
''ഇതാണ് നമ്മുടെ ആദ്യത്തെ കുഞ്ഞ്. അങ്ങനെ വേണം കരുതാന്‍.''
കുഞ്ഞപ്പന്റെയും എല്‍സമ്മയുടെയും കിടപ്പുമുറിയില്‍ കട്ടിലില്‍ ഇടതുവശം ചരിഞ്ഞ് ശാന്തമായി ഉറങ്ങുകയാണ് ആ പെണ്‍കുഞ്ഞ്.
മുറിയില്‍ തെളിഞ്ഞുനിന്ന 'സീറോ വോള്‍ട്ട്' ബള്‍ബിന്റെ നേരിയ പ്രകാശത്തില്‍ അഴകും ഓമനത്വവും നിറഞ്ഞ ആ കുഞ്ഞുമുഖം വ്യക്തമായി കാണാം. മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റേറ്റ് മുടിയിഴകള്‍ നെറ്റിത്തടത്തില്‍ ഇളകിക്കളിക്കുന്നു.
''എന്തിനാ എന്നോടിതിങ്ങനെ എപ്പോഴും പറയ ണേ? എല്ലാം എനിക്കറിയാം.''
കുഞ്ഞപ്പന്‍ നിശബ്ദനായി. ഈയൊരു കാര്യം പലപ്പോഴും എല്‍സമ്മയോട് ആവര്‍ത്തിക്കുന്നു. ഇനിയത് വേണ്ട.
കുഞ്ഞിനരികിലായി അയാള്‍ ചരിഞ്ഞു കിടന്നു. ഇടതുകൈകൊണ്ട് കിളുന്ത് ദേഹത്ത് മെല്ലെ തട്ടിക്കൊടുത്തു കൊണ്ടിരുന്നു.
ആഴ്ചകള്‍ പിന്നിട്ടെങ്കിലും ആ വലിയ ദുരന്തത്തിന്റെ ഭീകരസ്മരണ തീവ്രത ചോരാതെ ഇരുവ രേയും വേട്ടയാടിക്കൊണ്ടിരുന്നു.
ആശുപത്രിയില്‍നിന്നും ഏറ്റുവാങ്ങിയ ചേട്ടന്റേയും ചേച്ചിയുടയും മോനുവിന്റേയും മൃതദേഹങ്ങള്‍!
വീട്ടുമുറ്റത്തൊരുങ്ങിയ പന്തലില്‍ പെട്ടികളിലാക്കി പുഷ്പങ്ങള്‍ കൊണ്ടു മൂടി അവ നിരയായി സ്ഥാപിക്കപ്പെട്ടു. നാടൊന്നാകെ ആ വീട്ടിലേയ്‌ക്കൊഴുകി.
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തര്‍, അനേകം വൈദികര്‍, കന്യാസ്ത്രീകള്‍...!
മരണാനന്തര ചടങ്ങുകള്‍!
അര്‍ദ്ധബോധാവസ്ഥയിലെന്നോണം എല്ലാത്തിലും പങ്കാളിയായി.
ആ ഓര്‍മ്മകളില്‍ കുഞ്ഞപ്പന്‍ വീണ്ടും ഞെട്ടിത്തെറിച്ചു.
പക്ഷെ, ദുഃഖത്തില്‍ മുഴുകി കാലം കഴിക്കാനാവില്ലായിരുന്നു.
അപകടത്തേത്തുടര്‍ ന്നുള്ള പലവിധ നിയമപരമായ നടപടി ക്രമങ്ങള്‍, പോലീസ് സ്‌റ്റേഷന്‍, വക്കീലാഫീസ്, ഇന്‍ഷ്വറന്‍സ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്...
എല്ലായിടങ്ങളിലും സഹായികളായി സുഹൃത്തുക്കളും ജനപ്രതിനിധികളും ഒപ്പം നിന്നു.
മലഞ്ചരക്കുകട ദിവസങ്ങളോളം അടഞ്ഞുകിടന്നു.
''കുഞ്ഞപ്പാ നീയിങ്ങനെ എല്ലാം തകര്‍ന്നവനെ പ്പോലെ കഴിയാതെ കട തുറക്ക്. നീ വേണം ഇനി എല്ലാം നോക്കി നടത്താന്‍.''
അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പ്രേരണയാല്‍ ഭാരം തൂങ്ങിയ മനസ്സുമായി കട തുറന്നു.
കുട്ടിച്ചായനില്ലാത്ത ആ കടയ്ക്കുള്ളിലേയ്ക്കു നോക്കി കുഞ്ഞപ്പന്‍ പൊട്ടിക്കരഞ്ഞു. അടുത്തുനിന്ന സമീപത്തെ കച്ചവടക്കാരുടെയും കണ്ണുകള്‍ നിറഞ്ഞു.
കുട്ടിച്ചായനായിരുന്നു കടയിലെ വ്യാപാരത്തിന്റെ നിയന്ത്രണവും ചുമതലയും. കുഞ്ഞപ്പന്‍ കേവലം ഒരു സഹായി മാത്രം.
ഇപ്പോള്‍, ഇതാ ഒറ്റയ്ക്കായിരിക്കുന്നു.
നീന്തല്‍ മുഴുവനായി പഠിക്കുന്നതിനു മുമ്പ് ഒരുവനെ നടുക്കായലിലേയ്ക്ക് വലിച്ചെറിഞ്ഞതുപോലുള്ള അവസ്ഥ. എങ്ങനേയും നീന്തിയേ പറ്റൂ. മുങ്ങിത്താഴരുത്. അപകടത്തേത്തടുര്‍ന്നുള്ള പ്രശ്‌നങ്ങള്‍, കടയുടെ നടത്തിപ്പ്!
അയാള്‍ ആകെ പരീക്ഷീണിതനാകുകയായിരുന്നു.
''എന്താ ഉറങ്ങിപ്പോയോ?''
എല്‍സമ്മയുടെ സ്വരം. കുഞ്ഞപ്പന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു. കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കൈ പിന്‍വലിച്ചു.
''ഏയ് ഞാന്‍ വെറുതേ...''
അയാള്‍ മുഖമുയര്‍ത്തി ഭാര്യയെ നോക്കി. എല്‍സമ്മയുടെ ചിന്താഭരിതമായ മുഖം.
''അല്ലാ... നീയെന്താ ആലോചിക്കുന്നേ?''
''അത്... ഞാനാലോചിക്കുകയായിരുന്നു...''
''ഉം... അതെന്താന്നാ ചോദിച്ചത്.''
''ഇനീപ്പോ.. കൊറച്ചു നാളുകൂടി കഴിഞ്ഞാ... എനിക്കാണേ ക്ഷീണോം മറ്റും കൂടി വരുവല്ലേ. വീട്ട് കാര്യോം ഈ കൊച്ചിനെനോട്ടോം എല്ലാം കൂടി...''
കുഞ്ഞപ്പനും ചിന്താമഗ്ദനായി.
''കൊച്ചാണേ ഇപ്പോ നടക്കാന്‍ തൊടങ്ങി. ഇനി ഒരാളുടെ നോട്ടം എപ്പോഴും വേണം. കണ്ണ് തെറ്റിയാ എങ്ങോട്ടാ പോണേന്ന് അറിയൂല്ലാ. ഇനി പ്രസവസമയമാകുമ്പോ...''
എല്‍സമ്മയുടെ ഗര്‍ഭകാലം നാലുമാസം പിന്നിട്ടിരുന്നു. ഭാര്യ ഇപ്പോള്‍ ത്തന്നെ വളരെ വിഷമിക്കുന്നുവെന്നത് കുഞ്ഞപ്പനറിയാം. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കേണ്ടതുകൊണ്ട് പ്രസവത്തിനായി ഭാര്യാ വീടിനെ ആശ്രയിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല അവിടെയിപ്പോള്‍ ആകെയുള്ളത് എല്‍സമ്മയുടെ മുതിര്‍ന്ന സഹോദരനും കുടുംബവും പിന്നെ പ്രായമായി രോഗിയായ അമ്മയും മാത്രം.
പ്രസവസമയമടുക്കുമ്പോള്‍ ഒരു സ്ത്രീയെ സഹായിയായി കണ്ടുപിടിച്ച് അയയ്ക്കാമെന്ന് അളിയന്‍ പറഞ്ഞിട്ടുണ്ട്. അത് ഉടന്‍തന്നെ വേണമെന്ന് ആവശ്യപ്പെടണം. കുഞ്ഞപ്പന്‍ തീരുമാനിച്ചു.
സമയം പതിനൊന്നുമണിയാകുന്നു. പകല്‍ അധികസമയം ഉറങ്ങിയതു കൊണ്ടാവാം കുഞ്ഞ് ഉറങ്ങാന്‍ വൈകി.
കുഞ്ഞിന്റെ മുഖത്തേയ്ക്കു നോക്കി എല്‍സമ്മ ദീര്‍ഘമായി നിശ്വസിച്ചു.
എത്ര ജീവസുറ്റതായിരുന്നു ഈ ഗൃഹാന്തരീക്ഷം!
ചേച്ചിയും മോനുവും മോളുമെല്ലാം ചേര്‍ന്ന് എപ്പോഴും കളിയും ചിരിയും തമാശകളും.
ബഹളവും കുസൃതികളും.
ഇടയ്ക്ക് ചേച്ചിയുടെ കുട്ടികളോടുള്ള ശകാരം.
എല്ലാം നിലച്ചു. ഇന്ന് വീട് നിശബ്ദം. ഭയപ്പെടുത്തുന്ന, മടുപ്പിക്കുന്ന, ശ്വാസംമുട്ടിക്കുന്ന നിശബ്ദത.
ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞിന്റെ കരച്ചില്‍ ശബ്ദമാണ് ആ നിശബ്ദത ഭേദിക്കുന്നത്.
കുഞ്ഞ് ഉറങ്ങുകയാണ്. സ്വന്തം ജീവിതത്തില്‍ വന്നുഭവിച്ച ദുരന്തത്തിന്റെ തീവ്രത യാതൊന്നുമറിയാതെ.
ഒരു മഹാദുരന്തത്തില്‍ നിന്നും കാലം ബാക്കിവച്ച ജീവന്റെ തുടിപ്പായി, അതിജീവനത്തിന്റെ മഹാത്ഭുതമായി.
അധികം വൈകാതെ വീട്ടില്‍ സഹായിയായി ചാച്ചി എന്നു വിളിക്കപ്പെടുന്ന ഭവാനിയമ്മയെത്തി.
നാളുകള്‍ മുന്നോട്ടു നീങ്ങുകയാണ്. നാടിനെ നടുക്കിയ ആ അപകടത്തിന്റെ ഓര്‍മ്മയും ജനമനസ്സുകളില്‍ നേര്‍ത്തുവന്നു.
ഗ്രേസിക്കുഞ്ഞ് എന്ന് പേരു വിളിച്ച ആ കുഞ്ഞും വളരുകയാണ്, കുഞ്ഞപ്പന്‍ എന്ന 'ചാച്ച'ന്റെയും 'എല്‍സാന്റി'യുടേയും ഒപ്പം.
''അവളെക്കൊണ്ട് നിന്നെ അമ്മേന്ന് വിളിപ്പിക്കരുതോ. എന്തിനാ ഒരു എത്സാന്റി വിളി.''
ആ വിളിപ്പേരില്‍ എന്തോ ഒരു അകല്‍ച്ച ഒളിച്ചിരിക്കുന്നതുപോലൊരു തോന്നല്‍ കുഞ്ഞപ്പന്. അയാളുടെ ചോദ്യത്തിനു മുന്നില്‍ എല്‍സമ്മ ഒരു നിമിഷം നിശബ്ദയായി.
''അത്... എന്റൊരു മോഹാ. എന്നെ ആദ്യം അമ്മേന്ന് വിളിക്കണത് ഞാന്‍ പ്രസവിക്കണ കൊച്ചായിരിക്കണമെന്നത്....''
കുഞ്ഞപ്പന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ആ വീടിന്റെ അകത്തളങ്ങളിലൂടെ ഓടിനടക്കുമ്പോള്‍ കുഞ്ഞുമനസ്സിന്റെ ഉപഭോഗതലങ്ങളില്‍ നിന്ന് ചില സ്മരണശകലങ്ങള്‍ തുടിച്ചുയരുന്നു. വീടിന്റെ ഓരോ കോണുകളിലും കുഞ്ഞിക്കണ്ണുകള്‍ ആരെയൊക്കെയോ തിരഞ്ഞു. ഇളംമനസ്സില്‍ മായാ തെ പതിഞ്ഞു കിടക്കുന്ന ഏതൊക്കെയോ മുഖങ്ങളുടെ ദര്‍ശനം കൊതിച്ചു...
വിസ്മൃതിയില്‍ ആഴ്ന്നുപോകാതെ ശേഷിച്ചിരുന്ന ഏതൊക്കെയോ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു.
ചാച്ചന്റേയും എല്‍സാന്റിയുടേയും മദ്ധ്യേ കിടന്നുറങ്ങുന്ന രാത്രികളില്‍ ചില മുഹൂര്‍ത്തങ്ങള്‍ ആ കുഞ്ഞുടല്‍ ത്രസിച്ചു!
ഏതോ ഒരു ശരീരത്തിന്റെ ചൂടിനായി....
അമ്മിഞ്ഞപ്പാല്‍ ചുരത്തുന്ന ഒരു നെഞ്ചിന്റെ മധുരം കിനിയുന്ന ലാളനയ്ക്കായി....
ഏതൊക്കെയോ കരങ്ങളുടെ സ്‌നേഹസ്പര്‍ശനങ്ങള്‍ക്കായി...
ആ ഓര്‍മ്മകളില്‍ പല രാത്രികളിലും അവള്‍ ഇടയ്ക്ക് ഞെട്ടിയുണരും. ഉറക്കെക്കരയും. കരച്ചിലിനിടയില്‍ ആ കുഞ്ഞുമിഴികള്‍ ആരെയോ തേടുന്നു...
''നീ കെടന്നോ. കൊച്ചിനെ ഞാന്‍ നോക്കിക്കോളാം.''
ഗര്‍ഭാലസ്യത്താല്‍ ക്ഷീണിതയായ ഭാര്യയെ ഉറങ്ങുവാന്‍ അനുവദിച്ച്കുഞ്ഞിനെ തോളിലിട്ട് കുഞ്ഞപ്പന്‍ കിടപ്പുമുറിയ്ക്ക് പുറത്തേയ്ക്കിറങ്ങും. തോളില്‍ കിടന്നു കരയുന്ന കുഞ്ഞിനെ പുറത്തുതട്ടി ആശ്വസിപ്പിച്ചു കൊണ്ടു മറ്റു മുറികൡൂടെ ഉലാത്തും. ചിലപ്പോള്‍ കരച്ചിലിനിടയില്‍ പെട്ടെന്ന് മുഖമുയര്‍ത്തി അവള്‍ അയാളുടെ മുഖത്തേയ്ക്ക് ചോദ്യഭാവത്തില്‍ നോക്കും.
ഉള്ളില്‍ ഉയരുന്ന ഏതൊക്കെയോ തോന്നലുകള്‍ക്ക് ഉത്തരം തേടുന്നതുപോലെ!
''ഉറങ്ങിക്കോ മോളുറങ്ങിക്കോ.''
പല രാത്രികളുടേയും ഏകാന്തയാമങ്ങളില്‍ കരയുന്ന കുഞ്ഞിനെ തോളിലിട്ട് ആശ്വസിപ്പിച്ചുകൊണ്ട് അയാള്‍ വീടിനുള്ളിലൂടെ ഉലാത്തിക്കൊണ്ടിരുന്നു.
നാളുകള്‍ കഴിയവേ പുതിയ സാഹചര്യങ്ങളുമായി അവള്‍ ഇണങ്ങിത്തുടങ്ങി. മനസ്സിന്റെ ഭിത്തിയില്‍ മങ്ങിത്തുടങ്ങിയ ചിത്രങ്ങള്‍ക്കു പകരം പുതിയ ചിത്രങ്ങള്‍, പുതിയ ശബ്ദങ്ങള്‍, പുതിയ സ്പര്‍ശനങ്ങള്‍...
എല്ലാം സാവധാനം പരിചിതമാകുന്നു.
എല്‍സമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മമേകി. അതോടെ 'എല്‍സാന്റി' മറ്റൊരു ലോകത്തായി. ഗ്രേസിക്കുഞ്ഞിനോട് സംസാരിക്കുവാനും മറ്റും സമയം കുറവ്. മാത്രമല്ല നവജാത മിക്ക സമയത്തും കരച്ചിലും വഴക്കും.
''ഇവളാളിത്തിരി കേമിയാ. ഗ്രേസിക്കുഞ്ഞിനെപ്പോലെ പാവത്താനല്ല. കണ്ടില്ലേ വാശീം കരച്ചിലും.''
ചാച്ചിയുടെ നിഗമനം എല്‍സമ്മയ്ക്കും കുഞ്ഞപ്പനും ശരിയെന്നു തോന്നി.
എല്‍സാന്റിക്ക് കുഞ്ഞുപിറന്നതോടെ ഗ്രേസിക്കുഞ്ഞ് ഏറെക്കുറേ ഒറ്റപ്പെട്ടു. വീടിന്റെ അകത്തളങ്ങളിലെ വെളിച്ചം മങ്ങിയ കോണുകളില്‍, സ്വന്തം ഏകാന്ത ഭാവനകളോട് മൗനമായി കുശലം പറഞ്ഞ് അവള്‍ നാളുകള്‍ നീക്കി. സാധാരണ ആ പ്രായത്തിലുള്ള കുട്ടികളില്‍ പ്രകടമാകാറുള്ള വാശിയോ വഴക്കോ അനാവശ്യ ശാഠ്യങ്ങളോ ഒന്നുമില്ലാത്ത ശാന്തപ്രകൃതം. ചാച്ചിയുടെ അഭിപ്രായത്തില്‍ ഒരു 'പഞ്ചപാവം.'
സ്‌നേഹലാളനങ്ങള്‍ ആവോളം ആസ്വദിക്കേണ്ട കുരുന്നുപ്രായത്തില്‍ അവയൊന്നും കാര്യമായി ലഭിക്കാതെയുള്ള ഗ്രേസിക്കുഞ്ഞിന്റെ അവസ്ഥ കുഞ്ഞപ്പനറിയുന്നുണ്ടായിരുന്നു. പക്ഷെ, അയാള്‍ നിസ്സഹായനായിരുന്നു. ചേട്ടന്റെ മരണത്തോടെ ജോലി ഭാരവും ഉത്തരവാദിത്വങ്ങളും വര്‍ദ്ധിച്ചു. ഒഴിവുസമയം വളരെകുറവ്. എങ്കിലും കിട്ടുന്ന സമയത്തെല്ലാം ഗ്രേസിക്കുഞ്ഞിനെ ഓമനിക്കുവാനും ലാളിക്കുവാനും അയാള്‍ ശ്രദ്ധിച്ചു.
എല്‍സമ്മ എത്ര കൊഞ്ചിച്ചാലും ലാളിച്ചാലും കൊച്ചുമോള്‍ വാശിയോടെ ശാഠ്യം പിടിച്ച് കരച്ചില്‍ തുടരും. അതുകേട്ട് ഉത്ക്കണ്ഠയോടെ ഗ്രേസിക്കുഞ്ഞ് മോളുടെ അടുത്തേയ്ക്കു ചെല്ലും. എന്ത് വിസ്മയമെന്നറിയില്ല, ഗ്രേസിക്കുഞ്ഞ് അടുത്തുവന്നാല്‍ മോള്‍ കരച്ചില്‍നിറുത്തും. കൗതുകത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കിക്കിടക്കും. ഇളംചുണ്ടില്‍ മെല്ലെ പുഞ്ചിരി വിരിയും.
''ഇവളടുത്തു വരുമ്പോ കൊച്ചിന് വല്ല്യ സന്തോഷാ.'' എല്‍സമ്മയ്ക്കും വിസ്‌യം.
മോളെ താലേലിക്കാന്‍ ഗ്രേസിക്കുഞ്ഞിനും സന്തോഷം. ഏകാന്തതയുടെ ലോകത്തുനിന്ന് ഒരു മോചനം.
മോള്‍ വളരുന്നതനുസരിച്ച് കുറുമ്പും കുസൃതിയും വര്‍ദ്ധിച്ചു. പക്ഷെ, എന്ത് കുസൃതി കാട്ടിയാലും ദേഹോപദ്രവ മേല്പിച്ചാലും ഗ്രേസിക്കുഞ്ഞ് തിരിച്ച് ഒന്നും പ്രതികരിക്കില്ല. ശരീരം വേദനിക്കുമ്പോള്‍ മാത്രം വിഷാദത്തോടെ പിണങ്ങി അകന്നിരിക്കും. അതുകണ്ട് അല്പനേരം കഴിയുമ്പോള്‍ മോളുവിന്റെയും ഭാവം മാറും. സങ്കടത്തോടെ, സൗമ്യമായി അടുത്തുവന്നു നില്‍ക്കും, ഗ്രേസിക്കുഞ്ഞ് പിണക്കം വെടിഞ്ഞ് കൂട്ടുകൂടുന്നതു വരെ.
താമസിയാതെ കുഞ്ഞിനു പേരിട്ടു ജിജി.
കാലം മുന്നോട്ടൊഴുകുകയാണ്. അനുസ്യൂതം പഴയ സംഭവങ്ങളെല്ലാം വിസ്മൃതിയുടെ അറകളിലൊളിപ്പിച്ച്, ഇന്ന് എന്ന യാഥാര്‍ത്ഥ്യത്തിലൂടെ, നാളെ എന്ന പ്രതീക്ഷയിലേയ്ക്ക് നിര്‍വിഘ്‌നം ഒഴുകുന്ന ജീവിതപ്രവാഹം. ഭൂതകാല സംഭവങ്ങളെല്ലാം ഇടയ്ക്കിടെ ഉള്ളില്‍ ഉയര്‍ന്നുവന്ന് ലേശം നുരയും പതയും സൃഷ്ടിച്ച് ഉടഞ്ഞില്ലാതാകുന്ന നീര്‍ക്കുമിളകള്‍ മാത്രം.
ഗ്രേസി മൂന്നാം ക്ലാസ്സിലെത്തിയപ്പോഴാണ് ജിജിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. വീണ്ടും ഒരു മൂന്നു വര്‍ഷത്തിനു ശേഷം എല്‍സമ്മ ഒരിക്കല്‍ക്കൂടി അമ്മയായി. ഒരു ആണ്‍കുഞ്ഞുകൂടി ആ കുടുംബത്തില്‍ അംഗമായെത്തി.
(തുടരും)