്‍ക്കാര്‍. എല്ലാ പരാതികളില്‍ നിന്നും പ്രതിസ്ഥാനത്തു നിന്നും കുഞ്ഞപ്പനെ മോചിപ്പിച്ചെടുക്കാന്‍ സ്വന്തം സ്വാധീനവും സാമ്പത്തിക പിന്‍ബലവും നന്നായി വിനിയോഗിക്കേണ്ടി വന്നു.

എങ്കിലും ആ ഒരു ദിവസം രാത്രി കുഞ്ഞപ്പന് ലോക്കപ്പില്‍ കിടക്കേണ്ടി വന്നു. അടുത്തദിവസം ഉച്ചയോടെയാണ് മോചനം സാധ്യമായത്.

പുറത്തു കാത്തുനിന്ന മാത്തന്റെ മുഖത്തേക്ക് ഒരു വട്ടം മാത്രമേ കുഞ്ഞപ്പന്‍ നോക്കിയുള്ളൂ. പല ആശ്വാസവാക്കുകളുമായി ഒപ്പം നടന്നിട്ടും ഒട്ടും ഗൗനിച്ചില്ല. ആരേയും നോക്കിയില്ല. ചുറ്റുപാടുകള്‍ ശ്രദ്ധിച്ചില്ല.

വീണ്ടും സംസാരിച്ചു തുടങ്ങിയ മാത്തനെ രൂക്ഷമായി നോക്കി.

ദുഃഖവും കോപവും നിറഞ്ഞ മുഖത്തോടെ, വിറകൊള്ളുന്ന ചുണ്ടുകളോടെ, ഇടറിയ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

''എന്നോടു മിണ്ടണ്ട. മേലില്‍ എന്റെ മുന്നില്‍ വരരുത്.''

പറഞ്ഞുനിറുത്തിയപ്പോള്‍ കുഞ്ഞപ്പന്‍ ചെറുതായി വിതുമ്പിപ്പോയി.

തിരികെ വീട്ടിലേക്കു പോകുവാന്‍ കാറില്‍ കയറാനുള്ള മാത്തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കേട്ടതായിപ്പോലും ഭാവിക്കാതെ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍നിന്നു വെളിയിലേക്ക് റോഡ് ലക്ഷ്യമാക്കി നടന്നു.

''മാത്യൂ സാര്‍ വിഷമിക്കണ്ട. കക്ഷിക്ക് മൊത്തത്തിലൊരു ഷോക്കായിപ്പോയി. ആളൊന്നു നോര്‍മ്മലാകട്ടെ. എന്നിട്ടിനി തമ്മില്‍ കണ്ടാമതി. തല്‍ക്കാലം ആള് പോട്ടെ.''

പരിചയക്കാരായ ചില പോലീസുകാരുടെ ആശ്വസിപ്പിക്കല്‍.

''എങ്കില്‍ നിങ്ങളൊരു ഹെല്‍പ് ചെയ്യണം. ഒരു ടാക്‌സി വിളിച്ച് പുള്ളിയെ ഒന്നു വീട്ടില്‍ കൊണ്ടെ വിടണം. നിങ്ങള്‍ പറഞ്ഞാല്‍ അനുസരിച്ചോളും.''

''അത് ഞങ്ങളേറ്റു. സാര്‍ സമാധാനായിട്ട് പൊയ്‌ക്കോ.''

പാറിപ്പറന്ന മുടിയും ഉറക്കച്ചടവുള്ള കണ്ണുകളും ക്ഷീണിച്ച് വാടിയ മുഖവുമായി ഒരു പ്രാകൃത രൂപിയെപ്പോലെ കുഞ്ഞപ്പന്‍ വീട്ടില്‍ വന്നു കയറി.

മോഷണക്കുറ്റത്തിന് പോലീസ് പിടിക്കുക! ഒരു ദിവസം ലോക്കപ്പില്‍ കിടക്കുക! ആ അപമാനം കുഞ്ഞപ്പന് സഹിക്കാവുന്നതിലേറെയായിരുന്നു. അയാള്‍ മാനസ്സികമായി ആകെ തകര്‍ന്നു.

നാട്ടിലും ടൗണിലും ഈ സംഭവം ഒരു സംസാരവിഷയമായി. എല്ലാവര്‍ക്കും കുഞ്ഞപ്പനോട് സഹതാപം. ഇതിന് കാരണക്കാരായി ഗ്രേസിയും മാത്തനും ചിത്രീകരിക്കപ്പെട്ടു.

എളേപ്പനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചവര്‍ എന്ന ഒരാരോപണം നാട്ടില്‍ മാത്തനും ഗ്രേസി ക്കും നേരെയുണ്ടായി. അവരുടെ ഉയര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ ഏറെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തവരാണെങ്കിലും സകല പ്രതീക്ഷകള്‍ക്കുമപ്പുറത്തേക്കുള്ള മാത്തന്റെയും ഗ്രേസിയുടേയും വളര്‍ച്ച പല മനസ്സുകളിലും അസൂയയുടെ വിത്തുപാകിയിരുന്നു. പല പ്രതികരണങ്ങളിലും ആ വികാരം പ്രതിഫലിച്ചു.

''കൈക്കുഞ്ഞായിരുന്നവളെ റോഡില്‍നിന്ന് പെറുക്കിയെടുത്ത് വളര്‍ത്തി വലുതാക്കിയതിന് പണക്കാരിയായപ്പോള്‍ പകരം കൊടുത്ത സമ്മാനം?''

''പാലുകൊടുത്ത കൈയ്ക്ക് കടിച്ചവള്‍.''

''പണക്കൊഴുപ്പില്‍ രക്തബന്ധം മറന്നവള്‍.''

നാട്ടില്‍ നടന്ന ഈവക സംസാരമൊന്നും നഗരത്തില്‍ താമസിക്കുന്ന മാത്തനും ഗ്രേസിയും അറിഞ്ഞില്ല. എങ്കിലും ചാച്ചന്‍ ഒരു ദിവസം ലോക്കപ്പില്‍ കിടക്കേണ്ടി വന്നു എന്നത് ഇരുവര്‍ക്കും വലിയ വേദനയായി. ചാച്ചനെ നേരില്‍ പോയിക്കണ്ട് കാര്യങ്ങള്‍ സംസാരിച്ച് അനുനയിപ്പിക്കണമെന്ന് മാത്തന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ചാച്ചന്റെയും എല്‍സാന്റിയുടേയും പ്രതികരണം എന്തായിരിക്കുമെന്നത് അയാളെ ആശങ്കപ്പെടുത്തി. എങ്കിലും ചില അനുരഞ്ജനശ്രമങ്ങള്‍ നടത്താതിരുന്നില്ല. ഒന്നു രണ്ടു പേരെ അതിനായി കുഞ്ഞപ്പന്റെയടുത്തേക്ക് അയയ്ക്കുകയും ചെയ്തു. പക്ഷേ, അവരോട് ഒന്നും സംസാരിക്കുവാന്‍ അയാള്‍ തയ്യാറായില്ല.

''എനിക്കാരേയും കാണണ്ട. ഒന്നും കേള്‍ക്കണ്ട. ഒന്നും പറയാനൂല്ല.''

മനോവിഷമത്താല്‍ ഗ്രേസി ആകെ നീറി. ചാച്ചനെ പോയിക്കണ്ട് സംഭവിച്ചതെന്താണെന്നു പറഞ്ഞ് ക്ഷമ ചോദിക്കണം. അവള്‍ വളരെ ആശിച്ചു.

''കുറച്ചുനാള്‍ കഴിയട്ടെ. പ്രശ്‌നം ഒന്നു തണുത്ത് ആള് ശാന്തനാകട്ടേ. അല്ലെങ്കില്‍ ചിലപ്പോള്‍ സംസാരിക്കുമ്പോള്‍ വിഷയം കൂടുതല്‍ വഷളായാലോ?''

മാത്തച്ചായന്റെ വാക്കുകള്‍ തല്‍ക്കാലം അനുസരിക്കുക. ചാച്ചന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചിന്ത അവളേയും ഭയപ്പെടുത്തിയിരുന്നു.

ദിവസങ്ങള്‍ കൊഴിയുന്തോറും ഇരുവരുടേയും മനസ്സില്‍നിന്ന് ഈ വിഷയത്തിന്റെ ഗൗരവം ക്രമേണ മങ്ങിത്തുടങ്ങി. പകരം തിരക്കിന്റെ ദിനങ്ങള്‍ - ബിസിനസ്സ് സംബന്ധമായ വിവിധ കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, പ്രമോഷന്‍ മീറ്റുകള്‍, മാര്‍ക്കറ്റ് അനാലിസിസുകള്‍, പലവിധ കമ്മിറ്റ്‌മെന്റുകള്‍...''

ഇതിനെല്ലാമിടയില്‍ ചാച്ചന്റെ ലോക്കപ്പു വാസവും തുടര്‍ സംഭവങ്ങളും അതോടനുബന്ധിച്ചുണ്ടായ മാനസിക വ്യഥകളുമെല്ലാം മറവിയിലേക്കു നീങ്ങി.

എന്നാല്‍ കുഞ്ഞപ്പന്റെ ജീവിതം ആകെ മാറി. ആരെയും കാണുവാനും സംസാരിക്കുവാനും താല്പര്യമില്ല. പുറത്തേക്കിറങ്ങുവാന്‍ പോലും മടി. ഏതു നേരവും എന്തൊക്കെയോ ചിന്തകളില്‍ മുഴുകി കിടപ്പുമുറിയില്‍ കട്ടിലില്‍ ഒരേ കിടപ്പ്. മുകളിലേക്ക് കണ്ണുംനട്ട്. കച്ചവടകാര്യങ്ങള്‍ മറന്നമട്ട്. കുടുംബകാര്യങ്ങളിലും ശ്രദ്ധയില്ല.

തളര്‍ന്ന മനസ്സോടെ ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥയില്‍ നിന്നും ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ എല്‍സമ്മ ശ്രമിക്കാതിരുന്നില്ല.

''ഇതെന്താ ഇങ്ങനെ. വരാനൊള്ളത് വന്നു. അതോര്‍ത്ത് എപ്പോഴുമിങ്ങനെ വെഷമിച്ചാലോ. ടതു നേരോം വെറുതേ ഇങ്ങനെ കെടന്നാലെങ്ങനാ. കച്ചോടത്തിന്റെ കാര്യങ്ങളൊക്കെ നോക്കണ്ടേ. ഇങ്ങനെയാണേ നമ്മളെങ്ങനെ ജീവിക്കും?''

എല്‍സമ്മയുടെ മുഖത്തേക്ക് നിര്‍ജ്ജീവമായൊരു നോട്ടം മാത്രമായിരുന്നു മറുപടി.

ഭര്‍ത്താവിന്റെ ഈ ദയനീയാവസ്ഥ എല്‍സമ്മയെ പലവിധ ചിന്തകളാല്‍ നിറച്ചു. അത് ഉള്ളില്‍ വിവിധഭാവതലങ്ങള്‍ കൈക്കൊണ്ട് ചിലപ്പോള്‍ കോപമായി പുറത്തേയ്‌ക്കൊഴുകും. ഗ്രേസിയെ കുറ്റപ്പെടുത്തുന്ന വാക്കുകളായി.

''എങ്കിലും അവള്‍ക്കെങ്ങനെ തോന്നി വളര്‍ത്തി വലുതാക്കിയ ചാച്ചനെ പോലീസീപ്പിടിപ്പിക്കാന്‍.''

ആ സംസാരങ്ങള്‍ക്കും ജിജിയില്‍ നിന്നുണ്ടായത് എതിര്‍വാദങ്ങളായിരുന്നു. ചിറിക്കോണില്‍ തെളിഞ്ഞ പുച്ഛഭാവത്തോടെ.

''ഗ്രേസേച്ചിയെ എന്തിനാ കുറ്റം പറയണേ. ആ കള്ളന്മാരുടെ കൂട്ടത്തില്‍ ചാച്ചനൊണ്ടാകൂന്ന് അവര്‍ക്കെന്നാ നേരത്തേ അറിയാര്‌ന്നോ?''

''ഓ അവള്‌ടെ ഒരു ഗ്രേസേച്ചി. സ്വന്തം അപ്പന്‍ ജയിലിക്കെടന്നപ്പം നെനക്കും സമാധാനായിക്കാണും.''

''എനിക്കെന്ത് സമാധാനം. ചാച്ചനും കൊറച്ച് ശ്രദ്ധിക്കണാര്ന്ന്. മുറി ആരെങ്കിലും വാടകയ്ക്ക് ചോദിക്കുമ്പ ആരാ എന്താ എന്നൊക്കെ നല്ലോണം തെരക്കീട്ട് വേണം കൊടുക്കാന്‍. സ്വന്തം സാധനങ്ങള് മോഷണം പോയാ ആരായാലും പോലീസിപ്പറയും. അതേ അവരും ചെയ്‌തൊള്ള്.''

എല്‍സമ്മ ശബ്ദമടക്കി. ജിജിയോട് തര്‍ക്കിക്കാന്‍ പോയാല്‍ കൂടുതല്‍ മൂര്‍ച്ചയുള്ള വാക്കുകളായിരിക്കും ഇനി വരുക. അവളെ സംബന്ധിച്ചിടത്തോളം ചാച്ചനും അമ്മയും ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. സ്വന്തം ജീവിതം അനിശ്ചിതത്ത്വത്തിലാക്കിയവര്‍. അവരെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.

ചാച്ചന്‍ ഗ്രേസേച്ചിയെ കാണാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ രൂപംകൊണ്ട പ്രത്യാശയും അസ്തമിച്ചു. ഇനി സ്വന്തം കാര്യം തീരുമാനമാവാതെ നീണ്ടുപോകുകയേയുള്ളൂ. ആ ചിന്തയില്‍ അവളുടെ സ്വസ്ഥത നഷ്ടപ്പെട്ടു. എന്തിനും കോപം. എല്ലാത്തിനോടും, എല്ലാവരോടും വെറുപ്പ്. സ്വന്തം മാതാപിതാക്കളോടുപോലും.

കീടങ്ങളുടെ ആക്രമണം കാരണം കൃഷി നഷ്ടമെന്നു പറഞ്ഞ് പാട്ടക്കാര്‍ കൊടുത്തു കൊണ്ടിരുന്ന തുകയില്‍ കുറവുവരുത്തി. നല്ല കായ്ഫലമുണ്ടായിരുന്ന തെങ്ങുകളില്‍ വിളവ് തുച്ഛം.

കുടുംബത്തിന്റെ വരുമാനം വീണ്ടും കുറയുന്നു.

വീട്ടുസാധനങ്ങള്‍ തീര്‍ന്നു തുടങ്ങി. വര്‍ദ്ധിച്ചു വരുന്ന പറ്റ് തുക കുറേയെങ്കിലും തീര്‍ക്കാതെ വീണ്ടും സാധനങ്ങള്‍ തരുവാന്‍ പീടികക്കാരന് മടി.

മാസങ്ങള്‍ക്കകം ജോബിയുടെ ക്ലാസ് തീരും. പിന്നെ അവസാന വര്‍ഷമാണ്. കോളജ് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മറ്റു ചെലവുകള്‍...

ജിജിയുടെ മകന് ഇഷ്ടമുള്ള ആഹാരം കൊടുക്കുവാന്‍ പോലും സാധിക്കുന്നില്ല. ആദ്യമെല്ലാം പ്രിയ വിഭവങ്ങള്‍ക്കായി അവന്‍ വാശിപിടിക്കുമായിരുന്നു. അതുകൊണ്ട് പ്രയോജനമില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ എന്തു കിട്ടിയാലും കഴിക്കും. കിട്ടുന്നതെന്തും മടികൂടാതെ കഴിച്ച് കട്ടന്‍കാപ്പിയോ പച്ചവെള്ളമോ വലിച്ചു കുടിക്കുന്ന ആ കുട്ടിയെ നോക്കുമ്പോള്‍ എല്‍സമ്മയുടെ ഹൃദയം നുറുങ്ങും.

എന്നും ഓരോ പായ്ക്കറ്റ് പാലെങ്കിലും അവനായി വാങ്ങുവാന്‍ കഴിഞ്ഞെങ്കില്‍?

ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. പരിഹാരമെന്തെന്നറിയില്ല.

ഉള്ളിലെ വിഷമതകളുടെ തിരതള്ളല്‍ അസഹ്യമാകുമ്പോള്‍ എല്‍സമ്മ കുറച്ചുനേരം ഭര്‍ത്താവിനടുത്തുപോയിരിക്കും. എന്തു ചോദിച്ചാലും നിര്‍വ്വികാരമായ ഒരു മൂളല്‍ മാത്രമാണ് പലപ്പോഴും മറുപടി.

''നമ്മളെത്രനാളിങ്ങനെ കഴിയും. വീട്ടുകാര്യങ്ങള്‍ നടത്തേണ്ടേ. എപ്പഴും ഇങ്ങനെ മുറീക്കേറി കെടന്നാ മതിയോ?''

സാവധാനം മുഖമുയര്‍ത്തി കുഞ്ഞപ്പന്‍ ഭാര്യയെ നോക്കി. അര്‍ത്ഥം വായിച്ചെടുക്കാനാവാത്ത മുഖഭാവം. ജീവനില്ലാത്ത ഒരു ചിരി ചുണ്ടില്‍. എല്‍സമ്മയ്ക്ക് കരച്ചില്‍പൊട്ടി.

''എന്തെങ്കിലും ഒന്നു പറയ്. അല്ലേ ആധികേറി ഞാന്‍ ചാകും.''

പാതിയടഞ്ഞ മിഴികളോടെ കുഞ്ഞപ്പന്റെ നോട്ടം വീണ്ടും മച്ചു പലകകളില്‍ വളരെ സാവധാനം അയാള്‍ സംസാരിച്ചു തുടങ്ങി.

''എന്ത് പറയാന്‍. ഒന്നും പറയാനില്ല. ഈ ഭൂമീ ജനിച്ചുപോയി. തന്നത്താന്‍ ചാകാനൊള്ള ധൈര്യമില്ല. പിന്നെന്ത് ചെയ്യും. ചാകണവരെ എങ്ങനേങ്കിലും ജീവിക്കണം. അല്ലാതെ പറ്റില്ലല്ലോ.

കടുത്ത ജീവിതനൈരാശ്യത്തിന്റെ അഗാധകയങ്ങളില്‍ ആണ്ടു കിടക്കുകയാണ് ഭര്‍ത്താവിന്റെ മനസ്സെന്ന് എല്‍സമ്മയ്ക്ക് ബോധ്യമായി. എളുപ്പം അതില്‍നിന്നും കരകയറാനാവില്ല. അവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. പിടിച്ചു നിറുത്തിയിരുന്ന കരച്ചില്‍ കണ്ണുനീരായി മിഴികളിലൂടെ ഒഴുകിത്തുടങ്ങി.

കുഞ്ഞപ്പന്‍ അല്പനേരം മൗനം പൂണ്ടു.

''ജിജിയും ജോബിയും... നമ്മുടെ മക്കളായി ജനിച്ചുപോയി. എന്നെപ്പോലൊരു കഴിവുകെട്ടവന്റെ ഭാര്യയായിപ്പോയി നീയും. ഒന്നിനും കൊള്ളാത്ത അപ്പന്‍. ഒന്നിനും കൊള്ളാത്ത കൊട്ടിയോന്‍. ഇനിയിപ്പോ എന്ത് ചെയ്യാന്‍. അനുഭവിക്കുക. എവടേങ്കിലും ചെന്ന് എങ്ങനേങ്കിലും അവസാനിക്കണവരെ.''

ജീവിതക്ലേശങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് എറിയപ്പെട്ട ആ കുടുംബം ജീവശ്വാസത്തിനായി പിടഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org