

ടോം കെ. ജോസ്
അധ്യായം - രണ്ട്
പോർച്ചിലേക്ക് കാലെടുത്തുവച്ചതും ഒരു കാർ ചീറിപ്പാഞ്ഞു വന്ന് അയാൾക്കരികിൽ ബ്രേക്കിട്ടു.
ആരെന്നു ശ്രദ്ധിക്കാതെ കടന്നുപോകാൻ ഭാവിച്ചതും പിന്നിൽ നിന്ന് വിളി വന്നു.
“ജോണച്ചാ...”
ജനറാളച്ചനാണ്
“എന്താ ഈ വഴിയൊക്കെ ? വിശേഷിച്ച് വല്ലതും.”
ഉത്തരത്തിനായി അയാൾ മനസ്സിൽ തിരഞ്ഞു.
രക്ഷയില്ല...ചില നിമിഷങ്ങളിൽ മനസ്സുപോലും തന്നെ തനിച്ചാക്കിയിട്ട് കടന്നുകളയാറുണ്ട്. പിന്നയല്ലേ ഒരിക്കലും പിടിതരാത്ത ഉത്തരങ്ങൾ!
അയാൾ നിരുന്മേഷവാനായി തിരിഞ്ഞു.
സൂക്ഷിച്ചുവേണം ഉത്തരം കൊടുക്കാൻ
നമ്മൾ ഒളിച്ചുവയ്ക്കാനാഗ്രഹിക്കുന്നതുമാത്രം കണ്ടെത്താനുള്ള ഒരു സവിശേഷസിദ്ധി ജനറാളച്ചനുണ്ട്.
എത്ര പേരുടെ അനുഭവങ്ങൾ കേട്ടിരിക്കുന്നു.
രണ്ടര വർഷം മുമ്പ് കണ്ടതാണ്. ഓർമ്മകൾ അനുവാദം ചോദിക്കാതെ ഓടി വരുന്നു.
പ്രതിരോധിക്കാനെന്നവണ്ണം അയാൾ കൈകൾ ചുരുട്ടി.
“എന്താ പഴയ കേസ് പിന്നേം ആരേലും കുത്തിപ്പൊക്കിയോ?”
അയാൾ അറിയാതെ ചുറ്റുമൊന്നുനോക്കി.
“ഞാൻ പിതാവിനെ വെറുതയൊന്നു കാണാൻ...”
“ഓ... വെറുതെ പിതാവിനെ കാണാൻ വരുന്ന ഒരാള്.”
അച്ചൻ പുഞ്ചിരിയോടെ ഓഫീസിന് നേർക്ക് നടന്നു.
പുറകേ പോകാതെ നിവൃത്തിയില്ല. അച്ചന്റെ രീതിയങ്ങിനെയാണ്.
ഗത്യന്തരമില്ലാതെ അയാൾ പുറകേ ചെന്നു.
വിശാലമായ ഓഫീസ് മുറിയുടെ ഒരു കോണിൽ കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സിസ്റ്റർ തലയുയർത്തി സംശയഭാവത്തിൽ അയാളെ നോക്കി.
“ജോണച്ചനെ അറിയില്ലേ...” നിസ്റ്ററിന്റെ നോട്ടം കണ്ട് അച്ചൻ ചോദിച്ചു.
“കേട്ടിട്ടുണ്ട്...” സിസ്റ്റർ എന്തോ പിടി കിട്ടിയതുപോലെ തലകുലുക്കി.
അയാൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. നിങ്ങൾ ഒരു കാഴ്ചവസ്തുവായി സ്വയം പ്രതിഷ്ഠിച്ചു കഴിഞ്ഞാല ങ്ങനെയാണ് നിങ്ങൾക്കുപോലും ചിലപ്പോൾ നിങ്ങളെ ഒരു അപരിചിതനായി തോന്നാം. മറ്റുള്ളവരുടെ നോട്ടങ്ങളും പ്രതികരണങ്ങളും നിങ്ങൾക്ക് പുറത്തുള്ള മറ്റാരെയോ ആണ് ബാധിക്കുന്നതെന്ന് തോന്നിപ്പോകും.
“അച്ചൻ ഇരിക്ക്.”
ജനറാളച്ചൻ ക്ഷണിച്ചു.
ഏറ്റവും നടുക്കുള്ള കസേരയിൽ തന്നെ മനഃപൂർവം അയാളിരുന്നു. ആത്‌മവിശ്വാസം കുറവാണെന്നു തോന്നണ്ട.
എന്തോ എടുക്കാനെന്ന ഭാവത്തിൽ സിസ്റ്റർ പതിയെ പുറത്തേക്ക് പോയി.
“ഇനി പറ... എന്താ വിശേഷം.”
“വിശേഷിച്ചൊന്നുമില്ല...ഞാൻ...”
“തുറന്നുപറയണം കേട്ടോ പഴയതുപോലെ പാതിരാത്രി പൊലീസ് സ്റ്റേഷനിൽ വരാനൊന്നും ഇപ്പോ ആരോഗ്യമില്ല.” അച്ചൻ മുന്നോട്ടാഞ്ഞു കൊണ്ട് സ്വരം താഴ്ത്തിപ്പറഞ്ഞു.
ഓർമ്മകളിലേക്ക് ഒരു പോലീസ് ജീപ്പ് ഇരമ്പിവന്നു... കതകിൽ നിർത്താതെയുള്ള മുട്ടും.
ജീസസ്... അയാൾ ഉള്ളിൽ വിളിച്ചു.
സ്മരണകളുടെ തിരകളും കാറ്റുമടങ്ങി.
“ഞാൻ സ്റ്റഡീസിനെക്കുറിച്ച്...”
“എന്താ പുതിയ പദ്ധതി? പഠിച്ചതൊന്നും പോരേ ?”
ചോദ്യത്തിലെ പരിഹാസം അയാൾ കേട്ടില്ലെന്നു നടിച്ചു.
നിമിഷനേരം കൊണ്ട് ആയുധങ്ങൾ മാറി മാറി പ്രയോഗിക്കാനുള്ള കഴിവ് അച്ചനുണ്ട്, അതിൽ നിന്നെല്ലൊം ഒഴിഞ്ഞു മാറാൻ തനിക്കും. ഴാങ്ങ് ക്രിസ്റ്റഫിന്റെ വാക്കുകൾ അറിയാതെ മനസ്സിലേക്ക് വരുന്നു. ആളൊഴിഞ്ഞ പടച്ചട്ടയ്ക്ക് എന്തു വേദന.
“പഴയത് പൂർത്തീകരിച്ചാലോ എന്നൊരാലോചന...”
അച്ചൻ കേൾക്കാത്ത മട്ടിൽ ഇരിക്കുകയാണ്
“പ്രൊജക്റ്റായിരുന്നല്ലോ പ്രശ്‌നം... ഒന്നു മാറ്റിപ്പിടിച്ചാൽ...”
“മാറ്റിപ്പിടിക്കുമ്പോൾ കാണാം എന്തു പുറകേ വരുമെന്ന്... അന്ന് തിയോളജി പഠിക്കാൻ പോയാരുന്നേ ഇപ്പം എവിടെ എത്തിയേനെ... എന്നിട്ടെന്തായി പൊലീസ്... കോടതി...” അച്ചൻ നിരാശയോടെ പിറുപിറുത്തു.
“കേരളത്തിന് പുറത്താണേ...” അയാൾ മുഴുമിക്കാതെ അച്ചനെ നോക്കി.
“അതിന് കേരളം വിട്ടുപോകാൻ പൊലീസ് സമ്മതിക്കുമോ..നോട്ടപ്പുള്ളിയല്ലേ..തൽക്കാലം ആ മോഹമൊക്കെ മറന്നു കള. എന്നിട്ട് പള്ളിയിലെ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്ക്. എങ്ങനെയാ ഒന്ന് ഊരികൊണ്ടുവന്നേന്ന് എനിക്കല്ലേ അറിയൂ.”
അച്ചൻ തീർപ്പുകല്പിക്കും പോലെ പറഞ്ഞു.
“എല്ലാം കഴിഞ്ഞിട്ട് മൂന്നാലുകൊല്ലമായല്ലോ..ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ.” നിശ്ശബ്ദനാകാനുള്ള മനസ്സിന്റെ തീരുമാനത്തെ വഞ്ചിച്ച് അയാൾ പറഞ്ഞു. ഈയിടെ അങ്ങനെയാണ് മനസ്സിന്റെ തീരുമാനങ്ങളിൽ കട്ടയ്ക്ക് കൂടെ നിന്നിട്ട് പിന്തുണ പിൻവലിക്കു മ്പോൾ കിട്ടുന്ന ഒരു സുഖം... അതാണല്ലോ ഇപ്പോഴത്തെ ഏക സുഖം!
“ഒന്നും ഉണ്ടായില്ലെന്നു വച്ച് എല്ലാം തീർന്നെന്നു കരുതാൻ വരട്ടെ... ഞാനാ വക്കീലിനോടൊന്നു സംസാരിക്കട്ടെ... ഞാൻ പറഞ്ഞിട്ടുമതി ഇതിൽ മറ്റു തീരുമാനങ്ങൾ...”
അച്ചൻ മേശപ്പുറത്തെ ഫയലിനുനേർക്ക് കൈ നീട്ടി... എഴുന്നേൽക്കാനുള്ള സൂചനയാണ്.
അയാൾ എഴുന്നേറ്റ് സ്തുതി ചൊല്ലി... അത് നിർബന്ധമാണ് ജനറാളച്ചന്.
അയാൾ സാവകാശം മൊസൈക്ക് പടികളിറങ്ങി.
തലയ്ക്ക് മുകളിൽ കത്തുന്ന സൂര്യനാണോ അതോ ലാവ പോലെ ഉള്ളിൽ തിളയ്ക്കുന്ന ചിന്തകൾക്കാണോ ചൂടു കൂടുതൽ... സംശയമെന്താ ചിന്തകൾക്കു തന്നെ...
അയാൾ മെയിൻ റോഡിലേക്ക് നടന്നു.
* * * * * *
“അച്ചാ സ്ഥലമെത്തി.”
ഓട്ടോ ഒന്നു വിറച്ചു നിന്നപ്പോഴാണ് അയാൾക്ക് പരിസരബോധം വന്നത്.
“ചെറുതായൊന്ന് മയങ്ങിയെന്ന് തോന്നു ന്നു...” അയാൾ കുറ്റബോധത്തോടെ പറഞ്ഞു.
“അല്ലേലും അച്ചനെ സമ്മതിച്ചുതന്നിരിക്കുന്നു... ഈ വഴിയിൽ ഓട്ടോയിൽ ഇരുന്ന് ഉറങ്ങിയെന്നു പറഞ്ഞാൽ...” ഓട്ടോക്കാരൻ വിടുന്ന മട്ടില്ല.
“ഇനി നടക്കണമല്ലോ ഓട്ടോ ഒട്ടും പോകൂല്ല...” ഓട്ടോക്കാരൻ ക്ഷമാപണഭാവത്തിൽ പറഞ്ഞു.
എത്ര നടന്നിരിക്കുന്നു.. അയാൾ മനസ്സിൽ പറഞ്ഞു.
ഇവിടേക്ക് നിയോഗിച്ച പ്പോൾ പിതാവ് ഇടവക യുടെ ഏറ്റവും വലിയ കുറവായിപറഞ്ഞത് വഴിയുടെ ദയനീയാവസ്ഥ യെക്കുറിച്ചായിരുന്നു. അയാൾ വെറുതേ ഓർത്തു.
“സാരമില്ല വല്ല ജീപ്പും വരുമായിരിക്കും...” ഒരു ജീപ്പും വരില്ലെന്നുറപ്പായിട്ടും അയാൾ ഓട്ടോക്കാരനെ ആശ്വസിപ്പിക്കാനെ ന്നോണം പറഞ്ഞു.
ഓട്ടോ ഒന്ന് വട്ടം കറങ്ങി പുക തുപ്പി തിരിച്ചു പോയി.
അയാൾ വളഞ്ഞു പുളഞ്ഞ് മലകയറി പ്പോകുന്ന വഴിയിലേക്ക് നോക്കി.
വഴിയുടെ കിതപ്പ് തനിക്ക് നന്നായി കേൾക്കാൻ കഴിയുന്നുണ്ട്.
വഴിയുടെ ഇടതുവശം ചേർന്ന് താഴ്‌വരയിലൂടെ കയർത്തൊഴുകുന്ന പുഴ.
രണ്ടര വർഷം മുൻപ് ഇതേ സ്ഥലത്താണ് വിത്സൺ ജീപ്പ് നിർത്തിയത്.
“രണ്ടാളും ശരിക്ക് പിടിച്ചിരുന്നോണേ...” യാത്രയുടെ തുടക്കത്തിലേ വിത്സൺ ഓർമ്മിപ്പിച്ചു.
അടുത്തകാലത്ത് നടത്തിയ ശ്രമദാനങ്ങളാണ് ഇവിടം വരെയെങ്കിലും ഓട്ടോ എത്തിക്കാനാക്കിയത്.
ഷെറിനായിരുന്നു കൂടെ... നിഴലുപോലെ മൈനർ സെമിനാരി മുതൽ കൂടെ നടന്നവൻ.
പുതിയ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകേണ്ടെന്ന് നിർബന്ധം പിടിച്ചുവന്നതാണ്.
“അങ്ങ് ദൂരെ... ആ കാണുന്നതാണ് ആനക്കയം... അടിയിൽ വല്യ ചുഴിയാ... ആന പോലും പെട്ടു പോയിട്ടുണ്ട്...” വിശ്വസിച്ചോ എന്ന മട്ടിൽ വിത്സൺ അയാളെ നോക്കി
അയാൾ സങ്കീർത്തന ങ്ങൾക്കിടയിൽ ഊളിയിടുകയായിരുന്നു... ദൈവത്തിന്റെ നദികൾ ജലം മുറ്റിനിന്നു.. ഒരുപാട് ഓടി മടുക്കുമ്പോൾ തലകറങ്ങുമ്പോൾ തെല്ലുനേരം ഇരിക്കും പോലെ ആനക്കയം അയാൾക്ക് കാണായി. നീലക്കയം അയാൾ മനസ്സിൽ പറഞ്ഞു.
“മൂന്നു വശോം ഫോറസ്റ്റാ... ആ മുടിയാ നീലമുടി.. അതു കൂടാതെ ആറെണ്ണമുണ്ട്... കഴിഞ്ഞേന്റെ മുൻപിലത്തെ മഴക്കാലത്ത് പതിനൊന്നി ടത്താ ഉരുൾപൊട്ടിയേ...പിന്നെ കാടിന്റെ നടുക്ക് കണ്ടോ പുൽമേട്... അതാ പുലിമേട് എപ്പോം കടുവ കാണും.”
അയാൾ വഴിയിൽ നിന്ന് കൊക്കയിലേക്ക് എത്തിനോക്കുന്ന വലിയ പാറയിലേക്ക് കയറി.
“അച്ചാ സൂക്ഷിക്കണേ. പുഴു കാണും.”
വിത്സൺ പിന്നാലെയെത്തി. തോട്ടപ്പുഴുവിന്റെ കടി തനിക്ക് അപരിചിതമല്ലെന്ന് അയാൾ പറഞ്ഞില്ല.
അയാൾ നോക്കി...വാഗ്‌ദത്തഭൂമി പോലെ... വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ... തീരങ്ങളിൽ പച്ചയുടെ വർണ്ണവൈവിധ്യം കുടപിടിച്ച് പേരറിയാ മരങ്ങൾ... മുടികളെ ചുംബിച്ച് നീലാകാശം... അയാൾക്ക് അവിടെ കുറച്ചു നേരം ഇരിക്കണമെന്ന് തോന്നി..
“എന്നാ പോയാലോ...” വിത്സൺ ജീപ്പിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
സ്മരണകൾ പൊടി പറത്തി കടന്നുപോയി...
കുറച്ചു സമയം ഇരുന്നാലോ... അയാൾ തന്നോട് തന്നെ ചോദിച്ചു.
വേണ്ട നടക്കാം... ശരിക്കൊന്ന് കുളിക്കണം. ഇന്നേറ്റ എല്ലാ നോട്ടങ്ങളേയും കഴുകിക്കളയണം.
അയാൾ പെയ്ത്തുവെള്ളം ഹസ്തരേഖകൾ തീർത്ത വഴിത്താരയിലേക്ക് നോക്കി...
വാ... വന്നേ..
വഴി അച്ചനെ ഉറ്റസ്നേഹിതനെയെന്നപോലെ നോക്കിച്ചിരിച്ചു.
(തുടരും)