ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.15

നോവലിസ്റ്റ് : ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.15

ജിജിയുടെ സ്വഭാവത്തില്‍ കോപവും ശുണ്ഠിയും വര്‍ദ്ധിച്ചതാണ് കുഞ്ഞപ്പനേയും എല്‍സമ്മയേയും കൂടുതല്‍ വേദനിപ്പിച്ചത്. തറുതലയും കുത്തുവാക്കുകളും മാത്രമേ വായില്‍ നിന്നും വരൂ. അത് കൂടുതല്‍ കേള്‍ക്കേണ്ടി വരുന്ന ത് എല്‍സമ്മയാണ്. അനു നയ വാക്കുകളൊന്നും ഏശുകയില്ല.

''എന്റെ മോളേ ചാച്ചന്റെ ഇപ്പോഴത്തെ സ്ഥിതിയൊക്കെ നിനക്കും അറിയാവുന്നതല്ലേ. ആ മാത്തന്‍ പോയതോടെ നമ്മുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗം ഇല്ലാതായിപ്പോയില്ലേ. ഇപ്പോ പറമ്പ് പാട്ടത്തിന് കൊടുത്തതീന്ന് കിട്ടണതുകൊണ്ടാ ചെലവു കഴിഞ്ഞു പോണെതന്ന് മാത്രം. ആ മാത്തന്‍ ഇങ്ങനെ ചെയ്യൂന്നാരെങ്കിലും കരുതിയോ.''

''പിന്നെ നിങ്ങളെന്നാ വിചാരിച്ചേ എന്നും ഇവടെക്കെടന്ന് പണിത് നിങ്ങളെ തീറ്റിക്കോളൂന്നോ.''

സംസാരത്തിനിടയില്‍ മാത്തന്റെ പേര് അറിയാതെ വന്നു പോയതാണ്. അത് ഏതൊക്കെയോ ചിന്തകളിലേക്ക് എല്‍സമ്മയെ കൊണ്ടുപോയി. ആ ഓര്‍മ്മകളില്‍ മുഖമിരുണ്ടു.

''അവള്‌ടെ പ്ലാനായിരിക്കും. ഗ്രേസീടെ. അവളായിരിക്കും കച്ചോടം തൊടങ്ങാന്‍ അവന് ബുദ്ധിയുപദേശിച്ചത്.''

''ആ ഭാര്യമാരായാല്‍ അങ്ങനെ വേണം. അല്ലാതെ എന്നും വല്ലോനും വേണ്ടി പണിയാന്‍ വിടുവല്ല വേണ്ടത്. ഇപ്പോ അവര് നല്ല നെലേലായത് ഒട്ടും പിടിക്കണില്ല അല്ലേ? ഇപ്പോഴും അസൂയേം കുശുമ്പുമാ മനസ്സ് നിറയെ. വെറുതേ യല്ല ഇവിടെ ഗതിപിടിക്കാത്തെ.''

''എനിക്കാരോടും ഒരു കുശുമ്പൂല്ല അസൂയേയില്ല. ആര് വേണേ നന്നായിക്കോട്ടെ. ദൈവത്തെയോര്‍ത്ത് ഇച്ചിരി സമാധാനം താ കൊച്ചേ.''

ജിജിയുടെ ശബ്ദമുയര്‍ന്നു, കോപം മൂലം വിറയലോടെ.

''എങ്ങനാ സമാധാനം ഇല്ലാണ്ടായേ? എന്ത്യേ കൊല്ലങ്ങള്‍ക്കു മുമ്പേ കൊടുക്കാന്ന് പറഞ്ഞ കാശ് കൊടുക്കാത്തേ? അത് കൊടുത്താ ആ നിമി ഷം ഞാന്‍ പേയേക്കാം. പിന്നിവിടാര്‍ക്കും സമാധാനക്കേടില്ലല്ലോ. അതെങ്ങനാ ആ കാശ് കൊടുക്കണ കാര്യത്തീ ഇവിടാര്‍ക്കെങ്കിലും വല്ല ശുഷ്‌ക്കാന്തീം ഒണ്ടോ? ഹോ ഈ നരകത്തീന്ന് എങ്ങനേങ്കിലും ഒന്ന് പോയാ മതീന്നേ എനിക്കൊള്ള്.''

നാളുകള്‍ മുന്നോട്ടു പോകുന്തോറും സ്വന്തം വിഷയത്തില്‍ തീരുമാനമുണ്ടാകാത്തത് ജിജിയെ ഒരു തരം ഭ്രാന്തമായ മാനസികാവസ്ഥയിലെത്തിച്ചു. പലപ്പോഴും അവള്‍ അമ്മയോട് പരിധിവിട്ടു കയര്‍ത്തു. പൊട്ടിത്തെറിച്ചു.

എല്ലാ വിഷമതകളും ഉള്‍ക്കൊള്ളുവാനുള്ള സ്വന്തം സഹനശക്തി ചോര്‍ന്ന് താന്‍ ആകെ ദുര്‍ബലയാകുന്നത് എല്‍സമ്മ തിരിച്ചറിഞ്ഞു.

''എങ്ങനേങ്കിലും ആ കാശൊന്ന് കൊണ്ടെക്കൊട്. അവള് മനപ്രയാസം കൊണ്ടല്ലേ ഇങ്ങനേക്കെ പറയണത്. അവള്‌ടെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് പേടിയാ, ഇതൊക്കെ കാണുമ്പോ എന്റെ ചങ്ക് പൊടിയുവാ. ഇങ്ങനെ ഇവിടെ നിന്നാ അവള്‍ക്ക് വല്ല വട്ടും പിടിക്കൂന്നാ എനിക്ക് തോന്നണേ.''

മനോവേദനയുടെ ഭാണ്ഡക്കെട്ടിന്റെ ഭാരം ഏല്പിച്ച ആത്മസംഘര്‍ ഷം അസഹനീയമായ ഒരു മുഹൂര്‍ത്തത്തില്‍ എല്‍സമ്മ ഭര്‍ത്താവിനു മുന്നില്‍ മനസ്സു തുറന്നു.

അയാളുടെ നെഞ്ചിലും വേദനയുടെ ഭാരം ഉറഞ്ഞുകൂടുന്നു. നിസ്സഹായനായി തലകുമ്പിട്ടിരുന്നു.

ഇനി എന്താണ് ചെയ്യേണ്ടത്?

പ്രധാന ചന്ത ദിവസങ്ങളില്‍ മാത്രമേ കട തുറക്കേണ്ട കാര്യമുള്ളൂ. ബാക്കി ദിവസങ്ങളില്‍ പലേടത്തും നടന്നും വഴിയോരത്തിരുന്നു ചരക്കുകള്‍ ശേഖരിക്കുകയാണ്. വീട്ടു ചെലവുകള്‍, മകന്റെ കോളേജ് പഠനം, ഹോസ്റ്റല്‍ ഫീസ്... പണത്തിന് ആകെ ഞെരുങ്ങുകയാണ്.

ഇതാ കൂനിന്മേല്‍ കുരുപോലെ ജിജിയുടെ പ്രശ്‌നം!

അയാളുടെ എല്ലാ സ്വസ്ഥതയും നശിച്ചു. നെഞ്ചില്‍ നാളുകളായി എരിയുന്ന നെരിപ്പോടിന്റെ തീഷ്ണത വര്‍ദ്ധിക്കുന്നു.

ഇതിനിടയിലാണ് രണ്ടുമൂന്ന് ചെറുപ്പക്കാര്‍ വന്ന് കടമുറിയുടെ ഒരു ഭാഗം വാടകയ്ക്ക് ചോദിച്ചത്.

അത് നല്‍കുന്നതുകൊണ്ട് സ്വന്തം വ്യാപാരത്തിന് പ്രശ്‌നമൊന്നുമില്ല. അവരുടെ പണി സാധനങ്ങളും ചില ഉപകരണങ്ങളും സൂക്ഷിക്കാന്‍ ഒരു ഇടം. അത്രമാത്രം.

കുഞ്ഞപ്പന്‍ ചോദിച്ച വാടകയും അഡ്വാന്‍സും അവര്‍ എതിര്‍പ്പൊന്നും കൂടാതെ സമ്മതിച്ചു. ആ സമയത്ത് അത് വലിയൊരാശ്വാസമായി.

എല്‍സമ്മയുടെ നിര്‍ബന്ധം മുറുകിക്കൊണ്ടിരുന്നു. എന്തു ചെയ്തിട്ടാണെങ്കിലും, എന്തു വിറ്റുപെറുക്കിയിട്ടാണെങ്കിലും, ജിജിയുടെ വീട്ടുകാര്‍ക്കുള്ള പണം കൊടുക്കണം. എത്രയും വേഗം അവളെ തിരികെ അയയ്ക്കണം.

സ്വന്തം പേരിലുള്ള ഒരേക്കര്‍ ഭൂമി വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സഹകരണ സംഘത്തില്‍ പണയത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചിലര്‍ സ്ഥലം വാങ്ങാന്‍ താത്പര്യപ്പെട്ട് എത്തി. ആധാരത്തിന്റെ കോപ്പി വിശദമായി പരിശോധിച്ചപ്പോഴാണ് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്.

വലിയൊരു ഹിന്ദു തറവാട്ടിലെ ഒരംഗത്തിന് ഭാഗഉടമ്പടി പ്രകാരം ലഭിച്ച ഭൂമിയാണ്. അവകാശികളില്‍ 'മൈനര്‍'മാര്‍ എത്രയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അവര്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍, അഥവാ അവരുടെ മക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍, അതിലാരെങ്കിലും എന്നെങ്കിലും നിയമനടപടിക്ക് മുതിര്‍ന്നാല്‍, സംഗതി ഗുലുമാലാകും.

കുഞ്ഞപ്പന്‍ സാധിക്കുന്നതുപോലെ ന്യായീകരണങ്ങള്‍ പറഞ്ഞുനോക്കി.

''ഏയ് അങ്ങനൊരു പ്രശ്‌നോം ഒണ്ടാകില്ല. അതല്ലേ സംഘത്തീന്ന് വായ്പ തന്നത്.''

പക്ഷേ, കക്ഷികള്‍ അത് ഗൗനിച്ചില്ല.

''അത് പിന്നെ സഹകരണസംഘാല്ലേ. നാട്ടുകാരാകുമ്പോ അവര് കൊറച്ചൊക്കെ കണ്ണടച്ചെന്നു വരും. പക്ഷേ, ഒരു ഷെഡ്യൂള്‍ഡ് ബാങ്കാണേ ഇത് നടക്കിയേല. ഇതിപ്പോ തീറു വാങ്ങിച്ചാ നാളെ വല്ല കേസും വന്നാ ആകെ കൊഴഞ്ഞ് പോരാത്തതിന് സിവില്‍ കേസും. പെട്ടത് തന്നെ.''

''പിന്നെ... എന്താ ഒരു പോംവഴി?''

''ഒരു വക്കീലിനെ കാണ്. ചില നടപടി ക്രമങ്ങളൊക്കെയുണ്ട്. പക്ഷേ, സമയം പിടിക്കും. എടിപീടീന്ന് കാര്യം നടക്കിയേല.''

ആ ഒരു പ്രതീക്ഷയും തല്‍ക്കാലം അസ്തമിച്ചു.

സഹകരണ സംഘത്തിലെ വായ്പയില്‍ ഇതുവരെ കാര്യമായ തിരിച്ചടവ് ഉണ്ടായിട്ടില്ല. സെക്രട്ടറി രണ്ടു മൂന്നു തവണ വിഷയം സൂചിപ്പിച്ചിരുന്നു. ഒന്ന് രണ്ട് നോട്ടീസുകളും വന്നു. ഇനിയും തിരിച്ചടവുണ്ടായില്ലെങ്കില്‍ നടപടിയിലേക്ക് നീങ്ങേണ്ടി വരും.

തവണകള്‍ ഇറക്കുന്നത് കുടിശികയായതോടെ ചിട്ടി ചേര്‍ന്നത് ബാക്കി രണ്ടു നമ്പരുകള്‍ ലേലം കൊള്ളാനായില്ല. ഇറക്കില്‍ ബാക്കി നില്‍ക്കുന്ന തുക ലേലംകൊണ്ട ചിട്ടി നമ്പറിന്റെ കുടിശ്ശികയിലേക്കും പിഴപ്പലിശയിലേക്കും വരവു വയ്ക്കപ്പെട്ടു.

എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍!

അശാന്തിയുടെ തീരങ്ങളിലൂടെ ലക്ഷ്യമറിയാതെ അലയുന്ന രണ്ടു വേകുന്ന ആത്മാക്കളായി കുഞ്ഞപ്പനും എല്‍സമ്മയും.

ഒരു ദിവസം രാത്രി.

ഉറങ്ങാന്‍ കിടന്ന കുഞ്ഞപ്പന്‍ പതിവുപോലെ വ്യാകുലചിന്തകളില്‍ മുഴുകി. അടുത്തുകിടക്കുന്ന എല്‍സമ്മയും എന്തോ ആലോചനയിലാണെന്നു തോന്നുന്നു. ഒന്നും സംസാരിക്കുന്നില്ല. സാധാരണ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ അല്പനേരം സംസാരിക്കുന്ന പതിവുണ്ട്. ഇന്നെന്തുപറ്റി?

''നീയെന്താ ഒന്നും മിണ്ടാത്തെ. ഉറങ്ങിയോ?''

എല്‍സമ്മ അല്പനേരം കൂടി മൗനം തുടര്‍ന്നു. പിന്നെ ശാന്തമായി, സ്വരം താഴ്ത്തി, പറഞ്ഞു തുടങ്ങി.

''ഞാനൊരു കാര്യം പറയട്ടേ. ദൈവത്തെയോര്‍ത്ത് എതിരു പറയരുത്. ജിജിയുടെ കാര്യം എത്ര നാളിങ്ങനെ നീട്ടിക്കൊണ്ടുപോകും? ഇനി ആകെ ഒരു വഴിയേയുള്ളൂ. നാളെത്തന്നെ ഗ്രേസിയെ ചെന്നൊന്ന് കാണ്. മാത്തനെ വേണ്ടാ അവളെ കണ്ടാമതി. നമ്മടെ പ്രയാസങ്ങളൊക്ക അവളോട് പറ. അവരിപ്പം വല്ല്യ പണക്കാരാ. നമ്മളെ ഒന്ന് സഹായിക്കണോന്ന് പറ. നമ്മളെ ക്കൊണ്ടാവണ കാലത്ത്, അത് സാധിച്ചില്ലേ നമ്മടെ മകന്‍ ഒരു നെലേലെത്തണ കാലത്ത് തിരിച്ചുകൊടുക്കാം. വേണേ സ്വത്തൊള്ളത് എന്താന്ന് വച്ചാ അവര്‍ക്ക് എഴുതിക്കൊടുക്കാം. ഇനിയെങ്കിലും ചുമ്മാ അഭിമാനത്തിന്റെ പേരും പറഞ്ഞ് വെറുതേ വാശിപിടിക്കരുത്. അല്ലേത്തന്നെ എന്തഭിമാനാ ഇപ്പോ നമ്മക്കൊള്ളത്? മകളെ കെട്ടിച്ചുവിട്ട വീട്ടുകാരോടൊള്ള വാക്ക് പാലിക്കാന്‍ സാധിച്ചോ? പെണ്ണ് തിരികെ വന്ന് നിക്കണതിപ്പരം മാനക്കേട് വേറെ എന്നാ.''

പതിവില്ലാത്ത വിധം ശാന്തതയോടെ എല്‍സമ്മ പറഞ്ഞതു മുഴുവന്‍ കുഞ്ഞപ്പന്‍ കേട്ടു. ഇടയ്ക്കു കയറി ഒന്നും പറയാതെ. മറുപടിയൊന്നും പറയാതെ ആ ലോചനയിലാണ്ട് കിടന്നു.

ഇനി ആകെ ശേഷിക്കുന്ന ഒരേയൊരു പോം വഴി. അതാണ് എല്‍സമ്മ പറഞ്ഞത്.

എങ്കിലും... സഹായം ചോദിച്ച് മാത്തന്റെ വീട്ടിലേക്ക് ചെല്ലുക...! ചോദിക്കുന്നത് ഗ്രേസിയോടാണെങ്കിലും...?

ആ ഓര്‍മ്മയില്‍ അയാള്‍ ലജ്ജകൊണ്ട് ചൂളി.

പക്ഷേ, വേറെന്ത് വഴി? അഭിമാനം നോക്കിയിട്ട് ഇനിയെന്തു കാര്യം? അല്ലെങ്കില്‍ത്തന്നെ എല്‍സമ്മ പറഞ്ഞതുപോലെ എന്തഭിമാനമാണ് ഇനി ബാക്കിയുള്ളത്?

ഗ്രേസിയെ പോയി കാണുക തന്നെ.

ഏറെ നേരം പണിപ്പെട്ടാണ് മനസ്സിനെ ആ തീരുമാനത്തിലേക്ക് കൊണ്ടു വന്നത്.

നഗരത്തിലേക്ക് അവര്‍ താമസം മാറ്റിയതോടെ സമ്പര്‍ക്കങ്ങളെല്ലാം മുറിഞ്ഞിരിക്കുകയാണ്. മാത്തന്‍ ഓരോ പ്രസ്ഥാനങ്ങള്‍ തുടങ്ങുമ്പോഴും വളരെ സങ്കോചത്തോടെ ഒന്നുപോയി മുഖം കാണിച്ച് മടങ്ങും. എന്തോ, മാത്തന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു അപകര്‍ഷതാബോധം, ഉള്ളിലെവിടെയോ അലിയാതെ ശേഷിക്കുന്ന അവനോടുള്ള നീരസം. തന്റെ വരുമാന മാര്‍ഗ്ഗം ചവുട്ടിത്തെറിപ്പിച്ചു പോയിട്ടാണ് അവന്‍ ഈ നേട്ടങ്ങളൊക്കെ വെട്ടിപിടിച്ചത് എന്ന അര്‍ത്ഥശൂന്യവും യുക്തിരഹിതവുമായ ചിന്ത, എല്ലാം ഉള്ളില്‍ പതഞ്ഞുയരും.

അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴും നഗരത്തിലേക്ക് താമസം മാറ്റിയപ്പോളും ചില അസൗകര്യങ്ങള്‍ പറഞ്ഞ് പോക്കൊഴിവാക്കി.

ഇതൊക്കെയാണെങ്കിലും തങ്ങളെ സഹായിക്കാന്‍ ഗ്രേസി മടി കാണിക്കുമോ? ഇല്ല, ഉറപ്പായും സഹായിക്കും.

''കാണാം. അവളെപ്പോയി കാണാം. നാളെത്തന്നെ.''

കിടപ്പുമുറിയിലെ നേരിയ ഇരുളില്‍ ആ വാക്കുകള്‍ കുഞ്ഞപ്പനില്‍ നിന്നും അടര്‍ന്ന് എല്‍സമ്മയുടെ കാതുകളില്‍ വീണു.

എല്‍സമ്മയില്‍നിന്നും ആശ്വാസത്തിന്റെ ഒരു നിശ്വാസമുയര്‍ന്നു.

മനസ്സിന് ആകെയൊരു സമാധാനം. നാളുകളായി വേട്ടയാടുന്ന പ്രതിസന്ധിക്ക് ഒരു പരിഹാരം തെളിഞ്ഞപോലെ!

ഇത് നാളുകള്‍ക്കു മുമ്പേ വേണ്ടതായിരുന്നില്ലേ? എന്തിനാണിത്ര വൈകിച്ചത്?

കുഞ്ഞപ്പന്റെ ചിന്ത ആ വഴിക്കായി.

ഇരുവരുടേയും വേകുന്ന ഹൃദയങ്ങളിലേക്ക് വീണ്ടും ഒരു തണുത്ത കാറ്റ് വീശിയതുപോലെ!

നാളുകള്‍ക്കു ശേഷം അന്ന് അവര്‍ സമാധാനത്തോടെ ഉറങ്ങി.

രാവിലെത്തന്നെ കുഞ്ഞപ്പന്‍ കുളിച്ച്, വസ്ത്രം മാറി, പ്രഭാതഭക്ഷണം കഴിച്ച് യാത്രയ്ക്ക് തയ്യാറായി. ഉണ്ടായിരുന്ന പണം പോക്കറ്റില്‍ നിക്ഷേപിച്ചു. ഗ്രേസിയുടെ നഗരത്തിലെ വീട്ടില്‍ ആദ്യമായിട്ട് പോവുകയാണ്. കുട്ടികള്‍ക്ക് എന്തെങ്കിലും പലഹാരങ്ങള്‍ വീങ്ങണം. ഇളയകുട്ടിയെ കണ്ടിട്ടുപോലുമില്ല.

ഉമ്മറത്തുനിന്നും മുറ്റത്തേക്കിറങ്ങിയ ഉടന്‍ ഒരു പോലീസ് ജീപ്പ് തുറന്നു കിടന്ന ഗേറ്റുകടന്ന് മുറ്റത്തേക്കുവന്ന് പൊടുന്നനേ ചവുട്ടി നിറുത്തി.

''ഇവരെ അറിയുമോ?''

പോലീസുകാരിലൊരാളുടെ ചോദ്യം കേട്ട് കുഞ്ഞപ്പന്‍ ജീപ്പിന്റെ പിന്നിലേക്കു നോക്കി.

വിലങ്ങണിഞ്ഞ കൈകളുമായി തലകുമ്പിട്ടിരിക്കുന്നു കടമുറി വാടകയ്ക്ക് എടുത്ത യുവാക്കള്‍?

ഒരു ജീപ്പു വന്നു നില്ക്കുന്ന ശബ്ദംകേട്ട് എല്‍സമ്മയും ജിജിയും ഉമ്മറത്തേക്കു വന്നു.

അവര്‍ കണ്ടത് കുഞ്ഞപ്പനേയും വലിച്ചു കയറ്റി വേഗത്തില്‍ തിരികെപ്പോകുന്ന പോലീസ് ജീപ്പാണ്.

ആ കാഴ്ചയില്‍ അവര്‍ സ്തംഭിച്ചു നിന്നു.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org