
ജീവിതത്തിലെ ഒരു വിഷമസന്ധിയില്‍ വലിയൊരനുഗ്രഹം തന്നെയായിരുന്നു കുഞ്ഞപ്പന് കൃഷിപ്പണികളില്‍ സഹായിക്കാന്‍ മാത്തന്റെ വരവ്. അതുമൂലം കൈവന്ന ഗുണവും മെച്ചവും എല്ലാ പ്രതീക്ഷകള്‍ ക്കും അനുമാനങ്ങള്‍ക്കും മേലെയായിരുന്നു.
ഭാവനാസമ്പന്നനായ ഒരു കലാകാരനെപ്പോലെ അവന്‍ ആ ഭൂമിയെ വിളകളാല്‍ സമൃദ്ധമായ ഒരു വിസ്മയകാഴ്ചയാക്കി. വിവിധയിനം പച്ചക്കറികള്‍ പറമ്പുനിറയെ പലതരം വാഴകള്‍. തെങ്ങുകളില്‍ നിറയെ കായ്ഫലം.
വിളവെടുത്ത പച്ചക്കറിയിനങ്ങള്‍, വാഴക്കുലകള്‍, തേങ്ങ തുടങ്ങിയവയെല്ലാം നിത്യേന വില്പനയ്ക്ക്. ഉല്പന്നങ്ങള്‍ വര്‍ദ്ധിച്ചതോടെ അവ ചന്തയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലാതെയായി. പച്ചക്കറി വ്യാപാരികള്‍ കുഞ്ഞപ്പന്റെ കൃഷിയിടം തേടിയെത്തി. എല്ലാം കൃത്യതയോടെ വില നിശ്ചയിച്ചു വാങ്ങുവാന്‍ ഗ്രേസിയുണ്ട്.
നാളുകളായുള്ള സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് മോചനം.
വീടിരിക്കുന്ന ഒന്നരയേക്കറും സമീപത്ത് ഒരേക്കറും നിറയെ കൃഷികള്‍. ആരും മനം നിറഞ്ഞ് നോക്കിനിന്നുപോകുന്ന വിശാലവും മനോഹരവുമായ കൃഷിഭൂമി.
തോട്ടത്തില്‍ വേണ്ട എല്ലാ ജോലികളും കൃത്യമായി ആസൂത്രണം ചെയ്യുവാനും നടപ്പാക്കുവാനും മാത്തന് ആരുടേയും നിര്‍ദ്ദേശങ്ങള്‍ വേണ്ട, ജോലിയിലെ മിടുക്ക്, ഉത്സാഹം, വിശ്വസ്തത, എല്ലാറ്റിനുമുപരി വിനയം, സത്യസന്ധത.
അതിന്റെയെല്ലാം ഗുണഫലങ്ങള്‍ തന്റെ കുടുംബം അനുഭവിക്കുകയായിരുന്നു. അന്ന് അതിന്റെ വില മനസ്സിലാക്കുവാനും തിരിച്ചറിയുവാനും സാധിക്കാതെ പോയി. എല്ലാം വ്യക്തമായി ഗ്രേസി തിരിച്ചറിഞ്ഞിരിക്കണം. അവനെ പൂര്‍ണ്ണമനസ്സോടെ ഭര്‍ത്താവായി സ്വീകരിക്കുവാന്‍ അവള്‍ തയ്യാറായത് അതാകാം. ബുദ്ധിമതി.
കുഞ്ഞപ്പന്റെ ചിന്തകളില്‍ നഷ്ടബോധം നിറഞ്ഞു.
കല്ല്യാണദിവസം വൈകുന്നേരം ഗ്രേസിയുമായി അവന്‍ സ്വന്തം വീട്ടിലേക്കു പോകുന്നുെവന്നു പറഞ്ഞപ്പോള്‍ ഉള്ളില്‍ ആശ്വാസമാണ് തോന്നിയത്, അത് പുറമേ കാണിച്ചില്ലെങ്കിലും. സ്ഥാനം കൊണ്ട് മരുമകന് തുല്യനാണെങ്കിലും ഇത്രനാള്‍ ജോലിക്കാരനായിരുന്ന വനെ വീട്ടില്‍ താമസിപ്പിക്കുന്നതിന്റെ വിമ്മിഷ്ടം. പ്രത്യേകിച്ച് എല്‍സമ്മയുടെയും കുട്ടികളുടെയും അനിഷ്ടം.
എല്ലാം ഒഴിവായിക്കിട്ടുന്നു.
ഇത് സ്വന്തം വീടെന്ന് പറയാമോ? അത് അവര്‍ ക്കുംകൂടി അവകാശപ്പെട്ടതാണ്. ഇവിടെ യഥേഷ്ടം താമസിക്കാനനുവദിച്ചാല്‍ ഒരുപക്ഷേ, ആ അവകാശവാദമെങ്ങാന്‍ ഉയര്‍ന്നാല്‍?
ആ ഭയാശങ്കയും ഒഴിവായി.
പക്ഷേ, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എല്ലാ കണക്കുക്കൂട്ടലുകളേയും തകിടം മറിച്ചു.
വിവാഹശേഷം മാത്തന്‍ കൃഷിത്തോട്ടത്തിലെ പണികളില്‍ നിന്നും പിന്‍വാങ്ങും എന്നത് കുഞ്ഞപ്പന്‍ ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്ന ഒരു കാര്യമായിരുന്നില്ല.
അതോടെ കൃഷിപ്പണികളുടെ താളം തെറ്റി.
പല പണിക്കാരേയും മാറി മാറി പരീക്ഷിച്ചു. പക്ഷേ, മാത്തന്റേതുപോലെ പണികളിലെ ആ ഒഴുക്ക്, വേഗത, ആസൂത്രണം, ഒന്നും ആരില്‍നിന്നും ഉണ്ടായില്ല.
മാത്തന്‍ ഒറ്റയ്ക്കു പണി യെടുത്തിരുന്നിടത്ത് മൂന്നു പേരെ വരെ നിയോഗിച്ചിട്ടും കാര്യങ്ങള്‍ ഭംഗിയാകുന്നില്ല.
ഏറെ വിഷമിപ്പിച്ചത് കൃഷികാര്യങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും അവയ്ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നതായിരുന്നു. മുന്‍പ് എല്ലാ കാര്യങ്ങള്‍ക്കും മാത്തനുണ്ട്. ഒപ്പം ഗ്രേസിയും. ഒരു നിര്‍ദ്ദേശവും ആവശ്യമില്ല. ആവശ്യപ്പെടുന്ന വിത്തിനങ്ങളും വിളവും മറ്റും എത്തിച്ചാല്‍ മാത്രം മതി.
എന്നാല്‍ ഇപ്പോള്‍?
ചെയ്യേണ്ട പണികള്‍ എന്തൊക്കെയാണ്? എങ്ങിനെയൊക്കെയാണ്? വിത്തു നടീലിന്റെയും വളം ചേര്‍ക്കലിന്റെയും വിശദാംശങ്ങള്‍ എന്തെല്ലാമാണ്? ജോലിക്കാര്‍ ചോദിക്കുമ്പോള്‍ കൃത്യമായ മറുപടിയില്ലാതെ വിഷമിച്ചു. പറയുന്ന മറുപടികള്‍ ചില പ്പോള്‍ ശുദ്ധ മണ്ടത്തരങ്ങളുമാകും.
''ഇയാള്‍ക്ക് ഇതൊന്നും വല്യപിടിയില്ലെന്ന് തോന്നണ്.''
ഉള്ളില്‍ ഊറിവരുന്ന ചിരിയടക്കി പണിക്കാര്‍ അടക്കം പറഞ്ഞു.
''അതിന് അയാള് വല്ലോം ചെയ്തിട്ടൊണ്ടോ? എല്ലാം ആ മാത്തനല്ലായിരുന്നോ?''
''അല്ലേലും ഈ കുഞ്ഞപ്പന്‍ ഒരു പിടിപ്പില്ലാത്തവനാ.''
''ആ പെണ്ണിനെ കെട്ടിച്ചുകൊടുത്താ ഇയാള്‌ടെ പണിക്കാരനായി അവന്‍ സ്ഥിരം ഇവ്‌ടെ കൂടിക്കോളൂന്നാ ഈ പൊട്ടന്‍ വിചാരച്ചേ.''
പണിക്കാരുടെ പല പരിഹാസങ്ങളും കുഞ്ഞപ്പന്‍ അറിയുന്നുണ്ടായിരുന്നു. വലിയ പ്രശ്‌നം അതല്ല. സ്വന്തം വരുമാനം ഇടിയുന്നു.
ചിന്തിക്കുന്തോറും കുഞ്ഞപ്പന് കലികയറി. ദേഷ്യം മുഴുവന്‍ മാത്തനോട്.
മുമ്പുണ്ടായിരുന്ന ഇടപാടുകാര്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്തും. വിളകള്‍ കുറഞ്ഞ തോട്ടത്തിലേക്ക് സഹതാപത്തോടെ നോക്കിനില്‍ക്കും. വളരെ കുറച്ച് ഉല്പന്നങ്ങളേ വാങ്ങാനുള്ളൂ.
''ആ മാത്തന്‍ ഇങ്ങനൊരു ചതി ചെയ്യൂന്ന് കരുതീല്ല.''
അവരോട് ഒരു ന്യായീകരണം പോലെ കുഞ്ഞപ്പന്റെ വാക്കുകള്‍. പക്ഷേ, അതുകേട്ട് അവര്‍ പുച്ഛത്തോടെ ചിരിച്ചു.
''ഛെ എന്നാ വര്‍ത്താന കുഞ്ഞപ്പാ ഇത്? അവന്‍ തന്നെ എന്നാ ചതിച്ചെന്നാ? വല്ലോം പോയോ? പിന്നെ ഇവിടെ എന്നും തന്റെ പണിക്കാരനായി നിന്നോളാന്ന് കരാറൊപ്പിടീച്ചാണോ അവന് പെണ്ണിനെ കെട്ടിച്ചുകൊടുത്തത്? ഒരു കുടുംബായപ്പോള്‍ അവന് കൊള്ളാമെന്ന് തോന്നിയ ഒരു തൊഴില് അവന്‍ ചെയ്യണ്. അതിന് താന്‍ ഇങ്ങനെ വേണ്ടാതീനം പറയാതെ.''
അവര്‍ മാത്തനെ പിന്‍തുണച്ചത് അയാളുടെ കോപം വര്‍ദ്ധിപ്പിച്ചു.
''എങ്കീപ്പിന്നെ അത് അവന്‍ നേരത്തേ പറയണ്ടേ? ഒരു മര്യാദ വേണ്ടേ? ഇത് ഒന്നും മിണ്ടാതേ...''
''അവന്‍ പറഞ്ഞില്ലേ?''
''ഓ... തലേ ദെവസം ഓടിവന്നൊരു പറച്ചില്. പെട്ടെന്നൊരാളെ ഞാനെവടെന്ന് കണ്ട്പിടിക്കാനാ?''
''പിന്നേ... എന്ന് വച്ചാ ഇതേതാണ്ട് കമ്പനി ജോലിയല്ലേ ഒരു മാസം മുമ്പ് രാജിക്കത്ത് തരാന്‍. ഒന്ന് പോ കുഞ്ഞപ്പാ ചുമ്മാ വിവരക്കേട് പറയാതെ.''
ആരെന്തൊക്കെ പറഞ്ഞിട്ടും മാത്തന്‍ തന്നോട് ഒരു ദ്രോഹം ചെയ്തു എന്ന ധാരണയ്ക്ക് കുഞ്ഞപ്പനില്‍ മാറ്റമൊന്നുമുണ്ടായില്ല.
''ഒക്കെ അവളുടെ ഉപദേശമായിരിക്കും. അല്ലാതെ അവനിതൊന്നും തോന്നാന്‍ വഴിയില്ല.''
ഇടയ്ക്ക് പറയാറുള്ളത് എല്‍സമ്മ ആവര്‍ത്തിക്കും.
''ഇതേതാണ്ട് പറമ്പീ തൂമ്പാകൊണ്ട് കെളയ്ക്കണ പോലാണെന്നാ വിചാരിച്ചിരിക്കണേ. കൊറച്ച് കഴിയുമ്പോള് കാണാം കച്ചോടോം പൊളിഞ്ഞ് കയ്യിലെ കാശും തീര്‍ന്ന് ഇങ്ങോട്ട് തന്നെ പണീം തെരക്കി വരണത്.''
കുടുംബത്തിലെ വരുമാനം കുറഞ്ഞുപോകുന്നതിലെ വിഷമത എല്‍സമ്മയേയും അലട്ടിയിരുന്നു.
ഒന്നും സംഭവിച്ചില്ല. കച്ചവടത്തില്‍ മാത്തനുണ്ടാകുന്ന പുരോഗതി കുഞ്ഞപ്പനും അറിയുന്നുണ്ടായിരുന്നു. ഈ തൊഴില്‍ അവനുപദേശിച്ചു കൊടുത്തത് ഗ്രേസിയാകുമോ? സാധ്യതയുണ്ട്. ശാന്ത പ്രകൃതമാണെങ്കിലും അവള്‍ ബുദ്ധിമതിയും കാര്യശേഷിയുള്ളവളുമാണ്. അഭിപ്രായങ്ങളിലും തീരുമാനങ്ങളിലും ഉറപ്പും വ്യക്തതയുമുള്ളവള്‍. ഭര്‍ത്താവിന് മെച്ചപ്പെട്ട ഒരു തൊഴില്‍ വേണമെന്ന് അവള്‍ ചിന്തിച്ചിരിക്കാം. അതിലെന്താണ് തെറ്റ്?
എല്‍സമ്മയുടെ വാക്കുകള്‍ പോലെ സംഭവിക്കാനുള്ള സാധ്യത തീരെയില്ല. മാത്തന്‍ കഠിനാധ്വാനിയാണ്. എന്തും ഭംഗിയായും ചിട്ടയായും ചെയ്യാന്‍ കഴിവുള്ളവന്‍.
പക്ഷേ, തനിക്കു വന്ന ഈ ഗതികേടിന് എന്താണ് പരിഹാരം? അറിയില്ല. ചിന്തിച്ചിട്ട് ഒരെത്തും പിടിയുമില്ല.
മാത്തന്റെ വില്പന സ്റ്റാള്‍ അധികാരികള്‍ നീക്കം ചെയ്ത് അവന്റെ വ്യാപാരം നിലച്ചു എന്നറിഞ്ഞപ്പോള്‍ വീണ്ടും ഒരു പ്രതീക്ഷയുണര്‍ന്നു.
അവന്‍ വീണ്ടും പണിക്കു വന്നേക്കുമോ?
ഒരു മാസത്തിനടുത്ത് അവന്‍ ജോലിയൊന്നുമില്ലാതിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രതീക്ഷ വര്‍ദ്ധിച്ചു.
കുഞ്ഞപ്പന്‍ മനസ്സില്‍ ചില പദ്ധതികളൊക്കെ തയ്യാറാക്കി. ഇനി അവനെ കേവലമൊരു പണിക്കാരനായി മാത്രം കാണരുത്. കൃഷിയില്‍ ഒരു പങ്കുകാരനായി കരുതണം. വരുമാനം പങ്കിടണം. പണികള്‍ക്ക് അവന്‍ ഇഷ്ടമുള്ളവരെ വിളിച്ച് ചെയ്യിപ്പിച്ചാല്‍ മതി. വേണ്ടത് എല്ലാത്തിനും അവന്റെയൊരു മേല്‍നോട്ടം മാത്രം. അവന്‍ ഒപ്പമുണ്ടായാല്‍ മാത്രം മതി.
അവനോടുള്ള പെരുമാറ്റ രീതികളും മാറ്റണം. കുടുംബത്തിലെ അംഗമായി ത്തന്നെ കരുതണം. ആ കാര്യത്തില്‍ എല്‍സമ്മയ്ക്കും കുട്ടികള്‍ക്കും കര്‍ശന നിര്‍ദേശം നല്കണം. അടുക്കളപ്പടിയിലിരുത്തിയുള്ള ഭക്ഷണം കൊടുക്കലൊക്കെ അവസാനിപ്പിക്കണം. ഒരു കാരണവശാലും മനസ്സു മടുത്ത് അവന്‍ തിരികെ പോകാന്‍ ഇടവരുത്തരുത്.
പക്ഷേ, എല്ലാ പ്രതീക്ഷകള്‍ക്കും പൂര്‍ണ്ണ വിരാമമിട്ടുകൊണ്ട് ആ വാര്‍ത്തയെത്തി. പൈലിച്ചേട്ടന്റെ കട മാത്തന്‍ ഏറ്റെടുക്കുന്നു!
കേട്ടത് വിശ്വസിക്കാനാവാതെ അല്പനേരം എല്‍സമ്മ തരിച്ചുനിന്നു പോയി.
നിറഞ്ഞ സന്തോഷത്തോടെയാണ് ഗ്രേസിയും മാത്തനും കട ഉദ്ഘാടനത്തിന് ക്ഷണിക്കുവാനായി വന്നത്. ഉള്ളിലെ ഇച്ഛാഭംഗം പരമാവധി നിയന്ത്രിച്ച്, വളരെ പ്രയാസപ്പെട്ട് വരുത്തിയ ചിരിയോടെ കുഞ്ഞപ്പനും എല്‍സമ്മയും പെരുമാറി.
''ഞാനില്ല. വരാന്‍ തോന്നണില്ല.''
ഉദ്ഘാടനത്തിനു പോകുന്നതില്‍ നിന്നും എല്‍സമ്മ ആദ്യം ഒഴിവായി.
''ഞാനുമില്ല. ആ മാത്തന്റെ മുന്നില് നില്‍ക്കുമ്പോ എന്തോ ആകെ ഒരു ചമ്മലുപോലെ.''
ജിജിയും ഒഴിവായി. കൂടെ ജോജിയും. മനസ്സില്ലാമനസ്സോടെ കുഞ്ഞപ്പന്‍ ഒറ്റയ്ക്കുപോയി ഉദ്ഘാടനത്തില്‍ പങ്കെടുത്തു.
കൃഷികാര്യങ്ങള്‍ ഇനി നന്നായി നടത്താനാവില്ലെന്ന തിരിച്ചറിവ് കുഞ്ഞപ്പനില്‍ ഒരു നിരാശാബോധം സൃഷ്ടിച്ചു. എല്ലാ കാര്യത്തിനും ആകെ ഉദാസീനത.
''പണ്ട് നിന്റെ പറമ്പി വന്ന് ചുമ്മാ നിന്നാത്തന്നെ മനസ്സിനൊരു സുഖമായിരുന്നു. കൃഷിയൊക്കെ ജോറായിരുന്നു. ഇപ്പോള്‍... ഒരുമാതിരി പൂരം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ.''
കുഞ്ഞപ്പന്റെ കാര്‍ഷികോല്പന്നങ്ങള്‍ സ്ഥിരമായി വാങ്ങിയിരുന്ന, വളരെയടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഒരു ഇടപാടുകാരന്‍ പറഞ്ഞ വാക്കുകള്‍ അല്പം അതിശയോക്തി കലര്‍ന്നതായിരുന്നെങ്കിലും അതിലെ യാഥാര്‍ത്ഥ്യം നിഷേധിക്കാനാവുമായിരുന്നില്ല.
ഉള്ളില്‍ തറച്ച ആ വാക്കുകള്‍ സൃഷ്ടിച്ച വേദനയോടെ മുഖം കുനിച്ച് നിശ്ശബ്ദനായി ഒരു അപരാധിയെപ്പോലെ കുഞ്ഞപ്പന്‍ നിന്നു.
''നിന്നെ വെഷമിപ്പിക്കാന്‍ പറഞ്ഞതല്ല. ഈ പറമ്പിന്റെ ഇപ്പോഴത്തെ കെടപ്പുകണ്ട് പറഞ്ഞുപോയതാ.''
''അത് ചേട്ടാ... മാത്തന്‍ പോയേപ്പന്നെ പറ്റിയ പണിക്കാരെയൊന്നും ഒത്തുകിട്ടീല്ല. പലരേയും മാറിമാറി നോക്കി. പക്ഷേ... പിന്നെ എന്നെ കൊണ്ടൊറ്റയ്ക്ക്...''
കുഞ്ഞപ്പന്റെ നിസ്സഹായത അയാള്‍ക്ക് മനസ്സിലായി.
''ആട്ടെ. ഇനിയെന്താ നിന്റെ പരിപാടി.''
''നേരു പറഞ്ഞാ എനിക്കുതന്നെ നിശ്ചയമില്ല.''
'' എന്നാപ്പിന്നെ ഇതാര്‍ക്കെങ്കിലും പാട്ടകൃഷിക്ക് കൊട്.''
കുഞ്ഞപ്പന്‍ ഒരു നിമിഷം ആലോചനയിലാണ്ട് നിന്നു.
''ഇങ്ങനെ കെടക്കണതിലും ഭേദം അതാ.''
പിന്നെ ആ വഴിക്കുള്ള ആലോചനകളായി. ചില പരിചയക്കാര്‍ മുഖേന പാട്ടകൃഷിക്ക് താല്പര്യപ്പെട്ടുവന്നവരുമായി കൂടിയാലോചനകള്‍ നടത്തി. വ്യവസ്ഥകള്‍ പറഞ്ഞുറപ്പിച്ചു. കൃഷിയിടം പാട്ടത്തിനു കൊടുക്കാന്‍ തീരുമാനമായി.
അല്ലലില്ലാതെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ജീവിതം വീണ്ടും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലേക്ക് തിരിച്ചുപോവുകയാണോ?
തന്റെ ജീവിതത്തില്‍ ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അവസാനമില്ലേ?
ഒരിക്കലും വിട്ടുമാറാത്ത ഒരു ഒഴിയാബാധയാണോ അത്?
അസ്വസ്ഥതയുടെ കാര്‍മേഘപടലങ്ങള്‍ വീണ്ടും കുഞ്ഞപ്പന്റെ മനസ്സില്‍ ഉരുണ്ടുകൂടാന്‍ തുടങ്ങി.
(തുടരും)