നിലാവിന്റെ വീട് - 01

നിലാവിന്റെ വീട് - 01
Published on

ടോം കെ ജോസ്

  • അധ്യായം - ഒന്ന്

“അച്ചാ...”

വിളികേട്ട് അയാൾ ഞെട്ടലോടെ മുഖമുയർ ത്തി.

സെക്രട്ടറിയച്ചനാണ്.

“പിതാവ് ചെല്ലാൻ പറഞ്ഞു.”

സ്റ്റെപ്പ് കേറിച്ചെന്നാൽ വലത്തുവശത്ത് ആദ്യം സ്വീകരണമുറി... അതിന്റെ അപ്പുറമാണ് പിതാവിന്റെ ഓഫീസ്.

സെക്രട്ടറിയച്ചന്റെ സ്വരത്തിൽ ചെറിയ പരിഹാസം ഒളിഞ്ഞിരി പ്പുണ്ടോ അയാൾ ഒന്നു സംശയിച്ചു.

സാരമില്ല. ഈയിടെയായി തനിക്ക് സംശയങ്ങൾ മാത്രമാണല്ലോ കൂട്ട്.

അയാൾ ഒരു മന്ദഹാസത്തോടെ സ്റ്റെയർകേസിനുനേർക്ക് നടന്നു.

വീതികൂടിയ പടികൾ ആരംഭിക്കുന്നിടത്ത് രണ്ട് ചെടിച്ചട്ടികൾ.

പ്ലാസ്റ്റിക്കായിരിക്കും അയാൾ ഉള്ളിൽ പിറുപിറുത്തു.

പ്ലാസ്റ്റിക്ക് തന്നെ! ആരും തുമ്പുനുള്ളാത്ത വീതികൂടിയ ഇലകളെ നോക്കിയിട്ട് അയാൾ ഉറപ്പിച്ചു.

വിശാലമായ സ്വീകരണമുറി ഭിത്തിയുടെ ഒത്ത നടുവിൽ അതിരൂപതയുടെ വിശാല ഭൂപടം. ആദ്യമായി കാണുന്നതുപോലെ അയാൾ അതിലേക്ക് ഉറ്റുനോക്കി.

വാഗ്ദാനനാടുപോലെ...ഏദൻതോട്ടം പോലെ... പിരിഞ്ഞൊഴുകുന്ന നദികൾ...ഒന്നാമത്തേതിന്റെ പേര് പിഷോൺ... രണ്ടാമത്തെ നദിയുടെ പേര്...?

ഓർമ്മ വരുന്നില്ല...സാരമില്ല പിന്നെ നോക്കിയെടുക്കാം. അയാൾ സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

തുറന്നു കിടന്ന വാതിലിലൂടെ അയാൾ അകത്തു കടന്നു.

“പിതാവേ...”

“ആ ജോണച്ചൻ. കേറി വന്നേ...

ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ ?” കുസൃതിച്ചിരിയോടെ വലിയ മേശയ്ക്കപ്പുറം പിതാവ് എഴുന്നേറ്റു. നീട്ടിയ കരത്തിൽ അയാൾ കൈത്തലമമർത്തി. പിതാവിന് ആരും കരം ചുംബിക്കുന്നതിഷ്ടമില്ല. അയാൾക്കും.

“അച്ചനിരിക്ക്.”

അയാൾ ഇരുന്നു. പിതാവ് ചോദ്യഭാവത്തിൽ നോക്കി.

“അത്... ഞാൻ കഴിഞ്ഞയാഴ്ച വിളിച്ചപ്പോ...” അയാൾ വിക്കി.

“അതിപ്പഴും വിട്ടില്ലേ...” പിതാവ് ചോദ്യഭാവത്തിൽ നോക്കി.

അയാൾ തലകുനിച്ചു

“ജോണച്ചാ...” പിതാവ് സ്നേഹഭാവത്തിൽ വിളിച്ചു.

“ഇതൊക്കെ ഓരോ തോന്നലാ... മൈൻഡ് ചെയ്യാതിരുന്നാൽ തനിയേ അങ്ങ് മാഞ്ഞു പൊക്കോളും...”

അയാൾ തലയുയർത്തിയില്ല.

എന്തു പറയാൻ. ഫോൺ വിളിച്ചപ്പോൾ എല്ലാം സമ്മതിച്ചതാണല്ലോ ഇപ്പോൾ എന്താ ഈ മാറ്റം. അയാൾ ആശ്ചര്യപ്പെട്ടു.

“എന്ത് പറ്റി ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ... ഇന്നുവരെ ഒരു കുഴപ്പവും കേട്ടിട്ടില്ലല്ലോ... എല്ലാവരും നല്ലത് മാത്രമാണല്ലോ അച്ചനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുള്ളത്.”

“എനിക്ക്... എനിക്കൊട്ടും സന്തോഷമില്ല... എല്ലാം വെറുതേ ചെയ്തു കൂട്ടുവാ...” അയാൾ പിതാവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

“അതൊക്കെ സാധാരണമാ. ഞാൻ ധ്യാനത്തിനു പോകാനൊന്നും പറയുന്നില്ല. രണ്ടു ദിവസം ഇവിടെ നിൽക്ക് നന്നായി ചിന്തിക്ക്... വായനയും എഴുത്തുമില്ലാതെ കുറച്ചു ദിവസം വെറുതെയിരിക്ക്.”

അതൊക്കെ നിർത്തി... മാസങ്ങളായി... അയാൾ ആത്മഗതം പോലെ പറഞ്ഞു.

“ഇതൊക്കെ തന്നെ മാറിക്കോളും... ഞാൻ കൂരിയായിലൊന്നും പറഞ്ഞിട്ടില്ല.” പിതാവ് വാച്ചിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“പറ്റില്ല പിതാവേ ഇങ്ങനെ എത്ര നാളെന്നു വച്ചാ മുന്നോട്ടു പോകുന്നത്...” അയാൾ പിറുപിറുത്തു.

“ജോണച്ചാ ജീവിതം എന്നും നമ്മൾ പ്രതീക്ഷിക്കും പോലെ പോകണമെന്നില്ല. നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് നന്മയുണ്ടാകുന്നുണ്ടോ യെന്ന് നോക്കിയാൽ പ്പോരെ ? മറ്റെല്ലാവരും ഒരു കുഴപ്പവുമില്ലാതെ പോകുന്നുവെന്നാണോ അച്ചൻ വിചാരിക്കുന്നത്?”

പിതാവ് വിടുന്ന മട്ടില്ല.

“ഞാൻ എല്ലാം വിശദമായി പറഞ്ഞിരുന്നല്ലോ ഫോണിലൂടെ...” അയാൾ ഉള്ള ധൈര്യം സംഭരിച്ച് പിതാവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ഇതൊക്കെ പതിവാ ജോണച്ചാ... ഫോണിലൂടെ പൊട്ടിത്തെറിക്കുന്നവർ ദാ ആ പടികൾ കയറുമ്പോൾ എല്ലാം മറക്കും... അതിനാ ഞാൻ വരാൻ പറഞ്ഞത്.” പിതാവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു.

“ഇത് പെട്ടെന്നുള്ള തീരുമാനമല്ല പിതാവേ...വർഷങ്ങളായി ഇതെന്നെ അലട്ടിത്തുടങ്ങിയിട്ട്... എനിക്കൊന്ന് മാറിനിൽക്കണം.”

“തീരുമാനത്തിന് അപ്പോൾ മാറ്റമൊന്നുമില്ല അല്ലേ ?”

“എനിക്ക് അല്പസമയം വേണം.”

“വീട്ടുകാരോട് എന്തു പറയുമെന്ന് ചിന്തിച്ചോ?”

“അവർ എന്റെ കാര്യത്തിൽ ഒത്തിരി ഇടപെടാറില്ല.”

“ശരി... ജോണച്ചൻ ഇപ്പോൾ പള്ളിയിലേക്ക് തന്നെ ചെല്ല്. സ്ഥലം മാറ്റ സമയം വരട്ടെ... അപ്പോൾ ഞാൻ വേണ്ടതു ചെയ്യാം.” പിതാവ് ഒരു തീരുമാനത്തി ലെത്തിയപോലെ പറഞ്ഞു.

“സ്ഥലം മാറ്റം... അതിന് ഇനിയും മാസങ്ങൾ ഉണ്ടല്ലോ...” അയാൾ ദയനീയ സ്വരത്തിൽ ചോദിച്ചു.

“ഒത്തിരി യൊന്നുമില്ല... നാൽപ്പതുദിവസം...അത്രയുള്ളൂ.”

നാൽപ്പതുദിവസം... ഏകാന്തതയുടെ മരുഭൂമിവാസത്തിന്റെ നാൽപ്പതുദിനങ്ങൾ കൂടി... അയാൾ മനസ്സിൽ പറഞ്ഞു.

“അതിന് മുൻപേ പറ്റില്ലല്ലേ...”

“ജോണച്ചാ എന്തിനും സമയം കൊടുക്കുന്നത് നല്ലതാ... മറക്കുന്നതിനും പൊറുക്കുന്നതിനും...എല്ലാം സാധാരണ രീതിയിൽ നീങ്ങട്ടെ...അല്ലെങ്കിൽ ഞാൻ സമാധാനം പറഞ്ഞ് മടുക്കും. ഭാവിയേക്കുറിച്ച് ഒത്തിരി ചിന്തിക്കണ്ടാ...”

“എന്നാൽ ഞാൻ...” ബാക്കി കേൾക്കാൻ ഇഷ്ടപ്പെടാത്തതുപോലെ അയാൾ ഇരിപ്പിടത്തിൽ നിന്നുയർന്നു.

“പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അല്ലേ... സമയമാകുമ്പോൾ ഞാൻ വേണ്ടതുപോലെ ചെയ്തോളാം.”

അയാൾ രക്ഷപ്പെടാനെന്നവണ്ണം വാതിൽക്കലേക്ക് വേഗം നടന്നു.

വാതിൽ കടന്നപ്പോൾ പിന്നിൽ നിന്നൊരു വിളി “ജോണീ...”

അയാൾ സാവകാശം തിരിഞ്ഞു. നീട്ടിയ കൈകളുമായി പിതാവ് അടുത്തേക്ക് വരുന്നു.

“അങ്ങനെ പിണങ്ങി പോകണ്ട...” കരങ്ങൾ തോളിലർപ്പിച്ചുകൊണ്ട് പിതാവ് പറഞ്ഞു.

ധൂർത്തപുത്രനേ പ്പോലെ ആ കരങ്ങൾക്കുള്ളിൽ അയാൾ നിന്നു.

“തനിച്ചാണെന്ന് ഒരിക്കലും ചിന്തിക്കരുത്. നമുക്ക് ദൈവമേയുള്ളൂ... എന്നെ ഇടയ്ക്ക് വിളിക്കണം. ഞാൻ വേണ്ടതു ചെയ്യാം.”

പിതാവിന്റെ മുഖത്തേക്ക് അയാൾ നോക്കിയില്ല.

ഒരു തള്ളവിരൽ നെറ്റിയിൽ വിറയലോടെ ഒരു കുരിശ് വരച്ചതു മാത്രം അയാൾ അറിഞ്ഞു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org