![കൊച്ചിയിലെ കപ്പലൊച്ചകള്‍ [28]](http://media.assettype.com/sathyadeepam%2F2026-03-05%2Fg9i12y9k%2Fkochiyile-kapplochakal28.jpg?w=480&auto=format%2Ccompress&fit=max)
![കൊച്ചിയിലെ കപ്പലൊച്ചകള്‍ [28]](http://media.assettype.com/sathyadeepam%2F2026-03-05%2Fg9i12y9k%2Fkochiyile-kapplochakal28.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്: എൻ ഹാലിയ
ചിത്രീകരണം : ബാവുൽ
ഒരു കൊലപാതകത്തിൽ ഒരാൾ മാത്രമാണ് കൊല്ലപ്പെടുന്നതെന്ന് ആരാണ് നമ്മോടു പറഞ്ഞത്? തെരുവിൽ ചോര ചിന്തി കൊല്ലപ്പെട്ട എല്ലാ മനുഷ്യർക്കുമൊപ്പം എണ്ണിയാലൊടുങ്ങാത്തയത്ര മനുഷ്യരാണ് ചോര ചീറ്റാതെ മരണമുഖത്തേക്ക് എറിയപ്പെട്ടിട്ടുള്ളത്. പിശാച് മനുഷ്യരെ പറഞ്ഞു പറ്റിച്ച ഏറ്റവും വലിയ കള്ളങ്ങളാണ് അതിനു കൊമ്പും വാലും ദ്രംഷ്ടകളുമൊക്കെയുണ്ടെന്ന്. ഭയപ്പെടുത്തുന്ന രൂപത്തിൽ നമ്മെ ആക്രമിക്കാൻ വരുന്ന പിശാചിന്റെ വരവും കാത്ത് നാം ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ, നാം അറിയുന്നില്ല...ഞാനും നിങ്ങളുമൊന്നും ഒരിക്കലൂം പ്രതീക്ഷിക്കാത്ത നേരത്തും കാലത്തും, ചിരിച്ചും പ്രാർഥിച്ചും പരസഹായം ചെയ്തും അവൻ നമുക്കൊപ്പം മൂടുപടമണിഞ്ഞു കൊണ്ട് പാർപ്പ് തുടങ്ങി കഴിഞ്ഞിരുന്നുവെന്ന്. കടല് കടന്നു വന്ന പൊന്നും പണവും മാത്രമായിരുന്നില്ല കൊച്ചിയിലെ വീടുകളിൽ ഒളിച്ചുവയ്ക്കപ്പെട്ടിരുന്നത്, സ്നേഹത്തിന്റെ കാക്കപ്പൊന്നിൽ കടത്തിവിട്ട ക്രൂരതകൾ കൂടിയായിരുന്നു.
അധ്യായം 28
പ്രാർഥിച്ചിരുന്ന പിശാച്
കൂടെപിറപ്പിനെപ്പോലെ കൊണ്ടു നടന്ന ഒരുത്തന്റെ കഴുത്തിൽ പിച്ചാത്തി കുത്തിയിറക്കിയതിനു ശേഷം തിരികെ നടക്കുന്നൊരാളിന്റെ തലച്ചോറിന്നകത്ത് എന്ത് ചിന്തയായിരിക്കുമെന്ന് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? സ്വന്തം പെങ്ങളുടെ ശരീരത്തിൽ കടന്ന് പിടിച്ചിട്ടൊരുത്തൻ ആ കുഞ്ഞിന്റെ ബാല്യം നശിപ്പിച്ചതോർക്കുമ്പോൾ തികട്ടിവരുന്ന തീയോർമ്മകൾ എന്തായിരിക്കുമെന്ന് നിങ്ങൾക്കൊന്നും ഈ ജീവിതത്തിൽ ഒരിക്കൽ പോലും ചിന്തിക്കേണ്ടി വരില്ല.
നവാസിനെ കുത്തിയതിനുശേഷം വീട്ടിലേക്ക് നടക്കുമ്പോൾ എനിക്കോർമ്മ വന്നത് അവനെ തന്നെയായിരുന്നു. അവനോടൊത്ത് നടന്നു തീർത്ത വഴികളും, പറഞ്ഞ് കൂട്ടിയ വർത്തമാനങ്ങളും, ചെയ്തുകൂട്ടിയ യാത്രകളും... എനിക്ക് എന്നോട് തന്നെ അദ്ഭുതം തോന്നുകയായിരുന്നു. ഇരച്ചുവന്ന സർവദേഷ്യവും ഞാൻ കുടഞ്ഞിട്ടത് മുഴുവൻ അവന്റെ ഉടലിലായിരുന്നു. ഒരു കൂട്ടുകാരനോട് ചെയ്യാവന്നതിൽ വച്ച് ഏറ്റവും ഹീനമായ ഒരു ക്രൂരത ചെയ്ത് വച്ചവനെയാണ് ഞാൻ കുത്തി മലർത്തിയത് എന്ന ചിന്ത എന്നിൽ കുറ്റബോധം കടത്തിവിടാതെ കാവൽ നിന്നെങ്കിലും ആ കാവൽഭിത്തികളെ തകർത്തുകൊണ്ടു പോലും എനിക്കുള്ളിൽ അവനെ ഓർത്തുള്ള സങ്കടം വന്നു. എനിക്ക് പിടി കിട്ടാതിരുന്ന ഒരു ചോദ്യമുണ്ടാ യിരുന്നു...'കൊന്നു തള്ളിയതിന് ശേഷവും ഞാൻ അവനെയോർത്ത് കരഞ്ഞതെന്തിനായി രുന്നു!' സ്നേഹത്തിനും വെറുപ്പിനുമിടയിൽ ഞാൻ വെന്തു; സൗഹൃദത്തിനും പകയ്ക്കുമിടയിൽ ഞാൻ പിടഞ്ഞു, അമ്മയ്ക്കും പെങ്ങൾക്കുമിടയിൽ ഞാൻ തകർന്നു.
കരഞ്ഞ് കരഞ്ഞ് കണ്ണീരിലാണ്ട മനുഷ്യരാൽ നിറഞ്ഞ എന്റെ ചെറിയ വീട്ടിലേക്ക്, പൊരിമഴയത്ത് നനഞ്ഞ് കുതിർന്ന ഞാൻ കയറിചെന്നപ്പോൾ കാത്തിക്കുട്ടിയെ വട്ടം പിടിച്ച് പൊതിഞ്ഞിരിക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത് . പരുന്ത് റാഞ്ചാൻ വരുന്ന കോഴിക്കുഞ്ഞുങ്ങളെ ചേർത്തുവയ്ക്കുന്നൊരു തള്ളക്കോഴിയെ പോലെ അമ്മ ഒരു മൂലയിലങ്ങനെ മൂകമായിരിക്കുന്നു. ഇനിയും ആയുസ്സൊടുങ്ങാത്ത എന്റെ അമ്മാമ്മ, സഹനത്തിന്റെ കാസ പോലെ തറയിൽ കുത്തിയിരിക്കുന്നു. ആരോടാണ്... എന്താണ് പറയേണ്ടതെന്നറിയാതെ ഞാൻ അപ്പന്റെ ചുവർ ചിത്രത്തിലേക്ക് നോക്കി. ഒരുപക്ഷേ, അപ്പനുണ്ടാർന്നെങ്കിൽ കാത്തിക്കുട്ടിക്ക് ഈ പോറലേല്ക്കുമായിരു ന്നുവോ?
ഒരു തരി ശ്വാസംപോലും എടുക്കാനിട കൊടുക്കാതെ കെവിൻ തന്റെ മുറിവുകളുടെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന അതേ നിമിഷത്തിൽ സി. റൂഹിന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. കാത്തിക്കുട്ടിയുടെ കയ്യും പിടിച്ചു കൊണ്ട് കോൺവെന്റിനകത്തേക്ക് കുർബാനയ്ക്ക് വന്നിരുന്ന കെവിനെ അവർ ഓർത്തെടുക്കുകയാണ്. എല്ലാ കളിപ്പാട്ടങ്ങളെക്കാളും എല്ലാ കൂട്ടുകാരെക്കാളും കാത്തിക്കുട്ടിക്കിഷ്ടം കെവിന്റെ വിരൽതുമ്പും നിഴലുമായിരുന്നു. വാത്സല്യം കിട്ടിത്തീരും മുമ്പേ സ്വന്തം അപ്പനെ കൈമോശം വന്ന ഒരു പെൺകുരുന്നിന് കെവിൻ ചേട്ടനല്ല, അപ്പൻ തന്നെയാണ്. അപ്പന്റെ അടയാളവും ആത്മാവും പതിഞ്ഞിരുന്ന ആ സൈക്കിളിൽ പിന്നെ മനുഷ്യർ കണ്ടത് മുഴുവൻ ഒരു ആങ്ങളയും പെങ്ങളും കൂടെ നാടുചുറ്റുന്നതാണ്. മുൻവശത്ത് കാത്തികുട്ടിയെ ഇരുത്തി പോകുന്നത് മഴവില്ലുപോലെ മനോഹരമായൊരു കാഴ്ചയായിരുന്നവർക്ക്. ആ മഴവില്ലാണിവിടെ ഒടിഞ്ഞ് ശിഥിലമായിരിക്കുന്നത്.
കാത്തിക്കുട്ടിയുടെ ഓർമ്മകളുമായി ദൂരേയ്ക്ക് പോയ സി. റൂഹിനെ തിരികെ കൊണ്ടുവന്നത് മേഘയുടെ സ്പർശനമായിരുന്നു. ഒരു തരി ശബ്ദം പോലുമുണ്ടാക്കാതെ കണ്ണീരൊഴുക്കി ക്കൊണ്ടിരുന്ന
സി. റൂഹിനെ, മേഘ അമർത്തിപ്പിടിച്ചുകൊണ്ട് ആശ്വാസിപ്പിക്കാൻ ശ്രമിച്ചു. മേഘയുടെ കൈയിൽ പിടിമുറുക്കിയ സി. റൂഹിനെ ശ്രദ്ധിച്ചുകൊണ്ട് കെവിൻ പറഞ്ഞു, 'ഇങ്ങനെ ചേർത്തുപിടിക്കാൻ... പിടിച്ചൊന്ന് കരയാൻ, ഒരാള് പോലും ഇല്ലാതിരുന്ന ആറുകൊല്ലമാണ് സിസ്റ്ററേ കടന്നുപോകുന്നത്! സി. റൂഹ് മെല്ലെ മേഘയുടെ തോളിലേക്ക് ചാരി. സങ്കടങ്ങളും വേദനകളും രോഗങ്ങളും കൊണ്ടും തളർന്നു പോകുന്നവർക്ക് ചാരാൻവേണ്ടി ദൈവം ഒരുക്കിയ ഒരു സ്ത്രീയാണ് ഇപ്പോൾ പാതി തളർന്നിങ്ങനെയിരിക്കുന്നത്.
കെവിൻ തുടർന്നു, "അമ്മച്ചിയുടെ അടുത്ത് പോയി ഞാനിരുന്നു. എന്നോട് ഒരക്ഷരം പോലും പറയാതെ അമ്മിച്ചി കാത്തിക്കുട്ടിയെയും എടുത്തുകൊണ്ട് അകത്തേക്കു പോയി. എന്റെയടുത്തേക്ക് വരുന്നതിനും മുമ്പേ ജോസിയങ്കിൾ അമ്മച്ചിയോട് എല്ലാം പറഞ്ഞുകാണുമെന്ന് എനിക്കുറപ്പായിരുന്നു. എന്തു പറഞ്ഞുകൊണ്ടാണ് അമ്മച്ചിയെയും കാത്തിക്കുട്ടിയെയും ആശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. തെരുവിൽ ചെയ്തുവച്ചിരിക്കുന്ന ഒരു കൊലപാതകത്തിന്റെ പരിണിത ഫലമായി വീടിനകത്തേക്കു വന്നു കയറാൻ സാധ്യതയുള്ള പൊലീസ് കൂട്ടത്തെ കാത്ത് ഞാൻ ഭിത്തിയിൽ ചാരിയിരുന്നു. ജീവിതത്തിലെ പ്പോഴൊക്കെയാണോ ഞാൻ തകർന്നു പോയിട്ടുള്ളത്. അന്നൊക്കെ എനിക്ക് തുണയായ് നിന്ന ആ വൃദ്ധ സ്ത്രീ വീണ്ടും എനിക്കരികിൽ വന്നു നിന്നിട്ട് പറഞ്ഞു, "ഇതിലും വലുത് ഇനി ഈ വീട്ടിൽ സംഭവിക്കാനില്ല." വാടിയ പൂക്കളിരിക്കുന്ന രൂപക്കൂട്ടിലെ മാതാവിന്റെ രൂപം നോക്കി അമ്മാമ അലറി, "ഇത്തിരിയില്ലാത്ത കുഞ്ഞിനെപോലും കാക്കാനറിയാത്ത മാതാവും മകനും." ജീവിതത്തിൽ ഒരിക്കൽപോലും തള്ളിപ്പറയാത്ത മറിയത്തെയും മകനെയും അമ്മാമ്മ അന്ന് വീട്ടിൽ നിന്നിറക്കി വിട്ടതുപോലെയായിരുന്നു ആ അരിശം പറച്ചിൽ.
രൂപക്കൂട്ടിൽ നിന്നും മുഖമെടുത്ത് അമ്മാമ എന്നെ നോക്കി, എന്റെ അരികിലിരുന്നു കൊണ്ട് അമ്മാമ്മ പറഞ്ഞു, "വീടിനു പുറത്തുള്ളവരെ നമ്മള് ശ്രദ്ധിച്ചായിരുന്നു കെവി... പക്ഷേ, അകത്തുള്ളവരെ നമ്മള് ശ്രദ്ധിച്ചില്ല!" വാവിട്ട് നൊലോളിച്ചുകൊണ്ട് കാത്തിക്കുട്ടി ഇവിടെ വന്ന് പറഞ്ഞത് കേട്ടപ്പോൾ തൊടങ്ങി മിണ്ടാതായതാ നിന്റമ്മച്ചി! അവളീ ഭൂമിയിൽ ഇനി ആരോടെന്ത് പറയാനാണ്? അപ്പനെപ്പോലെ കാത്തിക്കുട്ടി കണ്ട ഒരുത്തനാണ് നിന്റപ്പന്റെ അനിയൻ ജോസി ... ദൈവത്തിന്റെ മുഖമണിഞ്ഞ പിശാച്... ജോസിയങ്കിള്... ഒരു കൊച്ചുകുഞ്ഞിനോട് അയാളിങ്ങനെ ചെയ്തെങ്കിൽ അവന്റെയൊക്കെ ഉള്ളിൽ ഏത് മൃഗമായിരിക്കും?" അതുവരെ അമ്മാമ്മ പറഞ്ഞ അടയാളങ്ങളിലെല്ലാം എന്റെ മനസ്സിലെ പ്രതികൂട്ടിൽ നവാസായിരുന്നു. പക്ഷേ, ആ ഒരൊറ്റ നിമിഷത്തിലാണ് ഞാൻ അറിഞ്ഞത് കാത്തിക്കുട്ടിയെ കൈവച്ചത് നവാസായിരുന്നില്ല, ജോസിയങ്കളായി രുന്നുവെന്ന്, നിരന്തരം പ്രാർത്ഥിച്ചിരുന്ന ഒരു പിശാച്! ക്രൂരമായ ആ സത്യം എന്റെ എല്ലാ അവയവങ്ങളെയും മുറിവേല്പിച്ചാണ് കടന്നു പോയത്...അറിയാവുന്ന ഭാഷയിലെല്ലാം അമ്മാമ്മ ജോസിയങ്കിളിനെ തെറി വിളിച്ചും ശാപവാക്കുകൾ പറഞ്ഞും ഭർത്സനം തുടരവേ എനിക്ക് പിടികിട്ടി, നവാസിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയതിന് ഞാൻ എന്തിനാണ് കരഞ്ഞതെന്ന്! അത് വരെ ഞാൻ ഓർക്കാത്ത ഒരു മുഖമാണ് എന്റെ ഉള്ളിലേക്ക് ആ നിമിഷം തെളിഞ്ഞുവന്നത്....പറഞ്ഞറിയിക്കാനാകാത്ത ഏതോ മുഖഭാവത്തിൽ നവാസിന്റെ ഉമ്മ....എന്റെയും! "
(തുടരും)