ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.08

നോവലിസ്റ്റ് : ബേബി ടി. കുര്യന്‍
ഇരുള്‍വഴികളില്‍ നിലാവു വീഴുമ്പോള്‍ : No.08

വര്‍ഷങ്ങളായി സ്പര്‍ശിക്കുക പോലും ചെയ്യാതെ മടക്കി മാറ്റിവച്ചിരുന്ന ഇളംനീലനിറമുള്ള പ്ലാസ്റ്റിക് ഷീറ്റ് പുറത്തെടുത്ത് കുടഞ്ഞപ്പോള്‍ പൊടിയും പൂപ്പല്‍ മണവും ചുറ്റും പരന്നു.

പക്ഷേ മാത്തനനുഭവപ്പെട്ടത് അപ്പച്ചിയുടെ ശരീരത്തിന്റെ ഗന്ധമാണ്.

ആ പ്ലാസ്റ്റിക് ഷീറ്റ് കൈയ്യിലേന്തി നിന്നപ്പോള്‍ അപ്പച്ചി ഒരു വികാരമായി വീണ്ടും മനസ്സില്‍ നിറഞ്ഞു. ഓര്‍മ്മകള്‍... എത്രയെത്ര ഓര്‍മ്മകള്‍! തേന്‍പുരട്ടിയ ഓര്‍മ്മകളുടെ മധുരം കിനിയുന്ന പ്രവാഹം ഹൃദയത്തില്‍ നിറയുന്നു. അനുഭവിച്ചു കൊതിതീരും മുമ്പേ നഷ്‌പ്പെട്ടുപോയ ആ സ്‌നേഹവാത്സല്യങ്ങളുടെ സുഗന്ധം നിറഞ്ഞ നറുംതണല്‍!

ഓര്‍മ്മകളില്‍ ലയിച്ച് ആ ഷീറ്റ് നെഞ്ചോടടുക്കിപ്പിടിച്ച് മാത്തന്‍ നിന്നു.

''ഇത് തീരെ പഴയതല്ലേ? പുതിയതൊരെണ്ണം വാങ്ങാം.''

ഗ്രേസിയുടെ വാക്കുകള്‍ കേട്ടിട്ടും പ്രതികരണമില്ലാതെയുള്ള നില്‍പ്. അത് ശ്രദ്ധിച്ച് അവന്റെയടുത്തെ ത്തി മുഖത്തേക്കു നോക്കിയ ഗ്രേസി ചെറുതായൊന്നു ഞെട്ടി.

ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.

''എന്താ... എന്തുപറ്റി?''

ഗ്രേസി ആകെ പരിഭ്രമത്തിലായി.

അല്പനേരം കൂടി മാത്തന്‍ മൗനം തുടര്‍ന്നു. പിന്നെ മെല്ലെ സംസാരിച്ചു തുടങ്ങി.

''ഇത്... ഇതപ്പച്ചിയുടേതാ. ഇത് കയ്യിലുള്ളപ്പോള്‍ അപ്പച്ചി കൂടെയുണ്ടെന്നൊരു തോന്നല്‍.''

ആ വാക്കുകള്‍ ധാരാളം മതിയായിരുന്നു നിറംമങ്ങിയ ആ പഴയ പ്ലാസ്റ്റിക് ഷീറ്റിനോടുള്ള മാത്തന്റെ വൈകാരികബന്ധത്തിന്റെ ആഴം ഗ്രേസിക്ക് മനസ്സിലാക്കുവാന്‍.

ഗ്രേസി അത് കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തു. വില്പനയ്ക്കായി വാങ്ങിക്കൊണ്ടുവന്ന തുണിത്തരങ്ങള്‍ മാത്തന്‍ ഷീറ്റില്‍ ഇനം തിരിച്ചുവച്ച് അടുക്കി. ഷീറ്റു പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുകൊണ്ട് മെനഞ്ഞുകെട്ടി.

എത്രയോ നാള്‍ ചെയ്തിരുന്ന പണി!

ഗ്രേസി എല്ലാം കൗതുകത്തോടെ നോക്കിനിന്നു.

എന്ത് വേഗതയാണ് മാത്തച്ചായന്? വര്‍ഷങ്ങളായി ഈ ജോലി ചെയ്യാതിരുന്നതിന്റെ യാതൊരു ലക്ഷണവും പരിചയക്കുറവും കാണാനില്ല. ഗ്രേസിയുടെ ഒരു സഹായവും ആവശ്യപ്പെട്ടില്ല. സ്വിച്ചിട്ടയന്ത്രം പോലെ അവന്റെ കൈകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.

കയറുകെട്ട് പൂര്‍ത്തിയാക്കി ആ തുണിത്തരങ്ങളുടെ കെട്ടിനെ അല്പനേരം മാത്തന്‍ നോക്കി നിന്നു. മെല്ലെ ഇരുകരങ്ങളും കൊണ്ട് അത് മെല്ലെ തലോടി.

'അപ്പച്ചീ ഞാനൊറ്റയ്ക്ക് കച്ചവടത്തിനിറങ്ങുവാ. എനിക്കുവേണ്ടി സ്വര്‍ഗ്ഗത്തിലിരുന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിച്ചോണേ...'

അവന്റെ ഉള്ളം നിശ്ശബ്ദം മന്ത്രിച്ചു.

അന്നു രാത്രി ഉറക്കം ഇരുവരേയും ഏറെ നേരം വിട്ടകന്നു നിന്നു.

ഇത്രനാള്‍ നടന്നു പോന്ന ജീവിതപ്പാതവിട്ട് വ്യത്യസ്തമായ ഒരു വീഥിയിലൂടെ സഞ്ചാരമാരംഭിക്കുകയാണ്.

നാളെ മുതല്‍!

''മാത്തച്ചായന് പേടി തോന്നണൊണ്ടോ?''

''പേടിയോ? എന്തിന്?''

''അപ്പച്ചിയില്ലാതെ ഒറ്റയ്ക്ക് കച്ചവടത്തിന് പോണതിന്.''

മാത്തന് ചെറുമൗനം.

''പേടിയില്ല. എങ്കിലും ഒരു പരിഭ്രമം. ഒരുപാട് നാളുകൂടി തുണി വില്‍ക്കാനായിട്ട് ചെല്ലുമ്പോ... എന്തായിരിക്കും ആള്‍ക്കാരുടെ രീതി? പ്രതീക്ഷിക്കുന്ന വില്പന കിട്ട്വോ... ഇതൊക്കെ യോര്‍ക്കുമ്പോ....''

മാത്തന്റെ മാറിനു മേലേ കൈവലയം ചെയ്ത് ഗ്രേസി അവനോട് ചേര്‍ന്നു കിടന്നു.

''ഒന്നോര്‍ത്തും വെഷമിക്കണ്ട മാത്തച്ചായാ. എല്ലാം നന്നായി നടക്കും. ദൈവം നമ്മളെ കൈവിടിയേല. എനിക്കുറപ്പാ.''

വെളുപ്പിനേ നാലുമണിക്കു തന്നെ ഇരുവരും ഉണര്‍ന്നു. ദിനചര്യകള്‍ക്കു ശേഷം മാത്തന്‍ ചന്തയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

പഴയ ചെറിയൊരു തടിമേശ. അതാണവരുടെ 'ഡൈനിംഗ് ടേബിള്‍.' പാത്രത്തിലേക്ക് ഗ്രേസി ചൂടുകഞ്ഞി വിളമ്പി. മറ്റു രണ്ടു പാത്രങ്ങളില്‍ വന്‍പയര്‍ തോരനും തേങ്ങാ ചമ്മന്തിയും.

മേശയോടു ചേര്‍ന്ന് ബഞ്ചിലിരുന്ന് കഞ്ഞി കുടിക്കുന്ന മാത്തന്റെ അടുത്തുതന്നെ ഗ്രേസി നിന്നു. ഒഴിയാറായി വന്ന പാത്രത്തിലേക്ക് കുറച്ചു കഞ്ഞികൂടി ഒഴിച്ചുകൊടുത്തു.

''മതി ഗ്രേസിക്കുഞ്ഞേ. ഇത്ര വെളുപ്പിനേ കഴിച്ച് ശീലമില്ല.''

''ഇടയ്ക്ക് വിശന്നാ എന്തെങ്കിലും വാങ്ങി കഴിച്ചോണം.''

''ഓ അതൊന്നും വേണ്ടാ.''

''എന്നാ മുഴുവന്‍ കഴിച്ചിട്ട് എണീറ്റാ മതി.''

പ്രഭാതം വിരിയാന്‍ തുടങ്ങിയില്ല. പുറത്ത് ഇരുട്ട് വിട്ടുമാറാതെ നില്‍ക്കുന്നു.

ഇത് പുതിയൊരുദിനം. ജീവിതത്തിന്റെ പുസ്തകത്തില്‍ പുതിയൊരദ്ധ്യായം ആരംഭിക്കുന്നു. പുതിയ വരികള്‍ രചിക്കപ്പെടുന്നു.

ലുങ്കിയും ഷര്‍ട്ടും ധരിച്ച് തലയില്‍ ഒരു തോര്‍ത്തും കെട്ടി മാത്തന്‍ പുറപ്പെടാന്‍ തയ്യാറായി.

ഭിത്തിയില്‍ പിടിപ്പിച്ചിരുന്ന തിരുഹൃദയ രൂപത്തിനു മുന്നില്‍ ഗ്രേസി രണ്ടു മെഴുകുതിരികള്‍ കത്തിച്ചു. ഇരുവരും കൈകള്‍ കൂപ്പി അല്പനേരം പ്രാര്‍ത്ഥനയില്‍ മുഴുകി.

ഗ്രേസിയും ചേര്‍ന്ന് പിടിച്ചുയര്‍ത്തിയ ആ കെട്ട് തലയിലേന്തി കൈയ്യില്‍ ഒരു ടോര്‍ച്ചുമായി മറുകൈകൊണ്ട് തലയിലെ കെട്ട് താങ്ങിപ്പിടിച്ച് മാത്തന്‍ നടന്നുനീങ്ങി. പുലര്‍കാലത്തിന്റെ നേര്‍ത്ത തണുപ്പിലൂടെ, ചിരപരിചിതമായ വഴികളിലൂടെ, അപരിചിതമായൊരു അനുഭവവുമായി അങ്ങാടിയിലേക്ക്...

അപ്പച്ചിയില്ലാതെ തനിച്ച്...

വിട്ടുമാറാതെ നില്‍ക്കുന്ന ഇരുട്ടിലൂടെ ടോര്‍ച്ചും തെളിച്ച് മാത്തന്‍ നടന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തോടൊപ്പം അവ്യക്തമായി വരുന്ന മാത്തന്റെ രൂപവും നോക്കി കണ്ണെടുക്കാതെ ഗ്രേസി വാതില്‍ പടിയില്‍ തന്നെ നിന്നു.

ക്രമേണ ആ കാഴ്ച മറഞ്ഞു.

അവള്‍ അകത്തുവന്ന് മെഴുകുതിരികള്‍ കത്തിക്കൊണ്ടിരുന്ന തിരുഹൃദയരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. കണ്ണടച്ച് കൈകൂപ്പി വീണ്ടും പ്രാര്‍ത്ഥനയില്‍ മുഴുകി.

ടൗണില്‍ മാത്തന്റെ വ്യാപാരത്തിന്റെ ആദ്യദിനം. അധികം വില്പനയൊന്നും നടന്നില്ല. എങ്കിലും ശുഭകരമായ സൂചനകള്‍ തിരിച്ചറിയാനായി. തുണിത്തുരങ്ങള്‍ എടുത്തു നോക്കിയും വിലകള്‍ ചോദിച്ചും പലരുമെത്തി. മുതിര്‍ന്നവര്‍ ചിലര്‍ 'മത്തായിച്ചേട്ടെന'ക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. മിക്കവര്‍ക്കുമറിയേണ്ടത് ഇനി ചന്ത ദിവസങ്ങളില്‍ മുടങ്ങാതെ കച്ചവടത്തിനു വരുമോ എന്നതാണ്.

ദിവസങ്ങള്‍ കഴിയുന്തോറും വ്യാപാരം മെച്ചപ്പെട്ടു തുടങ്ങി. അധികം വൈകാതെ വില്പന തിരക്കേറിയതായി. കച്ചവടമവസാനിപ്പിക്കുന്ന സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയെന്നത് ഒരു മണി, രണ്ടു വരെ നീണ്ടു.

ടൗണിലെ തിരക്കുള്ള അങ്ങാടി മുക്കില്‍ ആഴ്ചയില്‍ രണ്ടു ചന്തദിവസങ്ങളില്‍ വെളുപ്പിനേ മുതല്‍ ഉച്ചവരെ. ചുറ്റുവട്ടത്തുള്ള ചെറിയ അങ്ങാടികളില്‍ വൈകുന്നേരം മൂന്നോ നാലോ ദിവസം. നഗരത്തിലെ ഹോള്‍സെയില്‍ കടയില്‍ പോയി ചരക്കുകള്‍ വാങ്ങാന്‍ ഒരു ദിവസം.

ദിവസങ്ങള്‍ പിന്നിടുന്തോറും വര്‍ദ്ധിച്ചു വരുന്ന വ്യാപാരം.

മാത്തന്റെ ജീവിതത്തില്‍ തിരക്കും ഉത്സാഹവും നിറഞ്ഞു.

ഓരോ ദിവസവും വില്പന കഴിഞ്ഞു വരുമ്പോള്‍ ലഭിച്ച തുക എണ്ണിത്തിട്ടപ്പെടുത്തി ഒരു നോട്ടുബുക്കില്‍ ഗ്രേസി എഴുതും. കൂടാതെ ചരക്കുകള്‍ വാങ്ങാന്‍ ചെലവായത്, ആ ഇനത്തില്‍ കൊടുത്തു തീര്‍ക്കുവാനുള്ളത്, അപൂര്‍വ്വമായി ആരെങ്കിലും കടം പറഞ്ഞാല്‍ അത്, മറ്റു ചെലവുകള്‍, വീട്ടുചെലവുള്‍പ്പെടെ ഗ്രേസി ശുഷ്‌ക്കാന്തിയോടെ എഴുതും. കാര്യങ്ങള്‍ വിലയിരുത്തും.

കണക്കുകളെഴുതുമ്പോള്‍ ചില സംശയങ്ങളും വിശദീകരണങ്ങളും ഗ്രേസി ചോദിക്കും. ഗൃഹപാഠം നോക്കുന്ന അദ്ധ്യാപികയുടെ സമീപം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയെപ്പോലെ അല്പം വേവലാതിയോടെയാണ് ആ സമയങ്ങളില്‍ മാത്തന്റെ നില്പ്. അതോടൊപ്പം അവള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കും. തുണിത്തരങ്ങളില്‍ ആദ്യം വിറ്റുപോകാന്‍ ശ്രദ്ധിക്കേണ്ടവ, വില പേശുന്നവരെ കൈകാര്യം ചെയ്യേണ്ട രീതികള്‍, കടം പറയുന്നവരേയും പരാതിയുമായി വരുന്നവരേയും അനുനയിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, ഇവയെല്ലാം ഗ്രേസി വിവരിക്കുമ്പോള്‍ മാത്തന് അത്ഭുതം അടക്കാ നാവില്ല.

''ഗ്രേസിക്കുഞ്ഞ് ഇതൊക്കെ എവടെന്ന് പഠിച്ച്?''

കണക്കുബുക്കിലെ സംഖ്യകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഗ്രേസിയുടെ മുഖത്ത് വിരിയുന്ന സംതൃപ്തിയും സന്തോഷവും മാത്തനെ ആവേശഭരിതനാക്കും. ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ഊര്‍ജ്ജസ്രോതസ്സാണ് 'ഗ്രേസിക്കുഞ്ഞ്.' ഹൃദയത്തില്‍ വെറുതേ സൂക്ഷിച്ചിരുന്ന കേവലമൊരു മോഹം, ഇന്നത് പൂവണിഞ്ഞ് ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്കി. ലക്ഷ്യബോധമേകി ഒപ്പമുണ്ട്. ഒരു പാഴ്ജന്മമെന്ന് പലപ്പോഴും നിരൂപിച്ചിട്ടുള്ള സ്വന്തം ജീവിതത്തിലേക്ക് നിനച്ചിരിക്കാതെ ഒരു സുവര്‍ണ്ണ മുഹൂര്‍ത്തത്തില്‍ അടര്‍ന്നുവീണ മാണിക്യം. ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നു വിശ്വസിച്ചിരുന്ന അമൂല്യനിധി.

വ്യാപരം കൂടുതല്‍ മെച്ചപ്പെടുകയാണ്. ക്രമേണ സ്ഥിരമായി കച്ചവടത്തിനുപയോഗിക്കുന്ന സ്ഥലം രണ്ട മൂന്ന് ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മറച്ച് മുകളില്‍ ഒരു പ്ലാസ്റ്റിക് ഷീറ്റും വിരിച്ച് ഒരു സ്ഥിരം വില്പന സ്ഥലമാക്കി. ടൗണില്‍ കടമുറികളില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും മാത്തന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നതിനാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

വ്യാപാരസമയം ദീര്‍ഘിച്ചു. രാവിലെ വെളിച്ചം, വീഴുമുമ്പേ വീട്ടില്‍നിന്നിറങ്ങിയാല്‍ തിരികെയെത്തുന്നതു വൈകിട്ട് ഇരുട്ടു പരന്നതിനു ശേഷമാണ്. വില്പന ചന്തദിവസം എന്നതു മാറ്റി എല്ലാ ദിവസവുമാക്കി. മറ്റ് ചെറിയ അങ്ങാടികളിലെ വ്യാപാരം ഉപേക്ഷിച്ചു.

യാത്രയ്ക്കായി ഒരു സൈക്കിള്‍ വാങ്ങി. കച്ചവടത്തില്‍ ഒരു സഹായി ആവശ്യമായി വന്നതോടെ പരിചയമുള്ള ഒരു പയ്യനേയും ഒപ്പം കൂട്ടി.

തുണിക്കെട്ട് വീട്ടില്‍നിന്ന് ടൗണിലേക്കും പിന്നെ വ്യാപാരശേഷം തിരികെയും കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായപ്പോള്‍ ടൗണിലെ പ്രധാന ജൗളി വ്യാപാരികളിലൊരാളായ പൈലിച്ചേട്ടന്‍ സഹായിയായി. തുണിക്കെട്ടുകള്‍ തന്റെ കടയിലൊരു ഭാഗത്ത് സൂക്ഷിക്കുവാന്‍ അനുമതി നല്കി. മാത്തനെക്കൊണ്ട് ചില പ്രയോജനങ്ങള്‍ പൈലിച്ചേട്ടനുമുണ്ട്. കടയില്‍ 'ഡെഡ് സ്റ്റോക്ക്' ആയി വരുന്ന പല ഇനങ്ങളും ഒരു വിലക്കിഴിവില്‍ മാത്തനെ ഏല്പിക്കും. താമസംവിനാ അവന്‍ അത് വിറ്റഴിക്കും.

ഗ്രേസിയാണ് ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മുന്‍കൈയ്യെടുത്തത്. പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതുമെല്ലാം അവളുടെ ചുമതല.

പാസ്ബുക്കില്‍ അക്കങ്ങള്‍ പെരുകിക്കൊണ്ടിരുന്നു.

''ഇപ്പോ അവനാ കച്ചോടം കൂടുതല്‍. ഈ കെട്ടിടോം പണ് ത് കറന്റ്കാശും കൊടുത്ത് ഉള്ള ടാക്‌സുകളും കൊടുത്ത് പോരാത്തതിന് ലോകത്തൊള്ളവനെല്ലാം പിരിവും കൊടുത്തിരിക്കണ നമ്മളൊക്കെ മണ്ടന്മാര്.''

പൈലിച്ചേട്ടന്‍ തന്റെ സുഹൃത്തുക്കളായ വ്യാപാരികളോട് പകുതി തമാശയും പകുതി കാര്യമായും പറഞ്ഞു.

(തുടരും)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org